അൽപ്പ നിമിഷങ്ങൾ കടന്നുപോയി. ആ പെൺകുട്ടി തനിക്ക് തടുത്ത് നിർത്താൻ കഴിയാതെ വന്ന ഒരു പൊട്ടിക്കരച്ചിലോടെ സങ്കടം നിയന്ത്രിച്ചു നിർത്തി. കണ്ണുനീരിലൂടെ നോക്കി അവൾ അസ്തമയ സൂര്യനെ കണ്ടു. അത് സാവധാനം തിരിഞ്ഞു തിരിഞ്ഞു ചക്രവാളപ്പരപ്പിലെ കറുത്ത രേഖക്കുകീഴേക്ക് മുങ്ങിത്താഴ്‌ന്നു. ഇപ്പോൾ അതിന്റെ തീപോലുളള വക്ക് വീണ്ടും ഒന്നു തിളങ്ങി കുറച്ച് ജ്വലിക്കുന്ന പൊരികൾ പുറത്തേക്ക് പറന്നു. പൊടുന്നനെ വിദൂരമായ വനത്തിന്റെ ഇരുണ്ട ചിത്രം മുന്നിലേക്ക് തുഴഞ്ഞു വരികയും പരുക്കൻ അതിരുകളുളള ഒരു നീലിമ പ്രത്യക്ഷപ്പെടുകയും ചെയ്‌തു.
ഒരു കുളിർകാറ്റ് നദിയിൽ നിന്നും പറന്നുവന്നു. വരാനിരിക്കുന്ന രാത്രിയുടെ ശാന്തി ആ പെൺകുട്ടിയുടെ മുഖത്ത് പടർന്നു തുടങ്ങി. അവൻ ശിരസ്സു കുനിച്ച് ഇരുന്നു. അവളിൽ നിന്നുണ്ടായ സഹാനുഭൂതി പ്രവാഹത്തിന്റെ ചൂടിൽ അവൻ കുഴങ്ങിപ്പോയിരുന്നുതാനും.
“എന്നോട് ക്ഷമിക്കണേ…” ഒടുക്കം പെൺകുട്ടി പറഞ്ഞു. മുൻപ് അവളുടെ ഭാഗത്തുനിന്നും കാര്യമറിയാതെയുണ്ടായ പ്രതികരണത്തിന് ഒരു വിശദീകരണമെന്നോണമായിരുന്നു ആ അപേക്ഷ.
അവൾക്ക് കരച്ചിലൊടുങ്ങി സ്വന്തം ശബ്‌ദം തിരിച്ചു കിട്ടിയപ്പോൾ സംഭാഷണം ഒരു വ്യത്യസ്ത വിഷയത്തിലേക്കു തിരിച്ചുവിടാൻ അവൾ ശ്രമം തുടങ്ങി. വികാരവൈവശ്യം കൂടാതെ സംസാരിക്കാൻ പറ്റിയ ഒരു വിഷയം.
“സൂര്യൻ അസ്തമിച്ചു കഴിഞ്ഞല്ലോ.” അവൾ മന്ത്രിച്ചു.
“സൂര്യനെങ്ങനെയാണെന്നെനിക്കറിയില്ല.” അവൻ ആകാംഷയോടെ പറഞ്ഞു. “എനിക്കത്… അത്… അതനുഭവിക്കാനെ കഴിയൂ..”
“സൂര്യനെപ്പറ്റി അറിയില്ല?”
“എങ്ങനെയാണാ രൂപമെന്നറിയില്ല.”
“എന്നാൽ… അപ്പോ, തനിക്കു തന്റെ അമ്മയേയും അറിയില്ല, അല്ലേ?”
“അമ്മയെ അറിയാം. അമ്മയുടെ കാലൊച്ചകൾപോലും എനിക്ക് മനസ്സിലാവും.”
“ശരിയാണ്. കണ്ണുകൾ ഇറുകെ അടച്ചുവെച്ചാലും എന്റെ അമ്മയെ എനിക്കു തിരിച്ചറിയാം.”
ഇപ്പോൾ സംസാരം ശാന്തമായി. അൽപ്പം പ്രകാശം വന്ന ഭാവത്തോടെ പെട്രോ പറഞ്ഞു. “ഞാൻ പറഞ്ഞല്ലോ. സൂര്യനെ എനിക്ക് അനുഭവിക്കുവാനാകും. അസ്തമിക്കുന്നതുമറിയാനാവും.”
