ഇരുപത്‌

പിറ്റേന്നും അവൻ അതേ മലഞ്ചെരിവിൽ വന്നിരുന്നപ്പോൾ കഴിഞ്ഞ ദിവസമുണ്ടായ ശല്യകരമായ അനുഭവത്തിന്റെ ശേഷിപ്പ്‌ അവന്റെ മനസ്സിലുണ്ടായിരുന്നു. പക്ഷേ അവൻ ആ പെൺകുട്ടിയുടെ മധുരതരമായ സ്വരം കേൾക്കുവാനാണിപ്പോഴാഗ്രഹിച്ചത്‌. എത്ര സുഖദായകമായ ശബ്‌ദം, അത്തരം ഒരു ശബ്‌ദം-അതും ഒരു പെൺകുട്ടിയുടേത്‌-അവൻ അതിനുമുമ്പ്‌ കേട്ടിരുന്നേയില്ല. അവനറിയാവുന്ന കുട്ടികൾ അലർച്ചക്കാരായിരുന്നു. ഉറക്കെ പൊട്ടിച്ചിരിക്കുന്നവർ. അല്ലെങ്കിൽ വഴക്കടിക്കുന്നവർ. ഇനിയുമല്ലെങ്കിൽ കരച്ചിലുകാർ, അവളെപ്പോലെ സന്തുഷ്‌ടി കലർന്ന ശാന്തസ്വരം അവർക്കാർക്കും ഉണ്ടായിരുന്നേയില്ല. താനവളോട്‌ പരുക്കനായി പെരുമാറിയല്ലോ എന്ന്‌ അവന്‌ വിഷമം തോന്നി. അവളിനി അതിനാൽ ഈ വഴിയേ വരികപോലുമില്ലെന്ന്‌ അവൻ ചിന്തിച്ചു.

മൂന്നുദിവസങ്ങളോളം അവൾ വന്നില്ല, എന്നാൽ നാലാം ദിവസം പെട്രോ അവളുടെ കാലൊച്ചകൾ കേട്ടു. താഴെ നദീതീരത്ത്‌, അവൾ സാവധാനം വരികയാണ്‌. പോളണ്ടുകാരുടെ ഒരു ഗാനം അവൾ ആലപിക്കുന്നുമുണ്ട്‌. നദീതീരത്തെ ചരൽകല്ലുകളിൽ അവൾ നടക്കുന്നതിന്റെ കിരുകിരുപ്പു ശബ്‌ദവും അവന്‌ കേൾക്കാമെന്നായി.

“ഹലോ…” പെട്രോ പറഞ്ഞു. അവൾ അതിലെ കടന്നു പോകുകയാണെന്ന ദിക്കായി. “ങാ! നീ തന്നെയല്ലേ അത്‌? വീണ്ടും…”

അവൾ പ്രതികരിച്ചതേയില്ല, ചരൽക്കല്ലുകളിൽ കാലടികൾ പതിയുന്ന ശബ്‌ദം തുടർന്നു. വരുത്തിക്കൂട്ടിയ അശ്രദ്ധയോടെ അവൾ നിർത്താതെ നടന്നു. ആ ഗാനം അപ്പോഴും മൂളുന്നുമുണ്ട്‌. തന്റെ പെരുമാറ്റം അവളെ വ്രണപ്പെടുത്തിയിട്ടുണ്ടെന്ന്‌ പെട്രോ ഓർമ്മിച്ചു.

അൽപ്പം ചെന്നിട്ട്‌ അവൾ നിന്നു, ഒരുനിമിഷം. ഒരു ശബ്‌ദവുമുണ്ടായില്ല. താൻ ശേഖരിച്ചിരുന്ന പൂക്കൾ അവൾ ഓരോ വകയാക്കി കൂട്ടിവെക്കാൻ തുനിഞ്ഞു. പെട്രോ ഒരു മറുപടിക്കായി കാത്തു. പൊടുന്നനെ അവൾ ബോധപൂർവ്വമായ അവഗണനയോടെ നിന്നതും നിശ്ശബ്‌ദതയിൽ മുഴുകിയതും അവനെ ബാധിച്ചു. തന്റെ പൂക്കൾ എല്ലാം വെവ്വേറെയാക്കി കഴിഞ്ഞതിനുശേഷം അവൾ മുഖമുയർത്തി ഒരു വലിയ അന്തസ്സിന്റെ ഭാവത്തിൽ ചോദിച്ചു.

“ഞാൻ തന്നെയാണിതെന്ന്‌ കണ്ടുകൂടേ?”

ആ ലളിതമായ ചോദ്യം ആ അന്ധബാലന്റെ ഹൃദയത്തിലൂടെ ഒരു തിക്തവേദന പാളിച്ചു. അവൻ മറുപടി പറഞ്ഞില്ല, പുല്ലിൽ ഒളിപ്പിച്ചിരുന്ന അവന്റെ കൈകൾ പെട്ടെന്ന്‌ സംക്ഷോഭത്താലൊന്നിളകി.

എന്നാൽ ഒരു തുടക്കം ഉണ്ടായി കഴിഞ്ഞിരുന്നു.

