പൈത്തോർ, പിറ്റെദിവസം നേരത്തെ ഉണർന്നെഴുന്നേറ്റു. മുറിയിലാകെ തികഞ്ഞ പ്രശാന്തത! ആ ഭവനവും നിശ്ചലമായിരുന്നു. ദിവസത്തിന്റെ സ്വാഭാവികമായ അനക്കങ്ങൾ തുടങ്ങിയിരുന്നില്ല. തുറന്ന ജാലകത്തിലൂടെ, തോട്ടത്തിൽ നിന്നും പ്രഭാതത്തിന്റെ പുതുമയാർന്ന വായുപ്രവാഹം അടിച്ചുകയറി. അന്ധനായിരുന്നെങ്കിലും, തനിക്കുചുറ്റിനുമുളള പ്രകൃതിയെക്കുറിച്ച് പൈത്തോർ നല്ലപോലെ ബോധവാനായിരുന്നു. താനിന്ന് വളരെ നേരത്തെ എഴുന്നേറ്റു എന്നവൻ മനസ്സിലാക്കി. തന്റെ ജാലകം തുറന്നിരുന്നതും അവൻ മനസ്സിലാക്കി. മുറിയിലേക്ക് കടക്കുവാൻ ഒരു തടസ്സവുമില്ലായിരുന്ന സ്‌ഫുടവും സമീപസ്ഥവുമായ മരങ്ങളുടെ മർമ്മര ശബ്‌ദങ്ങളിൽനിന്നും അവനത് ഉൾക്കൊണ്ടു. ഇന്ന് ഈ വികാരം പതിവിലുമേറെ വർണ്ണോജ്ജ്വലമായിരുന്നു. സൂര്യപ്രകാശം തന്നിലെത്തിയിരുന്നില്ലെന്നുവരികിലും, അത് മുറിയിലേക്ക് നുഴഞ്ഞു കയറിയത് അവൻ മനസ്സിലാക്കി. ഒരു കൈ ജനാലയിലൂടെ പുറത്തേക്ക് നീട്ടിയാൽ കുറ്റിച്ചെടികളിലെ മഞ്ഞുകണങ്ങൾ പൊടിഞ്ഞുപോകുമെന്ന് അവനറിയാമായിരുന്നു. മറ്റൊരു വികാരം കൂടി ഇന്നുണ്ടായിരുന്നു. മുമ്പൊരിക്കലും അനുഭവിക്കാത്ത, അപരിചിതമായൊരു വികാരമെങ്കിലും അത് തന്റെ സത്വത്തിലൂടെയാകമാനം കരകവിഞ്ഞൊഴുകിയിരുന്നു.
പുറത്തെ ഏതോ ചെറുകിളിയുടെ കൂജനം കേട്ടുകൊണ്ട് അവൻ കുറച്ചുനേരം ചുമ്മാതെ കിടന്നു. തന്റെ ഹൃദയത്തിലെ നവവികാരത്തെയോർത്ത് അത്ഭുതപ്പെട്ടുകൊണ്ട്.. എന്താണത്? എന്താണ് സംഭവിച്ചത്?
പൊടുന്നനെ, താൻ സ്വയം ചോദ്യം ചെയ്യവേ, കഴിഞ്ഞ രാത്രിയിലും, ഉഷസ്സിലും, പഴയ മില്ലിനടുത്തുവന്ന് പറഞ്ഞ അവളുടെ വാക്കുകൾ അയാളുടെ ഓർമ്മയിലെത്തി.
“അതെപ്പറ്റി നീ യഥാർത്ഥത്തിൽ ചിന്തിച്ചിരുന്നോ?” അവൾ പറഞ്ഞു. പിന്നെ ഇങ്ങിനെയും “ഓ! നീയൊരു നിസ്സാൻ പയ്യൻ!”
ഇല്ല; അവനെപ്പറ്റി ഒരിക്കലും ചിന്തിച്ചിരുന്നില്ല. അവളുടെ സാന്നിധ്യം അവനെപ്പോഴും ഒരാഹ്ലാദമായിരുന്നു; പക്ഷെ ആ സായാഹ്നം വരെ അത് ബോധപൂർവ്വം അംഗീകരിക്കപ്പെടാത്ത ഒരാഹ്ലാദമായിരുന്നു. ആ ലളിതമായ വാക്കുകൾ തന്റെ ആത്മാവിനെ നിശ്ചലജലത്തിലെറിഞ്ഞ കല്ലുപോലെ പിടിച്ചു ഇളക്കിമറിച്ചിരുന്നു. ഒരു സ്പർശം. അതോടെ മിനുസമുളള സൂര്യതാപത്തെ പ്രതിഫലിപ്പിക്കുന്ന ആ തിളങ്ങുന്ന പ്രതലവും അതിന്റെ വിദൂരനിലീമയും ഒക്കെ പൊയ്‌പ്പോകും.
