ഇരുപത്തിയെട്ട്‌

പൂന്തോട്ടത്തിന്റെ ഒരറ്റത്ത്‌ പഴയ ഉപേക്ഷിക്കപ്പെട്ട ഒരു വെളളചക്രമില്ലുണ്ടായിരുന്നു. അതിന്റെ ചക്രങ്ങൾ നിശ്ചലമായിട്ട്‌ ഒരുപാട്‌ നാളായിരുന്നു. അതിന്റെ യന്ത്രങ്ങളിലൊക്കെ പൂപ്പലുകൾ പടർന്നു പിടിച്ചിരുന്നു. യന്ത്രഭാഗങ്ങളുടെ സുഷിരങ്ങളിലൂടെ ധാരാളം ചെറിയ നൂൽരൂപേണ സദാസമയവും വെളളം ഒലിച്ചുകൊണ്ടിരുന്നു. അന്ധനായ ഈ യുവാവിന്‌ ഇതൊരു നഷ്‌ടപ്പെട്ട കേന്ദ്രമായിരുന്നു. ചിലപ്പോഴൊക്കെ ഈ കൊച്ച്‌ അണക്കെട്ടിനരികെ മണിക്കൂറോളമിരുന്ന അവൻ വെളളച്ചാട്ടത്തിന്റെ താളാത്മകസ്വരം ശ്രദ്ധിച്ചിരുന്നു. പിന്നെ വീട്ടിൽച്ചെന്ന്‌ പിയാനോവിൽ ഇതേ താളാത്മക സ്വരം പുറപ്പെടുവിച്ചിരുന്നു. പക്ഷെ ഈയിടെ അവന്‌ വെളളത്തിന്റെ ആ മർമ്മധ്വനികളിൽ ഒരു കൗതുകവും തോന്നിയില്ല. ഇപ്പോഴയാൾ വിഷാദഭാ​‍ാവം കവിഞ്ഞൊഴുകുന്ന ഹൃദയവും, തന്റെ ആവരണം ചെയ്ത വേദനാഭാവവും മുഖത്ത്‌ അടക്കിവച്ച്‌ പാതയിലൂടെ മുകളിലേക്കും താഴേക്കും അലസഗമനം നടത്തിയിരുന്നു.

ഈവ്‌ലിനയുടെ മൃദുവായ പാദപതനസ്വനം കേട്ട്‌ അയാൾ തെല്ലിടനിന്നു. അയാളെ സമീപിച്ച അവൾ തന്റെ കരം അവന്റെ തോളിലർപ്പിച്ചു.

“പറയൂ, പൈത്തോർ….. എന്നോട്‌ പറയൂ… എന്താണ്‌ കാര്യമെന്ന്‌. എന്താണ്‌ നിന്നെ ഇത്രമാത്രം വിഷമിപ്പിക്കുന്നത്‌?” അവൾ ആത്മാർത്ഥതയോടെ ആരാഞ്ഞു.

അയാൾ പെട്ടെന്ന്‌ മുഖം തിരിച്ച്‌ പാതയിലൂടെ താഴേക്ക്‌ വീണ്ടും നടന്നു നീങ്ങി. എവ്‌ലീന അവനോടൊപ്പം നടന്നു. അവന്റെ നിശ്ശബ്‌ദതയുടെയും പരുഷമായ വെട്ടിത്തിരിയലിന്റെയും അർത്ഥം അവൾ ഗ്രഹിച്ചു കഴിഞ്ഞിരുന്നു. നിമിഷനേരം അവൾ ശിരസ്സ്‌ കുനിച്ചു.

വീട്ടിനകത്ത്‌ ആരോ പാട്ട്‌ പാടുന്നുണ്ടായിരുന്നു.

