ഇരുപത്തിനാല്‌

ഏതാനും വർഷങ്ങൾക്കൂടെ കടന്നുപോയി. ശാന്തമായ പ്രഭുഭവനത്തിൽ ഒരു വ്യതിയാനവും സംഭവിച്ചില്ല. പൂന്തോട്ടത്തിലെ ബീച്ചുമരങ്ങളു​‍് ഇലകൾ അപ്പോഴും മർമ്മരം പുറപ്പെടുവിച്ചിരുന്നു. ശുഭ്രനിറമാർന്ന ആ വസതി എല്ലായ്‌പ്പോഴുമെന്നപോലെ അതേ ആഹ്ലാദപരവും, സ്വാഗതസൂചകമാംവിധം തന്നെ നിലകൊണ്ടു. അതിന്റെ ഭിത്തികൾ അവിടവിടെ കുറച്ച്‌ അമർന്ന്‌, തെല്ല്‌ സ്ഥാനഭ്രംശം വന്നിരുന്നു. കുതിരലായത്തിന്റെ മോന്തായത്തിന്റെ ഇറമ്പ്‌ സ്ഥിരമായും ചിന്താദ്യോതകമായി കാണപ്പെട്ടു. അപ്പോഴും അവിവാഹിതനായിരുന്ന ഇയോക്കിം ആകട്ടെ, മുൻപിലത്തെപോലെ കുതിരകളെ ശുശ്രൂഷിക്കുന്ന ജോലിയിൽ വ്യാപൃതനായിരുന്നു. സായാഹ്നവേളകളിൽ, കുതിരലായത്തിന്റെ വാതിൽപ്പാളികളിലൂടെ ഓടക്കുഴൽ ധ്വനികൾ മുഴങ്ങിക്കേട്ടിരുന്നു; ഈയിടെയായി ഇയോക്കിം അത്‌ ശ്രദ്ധിച്ചിരുന്നു. അന്നേരം ആ അന്ധബാലൻ ഓടക്കുഴലോ, പിയാനയോ വായിച്ചുകൊണ്ടിരുന്നു. മാക്‌സിമിന്റെ തലമുടി മുമ്പിലത്തെക്കാളേറെ നരച്ചു.

പോപ്പൽസ്‌ക്കീസ്‌ ദമ്പതികൾക്ക്‌ കൂടുതൽ കുട്ടികൾ ഉണ്ടായില്ല. കടിഞ്ഞൂൽ സന്തതിയെ ആ അന്ധബാലനായ അച്ചാണിക്കു ചുറ്റുമായി ആ പ്രഭു കുടുംബമാകെ കേന്ദ്രീകരിച്ചിരുന്നു. അവനെ സംബന്ധിച്ചിടത്തോളം, ആ ജന്മിഗൃഹം അതിന്റെ പരിമിതമായ വൃത്തത്തിൽ അവനു ചുറ്റും ഒതുങ്ങിനിന്നു; ആ ചെറിയ വസതിയുടെ ഉടമയുടെ അത്രക്കണ്ട്‌ ശാന്തമൊന്നുമല്ലാതിരുന്ന ജീവിതവുമായി ബന്ധപ്പെട്ട്‌, വേർതിരിഞ്ഞ ഒരു പ്രശാന്തജീവിതത്തിൽ അവൻ സംതൃപ്‌തി കണ്ടിരുന്നു. അങ്ങിനെ ബാഹ്യലോകത്തിന്റെ പരുക്കൻ സ്വാധീനത്തിൽനിന്നും പരിരക്ഷിക്കപ്പെട്ട ചൂട്‌ ലഭിക്കുന്ന കൂട്ടിൽ വളർത്തിയ ഒരു ചെടിപോലെയായിരുന്നുആ ബാലൻ-അവനിപ്പോൾ യൗവനപ്രായത്തിലെത്തിയിരുന്നു.