“അതെങ്ങനെയാണ്?”
“അത്… അതങ്ങനെ വിശദീകരിച്ചു തരാനാവില്ല.”
“ഓ!” ആ വിശദീകരണം കൊണ്ടു തൃപ്തയായെന്നപോലെ അവൾ പിന്തിരിഞ്ഞു.
ഒന്നുരണ്ടു നിമിഷങ്ങളോളം അവർ സംസാരിച്ചില്ല. പെട്രോ ആണ് നിശ്ശബ്‌ദത മുറിച്ചത്.
“എനിക്ക് വായിക്കാൻ കഴിയും.” അവൻ പ്രസ്താവിച്ചു.
“ഉടനെത്തന്നെ മഷിപ്പേനയുപയോഗിച്ച് എഴുതാനും പഠിക്കും ഞാൻ..”
“അതെങ്ങനെ?” അവൾ പെട്ടെന്ന് ആരാഞ്ഞു. ഈ വിഷയം വളരെ സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ടതാണെന്നവൾക്കു തോന്നി. അവൾ ചോദിച്ചുവരുന്നതെന്തെന്ന് പെട്രോക്ക് മനസ്സിലായി.
“ഞാൻ ചില പ്രത്യേക പുസ്‌തകങ്ങൾ ഉപയോഗിച്ചാണ് വായിക്കുന്നത്….. എന്റെ വിരലുകളുപയോഗിച്ചാണ്.”
“വിരലുകളുപയോഗിച്ചോ? എനിക്കതിനു ഒരിക്കലും കഴിയില്ല. ഞാൻ കണ്ണുകളുപയോഗിച്ചു വായിക്കുന്നു. അത്ര ഭേദപ്പെട്ട മട്ടിലല്ലെങ്കിലും. അച്‌ഛൻ പറയുന്നത് പെൺകുട്ടികൾ പഠിക്കേണ്ടതില്ലെന്നാണ്.”
“എനിക്ക് ഫ്രഞ്ചും വായിക്കാം.”
“ഫ്രഞ്ചോ? അതും വിരലുകളുപയോഗിച്ച്. താൻ എത്ര സമർത്ഥനാണ്.” അവൾ അത്ഭുതപ്പെട്ടു. അവളുടെ അവനോടുളള ആത്മാർത്ഥമായ അംഗീകാരം വ്യക്തമായിരുന്നു. “പക്ഷേ നോക്കൂ. തനിക്ക് ജലദോഷം പിടിച്ചേക്കുമെന്നെനിക്ക് ഭയം തോന്നുന്നു. അതാ പുഴയിലേക്ക് മൂടൽമഞ്ഞിറങ്ങി വരുന്നുണ്ട്.”
“അപ്പോൾ തനിക്കത് പ്രശ്‌നമല്ലേ?”
“എനിക്ക് മഞ്ഞിനെ ഭയമില്ല. അതെന്നെ ബാധിക്കില്ല.”
“ങാ! എന്നാലെനിക്കും മഞ്ഞിനെ ഭയമില്ല. മഞ്ഞുകൊണ്ട് ഒരു പെണ്ണിന് ജലദോഷം പിടിക്കുന്നില്ലെങ്കിൽ പിന്നെ ആണിന് പിടിക്കുമോ? ഒരു പുരുഷൻ ഭയത്തിനധീനനാവരുതെന്ന് മാക്‌സിം അമ്മാവൻ അഭിപ്രായപ്പെട്ടിരുന്നു. തണുപ്പോ, വിശപ്പോ, ഇടിമിന്നലോ, കൊടുങ്കാറ്റിനൊപ്പം വരുന്ന ഭാരിച്ച കാർമേഘങ്ങളോ ഒരുവനെ ഭയപ്പെടുത്തിക്കൂടാ എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.”
“മാക്‌സിം അമ്മാവൻ? ആ പൊയ്‌ക്കാലുകളിൽ നടക്കുന്ന ആളാണോ? ഞാനദ്ദേഹത്തെ കണ്ടിട്ടുണ്ട്. ഹൊ! കണ്ടാൽ പേടിയാവും.”
“ആൾ വളരെ പാവമാണന്നേ. കഴിയുന്നിടത്തോളം സത്യസന്ധനും കാരുണ്യവാനുമാണദ്ദേഹം.”
