മുപ്പത്‌

ആ സ്വരമാധുരിക്ക്‌ വ്യതിയാനമുണ്ടായിട്ട്‌ കുറെ അധികം സമയമായിരുന്നു. താൻ ചെയ്‌തുകൊണ്ടിരുന്ന ഇറ്റാലിയൻ രാഗം മാറ്റിവച്ചിട്ട്‌ പയത്തോർ സ്വന്തം ഭാവനകളെ അഴിച്ചുവിട്ടു. തന്റെ സ്‌മരണകളിൽ തന്നെ മുഴുകി കൈകൾ സജീവമാക്കി പിയാനോ കീകളിൽ അമർത്തി, ആ നിശ്ശബ്‌ദ നിമിഷങ്ങളിൽ, അവിടെ തിങ്ങിക്കൂടിയവർക്കായി തന്റെ ചിന്തകൾ പങ്കുവച്ചു. പ്രകൃതിയുടെ സ്വരമായിരുന്നു ആ സംഗീതത്തിൽ സ്‌ഫുരിച്ചുനിന്നത്‌-കാറ്റിന്റെ നിസ്വന ശബ്‌ദവും, കാനനത്തിന്റെ മർമ്മരസ്വരവും, അകലേക്ക്‌ വിറപൂണ്ട്‌ അവ്യക്ത മന്ത്രണങ്ങളോടെ നിശ്ചലമാകുന്നത്‌. അതിന്റെയൊക്കെ പിന്നിലായി നിർവ്വചനാതീതവും, അഗാധവും, ഹൃദയം ത്രസിപ്പിക്കുന്നതുമായ പ്രകൃതിയുടെ സംവാദം ആത്മാവിലുണർത്തുന്ന ആ വികാരവിശേഷമായിരുന്നു. അദമ്യ ദാഹം എന്നു നമുക്കതിനെ വിളിച്ചാലോ? പക്ഷെ, എന്തുകൊണ്ടത്‌ അത്രക്ക്‌ ആഹ്ലാദകാരിയാകണം? ഒരുപക്ഷെ സന്തുഷ്‌ടിയെന്നായാലോ? അങ്ങിനെയെങ്കിൽ പിന്നെ അതെന്തിന്‌ അത്രക്ക്‌ അഗാധവും, അനതിവിദൂരമാംവിധവും ശോകാത്മകമാകണം?

ഇടയ്‌ക്കിടെ ആ സംഗീതധാര ശക്തിയാർജ്ജിച്ച്‌ ഉച്ചസ്ഥായിയിലായി; ഈ നിമിഷങ്ങളിൽ ആ അന്ധയുവാവിന്റെ പ്രകൃതങ്ങളിൽ വിചിത്രമായൊരു കർശനത വ്യാപിച്ചിരുന്നു. തന്റെ തന്നെ സംഗീതധാരയുടെ പുതിയ ശക്തിയാൽ വിസ്‌മയം പൂണ്ടെന്നപോലെയായിരുന്നു അത്‌. ഇനി എന്താണ്‌ തുടർന്നു വരുന്നതെന്നതിനായി അക്ഷമയോടെ അയാൾ ഉറ്റുനോക്കി. ശ്രോതാക്കളൊക്കെ ശ്വാസമടക്കി പ്രതീക്ഷാപൂർവ്വം കാത്തുനിന്നു. ഏതാനും രാഗധ്വനികളും കൂടി കഴിഞ്ഞാൽ, എല്ലാം മനോഹരവും, ശക്തവുമായൊരു സ്വരമാധുരിയിൽ നാം യോജിക്കപ്പെടും. പക്ഷെ, അത്‌ ഉദിച്ചുയർന്നപോലെ തന്നെ ആ സ്വരമാധുരി വിചിത്രവും, ഏകാന്തവുമായൊരു മന്ത്രണത്തിലെക്ക്‌ വീണ്ടും അമർന്നുപോയി. നുരയിലും പതയിലും പെട്ട്‌ ഒരു തിരമാല തകരുന്നതുപോലെ; പിന്നെ കുറെയേറെ നീണ്ട നിമിഷങ്ങളോളം, ആത്മഗീതധാര അന്വേഷണത്തിന്റെയും അമ്പരപ്പിന്റെയും കഠിനമായ ധ്വനികളിൽ ഇണചേർന്നിരുന്നു.