അന്ധകാരത്തിന്റെ വിശാലമായൊരു പ്രപഞ്ചത്തിൽ അവനെപ്പോഴും ജീവിച്ചുപോന്നു. തനിക്കു മുകളിൽ ഇരുട്ട്‌; ചുറ്റിനും ഇരുട്ട്‌; എവിടെയും, പരിധിയില്ലാത്ത അനാദിയായ ഇരുട്ട്‌. ഈ അന്ധകാരത്തിലൂടെ അവന്റെ വൈകാരിക സംവേദകമാർന്ന പ്രകൃതം, ഓരോ പുതിയ പ്രതിഛായകൾക്കുനേരെയും പ്രതികരിക്കാൻ ശ്രമിച്ചിരുന്നു. വലിഞ്ഞുമുറുകി, ആകാംക്ഷകുല ശബ്‌ദത്തിന്‌ അനുകൂല പ്രതികരണശേഷിയോടെ നില്‌ക്കുന്ന തംബുരുവിന്റെ തന്ത്രികളെപ്പോലെ… ഈ വലിഞ്ഞു മുറുകിയ പ്രതീക്ഷാധ്വനി അയാളുടെ മാനസികാവസ്ഥയെയും ദൃശ്യമാംവിധത്തിൽ ബാധിച്ചിരുന്നു. മറ്റൊരു നിമിഷം-വെറും മറ്റൊരു നിമിഷത്തിൽ-അതെന്തോ കാണുന്നതായി തോന്നിച്ചു-അന്ധകാരം അതിന്റെ അദൃശമായ കരങ്ങൾ നീട്ടി അവനിലെ ഏതൊ തന്ത്രികളെ സ്‌പർശിച്ചിരുന്നു; നീണ്ട ആലസ്യനിദ്രയിലാണ്ട തന്ത്രികളെ ഉണർത്തുവാനുളള മോഹവുമായി കാത്തുനില്‌ക്കുന്നപോലെ.

പക്ഷെ ജന്മിഗേഹത്തിലെ പരിചിതമായ അന്ധകാരം, മനസ്സിൽ താരാട്ടുപാട്ടായി സാന്ത്വനം ചൊരിയുന്ന വൃക്ഷങ്ങളുടെ മർമ്മരധ്വനികൾ മാത്രമെ, കാത്തിരുന്ന, അവന്റെ ചേതനകളിലേക്ക്‌ പകർന്നുളളൂ. വിദൂരഗേകത്തെക്കുറിച്ചുളള അവന്റെ അറിവ്‌ പാട്ടുകളിലൂടെയും, പുസ്‌തകങ്ങളിലൂടെയും, ചരിത്രത്തിലൂടെയുമായിരുന്നു. അത്‌ കേവലം കേട്ടുകേൾവിമാത്രമായിരുന്നു; പൂന്തോട്ടത്തിലെ അലസമായ മർമ്മരധ്വനികൾക്കിടയിലൂടെയും, ജന്മിഗൃഹത്തിന്റെ നിശ്ചലപ്രശാന്തതയിലൂടെയും, അങ്ങകലെയുളള വൈകാരികാവേശങ്ങളെക്കുറിച്ചും, കൊടുങ്കാറ്റുകളെക്കുറിച്ചുമൊക്കെ അവനെന്തൊക്കെയോ മനസ്സിലാക്കി-അതൊക്കെ മഞ്ഞിൻപുകകൾക്കുളളിലെ ഒരു മന്ത്രണമോ, ഒരു പാട്ടിന്റെ, ഒരു ഇതിഹാസത്തിന്റെ, ഒരത്ഭുതകഥയുടെയൊക്കെയോ പൊരുൾ പോലെയാണെന്നും അവൻ സങ്കല്പിച്ചു.

