മുപ്പത്തിമൂന്ന്‌

മണിഗോപുരത്തിലേക്ക്‌ കയറും മുൻപേ സാധാരണ ആശ്രമസന്ദർശകർ ആ പഴയ പളളിയിലൊക്കെ കുറച്ചൊന്നു ചുറ്റിക്കറങ്ങുമായിരുന്നു. ഇതുമൂലം അവർക്ക്‌ സമീപത്തെ നാട്ടിൻപുറത്തിന്റെ ചില ദൃശ്യങ്ങൾ ലഭ്യമായിരുന്നു. സൂര്യൻ അസ്തമിക്കാൻ തുടങ്ങി. ആശ്രമത്തിന്റെ അറകളിലൊന്നിന്റെ കൊച്ചുമുറ്റത്ത്‌ മാക്‌സിം വിശ്രമിക്കുവാനായി ഇരുന്നു. സംഘത്തിൽ ബാക്കിയുളളവർ മണിഗോപുരത്തിന്റെ കാൽച്ചുവട്ടിലേക്ക്‌ തിരിച്ചു.

കമാനമായ പ്രവേശനകവാടത്തിൽ, അവരെ ആനയിക്കാനായി ഒരു ചെറുപ്പക്കാരൻ പയ്യൻ നിന്നിരുന്നു. അവൻ വാതിലിന്‌ പുറംതിരിഞ്ഞാണ്‌ നിന്നിരുന്നത്‌. അതിന്റെ ബന്ധിച്ചിരുന്ന മണിത്താഴിൽ അവന്റെ കൈ വിശ്രമിച്ചിരുന്നു. ഈ പ്രാരംഭകന്റെ ദൃഷ്‌ടികളിൽ വിചിത്രതരമായ എന്തോ ഒന്നുണ്ടായിരുന്നു. അവ നിശ്ചലമായിരുന്നു. ഇയാളുടെ നിശ്ചലമിഴികളെ ആദ്യമായി ശ്രദ്ധിച്ചത്‌ അന്ന മിഖലോവ്‌നയായിരുന്നു. മാത്രമല്ല ആ മുഖത്തെ സവിശേഷഭാവവും. വിറച്ചുകൊണ്ട്‌ അവർ ഈവ്‌ലിനയുടെ കരം കവർന്നെടുത്തു. ആ പെൺകുട്ടി ഞടുങ്ങി.

“അവൻ അന്ധനാണ്‌…” അവർ മങ്ങിയ സ്വരത്തിൽ മന്ത്രിച്ചു.

“ശബ്‌ദമുണ്ടാക്കാതെ…” അമ്മ പ്രതിവചിച്ചു. “നിങ്ങൾ അത്‌ ശ്രദ്ധിച്ചോ..?”

“ഉവ്വ്‌.”

ആ പ്രാരംഭകന്റെ പൈത്തോറുമായുളള വിചിത്രമുഖസാദൃശത എളുപ്പത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേ അസ്വസ്ഥമായ വിളർച്ചയും, അതേ സ്‌ഫുടവും, അചഞ്ചലവുമായ കൃഷ്‌ണമണികളും, പുരികങ്ങളുടെ അതേ അസ്വസ്ഥതമായ ചലനവും, ഓരോ ശബ്‌ദത്തിനോടും പ്രതികരിക്കുന്നപോലെ ഭീതിദമാകുമ്പോൾ മുകളിലേക്കും, താഴേക്കും ഇളകുന്ന ഒരു പ്രാണിയുടെ സ്പർശനിപോലെ-പൈത്തോറിനെക്കാളേറെ പരുക്കൻ മട്ടിലായിരുന്നു ആ തുടക്കക്കാരന്റെ പ്രകൃതം. അയാളുടെ രൂപമാകട്ടെ ഏറെ കോണുകളോടു കൂടിയതുമായിരുന്നു. അയാൾ കഠിനമായൊന്നു ചുമക്കുമ്പോൾ, ആ കൈകൾ കുഴിഞ്ഞ നെഞ്ചോട്‌ ചേർത്തമർത്തുമ്പോൾ, അന്ന മിഖ്‌ലോവ്‌ന വിടർന്ന ഭയചകിതമായ ദൃഷ്‌ടികളോടെ ഏതോ പ്രേതരൂപിയെ നോക്കുന്നതുപോലെ അവന്റെ നേർക്ക്‌ തുറിച്ചുനോക്കിയിരുന്നു.

അവൻ ചുമച്ചു തീർന്നശേഷം, ആ തുടക്കക്കാരൻ വാതിലിന്റെ പൂട്ട്‌ തുറന്ന്‌ വഴി അടച്ചുകൊണ്ട്‌ വാതിൽക്കൽ നില്‌പുറപ്പിച്ചു.

“ചുറ്റുപാടും പയ്യൻമാരുണ്ടോ?” പരുഷസ്വരത്തിൽ ആരാഞ്ഞുകൊണ്ട്‌ അയാൾ മുന്നോട്ട്‌ കുതിച്ച്‌ കുട്ടികളുടെ നേർക്ക്‌ അലറി. “മാറിനില്‌ക്കൂ… നിങ്ങൾ ശപിക്കപ്പെടട്ടെ..”

ഒരുനിമിഷം കഴിഞ്ഞ്‌ ചെറുപ്പക്കാർ വരിയായി അവനെ കടന്ന്‌ ഗോപുരത്തിലേക്ക്‌ നടന്നുപോവുകയായിരുന്നു. മാധുര്യമാർന്നൊരു അഭ്യർത്ഥനാരൂപേണ അയാളുടെ ശബ്‌ദം അവരുടെ ശ്രവണപുടങ്ങളിൽ മുഴങ്ങികേട്ടു.