“എന്നാൽ അത് ശരിയാണെന്നു തോന്നുന്നില്ല. തനിക്ക് അദ്ദേഹത്തെ കാണാൻ കഴിയാത്തതുകൊണ്ടാണിങ്ങനെ തോന്നുന്നത്.”
“ഏയ്. അദ്ദേഹമാണെന്നെ പഠിപ്പിക്കുന്നത്.”
“അടിക്കുന്നതും….”
“ഒരിക്കലുമില്ല. ശകാരിക്കുക പോലുമില്ല. ഒരിക്കലുമില്ല.”
“നന്നായി. ആർക്കാവും ഒരു കണ്ണറിയാത്ത കുട്ടിയെ നോവിക്കാൻ കഴിയുക? അത് കൊടുംപാപമല്ലേ?”
“എന്തുകൊണ്ട്? എന്നെ മാത്രമല്ല അദ്ദേഹം ആരെയും ഉപദ്രവിക്കുകയില്ല.” പെട്രോ അൽപ്പം അശ്രദ്ധയോടെ പറഞ്ഞു.
ഇയോക്കിമിന്റെ കാലൊച്ചകൾ അടുത്തുവരുന്നത് അവന്റെ സംവേദനക്ഷമങ്ങളായ ചെവികൾ അറിഞ്ഞു.
ഒരു നിമിഷത്തിനുശേഷം ഒരു കുതിരക്കാരന്റെ നീണ്ട ആകാരം ദൂരെ ഒരു തിട്ടയിൽ പ്രത്യക്ഷപ്പെട്ടു. സായാഹ്ന മൂകതയിലൂടെ അയാളുടെ ശബ്‌ദം മുഴങ്ങി.
“പെ….ട്രോ….”
“ദാ! തന്നെ വിളിക്കുന്നു.” ആ പെൺകുട്ടി എഴുന്നേറ്റു.
“എനിക്കറിയാം. പക്ഷേ വീട്ടിലേക്ക് പോകാൻ തോന്നുന്നേയില്ല.”
“പോരാ…. പോയേ തീരൂ… ഞാൻ നാളെയും വരാം. വീട്ടിലുളളവർ തന്നെ പ്രതീക്ഷിക്കുകയാവും. എനിക്കും വീട്ടിൽ പോയേ പറ്റൂ..”
പെട്രോ സങ്കൽപ്പിച്ചതിനുമപ്പുറം ആ പെൺകുട്ടി സ്വന്തം വാഗ്‌ദാനം പാലിക്കുകയുണ്ടായി. പിറ്റേന്ന് രാവിലെ അമ്മാവൻ അവനെ പഠിപ്പിച്ചുക്കൊണ്ടിരിക്കുന്നതിടയിൽ അവൻ പെട്ടെന്ന് തലയുയർത്തി ഒരു നിമിഷം ശ്രദ്ധിച്ചശേഷം അതിശയത്തോടെ ചോദിച്ചു.
“ഒരു മിനിട്ട് ഞാനൊന്നു പുറത്തുപോട്ടെ? ആ ചെറുപെൺകുട്ടി വന്നുകാണും.”
“ഏത് പെൺകുട്ടി?” മാക്‌സിം വിസ്‌മയപൂർവ്വം ചോദിച്ചു. അദ്ദേഹം വാതിൽക്കൽവരെ പെട്രോയെ പിൻതുടർന്നു.
ശരിക്കും അപ്പോൾ പ്രഭു മന്ദിരത്തിന്റെ ഗേറ്റിനടുത്ത് അവൾ വന്നെത്തിക്കഴിഞ്ഞിരുന്നു. അന്ന മിഖയലോവ്ന മുറ്റത്തുകൂടെ വെറുതെ ഒന്നിറങ്ങിയതാണ്. അപ്പോൾ ഒരമ്പരപ്പും കൂടാതെ ഒരു പെൺകുട്ടി നേരെ കയറിവരുന്നതാണ് കണ്ടത്. തനിക്കുളള ഏതോ സന്ദേശവുമായി വരുന്നതാവും അവളെന്നു നിനച്ച് അവർ ചോദിച്ചു.
“പ്രിയപ്പെട്ട കുഞ്ഞേ… എന്താ?”
പക്ഷേ അവൾ അവളുടെ കൈ ഗൗരവം കലർന്ന അന്തസ്സോടെ അവർക്കുനേരെ ചൂണ്ടിക്കൊണ്ട് ചോദിച്ചു.