മനസ്സിൽ പുതുമയുമായി ഉറക്കമെഴുന്നേറ്റ അവനിപ്പോൾ തന്റെ പഴയ കളിച്ചങ്ങാതിയെ ആകമാനം ഒരു പുതിയ വെളിച്ചത്തിൽ കണ്ടു. കഴിഞ്ഞ സായാഹ്‌നത്തിൽ നടന്നതൊക്കെ ഏറ്റവും നിസ്സാരമായ സൂക്ഷ്‌മതയോടെ തിരികെവന്നു; അവളുടെ സ്വരം ഓർമ്മയിൽ മുഴുങ്ങിയപ്പോൾ അതിന്റെ പുതിയ സ്വരഭേദത്തിലയാൾ വിസ്‌മയം കൊണ്ടു. “ഒരു പെൺകുട്ടി സ്‌നേഹത്തിലായാൽ…” എന്നും “ഓ! നീയൊരു നിസാരൻ പയ്യൻ” എന്നുമുളള വാക്കുകൾ…
അവൻ കിടക്കവിട്ടെഴുന്നേറ്റ് ധൃതിയിൽ വസ്‌ത്രം മാറി, മഞ്ഞുപെയ്‌ത് നനഞ്ഞ തോട്ട നടപ്പാതകൾ കടന്ന് പഴയ മില്ലിനെ സമീപിച്ചു. പാത്തികളിൽ വെളളമൊലിക്കുന്ന ശബ്‌ദവും, ചെറുപ്പക്കാരികളുടെ മന്ത്രണങ്ങളും ചുറ്റിനും, തലേന്ന് രാത്രിയിലെപ്പോലെ കേൾക്കാറായി. അന്നേരം ഇരുട്ടായിരുന്നെന്നു മാത്രം-ഇപ്പോഴാകട്ടെ പ്രഭാതത്തിൽ പ്രസന്നവും, തെളിച്ചമാർന്നതുമായിരുന്നു. പ്രകാശം അവന് ഇതിനുമുമ്പൊരിക്കലും ഇത്രയേറെ അനുഭവവേദ്യമായിരുന്നില്ല. ഈറനണിഞ്ഞ സുഗന്ധവാഹിയായ പ്രഭാതസൗരഭ്യം, ചേതനാകേന്ദ്രങ്ങളിലൊന്ന് പകൽവെളിച്ചത്തിന്റെ ആഹ്ലാദപ്രകർഷത്തെക്കുറിച്ചുളള ഏതോ സൂചന വഹിച്ചിരുന്നു.
ജന്മിഗൃഹത്തിലെ ജീവിതം പ്രസന്നവും ഏറെക്കുറെ സന്തുഷ്‌ടവുമായിരുന്നു. അന്നമിഖലോവ്‌നയാകട്ടെ, കാഴ്‌ചക്ക് തന്നെ ചെറുപ്പം തോന്നിച്ചു. ഇടയ്‌ക്കിടെ ഏതോ വിദൂരസ്ഥമായ കൊടുങ്കാറ്റിന്റെ പ്രതിധ്വനിപോലെ മാനസികഭാവത്തിന്റെ വ്യതിയാനത്താലുളവാകുന്ന ചില ആസ്വാരസ്യങ്ങളൊഴികെ മാക്‌സിം തമാശ പറയുന്നതും ചിരിക്കുന്നതും അയാളുടെ പുകയിലപ്പുക നിറഞ്ഞ മുറിയിൽനിന്നും കേൾക്കാമായിരുന്നു. വിവാഹമണികളോടെ പര്യവസാനിക്കുന്ന ചില വിഡ്‌ഢിത്ത നോവലുകളിലെപ്പോലെയാണ് ചില ആളുകൾ ജീവിതത്തെക്കുറിച്ച് ചിന്തിക്കുന്നതെന്ന് അയാൾ പിറുപിറുത്തു. പക്ഷെ തെല്ല് നേരം ചിന്തിച്ചാൽ ഒരു ഉപദ്രവവുമുളവാക്കാത്ത ഒട്ടനവധി കാര്യങ്ങൾ നമ്മുടെ ഈ ലോകത്ത് സുലഭമാണ്. മധ്യവയസ്സിൽ ആരോഗ്യവാനും, സുമുഖനും ക്രമേണ നരച്ചു വെളളിക്കമ്പിപോലെ ആയിത്തുടങ്ങിയ തലമുടിയും, ചുകന്നു തുടുത്ത കവിളുകളുമുളള പാൻ പോപ്പെൽസ്‌കി, മാക്‌സിമിന്റെ ജല്പനങ്ങൾ തന്റെ നേർക്കാണെന്ന് തീർച്ചപ്പെടുത്തി. തർക്കമില്ലാതെ തന്റെ അനുകൂലാഭിപ്രായം പ്രകടിപ്പിച്ചിട്ട് എല്ലായ്‌പോഴും തികഞ്ഞ കൃത്യനിഷ്‌ഠയിലായിരുന്ന തന്റെ സ്വന്തം കാര്യങ്ങൾക്കായി ധൃതിയിൽ സ്ഥലംവിട്ടു. പക്ഷെ യുവജനങ്ങളാകെ തങ്ങൾ ആസൂത്രണം ചെയ്ത പദ്ധതികളിൽ മുഴുകി ഒന്ന് മന്ദഹസിക്കുക മാത്രമേ ഉണ്ടായുളളൂ. ഇനിയിപ്പോൾ, പയത്തോറിന് സംഗീതം ഗൗരവമായി പഠിക്കേണ്ടതുണ്ട്.
വിളകൾ പാകമാകുകയും ശരത്‌കാലത്ത്, സുവർണ്ണ നൂലുകൾ പാകിയ ചിലന്തിവലകൾ പാടശേഖരങ്ങളിലൊക്കെ തൂങ്ങിക്കിടക്കവേ, ആ കുടുംബമാകെ, ഈവ്‌ലീനയുമൊത്ത് സ്‌റ്റാവ്‌ദചെങ്കോ എന്നു വിളിക്കുന്ന സ്‌റ്റാവ്‌റുചെങ്കോയുടെ എസ്‌റ്റേറ്റിലേക്ക് ഒരു സന്ദർശനത്തിനായി യാത്ര തിരിച്ചു. വെറും എഴുപത് വെഴ്‌സ്‌റ്റുകൾ മാത്രമുളള ഒരു യാത്രയായിരുന്നു അത്, എങ്കിലും ഈ ചെറിയ ദൂരത്തിനിടയിൽ ചുറ്റുപാടുമുളള നാട്ടിൻപുറങ്ങളിലൊക്കെ മഹത്തായ വ്യതിയാനങ്ങൾ ദൃശ്യമാക്കിയിരുന്നു. വോൾഹീനിയയിൽ നിന്നാലും, ബഗ് പ്രദേശത്തുനിന്നാലും അപ്പോഴും ദൃശ്യമായിരുന്ന അവസാനത്തെ കാർപാത്തിയൻ മലശിഖരങ്ങൾ, ഇപ്പോൾ കാഴ്‌ചയിൽനിന്നും തിരോഭവിച്ചിരുന്ന; ആ പ്രകൃതിദൃശ്യങ്ങളൊക്കെ ഉരുണ്ടുമറിയുന്ന ഉക്രേനിയനിയൻ പുൽപ്രദേശങ്ങളിലേക്ക് മാറിക്കഴിഞ്ഞിരുന്ന ഗ്രാമങ്ങളിലെ കറിത്തോട്ടങ്ങളും, പൂന്തോട്ടങ്ങളുമെല്ലാം ഹരിതാഭപൂണ്ടിരുന്നു. പുൽമേടുകൾക്കിടയിലൂടെ നീർചാലുകൾ ചിതറിക്കിടന്നിരുന്നു. അവിടവിടെയായി ചക്രവാളസീമയിൽ മുട്ടുന്നതുപോലെ ഉയർന്ന മൺകൂനകൾ, വരമ്പോട് ചേർന്ന് മണ്ണുഴുത് പാകപ്പെടുത്തിയതിനോട് ചേർന്ന് മഞ്ഞപാടങ്ങളാൽ വലയം ചെയ്യപ്പെട്ടിരുന്നു.