“മണിനാദക്കാരനു തരാൻ കുറച്ചുവല്ലതും കൈവശമുണ്ടോ? ഇരുട്ടാണ്‌ അകത്ത്‌ സൂക്ഷിച്ചു നടക്കണേ.

സംഘം മുഴുവനും കോണിപ്പടികളുടെ ചുവട്ടിൽ തടിച്ചുകൂടി നിന്നു. കുത്തനെയുളള, വൈഷമ്യമേറിയ പടവുകൾ കയറുന്നതിനെക്കുറിച്ച്‌ കുറച്ചുമുമ്പ്‌ മാത്രം അന്ന മിഖ്‌ലോവ്‌ന ചിന്തിച്ചതേയുളളൂ. പക്ഷെ ഇപ്പോൾ അവൾ മൗനമായ കീഴടക്കത്തോടെ മറ്റുളളവരെ പിന്തുടർന്നു.

അന്ധൻ മണിനാദക്കാരൻ വാതിൽ അടച്ചുപൂട്ടി. ഗോപുരത്തിനകത്ത്‌ നന്നെ ഇരുട്ടായിരുന്നു. കുറച്ചുകഴിഞ്ഞാണ്‌, കട്ടിയേറിയ കൽഭിത്തിയിലെ കോണോട്‌ കോണായ ദ്വാരത്തിലൂടെ മങ്ങിയ പ്രകാശം അകത്തുകടന്നുവരുന്നത്‌ അന്ന മിഖലോവ്‌ന ശ്രദ്ധിച്ചത്‌. ഗോപുരത്തിനു കുറുകെ പതിച്ച പ്രകാശം, എതിർവശത്തെ ഭിത്തിയിൽ പരുപരുത്ത പൊടിനിറഞ്ഞ കല്ലുകളിലേക്ക്‌ മങ്ങിയ വെളിച്ചകീറുകൾ വിതറിയിരുന്നു.

യുവാക്കൾ ഇതിനകം തന്നെ പിരിയൻ ഗോവണിയിലൂടെ തപ്പിപ്പെറുക്കി നടന്നു കയറുകയായിരുന്നെങ്കിലും, അവർ കടന്നുപോകാനായി മാറിനിന്നു കൊടുത്ത അന്നമിഖലോവ്‌നയാകട്ടെ, അപ്പോഴും തീരുമാനമെടുക്കാതെ താഴെതന്നെ നിന്നിരുന്നു.

കാതു തുളക്കുന്ന ശിശു സഹജമായ ശബ്‌ദങ്ങൾ പൊടുന്നനെ ഗോപുരത്തിന്‌ പുറത്ത്‌ മുഴങ്ങിക്കേട്ടു.

”ഞങ്ങളെ അകത്തു കടത്തൂ…“ അവർ അഭ്യർത്ഥിച്ചു. ”ദയവായി, മിഗോർ അമ്മാവാ! നല്ല മനുഷ്യനല്ലേ?“

”മാറിനില്‌ക്കൂ, ശപിക്കപ്പെട്ടവരെ.“ കോപം കൊണ്ട്‌ പതറിയ ശബ്‌ദത്തോടെ അയാൾ പരുഷമായി അലറി.

”ഇടിവെട്ട്‌ നിങ്ങളുടെ ദേഹത്ത്‌ പതിക്കട്ടെ..“

”അന്ധൻ പിശാച്‌.“ ധാരാളം ശബ്‌ദങ്ങൾ ഉച്ചത്തിൽ അലറി; നഗ്നപാദങ്ങൾ ഓടി അകലുന്ന ദ്രുതഗതിയുളള ശബ്‌ദം കേൾക്കുമാറായി.

നിമിഷനേരം ശ്രദ്ധിച്ചുകൊണ്ട്‌ കാത്തുനിന്ന മണിനാദക്കാരൻ ധൃതിയിൽ ശ്വാസം പിടിച്ച്‌, കഠിനമായി നിശ്വസിച്ചു.

പിന്നെ അസഹനീയമായ ദുരിതത്താലുളവാകുന്ന കഠിന നൈരാശ്യത്തിന്റെ പ്രകമ്പനമുൾക്കൊണ്ട്‌ ഒരു വ്യത്യസ്ത സ്വരം അയാളിൽ നിന്നും പുറപ്പെട്ടു.

”ഓ കർത്താവേ! ഓ കർത്താവേ! എന്റെ ദൈവമെ! നീ എന്തുകൊണ്ടെന്നെ കൈവെടിഞ്ഞു?“ കോണിപ്പടികളിലേക്കു നീങ്ങിനിന്ന്‌ അവൻ, അപ്പോഴും സംശയിച്ചുനിന്നിരുന്ന അന്ന മിഖലോവ്‌നയുമായി കൂട്ടിമുട്ടി.

”ആരാണിത്‌? ആരെയാണ്‌ നിങ്ങൾ കാത്ത്‌ നില്‌ക്കുന്നത്‌?“ അയാൾ പരുഷസ്വരത്തിൽ ആവശ്യപ്പെട്ടു. പിന്നെ കൂടുതൽ സൗമ്യമായി ഇങ്ങിനെ കൂട്ടിച്ചേർത്തു. ”അതിൽ കുഴപ്പമില്ല. ഭയപ്പെടേണ്ട. ഇതാ എന്റെ കൈയ്യിൽ പിടിച്ചുകൊളളൂ.“

അങ്ങിനെ വീണ്ടും അവർ കോണി കയറവെ, കോണികയറവെ, വാതിൽക്കൽ വച്ച്‌ പറഞ്ഞ അതേ തേൻപുരട്ടിയ സ്വരത്തിൽ അയാളിങ്ങനെ അഭ്യർത്ഥിച്ചു.

