ഇരുപത്തിയേഴ്‌

രണ്ടാഴ്‌ച കഴിഞ്ഞ്‌ സന്ദർശകർ വീണ്ടും വന്നപ്പോൾ, ഈവ്‌ലിനയുടെ സ്വാഗതോക്തികളൊക്കെ തണുപ്പൻ മട്ടിലായിരുന്നു. പക്ഷെ അവരുടെ യൗവ്വനപൂർണ്ണിമയാർന്ന സജീവാത്മകത തനിക്കെളുപ്പത്തിൽ ചെറുക്കാനാവാത്ത ഒരു ആകർഷണീയത നൽകിയിരുന്നു. നാൾതോറും ഈ യുവജനങ്ങൾ ഗ്രാമത്തിൽ ചുറ്റിക്കറങ്ങുകയോ, കാനനത്തിൽ വെടിവയ്‌ക്കാൻ പോവുകയോ, പാടത്തെ കൊയ്‌ത്തുകാരുടെ പാട്ടുകൾ രേഖപ്പെടുത്തുകയോ ചെയ്തിരുന്നു. സായാഹ്നനങ്ങളിൽ അവർ വീടിനു ചുറ്റുമുളള മൺച്ചുവരുകൾക്കടുത്തുളള പൂന്തോട്ടത്തിൽ ഒത്തുകൂടിയിരുന്നു.

അത്തരമൊരു സായാഹ്നത്തിൽ, എന്താണു സംഭവിക്കുന്നതെന്ന്‌ ഈവ്‌ലിന മനസ്സിലാക്കും മുമ്പെ, വീണ്ടും സംഭാഷണം വേദനാജനകമായ വിഷയത്തിലേക്ക്‌ തിരിഞ്ഞിരുന്നു. എങ്ങിനെ അത്‌ തുടങ്ങിയെന്നോ എങ്ങിനെ ആ വിഷയം ലഭിച്ചെന്നോ ഒന്നും അവൾക്കോ മറ്റാർക്കോ പറയാൻ കഴിഞ്ഞിരുന്നില്ല. സൂര്യാസ്തമയപ്രഭ എങ്ങിനെ അവസാനിച്ചെന്ന്‌ പറയാൻ കഴിയാത്തതുപോലെയും, വീട്ടുപൂന്തോട്ടത്തിൽ സന്ധ്യാരാഗം പരന്നതെങ്ങിനെയെന്നും പറയാൻ കഴിയാത്തതുപോലെയായിരുന്നു അത്‌; അല്ലെങ്കിൽ രാപ്പാടി നിഴൽ വിരിച്ച കുറ്റിക്കാടുകളിൽ എപ്പോഴാണതിന്റെ പാട്ടു തുടങ്ങിയ നിമിഷമെന്ന്‌ പറയാൻ സാധിക്കാത്തതുപോലെയുമായിരുന്നു.

ആ വിദ്യാർത്ഥി തന്റെ യൗവ്വന സഹജമായ വൈകാരികാവേശമുൾക്കൊണ്ട വാക്കുകളൊക്കെ ജിജ്ഞാസപൂർവ്വം, കണക്കുക്കൂട്ടലിന്റെ ഭീതിയില്ലാതെ, പര്യവേഷണം ചെയ്യപ്പെടാത്ത ഭൂതകാലത്തെ നേരിടാനായി വാരിവലിച്ചെറിഞ്ഞു; ഭാവിയെക്കുറിച്ചും, അത്‌ നിർബന്ധമായും കൊണ്ടുവരുന്ന അത്ഭുതങ്ങളെപ്പറ്റിയുമൊക്കെയുളള വിശ്വാസത്തോടെയും, കീഴടക്കാനാവാത്ത ഉറച്ച മനോവിശ്വാസത്തോടെയും, പിടിച്ചുനിർത്തുന്ന ആകർഷണീയതയോടെയുമായിരുന്നു അയാളിതൊക്കെ പറഞ്ഞത്‌.