എല്ലാം ഭംഗിയായി പോകുന്നുവെന്നാണ്‌ തോന്നിച്ചത്‌. സൂക്ഷിച്ചുനോക്കിയ അമ്മയ്‌ക്ക്‌, ഏതോ ഉയർന്ന മതിൽക്കെട്ടിനുളളിൽ അഭയം തേടിയ തന്റെ പുത്രന്റെ ആത്മാവ്‌, ഒരു അർദ്ധസുഷുപ്‌തിയുടെ ആകർഷണവലയത്തിലാണ്ടതുപോലെ കാണപ്പെട്ടു-അത്‌ കൃത്രിമമായിക്കാമെങ്കിലും, ഏതു നിലക്കും പ്രശാന്തമായിരുന്നു. ഈ പ്രശാന്തത തകർക്കാനും അവൾ ആഗ്രഹിച്ചില്ല. അതിനെ തകർക്കുന്ന ഏതു സംഗതിയെക്കുറിച്ചും അവൾക്ക്‌ പരിഭ്രാന്തിയായിരുന്നു.

അദൃശമായ തോതിൽ കുറെശ്ശേ എവ്‌ലീനയും വളർന്നുകൊണ്ടിരുന്നു. അവളുടെ നയനങ്ങൾ ഈ വശീകരണപ്രശാന്തി ഉറ്റുനോക്കിക്കൊണ്ട്‌, ചിലപ്പോഴൊക്കെ, ജീവനത്തിന്റെ കലവറയിൽ ഇനി എന്തൊക്കെയുണ്ടെന്ന ഒരു അന്വേഷണ ത്വരയോടെയും, വൈവർണ്യത്തോടെയും നില്‌ക്കാറുണ്ടായിരുന്നെങ്കിലും, അവയൊരിക്കലും നേരിയ താഴ്‌മയുടെ ലാഛനപോലും പ്രകടമാക്കുകയുണ്ടായില്ല.

പാൻ പൊപ്പൽസ്‌കി, ഇതിനകം തന്റെ വസ്‌തുവകകളൊക്കെ ഒരു മാതൃകാ സമ്പത്താക്കി മാറ്റിയെടുത്തിരുന്നു; പക്ഷെ കരുണാർദ്രമായ ആ ആത്മാവിന്റെ കോണുകളിലൊന്നും തന്നെ തന്റെ അന്ധപുത്രന്റെ ഭാവിയെക്കുറിച്ചുളള ഒരു ചോദ്യവും തീർച്ചയായും ഉദിച്ചുകിടന്നിരുന്നതേയില്ല. അതൊക്കെ, എങ്ങിനെയെങ്കിലും, തന്നെ ബാധിക്കാത്തവിധം, നടന്നുകൊളളുമെന്ന ഒരു നിലപാടായിരുന്നു, അയാളുടേത്‌.

പക്ഷെ ആ പ്രശാന്തി അസഹനീയമെന്നു കരുതിയ ഏക വ്യക്തിയായിരുന്നു മാക്‌സിം. താല്‌ക്കാലികമെന്നു തോന്നിക്കുന്ന ഒരവസ്ഥയിൽപോലും, തന്റെ വിദ്യാർത്ഥിയെക്കുറിച്ചുളള ഉദ്ദേശ്യലക്ഷ്യങ്ങളിൽ അതൊരു നിർബന്ധിതഘട്ടമാണെന്നയാൾ മനസ്സിലാക്കിയിരുന്നു. ജീവിതത്തിന്റെ പരുക്കൻ സമ്പർക്കത്തെ ചെറുത്തു നില്‌ക്കാനുളള ശക്തി സംഭരിക്കാനുളള സമയം ഈ യുവത്വം നിറഞ്ഞ ആത്മാവിന്‌ നല്‌കപ്പെടേണ്ടതുതന്നെയെന്ന്‌ അയാളുടെ യുക്തി സമർത്ഥിച്ചു.