“മുകളിൽ കൂറ്റൻപാറകൾ…

അതിലേ കേൾക്കാം കഴുകന്മാർ തൻ ഗർജ്ജനങ്ങൾ

ചാഞ്ഞ്‌, തെന്നിപ്പാറിപ്പറന്നവർ

തേടുന്നു, തങ്ങൾ തൻ ഇരയെ…”

ദാഹാർത്തമായ ഒരു യുവസ്വരം, അകലങ്ങളുടെ മൃദുലതയിലലിഞ്ഞു ചേർന്ന്‌ നിറയെ വർണ്ണവൈവിദ്ധ്യമാർന്ന ജീവിതത്തെക്കുറിച്ചും സ്‌നേഹത്തെക്കുറിച്ചും തുറസ്സായതും സ്വതന്ത്രവുമായ മേച്ചിൽ പുറങ്ങളെക്കുറിച്ചുമൊക്കെ-സായാഹ്ന നിശ്ശബ്‌ദതയിലൂടെയും, തോട്ടത്തിന്റെ അലസവും, നിശ്ചലവുമായ മന്ത്രണങ്ങൾക്കിടയിലൂടെ അവൾ പ്രവഹിച്ചുകൊണ്ടേയിരുന്നു.

വർണ്ണ വൈവിധ്യമാർന്ന ഇത്തരമൊരു പൂർണ്ണജീവിതത്തെക്കുറിച്ചുളള സംഭാഷണങ്ങളിലേർപ്പെട്ട ഈ യുവജനങ്ങൾ സന്തുഷ്‌ടരാകുന്നു. അവൾ ഏതാനും നിമിഷങ്ങൾക്കുമുമ്പെ, അവരോടൊപ്പമായിരുന്നു. ആ പ്രകാശവത്തായ ജീവിതത്തെപ്പറ്റിയുളള സ്വപ്‌നലഹരിയിൽ മുഴുകിയിരുന്നതിനാൽ, അയാളെപ്പറ്റിയുളള ചിന്തയ്‌ക്ക്‌ ഇടമില്ലായിരുന്നു. അവൻ എപ്പോൾ പോയെന്നുപോലും അവൾ ശ്രദ്ധിച്ചിരുന്നില്ല. തന്റെ ഈ ഏകാന്തതയിൽ, അവന്റെ ദുഃഖനിമിഷങ്ങൾക്ക്‌ എന്തുമാത്രം ദൈർഘ്യങ്ങളായിക്കാണുമെന്ന്‌ ആർക്ക്‌ പറയാൻ കഴിയും.

പൈത്തോറിനോട്‌ ചേർന്ന്‌ നടക്കുന്നതിനിടെ ഇതേക്കുറിച്ചൊക്കെ ഈവ്‌ലീന ചിന്തിച്ചു. അവനോട്‌ സംസാരിച്ച്‌ ആ മാനസികാവസ്ഥക്കൊരു വ്യതിയാനമുളവാക്കാൻ അവൾക്ക്‌ ഇത്രമാത്രം പ്രയാസം ഒരിക്കലും നേരിടേണ്ടിവന്നിരുന്നില്ല. എന്നാൽ, ഇപ്പോഴാകട്ടെ, തന്റെ സാന്നിധ്യത്താൽതന്നെ അവന്റെ ംലാനഭാവത്തെ മൃദുലമാക്കുന്നെന്ന ചിന്ത അവൾക്ക്‌ കാണാൻ കഴിഞ്ഞിരുന്നു.

അധികം താമസിയാതെ അവന്റെ ധൃതിയിലുളള കാലടികൾ സാവധാനമാകാനും, മുഖം പ്രസന്നമാകാനും തുടങ്ങി. പരിചിതമായൊരു വികാരഭാവം- അതിനെ എന്ത്‌ വിളിക്കണമെന്നവനറിയില്ലായിരുന്നു; പക്ഷെ ആ സാന്ത്വന സ്വാധീനത്തിന്‌ അവൻ മനസ്സാ വഴങ്ങിക്കൊടുത്തു..

“എന്താണിത്‌?” ഈവ്‌ലിന വീണ്ടും ആരാഞ്ഞു. “പ്രത്യേകിച്ചൊന്നുമില്ല.” ഒരു വിഷാദസ്വരത്തിലാണവൻ മറുപടിയേകിയത്‌. “ഈ ലോകത്തിന്‌ എന്റെ ആവശ്യമില്ലെന്നും, ഞാനൊരു അധികപ്പറ്റാണെന്നുമുളള ഒരു തോന്നൽ-അത്രമാത്രം.”

