ഇരുപത്തിരണ്ട്‌

ചില ആത്മാക്കളുണ്ട്‌. അവർ പീഡിതരായവരെ സ്‌നേഹിക്കാനും സഹായിക്കാനും തയ്യാറാവുന്നു. ഇത്തരം ആത്മാക്കൾക്ക്‌ മതശുശ്രൂഷയുടെ അർത്ഥം നിർഭാഗ്യത്തിൽ പെട്ടവരെ സേവിക്കുകയെന്ന ഒരു ജൈവിക ആവശ്യം തന്നെയാണ്‌. അവർക്ക്‌ ജീവിതപ്രാണവായു തന്നെ അതാണ്‌. പ്രകൃതി ഈ ആത്മാക്കൾക്ക്‌ ഒരു ഏകാന്തതാഭാവം നൽകി അവരോട്‌ കനിഞ്ഞിരിക്കുന്നു. അതിന്റെ അഭാവത്തിലോ, ദൈനംദിന ജീവിതത്തിലെ ശുഷ്‌കമായ ധീരതയൊക്കെ ദുർഗ്രാഹ്യമായി തോന്നുകയേയുളളൂ. ഇത്തരമാളുകൾ നിർവികാരരും, സംയമനക്കാരും, തണുപ്പനും, എല്ലാത്തരം ആഗ്രഹങ്ങൾക്കും അതീതരായും കാണാപ്പെടാറുണ്ട്‌. മഞ്ഞുകൊണ്ടുളള മകുടമുളള പർവ്വതനിരകളെപ്പോലെ തണുപ്പനായി കാണപ്പെടുന്നു; ആ ഉന്നത ശിഖരങ്ങളെപ്പോലെ തന്നെ അവർക്കും രാജകീയ പ്രൗഡിയുണ്ട്‌. ഇഹലോകത്തിലെ സർവ്വതും, അടിസ്ഥാനപരമായ അഴുക്കുപോലെ അവരുടെ കാൽക്കൽ വീഴുന്നു. ഒരു അരയന്നത്തിന്റെ ചിറകുകളിൽ നിന്നും, ചെളി തെറിച്ചുപോകുന്നതുപോലെ കിംവദന്തിയും, ഏഷണിയും അവരുടെ മഞ്ഞു നിറഞ്ഞ വെളളക്കുപ്പായത്തിലൂടെ തെന്നിപ്പോവുന്നു.

ജീവിതം കൊണ്ടോ പരിശീലനത്താലോ സൃഷ്‌ടിക്കപ്പെട്ട ഇത്തരക്കാർ നന്നെ വിരളമത്രെ. സിദ്ധികൾപ്പോലെ, പ്രതിഭപോലെ, ഇത്‌ തെരഞ്ഞെടുത്ത ഏതാനും പേർക്കുളള പ്രകൃതിയുടെ വരദാനമത്രെ! അതിന്റെ അങ്കുരങ്ങൾ പ്രാരംഭദിശയിലെ പ്രകടമാകുന്ന; പെട്രോയുടെ കുഞ്ഞ്‌ സുഹൃത്തിലും ഇതെല്ലാം തികച്ചും വ്യക്തമായിരുന്നു. ബാലസഹജമായ ഈ സൗഹൃദബന്ധം കൊണ്ട്‌ ഈ അന്ധകുമാരന്‌ എന്ത്‌ സന്തുഷ്‌ടി ഭവിക്കുമെന്ന്‌ അവന്റെ അമ്മ പെട്ടെന്നുതന്നെ മനസ്സിലാക്കി അവളെപ്പോലെതന്നെ ഇത്‌ കണ്ടറിഞ്ഞ മാക്‌സിമിനാകട്ടെ, ഈ കുഞ്ഞിന്‌ തന്റെ കുറവുകളൊക്കെ നികത്തപ്പെട്ട സ്ഥിതിക്ക്‌ അവന്റെ ആത്മീയവികാസപാത, സുഖകരവും, തടസ്സപ്പെടാത്തതും, അലോസരമില്ലാത്തതുമായിരിക്കുമെന്ന തോന്നൽ ഉളവായി.