പക്ഷെ ഒരു മായാവലയത്തിന്റെ അഭാവത്തിൽ, ജീവിതമാകെ സ്പന്ദിക്കുകയും, തുടിക്കുകയും, ഉയർന്നു പൊങ്ങുകയുമായിരുന്നു. ആ അന്ധബാലന്റെ പഴയ ഗുരുവിനു തോന്നിയത്‌, താനൊടുവിൽ ഈ വലയം ഭേദിച്ച്‌, വിശാലമായ ഉഷ്‌ണവസതിയുടെ വാതിൽ തുറന്ന്‌ ബാഹ്യലോകത്തെ പുത്തൻവായു പ്രവാഹത്തെ അകത്തേക്ക്‌ കടത്തിവിടണമെന്നായിരുന്നു.

ഒരു തുടക്കമെന്ന നിലയിൽ, അയാൾ അവിടെനിന്നും അകലെയായി ഒരു എസ്‌റ്റേറ്റിൽ പാർത്തിരുന്ന ഒരു പഴയ ചങ്ങാതിയെ പ്രഭുഭവനത്തിലേക്ക്‌ കൊണ്ടുവന്നു. സ്‌റ്റാവ്‌റു ചെങ്കോയെന്ന പേരുളള വൃദ്ധനായ ഈ ചങ്ങാതിയെ മാക്‌സിം കൂടെക്കൂടെ സന്ദർശിച്ചിരുന്നു. ചെറുപ്പക്കാരായ ചിലർ, അയാളോടൊപ്പം ഇപ്പോൾ താമസിക്കുന്നെന്നറിഞ്ഞ്‌ അവരെയൊക്കെ ജന്മിഗൃഹത്തിലേക്ക്‌ ക്ഷണിച്ചുകൊണ്ട്‌ അയാൾ കത്തെഴുതി. വൃദ്ധന്റെ ഭാഗത്തുനിന്നും ഈ ക്ഷണനം സന്തോഷപൂർവ്വം സ്വീകരിക്കപ്പെട്ടു. നീണ്ടനാളത്തെ മാക്‌സിമുമായുണ്ടായിരുന്ന സൗഹൃദമായിരുന്നു അതിന്റെ അടിസ്ഥാനം. ചെറുപ്പക്കാർക്കാകട്ടെ ആകർഷകമായി തോന്നിയത്‌, മാക്‌സിം യാസെൻങ്കോ എന്ന പേരുമായി ബന്ധപ്പെട്ടു കിടന്നിരുന്ന ഒട്ടനേകം ആചാരങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന തിളക്കമായിരുന്നു. ഈ ചെറുപ്പക്കാരിൽ രണ്ടുപേർ വൃദ്ധൻ സ്‌റ്റാവ്‌റുചെങ്കോയുടെ തന്നെ ആൺമക്കളായിരുന്നു. അതിൽ ഇളയവൻ അന്നത്തെ ഭ്രമമനുസരിച്ച്‌ കീവ്‌യൂണിവേഴ്‌സിറ്റിയിൽ ഭാഷാശാസ്‌ത്രത്തിൽ പ്രത്യേകപരിശീലനം ചെയ്യുന്ന ഒരു വിദ്യാർത്ഥിയായിരുന്നു. മൂത്തയാൾ സെന്റ്‌ പീറ്റേഴ്‌സ്‌ബർഗിലെ ഒരു സംഗീതവിദ്യാലയ വിദ്യാർത്ഥിയുമായിരുന്നു. ഇക്കൂട്ടത്തിലെ, മൂന്നാമൻ അയൽവാസിയായൊരു ജന്മിയുടെ പുത്രനായ ഒരു യുവകേഡറ്റായിരുന്നു.

