ഇരുപത്തിയൊമ്പത്‌

അവരെല്ലാം ആ കൊച്ച്‌ ഡ്രോയിംഗ്‌ മുറിയിൽ ഒത്തുകൂടിയിരുന്നു. പയത്തോറും, ഈവ്‌ലിനയും മാത്രം അതിൽ ഇല്ലായിരുന്നു. മാക്‌സിം വൃദ്ധനായ സ്‌റ്റാവ്‌റു ചെങ്കോയോട്‌ സംസാരിച്ചുകൊണ്ടിരിക്കയായിരുന്നെങ്കിലും, തുറന്ന ജാലകങ്ങളിലിരുന്ന യുവജനങ്ങളൊക്കെ വളരെ ശാന്തത പാലിച്ചിരുന്നു. വിചിത്രമായൊരു നിശ്ചലാവസ്ഥ ആ മുറിയെ ബാധിച്ചിരുന്നു. എല്ലാവർക്കും അറിയാമായിരുന്നു ഒരു വൈകാരിക സംഘർഷം മുറ്റിനിന്ന നിമിഷങ്ങളിലെ പോലുളള മാനസികാവസ്ഥ- എല്ലാവരും മുഴുവനായും മനസ്സിലാക്കിയിരുന്നില്ലെന്നുവരികിലും. ഏതായാലും, പയത്തോറിന്റെയും, ഈവ്‌ലിനയുടെയും അഭാവം, എങ്ങിനെയോ വല്ലാതെ ശ്രദ്ധേയമായിരുന്നു. ഇടയ്‌ക്ക്‌ സംസാരം നിറുത്തിയ മാക്‌സിം പ്രതീക്ഷാപൂർവ്വമായ നോട്ടം തുറന്ന വാതിൽക്കലേക്ക്‌ എറിഞ്ഞിരുന്നു. അന്ന മിഖ്‌ഗേവ്‌നയുടെ നോട്ടം വിഷാദാകുലവും ഏതാണ്ട്‌ മനസ്സാക്ഷിക്കുത്ത്‌ അനുഭവപ്പെട്ടപോലെയും ആയിരുന്നു. സ്‌നേഹവതിയും ശ്രദ്ധാലുവുമായ ആതിഥേയയെന്ന ഭാവം നിലനിർത്താൻ തീർച്ചയായും അവർ എല്ലാ ശ്രമങ്ങളും നടത്തിയിരുന്നു. വർഷങ്ങൾ കടന്നുപോകുന്തോറും കൂടുതൽ ചീർത്തുവന്നിരുന്ന പാൻ പോപ്പൽസ്‌കി മാത്രം പതിവുപോലെ നിർവ്വികാരനായി അത്താഴവും കാത്ത്‌ തന്റെ കസേരയിൽ അർദ്ധനിദ്രയിലായിരുന്നു.

വരാന്തയിൽ പാദപതനശബദ്‌ം കേട്ടതോടെ ഏവരുടെയും ദൃഷ്‌ടികൾ അങ്ങോട്ട്‌ തിരിഞ്ഞു. വരാന്തയുടെ വാതിലിന്റെ കറുത്ത വിടവിൽ ഈവ്‌ലിന പ്രത്യക്ഷപ്പെട്ടു. അവളുടെ പിന്നാലെ ചെറിയ അടികൾ വച്ച്‌ പയത്തോർ കയറിവരുന്നുണ്ടായിരുന്നു.

