വസന്തകാലം ആസന്നമായി. ജന്മികുടുംബത്തിൽ നിന്നും, അകലെ സ്‌റ്റാവ്‌റുചെങ്കോയുടെ എതിർദിശയിലായി, ഒരു കൊച്ചുപട്ടണത്തിൽ, അത്യത്ഭുതശക്തി നിറഞ്ഞ ഒരു കത്തോലിക്കാ ആൾരൂപമുണ്ടായിരുന്നു. ഇത്തരം കാര്യങ്ങളിൽ, വിദഗ്‌ദ്ധരായ ആളുകൾ സാമാന്യം കൃത്യതയോടെ അതിന്റെ അത്ഭുതസിദ്ധിവിശേഷങ്ങൾ വിലയിരുത്തിയിരുന്നു. സത്‌കാല ദിവസം, കാൽനടയായി വന്ന് ഈ ആൾരൂപത്തെ ആരാധിക്കുന്നവർക്ക് ഇരുപത് ദിവസത്തെ ഇളവ് അനുവദിച്ചിരുന്നു. മറ്റ് വിധത്തിൽ പറഞ്ഞാൽ ഇരുപതു ദിവസക്കാലത്തേക്കുളള ഇഹലോകത്ത് ചെയ്യുന്ന ഏത് പാപത്തിനോ, കുറ്റകൃത്യത്തിനോ, പരലോകത്ത് അവർക്ക് പൂർണ്ണമായ ഇളവ് ലഭിച്ചിരുന്നു എന്നർത്ഥം. ആയതിനാൽ, വർഷംതോറും, വസന്തകാലത്തെ ഒരു നിശ്ചിതദിവസം ആ കൊച്ചുപട്ടണം സജീവമാകും. വസന്തത്തിലെ ആദ്യത്തെ ഹരിതശിഖരങ്ങളും, ആദ്യസൂചനകളും ദൃശ്യമാകുന്നതോടെ പട്ടണത്തിലൊട്ടാകെ മണിനാദങ്ങൾ മുഴക്കി ആഹ്ലാദപ്രകടനങ്ങൾ നടത്തിയിരുന്നു. വണ്ടിച്ചക്രങ്ങളുടെ അനുസ്യൂതമായ ശബ്‌ദഘോഷങ്ങൾ തെരുവുകളിലും, മൂലകളിലും, അങ്ങകലെയുളള പാടശേഖരങ്ങളിലും കേൾക്കാമായിരുന്നു. തീർത്ഥാടക യാത്രികരെകൊണ്ട് അവിടമൊക്കെ നിറഞ്ഞിരുന്നു. ഈ തീർത്ഥാടകരിലെല്ലാവരുമൊന്നും കത്തോലിക്കക്കാർ അല്ലായിരുന്നു. ഈ ആൾരൂപത്തിന്റെ പ്രശസ്തി ദൂരദിക്കിലേക്ക് വ്യാപിച്ചിരുന്നു. യാഥാസ്ഥിതികരായ വിശ്വാസികളിലെ ദുഃഖിതരെയും നിരാശരെയും അത് ആകർഷിച്ചു. അവയിൽ ഭൂരിഭാഗവും നഗരവാസികളായിരുന്നു.
ആ മഹദ്‌സുദിനത്തിൽ പളളിറോഡിലൂടെ പതിവായുളള ജനപ്രവാഹം വിശാലവും വർണ്ണശബളവുമായിരുന്നു. തൊട്ടടുത്ത കുന്നിൻമുകളിൽനിന്നും നോക്കുന്ന ഒരു നിരീക്ഷകന്, ഇടതിങ്ങിപ്പോകുന്ന ആൾക്കൂട്ടം ഒരൊറ്റ ജീവവസ്‌തുവാണെന്ന പ്രതീതിയുളവാക്കി; ഏതോ ഭീമാകാരനായൊരു സർപ്പം നിശ്ചലനും, നിശ്‌ചേഷ്‌ടനുമായി റോഡിൽ നീണ്ടുനിവർന്നു കിടന്നതുപോലെ-ആഴത്തിലുളള ശ്വാസോച്ഛ്വാസത്താൽ വൈവിധ്യമാർന്ന വർണ്ണച്ചെതുമ്പലുകൾ മിന്നിത്തിളങ്ങിക്കൊണ്ടിരുന്നെന്നു മാത്രം! ഇടതിങ്ങിയ ഈ റോഡിന്റെ ഇരുവശങ്ങളിലും യാചകരായിരുന്ന-അനന്തമായതെന്നു തോന്നിച്ച രണ്ടു നിരകളിലായി ഭിക്ഷക്കുവേണ്ടി കൈയ്യും നീട്ടി നിന്ന യാചകർ.
