നാൽപ്പത്‌

ജൂലൈ മാസത്തിലെ ഊഷ്‌മളമായ ഒരു സായാഹ്‌നം! രാത്രി ആയതിനാൽ വിശ്രമിക്കുന്നതിനായി ഒരു കുതിരവണ്ടി സമീപസ്ഥമായ കാനനപ്രദേശത്തിലുളള പുൽമേടിന്റെ അരികിലേക്ക്‌ നീക്കിനിർത്തി. ഉഷസ്സ്‌ പൊട്ടിവിടർന്നതോടെ റോഡിലേക്ക്‌ രണ്ട്‌ അന്ധയാചകർ എത്തി. അതിലൊരാൾ വായ്‌പാട്ടിന്റെ സ്വരത്തിലാണെങ്കിലും കാലപ്പഴക്കത്താൽ ഇടമുറിഞ്ഞുപോയ ഈണത്തിൽ ഒരു പ്രഭാത പ്രാർത്ഥന ചൊല്ലുന്നുണ്ടായിരുന്നു.

റോഡിൽ, കുറച്ച്‌ താഴെയായി ഉണക്കമത്സ്യം നിറച്ച കാളവണ്ടിനിരകൾ ശബ്‌ദകോലാഹലത്തോടെ നീങ്ങിക്കൊണ്ടിരുന്നു. നേരെ മുന്നിലുളള രണ്ട്‌ അന്ധഗായകരെ ആരോ വിളിക്കുന്നത്‌ വണ്ടിക്കാർ ശ്രദ്ധിച്ചു. കാനനത്തിന്റെ അരികിലായി നിർത്തിയിരുന്ന കുതിരവണ്ടിക്കരികിലെ പഴന്തുണിയിൽ വിശ്രമിക്കുന്ന ചില മാന്യന്മാരുടെ സമീപത്തേക്ക്‌ അവർ റോഡിൽനിന്നും തിരിഞ്ഞു ചെല്ലുന്നതും കണ്ടു. കുറച്ചുസമയം കഴിഞ്ഞ്‌, അടുത്തുളള ഒരു കിണറ്റിൽനിന്നും വെളളം കോരി വണ്ടിക്കാർ കുതിരകൾക്ക്‌ കുടിക്കാൻ കൊടുക്കുന്നതിനിടയ്‌ക്ക്‌ യാചകർ വീണ്ടും അവരോടൊപ്പം എത്തി. പക്ഷെ ഇപ്പോൾ അവർ മൂന്നുപേർ ആയിരുന്നു. ഓരോ പാദചലനത്തോടൊപ്പം നീണ്ടവടികൊണ്ട്‌ ഊന്നി റോഡിലൂടെ നടന്നിരുന്ന അവരുടെ നേതാവ്‌ നീണ്ട നരച്ച തലമുടിയും തൂങ്ങിക്കിടന്ന മഞ്ഞുപോലെ ശുഭ്രമായ താടിയുമുളള പ്രായം ചെന്ന ഒരു മനുഷ്യനായിരുന്നു. പഴയ വടുക്കൾ അയാളുടെ നെറ്റിയിൽ കാണാമായിരുന്നു. ഇത്‌ തീർച്ചയായും തീപ്പൊളളലേറ്റതിന്റെ അടയാളമായിരുന്നു. അയാളുടെ കൺകുഴികൾ ശൂന്യമായിരുന്നു. അയാളുടെ തോളിലെ കട്ടിയേറിയ ഒരു ചരട്‌ രണ്ടാമത്തെ യാചകന്റെ ബെൽറ്റിലേക്ക്‌ പിന്നിലൂടെ നീണ്ടു കിടന്നിരുന്നു. ഈ രണ്ടാമൻ ഉയരം ചെന്ന ഒരു സുദൃഢകായനായിരുന്നു. വികൃതമായ വടുക്കൾ മുഖത്തുണ്ടായിരുന്ന അയാളുടെ നോട്ടം തീരെ ംലാനമായിരുന്നു. കാഴ്‌ചയില്ലാത്ത മുഖം ആകാശത്തേക്ക്‌ വഴിതേടുന്നപോലെ ഉയർത്തിപ്പിടിച്ച്‌ പരിചിതമായ ചാഞ്ചാട്ടത്തോടെയായിരുന്നു വൃദ്ധനെപോലുളള അയാളുടെ നടപ്പ്‌. മൂന്നാമത്തെ യാചകനാകട്ടെ, കൃഷീവലന്മാരണിയുന്ന തരം വടിവൊത്ത പുതിയ വേഷം ധരിച്ച ഒരു യുവാവായിരുന്നു. അയാളുടെ വിളർന്ന മുഖഭാവത്തിൽ ഭീതിയുടെ സൂചന നിഴലിച്ചിരുന്നു. നന്നെ മടിച്ചായിരുന്നു അയാൾ നടന്നിരുന്നത്‌. ഇടയ്‌ക്കിടെ പിന്നിലെ ഏതോ ശബ്‌ദം ശ്രദ്ധിക്കുന്നപോലെ അയാൾ നിൽക്കും-തങ്ങളെ ഒന്നിച്ചു ചേർത്ത ചരടിൽ പിടിച്ചുവലിച്ച്‌ കൂട്ടുകാരെ മുന്നോട്ടുനയിക്കും.

