ഇത്തരമൊരു സംവാദം അവസാനിച്ചു കഴിഞ്ഞതേയുളളൂ. മുതിർന്നവരൊക്കെ അകത്തേക്കു കയറി. തുറന്ന ജാലകത്തിലൂടെ, ശ്രോതാക്കളെ ആഹ്ലാദപുരസ്സരം ചിരിപ്പിച്ച ഏതോ തമാശ സംഭവപരമ്പരകളെ വർണ്ണിച്ചുകൊണ്ടുളള സ്‌റ്റാവ്‌റോ ചെങ്കോയുടെ സ്വരം കേൾക്കാമായിരുന്നു.
ചെറുപ്പക്കാർ പുറത്ത് തോട്ടത്തിൽതന്നെ നിന്നു. വിദ്യാർത്ഥി കോട്ട് പുല്പരപ്പിൽ വിരിച്ച് അതിൽ ഏതോ മനഃപൂർവ്വമായ അശ്രദ്ധയാലെന്നവണ്ണം കിടന്നു. അയാളുടെ ജ്യേഷ്‌ഠൻ വീടിനു ചുറ്റും കെട്ടിയിരുന്ന മൺഭിത്തിയിൽ ഈവ്‌ലീനയോടൊപ്പം ഇരിക്കുന്നുണ്ടായിരുന്നു. താടിവരെ ചേർത്ത് ഷർട്ട് ഉയർത്തിവച്ചിരുന്ന കേഡറ്റും അവരോടൊപ്പമുണ്ടായിരുന്നു. മറ്റുളളവരിൽ നിന്നും തെല്ലകന്നു, ഒരു ജാലകപ്പടിയിലേക്ക് ചാഞ്ഞ് ഫയത്തോറും തന്റെ ഇരിപ്പിടത്തിൽ ആസനസ്ഥനായിരുന്നു. തന്നെ അഗാധമായി സ്പർശിച്ച സംവാദത്തെക്കുറിച്ചായിരുന്നു അയാൾ ചിന്തിച്ചിരുന്നത്.
“ആ സംഭാഷണത്തെക്കുറിച്ച് എന്തു പറയുന്നു ഇവ്‌ലീന?” ജ്യേഷ്‌ഠൻ ചോദിച്ചു.
“ഇതിനിടെ ഒന്നും നീ പറഞ്ഞില്ലല്ലോ?”
“എന്ത് പറയാൻ? അത് വളരെ നല്ലതായിരുന്നു. അതായത് ഞാനുദ്ദേശിച്ചത് നിങ്ങൾ അങ്ങനെത്തന്നെ അച്ഛനോട് അതിനെപ്പറ്റി പറഞ്ഞല്ലോ എന്നാണ്. ഒരു കാര്യം മാത്രം…”
“ഒരു കാര്യം മാത്രമോ? എന്ത്?”
ഈവ്‌ലീന പെട്ടെന്ന് ഒന്നും പറഞ്ഞില്ല. അവൾ തന്റെ തുന്നൽ സാമഗ്രികൾ മടിയിൽ ഭംഗിയായി നിവർത്തിവച്ചിട്ട് അതിനുനേരെ ചിന്താപൂർവ്വം നോക്കി. അവളുടെ ചിന്ത എന്തായിരുന്നെന്ന് പറയാൻ പ്രയാസമുണ്ടായി. ഒരുപക്ഷെ താൻ ഈ ചിത്രത്തുന്നൽ പണി രൂപകല്പനക്ക് മറ്റൊരു ക്യാൻവാസ് തിരഞ്ഞെടുത്തിരുന്നെങ്കിലെന്നോ അഥവാ, തന്നോടുന്നയിച്ച ചോദ്യത്തിനെന്ത് മറുപടി നൽകണമെന്നോ ആയിരുന്നേക്കാം.
