ആറ്‌

അവന്റെ മൂന്നാമത്തെ ഹേമന്തകാലം കഴിഞ്ഞിരുന്നു. എവിടെയും മഞ്ഞായിരുന്നു. മഞ്ഞുരുകിക്കൊണ്ടുമിരുന്നു. അരുവികൾ സ്വരഘോഷത്തോടെ ഇളകിയാടിത്തുടങ്ങി. ആ ശൈത്യകാലമത്രയും ആ കുഞ്ഞിനസുഖമായിരുന്നു. അവനെ മുറ്റത്തേക്കു കൊണ്ടുപോയതേയില്ല. ഇപ്പോൾ അവന്‌ അനുകൂലമായ കാലാവസ്ഥയായി. അസുഖം ഭേദപ്പെട്ടു തുടങ്ങി.

വസന്തകാലമണയുകയായി. അതിന്റെ നവോന്മേഷം ആ വീട്ടിൽ മുഴുവനും ഉണ്ടായി. ഉണർവ്വ്‌ ഇരട്ടിയായി. ഉല്ലാസവാനായ സൂര്യൻ മുറികളിലേക്ക്‌ സുഖപ്രകാശം വീശി. പുറത്ത്‌ തൊടിയിൽ നഗ്നങ്ങളായ ബീച്ച്‌ മരച്ചില്ലകൾ കാറ്റിലാടിക്കൊണ്ടിരുന്നു. ദൂരെ ഒഴിഞ്ഞ പാടങ്ങളിൽ വയ്‌ക്കോൽക്കൂനകൾപോലെ മഞ്ഞ്‌ കുമിഞ്ഞു കിടക്കുന്നതിന്റെ ദൃശ്യങ്ങൾ ഇപ്പോഴും കാണാം. ചിലേടങ്ങളിൽ വിളറിയ പച്ചപ്പുല്ലുകൾ കൂട്ടത്തോടെ ആർത്തുപടരുന്നുണ്ട്‌. അന്തരീക്ഷവായു ശ്വസിക്കാൻ സുഖകരമായിരുന്നു. മൃദുവും. ആ വീട്‌ മുഴുവനും ഒരു പുതിയ ഉണർവ്‌ പ്രകടമായി. പുതിയ കരുത്തും ആഹ്ലാദവും പകരുവാനായി വസന്തം വന്നെത്തുകയായി.

ആ അന്ധശിശുവെ സംബന്ധിച്ചിടത്തോളം വസന്തം ചില ശബ്‌ദഘോഷങ്ങൾ മാത്രമായിരുന്നു. തിരക്കിട്ട ശബ്‌ദങ്ങൾ. അരുവികളുടെ തിരക്കിട്ട ഗതിവേഗങ്ങൾ അവൻ കേട്ടു. കുതിപ്പുകൾക്കു പിന്നിലെ കുതിപ്പുകൾ. പാറകളിൽ തട്ടിയാർത്തുകൊണ്ട്‌, തണുത്ത മൃദുവായ ഭൂമിയിൽ സ്വന്തം വഴികൾ സൃഷ്‌ടിച്ചുകൊണ്ടൊഴുകുന്ന അരുവികളുടെ ശബ്‌ദങ്ങൾ ജനാലയ്‌ക്കലുളള ബെർച്ച്‌ ചില്ലുകളുടെ മന്ത്രണം അവൻ കേട്ടു. അവ അന്യേന്യം ഉരസി ശബ്‌ദമുണ്ടാക്കിക്കൊണ്ടിരുന്നു. ചിലപ്പോൾ ഒരു ചില്ല ജനൽപ്പാളിയിൽ വന്നു മുട്ടി ശബ്‌ദമുണ്ടാക്കുന്നുണ്ടാവും. രാത്രി മേൽക്കൂരയിൽ ഘനീഭവിച്ച മഞ്ഞ്‌ പകൽ ഉരുകി ഇറ്റിറ്റായി താഴെവീഴുന്നതിന്റെ ശബ്‌ദവും അവൻ ചെവിയോർത്തു കിടക്കും. അത്തരം ശബ്‌ദങ്ങൾ-സൂക്ഷ്‌മവും വ്യക്തവുമായവ, വീട്ടിനുളളിലേക്കെത്തിക്കൊണ്ടിരുന്നു. ഉരുണ്ട ചരലുകൾ അനങ്ങുന്ന ശബ്‌ദം, അകലെയെവിടെയോ നിന്നും പറന്നുവന്ന്‌ ഭൂമിയിലേക്കിറങ്ങുന്ന കൊക്കുകളുടെ ശബ്‌ദങ്ങൾ-അന്തരീക്ഷത്തിൽ അലിഞ്ഞ്‌ ഇല്ലാതാകുന്ന ഇത്തരം ശബ്‌ദങ്ങളൊക്കെ ആ കുഞ്ഞ്‌ പിടിച്ചെടുത്തുക്കൊണ്ടിരുന്നു.

ഈ ദിനങ്ങളിൽ കുഞ്ഞിന്റെ മുഖത്ത്‌ ഒരമ്പരപ്പും ദുരിതവും പ്രത്യക്ഷമായി. അവൻ സ്വന്തം പുരികങ്ങളിൽ തിരുപ്പിടിക്കുകയും കഴുത്തിളക്കുകയും എന്തോ വേദനാജനകമായത്‌ കേൾക്കുകയും ചെയ്‌തു. ശബ്‌ദങ്ങളുടെ കുഴക്കത്താൽ സങ്കീർണ്ണമാക്കപ്പെട്ട മനസ്സോടെയെന്നോണം അവൻ അഭയത്തിനായി അമ്മയുടെ നേരെ കൈകൾ നീട്ടി. അമ്മയോടൊട്ടിച്ചേർന്നിരിക്കുവാനായി എപ്പോഴും ശ്രമം. അവൻ അമ്മയുടെ മാർവ്വിടത്തിൽ മുഖമൊളിച്ചിരിപ്പായി.

“എന്താണീ കുട്ടിക്ക്‌ വിഷമം?” അമ്മ അമ്പരന്നു. അവൾ കണ്ടവരോടെല്ലാം ചോദിച്ചു.

പൊടുന്നനെ കുട്ടിക്കുണ്ടായ മാറ്റത്തിനെന്തു കാരണമെന്നറിയുവാൻ അമ്മാവൻ മാക്സിം അവനെ ഉറ്റുനോക്കി. അയാൾക്കാകട്ടെ ഒരു വിശദീകരണവും ലഭിച്ചുമില്ല.

കുട്ടി സത്യത്തിൽ കുഴങ്ങുകയും അമ്പരക്കുകയും ചെയ്‌തിരുന്നു. പുതിയ ശബ്‌ദങ്ങളാണവനെ അമ്പരപ്പിലാഴ്‌ത്തിയത്‌. പഴയവയെ അതിശയിക്കുന്ന ശബ്‌ദങ്ങൾ. താൻ കേട്ടു പരിചയിച്ചവയല്ലിത്‌. അവ പെട്ടെന്ന്‌ വന്നെത്തുകയായിരുന്നു. എവിടെ നിന്നാണവയെന്ന്‌ അവന്‌ മനസിലാക്കുവാനുമായില്ല.

Generated from archived content: anthagayakan6.html Author: korolenkov

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English