“ആ കണ്ണിന് കാഴ്‌ചയില്ലാത്ത ആൺകുട്ടി ചേച്ചിയുടേതാണോ?”
“എന്താ? അതേ മോളേ…” അന്ന മിഖയലോവ്ന ഉത്തരം നല്‌കി. ആ സന്ദർശകയുടെ ഭയരാഹിത്യവും സുവ്യക്തമായ നീലരാശി കലർന്ന മിഴികളും അവരെ പ്രീതിപ്പെടുത്തിക്കഴിഞ്ഞിരുന്നു.
“ശരി. അറിയാമോ? എന്റെ അമ്മ എനിക്കനുവാദം തന്നിരിക്കുന്നു ആ കുട്ടിയെ സന്ദർശിക്കുവാൻ. എനിക്കവനെ ഒന്നു കാണാമോ? ദയവായി…”
ഈ നിമിഷം പെട്രോ അങ്ങോട്ട് ഓടിത്തന്നെ വന്നു. മാക്‌സിം വരാന്തയിൽ നിന്ന് എല്ലാം കണ്ടു.
എനിക്കു തോന്നുന്നു, ഇത്തവണ മാത്രം പെട്രോ-ഇക്കാര്യത്തിൽ നിന്റെ അമ്മാവൻ ക്ഷമിച്ചേക്കുമെന്ന്.“ അമ്മ പറഞ്ഞു. ”ഞാൻ അവനോട് ചോദിക്കട്ടെ.“
”അമ്മേ! ഞാനിന്നലെ പറഞ്ഞില്ലേ? അതേ പെൺകുട്ടിയാണവൾ.“ സന്ദർശകയെ അഭിവന്ദിച്ചുകൊണ്ട് വലിയ ആവേശത്തോടെ പെട്രോ സംസാരിച്ചു.
വീട്ടിനുളളിൽ സ്വതേ ശാന്തയായി കഴിഞ്ഞിരുന്ന ആ പെൺകുട്ടി മാക്‌സിം അമ്മാവനെ കാണാനായി തിരിഞ്ഞു. അദ്ദേഹം അവരുടെ അടുത്തേക്ക് വരുന്നുണ്ടായിരുന്നു. അദ്ദേഹത്തിനു നേരെ കരം നീട്ടിക്കൊണ്ട് അവൾ വലിയ മര്യാദയോടെ പറഞ്ഞു.
”ഈ കണ്ണറിയാത്ത പയ്യനെ താങ്കൾ അടിക്കാറില്ലെന്നറിഞ്ഞു. നന്നായി. ഇവനെന്നോട് പറഞ്ഞിരുന്നു.“ മാക്‌സിം അതൊരു തമാശയായി പരിഗണിച്ചു. അദ്ദേഹം പ്രതിവചിച്ചു. ”എന്റെ ശിഷ്യനായ ഇവനോട് ഞാൻ കടപ്പെട്ടിരിക്കുന്നു. ഇത്രയും വിസ്‌മയമുണർത്തുന്ന ഒരു പെൺകുട്ടിയുടെ അഭിനന്ദനം നേടിത്തന്നതിന്.“ എന്നിട്ട് അദ്ദേഹം പൊട്ടിപ്പൊട്ടി ചിരിച്ചു. ആ കുരുന്നു കൈകളിൽ അദ്ദേഹം തലോടി. അവൾ ആ മുഖത്തേക്ക് ഉറ്റുനോക്കി. അവളുടെ കളങ്കമില്ലാത്ത കണ്ണുകൾ അതിവേഗം മാക്‌സിമിന്റെ ഹൃദയത്തിലെ സ്‌ത്രീവിദ്വേഷം കണ്ടുപിടിച്ചു.
”അന്നാ.. നോക്കൂ.“ സഹോദരിയുടെ നേരെ തിരിഞ്ഞ് മാക്‌സിം പറഞ്ഞു. അദ്ദേഹത്തിന്റെ ചുണ്ടുകളിൽ ഒരു വിചിത്ര മന്ദഹാസം വിരിഞ്ഞിരുന്നു. ”നമ്മുടെ പെട്രോ സ്വയം സൗഹൃദം കണ്ടെത്തിത്തുടങ്ങിയിരിക്കുന്നു. നിനക്ക് അത് സമ്മതിച്ചേ പറ്റൂ.. അവന് കണ്ണറിയില്ലെങ്കിലും അവൻ കണ്ടെത്തിയിരിക്കുന്നത് വളരെ വിശിഷ്‌ടമായിരിക്കുന്നു. അല്ലേ?“
”മാക്‌സിം…നീയെന്താണ് സൂചിപ്പിക്കുന്നത്?“ പ്രായം കുറഞ്ഞ ആ അമ്മയുടെ മുഖം ചുവന്നു. അവർ സഹോദരന്റെ നേരെ ശക്തമായി ഒന്നു നോക്കി.