ഊന്നുവടികളിൽ കഠിനമായി ചാഞ്ഞ് മാക്‌സിം സാവധാനം പട്ടണപ്രാന്തത്തിൽ നിന്നം അകന്ന ഒരു തെരുവിലേക്കായി ഇറങ്ങിനടന്നു. ഇയൊച്ചിനോടൊപ്പം, പൈത്തോറും അയാളെ അനുഗമിച്ചു. ചക്രങ്ങളുടെ ചിലമ്പൽ ശബ്‌ദവും, ആൾക്കൂട്ടത്തിന്റെ ആർപ്പുവിളിയും, ജൂതവംശജരായ കാൽനടക്കാരുടെ ബഹളങ്ങളും-എല്ലാവിധ കശപിശകളും, അട്ടഹാസങ്ങളും പളളിവഴിയുടെ ഒരറ്റം മുതൽ മറ്റേയറ്റം വരെ ദൃശ്യമായിരുന്നു. ഈ ദൂരത്ത് വച്ച്- അത് വിശാലവും, മന്ദവുമായൊരു ശബ്‌ദതരംഗത്തിലേക്ക് ലയിച്ചു. ആദ്യം ഉയർന്നും, പിന്നെ താണും, ഒരിക്കലും നിലക്കാത്ത ഒരുതരം ശബ്‌ദം… ഇവിടെയും, പക്ഷെ, ആൾക്കൂട്ടം കുറവായിരുന്നെങ്കിലും, തുടർച്ചയായ പാദപതനശബ്‌ദവും, മർമ്മരസ്വരങ്ങളും, പൊടിമണ്ണ് നിറഞ്ഞ റോഡിലൂടെ വണ്ടിച്ചക്രങ്ങൾ ഉരുളുമ്പോഴുളള ചിലമ്പൽ ധ്വനികളുമൊക്കെ കേൾക്കാമായിരുന്നു. ഒരു അവസരത്തിൽ ഒരു നിര കാളവണ്ടികൾ തിരക്കിപാഞ്ഞുവന്ന് തൊട്ടടുത്ത ഇടവഴിയിലേക്ക് തിരിഞ്ഞു കടന്നുപോയി.
നന്നെ തണുപ്പുളള ഒരു ദിവസമായിരുന്നു അത്. മാക്‌സിം തിരിയുന്നേടത്തെക്കൊക്കെ സജീവമായി അയാളെ പിന്തുടർന്നിരുന്ന പൈത്തോർ, തന്റെ കോട്ട് ദേഹത്തേക്ക് നല്ലപോലെ ചേർത്തുപിടിച്ചിരുന്നു. ഒന്നുമറിയാതെ അയാൾ തെരുവുകളിലെ കലമ്പൽ ശബ്‌ദം ശ്രദ്ധിച്ചു. പക്ഷെ തന്നെ ഇടതടവില്ലാതെ പിടികൂടിയ വേദനാജനകമായ ആ ഉൾപ്രേരണകൾ ഇവിടെയും ഉണ്ടായിരുന്നതിനാൽ ആ മനസ്സാകെ തിരക്കുപിടിച്ചിരുന്നു. ഇപ്പോൾ, തന്റെ സ്വാർത്ഥനിബദ്ധമായ മുൻകരുതലിനിടയിലൂടെ ഒരു പുതിയ ശബ്‌ദം അയാളുടെ ചെവിയിലെത്തി-അത് വളരെ ശക്തിപൂർവ്വമായതിനാൽ, അയാൾ തലകുടഞ്ഞ് പൊടുന്നനെ നിന്നു.