ഇതിനുളള ഉത്തരം കേൾക്കാനായി യുവജനങ്ങളൊക്കെ അക്ഷമ പൂണ്ടിരുന്നു. വിദ്യാർത്ഥി കൈമുട്ട് ഉയർത്തിയിട്ട് സജീവ ജിജ്ഞാസയോടെ അവളുടെ നേർക്കു തിരിഞ്ഞു. ചോദ്യരൂപേണയുളള പ്രശാന്ത നയനങ്ങളോടെ പാട്ടുകാരൻ അവളെ നോക്കിക്കൊണ്ടിരുന്നു. അസ്വസ്ഥതയോടെ പയത്തോറും, തലയുയർത്തി. പിന്നെ ഒരു നിമിഷം കഴിഞ്ഞ് അയാൾ മുഖം തിരിച്ചുകളഞ്ഞു.
അപ്പോഴും തന്റെ തുന്നൽ സാമഗ്രികൾ മുട്ടുകളിൽ നേരെയാക്കി വച്ചുകൊണ്ട് ശബ്‌ദം കുറച്ച് ഈവ്‌ലീന തുടർന്നു. “എല്ലാവർക്കും ജീവിതത്തിൽ ഒരേ പാത തന്നെ തുടരാനാവില്ല. നമുക്കോരോരുത്തർക്കും സ്വന്തമായ ഭാഗധേയമുണ്ട്.”
“നല്ലവനായ കർത്താവേ!” വിദ്യാർത്ഥി മൂർച്ചയേറിയ ആശ്ചര്യ ശബ്‌ദമുളവാക്കി. “എന്തൊരു ശാന്തമായ ബുദ്ധി? നിനക്കെത്ര വയസ്സുണ്ടെന്ന് ഞാനൊന്നു ചോദിച്ചോട്ടെ, എന്റെ പാന്ന ഈവ്‌ലീന..?”
“പതിനേഴ്” അവൾ ചുമ്മാ പറഞ്ഞു. പക്ഷെ ഉടൻതന്നെ ലജ്ജ കലർന്ന വിജയസൂചകമായ ജിജ്ഞാസ കലർത്തി ഇപ്രകാരം കൂട്ടിച്ചേർത്തു.
“എനിക്കതിലും പ്രായക്കൂടുതലുണ്ടെന്ന് നിങ്ങൾ വിചാരിച്ചു കാണും, അല്ലേ?”
ചെറുപ്പക്കാർ ചിരിച്ചു. “നിന്റെ പ്രായം എത്രയെന്ന ചോദ്യം എന്നോടായിരുന്നെങ്കിൽ…” പാട്ടുകാരൻ പറഞ്ഞു. “പതിമൂന്നോ, ഇരുപത്തിമൂന്നോ എന്ന് തീർത്തു പറയാൻ ഞാൻ തന്നെ വിഷമിച്ചേനെ… ചില സമയങ്ങളിൽ നീ ഒരു കൊച്ചുകുട്ടിയെപ്പോലെയാണ്. സത്യം! പക്ഷെ അതേസമയം, നീ ഒരു ബുദ്ധിമതിയായ വൃദ്ധയെക്കണക്ക് യുക്തിവാദം ചെയ്യുന്നു.”
“ഗൗരവമുളള കാര്യം വരുമ്പോൾ, ആരായാലും ഗൗരവപൂർവ്വം യുക്തിവാദം നടത്തണം ഗാവ്രിലോ പെട്രൊവിച്ച്..” പരിഷ്‌കരിച്ച മട്ടിൽ, ആ കൊച്ചുസ്‌ത്രീ പ്രഖ്യാപനം നടത്തി; അവൾ തുന്നൽപണി തുടർന്നു.
ഒരു നിശ്ശബ്‌ദത പരന്നു. ഈവ്‌ലിനയുടെ സൂചി വീണ്ടും ചലിക്കാനാരംഭിച്ചു. സൗമനസ്യവതിയായ ഈ യുവതിയുടെ നേർക്ക് സന്ദർശകരുടെ ജിജ്ഞാസാഭരിതമായ കൗതുക നയനങ്ങൾ തിരിഞ്ഞു.