വീട്ടിൽ നിന്നും ഉയർന്ന ഗാനം നിശ്ചലമായി. അവിടെ നിശ്ശബ്‌ദത പരന്നു. അതോടെ പുതിയ ഒരു ഗാനം തുടങ്ങി. കഷ്‌ടിച്ചേ കേൾക്കാമായിരുന്നുളളൂ. പഴയ ബന്ദുരിസറ്റ്‌ മാതൃകയിലുളളത്‌. ഇടയ്‌ക്കിടെ ഗായകൻ നിശ്ശേഷം ശബ്‌ദം കുറക്കും. അതോടെ അവ്യക്തവും, രൂപരഹിതവുമായ സ്വപ്‌നം ശ്രോതാക്കളുടെ ആത്മാവയിലേക്ക്‌ കടന്നുവന്നിരുന്നു; പിന്നെ മന്ദമായി ആ സ്വരമാധുരി വീണ്ടും ഇലച്ചാർത്തുകളുടെ മർമ്മരസ്വരങ്ങളിലൂടെ ഒഴുകിയെത്തുകയായി.

അനിയന്ത്രിതമെന്നോണം അത്‌ ശ്രദ്ധിക്കാൻ വേണ്ടി പയത്തോർ നിന്നു.

“നിങ്ങൾക്കറിയാമോ..” അയാൾ കൗശലപൂർവ്വം പറഞ്ഞു. “പലപ്പോഴും അത്‌ സത്യമാണെന്ന്‌ എനിക്ക്‌ തോന്നാറുണ്ട്‌. അതായത്‌, ഈ പഴയ ആളുകൾ പറയുന്നത്‌-ലോകം, നാൾ ചെല്ലുന്തോറും, ജീവിക്കാൻ പറ്റാത്ത രീതിയിൽ മോശമായിക്കൊണ്ടിരിക്കുകയാണെന്ന്‌… അന്ധരുടെ കാര്യമാണെങ്കിൽ, മുൻകാലങ്ങളിൽ ഇതിലും ഭേദമായിരുന്നു. അന്ന്‌ ഞാൻ ജീവിച്ചിരുന്നെങ്കിൽ, ഈ പിയാനോക്ക്‌ പകരമായി ബന്ധൂര വായിച്ചേനെ! പട്ടണങ്ങളും ഗ്രാമങ്ങളും ചുറ്റി ഞാൻ രാജ്യത്താകെ കറങ്ങിനടന്നേനെ! എന്റെ പാട്ടു കേൾക്കാൻ ആളുകൾ കൊതിച്ചേനെ- ധാരോദാത്തപരവും, ഉജ്ജ്വലമായതുമായ പാട്ടുകൾ-അവരുടെ പിതാക്കന്മാരുടെ അപദാനങ്ങളെക്കുറിച്ച്‌ ഞാൻ പാടിക്കേൾപ്പിക്കുമായിരുന്നു. അന്ധനാണെങ്കിലും, എനിക്ക്‌ ജീവിതത്തിൽ എന്റെതായ സ്ഥാനമുണ്ടാകുമായിരുന്നു. എന്നാൽ, ഇപ്പോഴാകട്ടെ… ഒരു കുട്ടിയായ ആ കേഡറ്റുണ്ടല്ലോ…നല്ല മാധുര്യമേറിയ ഇളം ശബ്‌ദമുളളവൻ-അവന്റെ പോലും വഴി മുട്ടിയിരിക്കുന്നു. അവന്റെ പാട്ട്‌ നിങ്ങൾ കേട്ടിട്ടുണ്ടോ? എപ്പോഴാണ്‌ അവൻ വിവാഹിതനാകുന്നതും, ഒരു കമാൻഡർ ആകുന്നതും? മറ്റുളളവർ അവനെ കളിയാക്കി. പക്ഷെ ഞാനാണെങ്കിൽ-അതുപോലും എന്റെ പരിധിക്കപ്പുറത്താണ്‌…”

ഈവ്‌ലീനയുടെ നീലിമയാർന്ന കണ്ണുകൾ പരക്കെ വിടർന്നു. സായാഹ്‌ന രാവിൽ ഒരു അശ്രുകണം മിന്നിത്തുടങ്ങി.