പിന്നെ-ഒരുപക്ഷെ, ദ്രുതഗതിയിൽ ചലിക്കുന്ന കൈകൾ നിശ്ചലമാവുകയും, മുറിയിലാകെ ഒരിക്കൽകൂടി ഒരു നിശ്ശബ്‌ദത പരക്കുകയുമാവാം-ആ നിശ്ശബ്‌ദതയെ ഭജ്ഞിച്ചത്‌ തോട്ടത്തിലെ മരങ്ങളുടെ മന്ത്രണധ്വനികൾ മാത്രമായിരിക്കും. ആ ചെറു സംഘത്തെ ശാന്തമായ ജന്മിഗേഹത്തിൽ നിന്നും ഇത്രദൂരം കൊണ്ടുവരാൻ പര്യാപ്തമാക്കി അവരെ ബാധിച്ചിരുന്ന ആ ഇന്ദ്രജാലം…..

ഡ്രോയിംഗ്‌ മുറിയുടെ ഭിത്തികൾ അവർക്കെതിരെ വലയം ചെയ്ത്‌ തുറന്ന ജാലകപഴുതുകളിലൂടെ ഇരുണ്ട രാത്രി ഒഴുകിയെത്തും-പിന്നെ വീണ്ടും കൈകൾ പിയാനോവിലമർത്തി ആ ഗായകൻ ഗാനാലാപം തുടരുന്നതുവരെ.

വീണ്ടും ആ സംഗീതധാര ശക്തിയാർജ്ജിച്ച്‌ വളർന്ന്‌, വീണ്ടുമത്‌ അന്വേഷണത്വരയോടെ ഉന്നതങ്ങളിലേക്ക്‌ ഉയരും. സദാ വ്യത്യാസപ്പെട്ടുകൊണ്ടിരുന്ന സ്വരഭേദങ്ങളോടെ നാടോടി സ്വരരാഗങ്ങൾ കൗശലകരമായ സ്‌നേഹകഥകളുമായി ഇടകലർത്തി, അഥവാ ഭൂതകാലത്തെ യാതനകളുടെയും വിജയഗാഥകളുടെയോ, ആഹ്ലാദകാരിയായ വൈരാഗ്യങ്ങളുടെയോ, യൗവ്വന പ്രതീക്ഷകളുടെയോ കഥകൾ പറയാം-ഇതൊക്കെ സുപരിചിതമായ സംഗീതധാര രീതികൾക്ക്‌ പ്രകടനോത്സുകതയേകാനുളള അന്ധഗായകന്റെ പരിശ്രമങ്ങളായിരുന്നു.

പക്ഷെ ഈ ഗാനങ്ങളും അസ്തമിക്കുകയും, അന്വേഷണത്തിന്റെയോ പരിഹരിക്കാത്ത ഒരു പ്രശ്‌നത്തെക്കുറിച്ചോ ഉളള ഒറ്റപ്പെട്ട ധ്വനികളുമായി, ആ കൊച്ച്‌ ഡ്രോയിംഗ്‌മുറിയുടെ നിശ്ശബ്‌ദതയിൽ വിറപൂണ്ട്‌ നിൽക്കുകയായി.