ഈവ്‌ലീനയുടെ കപോലങ്ങളിലേക്ക്‌ രക്തം ഇരച്ചുകയറി. ഇന്ന്‌, ഈ സംബോധന, ഈ വെല്ലുവിളി തീർച്ചയായും മനഃപൂർവ്വം, തന്റെ നേർക്കാണെന്ന കാര്യം ഒരുപക്ഷെ, അവൾ മനസ്സിലാക്കിയിരിക്കണം.

അവൾ തയ്യൽ പണികളിൽ വ്യാപൃതയായി. അവളുടെ കണ്ണുകൾ പ്രകാശമാനവും കവിളുകൾ ജ്വലിക്കുന്നുമുണ്ടായിരുന്നു. ആ ഹൃദയം ദ്രുതഗതിയിൽ മിടിച്ചു. പക്ഷെ അതോടെ അവളുടെ കണ്ണുകളിലെ തിളക്കം മങ്ങി. കപോലങ്ങളിലെ അരുണാഭയും. എങ്കിലും ഹൃദയം ദ്രുതഗതിയിൽ തന്നെ മിടിച്ചിരുന്നു. പെട്ടെന്ന്‌ അവൾ അധരങ്ങൾ ചേർത്തുപിടിച്ചു. ഒരു ഭയാനകഭാവം ആ വിളറിയ മുഖത്ത്‌ പ്രത്യക്ഷപ്പെട്ടു.

ഭീതി! ഭിത്തിയിലെ ഒരു കറുത്ത ഭാഗം ദൃഷ്‌ടിയിൽ പെട്ടതായിരുന്നു അതിനു കാരണം; ആ വിടവിലൂടെ അങ്ങകലെ വ്യത്യസ്തമായൊരു ലോകത്തെ പ്രസന്നമായൊരു വർണ്ണശോഭ തിളങ്ങിയിരുന്നു. ജീവിതവും, ചലനങ്ങളും തേടുന്ന ഒരു വിശാലലോകം.

അതെ. അതവളെ സുദീർഘകാലമായി ക്ഷണിക്കുകയായിരുന്നു. താനത്‌ മുമ്പെ മനസ്സിലാക്കിയില്ല എന്നുമാത്രം! എങ്കിലും കൂടെക്കൂടെ ഏതെങ്കിലും ഏകാന്തമായ ബെഞ്ചിലിരുന്ന്‌, മണിക്കൂറുകളോളം അവൾ പഴയ പൂന്തോട്ടത്തിന്റെ ചോലയിലിരുന്ന്‌ വിചിത്രമായ സ്വപ്‌നങ്ങൾ കണ്ടിരുന്നു-ഒരു വിദൂര ലോകത്തെ തിളക്കമാർന്ന ദർശനങ്ങൾ, അവളുടെ ഈ വക ദർശനങ്ങളിൽ അന്ധനായ പെട്രോവിന്‌ ഒരു സ്ഥാനവുമില്ലായിരുന്നു.

ഇപ്പോഴാകട്ടെ ആ ലോകം വളരെ ആസന്നമായി കാണപ്പെട്ടു. അത്‌ കേവലം ക്ഷണിക്കുക മാത്രമായിരുന്നില്ല, പിന്നെയോ, അവളിൽ ഏതോ ഒരു അവകാശവും ഊന്നിപ്പറയുകയായിരുന്നു.