എല്ലാ ദൃഷ്‌ടികളും തന്റെ നേരെ സൂക്ഷ്‌മമായി തിരിഞ്ഞതായി ഈവ്‌ലിനക്കു തോന്നി. പക്ഷെ പരിഭ്രാന്തിയൊന്നും അവൾ പ്രകടിപ്പിച്ചില്ല. സാധാരണ മുറിയിൽ കടന്നു വരുമ്പോഴുളളപോലെയായിരുന്നു അവളുടെ നടപ്പ്‌. ഒരിക്കൽ മാത്രം, മാക്‌സിമിന്റെ ദൃഷ്‌ടികളെ നേരിട്ടപ്പോൾ അവളുടെ അധരങ്ങളിൽ ഒരു അവ്യക്ത മന്ദഹാസം തെളിഞ്ഞു; ആ ദൃഷ്‌ടികളിൽ പരിഹാസപൂർവ്വമായൊരു വെല്ലുവിളിയുടെ ധ്വനി തിളങ്ങിയിരുന്നു. അന്ന മിഖഗേവ്‌നയുടെ നോട്ടം തന്റെ മകന്റെ നേർക്ക്‌ മാത്രമായിരുന്നു.

ഈവ്‌ലിനയെ സാവധാനം പിന്തുടർന്നിരുന്ന പൈത്തോറിന്‌ താൻ എവിടെയാണെന്നറിയാൻ വയ്യായിരുന്നു. വാതിൽക്കലെ തെളിഞ്ഞ പ്രകാശത്തിൽ അവൻ പെട്ടെന്നു നിന്നു; വിളർത്ത ആ മുഖവും, നേർത്ത രൂപവും രാത്രിയുടെ ബാഹ്യരേഖയോട്‌ ചേർന്നുനിന്നു. പക്ഷെ-പിന്നെ അവൻ മുറ്റത്തേക്ക്‌ കടന്നു. വിചിത്രമാർന്ന ശൂന്യഭാവം ആ മുഖത്തുണ്ടായിരുന്നു. എന്നിട്ടവൻ പെട്ടെന്ന്‌ കുറുകെ കടന്ന്‌ പിയാനോവിനടുത്തെത്തി.

ആ ജന്മിഗൃഹത്തിലെ പ്രശാന്തജീവിതത്തിലെ ഒരു സുപരിചിത ഘടകമായിരുന്ന സംഗീതം! ബാഹ്യലോകവുമായി പങ്കിടാത്ത ഒരു സംഗതി! ഈ ദിവസങ്ങളിൽ മുഴുവനും, ആ യുവസന്ദർശകരുടെ സംഭാഷണങ്ങളായും, പാട്ടുകളായും ശബ്‌ദമുഖരിതമായിരുന്ന ആ ഗൃഹാന്തരീക്ഷത്തിൽ പയത്തോർ ഒരിക്കൽപോലും പിയാനോയെ സമീപിച്ചിരുന്നില്ല. ഈ വിമുഖതയായിരുന്നു അവനെ ആ സജീവസംഘത്തിൽ നിന്നകറ്റി നിറുത്തിയിരുന്ന ഒരേയൊരു സംഗതി. പക്ഷെ, ഇപ്പോഴാകട്ടെ, ആദ്യമായി പയത്തോർ ആത്മവിശ്വാസത്തോടെ തന്റെ പരിചിത സ്ഥലത്തേക്ക്‌ നടന്നുചെന്നു. താൻ ചെയ്യുന്നതെന്താണെന്ന്‌, വാസ്തവത്തിൽ അവനറിയില്ലായിരുന്നു; മാത്രമല്ല ആ മുറിയിലെ ആളുകളെയും അവൻ ശ്രദ്ധിച്ചതായി കാണപ്പെട്ടില്ല. തന്റെയും, ഈവ്‌ലിനയുടെയും സാന്നിധ്യത്തോടെ ആ സംഘത്തിനാകെ ബാധിച്ച നിശ്ശബ്‌ദതയിൽ അവൻ ആ മുറി ഏതാണ്ട്‌ ശൂന്യമാണെന്ന്‌ ചിന്തിച്ചിരുന്നു.

അവൻ പിയാനൊ തുറന്ന്‌ വിരലുകൾ മെല്ലെ കീകളിൽ അമർത്തി ദ്രുതഗതിയിൽ ഏതാനും ഹൃസ്വമായ രാഗങ്ങൾ മീട്ടി. താല്‌കാലികവും അന്വേഷണ ദ്യോതകവുമായത്‌. അവൻ ഏതോ ചോദ്യം ഉന്നയിക്കുന്നതായി കാണപ്പെട്ടു. കീകൾ അമർത്തി പിയാനോയോട്‌ ചോദിക്കുന്നു; അഥവാ ഒരുപക്ഷെ, തന്റെ തന്നെ ഹൃദയത്തിനോടും, മാനസികാവസ്ഥയോടുമായിരുന്നു.