പക്ഷെ അത്‌ കഠിതതരമായ ഒരു പിശകായിരുന്നു.

പെട്രോ അപ്പോഴും കുട്ടിയായിരുന്നു. ആ കുട്ടിയുടെ ആത്മീയവികാസത്തിൽ പൂർണ്ണനിയന്ത്രണം താൻ കൈക്കൊളേളണ്ടതാണ്‌ എന്ന്‌ മാക്‌സിം അമ്മാവൻ കരുതി. അവന്റെ വളർച്ചയിലെ ഓരോ ഘടകങ്ങളും ഒരുപക്ഷേ ഈ അദ്ധ്യാപകന്റെ നേരിട്ടുളള സ്വാധീനത്തിൽനിന്നും ഉയർന്നുവന്നവയാണ്‌. പുതുതായി അവനിൽ വികസിച്ചേക്കാവുന്ന ഒരുതരം ആത്മീയവികാസവും തന്റെ വിധേയത്വത്തിൽ നിന്നും വിമുക്തമായിക്കൂടാ എന്ന്‌ അദ്ദേഹം വാശിപിടിച്ചു. എന്നാൽ പെട്രോ കൗമാരത്തിലേക്ക്‌ പ്രവേശിച്ചപ്പോൾ പാണ്ഡിത്യവലുപ്പം കാട്ടിയ ആ അദ്ധ്യാപകന്റെ മഹത്തായ ആശയങ്ങൾ പ്രായോഗികമല്ലാതെ വന്നു. ഒരാഴ്‌ചക്കുളളിലാണ്‌ കാര്യങ്ങൾ തകിടം മറിഞ്ഞത്‌. സംഭ്രമജനകമായ ആ മാറ്റം മാക്‌സിമിനെ അതിശയിപ്പിച്ചു. ആ അന്ധകുമാരന്റെ മനസ്സിൽ എങ്ങനെ എവിടെ നിന്നും ആശയങ്ങൾ വന്നുചേർന്നു എന്നറിയാനദ്ദേഹത്തിന്‌ കഴിഞ്ഞില്ല.

ഒരുപക്ഷേ അജ്ഞാതമായ ചില ശക്തികൾ അവന്റെ ആഴങ്ങളിൽ സുഷുപ്തമായി കിടന്നിരിക്കാം. സ്വതന്ത്രമായ ആത്മീയവികാസത്തിന്റെ നിമിഷത്തിൽ അവയെല്ലാം ഉപരിതലത്തിലേക്ക്‌ പൊന്തിവന്നതുമാകാം. തന്റെ പാണ്ഡിത്യഗർവ്വത്തിന്റെ വഴിയിൽ വിലങ്ങുതടിയായി ഉയർന്നുവന്ന ഇത്തരം ദുരൂഹപ്രക്രിയകൾക്കുമുന്നിൽ ഉദ്വോഗത്തോടെ മാക്‌സിം ശിരസ്സു നമിച്ചുപോയി. പ്രകൃതിക്ക്‌ ചില ഉദ്ദീപനങ്ങളെ, വെളിപാടുകളുടെ ചില മാർഗ്ഗങ്ങളെ അറിയാം, ആ അന്ധനെ പരിശീലിപ്പിക്കുവാൻ, കാരണം നേരിട്ട്‌ അവന്റെ കാര്യത്തിൽ അതിന്‌ കഴിയുകയില്ലല്ലോ. ഇങ്ങനെ ഈ വിഷയത്തെ അടിസ്ഥാനമാക്കി ജീവിതത്തിന്റെ വിവിധങ്ങളായ പ്രതിഭാസങ്ങളെക്കുറിച്ചും, അതിന്റെ അനന്തമായ നൈരന്തര്യത്തെക്കുറിച്ചും അദ്ദേഹം ചിന്തിച്ചു. വ്യക്തിജീവിതങ്ങളുടെ വിജയഘോഷകളിൽ ഓരോ വിശദാംശങ്ങളിലും അത്‌ അനവസാനമായി മുന്നേറിക്കൊണ്ടേയിരിക്കുന്നു.

