ഇരുപത്തിമൂന്ന്‌

ആരോ പറഞ്ഞതുപോലെ കണ്ണുകൾ ആത്മാവിന്റെ ദർപ്പണമാണ്‌. കണ്ണുകൾ ആത്മാവിന്റെ ജാലകങ്ങളാണെന്നതാവും അതിനേക്കാൾ കൂടുതൽ സത്യം. കാരണം ആത്മാവ്‌ പുറത്തുനിന്നും നാനാതരങ്ങളായ തിളങ്ങുന്ന നിറങ്ങളുടെ പ്രതീതികൾ ഉൾക്കൊളളുന്നത്‌ കണ്ണുകളിലൂടെയാണല്ലോ. നമ്മിലെ ആത്മീയസംവിധാനത്തിന്റെ ഏതു പ്രതലമാണ്‌ ദൃശ്യപ്രതീതികൾക്കു വിധേയമായിരിക്കുന്നതെന്ന്‌ ആർക്കാണു പറയാനാവുക?

ഒരു മനുഷ്യൻ വെറുമൊരു കണ്ണിമാത്രം. അവനിലൂടെ ഭാവിയിലേക്ക്‌ ആ ചങ്ങല നീളുകയാണ്‌. ആരംഭമേതെന്നറിയാത്ത ഭൂതകാലത്തിൽനിന്നും അനിശ്ചിതമായ വിദൂരഭാവിയിലേക്ക്‌ അത്‌ വലിച്ചു നീട്ടപ്പെടുന്നു. അത്തരമൊരു കണ്ണിയിൽ അന്ധനായ ഒരു കുട്ടി-ഏതോ ക്രൂരമായ സാധ്യത അവന്റെ കണ്ണുകൾ കൊട്ടിയടച്ചിരിക്കുന്നു. അവന്റെ ജീവിതമത്രയും അന്ധകാരത്തിൽ ചെലവഴിക്കപ്പെടണം. പ്രകാശവുമായി സംവദിക്കുവാനുളള ആത്മതന്ത്രികൾ അവനിൽ പരിഹരിക്കാനാവാത്തവിധം കേടായിപ്പോയി എന്നാണോ ഇതിനർത്ഥം? അല്ല. ഈ അന്ധകാരമായ ജീവിതത്തിലും പ്രകാശത്തോടുളള ആത്മാവിന്റെ സ്വീകാര്യസന്നദ്ധത തുടർന്നേ പറ്റൂ, വരാനിരിക്കുന്ന പുരുഷാന്തരങ്ങൾക്കുവേണ്ടി. ഒരു സാധാരണ മനുഷ്യന്റെ ആത്മാവാണ്‌ ഒരു അന്ധന്റെയും. സാധാരണ മനുഷ്യനുളള എല്ലാ സാധ്യതകളും അന്ധനുമുണ്ട്‌. എല്ലാ സാദ്ധ്യതകളും പൂർണ്ണതക്കായി ദാഹിക്കുന്നു. അങ്ങനെ നോക്കുമ്പോൾ അന്ധന്റെ ആത്മാവ്‌ വെളിച്ചത്തിനായി അനവരതം കൊതിക്കുന്നുണ്ട്‌.

ആഴം അളന്നു നിർണ്ണയിക്കാനാവാത്ത പാരമ്പര്യാർജ്ജിതമായ തലങ്ങളിലെവിടെയോ, ‘സാധ്യത’ എന്നു മാത്രം പറയാനാകുന്ന ഒരവ്യക്ത സ്ഥിതി പൊടുന്നനെ ഒരു പ്രകാശരശ്‌മിക്കു പ്രതികരണം നൽകാനായി ഉണ്ട്‌. പക്ഷേ ജാലകങ്ങൾ അടച്ചിടപ്പെട്ടിരിക്കുന്നു. അവന്റെ ജീവിതം മുഴുവനും അന്ധകാരത്തിൽ മുഴുകിയെ തീരൂ. ആ അന്ധകാരം മുഴുവനും മിഥ്യാരൂപങ്ങളാൽ ജീവസ്സുറ്റതുമാണ്‌.