രാഗങ്ങൾ നിശ്ചലമായി; അവൻ നിശ്ശബ്‌ദനായി ചിന്തയിൽ മുഴുകിയിരുന്നു. സചേതനമായി പരന്നിരുന്ന കൈകൾ കീകളിലായിരുന്നു. ഡ്രായിംഗ്‌ മുറിയിലെ നിശ്ശബ്‌ദതക്ക്‌ ആഴമേറിവന്നു.

രാത്രി, തുറന്ന ജാലകങ്ങളുടെ കറുത്ത ചതുർഭുജങ്ങളിലൂടെ കടന്നുവന്നു. അവിടെ വീട്ടിലെ പ്രകാശം ഇരുട്ടിനെ ഭേദിച്ച്‌ ഇലകൾ നിറഞ്ഞ വൃക്ഷത്തിലേക്ക്‌ കടന്നെത്തി. അവ ജിജ്ഞാനയോടെ മുറിയിലേക്ക്‌ എത്തിനോക്കുന്നതായി തോന്നിച്ചു.

പയത്തോറിന്റെ അവ്യക്തമായ പ്രാരംഭത്തിൽ സന്തുഷ്‌ടരായ സന്ദർശകർ അവന്റെ വിളർത്ത മുഖത്തുനിന്നും വികിരണം ചെയ്യപ്പെടുന്നതായി തോന്നിച്ച വിചിത്രമായ പ്രചോദനത്തിൽ ആകർഷിതരായി നിശ്ശബ്‌ദമായ പ്രതീക്ഷയോടെ ഇരുന്നു.

അപ്പോഴും പയത്തോറിന്റെ സജീവഹസ്തങ്ങൾ കീകളിൽ വിശ്രമിച്ചിരുന്നു. അന്ധമായ നയനങ്ങൾ മുകളിലേക്ക്‌ തിരിച്ച്‌ എന്തോ ശ്രദ്ധിക്കുന്ന മട്ടിലായിരുന്നു അവന്റെ ഇരിപ്പ്‌. അവനിലേതോ വൈകാരിക പ്രകമ്പനത്തിന്റെ അലയൊലികൾ ഉയർന്നിരുന്നു. അജ്ഞാതവും അനുഭവിച്ചിട്ടില്ലാത്തതുമായ ജീവിതം ശാന്തമായി കരയോടു ചേർന്ന്‌ കടലിൽ സുദീർഘകാലമായി കിടന്നിരുന്ന ഒരു ബോട്ട്‌ പെട്ടെന്ന്‌ അലമാലകളിൽപ്പെട്ട്‌ ഉയരുന്നതുപോലെയായിരുന്നു അവന്റെ അവസ്ഥ. അന്വേഷണത്വരവും, വിസ്‌മയവും അവന്റെ മുഖത്ത്‌ പ്രകടിതമായി. അതെ എന്തോ ഒന്ന്‌, ആവശ്യമില്ലാത്ത എന്തോ ഒന്ന്‌ അവനിലെ ജൈവാത്മകതയെ ഉദ്ദീപിപ്പിച്ചു. വെളിച്ചത്തിന്റെയും നിഴലിന്റെയും പെട്ടെന്നുളള പോക്കുവരവ്‌ പോലെ അതവനിൽ മിന്നിമറഞ്ഞു. അവന്റെ അന്ധനയനങ്ങൾ ഇരുട്ടിൽ അഗാധതയിൽ ആണ്ടതുപോലെ കാണപ്പെട്ടു.