തലമുടിയാകെ നരച്ചിരുന്നെങ്കിലും സ്‌റ്റാവ്‌റു ചെങ്കോ ആരോഗ്യവാനായൊരു വൃദ്ധനായിരുന്നു. നീണ്ട്‌, ഇടതൂർന്നുകിടന്ന താടി അയാൾ കൊസ്സാക്കുകളുടെ രീതിയിൽ വളർത്തിയിരുന്നു. തന്റെ വീതിയുളള കൊസാക്ക്‌ ബെൽറ്റുകളിൽ അയാൾ പൈപ്പും, പുകയിലപ്പൊതിയും കൊണ്ടുനടക്കുമായിരുന്നു. അയാൾ ഉക്രേനിയൻ ഭാഷയൊഴികെ മറ്റൊന്നും തന്നെ സംസാരിക്കുമായിരുന്നില്ല. നീണ്ട്‌ വെളുത്ത ഉക്രേനിയൻ കോട്ടുകളും, ചിത്രത്തുന്നലുളള ഉക്രേനിയൻ ഷർട്ടുമണിഞ്ഞ്‌ തന്റെ രണ്ടാൺമക്കൾക്കുമിടയിൽ നല്‌ക്കുന്ന അയാൾക്ക്‌ ഗോഗോളിന്റെ കഥാപാത്രമായ താരാസ്‌ബുൾബയുടെ നല്ല സാമ്യമുണ്ടായിരുന്നു. പക്ഷെ ബുൾബയുടെ കാല്‌പനികസ്വഭാവത്തിന്റെ ഒരംശംപോലും അയാളിലുണ്ടായിരുന്നില്ല. സ്‌റ്റാവ്‌റുചെങ്കോ തികഞ്ഞ പ്രായോഗികബുദ്ധിമതിയും സമർതഥനുമായൊരു ഭൂവുടമയായിരുന്നു. ജന്മിത്വ വ്യവസ്ഥയിലുണ്ടായിരുന്ന അടിയായ്‌മ ബന്ധങ്ങളുമായി ഇടപെട്ട ജീവിതമൊക്കെ അയാൾ സമർത്ഥമായി കൈകാര്യം ചെയ്‌തിരുന്നു. അടിമവ്യവസ്ഥ നീങ്ങിയശേഷമുളള പുതിയ ബന്ധങ്ങുമായും അയാൾ തുല്യ കഴിവോടെ യോജിച്ചുപോയിരുന്നു. നാട്ടുകാരായ ഭൂവുടമകളുടെ പോലെതന്നെയാണ്‌ അയാൾ കൃഷീവലന്മാരെ മനസ്സിലാക്കിയിരുന്നത്‌. ഓരോ ഗ്രാമ ഉടമകളെക്കുറിച്ചും, അവരുടെ തൊഴുത്തുകളിലെ പശുക്കളെക്കുറിച്ചും, ഏതാണ്ട്‌ അയാൾക്ക്‌ സുപരിചിതമായിരുന്നു.

എന്നാൽ, മക്കളുടെ നേർക്ക്‌ അയാൾ മുഷ്‌ടിച്ചുരുട്ടാറൊന്നുമില്ലായിരുന്നെങ്കിലും, അവരുമായുളള ബന്ധത്തിലുടനീളം താരാസ്‌ ബുൾബയുടെ സ്വഭാവരീതികൾ വൃദ്ധനായ സ്‌റ്റാവ്‌റുചെങ്കോ പ്രകടിപ്പിച്ചിരുന്നു. സമയ സ്ഥലങ്ങൾ പരിഗണിക്കാതെ അവർ ഏതു സമയവും വന്യമായി കലഹിച്ചുകൊണ്ടേയിരുന്നു. അവർ എവിടെയായിരുന്നാലും, ആരോടൊക്കെ താല്പര്യമായിരുന്നാൽ നേരിയ വാക്കുവ്യത്യാസമുണ്ടായാലുടനെ അവസാനിക്കാത്ത വാഗ്വാദങ്ങളിലേർപ്പെട്ടിരുന്നു. മിക്കവാറും ആ വൃദ്ധൻ തന്നെയായിരിക്കും ‘ആദർശപ്രഭുക്കൾ’ എന്നുളള പരിഹാസധ്വനിയോടെ അത്‌ തുടങ്ങിയിരുന്നത്‌. ക്രൂദ്ധരായ യുവാക്കൾ പ്രകോപിതരാകും-വൃദ്ധന്റെ മനസ്സും കോപാകുലമാവും. ഇതിന്റെ ഫലമോ, ഏറ്റവും നൈരാശ്യകരമായ കശപിശയാകും-അതിന്റെ പര്യവസാനമാകുമ്പോഴേക്കും കുറച്ചൊന്നുമല്ല, ശകാരങ്ങൾ ഇരുപക്ഷക്കാരും പരസ്പരം ചൊരിയുക.