”മണിനാദക്കാരന്‌ കുറച്ച്‌ വല്ലതും തരാനുണ്ടോ?“

അന്ന മിഖലോവ്‌ന ഇരുട്ടിൽ പഴ്‌സിൽ പരതി ഒരു നോട്ടെടുത്ത്‌ അവനു നൽകി. അയാളത്‌ ധൃതിയിൽ പിടിച്ചെടുത്തു. ഭിത്തിയിലെ നേർത്ത ദ്വാരത്തിനരികെ അവരെത്തിയിരുന്നു; ആ മങ്ങിയ വെളിച്ചത്തിൽ അവൻ നോട്ട്‌ ചുരുട്ടി മുഖത്തേക്കണക്കുന്നതും, വിരലുകളാൽ പരതുന്നതും അവൾ കണ്ടു. ആ വിളർത്ത മുഖം, തന്റെ മകന്റേതുപോലെ തന്നെയുളളത്‌, ഏതോ വിചിത്രമായ മങ്ങിയ പ്രകാശത്തിൽ ലജ്ജാഭരിതവും, ആർത്തിനിറഞ്ഞ ആഹ്ലാദഭാവത്തിലും പൊടുന്നനെ വികൃതമായി.

”ഓ!“ അവൻ വിലപിച്ചു. ”നന്ദി, ഓ! നന്ദി! ഇരുപത്തിഅഞ്ച്‌ ദുബിളുകൾ! നിങ്ങൾ എന്നെ വിഡ്‌ഡിയാക്കുന്നെന്നു വിചാരിച്ചു. ഒരു അന്ധനെ കളിയാക്കുന്നെന്ന്‌. ചില ആളുകൾ അങ്ങിനെ ചെയ്യും.“

ആ പാവം സ്‌ത്രീയുടെ മുഖം അശ്രുകണങ്ങളാൽ നനഞ്ഞു. ധൃതിയിൽ അവ തുടച്ചുകളഞ്ഞ്‌ അവൾ മറ്റുളളവരെ മറികടക്കാനായി മുന്നേറി. അവരുടെ ശബ്‌ദങ്ങളും, കാലടിയൊച്ചകളും, അങ്ങകലെയായി മങ്ങിയ തരത്തിൽ കോണിപ്പടികളിലേക്ക്‌ പ്രതിധ്വനിച്ച്‌ അവളിലെത്തിയിരുന്നു. ഒരു കൽഭിത്തിയിലൂടെ കേൾക്കുന്ന വെളളച്ചാട്ട സ്വരം പോലെ.

ആ യുവജനങ്ങൾ തിരിവുകളിലൊന്നിലൂടെ കടന്ന്‌, നന്നെ ഉയരത്തിലുളള, ഒരു നേർത്ത ജാലകം കുറച്ച്‌ വായുവും, ഒരു കീറ്‌ വെളിച്ചവും പ്രവഹിക്കുന്നതിനടുത്തായി നില്പുറപ്പിച്ചു. മിനുസമാർന്ന ഭിത്തികളിൽ എന്തൊക്കെയോ കുത്തിക്കുറിച്ചിരുന്നു. അവയിലധികവും ഏതെങ്കിലും അവസരത്തിൽ ഇവിടം സന്ദർശിച്ചവരുടെ കൈയൊപ്പുകളായിരുന്നു.

ഈ പേരുകളിലധികവും, യുവസ്‌റ്റാവ്‌റുചെങ്കോമാർക്ക്‌ സുപരിചിതമായിരുന്നു. അത്തരം ഓരോ കണ്ടുപിടുത്തവും, ചിരിയും, പരിഹാസവും കലർത്തി സ്വാഗതം ചെയ്യപ്പെട്ടു.

”ഓ! പക്ഷെ ഇതാ മറ്റൊരു തരത്തിലുളള ഒന്ന്‌..“ ആ വിദ്യാർത്ഥി ആശ്ചര്യസൂചകമായി പറഞ്ഞുകൊണ്ട്‌ ചരിച്ചെഴുതിയ വാക്കുകൾ സാവധാനം വായിച്ചു. ”പലരും പുറപ്പെടുന്ന, കുറച്ചുപേർ മാത്രം ലക്ഷ്യത്തിലെത്തുന്ന.. “ അയാൾ ചിരിച്ചുകൊണ്ട്‌ ഇങ്ങിനെ കൂട്ടിച്ചേർത്തു. ”ഈ കയറ്റത്തെക്കുറിച്ചാണ്‌ അത്‌ സൂചിപ്പിക്കുന്നതെന്നു തോന്നുന്നു.“

”ഇഷ്‌ടമെങ്കിൽ അപ്രകാരം വ്യാഖ്യാനിച്ചോളൂ.“ മണിനാദക്കാരൻ മുഖംതിരിച്ച്‌ പരുഷസ്വരത്തിൽ പറഞ്ഞു. അയാളുടെ ചലിക്കുന്ന പുരികങ്ങൾ അസ്വസ്ഥതയെ വെളിവാക്കി. ”ഇതാ ഇവിടെ ഒരു പദ്യഭാഗവും കൂടിയുണ്ട്‌. കുറച്ച്‌ താഴെ…“ അത്‌ വായിക്കുന്നതുകൊണ്ട്‌ ഒരു ഉപദ്രവവുമുണ്ടാകില്ല.”

“പദ്യമോ? എവിടെ? ഇവിടെയൊന്നും പദ്യമൊന്നുമില്ലല്ലോ?”

“അത്രമാത്രം തീർച്ചയാണോ? പക്ഷെ ഞാൻ പറയുന്നു അതവിടെയുണ്ടെന്ന്‌.. കണ്ണുളള നിങ്ങളിൽനിന്നും ഒളിഞ്ഞിരിക്കുന്ന ധാരാളം സംഗതികളുണ്ട്‌.”

അയാൾ ഒന്നോ രണ്ടോ പടി മുന്നോട്ട്‌ കടന്ന്‌ ഭിത്തിയിലൂടെ കൈപരതിയെങ്കിലും തൊട്ടപ്പുറത്തെ മങ്ങിയ പകൽവെളിച്ചരശ്‌മിയെ സ്പർശിക്കാനായില്ല.

“ഇതു ഇവിടെ.” അയാൾ പറഞ്ഞു. നല്ലൊർ പദ്യമാണു താനും. ഒരു റാന്തൽ കൂടാതെ നിങ്ങൾക്ക്‌ വായിക്കാനാവില്ലെന്നു മാത്രം.“

പൈത്തോർ ഒരുവശത്തേക്കു മാറിയിട്ട്‌ ഭിത്തിയിലൂടെ കൈഓടിച്ചു. നിമിഷത്തിനകം പരുപരുത്ത ഭിത്തിയിൽ ഏതാണ്ടൊരു നൂറു വർഷമോ മറ്റോ മുമ്പ്‌ മരിച്ചുപോയ ആരോ കൊത്തിവച്ചിരുന്ന വരികൾ കണ്ടെത്തി.

”മറക്കരുതേ,

മരണ മുഹൂർത്തം,

വിധിദിനവും മറക്കരുത്‌.

ജീവിതം അവസാനിക്കണം-

ഇതും മറക്കരുത്‌..

നിനക്കായ്‌ നരകാഗ്‌നി

ജ്വലിക്കുന്നതും മറക്കരുത്‌..“

”ആഹ്ലാദകരമായൊരു മുദ്രാവാക്യം.“ ആ വിദ്യാർത്ഥി അഭിപ്രായപ്പെട്ടു. പക്ഷെ എങ്ങിനെയോ ആ നർമ്മോക്തി ഫലിച്ചില്ല.

”നിങ്ങൾക്കത്‌ ഇഷ്‌ടമാവില്ലെന്നുണ്ടോ? കുത്സിത ഭാവേന മണിനാദക്കാരൻ ആരാഞ്ഞു. “ശരി. തീർച്ചയായും. നിങ്ങൾക്കിപ്പോഴും ചെറുപ്പം തന്നെ. ആർക്ക്‌ പറയാനൊക്കും? മരണ മുഹൂർത്തം ഒരു കളളനെപ്പോലെ രാത്രിയിലെത്തുന്നു….” പിന്നെ വ്യത്യസ്തമായൊരു സ്വരഭേദത്തോടെ അയാൾ തുടർന്നു. “അതൊരു നല്ല പദ്യം തന്നെ…” മരണമുഹൂർത്തം മറക്കാതെ-വിധിദിനവും മറക്കാതെ… “ പിന്നെ കുത്സിതനായി, വീണ്ടും പറഞ്ഞു. ”അതെ…. അപ്പോൾ നമുക്ക്‌ എന്ത്‌ സംഭവിക്കും-എന്നതാണ്‌ അതിന്റെ കാതൽ..“

അവർ കോണിപ്പടികൾ കയറി. താമസിയാതെ താഴത്തെ മണിഗോപുരപീഠത്തിലെത്തി. ഇവിടെ മനോഹരമായൊരു ദൃശ്യം അവരുടെ മുന്നിൽ വിരിഞ്ഞിക്കിടന്നിരുന്നു. താഴ്‌ന്ന സ്ഥലത്തേക്ക്‌ നീണ്ട നിഴലുകൾ വിതറുന്ന പടിഞ്ഞാറൻ സൂര്യൻ അസ്തമിക്കുന്നു, കിഴക്കൻ ആകാശത്ത്‌ ഘനീഭവിച്ച കാർമേഘങ്ങളും. അങ്ങകലെ, സായാഹ്‌നപ്രഭയിൽ മുങ്ങിയ ഈ പ്രപഞ്ചം മങ്ങി അവ്യക്തമായി കിടന്നു. അവിടവിടെയായി ഏതോ മണിഗോപുരത്തിൽ നിന്നും അകന്ന കുരിശിൽ തൂങ്ങിയിരുന്നതോ, ഒരു ജാലകപ്പാളിയിൽ ചുകന്ന ധൂളി നിറത്തിൽ ചായമടിച്ചിരുന്നതോ, നീലിച്ച നിഴലുകളിൽ നിന്നും ഏതോ വെളളപൂശിയ കാർഷികഗൃഹത്തിൽ നിന്നും പെറുക്കിയെടുത്ത ചരിഞ്ഞ രശ്‌മികൾ ഉണ്ടെന്നതൊഴികെ.

ആ കൊച്ചു സംഘത്തിലാകെ ഒരു നിശ്ശബ്‌ദത പരന്നു. പുതിയതും, ശുദ്ധവും, ഭൂതലത്തിലെ വായുവുമായി സ്‌പർശിക്കാത്ത സ്വതന്ത്രമായ മന്ദമാരുതൻ അവരിലൂടെ വീശി. അത്‌ മണിച്ചരടുകളെ ഇളക്കി. ഇത്‌ അവ്യക്തവും വിദൂരവുമായ സംഗീതത്തെയോ മണികളുടെ ചെമ്പ്‌ ഹൃദയങ്ങളെയോ ഈ ലോഹത്തിന്റെ മർമ്മരങ്ങൾ അനുസ്‌മരിപ്പിച്ചു. പ്രശാന്തമായ നാട്ടിൽപ്രദേശത്തുനിന്നും ശാന്തിയും ഏകാന്തതയും കാറ്റിലൊഴുകിവന്നു.