പെത്തോറിന്റെ നേർക്കൊരു നോട്ടമെറിഞ്ഞപ്പോൾ അവളുടെ ഹൃദയം തന്നെ അവളെ കുത്തി. അയാൾ അവിടെ, താനൊരിക്കലും മറക്കാനാവാത്ത തന്റെ ഭവനത്തിലൊരു ഘനീഭാവത്തോടെ അഗാധചിന്തയിലാണ്ട്‌ നിശ്ചലനായി ഇരിപ്പുണ്ടായിരുന്നു. അയാൾ എല്ലാം മനസ്സിലാക്കി. അതെ എല്ലാം. ഈ ചിന്ത തന്റെ മനസ്സിലൂടെ കടന്നുപോയപ്പോൾ, പൊടുന്നനെ ഈവ്‌ലീനക്ക്‌ തന്റെ ദേഹമാകെ തണുപ്പനുഭവപ്പെട്ടു. ഹൃദയത്തിൽനിന്നും രക്തം കുതിച്ചുപൊങ്ങിയതിനാൽ മുഖത്തെ വിളർച്ച അവൾക്കുതന്നെ അറിയാൻ കഴിഞ്ഞില്ല. നിമിഷനേരത്തെക്കവൾ അവിടെ, കുനിഞ്ഞ ശിരസ്സുമായി ഏകയായി ഇരുന്നപ്പോൾ, താൻ പ്രകാശമാനമായ ആ വിദൂരലോകത്തുനിന്നും അകന്നതായി അവൾ കണ്ടു. പക്ഷെ-അല്ല- അതിവിടെ അല്ല. നദിക്കരയിലെ ആ ചെറുകുന്നിൽ-അന്നൊരു സായാഹ്നത്തിൽ ദീർഘനാൾ മുമ്പെ താനോർത്തു കരഞ്ഞ ആ അന്ധബാലനരികെ…

അങ്ങിനെ അവൾ ഭയചകിതയായി. ആരെങ്കിലും തന്റെ പഴയ വ്രണത്തിൽ നിന്നും കഠാര വലിച്ചൂരിയെങ്കിൽ മാത്രമെ ആ ഭയാനകത മാറുകയുളളൂ.

ഇപ്പോൾ, ഈയിടെയായി കൂടെക്കൂടെ തന്റെ നേർക്കു തിരിയാറുളള മാക്‌സിമിന്റെ ദൃഷ്‌ടികൾ അവൾ ഓർമ്മിച്ചു. അപ്പോൾ അതത്രെ ആ നീണ്ട നിശ്ശബ്‌ദമായ നോട്ടങ്ങളുടെ അർത്ഥം! അവളെക്കാളേറെയായി അയാൾ അവളുടെ മാനസികാവസ്ഥ ഊഹിച്ചെടുത്ത്‌, ഒരു പോരാട്ടത്തിനും തിരഞ്ഞെടുപ്പിനും, ഏതിനാണെന്നവൾക്ക്‌ വിശ്വാസമില്ലാത്ത ഒന്നിനായി തന്റെ ഹൃദയം അപ്പോഴും തുറന്നിരിക്കുന്നെന്ന്‌ അയാൾ മനസ്സിലാക്കി. പക്ഷെ അയാൾക്ക്‌ തെറ്റുപറ്റി. അതെ തന്റെ ആദ്യ നടപടി എന്തെന്ന്‌ അവൾക്കറിയാമായിരുന്നു; ആ നടപടി കൈക്കൊണ്ടാൽ, ജീവിതത്തിൽ നിന്നും തനിക്ക്‌ പുറന്തളളാനുളളത്‌ എന്തെന്ന്‌ അവൾക്ക്‌ കാണാനാകും. കഠിനമായ ശാരീരികാധ്വാനത്തെ തുടർന്നതുപോലെ അവൾ ആഴത്തിൽ ശ്വാസം വലിച്ചെടുത്ത്‌ ചുറ്റിനും കണ്ണോടിച്ചു. ഇപ്രകാരം ഇങ്ങിനെ നിശ്ശബ്‌ദതയിൽ, അവർ ഇരുന്നു തുടങ്ങിയിട്ട്‌ എന്തുമാത്രം സമയമായെന്നൊന്നും അവൾക്കറിഞ്ഞു കൂടായിരുന്നു. എന്തെങ്കിലും പറഞ്ഞെങ്കിൽതന്നെ ആ വിദ്യാർത്ഥി എന്താണ്‌ കൂടുതലായി പറഞ്ഞതെന്നും, അഥവാ സംസാരം നിർത്തിയോ എന്നുളളതുമൊക്കെ- പയത്തോർ ഇരുന്ന ദിക്കിലേക്ക്‌ അവൾ കണ്ണോടിച്ചു.