പട്ടണാതിർത്തിയിൽ അവർ എത്തിച്ചേർന്നിരുന്നു. ഇവിടെ അവസാനത്തെ ഭവനനിരകൾ, നീണ്ടുകിടന്ന തരിശുഭൂമികൾക്കും, വേലിക്കെട്ടിനുമായി സ്ഥാനമൊഴിഞ്ഞുകൊടുത്തിരുന്നു. ഒടുവിൽ തെരുവ്, അകന്നു സ്ഥിതിചെയ്തിരുന്ന വിശാലമായൊരു രാജവീഥിയുമായി കൂട്ടിമുട്ടി. വിശാലമായി തെരുവ് റോഡുമായി സന്ധിക്കുന്ന ഈ ദിക്കിലായി, ഒരു ആൾരൂപവും, റാന്തലും വഹിക്കുന്ന ഒരു കൽത്തൂൺ ഏതോ ഭൂതകാലത്ത് ഉദാരഹസ്‌തങ്ങളാൽ നിർമ്മിച്ചത് സ്ഥിതിചെയ്‌തിരുന്നു. ആ റാന്തൽ ഒരിക്കലും തെളിഞ്ഞിരുന്നില്ല എന്നതൊരു സത്യമായിരുന്നു; പക്ഷെ കാറ്റിന്റെ ഓരോ ചലനത്തിനും അനുസ്യൂതമായി അത് ഞരങ്ങി ആടിക്കൊണ്ടിരുന്നു. തൂണിന്റെ കാൽക്കലായി ഒരു സംഘം അന്ധഗായകർ ചടഞ്ഞുകൂടിയിരുന്നു; അത്രയും വികലാംഗത്വമില്ലാത്ത തങ്ങളുടെ എതിരാളികളായ മറ്റ് യാചകർ അവിടെ നില്പുണ്ടായിരുന്നു. അവർ ഓരോരുത്തരും, കൈയ്യിൽ ഒരു മരം കൊണ്ടുളള പിച്ചച്ചട്ടി പിടിച്ചിരുന്നു; കൂടെക്കൂടെ അവരിൽ ആരെങ്കിലുമൊരാൾ ശബ്‌ദമുയർത്തി ഏകതാനസ്വരത്തിൽ ഇങ്ങിനെ പറഞ്ഞു.
“ഒരു അന്ധന് ഭിക്ഷ തരണേ-ക്രിസ്‌തുവിന്റെ പേരിൽ ഭിക്ഷ…”
നല്ല തണുപ്പ് ഭിക്ഷക്കാരാവട്ടെ, രാവിലെ മുതൽ അവിടെ ചടഞ്ഞുകൂടിയിരുന്നു. പാടശേഖരങ്ങളിൽ നിന്നും വീശിയ തണുത്ത് കാറ്റിൽ നിന്നും അവർക്ക് യാതൊരു സംരക്ഷണവും ഉണ്ടായിരുന്നില്ല. മറ്റുളളവരെപ്പോലെ ആൾക്കൂട്ടത്തിലേക്ക് നീങ്ങിനിൽക്കാനൊത്തെങ്കിൽ അവർക്ക് ചൂട് പകർന്നു ലഭിക്കുമായിരുന്നു. മാറിമാറി ഉച്ചരിച്ച ദയനീയമായ ഈ വിരസ രോദനം, അയുക്തിപരവും, കൃത്രിമവുമായ പരാതികൊണ്ട് നിറഞ്ഞിരുന്നു. ശാരീരിക യാതനയും, കഠിനതരമായ നിസ്സഹായാവസ്ഥയും ഇടകലർന്ന ദൈന്യഭാവം. ഏതാനും വിളികളെ തുടർന്ന്, കോച്ചിവിറയുന്ന അവരുടെ മാറിടങ്ങൾ നിസ്സഹായാവസ്ഥ പൂണ്ടു. മന്ത്രണസ്വരം, വെറുമൊരു പിറുപിറുക്കലായി മാറുകയും, നീണ്ട നെടുനിശ്വാസത്തിൽ അലിഞ്ഞുചേരുകയും ചെയ്‌തു. പക്ഷെ ഈ അവസാനത്തെ, ഏറ്റവും അവ്യക്തമായ വിളികൾപോലും, തെരുവിന്റെ കശപിശ ശബ്‌ദങ്ങളിൽ മുങ്ങിത്താഴുകയാണുണ്ടായത്-ഏതെങ്കിലും മനുഷ്യശ്രവണങ്ങളിൽ അത് പതിക്കാനിടയായെങ്കിൽ, അവരിലത് ആ സ്വരത്തിനുപിന്നിലെ യാതനാഭാവത്തിന്റെ രൂക്ഷത ഞെട്ടിപ്പിക്കുന്ന ഏതാണ്ട് അവിശ്വസനീയമായൊരു തിരിച്ചറിവായി പരിണമിച്ചിരുന്നു.