ആ കുട്ടി ദുരിതങ്ങൾക്കു നടുവിൽ ദാരിദ്ര്യത്തി​‍്രൽ ജീവിച്ചിരുന്നുവെങ്കിൽ അവന്റെ ചിന്തകൾ പീഢനത്തിന്റെ ബാഹ്യ കാരണങ്ങളാൽ മാത്രം വലിച്ചെടുക്കപ്പെടുമായിരുന്നു. എന്നാൽ ഇവിടെ പെട്രോയുടെ കാര്യത്തിൽ അവന്‌ പുറമെനിന്നും ഒരു ശല്യവും വരരുതെന്ന നിഷ്‌കർഷയോടെയാണ്‌ അവനെ വളർത്തിക്കൊണ്ടു വന്നിരുന്നത്‌. അവർ അവന്‌ മുറിവേൽക്കാത്ത ശാന്തിയും സമാധാനവും നൽകിപ്പോന്നു. ഇവിടെ അവന്റെ ആത്മാവിനെ ഭരിച്ചിരിക്കുന്ന ശാന്തതയിൽ ശക്തമായ ഒരാഗ്രഹം മുളപൊട്ടി. അവനുചുറ്റും കുമിഞ്ഞിരുന്ന അന്ധകാരത്തിൽനിന്നും അവന്‌ അവ്യക്തമായ, ഉപേക്ഷിക്കാനാവാത്ത ഒരു ആവശ്യകതാബോധം-പൂർണ്ണതയ്‌ക്കായി ഉയിർത്തുവന്നു. ആഴങ്ങളിൽ അവനിൽ പ്രയോഗിക്കപ്പെടാതെ കിടന്നിരുന്ന ചില കഴിവുകൾക്ക്‌ പ്രകടരൂപം നൽകാനുളള ത്വരയായിരുന്നു അത്‌.

ഇവയെല്ലാം ചേർന്ന്‌ വിചിത്രവും വിവരണാതീതവുമായ പ്രതീക്ഷകളും പ്രേരണകളും അവനിലുദിപ്പിച്ചു. കുട്ടിക്കാലത്ത്‌ നാമെല്ലാം പറക്കുവാൻ ആഗ്രഹിച്ചിരുന്നില്ലേ. ആ പ്രായത്തിൽ നാം അതേപ്പറ്റി വിസ്‌മയകരങ്ങളായ എത്രയോ സ്വപ്‌നങ്ങൾ കണ്ടിരിക്കുന്നു.

വേദനാജനകമായ അന്വേഷണഭാവം ഇതൊക്കെയും കൂടി ആ കുട്ടിയുടെ മുഖത്ത്‌ വരുത്തിത്തീർത്തു. അവന്റെ മനസ്സിൽ കോളിളകുകയായിരുന്നു. ദൃശ്യപ്രതീതിയുടെ ‘സാധ്യതകൾ’ അവനിൽ ഊറിക്കിടന്നിരുന്നുവെങ്കിലും പ്രായോഗികമാക്കപ്പെട്ടിരുന്നില്ല. അവന്റെ ബാലസഹജമായ ചിന്തകളിൽ അവ വിചിത്രമായ കാഴ്‌ചകളായി പിറവിയെടുത്തു. ഇരുണ്ടതും രൂപരഹിതമായതും വർണ്ണനാതീതമായതും പ്രേരണ നൽകുന്നതും പീഡിപ്പിക്കുന്നതുമായ ഒരു പരിശ്രമം-എന്തെന്നറിയാത്ത ഒന്നിനെ അറിയുവാനായുളള ക്ലേശം.

അന്ധൻ ഒരപവാദമാണ്‌. പ്രകൃതി അങ്ങനെ ഈ അപവാദത്തിൽ ഉളളിൽ നിന്നു ചെറുക്കുന്നു. അതിക്രമിക്കപ്പെട്ട സാർവ്വലൗകിക നിയമം വീണ്ടും വ്യവസ്ഥിതമാക്കുവാനുളള പ്രകൃതിയുടെ അന്വേഷണം. അതാണ്‌ പെട്രോയുടെ അന്തസത്തയിൽ വന്നുചേർന്നത്‌.