പയത്തോറുമായുളള ആദ്യസന്ദർശനത്തെ തുടർന്ന്, ഈവ്‌ലീന, തീർച്ചയായും കുറെക്കൂടി വളർന്നിരുന്നു എങ്കിലും സ്‌റ്റാവ്‌ദചെങ്കോ പയ്യന്റെ അഭിപ്രായപ്രകടനം വളരെ സത്യമായിരുന്നു. ഒറ്റനോട്ടത്തിൽ മെലിഞ്ഞു കൊലുന്നനെയുളള അവളുടെ ആകാരം ഒരു ചെറുബാലികയുടേത് പോലെയിരുന്നു. അവളുടെ സാവധാനമുളള ക്രമീകരിച്ച ശരീരചലനങ്ങൾ പലപ്പോഴും ഒരു മുതിർന്ന സ്‌ത്രീയുടെ അന്തസ്സ് അവളിൽ ഉളവാക്കിയിരുന്നു. ആ മുഖത്തും ഇതേ ഭാവപൊലിമ ദൃശ്യമായിരുന്നു. ഇത്തരം മുഖങ്ങൾ സർവ്വസാധാരണമായിരുന്നത് സ്‌റ്റാവ് വർഗ്ഗക്കാരിലാണെന്ന്, ഞാൻ വിശ്വസിക്കുന്നു. ശീതളമായ നിമ്നോന്നതയും ശാന്തമായ രൂപരേഖകളും, ഉത്തമവും ക്രമീകൃതവുമായ ശരീരചേഷ്‌ടകളും! പിന്നെ നീലിമയാർന്ന നയനങ്ങൾ. അവയോ ശാന്തവും ചലനരഹിതവുമാണ്. നിറപ്പകർച്ച അപൂർവ്വം മാത്രം ബാധിക്കുന്ന വിളർത്ത കപോലങ്ങൾ. വൈകാരികാവേശമുളവാകുമ്പോൾ അരുണാഭകൾ ജ്വലിക്കുന്നതരമുളള വിളർച്ചയല്ല. പിന്നെയോ, മഞ്ഞിന്റെ ശുഭ്രതയണിഞ്ഞ ശീതളിമയാർന്നത്. മിനുസമുളള ചെന്നികളിൽ അല്പമാത്രമായ നിഴൽ പരത്തുന്ന നീണ്ട് ഭംഗിയുളളതായിരുന്ന അവളുടെ തലമുടി സമൃദ്ധമായി മെടഞ്ഞു വച്ചിരുന്നു. ആ കേശഭാരം മൂലം നടക്കുമ്പോഴവളുടെ ശിരസ്സിന് പിന്നോക്കം അല്പം വലിച്ചിലുളളതായി കാണപ്പെട്ടു.
നന്നെ പക്വതയാർജ്ജിച്ച പയത്തോറും വളർന്നു കഴിഞ്ഞിരുന്നു. അഗാധമായൊരു വിഷാദഭാവത്തോടുകൂടെ വിളർത്ത്, മറ്റു മുഖങ്ങളിൽനിന്ന് വ്യത്യസ്തമായിരുന്ന ആ പ്രസന്നവദനം ആരും ഇഷ്‌ടപ്പെട്ടിരുന്നു. അത്രക്ക് ആത്മാവിന്റെ ഓരോ ചലനത്തിനും അനസ്യൂതമായുളള പ്രതികരണ വ്യതിയാനമായിരുന്നു ആ മുഖഭാവത്തിൽ ദൃശ്യമായിരുന്നത്. തെല്ല് ചുളിവുളള പ്രാമാണ്യം സ്‌ഫുരിക്കുന്ന ആ നെറ്റിയിലേക്ക് മനോഹരമായ അലകൾപോലെ കറുത്ത മുടിയിഴകൾ ചിതറിക്കിടന്നിരുന്നു. കവിളുകളിൽ നിറപ്പകർച്ചയാലുളവാകുന്ന അരുണാഭ ധൃതിയിൽ മിന്നിമറയുന്നത് അവ്യക്തമായൊരു വിളർച്ചയുടെ പ്രതീതിയുളവാക്കി. വക്ത്ര കോണുകളിൽ തെല്ലുപോലും ദൃശ്യമാകാതിരുന്ന അസ്വസ്ഥതയുടെ ഒരു വിറയൽ ഇടയ്‌ക്കിടെ ആ കീഴധരത്തെ ബാധിച്ചിരുന്നു. ചഞ്ചലത്വമാർന്ന പുരികക്കൊടികൾ ഒരിക്കലും നിശ്ചലമായിരുന്നില്ല. എങ്കിലും ആ മനോഹരമായ നയനങ്ങളുടെ അനുസ്യൂതവും ചലനരഹിതവുമായ മിഴിച്ചുനോട്ടം മുഖത്തിനാകമാനം അസാധാരണമായൊരു ംലാനതാഭാവം പകർന്നിരുന്നു.