അവർ മെല്ലെയാണ്‌ നടന്നുനീങ്ങിയത്‌. പത്തുമണിയോടെ കാനനം അവർ പിന്നിട്ടു-ചക്രവാളത്തിൽ നേരിയ നീലനിറം മാത്രമുണ്ടായിരുന്നു. അവരുടെ ചുറ്റിനും പുൽമേടുകൾ പരന്നുകിടന്നു. പിന്നീട്‌ സൂര്യതാപത്താൽ ചൂടുപിടിച്ചു കിടന്ന ടെലഗ്രാഫ്‌ കമ്പികൾ ധൂളിപിടിച്ച റോഡിനെ ഭേദിച്ചുകിടന്ന ഹൈവേയെക്കുറിച്ചുളള സൂചനകൾ നൽകി. ഹൈവേയിലൂടെ കടന്നുവന്ന അവർ, നേരെ വലതുവശത്തേക്ക്‌ തിരിഞ്ഞു. അപ്പോൾതന്നെ തങ്ങളുടെ പിന്നിൽ കുതിരകുളമ്പടികൾ അവർ കേട്ടു. പാകിയ റോഡിൽ ഇരുമ്പ്‌ ചക്രങ്ങളുടെ ശബ്‌ദവും ഉണ്ടായി. റോഡിന്റെ വശത്തേക്ക്‌ നീങ്ങി അവർ അവിടെനിന്നു. വീണ്ടും മരപ്പിടി തിരിഞ്ഞതോടെ വിഷാദരാഗം ഒഴുകുകയും വൃദ്ധന്റെ അടർന്ന വാക്കുകളിൽ കീർത്തനസ്വരം പുറപ്പെടുവിക്കുകയും ചെയ്‌തു.

“അന്ധന്‌… ഭിക്ഷ… നൽകണേ..”

കീർത്തനം തുടരുന്ന അത്രസമയം യാചകരിൽ വച്ചേറ്റവും ഇളയവൻ ആലാപനത്തോടൊപ്പം മൃദുവായ ചരടുവലി ശബ്‌ദവും പുറപ്പെടുവിച്ചു.

വൃദ്ധൻ കാൻഡീബയുടെ പാദത്തിൽ ഒരു നാണയം ശബ്‌ദത്തോടെ വീണു; റോഡിൽ ചക്രങ്ങളുടെ ശബ്‌ദം നിലച്ചു. പണം എറിഞ്ഞയാൾ, തന്റെ ദാനം പാഴായില്ലെന്ന്‌ ഉറപ്പുവരുത്തുകയായിരുന്നു. കാൻഡീബ പെട്ടെന്ന്‌ ആ നാണയം കണ്ടെത്തി. അത്‌ തപ്പിയെടുത്തപ്പോൾ അയാളുടെ മുഖം സംതൃപ്‌തിമൂലം പ്രസന്നമായി.

“ദൈവം നിങ്ങളെ രക്ഷിക്കും.” റോഡിലെ വണ്ടിയുടെ നേർക്ക്‌ തിരിഞ്ഞ്‌ അയാൾ പറഞ്ഞു.

വീതിയേറിയ തോളുകളും ചതുരൻ മുഖവുമുളള നരച്ച തലമുടിയോടുകൂടിയ ഒരു മാന്യനായിരുന്നു ആ കുതിരവണ്ടിയിലിരുന്നത്‌. അയാളുടെ ഇരിപ്പിടത്തിനോടു ചേർന്ന്‌ രണ്ട്‌ ഊന്നുവടികളും ഇരിപ്പുണ്ടായിരുന്നു. കുതിരവണ്ടിയിലിരുന്ന ഈ വൃദ്ധമാന്യൻ, യാചകരിൽ തന്നെ ഇളയവന്റെ നേർക്ക്‌ അയാൾ സൂക്ഷിച്ചുനോക്കി. ആ യുവാവിന്റെ മുഖം വിളർത്തതെങ്കിലും പ്രശാന്തമായിരുന്നു. നിമിഷനേരംമുമ്പെ, കൻദീബയുടെ കീർത്തനത്തിന്റെ പ്രാരംഭധ്വനികളോടൊപ്പം, വിരസമായ ആലാപനത്തിന്‌ മേളക്കൊഴുപ്പ്‌ പകരാനെന്നോണം, അയാളുടെ വിരലുകൾ അസ്വസ്ഥപൂർവ്വം ചരടുകളിലൂടെ പരുഷമായി ചലിച്ചിരുന്നു.