അങ്ങനെ പെട്രോയുടെ വിഷയത്തിൽ ബാഹ്യപ്രചോദനങ്ങൾ നിരോധിക്കുവാൻ മാക്‌സിമിന്‌ കഴിഞ്ഞുവെങ്കിലും അവന്റെ അന്തരാളത്തിൽനിന്നും ഉണർന്നു വന്നുകൊണ്ടിരുന്ന ചോദനകൾ തടയുവാൻ അദ്ദേഹത്തിന്‌ കഴിയുമായിരുന്നില്ല. ആ അന്ധനായ കുട്ടിക്ക്‌ വന്നുചേരാനിടയുളള പീഡകളുടെ തീവ്രത കുറക്കുവാൻ മാത്രമേ ഈ നിരോധനം കൊണ്ട്‌ മാക്‌സിം ഉദ്ദേശിച്ചിരുന്നുളളൂ. ശേഷിച്ചതിന്‌ ആ അന്ധന്റെ നിർഭാഗ്യകരമായ വിധി മാത്രമാവും ഉത്തരവാദി, അവന്റെ അന്ധതയുടെ എല്ലാ തിക്ത പ്രത്യാഘാതങ്ങളോടെയും.

ഇത്‌ അവനിൽ പെരുകിപ്പെരുകി വന്നു. ഒരു ഭാരിച്ച മേഘംപോലെ അവന്റെ വിധി മുന്നേറി. അന്തരാ അവനിൽ ജന്മനാ സംഭവിച്ചിരുന്ന ജീവസ്സ്‌ കൂടുതൽ ശമിച്ചുകൊണ്ടിരുന്നു. വർഷങ്ങൾ കടന്നുപോയി. പിൻവാങ്ങുന്ന ഒരു ഋതുവെപ്പോലെ. എന്നാൽ അവന്റെ ഉളളിൽ ഇനിയും അവ്യക്തമായ വേദന ഒഴിഞ്ഞുമാറാതെ ഏറിയേറി പ്രതിദ്ധ്വനിച്ചു കൊണ്ടുവന്നു. ഇത്‌ അവന്റെ സ്വഭാവത്തെ ബാധിച്ചും തുടങ്ങി. നവവും വൈവിധ്യമുളളതുമായ പ്രതീതികൾ ബാല്യം തൊട്ടേ അവനെ ചിരിപ്പിച്ചിരുന്നു. ആ ചിരി ഇപ്പോൾ ഏറെക്കുറെ ഇല്ലാതായിക്കൊണ്ടിരുന്നു. ജീവിതത്തിന്റെ ഹാസ്യഭാവവും രസവും ചിരിയും അവന്‌ കുറച്ചൊക്കെ ഉൾക്കൊളളാൻ കഴിഞ്ഞിരുന്നു. എന്നാൽ ആ പ്രദേശത്തിന്റെ വിഷാദം കലർന്ന കാറ്റിലും അതിന്റെ ജനതയുടെ ഗാനങ്ങളിലും കലർന്നിരുന്ന ഛായാത്മകവും പ്രത്യാശാഭരിതവുമായ ധ്വനികൾ അവൻ അതീവ സംവേദനക്ഷമതയോടെ തിരിച്ചറിഞ്ഞിരുന്നു. ‘അകലെ തുറന്ന പാടത്തെ ശവകുടീരം കാറ്റിനോടിങ്ങനെ മന്ത്രിച്ചു’വെന്ന ഗാനം കേൾക്കുമ്പോഴൊക്കെ അവന്റെ കണ്ണുകൾ നിറയും. പോകെപ്പോകെ ഏകാകിതയ്‌ക്കായുളള അവന്റെ ദാഹം