തനിക്ക്‌ പെട്രോയുടെ മാനസികവികാസം ഉൾക്കൊളളാൻ കഴിയുന്നില്ലെന്ന നില മാക്‌സിമിനെ അമ്പരപ്പിച്ചു. താൻ ഇനി അവന്റെ ഗുരുവായിരിക്കുന്നതല്ലെന്ന യാഥാർത്ഥ്യം അദ്ദേഹത്തെ പൊളളിച്ചു. തന്റെ ഇച്ഛാശക്തിയിൽനിന്നും സ്വാധീനത്തിൽനിന്നും വിമുക്തമായ എന്തോ ആ വിദ്യാർത്ഥിയിൽ പ്രവർത്തിക്കുന്നുണ്ട്‌. കുട്ടിയുടെ ഭാവിയെ ഇത്‌ തകരാറിൽപ്പെടുത്തിയാലോ എന്ന്‌ മാക്‌സിം ഭയപ്പെട്ടു. അവൻ അന്ധനാണ്‌. അന്ധർക്കനുവദിക്കപ്പെട്ടിട്ടില്ലാത്ത ആഗ്രഹങ്ങളോ മോഹങ്ങളോ അവനുണ്ടായാൽ അത്‌ അവനെ കൂടുതൽ ഹതാശനാക്കുകയേയുളളൂ. അവൻ ആ പീഡകൾകൂടി അനുഭവിക്കേണ്ടിയും വരും. കുട്ടിയിലുണ്ടായ പുതിയ ചോദനകൾക്കെന്തു കാരണമെന്നു തിരക്കാൻ മാക്‌സിം ഉദ്യുക്തനായി. അവയെ, പുതിയ അറിവിന്റെ പ്രവാഹങ്ങളെ തടയാമെന്ന ആഗ്രഹത്താൽ ആയിരുന്നു അത്‌. ആ കുട്ടിയുടെ നന്മയെക്കരുതി മാത്രം പൊടുന്നനെയുണ്ടായ ഈ അസാധാരണ മാറ്റങ്ങൾ പെട്രോയുടെ അമ്മയും ശ്രദ്ധിച്ചു. ഒരുദിവസം രാവിലെ മുൻപൊരിക്കലുമില്ലാവിധം അമ്പരന്നു പെട്രോ അമ്മയുടെ അരികിലേക്കോടിയെത്തി.

“അമ്മേ, അമ്മേ…” അവൻ പറഞ്ഞു. “ഞാനൊരു സ്വപ്നം കണ്ടു.”

“എന്തായിരുന്നു ആ സ്വപ്നം?” തനിക്ക്‌ നിയന്ത്രിക്കാൻ കഴിയാത്ത ഒരു വിഷാദപൂർണ്ണമായ സംശയഭാവത്തോടെ അമ്മ തിരക്കി.

“അമ്മേ.. ഞാൻ സ്വപ്നത്തിൽ അമ്മയെ കണ്ടു. മാക്‌സിം അമ്മാവനെ കണ്ടു. പിന്നീട്‌.. പിന്നീട്‌ സകലതും ഞാൻ കണ്ടു. ഹൊ! വളരെ മനോഹരമായിരുന്നു. അമ്മേ! വളരെ മനോഹരം..”

“ശരി. നീ പിന്നീടെന്തൊക്കെ കണ്ടു?”

“ഓർമ്മിക്കാനാവുന്നില്ല.”

“എനിക്കെന്തുപ്പറ്റിയെന്നോർമ്മയുണ്ടോ?”

“ഇല്ല.” അവൻ നിഷേധബുദ്ധിയോടെ പറഞ്ഞു.

“ഒന്നുമോർക്കാൻ കഴിയുന്നില്ല…ഒന്നും.”

ഒരുനിമിഷം അവിടെ നിശ്ശബ്‌ദത പരന്നു.