”ഏയ്! ഞാൻ തമാശ പറഞ്ഞതാണേ…“ അദ്ദേഹം അതിവേഗം പറഞ്ഞു. തന്റെ അശ്രദ്ധമായ അഭിപ്രായം സഹോദരിയുടെ ഹൃദയത്തിലെ ഒരു വ്രണത്തിൽ തട്ടിയെന്ന് പൊടുന്നനെ അദ്ദേഹം തിരിച്ചറിഞ്ഞു. ആ അമ്മയുടെ ഹൃദയത്തിൽ വരാനിരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് സൂക്ഷിച്ചിരുന്ന ഒരു രഹസ്യത്തെ താൻ തുറന്നുവിടുകയായിരുന്നുവെന്നും അദ്ദേഹം മനസ്സിലാക്കി. അന്ന മിഖലയോവ്‌നയുടെ മുഖം വീണ്ടും കൂടുതൽ ചുവന്നു. കുനിഞ്ഞുനിന്ന് അവർ ആ പെൺകുട്ടിക്കുനേരെ കൈകൾ നീട്ടി. സ്‌നേഹാർദ്രത കവിഞ്ഞൊഴുകി. ആനന്ദപൂർണ്ണമായ ആ ആലിംഗനം ആ കുരുന്ന് സ്വീകരിച്ചു. ആ തെളിഞ്ഞ കണ്ണുകൾ വിസ്‌മയം കൊണ്ട് കൂടുതൽ വികസിതമായി.
ആ രണ്ടു പുരയിടങ്ങളിൽ താമസിക്കുന്നവർ തമ്മിൽ അങ്ങനെ ഗാഢമൈത്രി ആരംഭിച്ചു. എവലിന എന്നായിരുന്നു ആ പെൺകുട്ടിയുടെ പേര്. അവൾ കുറച്ചുനേരം പ്രഭുമന്ദിരത്തിൽ വന്ന് ചെലവഴിക്കുക പതിവാക്കി. അവൾ മാക്‌സിം അമ്മാവന്റെ കീഴിൽ പഠിക്കാനും തുടങ്ങി. ആ ആശയം ആദ്യം അവളുടെ പിതാവിന് പിടിച്ചില്ല. വീട്ടുചെലവുകൾ കൃത്യമായി നിർവ്വഹിക്കുവാനുളള ധാരണയായാൽ ഒരു സ്‌ത്രീക്ക് വിദ്യാഭ്യാസം പൂർത്തിയായിക്കഴിഞ്ഞുവെന്നാണ് അവളുടെ പിതാവിന്റെ വാദം. അദ്ദേഹം ഒരു തികഞ്ഞ കത്തോലിക്കനുമായിരുന്നു. പോപ്പ് പിതാവ് ആസ്‌ട്രിയക്കെതിരെയാണ് താനെന്ന് വ്യക്തമാക്കിയിട്ടും മാക്‌സിം ആ രാജ്യത്തിനെതിരെയുളള യുദ്ധത്തിൽ പങ്കെടുത്തിരുന്നില്ലെന്ന് അദ്ദേഹം കണ്ടെത്തി.. സ്വർഗ്ഗസ്ഥനായ ദൈവത്തിൽ പരിപൂർണ്ണ വിശ്വാസമുണ്ടായിരുന്ന അദ്ദേഹം വോൾട്ടയറിനും വോൾട്ടയറിന്റെ അനുയായികൾക്കുമായി തിളക്കുന്ന ലോഹദ്രവം നരകത്തിൽ തയ്യാറായി കിടക്കുന്നുവെന്നും വിശ്വസിച്ചു.