മണിഗോപുരപീഠത്തിലെ നിശ്ശബ്‌ദതയ്‌ക്ക്‌ മറ്റൊരു കാരണം കൂടി ഉണ്ടായിരുന്നു. ഏതോ പൊതുവായ നൈസർഗ്ഗിക പ്രേരണയാൽ രണ്ട്‌ അന്ധയുവാക്കൾ മൂലയുടെ സ്തംഭങ്ങളുടെ താങ്ങിനരികിലേക്ക്‌ നീങ്ങിയിരുന്നു. വിചിത്രമായ അവരുടെ സദൃശ്യത ഏവരുടെയും ദൃഷ്‌ടികളെ പിടിച്ചുനിർത്തി. മണിനാദക്കാരൻ തെല്ല്‌ മുതിർന്നവനായിരുന്നു. അയാളുടെ ശോഷിച്ച അസ്ഥിക്കൂടത്തിനുമേൽ മടക്കുകളുളള അയഞ്ഞ ഒരു മേൽവസ്‌ത്രം പുതച്ചിരുന്നു. അയാളുടെ പ്രകൃതം പൈത്തോറിന്റെതിനേക്കാൾ പരുപരുത്തതും പ്രാകൃതവുമായിരുന്നു. സൂക്ഷ്‌മദൃഷ്‌ടിക്കുമുന്നിൽ പിന്നെ പല വ്യത്യസ്തതകളും ദൃശ്യമായിരുന്നു. മണിനാദക്കാരന്റെ തവിട്ടുനിറമായിരുന്നു. അയാളുടെ നാസിക തെല്ല്‌ വളഞ്ഞതും, അധരങ്ങൾ പൈത്തോറിന്റെതിനേക്കാൾ നേർത്തതുമായിരുന്നു. അയാളുടെ താടി ചെറിയ ചുരുണ്ട താടിയിൽ ഉറപ്പിച്ചിരുന്നു. കൃതാവാകട്ടെ മേലധരത്തെ ദൃശ്യമാക്കിയിരുന്നു. പക്ഷെ-അധരങ്ങളുടെ അസ്വസ്ഥമായ മടക്കിലും, ചേഷ്‌ടകളിലും, പുരികങ്ങളുടെ തുടർച്ചയായ ചഞ്ചലാവസ്ഥയിലും, പല കൂനൻമാർക്കും പരസ്പര സദൃശത പ്രദാനം ചെയ്ത ആ വിസ്‌മയകരമായ കുടുംബസദൃശത ദൃശ്യമാക്കിയിരുന്നു.

പൈത്തോറിന്റെ മുഖഭാവം കൂടുതൽ പ്രശാന്തമായിരുന്നു. അയാളിലുണ്ടായിരുന്ന സ്ഥായിയായൊരു വിഷാദഭാവം മണിനാദക്കാരനിൽ കഠിന വിഷാദ ഭാവതീവ്രത കൈക്കൊണ്ടിരുന്നു. മന്ദമാരുതന്റെ മൃദുലത അയാളുടെ നെറ്റിയിലെ അളകങ്ങളെ മാടിയൊതുക്കിയതുപോലായിരുന്നു. ഇത്‌ അദൃശമായ തന്റെ മിഴിച്ചു നോട്ടത്തെ മറച്ചിരുന്നു, താഴെയുളള രംഗത്തിൽനിന്നും ഉയർന്നുപൊങ്ങിയ ഏകാന്ത പ്രശാന്തിയെ കൊണ്ട്‌ അയാളുടെ ആത്മാവിനെ നിറച്ചിരുന്നു. ക്രമേണ പുരികങ്ങളുടെ ചഞ്ചലിപ്പ്‌ കുറഞ്ഞു വന്നുകൊണ്ടിരുന്നു.

പിന്നെ പൊടുന്നനെ, അയാളുടെ പുരികങ്ങൾ മുകളിലേക്കുയർന്നു. അത്‌ മറ്റുളളവർക്കാർക്കും കേൾക്കാൻ പറ്റാത്ത ഏതോ ശബ്‌ദം താഴെ പുൽമേട്ടിൽനിന്നും അവർ കേട്ടതുപോലെയായിരുന്നു.

”പളളിമണികൾ…“ പൈത്തോർ പറഞ്ഞു.

”അത്‌ ഇവിടെനിന്നും പതിനഞ്ച്‌ വെഴ്‌സുകൾ അകലെയുളള സെയിന്റ് യിഗോറി പളളിയിൽനിന്നാണ്‌.“ മണിനാദക്കാരൻ പ്രതിവചിച്ചു. ”നമ്മളിലും അരമണിക്കൂർ നേരത്തെ അവർ വൈകുന്നേരത്തെ ശുശ്രൂഷക്കായി എപ്പോഴും മണി മുഴക്കും. നിങ്ങൾ അത്‌ കേൾക്കുന്നോ? ഞാനത്‌ കേൾക്കുന്നുണ്ട്‌. അധികമാളുകളും കേൾക്കില്ല.“

സ്വപ്‌നത്തിലെന്നപോലെ അയാൾ തുടർന്നു. ”ആ മുകളിൽ നല്ല ഭംഗിയാണ്‌. പ്രത്യേകിച്ചും ഒരു ഒഴിവുദിനത്തിൽ. ഞാൻ മണിയടിക്കുന്നത്‌ നിങ്ങൾ കേൾക്കാറുണ്ടോ?

ലജ്ജാസമ്മിശ്രമായ അഭിമാനഭാവത്തിലായിരുന്നു ആ ചോദ്യം ഉന്നയിച്ചത്‌.