അയാൾ അവിടെ ഇല്ലായിരുന്നു.

മാന്യരെ നിങ്ങൾ എന്നോട്‌ ക്ഷമിക്കണം.“ തന്റെ പണി സാമഗ്രികൾ ഒതുക്കിവച്ചിട്ട്‌ അവൾ ശാന്തയായി പറഞ്ഞു. ”കുറച്ചു നേരത്തേക്ക്‌, എനിക്ക്‌ സ്വന്തം കാര്യങ്ങൾക്ക്‌ നിങ്ങളെ വിട്ട്‌ പോകേണ്ടിയിരിക്കുന്നു.“

എന്നിട്ടവൾ നിഴൽ വിരിച്ച തോട്ടത്തിലൂടെ നടന്നുപോയി.

സായാഹ്‌നം ഘനീഭൂതമായ ആകാംക്ഷയാകുമായിരുന്നത്‌ ഈവ്‌ലീനക്ക്‌ മാത്രമല്ലായിരുന്നു. വൃക്ഷങ്ങൾക്കു ചുവടെയായി കുറച്ചകലെ കിടന്നിരുന്ന ഒരു ബെഞ്ചിൽ നിന്നും അവൾ ചില ശബ്‌ദങ്ങൾ കേട്ടിരുന്നു. അഗാധമായ വികാരഭാവങ്ങളോടെ സംഭാഷണത്തിൽ മുഴുകിയ മാക്‌സിമും, അന്ന മിഖലോവ്‌നയും അവിടെ ഇരിപ്പുണ്ടായിരുന്നു.

”അതങ്ങിനെയാണ്‌. ആ ആൺകുട്ടിയെക്കുറിച്ചെന്നപോലെ തന്നെ ഞാൻ ആ പെൺകുട്ടിയെക്കുറിച്ചും ചിന്തിക്കുകയാണ്‌.“ മാക്‌സിം പരുപരുത്ത സ്വരത്തിൽ പറഞ്ഞു. ”ഒരു നിമിഷം സ്വയം ഒന്നാലോചിക്കൂ! അവൾ കേവലം ഒരു കുട്ടിയാണ്‌. ജീവിതത്തെക്കുറിച്ച്‌, അവൾക്ക്‌ ഒന്നുമറിയില്ല. അവളുടെ നിഷ്‌കളങ്കതയെ നിങ്ങൾ ചൂഷണം ചെയ്യുമോ? തീർച്ചയായും, നിങ്ങൾക്കതിന്‌ കഴിയില്ല.“

മറുപടി നൽകിയ അമ്മയുടെ സ്വരത്തിൽ കണ്ണുനീരണിഞ്ഞിരുന്നു.

”ശരി, പക്ഷെ, മാക്‌സിം, എന്താണ്‌…. അവൾ….എന്റെ പാവം കുട്ടിക്ക്‌ എന്ത്‌ സംഭവിക്കും?“

”എന്തെങ്കിലും വരട്ടെ…“ വിഷാദാകുലമായ സ്വരത്തിലാണെങ്കിലും, ദൃഢതയോടെയാണ്‌ ആ വൃദ്ധൻ പടയാളി ഇങ്ങിനെ പറഞ്ഞത്‌. ”നമ്മൾ പരമാവധി ചെയ്യും അങ്ങിനെ ഒരു സമയം വന്നുചേർന്നാൽ. പക്ഷെ ഏതായാലും, താൻ കാരണം തകർന്നു പോയ ഒരു ജീവിതഭാരം അവനിൽ തൂങ്ങിക്കിടക്കാനിടയാകരുത്‌. അതെ അന്ന നീയും ഞാനും-നമുക്ക്‌ ഒരു മനഃസാക്ഷിയില്ലേ? അക്കാര്യവും നീ ചിന്തിക്കണം.“