“നീ ആ സ്‌റ്റാവ്‌റു ചെങ്കോ പയ്യന്റെ പാട്ട്‌ ശ്രദ്ധിക്കുമായിരുന്നില്ലേ?” തന്റെ ആകാംക്ഷ മറച്ചുവയ്‌ക്കാൻ കഴിയുന്നത്ര ശ്രമിച്ചുകൊണ്ട്‌, പരമാവധി സൗമ്യസ്വരത്തിൽ അവൾ ചോദിച്ചു.

“അതെ” പയത്തോർ സാവധാനം പറഞ്ഞു.

“അയാൾക്ക്‌ നല്ല ശബ്‌ദമാണ്‌. കാണാൻ ഭംഗിയുളളവനാണോ?”

“അതെ.” ഈവ്‌ ചിന്താധീനയായി. പെട്ടെന്നുയർന്നു വന്ന കോപത്തോടെ അവൾ നിറുത്തി.

എന്നിട്ട്‌ മൂർച്ചയേറിയ സ്വരത്തിൽ ഇങ്ങിനെ പറഞ്ഞു. “അല്ല.. അല്ല.. ഒരു ഭംഗിയുമില്ല. അവനെ എനിക്ക്‌ അല്‌പം പോലും ഇഷ്‌ടപ്പെട്ടില്ല. കൂടുതൽ ആത്മവിശ്വാസമുണ്ട്‌. അയാളുടെ സ്വരമാണെങ്കിൽ സൗമ്യവുമല്ല. അത്‌ വലിയ ശബ്‌ദമാണ്‌.”

പയത്തോർ, ഒന്നും മിണ്ടിയില്ല. പെട്ടെന്നുളള ഈ എടുത്തുചാട്ടം അവനെ വല്ലാതെയാക്കി.

“വിഡ്‌ഢിത്തപരമായ അസംബന്ധം.” ധൃതിയിൽ നിലത്തു ചവിട്ടിക്കൊണ്ട്‌ ഈവ്‌ലീന പറഞ്ഞു. “അതൊക്കെ മാക്‌സിമിന്റെ വേലയാണ്‌; എനിക്കതറിയാം. ഓ! ഇപ്പോൾ ഞാനയാളെ എന്തുമാത്രം വെറുക്കുന്നുണ്ടെന്നോ? ആ കിഴവൻ മാക്‌സിം?”

“എന്താണീ പറയുന്നേ, ഈവ്‌ലീന?” പയത്തോർ വിലപിച്ചു. “അയാളെന്ത്‌ ചെയ്‌തെന്നാണ്‌ നിങ്ങൾ ഉദ്ദേശിക്കുന്നത്‌.”

“അത്‌… അത്‌… ഞാൻ ചുമ്മാ അയാളെ വെറുക്കുന്നു. അത്രതന്നെ…” അവൾ വാശിയോടെ ആവർത്തിച്ചു. അയാൾ തന്നിൽ തെല്ലെങ്കിലും അവശേഷിച്ചിരുന്ന കരുണയും കളഞ്ഞുകുളിച്ചശേഷം കരുതിക്കൂട്ടി ഓരോ പദ്ധതി തയ്യാറാക്കുകയാണ്‌. അവരെക്കുറിച്ചൊന്നും എന്നോട്‌ പറയേണ്ട. മറ്റുളളവരുടെ ജീവിതങ്ങളിൽ ഇടപെടാൻ ആരാണ്‌ അവർക്ക്‌ അവകാശം നൽകിയത്‌?“

പെട്ടെന്നു നിർത്തിയ അവൾ തന്റെ ദുർബ്ബലമായ കൈകളിൽ ബലമായി അമർത്തിയതോടെ വേദനയെടുത്ത്‌ കുട്ടികളെപ്പോലെ കരയാൻ തുടങ്ങി.

