മുപ്പത്തി അഞ്ച്‌

ശിശിരകാലം ആഗതമായി. ഗ്രാമങ്ങളും പാടങ്ങളും വീഥികളും കഠിനമായ മഞ്ഞിൻ പുതപ്പിൽ മൂടി. കൊഴിഞ്ഞ ഇലകൾക്കു പകരം ഹരിതാഭ പൂണ്ട പുതിയ ഇലച്ചാർത്തുകൾ വയ്‌ക്കാൻ പാടുപെടുകയായിരുന്നു തോട്ടത്തിലെ വൃക്ഷങ്ങൾ. ഡ്രായിംഗ്‌ റൂമിലെ നെരിപ്പോടിൽ, ഒരു തീജ്ജ്വല പ്രകാശിച്ചിരുന്നു; പുറമെ നിന്നെത്തുന്നവരൊക്കെ പുതുതായി വീണ മഞ്ഞിൻ സൗരഭ്യം നിറഞ്ഞ പുതുമയെ വഹിച്ചിരുന്നു.

കഴിഞ്ഞ വർഷങ്ങളിലൊക്കെ പൈത്തോറും ഈ ആദ്യകാല ശിശിരദിനത്തിന്റെ കാവ്യാനുഭൂതി അനുഭവിച്ചിരുന്നു. അത്തരമൊരു പ്രഭാതത്തിൽ അവനെപ്പോഴും ഉറക്കമുണർന്നതുപോലെ ഒരു പ്രത്യേക ഊർജ്ജസ്വലതയോടെ ആയിരുന്നു. ശിശിരകാലത്തിന്റെ എല്ലാ പരിചിത സൂചനകളും അവിടെ നിറഞ്ഞിരുന്നു. അടുക്കളയിൽ പതിച്ച കാലടിയൊച്ചകൾ-ഇത്‌ തണുപ്പിൽ നിന്നും നടന്നുവരുന്നവർ ഉണ്ടാക്കിയതായിരുന്നു. പിന്നെ വാതിലുകളുടെ ഞരക്കങ്ങൾ; വീടിനുചുറ്റും സഞ്ചരിച്ചിരുന്ന കൊച്ചു വായു പ്രവാഹം… തൊടിയിൽ അമരുന്ന കാലൊച്ചകൾ… ഓരോ പുറത്തുനിന്നുളള ശബ്‌ദത്തിൽ നിന്നും ഉൽഭവിക്കുന്ന ശിശിരകാലാനുഭൂതികൾ… പിന്നെ ഇയോച്ചിമുമായി തുറന്ന പാടങ്ങളിലൂടെ അവൻ സവാരി ചെയ്‌തപ്പോൾ-എന്തൊരു ആഹ്ലാദമായിരുന്നു. നദികൾക്കപ്പുറം, കാനനത്തിൽ പൊടുന്നനെ കേൾക്കുന്ന സ്‌ഫോടനശബ്‌ദങ്ങൾ…. അത്‌ റോഡിൽനിന്നും പാടത്തുനിന്നും പ്രതിധ്വനിച്ചിരുന്നു.

പക്ഷെ, ഇപ്പോൾ ആദ്യത്തെ ആ തെളിഞ്ഞ ദിവസം അഗാധമായൊരു വിഷാദഭാവം മാത്രമെ പ്രദാനം ചെയ്‌തുളളു.

അന്ന്‌ രാവിലെ പൈത്തോർ ഉയർന്ന ബൂട്ടുകൾ ധരിച്ച്‌ പഴയ മില്ലിലൂടെ അലഞ്ഞുതിരിഞ്ഞു. ക്രമരഹിതമായ മഞ്ഞുകട്ടകളിൽ അവന്റെ പാദങ്ങൾ ഓരോ കാലടി വയ്‌പിലും ആഴ്‌ന്നിറങ്ങിയിരുന്നു.