“ഒരു ദിവസം വന്ന്‌ അത്‌ കേൾക്കൂ. പാംഫിലി അച്ചൻ-നിങ്ങൾ പാംഫിലിഅച്ചനെ അറിയില്ലെ-അദ്ദേഹമാണ്‌ പ്രത്യേകിച്ചും എനിക്കായി ഈ രണ്ടു മണികളും സ്ഥാപിച്ചത്‌.”

അയാൾ ആ തൂണിന്റെ താങ്ങിൽ നിന്നും മാറിയിട്ട്‌, മറ്റുളളവയെപ്പോലെ കാലം കറുപ്പിക്കാത്ത രണ്ട്‌ ചെറിയ മണികൾ അടിക്കാൻ പോയി.

“നല്ല മണികൾ. നിങ്ങൾക്കായുളള അവയുടെ സംഗീതം-അവർ പാടുന്ന രീതി…. ഈസ്‌റ്റർ ടൈസിന്‌ പ്രത്യേകിച്ചും.”

അയാൾ മണിച്ചരടുകൾക്കായി പരതി. എന്നിട്ട്‌, ദ്രുതഗതിയിലുളള വിരൽ ചലനങ്ങളോടെ രണ്ട്‌ മണികളും, സ്വരമാധുരിയോടെ വിറപ്പിക്കാൻ തുടങ്ങി.

“ആ വലുത്‌ നിങ്ങൾ കേൾക്കേണ്ടതാണ്‌… ബൂ…..ബൂ……ഉം…..ഉം…..ബൂ…….ഊം…….ഊം……..ബൂം……..!”

ശിശുസഹജമായ ആഹ്ലാദത്താൽ അയാളുടെ മുഖം പ്രകാശിച്ചു; പക്ഷെ പ്രസ്തുത ആഹ്ലാദത്തിൽപോലും, രോഗാതുരവും ദൈന്യത കലർന്നതുമായ എന്തോ ഒന്നുണ്ടായിരുന്നു.

“പാംഫിലിഅച്ചൻ -അതെ- അദ്ദേഹമാണ്‌ ഈ മണികൾ എനിക്കായി വാങ്ങിയത്‌.” പെട്ടെന്നുളള ദീർഘനിശ്വാസത്തോടെ അയാൾ തുടർന്നു. “പക്ഷെ അദ്ദേഹമെനിക്ക്‌ ഒരു രോമക്കുപ്പായം വാങ്ങിത്തരില്ല. പിശുക്കനാണ്‌. ഈ മണിഗോപുരത്തിൽവച്ചു തന്നെ ഞാൻ ചരമം അടയും. എന്തൊരു തണുപ്പാണിവിടെ. മഞ്ഞുകാലത്താണ്‌ ഏറ്റവും മോശം…”

നിമിഷനേരം ശ്രദ്ധിച്ചുനിന്നിട്ട്‌ അയാൾ പറഞ്ഞു. “ആ മുടന്തൻ പയ്യൻ താഴെനിന്ന്‌ വിളിക്കുന്നുണ്ട്‌. നിങ്ങൾ ചെല്ലാനുളള സമയമായി.”

ഏതോ പ്രേതബാധിതയെപ്പോലെ അയാളെ ആ നേരമൊക്കെ നോക്കിനിന്നിരുന്ന ഈവ്‌ലിനയായിരുന്നു ആദ്യം നടന്നുനീങ്ങിയത്‌.

“അതെ… നമുക്ക്‌ പോകണം..” അവൾ പറഞ്ഞു. അതോടെ അവരൊക്കെ കോണിപ്പടികളിലേക്കു തിരിഞ്ഞു. മണിനാദക്കാരൻ മാത്രം അനങ്ങിയില്ല. ബാക്കിയുളളവരോടൊപ്പം തിരിഞ്ഞ പൈത്തോർ പെട്ടെന്ന്‌ നിന്നു.

“എന്നെ കാത്തുനിൽക്കണ്ട…” രാജകീയ സ്വരത്തിൽ അവൻ പറഞ്ഞു. “ഞാനൊരു നിമിഷത്തിനകം വരാം.”

കോണിപ്പടികളിലെ പാദപതനശബ്‌ദം അകന്നകന്നുപോയി.

അന്ധയുവാക്കൾ കരുതിയത്‌ തങ്ങൾ മാത്രമേ അവശേഷിച്ചിട്ടുളളുവെന്നാണ്‌. നിമിഷനേരം ഇരുവരും, നിശ്ചലരായി, വല്ലാത്ത നിശ്ശബ്‌ദതയിൽ എന്തൊ ശ്രദ്ധിച്ചുകൊണ്ട്‌ നിന്നു.

“ആരാണത്‌?” മണിനാദക്കാരൻ ആവശ്യപ്പെട്ടു.

“ഇത്‌ ഞാനാണ്‌.” പൈത്തോർ പ്രതിവചിച്ചു.

“നിങ്ങളും അന്ധനാണ്‌… അല്ലേ?”

“അതെ നിങ്ങളോ.. നിങ്ങൾ അന്ധനായിട്ട്‌ ഒരുപാട്‌ നാളായോ?”

“ഞാൻ ജന്മനാ അന്ധനാണ്‌. ഇപ്പോൾ റോമൻ ആണ്‌ എന്നെ മണി അടിക്കുന്നതിൽ സഹായിക്കുന്നത്‌. ഏഴ്‌ വയസ്സുളളപ്പോൾ അവൻ അന്ധനായി. ഇവിടെ നോക്കൂ-രാത്രിയും പകലും നിങ്ങൾക്ക്‌ തിരിച്ചറിയാമോ?”