ആശ്ചര്യകരമായ താല്പര്യത്തോടെ പയത്തോർ അവളുടെ കൈകളിൽ പിടിച്ചു. പെട്ടെന്നുളള ഈ സ്‌ഫോടനം അവന്‌ ഉൾക്കൊളളാനായില്ല. ഈവ്‌ലിന സദാ ശാന്തശീലയും, മനസംയമനമുളളവളുമായിരുന്നു. അവളുടെ തേങ്ങലുകൾ അയാൾ സശ്രദ്ധം കേട്ടുനിന്നു. ആ തേങ്ങലുകൾ തന്റെ ഹൃദയത്തിലുയർത്തിയ പ്രതിധ്വനികളും! പഴയ സ്‌മരണകൾ പതഞ്ഞു പൊങ്ങി-ഇന്നത്തെപ്പോലെ ദുഃഖിതനായിരുന്ന താൻ ആ ചെറുകുന്നിൽ നില്‌ക്കുന്നതിന്റെ ഓർമ്മ-പിന്നെ, ഇപ്പോൾ അവൾ വീണ്ടും വിലപിക്കുന്നതുപോലെ നിലവിളിച്ചു കൊണ്ടുനിന്ന ആ ചെറിയ പെൺകുട്ടിയെക്കുറിച്ചും…..

പക്ഷെ, പൊടുന്നനെ അവൾ തന്റെ കൈവലിച്ച്‌ സ്വതന്ത്രമാക്കി-അവൾ ചിരിക്കുന്നതു നോക്കി വീണ്ടും അയാൾ അത്ഭുതത്തോടെ നിന്നു.

”ഒരു മണ്ടൻ താറാവാണു ഞാൻ! എന്തിനാണ്‌ ഞാൻ കരയുന്നത്‌?“

അവൾ കണ്ണുനീരടക്കി. പശ്ചാത്താപവിവശമായ അവളുടെ സംസാരം തുടർന്നു.

”ഞാനിത്രക്ക്‌ മോശമാകരുതായിരുന്നു. അവരിരുവരും നല്ല കൂട്ടരാണ്‌. അയാൾ പറഞ്ഞ കാര്യവും നല്ലതായിരുന്നു. ആകെ ഒരു കുഴപ്പം-അത്‌ എല്ലാവരെയും ബാധിക്കുന്നതല്ലെന്നതു മാത്രമായിരുന്നു.“

”അത്‌ ഏറ്റെടുക്കാൻ തയ്യാറുളള എല്ലാവരെയും ബാധിക്കുമെന്നേയുളളൂ.“ പയത്തോർ പറഞ്ഞു.

”അസംബന്ധം പറയാതെ!“ അവൾ തിരിച്ചടിച്ചു. മന്ദഹാസം കലർന്ന അവളുടെ സ്വരത്തിൽ കണ്ണുനീരിന്റെ അംശവുമുണ്ടായിരുന്നു. ”മാക്‌സിമിന്‌ എന്താണ്‌ കുഴപ്പം? തനിക്ക്‌ സാധിക്കുന്നത്ര അയാൾ പോരാടി. ഇപ്പോൾ അയാൾ അതിന്‌ സാധിക്കാതെ വന്നപ്പോൾ അപ്രകാരമുളള ജീവിതം സ്വീകരിച്ചു. നമ്മളും അതുപോലെയാണ്‌.“

”നമ്മൾ എന്ന്‌ പറയാതെ… നിനക്ക്‌ അതൊരു വ്യത്യസ്ത കാര്യമായിരിക്കും.“

”ഇല്ല. അങ്ങിനെയല്ല…“

”എന്തുകൊണ്ടല്ല.“

”എന്തെന്നാൽ… ശരി.. കാരണം, നീ എന്നെ വിവാഹം കഴിക്കാൻ പോവുകയല്ലേ. അല്ലേ? അപ്പോൾ നമ്മുടെ ജീവിതങ്ങൾ ഒരുപോലെയായിരിക്കും.“

”നിങ്ങളെ വിവാഹം കഴിക്കാനോ? ഞാനോ… നിങ്ങൾ… നിങ്ങൾ ഉദ്ദേശിക്കുന്നത്‌ നിങ്ങളെന്നെ വിവാഹം കഴിക്കുമെന്നാണോ?“