പൂന്തോട്ടം വളരെ നിശ്ചലമായിരുന്നു. മണ്ണിലെ മഞ്ഞിൻപാളികൾ കാലിന്നടിയിൽ യാതൊരു ശബ്‌ദവും ഉളവാക്കാനിടയാക്കില്ല. മൃദുലമായൊരു കമ്പളംപോലെ കിടന്നിരുന്ന മഞ്ഞിൽ കുതിർന്ന മണ്ണ്‌ കാലിന്നടിയിൽ ശബ്‌ദരഹിതമായി കിടന്നു. പക്ഷെ വർഷത്തെ മറ്റേതൊരു അവസരത്തെക്കാളുമേറെ ഇന്നത്തെ അന്തരീക്ഷം ശബ്‌ദത്തോട്‌ അതീവ സംവേദകക്ഷമകരമായിരുന്നു; അത്‌ അതിവിദൂരതകളിൽ നിന്നും, വ്യക്തവും, സത്യസന്ധവുമായ വിധത്തിൽ, ഒരു കാക്കയുടെ കരച്ചിലോ, കോടാലിയുടെ പതനശബ്‌ദമോ ആവാഹിച്ചെടുത്തു കൊണ്ടുവന്നിരുന്നു. കൂടെക്കൂടെ, അത്‌ പൈത്തോറിന്റെ ശ്രവണങ്ങളിലേക്ക്‌ ചില്ല്‌പോലെ പൊടുന്നനെ ഉയർന്ന്‌ നേർമ്മയേറി ഉച്ചസ്ഥായി പ്രാപിച്ച രാഗസ്വനിപോലെയും പിന്നെ അതിവിദൂരതയിൽ അസ്‌തമിക്കുകയും ചെയ്യുന്ന ഒരു മണിനാദമുതിർത്തിരുന്നു. തലേരാത്രിയിൽ രൂപം കൊണ്ട ഒരു നേർത്തനിര മഞ്ഞുപാളിയുടെ ബലം പരീക്ഷിക്കാനായി കൃഷീവലന്മാർ കല്ലുകൾ പെറുക്കിയെറിയുകയായിരുന്നു.

ജന്മിഗേഹത്തിലെ കുളത്തിലും മഞ്ഞുകട്ടികൾ നിറഞ്ഞിരുന്നു. പക്ഷെ മഞ്ഞുകൂനകൾ നിറഞ്ഞ തീരങ്ങൾക്കിടയിലൂടെ അപ്പോഴും നദി ഒഴുകുന്നിടത്തുതന്നെ ആ പഴയ മില്ല്‌ നിലകൊണ്ടിരുന്നു. നദിയുടെ പ്രവാഹം ഇപ്പോൾ സാവധാനത്തിലും, ജലം കറുപ്പാർന്നതുമായിരുന്നെങ്കിലും അത്‌ മർമ്മരസ്വനങ്ങൾ മുഴക്കി അഴുക്കുചാലുകളിലൂടെ ഒഴുകിയിരുന്നു.

അണക്കെട്ടിനരികെ ചെന്ന പൈത്തോർ അവിടെ ശ്രദ്ധിച്ചുകൊണ്ടുനിന്നു. ജലം പതിക്കുന്ന ശബ്‌ദത്തിന്‌ സ്വരഭേദം ഭവിച്ചിരുന്നു. മുമ്പുളള ഘനീഭാവം നഷ്‌ടപ്പെട്ട അതിന്റെ എല്ലാ സ്വരമാധുരിയും പൊയ്‌പോയിരുന്നു. അത്‌ മരണത്തിന്റെ കരംപോലെ തോന്നിച്ച നാട്ടുവക്കുകളിലൊക്കെ നിറഞ്ഞിരുന്ന തണുപ്പിനെ പ്രതിഫലിപ്പിക്കുന്നതായി തോന്നിച്ചു.

ഈവ്‌ലീന ദൂരെയെങ്ങോ ആയിരുന്നു. ശരത്‌കാലം കുറെയേറെ പിന്നിട്ടപ്പോഴായിരുന്നു അവൾ പോയത്‌. അവരുടെ “പ്രായൊജക”ന്മാരായ വൃദ്ധയായ പൊട്ടോക്കപ്രഭ്വിയെ സന്ദർശിക്കാനായി അവളുടെ മാതാപിതാക്കൾ ഉദ്ദേശിച്ചിരുന്നു. തീർച്ചയായും, മകളെ കൊണ്ടുവരണമെന്ന്‌ പ്രഭ്വി അവർക്കെഴുതിയിരുന്നു. ഈവ്‌ലീനക്ക്‌ പോകാൻ ആഗ്രഹമില്ലായിരുന്നെങ്കിലും, ഒടുവിൽ അച്ഛന്റെ നിർബന്ധവും, മാക്‌സിമിന്റെ ശക്തിയേറിയ ഊർജ്ജസ്വലമായ ശുപാർശയും കൂടിയായപ്പോൾ അവൾ വഴങ്ങുകയാണുണ്ടായത്‌.