അയാളുടെ സ്വരം മൃദുലമായിരുന്നു. തന്റെ സഹോദരിയുടെ കൈപിടിച്ചമർത്തിയ അയാൾ ആർദ്രമായി അതിൽ ചുംബിച്ചു. അന്നമിഖലോവ്‌ന ശിരസ്സ്‌ കുനിച്ചു.

”എന്റെ പാവം, പാവം കുട്ടി! അവൻ അവളെ കണ്ടുമുട്ടിയില്ലെങ്കിൽ വളരെ നന്നായിരുന്നെനെ..“ വളരെ മൃദുവായ ആ കരച്ചിൽ, കേൾക്കുന്നതിനെക്കാളേറെ ഈവ്‌ലിന ഊഹിക്കുകയാണുണ്ടായത്‌.

ആ പെൺകുട്ടി അരുണാഭ പൂണ്ട്‌ വേദനയോടെ ഒന്ന്‌ നിർത്തി, ഇപ്പോൾ അവൾ അവരെ കടന്നുപോയെങ്കിൽ, തങ്ങളുടെ രഹസ്യചിന്തകൾ അവൾ ഉളിഞ്ഞു കേട്ടുകാണുമെന്ന്‌ അവർക്ക്‌ മനസ്സിലാക്കാതിരിക്കാനാവില്ല.

പക്ഷെ അവളുടനെ അഭിമാനത്തോടെ തലയുയർത്തി. താൻ ഉളിഞ്ഞു കേൾക്കാനൊന്നും ഉദ്ദേശിച്ചതല്ല. ഏതായാലും ഏതെങ്കിലും കൃത്രിമമായ ലജ്ജാവികാരങ്ങളൊന്നും കാരണം തന്റെ തിരഞ്ഞെടുത്ത മാർഗ്ഗത്തെ തടയാൻ പോവുന്നില്ല. അയാൾ സ്വയം സ്വന്തം കാര്യം നോക്കിയിരുന്നു-കൂടാതെ മാക്‌സിം അമ്മാവന്റെയും. അവളുടെ ജീവിതം അവളുടെ മാത്രം സ്വന്തമായിരുന്നു; അതുകൊണ്ടവൾ തനിക്കിഷ്‌ടം പോലെയൊക്കെ ചെയ്യും.

അവൾ തലയുയർത്തി, പാതയിലൂടെ സാവധാനം നടന്ന്‌, അവർ ഇരുന്ന ബെഞ്ചും കടന്നുപോയി. മാക്‌സിം ധൃതിയിൽ തന്റെ പൊക്കണങ്ങളെടുത്ത്‌ അവളുടെ വഴിയിൽ നിന്നും മാറ്റി; നിറയെ സ്‌നേഹവും ആരാധനയും കണ്ണുകളിൽ ദൈന്യഭാവവുമായി അന്ന മിഖലോവ്‌ന അവളെ നോക്കി. അതേസമയം ഭീതിയോടെയും. പരുഷമായൊരു വെല്ലുവിളി ഭാവത്തോടെ, തങ്ങളെ കടന്നുപോകുന്ന ഈ സുന്ദരിയും അഭിമാനിയുമായ പെൺകുട്ടി തന്റെ മകന്റെ മുഴുവൻ ഭാവിയുടെയും ആഹ്ലാദവും ദുഃഖവും വഹിക്കുന്നവളാണെന്ന തോന്നൽ അവരിലുളവായി.

Generated from archived content: anthagayakan27.html Author: korolenkov

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here