കുതിരവണ്ടി വീണ്ടും മുന്നോട്ട്‌ നീങ്ങി. പക്ഷെ യാചകർ ദൃഷ്‌ടിപഥത്തിൽ നിന്നും മറയുന്നതുവരെ ആ വൃദ്ധമാന്യൻ അവരെ പുറകോട്ട്‌ നോക്കിക്കോണ്ടേയിരുന്നു.

പൊടുന്നനെ ചക്രങ്ങളുടെ ശബ്‌ദം വിദൂരതയിൽ ലയിച്ചുചേർന്നു. റോഡിലേക്ക്‌ മടങ്ങിവന്ന യാചകർ യാത്ര തുടർന്നു.

കന്ദീപ പറഞ്ഞു. “നീ ഭാഗ്യം ഞങ്ങൾക്ക്‌ നൽകുന്നു; യൂറി! നല്ലപോലെ നീ വായിക്കുന്നുമുണ്ട്‌.”

കുറച്ചുകഴിഞ്ഞ്‌ മസൂരിക്കുത്തുളള യാചകൻ ആരാഞ്ഞു. “ദൈവത്തെയോർത്ത്‌, നിങ്ങൾ പോച്ചേയാവീവിലേക്ക്‌ നേർച്ചക്കോ മറ്റോ പോവുകയാണോ?”

“അതെ” യുവാവ്‌ താഴ്‌ന്നസ്വരത്തിൽ പ്രതിവചിച്ചു.

“കാഴ്‌ചശക്തി വീണ്ടുകിട്ടുമെന്നു കരുതുന്നോ?” കഠിനമായ ഒരു മന്ദഹാസത്തോടെയായിരുന്നു ആ ചോദ്യം.

“ചിലർക്ക്‌ അങ്ങിനെ സംഭവിക്കാറുണ്ട്‌.” കന്ദീപ മന്ദസ്വരത്തിൽ പറഞ്ഞു.

“ഈ കണ്ട വർഷങ്ങളൊക്കെ റോഡിലിറങ്ങിയിട്ട്‌ അത്തരം ഒരാളെപോലും ഞാൻ കണ്ടുമുട്ടിയില്ല..” വടുക്കളുളള യാചകൻ ശുഷ്‌കസ്വരത്തിൽ പറഞ്ഞു.

അവർ നിശ്ശബ്‌ദരായി തപ്പിത്തടഞ്ഞ്‌ നടപ്പ്‌ തുടർന്നു. സൂര്യൻ മുകളിലേക്ക്‌ ഉയരുംതോറും ഹൈവേയിലെ വെളുത്ത പാതയിൽ യാചകരുടെയും തങ്ങളുടെ മുന്നിൽപാഞ്ഞു പോയ കുതിരവണ്ടിയുടെയും കറുത്ത പ്രതിരൂപങ്ങൾ സൃഷ്‌ടിച്ചുകൊണ്ടിരുന്നു.

കുറച്ചുക്കൂടി കഴിഞ്ഞ്‌ ഹൈവേ രണ്ടായി തിരിഞ്ഞിരുന്നു. കുതിരവണ്ടി കീവിലേക്കുളള വഴിയിലൂടെ പ്രയാണം തുടർന്നു; എന്നാൽ യാചകരാകട്ടെ, ഹൈവേയിൽ വീണ്ടും തിരിഞ്ഞ്‌ പോച്ചേയെവിലേക്കുളള നാടൻവഴികളിലൂടെ അലഞ്ഞുതിരിയാൻ വേണ്ടി നടന്നു.

* * * * * * *

താമസിയാതെ ജന്മിഗൃഹത്തിൽ ഒരു കത്ത്‌ ലഭിച്ചു. അത്‌ കീവിൽ നിന്നുളള മാക്‌സിമിന്റെ എഴുത്തായിരുന്നു. തനിക്കും, പൈത്തോറിനും സുഖമാണെന്നും, കാര്യങ്ങൾ ആഗ്രഹിച്ചപോലെതന്നെ പോകുന്നെന്നും മാക്‌സിം എഴുതിയിരുന്നു.