ആ പഴയ മില്ലിന്റെ പരിസരത്തുനിന്ന പൈത്തോർ, താനിവിടെനിന്ന്‌ മുൻപ്‌ അനുഭവിച്ചറിഞ്ഞ വൈകാരിക സ്വരചേർച്ചയുടെ പൂർണ്ണിമ വീണ്ടും ആവാഹിച്ചെടുക്കാൻ ഉദ്യമിച്ചു. തനിക്കവളുടെ അഭാവം തോന്നുന്നുണ്ടോ? അയാൾ സ്വാഗതം ആരാഞ്ഞു. അതെ അതങ്ങിനെയായിരുന്നു. എന്നിരുന്നാലും, അവളുടെ അഭാവം തനിക്ക്‌ അനുഭവവേദ്യമെന്നുവരികിലും, ആ സാന്നിധ്യവും, ഇപ്പോൾ വലിയ സന്തുഷ്‌ടിയൊന്നും തന്നിലുളവാക്കുന്നില്ലെന്നയാൾ മനസ്സിലാക്കി. അതിനുപകരം, അത്‌ ഒരു പുതിയ, ദയനീയമായ യാതനാഭാവമാണ്‌ തന്നിലുവാക്കിയതെന്ന തോന്നൽ അയാളിലുളവായി. ഇതാകട്ടെ അവൾ വിദൂരതയിലായതിനാൽ അത്രമാത്രം സൂക്ഷ്‌മതരവുമായിരുന്നില്ല.

സ്വല്പം മുൻപ്‌ മാത്രമായിരുന്ന ആ സായാഹ്‌നത്തിന്റെ ഓരോ വിശദാംശവും വർണ്ണപ്പകിട്ടോടെ അയാളുടെ സ്‌മരണയിൽ നിറഞ്ഞുനിന്നത്‌- അവളുടെ വാക്കുകൾ, സുതാര്യമായ ആ തലമുടിയുടെ സ്‌പർശം, തന്റെ മാറോട്‌ ചേർന്നുമിടിക്കുന്ന അവളുടെ ഹൃദയത്തുടിപ്പുകൾ-എല്ലാംതന്നെ.. ഈ വിശദാംശങ്ങളിൽനിന്നും അയാൾ, തനിക്കായി അവളുടെ ഒരു പ്രാഗ്‌രൂപം സൃഷ്‌ടിച്ചെടുത്തത്‌ അയാളിൽ സന്തുഷ്‌ടി നിറച്ചു. തുടക്കത്തിൽ തന്നിൽ നിറഞ്ഞുനിന്നതും കരകവിഞ്ഞൊഴുകിയതുമായ ഈ സ്‌മൃതികളുടെ പരിപൂർണ്ണതയും, സ്വരചേർച്ചയും അയാൾക്കിനി ഒട്ടും തന്നെ അപഗ്രഥിക്കാനായില്ല. തന്റെ വികാരങ്ങളിലെവിടെയോ ആയി അഗാധതയിൽ ഒരു ചെറിയ മണൽത്തരിപോലുളള ഒരു ധൂളിയോ മറ്റോ അന്യവസ്‌തുവായി ഉളിഞ്ഞു നോക്കുന്നുണ്ട്‌; ഈ ധൂളി വിസ്‌തൃതി പ്രാപിച്ച്‌ അത്‌ മറ്റെല്ലാത്തിനെയും മാച്ചു കളഞ്ഞിരുന്ന-ചക്രവാളത്തെ മറക്കുന്ന കറുത്ത കൊടുങ്കാറ്റിന്റെ മേഘക്കൂട്ടത്തെപ്പോലെ.