മാക്‌സിമിനെ കാത്തിരിക്കുന്ന വിധിയും മറ്റൊന്നല്ല എന്ന് പലരും വിശ്വസിച്ചു പോന്നു. എന്നാൽ അടുത്തു പരിചയപ്പെട്ടപ്പോൾ ബഹളക്കാരനും വിദ്വേഷിയുമാണെന്ന് താൻ കരുതിയിരുന്ന മാക്‌സിം വളരെ പ്രസാദവാനും ബുദ്ധിമാനുമാണെന്ന് എവലിനയുടെ അച്‌ഛന് മനസ്സിലായി. അദ്ദേഹം ഒടുവിൽ ഒത്തുതീർപ്പിന് തയ്യാറായി.
എന്നാൽകൂടി തന്റെ ഹൃദയാന്തരാളത്തിൽ ചില അസ്വസ്ഥതകൾ അതേപ്പറ്റി പുലർത്തി ആദ്യപാഠങ്ങൾ അഭ്യസിപ്പിക്കുന്നതിനായി പ്രഭുമന്ദിരത്തിലേക്ക് തന്റെ മകളെ കൊണ്ടുവന്നപ്പോൾ ചില പൊളളയായ ഉദ്‌ഘോഷണങ്ങൾ ഉതിർത്തു. അതേറെയും മകളോടെന്നതിനേക്കാൾ മാക്‌സിമിനെ കരുതിയായിരുന്നു.
‘നോക്കൂ, മോളേ എവലിനാ..” സ്വന്തം കൈ മകളുടെ ചുമലിൽ നിക്ഷേപിച്ചുകൊണ്ടും നോട്ടം ഒരു വശത്തിരുന്നിരുന്ന അദ്ധ്യാപകനിലേക്കയച്ചു കൊണ്ടും അദ്ദേഹം പറഞ്ഞു. “നീ സ്വർഗ്ഗസ്ഥനായ ദൈവത്തെ എപ്പോഴുമോർമ്മിക്കണം. പരിശുദ്ധനായ പോപ്പ് പിതാവിനെയും. ഇത് ഞാനാണ് പറയുന്നത്. നീ നിന്റെ വിശ്വാസത്തെ എന്നിൽ വെയ്‌ക്കണം. കാരണം ഞാനാണ് നിന്റെ പിതാവ്.”
ഈ നിമിഷം തികച്ചും സന്നിഗ്‌ദ്ധമായ ഒരു മട്ടിൽ മാക്‌സിമിനെ ആ പിതാവ് നോക്കി. താനും ഒരു പണ്ഡിതനാണെന്നും എളുപ്പം തന്നെ പറ്റിക്കാൻ കഴിയില്ലെന്നും പ്രകടമാക്കാൻ അദ്ദേഹം ഉദ്ദേശിച്ചിരുന്നു. കുറച്ച് ലാറ്റിൻ പദങ്ങളും സംഭാഷണത്തിനിടയിൽ അദ്ദേഹം തിരുകിക്കയറ്റി.
“ഞാനൊരു കുലീനനാണെന്നറിയാമല്ലോ. ഞങ്ങളുടേത് ശക്തരായ പടയാളികളുടെ കുലമായിരുന്നു. എന്നാൽ പലരും വാളു താഴെ വെച്ച് പ്രാർത്ഥനാപുസ്തകം തേടിപ്പോയി. അവരാരും മതസംബന്ധിയായ വിഷയങ്ങളിൽ അജ്ഞരായില്ല. അതിനാൽ മോളേ-നീ എന്നിൽ വിശ്വാസം പുലർത്തുക. ശേഷിച്ച കാര്യങ്ങളിൽ, ഈ ലോകവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നീ മാക്‌സിം എന്ന നിന്റെ ഈ അധ്യാപകനെ അനുസരിക്കുക. ഒരു നല്ല വിദ്യാർത്ഥിനിയായിരിക്കുക.”
“ഒന്നും ഭയപ്പെടാനില്ല മി.യാക്കുൾസ്‌കി…” മന്ദഹസിച്ചുകൊണ്ട് മാക്‌സിം അദ്ദേഹത്തോട് പറഞ്ഞു. “ഞാൻ ഗാരിബാർഡിക്കുവേണ്ടി യുദ്ധം ചെയ്യാൻ കൊച്ചുകുട്ടികൾക്ക് പരിശീലനം നൽകുന്നില്ല.”