ഇതൊക്കെ പരക്കെ അറിയപ്പെട്ടിരുന്ന ‘പിതാക്കൻമാരും പുത്രൻമാരും’ തമ്മിലുണ്ടായിരുന്ന ആശയ വ്യത്യാസങ്ങളിൽനിന്നുമാണ്‌ ഉടലെടുത്തത്‌; പൊതുവായ ആ പ്രയോഗത്തിന്റെ അത്ര തീവ്രത പുലർത്താത്തതും സൗമ്യതയുമുളള രീതിയിലുമാണെന്നു മാത്രം! ബാല്യകാലം മുതലേ സ്‌ക്കൂളിൽ പൊയ്‌ക്കൊണ്ടിരുന്ന അന്നത്തെ യുവജനങ്ങൾ, ഹൃസ്വമായ അവധിക്കാലവേളകളിൽ മാത്രമെ നാട്ടിൻപ്രദേശത്ത്‌ വന്നിരുന്നുളളൂ; ആയതിനാൽ തങ്ങളുടെ എസ്‌റ്റേറ്റുകളിൽ തന്നെ വർഷങ്ങളോളം കഴിഞ്ഞിരുന്ന, തങ്ങളുടെ പിതാക്കൻമാരെപ്പോലെ അവർക്ക്‌ കർഷകരുമായി അത്രക്ക്‌ സമ്പർക്കമുണ്ടായിരുന്നില്ല; അതുപോലെതന്നെ അവരെക്കുറിച്ചുളള പ്രായോഗിക ജ്ഞാനവും നന്നെ കുറവായിരുന്നു. നമ്മുടെ സമൂഹവ്യവസ്ഥിതിയിൽ “ജനങ്ങളോടുളള സ്‌നേഹം” എന്ന ആശയം ഉണർന്നു വന്നപ്പോൾ അവരും “ജനങ്ങളെ പഠിക്കാൻ” തുടങ്ങി. പക്ഷെ അവരുടെ പഠനം പാഠപുസ്‌തകത്തിൽ നിന്നുളളതായിരുന്നു. കുറെക്കഴിഞ്ഞ്‌, അവർ രണ്ടാമത്തെ ഒരു ഘട്ടത്തിലേക്ക്‌ പ്രവേശിച്ചു-നാടൻകലകളിൽ ഉദ്‌ഘോഷിച്ചിരുന്നവിധത്തിൽ “ആളുകളുടെ മനസ്സുകളെ” നേരിട്ട്‌ നിരീക്ഷണം നടത്തൽ. തീർച്ചയായും, താല്‌കാലികമായി “ജനങ്ങളിലേക്ക്‌ ഇറങ്ങിച്ചെല്ലാനുളള” പ്രത്യേകതരം കാല്പനികമ്പം തുളുമ്പുന്ന ഉക്രേനിയൻ കോട്ടുകളും, ചിത്രത്തുന്നലുളള ഷർട്ടുകളുമണിഞ്ഞ്‌ ഇങ്ങിനെയുളള സവാരി, അക്കാലങ്ങളിൽ തെക്കുപടിഞ്ഞാൻ പ്രവശ്യകളിൽ പരക്കെ പരന്നിരുന്ന ഒരു പ്രവണതായിരുന്നു. ഈ യുവജനങ്ങളിൽ താല്പര്യമുളവാക്കിയത്‌, ഒരുവിധത്തിലും, ജനജീവിതത്തിന്റെ സാമ്പത്തികപ്രശ്‌നങ്ങളായിരുന്നില്ല. ഗ്രാമങ്ങളിലൂടെ നടന്ന്‌ അവർ നാടൻപാട്ടുകളുടെ സംഗീതവും, വാക്കുകളും രേഖപ്പെടുത്തി, ഐതിഹ്യകഥകളും, അന്ധവിശ്വാസങ്ങളും ശ്രദ്ധിച്ച്‌ എഴുതപ്പെട്ട ചരിത്രതാളുകളിൽ പറഞ്ഞിരുന്ന ഭൂതകാലത്തെ നാടോടി കഥകളുടെ വിചിന്തനങ്ങളുമായി താരതമ്യം ചെയ്യുക-ഇതൊക്കെയായിരുന്നു, അവർക്ക്‌ കാല്പനിക രാജ്യസ്‌നേഹത്തിനെറ കാവ്യാത്മകമായ വർണ്ണച്ചില്ലുകളിലൂടെയുളള കർഷകരെ “കാണൽ”. ഈ ഒടുവിൽ പറഞ്ഞ കാര്യം, തീർച്ചയായും, മുതിർന്ന തലക്കുറക്കാരിലും പ്രകടമായിരുന്നതായ ഒരു ദൗർബല്യം തന്നെയായിരുന്നു. പക്ഷെ അക്കാര്യത്തിലാകട്ടെ പഴയ കൂട്ടരും, പുതിയവരും തന്നെ ഒരിക്കലും ഒരു ധാരണയിൽ എത്തിയതുമില്ലായിരുന്നു.