അവളുടെ ശബ്‌ദധ്വനി അവന്റെ ചെവികളിലേക്ക്‌ എത്താതായിത്തീർന്നു. ആ സുഷുപ്‌തമായ സായാഹ്‌നത്തിന്റെ വർണ്ണോജ്ജ്വലസ്‌മൃതികൾ പോയി മറഞ്ഞിരുന്നു. ശൂന്യതയിലേക്ക്‌ ഒരു വിടവുമാത്രം സൃഷ്‌ടിച്ചുകൊണ്ട്‌. ഈ ശൂന്യതയെ നിറക്കാനുളള അക്ഷീണ പോരാട്ടത്തിലേർപ്പെട്ടിരിക്കയായിരുന്ന അയാളുടെ ആത്മാവിന്റെ അത്യഗാധതകളിലിരുന്ന്‌ എന്തോ ഒന്ന്‌…

അവളെ കാണാൻ അയാൾ ആഗ്രഹിച്ചു. മന്ദമായൊരു വേദന-തീർച്ചയായും അതവിടെ സ്ഥായിയായി തന്നെ ഉണ്ടായിരുന്നു; പക്ഷെ അത്‌ ഇതുവരേക്കും സ്ഥായിയായിത്തീർന്നിട്ടില്ലാത്ത ഒരു പല്ലുവേദനപോലെയുളള പാതി മനസ്സിലാക്കപ്പെട്ട അവ്യക്തമായൊരു അസുഖത്തെക്കാളേറെയൊന്നുമല്ലാതെയായിട്ട്‌ വളരെ നാളായിക്കഴിഞ്ഞിരുന്നു.

അന്ധനായ ആ മണിയടിക്കാനുമായുളള അയാളുടെ സംഘർഷത്തെ തുടർന്ന്‌, ഈ മന്ദമായ വേദനയെക്കുറിച്ചുളള ബോധപൂർവ്വമായ തിരിച്ചറിവ്‌ അതിനെ തുളച്ചു കയറുന്ന ഒന്നാക്കിമാറ്റിയിരുന്നു. അയാൾ അവളെ സ്‌നേഹിച്ചിരുന്നു. അവളെ കാണണം നിശ്ശബ്‌ദവും മഞ്ഞുമൂടിയതുമായ ജന്മഗേഹത്തിൽ ദിവസങ്ങൾ കടന്നുപോകുന്തോറും അവന്റെ മാനസികാവസ്ഥ അങ്ങിനെയായിത്തീർന്നു.

ചില സമയങ്ങളിൽ, സന്തുഷ്‌ടിയുടെ നിമിഷങ്ങൾ, വീണ്ടും വർണ്ണോജ്ജ്വലമായി സ്‌മൃതിപഥത്തിലെത്തിയിരുന്നു. അന്നേരം പൈത്തോറിന്റെ മുഖഭാവം വിഷാദഭാവം അപ്രത്യക്ഷമായതായി തോന്നിച്ചിരുന്നു. പക്ഷെ ഇത്‌ അധികസമയം നീണ്ടിനിന്നില്ല; ഒടുവിൽ, താരതമ്യേന പ്രസന്നമായ ഈ നിമിഷങ്ങളും ഒരസ്വസ്ഥതയാൽ വേട്ടയാടപ്പെട്ട്‌ മറഞ്ഞുപോയിരുന്നു-ഒരിക്കലും വരാനാകാത്തവിധം, ഇവയും അപ്രത്യക്ഷമാകുമോ എന്ന്‌ അയാൾ ഭയന്നിരുന്നപോലെയായിരുന്നു അത്‌. തത്‌ഫലമായി അയാളുടെ മാനസികാവസ്ഥകൾക്ക്‌ വ്യതിയാനം വന്നുകൊണ്ടിരുന്നു. ദിവസങ്ങളോളം നീണ്ടുനിന്ന ഘനീഭവിച്ച, വിടുതൻ ചെയ്യപ്പെടാത്ത വിഷാദഭാവത്തോടൊപ്പം മിന്നൽപിണർപോലെയുണ്ടായ ആർദ്രമായ വൈകാരികാവേശങ്ങളും, സജീവമായ സ്നായുക്ഷോഭവും മാറിമാറി വന്നുകൊണ്ടിരുന്നു. അഗാധവും വിഷാദപൂർണ്ണവുമായ ശോകഭാവത്തിൽ മുഴുകി ഒരു സായാഹ്‌നത്തെക്കുറിച്ച്‌ ഓർത്ത്‌ കറുത്ത ഡ്രോയിംഗ്‌ മുറിയിലെ പിയാനോ ദീനസ്വരങ്ങൾ മുഴക്കി. അതിൽനിന്നും പുറപ്പെടുന്ന തേങ്ങിക്കരച്ചിലിന്റെതായ ഓരോ ധ്വനികളും, അത്‌ ശ്രദ്ധിച്ചുകൊണ്ടിരുന്ന അന്ന മിഖലോവ്‌നയുടെ ഹൃദയം വേദനിച്ചു.