“ഉവ്വ്‌”

“എനിക്കും അതെ… പ്രകാശം വരുന്നത്‌ എനിക്ക്‌ മനസ്സിലാകും. റോമന്‌ സാധിക്കില്ല. പക്ഷെ അതേസമയം അവനത്‌ എളുപ്പമാണ്‌.”

“എന്തുകൊണ്ട്‌?” പൈത്തോർ ആകാംക്ഷയോടെ ചോദിച്ചു.

“എന്തുകൊണ്ട്‌? എന്തുകൊണ്ടെന്ന്‌ നിങ്ങൾക്കറിയില്ലേ? അവൻ പകൽവെളിച്ചം കണ്ടതാണ്‌. അവൻ അമ്മയെ കണ്ടിട്ടുണ്ട്‌. മനസ്സിലായോ? അവൻ രാത്രി ഉറങ്ങാൻ പോകും. ഉറക്കത്തിൽ അവന്‌ അവരെ കാണാൻ കഴിയും. അവർക്കിപ്പോൾ പ്രായമുണ്ടെന്നു മാത്രം. പക്ഷെ അവൻ അവളെ ചെറുപ്പമായാണ്‌ കാണുന്നത്‌. നിങ്ങൾ എപ്പോഴെങ്കിലും ഉറക്കത്തിൽ അമ്മയെ കാണാറുണ്ടോ?”

“ഇല്ല..” പൈത്തോർ മന്ദസ്വരത്തിൽ പറഞ്ഞു.

“തീർച്ചയായും നിങ്ങൾ കണ്ടിരിക്കില്ല. അത്‌ സംഭവിക്കുന്നത്‌ കുറെക്കഴിഞ്ഞ്‌ അന്ധനാവുമ്പോഴാണ്‌. നിങ്ങൾ ജന്മനാ അന്ധനാണെന്നുവരികിൽ…”

പൈത്തോറിന്റെ മുഖത്ത്‌ വിഷാദഛായകൾ പരന്നു; ഏതോ കൊടുങ്കാറ്റിനുളള കാർമേഘം അവനിലെത്തിയതുപോലെയായിരുന്നു അത്‌. ഈവ്‌ലീനക്ക്‌ നന്നെ അറിയാമായിരുന്നു അന്ധമായ നൈരാശ്യഭാവം പൂണ്ട അവന്റെ നിശ്ചലനയനങ്ങളിലേക്ക്‌ മണിനാദക്കാരന്റെ പുരികങ്ങൾ ചുറ്റിക്കറങ്ങി.

“എത്രയൊക്കെ ശ്രമിച്ചാലും, ഒരു വ്യക്തി ചിലപ്പോൾ പാപം ചെയ്യുകയും പരാതിപ്പെടുകയും ചെയ്യും. ഓ നമ്മുടെ സൃഷ്‌ടാവായ കർത്താവേ! വിശുദ്ധ കന്യകേ! ദൈവമാതാവേ! ഉറക്കത്തിലാണെന്നുവരികിലും, ഒരിക്കൽ മാത്രം ഞാനീ പ്രകാശവും ആഹ്ലാദവും ഒന്ന്‌ കാണാനിടവരുത്തണേ!”

അയാളുടെ മുഖം വികൃതമായി. മുമ്പുണ്ടായിരുന്ന വിഷാദഭാവം വിടാതെ അയാൾ തുടർന്നു.

“പക്ഷെ-അവർ അതും ചെയ്യില്ല. സ്വപ്‌നങ്ങൾ വരും. ചിലപ്പോൾ മാത്രം. മങ്ങിയതാകയാൽ ഉണർന്നുകഴിഞ്ഞാൽ നിങ്ങൾക്കത്‌ മനസ്സിലാക്കാനാവില്ല.”

അയാൾ, ശ്രദ്ധിച്ചുകൊണ്ട്‌ പൊടുന്നനെ നിറുത്തി. അയാളുടെ മുഖം വിളർത്തു. വിചിത്രവും, വികൃതവുമായൊരു ചലനം അയാളുടെ എല്ലാ ചേഷ്‌ടകളെയും വികലമാക്കി.

‘ആ കുട്ടിപ്പിശാചുകൾ അകത്തു കടന്നിട്ടുണ്ട്‌.“ ദേഷ്യത്തോടെ അയാൾ പറഞ്ഞു.

അതെ. അത്‌ സത്യമായിരുന്നു. ആസന്നമായൊരു വെളളപ്പൊക്കം പോലെ ശിശുസഹജമായ അട്ടഹാസങ്ങളും പാദപതനശബ്‌ദങ്ങളും ഇടുങ്ങിയ കോണിപ്പടികളിൽ മുഴങ്ങികേട്ടു. പിന്നെ നിമിഷനേരം കൊണ്ട്‌ അത്‌ ഒതുങ്ങി. പക്ഷെ, ഉടനെതന്നെ മുകളിലെ കോണിപ്പടികൾ ശബ്‌ദമുഖരിതമാവുകയും ഈവ്‌ലിനയെ കടന്ന്‌, ആഹ്ലാദഭരിതരായ കുട്ടികളുടെ സംഘം മണിപീഠത്തിലേക്ക്‌ ഓടിക്കയറിവന്നു. മുകളിലെ പടിയിൽ നിമിഷനേരം അവർ നിന്നു. പിന്നെ ഒന്നിനുപുറകെ ഒന്നായി, അന്ധനായ മണിനാദക്കാരൻ നിന്നിരുന്ന വാതിൽപ്പടിയിലൂടെ അവർ തെന്നിയിറങ്ങി.

