നാല്‌

ആ കുഞ്ഞ്‌ അന്ധനായി ജനിച്ചു. ഈ നിർഭാഗ്യത്തിന്‌ ആരെ പഴിക്കുവാൻ? ആരെയുമില്ല. ആരുടെയും ഭാഗത്തുനിന്നും ഒരു ‘ചീത്ത ഉദ്ദേശ’വും ഉണ്ടായിട്ടില്ല. ഇങ്ങനെ ഒരു ദൗർഭാഗ്യം സംഭവിച്ചതിന്റെ രഹസ്യം ജീവിതത്തിന്റെ ദുരൂഹമായ വ്യാമിശ്രതകൾക്കുളളിൽ എവിടെയോ പതിയിരിക്കുന്നുണ്ടാവും. ഓരോ തവണയും കുഞ്ഞിന്റെ മുഖം കാണുമ്പോഴും അമ്മയുടെ മനസ്സ്‌ തിക്ത വേദനയാൽ ചുളുങ്ങിപ്പോകുമായിരുന്നു. തന്റെ മകന്റെ കഴിവുക്കുറവ്‌ കണ്ട്‌ മറ്റേത്‌ അമ്മയെപ്പോലെ അവളും ഖേദിച്ചു. അവന്റെ ജീവിതത്തിലവനെ കാത്തിരിക്കുന്ന കഠിനകാലങ്ങളെപ്പറ്റി അവൾ ഓരോന്നു നെയ്തു വിഷമിച്ചു. പക്ഷേ അതിനൊക്കെയപ്പുറത്തായി മറ്റൊന്നുണ്ട്‌. കുഞ്ഞിന്‌ ജീവിതം നൽകിയവനാരോ, അവനിൽ നിന്നും ഏതോ തിന്മ നിറഞ്ഞ സാദ്ധ്യത കുഞ്ഞിൽ കുടിയേറിയതാണ്‌ ആ ദൗർഭാഗ്യത്തിന്‌ കാരണമെന്ന്‌ അവൾക്ക്‌ വെളിപാടുണ്ടായി. വേദനാജനകമായിരുന്നു ആ വെളിപാട്‌. അന്ധമാണെങ്കിലും മനോഹരങ്ങളായിരുന്നു ഈ ചെറുജീവിയുടെ കണ്ണുകൾ.

പോകെപ്പോകെ, അബോധപൂർവ്വകമായെന്നാലും ആ കുഞ്ഞിന്റെ ചലനങ്ങൾ മാക്സിം അമ്മാവന്റെ ചിന്തകളെ ഒരു പ്രത്യേകദിശയിൽ നയിച്ചു. അയാളുടെ ചിന്തകൾ അസ്വസ്ഥങ്ങളായിരുന്നു. അവസാനമില്ലെന്നോണം ഇപ്പോഴും അയാൾ കുത്തിയിരുന്ന്‌ ചുരുട്ടു വലിക്കുമായിരുന്നു. മുഷിഞ്ഞ വിഷാദവും അഗാധവേദനയും നിഴലിച്ചിരുന്ന ആ കണ്ണുകളിലിപ്പോൾ ഏതോ രസകരമായ നിരീക്ഷണം സ്ഥാനം പിടിച്ചു. ആ നിരീക്ഷണം ശക്തമാകുംതോറും അയാൾ ചുരുട്ട്‌ ആഞ്ഞാഞ്ഞു വലിച്ചുകൊണ്ടുമിരുന്നു. ചിലപ്പോൾ അസ്വസ്ഥ നിമിഷങ്ങൾ ആവിർഭവിച്ചപ്പോൾ മാത്രം ആ ചീർത്ത പുരികക്കൊടികൾ ഊർന്നു താഴേക്കു ചലിച്ചു. ഒരിക്കൽ അയാൾ അനിയത്തിയോട്‌ മനസ്സ്‌ തുറന്നു.

“ഇവൻ… ഈ പുതിയ കുട്ടി, അവൻ എന്നേക്കാൾ അശാന്തചിത്തനായിരിക്കും.” അയാൾ ചുരുട്ട്‌ ആഞ്ഞ്‌ വലിച്ചു. “അവൻ ജനിച്ചില്ലായിരുന്നുവെങ്കിൽ…. അതായിരുന്നു അവന്‌ ഭാഗ്യം.”