യഥാസമയം, അവളുടെ ഏറ്റവും മോശമായിരുന്ന ഭീതി പ്രാവർത്തികമായി. ബാല്യകാലത്ത്‌ പൈത്തോറിലുളവായിരുന്ന സ്വപ്‌നങ്ങൾ അവനെ വീണ്ടും സന്ദർശിക്കാൻ തുടങ്ങി.

ഒരു പ്രഭാതത്തിൽ, അവൻ ഉറങ്ങുന്ന മുറിയിലേക്കു വന്ന അന്ന മിഖലോവ്‌ന കണ്ടത്‌ വിചിത്രമായൊരു അസ്വാസ്ഥ്യത്തിൽ അവൻ ഉഴറുന്നതായാണ്‌. അവന്റെ കണ്ണുകൾ പാതി തുറന്നിരുന്നു. മന്ദിച്ച കൺപോളകൾക്കിടയിൽ മങ്ങിയ ഒരു തിളക്കം ദൃശ്യമായിരുന്നു. ആ മുഖമാകട്ടെ വിളർത്തും, മുഖഭാവം കുഴപ്പത്തിന്റെതുമായിരുന്നു.

വാതിലിൽനിന്ന്‌ ആകാംക്ഷയോടെ അവനെ ശ്രദ്ധിച്ച അവൾ ഈ അസ്വസ്ഥയുടെ കാരണമെന്തെന്ന്‌ ഊഹിക്കാൻ ശ്രമിച്ചു. പക്ഷെ അവന്റെ പ്രയാസങ്ങൾ കാണേക്കാണെ വർദ്ധമാനമാകുന്നതും പ്രകൃതം കൂടുതൽ കൂടുതൽ പ്രക്ഷുബ്‌ധമാകുന്നതും അത്യദ്ധ്വാനം ചെയ്യുന്ന ഒരു ഭാവം പ്രകടമാകുന്നതുമത്രെ അവൾ കണ്ടത്‌.

പിന്നെ, പൊടുന്നനെ, എന്തോ ഒന്ന്‌ ചലിക്കുന്നതായി കാണപ്പെട്ടു-അതോ അത്‌ തന്റെ ഭാവനയാണോ? ആ കിടക്കയുടെ മുകളിൽ… അത്‌ പൈത്തോറിന്റെ ശിരസ്സിനു തൊട്ടുമുകളിലെ ഭിത്തിയിൽ പതിക്കാനായി ജനാലയിലൂടെ തെന്നിയിറങ്ങിവന്ന ഉജ്ജ്വലമായ ശിശിരകാല സൂര്യന്റെ ഒരു നേർത്ത പ്രകാശവത്തായ കിരണമായിരുന്നു. വീണ്ടും, താൻ സൂക്ഷിച്ചു നോക്കുമ്പോൾ, ഈ സൂര്യരശ്‌മി ഇളകുന്നതായി തോന്നിച്ചു. ഭിത്തിയിലെ തിളങ്ങുന്ന ബിന്ദു കീഴോട്ട്‌ തെന്നിപ്പോയിരുന്നു. വീണ്ടുമത്‌ താഴോട്ട്‌ തെന്നി-വീണ്ടും… സാവധാനം കേവല ദൃഷ്‌ടിക്ക്‌ അരോചകമായി ആ പ്രകാശം പൈത്തോറിന്റെ പാതി തുറന്ന കണ്ണുകളെ സമീപിക്കുകയായിരുന്നു. അത്‌ തൊട്ടടുത്തെത്തിയതോടെ, അവന്റെ അസ്വാസ്ഥ്യം പതിന്മടങ്ങ്‌ പ്രകടമായി കാണപ്പെട്ടു.