അനിർവ്വചനീയമായ പരാതികളടങ്ങിയ ഏതാനും ധ്വനികൾ ഒടുവിലായി കേട്ടു. അവ നിശ്ചലമായതോടെ, തന്റെ മകനെ സസൂക്ഷ്‌മം നിരീക്ഷിച്ചുകൊണ്ടിരുന്ന അന്ന മിഖലോവ്‌ന, അവന്റെ മുഖത്ത്‌ ദൃശ്യമായ ഭാവഭേദം അവൾ എന്നും നല്ലപോലെ ഓർമ്മിച്ചിരുന്നു. അവരുടെ സ്‌മരണമണ്ഡലത്തിൽ വസന്തകാലത്തെ ഒരു തെളിഞ്ഞ പ്രഭാതം പ്രത്യക്ഷപ്പെട്ടു; പ്രകൃതിയുടെ ഉണർവ്വിലെ വർണ്ണാഭമായ തുടുപ്പുകളാൽ ആവാഹിക്കപ്പെട്ട കുഞ്ഞ്‌ പെട്രോ, അതാ അവിടെ നദിക്കരയിലെ പുല്പരപ്പിൽ കിടക്കുന്നു.

പക്ഷെ, ഈ പരിക്ഷീണമായ നോട്ടം മറ്റാരും തന്നെ ശ്രദ്ധിച്ചില്ല. വൃദ്ധൻ സ്‌റ്റാവ്‌റുചെങ്കോ, മാക്‌സിമിനു നേരെ എന്തോ വിളിച്ചു പറയുന്നുണ്ടായിരുന്നു; ഉത്തേജിതരും, ചലനാത്മകരുമായ യുവജനങ്ങൾ പൈത്തോറിന്റെ കൈകളിലമർത്തിക്കൊണ്ട്‌ ഒരു സംഗീതജ്ഞനെന്ന നിലയിലുളള പ്രശസ്തിയും, വിജയവും പ്രവചിക്കുകയായിരുന്നു.

“അക്കാര്യത്തിൽ ഒരു സംശയവുമില്ല…” മൂത്ത സഹോദരൻ പ്രഖ്യാപിച്ചു. “ഇത്‌ വിസ്‌മയകരം തന്നെ! ഞങ്ങളുടെ നാടൻപാട്ടിന്റെ ആത്മാവുതന്നെ നീ ആവാഹിച്ചെടുത്തല്ലോ! എത്രമാത്രം വൈദഗ്‌ദ്ധ്യപൂർവ്വം നീ അത്‌ സ്വായത്തമാക്കി? ഒരു സംശയം മാത്രം-നിന്റെ ആദ്യത്തെ രാഗാലാപം എന്തായിരുന്നു?

പൈത്തോർ ആ ഇറ്റാലിയൻ രചനയുടെ പേരു പറഞ്ഞു.

”ഞാനും അങ്ങിനെ കരുതി“ യുവാവായ സ്‌റ്റാവ്‌റുചെങ്കോ പറഞ്ഞു. ”എനിക്ക്‌ അല്പസ്വല്പം അത്‌ അറിയാമായിരുന്നു. പക്ഷെ നിന്റെ ആലാപനരീതി തികച്ചും ശ്ലാഘനീയം തന്നെ. കൂടുതൽ മെച്ചത്തിലിത്‌ ആലപിക്കുന്നവരുണ്ട്‌; പക്ഷെ തീർച്ചയായും, ആരുമത്‌ നിന്നെപ്പോലെ ആലപിച്ചിട്ടില്ല. അത്‌-ശരി-ഇറ്റാലിയൻ ഭാഷയിലെ സംഗീതരചനയുടെ ഉക്രേനിയൻ ഭാഷാന്തരമാണ്‌. നീ അത്‌ ആലപിക്കുകയും പരിശീലിക്കുകയും വേണം. പിന്നെ…“