നിമിഷനേരം, താൻ ജിജ്ഞാസാപൂർവ്വം കൊതിച്ചിരുന്നത്‌, ഒന്നിനുമേലൊന്നായി വന്നതിൽ നിന്നും പ്രത്യേകിച്ചൊന്നിനെ മാത്രമായെടുക്കാൻ അവന്‌ കഴിയാതെ വന്നു. പക്ഷെ പിന്നെ-ആ വിസ്‌മയഭാവവും, പ്രതീക്ഷാഭാവവും നിറഞ്ഞ നോട്ടം മാറിയില്ലെങ്കിലും-അവനെഴുന്നേറ്റ്‌ കൈകൾ കീബോർഡിൽനിന്നും ഉയർത്തി, ഏതോ ഒരു നവവികാരതരംഗം തന്നെ ആകർഷിച്ചെടുത്ത തോന്നലോടെ, സ്വയം മുഴുകി ഗാനപ്രവാഹത്തിൽ ആമഗ്നനായി.

അന്ധർക്ക്‌ അടയാളം വച്ചുളള സംഗീതാഭ്യസനം വളരെ വിഷമം പിടിച്ച ഒരു സംഗതിയാണ്‌. അടയാളങ്ങൾ ഉയർത്താം. ഓരോ ധ്വനിക്കും പ്രത്യേകം സൂചനകളാകും; പുസ്‌തകത്തിലെ വാക്കുകൾ പോലെ നിരയായി അവ എഴുന്നു നില്‌ക്കും. ഒന്നിച്ചു ചെയ്യേണ്ട ധ്വനികൾക്കിടയിൽ, ആശ്ചര്യചിഹ്‌നങ്ങൾ, അവയുടെ ബന്ധം നിശ്ചയിക്കാനായി വെക്കുമായിരുന്നു. വിരലുകൾ കൊണ്ട്‌ വായിച്ചിട്ട്‌, അന്ധഗായകൻ ഓരോ വരിയും ഓർമ്മിച്ചിരിക്കാൻ പഠിക്കും. ഓരോ കൈയ്യിനുമുളളത്‌ വെവ്വേറെ ഓർമ്മിക്കാൻ-ഇതിനു ശേഷമെ സംഗീതാലാപനം തുടങ്ങൂ. ഇത്‌ ശ്രമകരവും ദൈർഘ്യമേറിയ പ്രക്രിയയുമത്രെ. പക്ഷെ പയത്തോർ, സംഗീതം നിർമ്മിച്ചിരിക്കുന്ന ഈ വക ഘടകങ്ങളെ എപ്പോഴും സ്‌നേഹിച്ചിരുന്നു. ഓരോ കൈയ്‌ക്കുമുളള ഏതാനും കട്ടകൾ ഓർമ്മിച്ചശേഷം, വായിക്കുന്നതിനായി അവനിരിക്കും. പുസ്‌തകത്തിലെ എഴുന്നു നില്‌ക്കുന്ന അക്ഷരമാലകൾ പെട്ടെന്ന്‌ ശ്രുതിമധുരമായ ശബ്‌ദമായി രൂപാന്തരം പ്രാപിക്കും. അത്തരം നിമിഷങ്ങളിൽ അവന്റെ ആഹ്ലാദവും താല്പര്യവും വളരെയേറെ സജീവമായിരിക്കുകയാൽ, അവയിലെത്തിച്ചേരാനുളള ശുഷ്‌കമായ പണിയുടെ പരിക്ഷീണതയൊക്കെ നഷ്‌ടമാവുകയും, ഇതവനെ യഥാർത്ഥത്തിൽ ആകർഷിക്കുവാൻ തുടങ്ങുകയും ചെയ്യും.

ബാല്യം തൊട്ടെ ഉയർന്ന നിലയിൽ വികസിതമായ പയത്തോറിന്റെ സംഗീതപരമായ ഭാവന, ഈ സ്മരണ പ്രക്രിയയിൽ ഇടപെടുമായിരുന്നു; ആയതിനാൽ അപ്രകാരം പഠിച്ച സംഗീതം, ആരാണ്‌ അതിന്റെ രചയിതാവെന്നുവരികിലും അന്ധഗായകന്റെ വ്യക്തിപ്രഭയിൽ അപ്രസക്തനായി നിലകൊളളുകയായിരുന്നു പതിവ്‌.