ആ ജ്വലിക്കുന്ന പ്രകാശബിന്ദുവിൽനിന്നും കണ്ണുകള പറിച്ചെടുക്കാനാവാതെ അന്നമിഖലോവ്‌ന നിശ്ചലയായി വാതിൽക്കൽ തന്നെ നിന്നു. ഒരു പേടിസ്വപ്‌നത്തിലെന്നപോല ആ ചലനങ്ങൾ അവളുടെ ദൃഷ്‌ടികളിൽ തെളിഞ്ഞു കാണുന്നതുപോലെ തോന്നിച്ചു. വിറക്കുന്ന അടികളോടെ-തന്റെ മകന്റെ നിസ്സഹായമായ കണ്ണുകളുടെ കൂടുതൽ കൂടുതൽ സമീപത്തായി. പൈത്തോർ കൂടുതൽ വിളർത്തുകൊണ്ടിരുന്നു. വേദനാജനകമായൊരു പ്രയത്നഭാവം ആ നീണ്ടമുഖത്ത്‌ പരന്നു. ഇപ്പോൾ ആ മഞ്ഞവെളിച്ചം അയാളുടെ തലമുടിയെ സ്പർശിച്ചു. ഇപ്പോൾ ഈ ഊഷ്‌മളമായ പ്രകാശം അയാളുടെ നെറ്റിയിലെത്തി. അമ്മ പ്രയാസപ്പെട്ട്‌, മുന്നോട്ടാഞ്ഞു-തന്റെ കുഞ്ഞിനെ രക്ഷിക്കാനുളള നൈസർഗ്ഗിക പരിശ്രമമെന്നപോലെ. പക്ഷെ-ആ പേടിസ്വപ്‌നത്തിലെപോലെ- അവളുടെ കാലുകൾ തറയിൽ വേരുപിടിച്ച പോലെയായിരുന്നു. അവൾക്ക്‌ അനങ്ങാനായില്ല. പൈത്തോർ, ഇപ്പോൾ കണ്ണുകൾ മലർക്കെ തുറന്നു. ആ പ്രകാശം അവന്റെ അന്ധമായ കൃഷ്‌ണമണികളെ സ്പർശിച്ചതോടെ, അതിനെ നേരിടാനെന്നോണം അവൻ തലയിണയിൽ നിന്നും ശിരസ്സ്‌ ഉയർത്തി. അവന്റെ അധരങ്ങളെ ഒരു വിറയൽ ബാധിച്ചു. ഒരുപക്ഷെ, ഒരു മന്ദഹാസമായിരിക്കാം; അതോ, ഒരുപക്ഷെ, ഒരു രോദനമാകാം… വീണ്ടും ആ മുഖം അധ്വാനശ്രമത്തിലെന്നപോലെ ഒരു നോട്ടത്തിലമർന്നുപോയി.

പക്ഷെ, ഇപ്പോൾ, ഒടുവിൽ, അന്ന മിഖലോവ്‌നക്ക്‌ തന്റെ അവയവങ്ങളെ ബാധിച്ചിരുന്ന തളർച്ചയിൽനിന്നും വിമുക്തി നേടിയെടുക്കാൻ കഴിഞ്ഞു. അവൾ മുറിക്ക്‌ കുറുകെ ഓടി തന്റെ കരം പൈത്തോറിന്റെ നെറ്റിയിൽ അമർത്തി. അയാൾ ഞെട്ടിയുണർന്നു.

“അത്‌, അമ്മയായിരുന്നോ?” അവൻ ആരാഞ്ഞു.

“അതെ…”

അവൻ എഴുന്നേറ്റിരുന്നു. നിമിഷനേരം, അവന്‌ ഭാഗികമായ ബോധം മാത്രമെ ഉണ്ടായിരുന്നെന്ന്‌ തോന്നിച്ചു. പക്ഷെ ആ പ്രകാശം അപ്പോഴേക്കും ഉയർന്നതായി കാണപ്പെട്ടു. അവൻ പറഞ്ഞു.

“എനിക്ക്‌ വീണ്ടുമൊരു സ്വപ്‌നമുണ്ടായി. ഈയിടെ അത്‌ കൂടെക്കൂടെ ഉണ്ടാകാറുണ്ട്‌. പിന്നീട്‌ അവ എനിക്ക്‌ ഓർക്കാനാവില്ല എന്നുമാത്രം.”

Generated from archived content: anthagayakan35.html Author: korolenkov

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here