പൈത്തോർ ശ്രദ്ധാപൂർവ്വം അത്‌ ശ്രവിച്ചുകൊണ്ടിരുന്നു. ഇതിനു മുമ്പൊരിക്കലുമവൻ ഇത്രമാത്രം ജിജ്ഞാസാപരമായ സംഭാഷണത്തിന്റെ കേന്ദ്രബിന്ദു ആയിരുന്നിട്ടില്ല. അത്‌ തനിക്ക്‌ തികച്ചും പുതുതായൊരു വിവാദം ഉയർത്തുന്നതിനിടയാക്കുന്നു; തന്റെ സ്വന്തം ശക്തിയുടേതായ അഭിമാനകരമായൊരു അന്തഃകരണ വെളിപാട്‌. യഥാർത്ഥത്തിൽ ഇന്നു തനിക്കേറെ വേദനയുളവാക്കുകയും മുമ്പെന്നെത്തെക്കാളേറെ തന്നെ അസംതൃപ്‌തനായി അവശേഷിപ്പിക്കുകയും ചെയ്‌ത-തന്റേതായ ആലാപനം, മറ്റുളളവരെ ഇത്രമാത്രം ഭയങ്കരമായി ബാധിക്കാനിടയാക്കുമോ? ശരി- എന്നാൽ പിന്നെ തനിക്ക്‌ ജീവിതത്തിൽ വിലപ്പെട്ടതായ ചിലതൊക്കെ ചെയ്യാനാകുമെന്ന ഒരു തോന്നൽ അവനിലേക്കുളവായതായി കാണപ്പെട്ടു.

പിന്നെ, സംഭാഷണം, അത്യുച്ചാവസ്ഥയെ പ്രാപിച്ചപ്പോൾ, കീകളിൽ നിശ്ചലമായി പതിച്ചിരുന്ന അവന്റെ വിരലുകളിൽ ഊഷ്‌മളമായൊരു സമ്മർദ്ദം അനുഭവവേദ്യമായി. അത്‌ ഈവ്‌ലീനയായിരുന്നു.

”നീ കേൾക്കുന്നോ? നിനക്കറിയാമോ?“ അവൾ ആഹ്ലാദപുരസ്സരം മന്ത്രിച്ചു. ”നിന്റെ കൃതിയാണ്‌… ഇപ്പോൾ നിന്നെ കാത്തുനിൽക്കുന്നത്‌… നീ അതൊക്കെ കണ്ടെങ്കിൽ ഞങ്ങളെയൊക്കെ എന്തുമാത്രം നീ ആകർഷിച്ചെന്ന്‌ ഒന്നു മനസ്സിലാക്കിയെങ്കിൽ…“

അഭിമാനപുരസ്സരം തോളുകൾ പുറകോട്ട്‌ തളളി പൈത്തോർ മിഴിച്ചുനോക്കി.

അമ്മ മാത്രമെ ഈവ്‌ലീനയുടെ ദ്രുതഗതിയിലുളള മന്ത്രണവും, പൈത്തോറിൽ അതുളവാക്കിയ ഫലവും മനസ്സിലാക്കിയുളളൂ.

അങ്ങിനെ നോക്കിനിൽക്കവെ, അവരുടെ മുഖഭാവത്ത്‌ അരുണാഭ പകർന്നു. അത്‌ യൗവ്വന സ്‌നേഹത്തിന്റെ ആദ്യ പരിരംഭണങ്ങൾ തനിക്ക്‌ ലഭിച്ചതുപോലെയായിരുന്നു.

പൈത്തോർ അനങ്ങിയില്ല.

തന്റെ ഹൃദയത്തെ മുക്കിത്താഴ്‌ത്തിയ പുതിയ സന്തോഷപ്രകർഷത്തിൽ അവൻ ഞെരിപിരികൊളളുകയായിരുന്നു. അതേസമയം, ഘനീഭൂതവും, രൂപരഹിതവുമായ കൊടുങ്കാറ്റ്‌ മേഘങ്ങളുടെ ആദ്യ നിഴൽക്കൂട്ടങ്ങൾ, തന്റെ സത്തയിലെ അത്യഗാധകളിലെവിടെയോ ഇതിനകം ഉയർന്നക്കൊണ്ടിരുന്ന വസ്‌തുതയെ അവൻ മുൻകൂട്ടി കണ്ടിരുന്നുവെന്നതുമായിരിക്കാം.

Generated from archived content: anthagayakan30.html Author: korolenkov

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English