“ഒന്നിത്‌ കേൾക്കൂ….” വൃദ്ധൻ സ്‌റ്റാവ്‌റ ചെങ്കോ, അരുണാഭമായ മുഖഭാവത്തോടെയും, തിളങ്ങുന്ന കണ്ണുകളോടെയും നില്‌ക്കുന്ന തന്റെ വിദ്യാർത്ഥി മകനെ നോക്കി തന്റെ വാരിയെല്ലിനോട്‌ ചേർന്ന്‌ കൈമുട്ട്‌ താങ്ങി മാക്‌സിമിനോട്‌ പറയും. ‘ഒരു പൂച്ചക്കുട്ടിയുടെ കൊച്ചുമകനെ-കണ്ടില്ലേ ഒരു പുസ്‌തകം പോലുളള അവന്റെ ഒരു സംസാരം-സത്യത്തിൽ ഒരാൾ കരുതും അവന്‌ തലക്കനം വച്ചെന്ന്‌… എടോ, സമർത്ഥൻ പണ്ഡിതാ, താനിങ്ങോട്ട്‌ വന്ന്‌ ഇതൊന്ന്‌ പറഞ്ഞുതന്നെ… എങ്ങിനെയാണ്‌ എന്റെ ആ നെചിപ്പോർ…തന്നെ പിടികൂടിയതെന്ന്‌?“

ശരിയായ ഉക്രേനിയൻ ഫലിതോക്തിയോടെ മേൽമീശപിടിച്ചു വളച്ച്‌ ഉച്ചത്തിൽ ചിരിച്ചുകൊണ്ട്‌ ആയിരിക്കും വൃദ്ധൻ തന്റെ മകനും, നെചിപ്പോരുമായുളള കഥ, വൃദ്ധൻ പറയുന്നത്‌. യുവാക്കളുടെ മുഖം അരുണാഭമാവുമെങ്കിലും, മറുപടി പറയാൻ അവർ അരക്ഷണം പോലും വൈകിക്കാറില്ല.”