വീട്ടിൽനിന്നും ഇത്രയും ദൂരമകന്ന് ആ കുടുംബം വളരെ വിരളമായേ പോയിരുന്നുളളൂ. തനിക്ക് സുപരിചിതമായ പാടങ്ങളിൽനിന്നും ഗ്രാമത്തിൽനിന്നും ഇത്രദൂരം അകന്നപ്പോൾ, പൈത്തോറിന്റെ ആത്മവിശ്വാസത്തിനു ഭംഗം വന്നതായി തോന്നിച്ചു. തന്റെ അന്ധത കഠിനതരമായി തോന്നിയ അയാൾക്ക് വല്ലാത്ത ഈർഷ്യയും അസ്വാസ്ഥ്യവും അനുഭവപ്പെട്ടു. എന്നിരിക്കിലും, സ്‌റ്റാവ്‌റുചെങ്കോയുടെ ക്ഷണനം അവൻ മടിക്കൂടാതെ സ്വീകരിച്ചു. ഉണർന്നെഴുന്നേറ്റ തന്റെ ശക്തിയുടെ ചേതനയെക്കുറിച്ചും, പ്രണയത്തെക്കുറിച്ചും ആദ്യവെളിപ്പാടുണ്ടായ അവിസ്‌മരണീയമായ ആ സായാഹ്‌നത്തെ തുടർന്ന്, ബാഹ്യലോകത്തിൽനിന്നും അവൻ തന്നെ അന്തർമുഖത്വമാർന്നതായി കാണപ്പെട്ടു. തനിക്കു പരിചിതമായ ജീവിതസീമകളുടെ പരിധികൾക്കപ്പുറത്തുളള കറുത്ത അജ്ഞാതജീവിത ദൃശ്യങ്ങളിൽനിന്നുമൊക്കെ… കൂടുതലായി തന്നിലേക്ക് വളർന്നുകൊണ്ടിരുന്ന ഈ ലോകം അവനെ ആകർഷിക്കാൻ തുടങ്ങിയിരുന്നു.
സ്‌റ്റാവ്‌റുചെങ്കോവിലെ ദിനങ്ങൾ ആഹ്ലാദകരമായി കടന്നുപോയി. തലസ്ഥാനത്തു നടന്ന പാട്ടുക്കച്ചേരികളും, കഥകളും, യുവാവായ സ്‌റ്റാവ്‌റുചെങ്കോയുടെ വൈരുദ്ധ്യമാർന്ന ഗാനാലാപനവും അവൻ ജിജ്ഞാസാഭരിതമായ കൗതുകത്തോടെ ശ്രദ്ധിച്ചിരുന്നു. ഇതുവരേക്കും പോളീഷിടാത്തതാണെങ്കിലും, വളരെയേറെ വർണ്ണോജ്ജ്വലതയോടെ പ്രകടിപ്പിച്ചിരുന്ന പയത്തോറിന്റെ സ്വന്തം സിദ്ധികളെക്കുറിച്ചുളള സംഗീതജ്ഞന്റെ ജിജ്ഞാസഭരിതമായ സ്തുതിവചനങ്ങളിലേക്ക് സംഭാഷണം തിരിഞ്ഞപ്പോൾ അവന്റെ മുഖം അരുണാഭപൂണ്ടിരുന്നു. അവനിപ്പോൾ മുഖം തിരിക്കാതെ, മറ്റുളളവരെപ്പോലെ അത്ര വാചാലമായല്ലെങ്കിലും, പൊതുവായ സംഭാഷണങ്ങളിൽ അവരോടൊപ്പം സ്വതന്ത്രമായി പങ്ക് ചേർന്നിരുന്നു. ഈവ്‌ലീനയും ഈയിടെ തന്നിൽ തൂങ്ങിക്കിടന്നിരുന്ന തണുപ്പൻ നിയന്ത്രണഭാവം ഏതാണ്ട് ജാഗ്രതപോലെയുളളത് ഉപേക്ഷിച്ചിരുന്നു. അതിന്റെ ഫലമായി തന്റെ സർവ്വ സ്വതന്ത്രമായ ആഹ്ലാദഭാവത്താലും, പെട്ടെന്നുളള അടക്കാനാവാത്ത ആഹ്ലാദവായ്പിനാലും അവൾ അവരെയൊക്കെ ആനന്ദസാഗരത്തിലാറാടിച്ചു.
Generated from archived content: anthagayakan31.html Author: korolenkov
Click this button or press Ctrl+G to toggle between Malayalam and English