വർദ്ധിച്ചു. അവന്റെ പാഠങ്ങൾ തീർന്നപ്പോൾ അവൻ ഒറ്റയ്‌ക്കു തീണ്ടാടി നടന്നു. ആ വീട്ടിലെ ആരും അവന്റെ ഏകാന്തതയ്‌ക്കു ഭംഗം വരുത്തുവാൻ ശ്രമിച്ചതുമില്ല. അവൻ ഒറ്റയ്‌ക്ക്‌ ദൂരെയുളള ഒരു ശ്മശാനത്തിലേക്കും പുൽത്തകിടികളിലേക്കും പോകുമായിരുന്നു. അഥവാ അവന്റെ പുഴത്തീരത്തെ മലഞ്ചെരിവിലേക്ക്‌ പോകും. അവിടെ കിടന്നുകൊണ്ട്‌ അവൻ ഇലകളുടെ മർമ്മരമോ പുൽക്കൂട്ടത്തിന്റെ മന്ത്രണമോ പുൽത്തകിടിയിലൂടെയിഴയുന്ന ഇളംകാറ്റിന്റെ ദുർബ്ബലലാപനമോ ശ്രവിക്കും. അവന്റെ ആന്തരഭാവവുമായി ഇതൊക്കെ ഒരു സവിശേഷമട്ടിൽ സ്വരൈക്യം കൈക്കൊണ്ടു. പ്രകൃതിയെ തനിക്കാവുന്നിടത്തോളം സമഗ്രമായി അവൻ ഉൾക്കൊളളുകയും അനുഭവിക്കുകയും ചെയ്‌തു. ഇവിടെ പ്രകൃതി അവനെ അവ്യാഖ്യേയമായ പ്രശ്‌നങ്ങളാൽ ശല്യപ്പെടുത്തിയില്ല. ഇവിടെ കാറ്റ്‌ അവന്റെ ആത്മാവിലേക്ക്‌ നേരെ കടന്നുവന്നു. പുൽക്കൂട്ടം അനുകമ്പയോടെ പലതും അവന്റെ ശ്രവണേന്ദ്രിയത്തിൽ മന്ത്രിച്ചു. അവനുചുറ്റുമുളള ലളിതമായ ലയത്തോട്‌ അവന്റെ ആത്മാവ്‌ സമരസപ്പെട്ടപ്പോൾ, പ്രകൃതി സ്‌നേഹനിർഭരമായി അവനെ തലോടിയപ്പോൾ അവന്റെ ഹൃദയത്തിൽ എന്തോ തുടിച്ചുയർന്ന്‌, അവന്റെ സമസ്തസത്തയിലും പ്രവാഹമായി. അത്തരം നിമിഷങ്ങളിൽ അവൻ സ്വന്തം മുഖം നിഴൽ വീണ തണുത്ത പുൽത്തകിടിയിൽ ഒളിച്ചു പിടിക്കും. അവന്റെ മൃദുലമായ കണ്ണീർ അതിലേക്കു പകരും. ഇത്‌ കയ്പൻ കണ്ണീരല്ല, തികച്ചും സൗമ്യമായ ആനന്ദക്കണ്ണീർ തന്നെയാണത്‌. ചിലപ്പോൾ അവൻ പുല്ലാങ്കുഴലെടുത്ത്‌ ലോകത്തെത്തന്നെ വിസ്‌മരിച്ചുകൊണ്ട്‌ ആകാംക്ഷാഭരിതവും അവ്യക്തവുമായ രാഗങ്ങൾ ആലപിക്കും. ആ പുൽത്തകിടിയുമായി സാത്മ്യം കൊണ്ട രാഗങ്ങളാവും അവ.