“എന്നാൽ… എല്ലാം എന്റെ കണ്ണുകൾ കൊണ്ടെന്നപോലെ ഞാൻ കണ്ടു. സത്യം.” അവൻ ആവേശിതനായി. അവന്റെ മുഖം പിന്നീട്‌ മേഘാവൃതമായി. അന്ധമായ ആ മിഴികളിൽ അശ്രുബിന്ദുക്കൾ ഉരുണ്ടുകൂടി.

ഇങ്ങനെ പലവട്ടം സംഭവിച്ചു. ഓരോ ആവർത്തനത്തോടൊപ്പവും അവൻ വളരുകയായിരുന്നു, കൂടുതൽ അശാന്തനായി.

ഒരുദിവസം മുറ്റത്തൂടെ കടന്നുപോകവേ ഡ്രായിംഗ്‌ റൂമിൽനിന്നും വിചിത്ര ശബ്‌ദങ്ങളുയരുന്നത്‌ മാക്‌സിം അമ്മാവൻ കേട്ടു. അവിടെയിരുന്നാണ്‌ പെട്രോ സംഗീതമഭ്യസിക്കുക. “കൊളളാം. വളരെ അസാധാരണമായ അഭ്യസനം. മാക്‌സിം ഉളളിൽ കരുതി. അതിൽ രണ്ട്‌ സ്വരസ്ഥാനങ്ങളുണ്ടായിരുന്നു. വളരെ താരസ്ഥായിയിൽ വിറക്കുന്ന ഒരു സ്വരം. ആവർത്തിച്ച്‌ അതിവേഗം അത്‌ മുഴങ്ങിക്കൊണ്ടിരുന്നു. പിന്നീട്‌ തുടരെത്തുടരെ കീഴ്‌സ്ഥായിയിൽ മറ്റൊരു സ്വരവും. എന്താണീ അസാധാരണ സംഗീതപാഠം അർത്ഥമാക്കുന്നത്‌? മാക്‌സിം നേരെ വീട്ടിലേക്കു തിരിച്ചു നടന്നു. ഡ്രായിംഗ്‌റൂമിന്റെ വാതിൽ അദ്ദേഹം തുറന്നു. താൻ അഭിമുഖീകരിച്ച ദൃശ്യത്തെ ഉൾക്കൊളളാനാവാതെ അദ്ദേഹം വിസ്‌മയിച്ചു നിന്നു.

പെട്രോക്ക്‌ ഇപ്പോൾ വയസ്സ്‌ പത്തായി കഴിഞ്ഞിരുന്നു. അമ്മയുടെ പാദങ്ങൾക്കരികിലായി ഒരു പീഠത്തിൽ അവനിരിക്കുകയായിരുന്നു. അവന്റെ തൊട്ടടുത്തായി കഴുത്ത്‌ പുറത്തേക്കുന്തിയും കൊക്ക്‌ നിരന്തരം അസ്വസ്ഥമായി വശങ്ങളിലേക്ക്‌ തിരിച്ചും ഒരു പക്ഷിയുമുണ്ട്‌. ഇയോക്കിം അവന്‌ പിടിച്ചു കൊടുത്ത ഒരു കൊക്കാണത്‌. പെട്രോ അതിനെ അരുമയായി വളർത്തിപ്പോന്നതാണ്‌. സ്വന്തം കൈകൊണ്ടവനതിനാഹാരവും നൽകിയിരുന്നു. ആ പക്ഷി അവനെ എവിടെയും പിന്തുടർന്നു. ഇപ്പോൾ അവന്റെ ഒരു കൈയ്യിലാണ്‌ പക്ഷിയുടെ സ്ഥാനം. മറ്റേ കൈവെച്ച്‌ അവൻ പക്ഷിയുടെ തൂവലുകളിൽ മൃദുവായി തടവിക്കൊണ്ട്‌ താലോലിച്ചിരുന്നു. കഴുത്തിലും പുറത്തും ചിറകുകളിലും അവൻ തടവി. അവന്റെ മുഖത്ത്‌ ഉറ്റ ശ്രദ്ധയുമുണ്ടായിരുന്നു. അമ്മ, പിയാനോക്കരികിൽ. അവരുടെ മുഖം അതിശയത്താൽ ചുവന്നു കാണപ്പെട്ടു. അവരുടെ ഇരുണ്ട നയനങ്ങൾ ദുഃഖാകുലങ്ങളായിരുന്നു. ദ്രുതഗതിയിൽ താരസ്ഥായിയിൽ. തുടർന്ന്‌ കീഴ്‌സ്ഥായിയിലും. തന്റെ മുട്ടുകൾക്കരികിലിരുന്നിരുന്ന കുട്ടിയുടെ മുഖത്തേക്ക്‌ വേദന കലർന്ന വ്യഗ്രതയോടെ അമ്മ നോക്കുന്നുമുണ്ടായിരുന്നു. ഉച്ചസ്ഥായിയിൽ സ്വരമുയരുമ്പോൾ പെട്രോയുടെ വിരലുകൾ കൊക്കിന്റെ ഒരു വശത്തെ ഒരു വെളളത്തൂവലിലെത്തും. കീഴ്‌സ്ഥായിയിലാവുമ്പോൾ മറ്റുവശത്തെ ഒരു കറുത്ത തൂവലിലും. ആ മുഴക്കങ്ങളായിരുന്നു മുറിക്കു പുറത്തേക്കൊഴുകിയിരുന്നത്‌.