”എന്താണതിന്‌? തീർച്ചയായും…“ ഉത്തേജിതമായ അവൾ വാക്കുകൾക്കുമേൽ നാവ്‌ നുണഞ്ഞുകൊണ്ട്‌ ഉറക്കെ പറഞ്ഞു. ”എടോ നിസ്സാരൻ പയ്യാ? യഥാർത്ഥത്തിൽ, അതേക്കുറിച്ച്‌ നീ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇതേപോലൊരു നിസ്സാരകാര്യം? എന്നെ അല്ലെങ്കിൽ, പിന്നെ ആരെയാണ്‌ വിവാഹം ചെയ്യുന്നതിനെക്കുറിച്ച്‌ ആലോചിക്കുന്നത്‌?“

”ഉവ്വ്‌, തീർച്ചയായും.“ പരിചിതമല്ലാത്ത സ്വാർത്ഥതയോടെ അയാൾ സമ്മതിച്ചു; പക്ഷെ പൊടുന്നനെതന്നെ താൻ പറയുന്നതെന്താണെന്നു മനസ്സിലാക്കിയിട്ട്‌, അവളുടെ കരം കവർന്ന്‌, ദ്രുതഗതിയിൽ തുടർന്നു.

”വേണ്ട, ഈവ്‌ലീന ഞാൻ പറയുന്നത്‌ ഒന്ന്‌ കേൾക്കൂ. ഇപ്പോൾ നിങ്ങൾ അവരുടെ സംഭാഷണം കേട്ടതല്ലേ? നഗരങ്ങളിൽ, പെൺകുട്ടികൾക്ക്‌ പഠിക്കാം. അവർക്ക്‌ മനസ്സിലാക്കാം. നിങ്ങൾക്കും അതുപോലെതന്നെ-മഹത്തായ കാര്യങ്ങൾ നിങ്ങളുടെ മുന്നിൽ തുറന്നുവരും; അതേസമയം, ഞാനാണെന്നുവരികിൽ…“

”ശരി. അതിന്‌ നിനക്കെന്തുപറ്റി?“

”ഞാൻ… ഞാനൊരു അന്ധനാണ്‌.“ അവൻ അയുക്തിപരമായി പറഞ്ഞവസാനിപ്പിച്ചു.

വീണ്ടും അവന്റെ ഹൃദയത്തിൽ ബാല്യകാല സ്‌മൃതികൾ വളർന്നുവന്നു; തീരങ്ങളിൽ മന്ദമായി അലയടിച്ചാർക്കുന്ന നദി; ഈവ്‌ലിനയുമായുളള തന്റെ ആദ്യ കൂടിക്കാഴ്‌ച; തന്റെ അന്ധതയെക്കുറിച്ച്‌ പറഞ്ഞപ്പോഴുളവായ അവളുടെ കഠിനമായ അശ്രുകണങ്ങൾ. ഇപ്പോൾ തന്റെ വാക്കുകൾ അവളെ വലയം ചെയ്യുമെന്ന അറിവോടെ ഏതോ നൈസർഗ്ഗിക പ്രേരണയോടെ അയാൾ നിറുത്തി; അവളുടെ സംസാരം നിലച്ചതുപോലെ തന്നെ… നിമിഷനേരത്തേക്ക്‌ യാതൊരു ശബ്‌ദവുമില്ലായിരുന്നു; യന്ത്രപ്പാത്തികളിൽ ഇറ്റിറ്റുവീഴുന്ന വെളളത്തുളളികളുടെ സ്വരമൊഴികെ… ഈവ്‌ലിന നിശ്ചലയായിരുന്നു. വളരെയേറെ നിശ്ചല! അവളുടെ സാന്നിധ്യമേ ഇല്ലാത്തതുപോലെയായിരുന്നു. നിമിഷത്തിനകം, അവളുടെ മുഖം നിശ്ശബ്‌ദമായ വേദനമൂലം വക്രിച്ചു. എങ്കിലും സ്വയം സംയമനം പാലിച്ച മൃദുലവും, സ്വതന്ത്രവുമായ സ്വരത്തിൽ അവൾ വീണ്ടും സംസാരം തുടങ്ങി.