* * * * * * *

ആ മൂന്ന്‌ യാചകരും തപ്പിത്തടഞ്ഞ്‌ മുന്നേറി.

ഇപ്പോൾ അവർ മൂവരും പരിചിതമായ ഒരേ താളത്തിലാണ്‌ നടന്നത്‌. ഓരോ കാലടി വയ്‌ക്കുമ്പോഴും, നേതാവായ കന്ദീബ റോഡിൽ തന്റെ ഊന്നുവടികൊണ്ട്‌ കുത്തിപ്പിടിച്ചിരുന്നു. എല്ലാ റോഡുകളും, ഊടുവഴികളും സുപരിചിതമായ അയാൾ അവധിദിവസങ്ങളിലും ഉത്സവദിനങ്ങളിലും കൃത്യമായിത്തന്നെ വൻഗ്രാമങ്ങളിൽ എത്തിച്ചേർന്നിരുന്നു. യാചകരുടെ നാടകം കാണാൻ ആളുകൾ തിങ്ങിക്കൂടും. കന്ദീപയുടെ നീട്ടിപ്പിടിച്ച തൊപ്പിയിൽ നാണയങ്ങൾ കിലുങ്ങിവീണിരുന്നു.

യുവഗായകന്റെ സങ്കോചവും പരിഭ്രാന്തിഭാവവും ഉടനെ അപ്രത്യക്ഷമായി. അയാൾ റോഡിലൂടെ വച്ച ഓരോ കാലടികളിലും പുതിയ സ്വരങ്ങൾ തന്റെ കാതുകളിൽ പതിച്ചിരുന്നു. വിശാലവും അജ്ഞാതവുമായ സ്വരങ്ങൾ-ഇതിനുവേണ്ടിയത്രെ താൻ, നിദ്രാലസ്യം പൂണ്ട, അലസവും, ശാന്തവുമായ ജന്മിഗൃഹത്തിലെ മർമ്മരസ്വരങ്ങൾ ഉപേക്ഷിച്ചത്‌.

അന്ധമായ ആ നയനങ്ങൾ കുറെക്കൂടി വിശാലമായി വിടർന്നു. ആ മാറിടം വികസിച്ചു. സൂക്ഷ്‌മമായ ശ്രവണശക്തി കൂടുതൽ സൂക്ഷ്‌മതരമായി. ക്രമേണ, അവൻ തന്റെ ചങ്ങാതിമാരെ അറിയാനിടയായി-ദയാലുവായ കന്ദീപയെയും ംലാനവദനനായ കുസ്‌മയെയും.. ഇടതിങ്ങി നീങ്ങുന്ന കൃഷിക്കാരുടെ നീണ്ട കാളവണ്ടിനിരകൾക്കൊപ്പം അവൻ അവരോടൊപ്പം തപ്പിത്തടഞ്ഞു മുന്നേറി, തുറന്ന പുൽമേട്ടിൽ എരിയുന്ന തീക്കുണ്ടത്തിനരികെ അനേകരാത്രികൾ ചിലവഴിച്ചു; മാനവിക ദുഃഖങ്ങളും, ദൗർഭാഗ്യങ്ങളുമായി കൂട്ടിമുട്ടി- അവ അന്ധന്മാർക്കിടയിലുളളത്‌ മാത്രമായിരുന്നില്ല. അതൊക്കെ അവന്റെ ഹൃദയത്തെ കഠിനവേദനയാൽ സങ്കോചിപ്പിച്ചു. വിചിത്രമെന്നു തോന്നിച്ചേക്കാമെങ്കിലും, ഈ പുതിയ പ്രതിഛായകളൊക്കെത്തന്നെ അവന്റെ ആത്മാവിൽ ഇപ്പോൾ ഇടം കണ്ടെത്തി. ആ യാചകരുടെ കീർത്തനമൊന്നും അവനെ ഇനിമേൽ പ്രകമ്പനം കൊളളിക്കില്ല. അങ്ങിനെ ജീവിതത്തിന്റെ അലറുന്ന ഈ മഹാസാഗരത്തിൽ, ദിവസങ്ങൾ പൊഴിഞ്ഞുപോകവെ, അയാളുടെ വേദനാനിർഭരമായ കൈയ്യെത്താതിനോടുളള ആന്തരിക തൃഷ്‌ണ ശമിച്ചെങ്കിലും അത്‌ വളർന്നുകൊണ്ടിരുന്നു. തന്റെ സംവേദനക്ഷമമായ ശ്രവണപുടങ്ങളിൽ ഓരോ പുതിയ ഗീതവും, സ്വരരാഗവും വന്നുപെടുന്നത്‌ സംഗീതസപര്യയിലേർപ്പെടുമ്പോൾ പ്രശാന്തമായൊരു ആഹ്ലാദഭാവമുണർത്തുകയും, അവ കുസ്‌മയുടെ ംലാനപ്രകൃതങ്ങളെവരെ മയപ്പെടുത്തുകയും ചെയ്യുമായിരുന്നു. പോച്ചായേവിനെ അവർ സമീക്കുന്തോറും ആ കൊച്ചുസംഘത്തിലെ അംഗസംഖ്യ വർദ്ധിച്ചുകൊണ്ടേയിരുന്നു.