അവർ ഇരുവരും ചെയ്തിരുന്ന പ്രവൃത്തിയിൽ ഏറെ മുഴുകിപ്പോയിരുന്നതിനാൽ വാതിൽക്കൽ മാക്‌സിം എത്തിയത്‌ അവരറിഞ്ഞതേയില്ല. അത്ഭുതത്തിൽ നിന്നുണർന്ന മാക്‌സിം വലിയ ശബ്‌ദത്തോടെ അതിലിടപെട്ടു.

”അന്നാ-എന്താണിതിന്റെയൊക്കെ അർത്ഥം?“

സഹോദരന്റെ അന്വേഷണദ്യോതകമായ നോട്ടം കണ്ട്‌ അന്നാ മിഖലയേവ്ന ഒരു കുസൃതിക്കുട്ടി തന്നെ അദ്ധ്യാപകൻ കണ്ടുപിടിച്ചപ്പോഴെന്നപോലെ മുഖം താഴ്‌ത്തി.

”നോക്കൂ…“ അവർ വിചിത്രതരമായി വിശദീകരിച്ചു.

”ആ തൂവലുകളുടെ നിറങ്ങളിൽ അവന്‌ എന്തോ വ്യത്യസ്തതയനുഭവപ്പെടുന്നുണ്ടെന്ന്‌ പെട്രോ പറയുന്നു. എന്നാൽ എന്താണാ വ്യത്യാസമെന്ന്‌ മനസ്സിലാക്കാൻ കഴിയുന്നുമില്ല. അവൻ തന്നെ പറഞ്ഞതാണത്‌. സത്യം… അപ്പോൾ ഞാൻ കരുതി അവനങ്ങനെ ശരിക്കും അനുഭവിക്കുന്നുണ്ടാകുമെന്ന്‌..“

”അങ്ങനെയാണെങ്കിൽ?“

”ഞാൻ കരുതി ആ നിറവ്യത്യാസം അവന്‌ അനുഭൂതമാകുവാൻ എനിക്ക്‌ സഹായിക്കാനാവുമെങ്കിൽ-ഈ സ്വരങ്ങളുടെ വ്യത്യസ്തതയാൽ… എന്നെ കൂടുതൽ ക്രോസ്‌ വിസ്‌താരം ചെയ്യരുതേ… മാക്‌സ്‌, ഞാൻ കരുതി ഇതാവും അതിന്‌ അനുരൂപമെന്ന്‌.“

ഒന്നും പറയാനാവാതെ മാക്‌സിം സ്തബ്‌ധനായി നിന്നു. ഒരിക്കൽക്കൂടി ആ പരീക്ഷണം ആവർത്തിക്കുവാൻ മാക്‌സിം ആവശ്യപ്പെട്ടു. മൂകമായി അത്‌ നിരീക്ഷിക്കുന്ന ആ അന്ധകുമാരന്റെ ശ്രദ്ധാപൂർണ്ണമായ മുഖം അദ്ദേഹം ഉറ്റുനോക്കി. അവൻ തല കുലുക്കുന്നുമുണ്ടായിരുന്നു.