പയത്തോറിന്റെ സംഗീതപരമായ വൈകാരിക രൂപീകരണം, സംഗീതധാര ആദ്യം തന്റെ അന്തഃകരണത്തിലെത്തുകയും, പിന്നീടത്‌, തന്റെ അമ്മയുടെ രീതിയിൽ ഗാനധാരയായി രൂപം പ്രാപിക്കുകയുമായിരുന്നു പതിവ്‌. തന്റെ ആത്മാവിൽ ആദ്യമായി ശബ്‌ദം മുഴക്കുന്നത്‌ തന്റെ ജന്മപ്രദേശത്തിന്റെ നാടോടിപ്പാട്ടുകളായിരുന്നു. ഈ സംഗീതത്തിലൂടെയായിരുന്നു അവന്റെ ആത്മാവ്‌ പ്രകൃതിയുമായി സംവേദനം ചെയ്‌തിരുന്നത്‌.

ഇന്ന്‌ ആദ്യമായി അവൻ തുടങ്ങിയ ഇറ്റാലിയൻ നാദധാര തൊട്ട്‌ തുടിക്കുന്ന ഹൃദയത്തോടെയും, അനർഗ്ഗളമായി കരകവിഞ്ഞൊഴുകുന്ന ആത്മാവോടെയുമുളള അവന്റെ വ്യാഖ്യാനങ്ങളിൽ എന്തോ അസാധാരണത്വമുണ്ടെന്ന തോന്നലുളവാക്കിയതിനാൽ സന്ദർശകരൊക്കെ വിസ്‌മയപൂർവ്വം പരസ്പരം നോക്കി. പക്ഷെ അവന്റെ സംഗീതാലാപനം തുടർന്നതോടെ അനിയന്ത്രിതമായ ആകർഷണീയതയാൽ അപഹരിക്കപ്പെട്ടവരായിത്തീർന്നു അവരൊക്കെ. സ്വയമൊരു സംഗീതജ്ഞനായിരുന്ന മുതിർന്ന വിദ്യാർത്ഥി സ്‌റ്റാവ്‌റു ചെങ്കോ മാത്രം, പരിചിതമായ അടയാളം കണ്ടെത്താനും, അതിന്റെ സാക്ഷാത്‌കാരത്തെക്കുറിച്ച്‌ വിശകലനം ചെയ്യാനും തുടങ്ങി.

മുറിയാകെ നിറഞ്ഞ സംഗീതധാര അണപൊട്ടിയൊഴുകി ശാന്തമായ പൂന്തോട്ടത്തിലൂടെ പ്രതിധ്വനിച്ചു. തിളങ്ങുന്ന നയനങ്ങളോളം, നിറഞ്ഞ ജിജ്ഞാസയോടെ, ഉത്തേജിതമായ കൗതുകത്തോടെയും യുവജനങ്ങളൊക്കെ അത്‌ ശ്രദ്ധിച്ചു. വൃദ്ധൻ സ്‌റ്റാവ്‌റു ചെങ്കോ ആദ്യമൊക്കെ ശാന്തനായി അനങ്ങാനെ ഇരുന്നെങ്കിലും, ചിന്താഭാരത്താൽ തല കുനിച്ചിരുന്നെങ്കിലും, ക്ഷണത്തിൽ ഉയർന്നുവരുന്ന ഉത്സവ പ്രകർഷം പ്രകടിപ്പിക്കാതിരിക്കാനയാൾക്ക്‌ കഴിഞ്ഞില്ല.

‘അതാണ്‌ ശരിയായ സംഗീതാലാപനം എന്നു പറയുന്നത്‌. ങ്‌ഏ-“ അയാൾ പെട്ടെന്ന്‌ മാക്‌സിമിന്റെ കൈമുട്ടിൽ തോണ്ടിക്കൊണ്ടു പറഞ്ഞു.