* * * * * * *

കുറെയേറെ വൈകിയ ശരത്‌കാലത്ത്‌ റോഡുകളിൽ മഞ്ഞ്‌ കൂമ്പാരമായി കൂടിയപ്പോൾ, ജന്മിമന്ദിരത്തിലെ അന്തേവാസികളിലെ വേലക്കാരിലൊരാളുടെ ചെറുമകൻ, രണ്ട്‌ യാചകരോടൊപ്പം വീട്ടിലേക്ക്‌ കയറിവന്നു. ഇത്‌ വേലക്കാരിലൊക്കെ ആശ്ചര്യമുളവാക്കി. സുഖചികിത്സക്കായി കന്യകാവിഗ്രഹത്തിനുമുന്നിലെ പ്രത്യേക പ്രാർത്ഥനക്ക്‌ അവൻ പോച്ചായേവിൽ പോയിരുന്നെന്നാണ്‌ ആളുകൾ പറഞ്ഞത്‌. അങ്ങിനെ ഒരു നേർച്ച അവനുണ്ടായിരുന്നു.

അതെന്തുമാകട്ടെ-ഇപ്പോൾ അവന്റെ നയനങ്ങൾ എപ്പോഴുമെന്നുപോലെ അന്ധമായിരുന്നെങ്കിലും സ്‌ഫുടമായിരുന്നു. പക്ഷെ, ആ ആത്മാവാകട്ടെ, അത്‌ അത്യത്ഭുതപരമായി തന്റെ സഞ്ചാരത്തിനിടയിൽ രോഗശാന്തി കൈവരിച്ചിരുന്നു. അതേതോ ഭീതിദമായ പേടിസ്വപ്‌നം എന്നെന്നേക്കുമായി ആ ജന്മിഗേഹത്തിൽനിന്നും അപ്രത്യക്ഷമായതുപോലെ ആയിരുന്നു.

ഈ സമയമൊക്കെ കീവിൽനിന്നും എഴുതുമായിരുന്ന മാക്‌സിം, ഒടുവിൽ വീട്ടിലെത്തിയപ്പോൾ, അന്ന മിഖലോവ്‌ന അയാളെ ഒരു ആക്രാന്ദനത്തോടെയാണ്‌ സ്വാഗതം ചെയ്തത്‌.

“നിങ്ങളോട്‌ ഞാൻ ഒരിക്കലും, ഒരിക്കലും ഇതിന്‌ ക്ഷമിക്കുകയില്ല…!”

പക്ഷെ അവളുടെ ദൃഷികളിലെ ഭാവം, ആ കർശനവാക്കുകൾക്ക്‌ നേരെ വിപരീതമായിരുന്നു.

ശരത്‌കാലത്തെ സുദീർഘ സായാഹ്‌നങ്ങളിൽ പൈത്തോർ തന്റെ അലഞ്ഞുതിരിയലിന്റെ കഥ അവരോട്‌ പറഞ്ഞു. പിയാനോക്കടുത്ത്‌, സന്ധ്യാവേളയിൽ അവൻ ഇരുന്നപ്പോൾ ആ വസതിയാകെ താനൊരിക്കലും ഇതുവരെ കേൾപ്പിക്കാത്ത പുതിയ സ്വരമാധുരിയാൽ നിറഞ്ഞു.

കീവ്‌ യാത്ര അടുത്ത വർഷത്തേക്ക്‌ മാറ്റിവച്ചു. പൈത്തോറിന്റെ ഭാവിപദ്ധതികളെക്കുറിച്ചും, പ്രതീക്ഷകളെക്കുറിച്ചുമുളള ചിന്തയിൽ കുടുംബമാകെ മുഴുകി.

Generated from archived content: anthagayakan40.html Author: korolenkov

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English