ഏതാനും നിമിഷങ്ങളുടെ നിശ്ശബ്‌ദതയെ തുടർന്ന്, വിദ്യാർത്ഥി പറഞ്ഞു തുടങ്ങി. “അപ്പോൾ, ഈ പാന്ന ഈവ്‌ലീനയുടെ ധാരണ നാം പറഞ്ഞുവന്ന കാര്യങ്ങളെല്ലാം ഒരു സ്ര്തൈണ മനസ്സിന്റെ ശക്തിക്ക് ഉൾക്കൊളളാവുന്ന പരിധിക്ക് അപ്പുറമാണെന്നാണ്. സ്‌ത്രീകളുടെ സമൂഹമാകെ നഴ്‌സറിയുടെയും അടുക്കളയുടെയും ഇടുങ്ങിയ ചുമരുകൾക്കുളളിൽതന്നെ കിടക്കുന്നു.”
ഇത്തരം ആശയങ്ങൾ അന്നാളിൽ കാലാതിവർത്തിയായതിനാൽ ആ യുവാവിന്റെ സ്വരത്തിലൊരു പരിഹാസ ധ്വനിയും ആത്മസംതൃപ്‌തിയും സ്‌ഫുരിച്ചിരുന്നു. വീണ്ടും ഒരു നിമിഷം നിശ്ശബ്‌ദമായി കടന്നുപോയി.
ഈവ്‌ലീനയുടെ മുഖത്ത് അസ്വാസ്ഥ്യത്തിന്റെ അരുണാഭ പരന്നു. എങ്കിലും ഒടുവിലവൾ തറപ്പിച്ചു പറഞ്ഞു. “നിഗമന കാര്യങ്ങളിൽ നിങ്ങൾ ഒരു എടുത്തുചാട്ടക്കാരനാണ്. എനിക്ക് നിങ്ങളുടെ സംസാരം നല്ലതുപോലെ മനസ്സിലായി. അതൊക്കെ ഒരു സ്‌ത്രീയുടെ മനഃശക്തിയുടെ പരിധിയിൽ നല്ലപോലെ ഉൾക്കൊളളുമെന്നാണ് കാണിക്കുന്നത്. ഭാഗധേയത്തെക്കുറിച്ച് ഞാൻ പറഞ്ഞതാണെങ്കിൽ, അതെന്റെ സ്വന്തമാണ്-വ്യക്തിജീവിതത്തിലേത്.”
അവൾ വീണ്ടും നിശ്ശബ്‌ദമായി, വളരെ ഏകാഗ്രതയോടെ തന്റെ പണിയിൽ വ്യാപൃതയായതിനാൽ, ആ യുവാവിന്റെ മനോധൈര്യം ചോർന്നുപോകാൻ തുടങ്ങി.