”അതെക്കുറിച്ചെന്ത്‌ പറയുന്നു?“

സംഗീതധ്വനിക്ക്‌ ശക്തി ആർജ്ജിച്ചതോടെ, അയാളിൽ സ്‌മരണകൾ നിറഞ്ഞു. തന്റെ യൗവ്വനകാലത്തെക്കുറിച്ചായിരിക്കാം-എന്തെന്നാൽ, അയാൾ തോളുകൾ പുറകോട്ടാക്കി, അരുണാഭമായ കവിളുകളോടെയും തിളങ്ങുന്ന നയനങ്ങളോടെയുമാണിരുന്നത്‌. മേശപ്പുറത്ത്‌ ശക്തിയായൊരു പ്രഹരമേല്പിക്കാന്നോണം അയാൾ ചുരുട്ടിയ മുഷ്‌ടികൾ ഉയർത്തി. പക്ഷെ സ്വയം നിയന്ത്രിച്ച്‌ ശബ്‌ദമുണ്ടാക്കാതെ താഴ്‌ത്തിയിട്ടു.

”വൃദ്ധനെ തഴയുകയായിരിക്കാം, അവർ അല്ലേ? അവരതിന്‌ ശ്രമിക്കട്ടെ!“ അയാൾ മാക്‌സിമിനോട്‌ മന്ത്രിച്ചുകൊണ്ട്‌ തന്റെ രണ്ടുമക്കളുടെ നേർക്ക്‌ കണ്ണോടിച്ചു.

”നിങ്ങളും ഞാനും നമ്മുടെ കാലത്ത്‌ സഹോരൻമാർ… അതെ… ഇപ്പോഴും അതെ… അല്ലേ? അത്‌ ശരിയല്ലേ?“

എന്നിട്ടയാൾ തന്റെ മേൽമീശ പിടിച്ചുവലിച്ചു.

മാക്‌സിമിന്‌ പൊതുവെ സംഗീതത്തോട്‌ വലിയ കമ്പമൊന്നുമില്ലായിരുന്നു. പക്ഷെ, ഇന്നെന്തോ തന്റെ വിദ്യാർത്ഥിയുടെ സംഗീതാഭ്യസനത്തിൽ തികച്ചും നവീനമായെതെന്തോ അയാൾ മണത്തറിഞ്ഞു. അയാൾ സൂക്ഷ്‌മതയോടെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. കൂടെക്കൂടെ തലകുലുക്കികൊണ്ടിരുന്നു, പുകയില പുകക്കൂമ്പാരത്തിനു പിന്നിൽ കണ്ണുകൾ ഇടയ്‌ക്കിടെ പൈത്തോറിനു നേർക്കും, ഈവ്‌ലിനയിലേക്കും തിരിച്ചുകൊണ്ട്‌. വിളക്കിന്റെ പ്രകാശത്തിൽനിന്നും മുഖത്തെ സംരക്ഷിച്ചിരുന്ന ഒരു മൂലയിൽ ഈവ്‌ലിന ഇരുന്നു. പകലിനെക്കാളുമേറെ കറുത്ത്‌ വിടർന്ന അവളുടെ നയനങ്ങൾ മാത്രം നിഴലിൽ തിളങ്ങിയിരുന്നു. സംഗീതത്തെക്കുറിച്ച്‌ അവൾക്ക്‌ തന്റെതായ ധാരണയുണ്ടായിരുന്നു; നിഴൽ വിരിച്ച തോട്ടത്തിലെ ചെറിപക്ഷികളുടെ കളകൂജനത്തിലും പഴയ മില്ലിന്റെ പാത്തികളിൽനിന്നും ഇറ്റിറ്റു വീഴുന്ന വെളളത്തിന്റെ സ്വരത്തിലും അവളത്‌ കേൾക്കുകയുണ്ടായി.

Generated from archived content: anthagayakan29.html Author: korolenkov

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English