അതോ, ഇതോ, ഏതോ ഗ്രാമത്തിലെ ഫെഡ്‌കോമിലെ നെചിപ്പോറെന്ന വ്യക്തിയെ ഒന്നും അവർക്കറിയാൻ വഴിയില്ല എന്നുവരികിലും, പൊതുവായും, ആകമാനമായും, ആളുകളെ മുഴുവനുമായിരിക്കും. ഏറ്റവും ഉയർന്ന വീക്ഷണതലത്തിൽ നിന്നാണവർ ജീവിതത്തെ സമീപിച്ചത്‌. വിശാലമായ പൊതുവല്‌ക്കരണങ്ങൾ ആർജ്ജിക്കാനും, നിഗമനങ്ങൾ വരച്ചെടുക്കാനും അനുവദിക്കുന്ന ഒരൊറ്റ മാർഗ്ഗം. വിശാലമായ കാഴ്‌ചപ്പാടുകളെ അവർ ഒരൊറ്റനോട്ടത്തിൽ തന്നെ വിശകലനം ചെയ്തു. അതേസമയം പ്രായോഗിക മനസ്‌കരായ അവരുടെ ചില മുതിർന്നവരൊക്കെ-കാലപ്പഴക്കം ചെന്ന ജീവിതരീതികളെത്തന്നെ അജയ്യരായി സ്ഥിരീകരിച്ചു. തങ്ങളുടെ കാഴ്‌ചപ്പാടുകളെ തടഞ്ഞുനിർത്തിയ കാട്ടിലെ മരക്കൂട്ടങ്ങളെ അവർക്ക്‌ കാണാനൊത്തില്ല.

ഇത്രയധികം പാണ്ഡിത്യത്തോടെ തന്റെ മക്കൾ തർക്കിക്കുന്നത്‌ വൃദ്ധനെ സന്തോഷിപ്പിച്ചു.

“നിങ്ങൾ പറഞ്ഞേക്കൂ അവർ സ്‌കൂളിൽ പോയവരാണെന്ന കാര്യം.” തനിക്കു ചുറ്റും അഭിമാനപൂർവ്വം കണ്ണോടിച്ചുകൊണ്ട്‌ അയാൾ പറഞ്ഞിരുന്നു. പിന്നെ, മക്കളുടെ നേർക്ക്‌ തിരിഞ്ഞിട്ട്‌ “നിങ്ങൾക്കിഷ്‌ടമുളളതൊക്കെ പറഞ്ഞോളൂ-പക്ഷേ എന്റെ ആ ഫെഡ്‌കോ ഉണ്ടല്ലോ-അയാൾക്ക്‌ തനിക്കിഷ്‌ടമുളളിടത്തൊക്കെ ഒരു ജോലിക്കാളക്കുട്ടികളെപോലെ നിങ്ങളെ കൊണ്ടുനടക്കാൻ സാധിക്കും. അതിനുളള കഴിവ്‌ അയാൾക്കുണ്ട്‌! അതേ സമയം എനിക്കാകട്ടെ ആ കളളൻ ഫെഡ്‌കോയെ പിടിച്ച്‌ പൊടി ഇട്ടുവയ്‌ക്കുന്നപോലെ എന്റെ പുകയിലച്ചെപ്പിൽ വച്ചടച്ച്‌ എന്റെ കീശയിലേക്ക്‌ ഇടാൻ സാധിക്കും. അതിന്റെ അർത്ഥം ഒന്നേയുളളൂ-എന്നെപ്പോലുളെളാരു വയസ്സൻ പട്ടിയുമായി താരതമ്യം ചെയ്യുമ്പോൾ, നിങ്ങൾ ചുമ്മാ വെറും പട്ടിക്കുഞ്ഞുങ്ങൾ മാത്രമാണെന്നത്രെ.”

Generated from archived content: anthagayakan24.html Author: korolenkov

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English