“എത്ര വിചിത്രമാണ് നിന്റെ സംസാരം?” അയാൾ വിവർണ്ണനായി തുടർന്നു. “ഒരാൾ കരുതും ചുടലവരെയുളള ജീവിതചര്യകളൊക്കെ നിങ്ങൾ മുൻക്കൂട്ടി പദ്ധതിയിട്ടിട്ടുണ്ടെന്ന്.”
ഈവ്‌ലീന, ഇതിന് ശാന്തമായി മറുപടി നൽകി. “അതിലെന്താണ് ഇത്ര വിചിത്രമായുളളത്? ഇല്ല്യേ ഇവാനിച്ച് (കേഡറ്റിന്റെ പേര്). അതൊക്കെ മുൻപെ തന്നെ തന്റെ ജീവിതം ഇതിനകം ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് എനിക്ക് നല്ല തീർച്ചയുണ്ട്. എന്താ, അങ്ങിനെ അല്ലെന്നുണ്ടോ?”
“അത് തികച്ചും ശരിതന്നെ.” സംഭാഷണത്തിലേക്ക് തിരിച്ചുവരാൻ കഴിഞ്ഞതിലുളള സന്തോഷത്തോടെ കേഡറ്റ് തുടർന്നു. “നിനക്കറിയാമോ….ഞാനധികം മുമ്പല്ലാതെ ഒരു ജീവചരിത്രം വായിക്കാനിടവന്നു. അദ്ദേഹവും ആസൂത്രണം കൊണ്ടാണ് ജീവിച്ചത്. ഇരുപതു വയസ്സിൽ വിവാഹിതനായി. മുപ്പത്തിയഞ്ചാം വയസ്സിൽ കമാൻഡർ ആയി.”
കളിയാക്കുന്നമട്ടിൽ കേഡറ്റ് ചിരിച്ചു. വീണ്ടും ഈവ്‌ലിനയുടെ കപോലങ്ങളിൽ അരുണാഭ വ്യാപിച്ചു.
ഒരു വിരാമത്തെ തുടർന്ന് തണുപ്പൻമട്ടിൽ അവൾ പറഞ്ഞുഃ “അതാണ് കാര്യം. ഓരോരുത്തനും ഓരോ ഭാഗധേയമുണ്ട്..”
ആ കാര്യത്തിൽ ആരും തർക്കിക്കാൻ തയ്യാറായില്ല. ആ യുവസംഘത്തിലാകെ ശ്മശാനതുല്യമായ നിശ്ശബ്‌ദത വ്യാപിച്ചു. വിവർണ്ണത കലർന്ന സൂചനയുടേതായൊരു തോന്നലുളവാക്കുന്ന നിശ്ശബ്‌ദത. ഏതോ ദുർബ്ബലമായ വ്യക്തിവികാരത്തെ അറിയാതെയാണെങ്കിലും തങ്ങളുടെ സംസാരം സ്പർശിച്ചിട്ടുണ്ടാകുമെന്ന് അവരൊക്കെ മനസ്സിലാക്കി; ഈവ്‌ലിനയുടെ ലളിതവാക്കുകൾപോലും അത്തരത്തിലൊരു വലിഞ്ഞുമുറുകിയ, വികാരലോലുപവും വിറക്കുന്നതുമായ തന്ത്രിയെ ആവരണം ചെയ്‌തിരുന്നു.
മരങ്ങളുടെ മരമ്മരസ്വരങ്ങളല്ലാതെ മറ്റൊന്നും ആ നിശ്ശബ്‌ദതയെ ഭജ്ഞിച്ചില്ല. അന്ധകാരം പരക്കുകയായിരുന്നു. പഴയ ആ പൂന്തോട്ടത്തിന് എന്തുകൊണ്ടോ, അതിന്റെ നർമ്മബോധം നഷ്‌ടപ്പെട്ടതായി കാണപ്പെട്ടു.
Generated from archived content: anthagayakan25.html Author: korolenkov
Click this button or press Ctrl+G to toggle between Malayalam and English