”നീ അങ്ങിനെ ആണെങ്കിൽ തന്നെ എന്താണ്‌?“ അവൾ ആവശ്യപ്പെട്ടു.”എങ്ങിനെ വന്നാലും ഒരു പെൺകുട്ടി ഒരു അന്ധബാലനുമായി പ്രണയത്തിലായാൽ, അവൾക്ക്‌ ആ അന്ധബാലനെ വിവാഹം കഴിക്കുകയല്ലാതെ, മറ്റെന്താണൊരു പോംവഴി? നിനക്കറിയാമോ? അതങ്ങിനെയാണെപ്പോഴും. അതുകൊണ്ടിപ്പോൾ-നമുക്ക്‌ അക്കാര്യത്തിലെന്ത്‌ ചെയ്യാനൊക്കും?“

”ഒരു പെൺകുട്ടി പ്രണയത്തിലായാൽ..“ അയാൾ സാവധാനം ആവർത്തിച്ചു; അയാളുടെ ചലനാത്മകമായ കൺപുരികങ്ങൾ ഏകാഗ്രത ചിന്തയെ ദ്യോതിപ്പിക്കുംവിധം കൂർമ്മിച്ചു. പരിചിതമായ വാക്കുകൾ തന്റെ അന്തഃകരണത്തിലേക്ക്‌ ഒരു പുതിയ രീതിയിൽ ആഴ്‌ന്നിറങ്ങിയതുപോലെയായിരുന്നു അത്‌. ”അവൾ പ്രണയത്തിലായാൽ?“ ഇപ്രാവശ്യം ഉത്തേജകപൂർവ്വമായൊരു അന്വേഷണത്വരയോടെയായിരുന്നു ആ ശബ്‌ദമുയർന്നത്‌.

”എന്തുകൊണ്ട്‌? തീർച്ചയായും. നീയും ഞാനും രണ്ടുപേരും പ്രണയത്തിലാണ്‌. എടാ, നിസ്സാരൻ പയ്യാ! ചുമ്മാ ഒരു മിനിട്ട്‌ ഒന്നാലോചിക്കൂ…. ഞാൻ പോയാൽ, നിനക്കിവിടെ ഒറ്റക്ക്‌ താമസിക്കാനാവുമോ?“

ആ മുഖം വിളർത്തു. ദൃശ്യമല്ലാതിരുന്ന കണ്ണുകൾ മലർക്കെ വിടർന്നു.

ഇപ്പോൾ എല്ലാം പ്രശാന്തമായിരുന്നു.

വെളളത്തിന്റെ മർമ്മരസ്വനം മാത്രം കേൾക്കാമായിരുന്നു. ഇതും ചിലപ്പോഴൊക്കെ മങ്ങുകയും, തീരെ ഇല്ലാതാവുകയും ചെയ്‌തിരുന്നു; പക്ഷെ എപ്പോഴും ഓടിക്കൊണ്ടിരുന്ന അത്‌ തന്റെ തിളങ്ങുന്ന കഥകൾ പറഞ്ഞുകൊണ്ടിരുന്നു. ചെറിമരത്തിന്റെ കറുത്ത ഇലച്ചാർത്തുകളിൽ മൃദുലമായൊരു മന്ത്രണസ്വരം നിറഞ്ഞുനിന്നു. വീട്ടിലെ സംഗീതം നിലച്ചിരുന്നു. പക്ഷെ മില്ലിനരികിലെ കുളക്കരയിലെ ഒരു രാപ്പാടിമാത്രം ഉത്സാഹഭരിതമായി രാഗാലാപനം നടത്തിയിരുന്നു.

”ഞാൻ മരിക്കും…“ അവൻ മന്ദസ്വരത്തിൽ പറഞ്ഞു.

അവളുടെ അധരങ്ങൾ വിറപൂണ്ടു. തങ്ങളുടെ ആദ്യ സന്ദർശനവേളയിലെപോലെ.

”ഞാനുമതെ…“ തെല്ല്‌ പ്രയത്നത്തോടെ, ശിശുസഹജവും, മങ്ങിയതുമായ സ്വരത്തിലവൾ പറഞ്ഞു.