അന്ധകാരത്തിൽ വാതിൽക്കലായി ഒരു പുതിയ രൂപം പ്രത്യക്ഷപ്പെട്ടു. ഇത്‌ തീർച്ചയായും റോമൻ ആയിരുന്നു. ഏറ്റവും നല്ല പ്രകൃതത്തെ ദ്യോതിപ്പിച്ചിരുന്ന വിശാലവും, വസൂരിക്കുത്തുളളതുമായ മുഖഭാവത്തോടെയായിരുന്നു അവൻ വന്നത്‌. അടഞ്ഞ കൺപോളകൾക്കുളളിൽ അവന്റെ കുഴിഞ്ഞ കണ്ണുകൾ മറഞ്ഞുകിടന്നു. എങ്കിലും അവന്റെ അധരങ്ങൾ ദയാപൂർവ്വമായ മന്ദഹാസത്താൽ ചുളിഞ്ഞിരുന്നു. അപ്പോഴും ഭിത്തിയോടുചേർന്നുനിന്നിരുന്ന ഈവ്‌ലീനയെ കടന്ന്‌ അവൻ പീഠത്തിനടുത്തേക്കു നീങ്ങി. വാതിൽക്കൽ യിഗോറിന്റെ ഉയർന്നുതാഴുന്ന ദൃഷ്‌ടി അവന്റെ കഴുത്തിൽ പതിച്ചു.

”യിഗോർ“ അഗാധമായൊരു പ്രസന്നസ്വരത്തിൽ അവൻ ആശ്ചര്യപ്പെട്ടു. ”സഹോദരാ, വീണ്ടും കോപമാണോ?“

നെഞ്ചോടു നെഞ്ചുചേർന്നുനിന്ന അവർ പരസ്പരം വികാരഭാവങ്ങൾ പകർന്നു.

തന്റെ ഉക്രേനിയൻ ഭാഷയിൽ കോപം കൊണ്ട്‌ ഉയർന്ന സ്വരത്തിൽ യിഗോർ ആരാഞ്ഞു. ”നിങ്ങളെന്തിനാണ്‌ ഈ കുട്ടിപ്പിശാചുക്കളെ അകത്തേക്ക്‌ വിട്ടത്‌?“

”അവർ കളിക്കട്ടെ..“ റോമൻ നർമ്മരസത്തോടെ പറഞ്ഞു. ”ദൈവത്തിന്റെ കൊച്ച്‌ കിളികൾ! എന്തിന്‌ നിങ്ങൾ അവരെ ഇത്രയും പേടിക്കുന്നു. ഹൈ കുട്ടിപ്പിശാചുകളെ നിങ്ങൾ ഏതിലെയാണ്‌ കയറിവന്നത്‌?“

പീഠത്തിന്റെ മൂലകളിൽ ഒതുങ്ങിക്കൂടിയ കുട്ടികൾ വളരെ നിശ്ചലരായിരുന്നു; പക്ഷെ കുസൃതികൊണ്ട്‌ അവരുടെ കണ്ണുകൾ മിനുങ്ങിയിരുന്നു. അല്പം ഭീതികൊണ്ടും.

ശബ്‌ദമുണ്ടാക്കാതെ സൂത്രത്തിൽ പടികളിറങ്ങി വന്ന ഈവ്‌ലീന ഇതിനകം താഴ്‌ന്നപീഠം കടന്നുകഴിഞ്ഞപ്പോഴായിരുന്നു യീഗോറും പൈത്തോറും താഴോട്ടിറങ്ങി വരുന്ന സ്വരം കേട്ടത്‌.

അടുത്തനിമിഷം, കുട്ടികൾ തങ്ങളുടെ കൈകൾ റോമനുചുറ്റും എറിയാനായി ഓടിച്ചതിന്റെ അട്ടഹാസങ്ങളുടെയും പൊട്ടിച്ചിരികളുടെയും മുഴക്കം മുകളിലെ പീഠത്തിലാകെ കേൾക്കുമാറായി.

കുതിരവണ്ടി സാവധാനം ആശ്രമകവാടങ്ങൾ പിന്നിട്ട്‌ ഓടിയപ്പോൾ, തലക്കുമുകളിലായി മണിയൊച്ചകൾ വീണ്ടും കേൾക്കുകയുണ്ടായി. റോമൻ സായാഹ്‌നശുശ്രൂഷക്ക്‌ മണിമുഴക്കുകയാണ്‌.

സൂര്യൻ അസ്തമിച്ചു. ഇരുണ്ട പാടങ്ങൾക്കിടയിലൂടെ കുതിരവണ്ടി മുന്നോട്ട്‌ കുതിച്ചു. ക്രമാനുസൃതവും, താളനിബന്ധവുമായ ആശ്രമമണികളുടെ അലയൊലികൾ നീലിമയാർന്ന സായാഹ്‌നനിഴലുകൾക്കപ്പുറത്തേക്കും പരന്നൊഴുകിയിരുന്നു.

വീട്ടിലേക്കുളള മടക്കയാത്രയിൽ അവർ നന്നെ കുറച്ചേ സംസാരിച്ചുളളൂ. സായാഹ്‌നം മുഴുവനും, ഈവ്‌ലീനയുടെ ആകാംക്ഷാഭരിതമായ വിളികൾക്ക്‌ ചെവികൊടുക്കാതെ പൈത്തോർ, മറ്റുളളവരിൽ നിന്നൊക്കെ അകന്ന്‌, തോട്ടത്തിലെ ഒരു വിദൂരമൂലയിൽ സായാഹ്‌നം മുഴുവനും ഒറ്റക്ക്‌ കഴിച്ചുകൂട്ടി. എല്ലാവരും ഉറങ്ങാൻ പോയിക്കഴിഞ്ഞശേഷമേ അവൻ എഴുന്നേറ്റ്‌ തന്റെ മുറിയിലേക്ക്‌ പോയുളളൂ.

Generated from archived content: anthagayakan33.html Author: korolenkov

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English