പൈത്തോറിന്റെ മുഖപേശികൾ വേദനകൊണ്ട് ഗോഷ്‌ടി കാണിച്ചു-അവൻ പെട്ടെന്ന് നിന്നു. യാചകരുടെ ജുഗുപ്സാവഹമായ ദീനരോദനം തന്റെ പാതയിൽ ഉയർന്നുനിന്ന ഏതോ കർണ്ണസംബന്ധിയായ മായാരൂപമായി അയാൾക്കനുഭവപ്പെട്ടു.
“എന്ത് കണ്ടാണ് ഭയപ്പെടുന്നത്?” മാക്‌സിം അയാളോട് ആരാഞ്ഞു. “അധികം മുമ്പല്ലാതെ, ആരെക്കുറിച്ച് നീ അസൂയാലുവായിരുന്നുവോ, ആ ഭാഗ്യവാൻമാരുടെ ശബ്‌ദമാണത്… അന്ധയാചകർ, ഭിക്ഷ യാചിക്കുന്നു… പക്ഷെ നിന്റെ അഭിപ്രായത്തിൽ, അത് അവരെ ഒന്നുകൂടി സന്തുഷ്‌ടരാക്കുകയേ ഉളളുവെന്നായിരിക്കും.”
“ഇവിടെനിന്നും പോകാം.” മാക്‌സിമിന്റെ കൈ കടന്നുപിടിച്ചുകൊണ്ട് പൈത്തോർ വിളിച്ചുപറഞ്ഞു.
“ആഹാ! നിനക്ക് ദൂരെ പോകണം അല്ലേ? ഇതാണ് മറ്റുളള ആളുകളുടെ യാതനയോടുളള നിന്റെ പ്രതികരണം? വേണ്ട ഒന്നു നിൽക്കൂ നീയുമായി എനിക്ക് ഗൗരവപരമായ ചില സംസാരങ്ങളുണ്ട്. പറയാൻ പറ്റിയ സ്ഥലവുമാണിത്. ശരി എന്നാൽ, കാലങ്ങൾ മാറിയതുകൊണ്ട് നീ ചുമ്മാ മുറുമുറുക്കുകയാണ്. അന്ധയുവാക്കൾ രാത്രിയിൽ മുൻപിലത്തെപ്പോലെ പോരാടേണ്ടതില്ല. ആ കൊളളക്കാരൻ പയ്യൻ യൂർക്കൊയെപോലെ… യെഗോറിന് തന്റെ മണിഗോപുരത്തിലിരുന്ന് ശപിക്കാൻ കണ്ടതുപോലെ നിനക്കാണെങ്കിൽ ആരുമില്ല. ഞാൻ ആണയിടുന്നു.. നീ പറഞ്ഞത് നേരായിരിക്കാം. അതെ ഒരു പഴയപടയാളിയുടെ വാക്കുകളിൽ പറഞ്ഞാൽ, ജീവിതത്തിൽ സ്വന്തം വഴി തിരയാനുളള അവകാശം ആർക്കുമുണ്ട്. നീ ഒരു മുതിർന്ന മനുഷ്യനാണ്… ആയതിനാൽ കേൾക്കൂ എനിക്ക് പറയാനുളളത്… നമ്മുടെ പിശക് പരിഹരിക്കാൻ നീ ഒരുക്കമാണെന്നുവരികിൽ നിന്റെ വിധിയെ കാറ്റിൽ പറത്താനും, ജീവിതം തൊട്ടിലിൽ നിന്നു തൊട്ട് നിനക്ക് നൽകിയ എല്ലാ സൗകര്യങ്ങളും വലിച്ചെറിഞ്ഞ് ആ നിർഭാഗ്യവാന്മാരൊടൊപ്പം ചേരാൻ ഒരുക്കമാണെങ്കിൽ-നിന്റെ വിധിയെ കാറ്റിൽ പറത്താനും, ജീവിതം തൊട്ടിലിൽ നിന്നു തൊട്ട് നിനക്ക് നൽകിയ എല്ലാ സൗകര്യങ്ങളും വലിച്ചെറിഞ്ഞ് ആ നിർഭാഗ്യവാന്മാരൊടൊപ്പം ചേരാൻ ഒരുക്കമാണെങ്കിൽ-ഞ്ഞാൻ, മാക്‌സിം യാസെൻങ്കോ-നിനക്ക് എന്റെ മാന്യതയും, സഹായവും പിന്തുണയും വാഗ്‌ദാനം ചെയ്യുന്നു. ഞാൻ പറയുന്നത് കേൾക്കുന്നോ, പൈത്തോർ? നിന്നെക്കാളും ഇപ്പോൾ ഞാൻ അത്രക്കധികമൊന്നും പ്രായക്കൂടുതലുളളവനല്ല-അപ്പോഴാണ്, ഞാൻ സ്വയം തീയിലേക്കും യുദ്ധഭൂമിയിലേക്കും കുതിച്ചുചാടിയത്. എന്റെ അമ്മ എനിക്കായി വിലപിച്ചു. നിനക്കായി നിന്റെ അമ്മ കരഞ്ഞതുപോലെ. പക്ഷെ ഇതൊക്കെ പിശാച് കൊണ്ടു പൊയ്‌ക്കോട്ടെ-ഞ്ഞാൻ ചെയ്തപോലെ ചെയ്യാനുളള അവകാശം എനിക്കുണ്ട്. നിനക്ക് ഇപ്പോൾ തന്നിഷ്‌ടപ്രകാരം ചെയ്യാനുളളതുപോലെ… ജീവിതകാലത്ത്, ഒരിക്കൽ വിധി, ഒരു തെരഞ്ഞെടുപ്പ് നടത്താൻ ഒരു മനുഷ്യനെ അനുവദിക്കുന്ന… അതുകൊണ്ട് നീ കേവലം ഒരൊറ്റ വാക്ക് പറഞ്ഞാൽ മതി..”
മാക്‌സിം നിറുത്തി. യാചകരുടെ നേർക്ക് തിരിഞ്ഞ് അയാൾ അട്ടഹസിച്ചു.
“ഫയദോർ കന്ദീപ! നീ അവിടെ ഉണ്ടോ?”
“ഇതാ ഞാനിവിടെ.” മുറിഞ്ഞുപോയ ചില ശബ്‌ദങ്ങൾ കേൾക്കുമാറായി. “അത് നിങ്ങളാണോ, മാക്‌സിം മിഖയിഗേവിച്ച്?”
“അതെ. വരൂ ഞാൻ പറഞ്ഞിടത്ത്. ഇന്നുമുതൽ ഒരാഴ്‌ചക്ക് ഉളളിൽ..”
“ഞാൻ അവിടെ ഉണ്ടാകും” യാചകൻ പ്രതിവചിച്ചു. ഒരിക്കൽക്കൂടി അയാൾ അവസാനിക്കാത്ത മന്ത്രണശബ്‌ദം ഉയർത്തി.
മാക്‌സിമിന്റെ കണ്ണുകൾ പ്രകാശിച്ചിരുന്നു.