”ഞാനുമതെ… ഒറ്റക്ക്‌.. അങ്ങകലെ… നിന്നെ കൂടാതെ…?“

അയാൾ അവളുടെ നേർത്ത വിരലുകൾ അമർത്തി. എത്ര വിചിത്രതരം. അവളുടെ മൃദുവായ മറുപടിയുടെ സമ്മർദ്ദം മുമ്പ്‌ എല്ലായ്‌പ്പോഴും ഉണ്ടായിരുന്നതിനെക്കാളേറെ വ്യത്യസ്തമായിരുന്നു. ഇപ്പോഴാകട്ടെ, അവളുടെ വിരലുകളുടെ ഈ നേരിയ ചലനം, അവന്റെ ഹൃദയത്തിലേക്ക്‌ ആഴത്തിൽ, ആണ്ടിറങ്ങി. ഈവ്‌ലിന, അവന്റെ ചിരപരിചിതയായ ബാല്യകാല സുഹൃത്ത്‌ മാത്രമല്ല-അതേസമയം-തികച്ചും വ്യത്യസ്തയായ പുതിയൊരു വ്യക്തി കൂടിയായിരുന്നു. പയത്തോറിന്‌ താനിപ്പോൾ ശക്തനും, സജീവനുമാണെന്നു തോന്നിച്ചു. ഈവ്‌ലീനയാകട്ടെ, ദുർബ്ബലയും, വിലപിക്കുന്നവളും. അത്യഗാധമായ ആർദ്രതയുടെതായ നൈസർഗ്ഗിക പ്രേരണയോടെ അയാൾ അവളെ തന്നോട്‌ ചേർത്ത്‌ പിടിച്ച്‌ സിൽക്കുപോലെയുളള തലമുടി തഴുകാനാരംഭിച്ചു.

തന്റെ ഹൃദയത്തിലെ സമസ്ത ദുഃഖങ്ങളും നിശ്ചലമായതായി അവനു തോന്നിച്ചു; തനിക്കിനി വേറെ മോഹങ്ങളോ, ആഗ്രഹങ്ങളോ ഇല്ല. ഈ ഒരൊറ്റ നിമിഷമൊഴികെ ജീവിതത്തിൽ മറ്റൊന്നുമില്ല.

കുളത്തിനരികിലെ രാപ്പാടിയാകട്ടെ, തന്റെ താല്‌ക്കാലിക ശ്രമങ്ങളിൽ സംതൃപ്‌തനായി. വികാരാവേശം പൂണ്ട സംഗീതധാരയിൽ ശാന്തമായ പൂന്തോട്ടത്തെയാകെ നിറച്ചു. ഈവ്‌ലീന ലജ്ജയോടെ പയത്തോറിന്റെ പരിലാളിക്കുന്ന കരം പിടിച്ചുമാറ്റി.

അവൻ ഉടനെ അവളെ വിട്ടയച്ചു. അവൾ തന്റെ തലമുടി ഒതുക്കുന്ന ശബ്‌ദം അവൻ ശ്രദ്ധിച്ചുകേട്ടു. അവന്റെ ശ്വാസം മുഴുവനായും, സ്വതന്ത്രമായും പുറപ്പെട്ടിരുന്നു. ക്രമാനുസൃതമായ അവന്റെ ഹൃദയതാളം ഉച്ചത്തിലായിരുന്നു. ചുടുരക്ത പ്രവാഹത്തിനനുസൃതമായി ശരീരത്തിലാകമാനം, ഏകാഗ്രമായൊരു ഊർജ്ജബോധത്താലത്‌ നിറച്ചു. നിമിഷനേരം കഴിഞ്ഞ്‌, അവൾ ചുമ്മാ ഇപ്രകാരം പറഞ്ഞുഃ ”ഇനി നമുക്ക്‌ അതിഥികളുടെ അടുക്കൽ പോകണം.“ തനിക്ക്‌ സുപരിചിതമായ, ഈ പ്രിയങ്കരമായ സ്വരത്തിന്റെ പുതിയ ധ്വനികളാണ്‌, വാക്കുകളെക്കാളേറെയായി അവൻ കേട്ടത്‌-അതവൻ അത്ഭുതപൂർവ്വം ശ്രദ്ധിച്ചു.

Generated from archived content: anthagayakan28.html Author: korolenkov

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here