ഈ മനോഭാവം പുലരുന്നവേളയിലുണ്ടായേക്കാവുന്ന ഏതൊരു മനുഷ്യസ്വരവും അവന്റെ പ്രശാന്തതയെ ഭഞ്ജിക്കും. അവനത്‌ കർണ്ണശല്യമായനുഭവപ്പെടും. അത്‌ മിക്കവാറും സ്വാഭാവികവുമാണ്‌. അത്തരം നിമിഷങ്ങളിൽ ഏറ്റവും ഉറ്റഹൃദയങ്ങളുമായി മാത്രമേ ആശയവിനിമയം സാധിക്കൂ. അത്തരം ഒരു സുഹൃത്തേ അവനുളളൂ. അവന്റെ അതേ പ്രായത്തിലുളള ആ പെൺകുട്ടി. നല്ല മുടിയുളള ആ പെൺകുട്ടി-എവലിനാ.

അവരുടെ സൗഹൃദം ഏകാഗ്രമായി മുന്നോട്ടുപോയി. അത്‌ പൂർണ്ണമായും പരസ്പരപൂരകമായ ഒരു ബന്ധമായിരുന്നു. എവലിനാ തന്റെ സുഹൃത്തിൽ തന്നിലെ ശാന്തത പകർന്നു നൽകി. അവളുടെ ജീവിതത്തിലെ സന്തോഷമായിത്തീർന്നു അത്‌. അവനു ചുറ്റുമുളള ജീവിതത്തിന്റെ സൂക്ഷ്‌മവ്യത്യാസങ്ങൾ അവന്‌ പകർന്നു നൽകുവാൻ അവളുടെ സ്‌നേഹം ശ്രമിച്ചു. അവന്റെ അന്ധതയിൽ അവൾ സഹായിച്ചു. അവൻ അവന്റെ സങ്കടം അവളോട്‌ പറഞ്ഞു. ആദ്യമായി അവന്റെ സങ്കടനിവേദനം അവളുടെ ഹൃദയത്തിൽ ആഴമേറിയ ഒരു വ്രണം സൃഷ്‌ടിച്ചു. ഒരു കഠാര കുത്തിയിറക്കിയാലെന്നപോലെയായിരുന്നു ആ മുറിപ്പാട്‌. ആ കഠാര നെഞ്ചിൽ നിന്നൂരിയെടുക്കപ്പെട്ടാലോ-അവൾ രക്തം വാർന്ന്‌ മരിക്കുകയാവും ഫലം. ആ മലഞ്ചെരിവിൽ അവർ തമ്മിലുണ്ടായ ആദ്യ പരിചയം അങ്ങനെ വളർന്നുവളർന്ന്‌ അവൾക്ക്‌ ഒഴിവാക്കാനാവാത്തതായി മാറി. അവർ പിരിഞ്ഞിരിക്കുന്ന വേളകളിൽ ആ മുറിവിൽ നിന്നും രക്തം കൂടുതൽ പുറത്തേക്കൊഴുകി. വേദന അവളുടെ ഹൃദയത്തെയാകെ ഗ്രസിക്കുകയും ചെയ്‌തു. അവനോടുളള അവസാനിക്കാത്ത ശ്രദ്ധയാൽ അവൾ അവളുടെ ആത്മപീഡയെ ലഘൂകരിച്ചു. അവൾ അവനോടൊട്ടിച്ചേർന്നു.

സൗമ്യമായൊരു ശരത്‌കാല സായാഹ്നത്തിൽ ഇരുകുടുംബങ്ങളും വീടിനുമുന്നിലെ പുൽപ്പരപ്പിൽ ഒത്തുകൂടി. അതുമിതും സംസാരിച്ചും ഇടയ്‌ക്കിടെ അഗാധനീലിമയാർന്ന ആകാശത്തേക്കു കണ്ണോടിച്ചും അവർ സമയം ചെലവഴിച്ചു. ആകാശം നിറയെ തിളങ്ങുന്ന നക്ഷത്രങ്ങളുണ്ടായിരുന്നു. കണ്ണറിയാത്ത കുട്ടി അവന്റെ അമ്മയോടൊപ്പമായിരുന്നു. എപ്പോഴുമെന്നപോലെ എവലിനാ അവന്റെ അരികെയും. ഒരു നിമിഷനേരത്തേക്ക്‌ സംഭാഷണം നിലച്ചു. സായാഹ്നം വളരെ ശാന്തമായിരുന്നു. ഇടയ്‌ക്കിടെ ഇലകൾ കാറ്റിലിളകിപ്പിടച്ച്‌ എന്തൊക്കെയോ മന്ത്രിച്ചു, വീണ്ടും നിശ്ചലമായി.

പൊടുന്നനെ ഒരു നക്ഷത്രം അതിരുന്ന സ്ഥാനത്തുനിന്നും താഴേക്കു പതിക്കുന്നത്‌ ആ ചെറുസംഘം കണ്ടു. പ്രകാശഭരിതമായ ഒരു വക്രമാർഗ്ഗം സൃഷ്‌ടിച്ചുകൊണ്ട്‌ അത്‌ താഴോട്ടൊഴുകി, അതിനുപിന്നിൽ ഒരു സ്‌ഫുരൽ പ്രകാശം വമിപ്പിച്ചുകൊണ്ട്‌. ആ നേരിയ പ്രയാണ രേഖ അൽപ്പനേരം നീണ്ടുനിന്നു. അവർ ശ്രദ്ധാപൂർവ്വം അതുതന്നെ നോക്കിക്കൊണ്ടിരുന്നു. അന്നാ മിഖലയവ്‌നയുടെ കൈ പെട്രോയുടെ മേലായിരുന്നു. അവർ അവനെ തട്ടി. അവർ വിറച്ചു.