”അന്നാ… എന്നെ മനസ്സിലാക്കൂ..“ പെട്രോ മുറി വിട്ടുപോയപ്പോൾ മാക്‌സിം പറഞ്ഞു. ”ഒരിക്കലും അവന്റെ മനസ്സിന്‌ പൂർണ്ണ തൃപ്‌തി നൽകാൻ നമുക്ക്‌ കഴിയില്ലെന്നിരിക്കെ അവന്റെ മനസ്സിൽ പുതിയ ചോദ്യങ്ങൾ മുളക്കുവാൻ നാം കാരണക്കാരായി തീരരുത്‌.“

”പക്ഷേ, അവനാണിത്‌ എടുത്തിട്ടത്‌… സത്യം…“ അവർ കരഞ്ഞു.

”അതെന്തായാലും… അതിൽ ഭേദമില്ല. അവന്‌ അന്ധതയെ അതിജീവിക്കാനാവില്ല. ഒതുങ്ങിക്കൂടാനെ ആവൂ. വെളിച്ചത്തെക്കുറിച്ച്‌ അവനെ ഓർമ്മിപ്പിക്കാതിരിക്കുകയാണ്‌ നാം വേണ്ടത്‌. അർത്ഥശൂന്യമായ ചോദ്യങ്ങൾ അവൻ ചോദിക്കാതിരിക്കുന്നതിനുവേണ്ടി ഞാൻ ബോധപൂർവ്വം ശ്രമിക്കാറുണ്ട്‌. ബാഹ്യപ്രചോദനങ്ങൾ അവനിൽ ഒന്നും ഉദിപ്പിക്കാതിരിക്കുവാൻ ഞാൻ കരുതലെടുക്കുന്നു. അങ്ങനെ ആ വകയിൽനിന്നും നമുക്ക്‌ അവനെ ഒഴിപ്പിച്ചു നിർത്താൻ കഴിഞ്ഞാൽ അവന്റെ ഇന്ദ്രിയ സംവേദനങ്ങളിലെ കുറവുകൾ അവൻ കൂടുതൽ അറിയാതെയാവും. നാം അഞ്ച്‌ ഇന്ദ്രിയങ്ങളുടെ ഉടമകൾ ആറാമതൊരു ഇന്ദ്രിയത്തെ ഒരിക്കലും അറിയാത്തതുപോലെ…“

”ആ! പക്ഷേ നമുക്കതറിയാമല്ലോ?“

”അന്നാ..“

”അറിയാം. നമുക്കറിയാം.“ അവർ വഴങ്ങിയില്ല.

”അസാദ്ധ്യമായ പലതിനും വേണ്ടി നാം ആഗ്രഹിക്കുന്നു.“ സഹോദരന്റെ വിദഗ്‌ദ്ധോപദേശത്തെ അവർ സമ്മതിച്ചു കൊടുക്കാൻ തയ്യാറായില്ല.

ഇത്തവണ മാക്‌സിമിന്‌ തെറ്റുപറ്റിയിരുന്നു. എല്ലാ ബാഹ്യപ്രചോദനങ്ങളേയും നിരോധിക്കുവാനുളള അദ്ദേഹത്തിന്റെ ഉത്‌ക്കണ്‌ഠക്കിടെ അദ്ദേഹം ഒരു കാര്യത്തിൽ പരാജയപ്പെട്ടു. പ്രകൃതി തന്നെ ആ അന്ധകുമാരന്റെ അന്തഃസത്തയിൽ കരുതിവെച്ചിരുന്ന ചോദനകളെ കണക്കിലെടുക്കുവാൻ മാക്‌സിമിന്‌ കഴിയാതെ പോയിരുന്നു.

Generated from archived content: anthagayakan22.html Author: korolenkov

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English