അന്യോന്യം സഹവസിച്ചു പഠിച്ചതിനാൽ അത് ആ കുട്ടികളിരുവർക്കും ഉപകാരപ്പെട്ടു. പെട്രോ ആയിരുന്നു തീർച്ചയായും കേമൻ. ഇത് അവൻ ഉറ്റു പരിശ്രമിച്ചതിനാലൊന്നുമായിരുന്നുമില്ല. എവലിനെ പഠിക്കുവാൻ പെട്രോ സഹായിച്ചു. അന്ധത തടസ്സം നിന്നിരുന്നതിനാൽ പെട്രോക്ക് മനസ്സിലാവാതിരുന്ന പലതും തിരിച്ചറിയുവാൻ അവൾ പകരം സഹായിക്കുകയും ചെയ്തു. അവളുടെ സാന്നിദ്ധ്യം അവന് പഠനത്തിന് ഒരു സവിശേഷ താൽപ്പര്യമുളവാക്കുകയും ചെയ്‌തു. ഒരു നവചൈതന്യം അവന്റെ മാനസിക പരിശ്രമങ്ങളെ ഉദ്ദീപിപ്പിക്കുവാൻ വന്നുചേർന്നു.
ഓരോ ദിവസവും അവളുടെ സൗഹൃദം അവന് പാരിതോഷികമായി. താനിനി ഒരിക്കലും ഒറ്റക്കല്ല എന്ന് അവന് തോന്നി. മുതിർന്നവർ അവനെ അത്യന്തം സ്‌നേഹിക്കുകയും പരിചരിക്കുകയും ചെയ്‌തിരുന്നുവെങ്കിലും അവരിലാരുമായും സാധിക്കാത്ത സംവേദനം അവളുമായി അവന് സാധിച്ചു. കടുത്ത ആത്മസംഘർഷത്തിന്റെ നിമിഷങ്ങളിലും അവളുടെ സാന്നിധ്യം അവനെ സന്തുഷ്‌ടനാക്കി. പഠിക്കുമ്പോൾ മാത്രമല്ല പെട്രോയുടെ നദീതീരത്തെ മലഞ്ചെരിവിലേക്കുളള വിനോദയാത്രകളിലും അവൾ സഹചാരിയായി. പെട്രോ ഓടക്കുഴൽ വായിക്കുമ്പോൾ എവലിന ബാലികാസഹജമായ സന്തോഷഹർഷങ്ങളോടെ ആ വായന കേട്ടുകൊണ്ടിരിക്കും. അവൻ ഓടക്കുഴൽ വായന അവസാനിപ്പിച്ച് അത് താഴെവെക്കുമ്പോൾ അവൾ തനിക്കു ചുറ്റുമുളള സകലതിനേയും പറ്റി തനിക്കുളള പ്രതീതികൾ അവനെ വിശദീകരിച്ചു കേൾപ്പിക്കും. അവൾക്ക് അവർ കണ്ട ദൃശ്യങ്ങൾ പൂർണ്ണമായും വാക്കുകളിലൂടെ അവന് പകർന്നു നൽകാൻ കഴിയുമായിരുന്നില്ല. എന്നാൽ അവളുടെ ലളിത വിശകലനങ്ങളും അവളുടെ സംസാരരീതിയും അവൾ വിശദീകരിച്ചവയുടെ സത്തയും രസവും അവന് അനുഭവവേദ്യമാക്കി. അവൾ രാത്രിയുടെ അന്ധകാരത്തെക്കുറിച്ചു പറയുമ്പോൾ അവളുടെ സ്വരരീതിയുടെ ശാന്തമായ ഉദ്വോഗങ്ങളിൽ നിന്നും അവൻ രാത്രിയുടെ ംലാനവും ഉറഞ്ഞതുമായ കറുപ്പ് ഭൂമിയെ പൊതിയുന്നത് സങ്കൽപ്പിച്ചു.
“ഓ! എന്തൊരു മേഘം. നോക്കണേ… വലിയ നരച്ച മേഘം. ഈ വഴി ഒഴുകിവരുന്നു.” എന്ന് ഒരു വൻമേഘത്തെ കണ്ട് അവൾ ആശ്ചര്യപ്പെടുമ്പോൾ അവളുടെ ഗൗരവം കലർന്ന ചെറുമുഖം ആകാശാഭിമുഖമാവും. അവർക്കേതിരെ ആകാശത്തിലൂടെ ഒഴുകിയടുക്കുന്ന ചെകുത്താൻ മേഘത്തെയും അതിന്റെ തണുത്ത നിശ്വാസത്തേയും അവൻ അവളുടെ ശബ്‌ദത്തിലൂടെ തിരിച്ചറിയും.
Generated from archived content: anthagayakan21.html Author: korolenkov