“എന്താ..എന്താണത്‌?” അവൻ അമ്മയുടെ നേരെ നോക്കി ചോദിച്ചു.

“മോനേ….ഒരു നക്ഷത്രം താഴേക്കു വീഴുന്നു.”

“എന്ത്‌? ഒരു നക്ഷത്രമോ? എനിക്കറിയാമായിരുന്നു അതൊരു നക്ഷത്രമാണെന്ന്‌.”

“എങ്ങനെ നിനക്കറിയാമായിരുന്നു പെട്രോ.” സംശയത്തിന്റെ ഒരു വിഷാദധ്വനി ആ സ്വരത്തിലുൾച്ചേർന്നിരുന്നു.

“ങാ! ശരിയാവണമത്‌.” എവലിനാ അഭിപ്രായപ്പെട്ടു. “അവന്‌ അങ്ങനെ ഒരു പാഴ്‌ കാര്യങ്ങളറിയാം. എങ്ങനെയാണോ എന്തോ?”

ഓരോ ദിവസവും കടന്നുപോകെ ബാഹ്യലോകത്തോടുളള സംവേദകത്വം വർദ്ധിച്ചുകൊണ്ടിരുന്നു. കൗമാരത്തിനും യൗവ്വനത്തിനുമിടയിലുളള ഗുണദോഷവിചാരയുക്തമായ ഒരു പ്രായത്തിലേക്ക്‌ പെട്രോ അതിവേഗം അടുത്തുകൊണ്ടിരിക്കുകയായിരുന്നു. എന്തായാലും പെട്രോയുടെ വികാസം മിക്കവാറും പൂർത്തിയായിക്കഴിഞ്ഞിരുന്നു. അവൻ വിധിക്കു കീഴടങ്ങി ജീവിതവുമായി രാജിയായി എന്ന്‌ തോന്നിപ്പിച്ചിരുന്നു. അവന്റെ ആത്മവേദന അധികരിച്ചിരുന്നില്ല. അത്‌ പഴയ മട്ടിൽ അവനെ പിഡിപ്പിച്ചുകൊണ്ടിരുന്നുവെന്നു തോന്നുന്നില്ല. അവന്‌ അതൊരു ശീലമായി മാറിയിരുന്നു. ഈയിടെ ആ വേദന അൽപ്പം ശമിച്ചുകൊണ്ടിരുന്നു. എന്നാൽ അത്‌ താൽക്കാലികമായ വെറും ഒരിടവേള മാത്രമായിരുന്നു. ഒരു കൃത്യനിശ്ചയത്തോടെ പ്രകൃതി നമുക്കു സമ്മാനിക്കുന്ന ശ്വാസം കഴിക്കാനുളള സ്ഥലം മാത്രമാണത്തരം ഇടവേളകൾ. ആയതിലൂടെ ആ യുവജീവിതം അതിന്റെ കരുത്ത്‌ സമാഹരിക്കുകയും പുതിയ കൊടുങ്കാറ്റുകളും ദുരിതവും അഭിമുഖീകരിക്കുവാൻ ശക്തി നേടുകയും ചെയ്‌തേക്കാം, ഈ ഇടവേളകളിൽ പുതിയ പ്രശ്‌നങ്ങൾ ആവിർഭവിച്ചുവെന്നും വരാം. അവ ശ്രദ്ധിക്കപ്പെട്ടില്ലെന്നും പോകെപ്പോകെ പക്വമായിത്തീർന്നെന്നും വരാം. ഒരു സ്പർശം-അതോടെ മനഃസമാധാനം സംഘർഷത്തിലേക്ക്‌ വലിച്ചെറിയപ്പെടുന്നു. അതിന്റെ ആഴങ്ങളിലേക്ക്‌-പൊടുന്നനെയുണ്ടാകുന്ന കൊടുങ്കാറ്റ്‌ കടലിന്റെ ശാന്തിയെ ഒരുനിമിഷം കൊണ്ട്‌ തകർത്തെറിയുന്നതുപോലെ.

Generated from archived content: anthagayakan23.html Author: korolenkov

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here