“അവിടെ നിങ്ങൾ ഒരാളെ കാണും.” അയാൾ പറഞ്ഞു. “വിധിക്കെതിരെ മുറുമുറുക്കാൻ അവകാശമുളള ഒരാൾ-തന്റെ സഹജീവികൾക്കെതിരെയും… ഒരുപക്ഷെ അയാളിൽനിന്നും, നിന്റെ ഭാരം ചുമക്കാനുളളത് നീ പഠിക്കും… പകരം…”
“വരൂ… വരൂ… ഇവിടെനിന്നും അകലെ പോകാം… ” ഇയോച്ചിം ഇടയ്‌ക്കുകയറി പറഞ്ഞു. അയാൾ പൈത്തോറിന്റെ കൈയ്യിൽ കടന്നുപിടിച്ചു; മാക്‌സിമിനുനേർക്ക് രോഷാകുലമായൊരു നോട്ടത്തോടെ…
“ഓ! വേണ്ടാ.” മാക്‌സിം ക്രോധപൂർവ്വം വിലപിച്ചു. കൂടുതൽ സാധിക്കില്ലെങ്കിലും കടന്നുപോകുന്നവഴിക്ക് അന്ധയാചകർക്ക് ഒരു ചെമ്പുനാണയമെങ്കിലും എറിഞ്ഞു കൊടുക്കാത്തവരില്ല. അതുപോലും ചെയ്യാതെ നീ ഓടിപ്പോകുന്നോ? ദൈവദൂഷണം-അത് മാത്രമാണ് നിനക്ക് ചെയ്യാനറിയാവുന്നത്… നിന്റെ വയറ് നിറഞ്ഞു കഴിയുമ്പോൾ മറ്റുളളവരുടെ വിശപ്പിനെക്കുറിച്ച് അസൂയപ്പെടാൻ എളുപ്പമാണ്…“
ഒരു ചാട്ടവാറടി കൊണ്ടതുപോലെ പൈത്തോർ ശിരസ്സ് പിന്നോട്ടാക്കി. തന്റെ പഴ്‌സ് വലിച്ചെടുത്ത്, അയാൾ ധൃതിയിൽ ചടഞ്ഞു കൂടിയിരുന്ന യാചകക്കൂട്ടത്തെ സമീപിച്ചു. തന്റെ ഊന്നുവടി തൊട്ടടുത്ത ആളുടെ പാദത്തെ സ്പർശിച്ച ഉടനെ, അവൻ അയാളുടെ നേർക്ക് കുനിഞ്ഞ്, മരത്തിന്റെ ഭിക്ഷപ്പാത്രം തൊട്ടുനോക്കി ശ്രദ്ധാപൂർവ്വം അതിലെ ചെമ്പുനാണയക്കൂനയിലേക്ക് പണം വച്ചു. സുമുഖനും, മാന്യനുമായ ഈ യുവാവ് തപ്പിത്തടഞ്ഞ് ഭിക്ഷ നൽകാനായി കുനിയുന്നത് ധാരാളം വഴിയാത്രികർ കൗതുകപൂർവ്വം നിന്ന് തുറിച്ചുനോക്കി.
എന്നാൽ മാക്‌സിമാകട്ടെ, പരുഷതയോടെ വെട്ടിത്തിരിഞ്ഞ് തെരുവിലേക്ക് ദൃഡപാദങ്ങളോടെ നടന്നു നീങ്ങുകയാണുണ്ടായത്. അവന്റെ ദൃഷ്‌ടികൾ ജ്വലിച്ചിരുന്നു. മുഖത്തേക്ക് രക്തം ഇരച്ചുകേറി. തന്റെ യൗവ്വനകാലത്തെ പരിചയക്കാർക്കൊക്കെ സുപരിചിതമായ കോപാവേശം തീർച്ചയായും അവനെ ബാധിച്ചിരിക്കണം. അയാൾ ഇപ്പോൾ ഒരു അധ്യാപകനല്ല-ഓരോ വാക്കും അളന്ന് തൂക്കിയെടുക്കുന്ന അധ്യാപകൻ! നിർവ്വികാരനായ അയാളിപ്പോൾ തന്റെ ക്രോധാവേശത്തിന് ജീവൻ നൽകുകയായിയിരുന്നു. കുറെക്കഴിഞ്ഞാണ്, പൈത്തോറിനെ ചരിഞ്ഞ ദൃഷ്‌ടികളോടെ നോക്കിയശേഷമായിരുന്നു, അയാളുടെ കോപം ഒന്ന് ശമിച്ചത്. പൈത്തോർ ചോക്ക് പോലെ വിളറിവെടുത്തിരുന്നു. അയാളുടെ നെറ്റിയാകെ പരുഷമാംവിധം വലിഞ്ഞു മുറുകിയിരുന്നു; ആ മുഖത്താകട്ടെ അഗാധമായ പ്രക്ഷുബ്ധാവസ്ഥ പ്രകടമായിരുന്നു.
ആ കൊച്ചുപട്ടണത്തിലെ തെരുവുകളിലൂടെ നടന്നുപോയ അവരുടെ നേർക്ക് തണുത്ത കാറ്റ് ചുറ്റിയടിച്ചു. പിന്നിലായി, പൈത്തോർ നൽകിയ പണത്തെച്ചൊല്ലി അന്ധയാചകർ ശണ്‌ഠ കൂടുന്നുണ്ടായിരുന്നു.
Generated from archived content: anthagayakan38.html Author: korolenkov