അയാളുടെ സഹോദരി അതുകേട്ടു. അവൾ കരഞ്ഞു. കണ്ണീർ താഴെവീണു. അവളുടെ ശിരസ്സ്‌ താഴ്‌ന്നു.

“മാക്‌സ്‌.. നീ വീണ്ടും അതൊക്കെ എന്നെ ഓർമ്മിപ്പിക്കുന്നു.. ക്രൂരമാണിത്‌.” അവൾ പറഞ്ഞു.

“ഞാൻ സത്യമേ പറഞ്ഞുളളൂ..” അയാൾ മുഖം തിരിച്ചു.“ എനിക്ക്‌ ഒരു കൈയ്യും ഒരു കാലുമില്ല. എന്നാൽ കാഴ്‌ച ശക്തിയുണ്ട്‌. എന്നാൽ അവന്‌ കാഴ്‌ച ശക്തിയില്ല. സമയം വരുമ്പോൾ അവന്‌ കൈകളും കാലുകളുമൊക്കെയുളളതും ഇല്ലാത്തതും കണക്കാകും.. എല്ലാ കഴിവുകളും നഷ്‌ടപ്രായമാകും.”

“എന്താണ്‌ ജ്യേഷ്‌ഠാ ഇങ്ങനെ പറയുന്നത്‌?”

“അന്നാ.. മനസ്സിലാക്കാൻ ശ്രമിക്കൂ..” അയാൾ കൂടുതൽ ശാന്തതയോടെ തുടർന്നു. “ഞാൻ കാരണം കൂടാതെയല്ല ഇങ്ങനെ പരുക്കനായി സംസാരിക്കുന്നത്‌. ഇവന്‌ ശരിയായ പ്രതികരണശേഷിയുണ്ട്‌. ഇവന്റെ കഴിവുകൾ വേണ്ടപോലെ വളർത്തിയെടുക്കാനവന്‌ കഴിയുമെങ്കിൽ ഒരുപക്ഷേ അന്ധതയെപ്പോലും ഭാഗികമായി മറികടക്കാനുമാവും. എന്നാൽ അങ്ങയെയൊക്കെ ആവണമെങ്കിൽ അഭ്യസനം ആവശ്യമാണ്‌. ആവശ്യത്തിൽ നിന്നാണ്‌ അഭ്യസനം ഉണ്ടാവുക. ആവശ്യത്തിൽ നിന്നുമാത്രം. എന്നാൽ ഈ ഒറ്റപ്പെടൽ… മടയത്തരം നിറഞ്ഞ ഏകാന്തത… അഭ്യസനത്തിനുളള ആവശ്യകതയെയെല്ലാം നശിപ്പിക്കും. അതാണനുഭവം… പൂർണ്ണ വികസനത്തിനുളള സകല സാധ്യതകളേയും കൊട്ടിയടച്ചു കളയും.”

ആ അമ്മ മണ്ടിയായിരുന്നില്ല. ആ കുഞ്ഞിനെ സംരക്ഷിക്കുവാനും അതിന്റെ ഓരോ നിലവിളിക്കും ശ്രദ്ധ കൊടുക്കുവാനും അവൾ കരുത്ത്‌ കണ്ടെത്തി. നേരത്തെ സൂചിപ്പിച്ച സംഭാഷണം കഴിഞ്ഞ്‌ മാസങ്ങൾക്കുശേഷം കുഞ്ഞ്‌ ആ വീട്ടിലെ തളത്തിൽ നീന്താൻ തുടങ്ങി. ഇഴഞ്ഞിഴഞ്ഞ്‌ അത്‌ അവിടെ മുഴുവനും സഞ്ചരിക്കും. തനിക്കു ചുറ്റുമുണ്ടാകുന്ന ഏതൊരു സ്വരവും അത്‌ ശ്രദ്ധിക്കും. തന്റെ കൈപ്പിടിയിൽ വരുന്ന വസ്‌തുക്കളെയെല്ലാം അത്‌ തിരുപ്പിടിക്കും. മറ്റു കുട്ടികളിൽ കാണാനാകാത്ത തരം ഒരു ജിജ്ഞാസ അവന്റെ എല്ലാ പ്രവർത്തനങ്ങളിലും കാണപ്പെട്ടിരുന്നു.

Generated from archived content: anthagayakan4.html Author: korolenkov

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English