“ഇത്ര മനോഹരമായി ഓടക്കുഴൽ വായിക്കുവാൻ തന്നെ ആരഭ്യസിപ്പിച്ചു?” ആ കൊച്ചുപെൺകുട്ടി ചോദിച്ചു. അവൾ നിന്നിടത്തുതന്നെ നിന്ന്‌ തന്റെ പൂക്കളിൽ തഴുകി.

“ഇയോക്കിം” അവൻ പറഞ്ഞു.

“നന്നായിരിക്കുന്നു. എന്നാൽ താനെന്തിനാണെന്നോടെതിരിടാൻ വന്നത്‌?”

“ഏയ്‌. ഞാനെതിരിടാനൊന്നും വന്നില്ല.” പെട്രോ സാവധാനം പറഞ്ഞു.

“നന്നായി. എന്നാൽ എനിക്കും ദേഷ്യമില്ല. വാ നമുക്കെന്തെങ്കിലും കളിക്കാം…”

“എനിക്ക്‌ കളിക്കാൻ കഴിയില്ല.” തലയാട്ടിക്കൊണ്ട്‌ അവൻ പറഞ്ഞു.

“തനിക്ക്‌ കളിക്കാൻ പറ്റില്ലെന്നോ? എന്തുകൊണ്ട്‌?”

“എന്തുക്കൊണ്ടെന്നാൽ..”

“അല്ല, പറയൂ… എന്താണ്‌ കാരണം?”

“എന്തെന്നാൽ…” അവൻ ആവർത്തിച്ചു. ആ പറഞ്ഞതിന്‌ ശബ്‌ദം തീരെ പുറത്തുവന്നില്ല. അവൻ തലതാഴ്‌ത്തിയിട്ടു.

തന്റെ അന്ധതയെക്കുറിച്ച്‌ ഇങ്ങനെ നേരിൽ ഒരാളോടും അതുവരെയും അവന്‌ വിശദീകരിക്കേണ്ടിവന്നിട്ടില്ലായിരുന്നു. എന്നാൽ അവൾ ആവർത്തിച്ചു ചോദിച്ചപ്പോഴും ആ ചോദ്യത്തിന്റെ രീതിയിലന്തർഭവിച്ചിരുന്ന ആ ലാളിത്യവും ആർജ്ജവം കലർന്ന നിർബ്ബന്ധവും അവന്റെ ഹൃദയത്തിലൂടെ ഒരു പുതിയ തീവ്രവേദനയെ പായിച്ചു. ആ കൊച്ചു പെൺകുട്ടി മലഞ്ചെരിവു കയറാൻ തുടങ്ങി. അവൾ അവന്റെ അരികിലായി ഇരുപ്പുറപ്പിച്ചു.

“താൻ ഭയങ്കര തമാശക്കാരനാണല്ലോ.” അവൾ ദാക്ഷിണ്യത്തോടെ സംസാരിച്ചു. “അതിന്‌ കാരണം ഇനിയും തനിക്കെന്നെ മനസ്സിലായിട്ടില്ല എന്നതാണ്‌ എന്നെനിക്കു തോന്നുന്നു. നമ്മൾ ശരിക്കും പരിചയപ്പെട്ടു കഴിഞ്ഞാൽ പിന്നെ തനിക്ക്‌ അമ്പരപ്പുണ്ടാവില്ല. എനിക്കിതുവരെ ആരോടും ഇടപഴകുന്നതിൽ അമ്പരപ്പൊന്നും തോന്നിയിട്ടില്ല.”

അവളുടെ സ്വതന്ത്രവും സുവ്യക്തവുമായ ആ കുരുന്നുസ്വരം മാഞ്ഞഴിഞ്ഞപ്പോൾ പെട്രോ ഇലകളുടെയും തണ്ടുകളുടെയും മൃദുമർമ്മരം കേട്ടു. അവൾ പൂക്കൾ തന്റെ മടിയിലേക്കിട്ടു.

“താൻ പൂക്കൾ നുളളുകയായിരുന്നോ?” അവൻ ചോദിച്ചു. “ഇതെവിടെ നിന്നും കിട്ടുന്നു?”

“അവിടെനിന്നും.” അവൾ തലതിരിച്ച്‌ ഒരു ദിശയിലേക്കു നോക്കി, സൂചിപ്പിക്കാനെന്ന മട്ടിൽ.

“പുൽത്തകിടിയിൽ നിന്നോ?”

“അല്ലല്ല. ദാ, അവിടെനിന്നും.”

“അപ്പോൾ മരക്കൂട്ടത്തിൽ നിന്ന്‌. അല്ലേ? എത്തരം പൂക്കളാണവ?”

“തനിക്കറിയില്ലേ? താൻ സത്യത്തിൽ ശരിക്കും ഒരു പിരിലൂസ്‌ തന്നെ. തനിപ്പിരിലൂസ്‌.”

പെട്രോ ഒരു പൂവെടുത്തു. പിന്നീട്‌ മറ്റൊന്ന്‌, വേഗത്തിൽ എന്നാൽ മൃദുവായി അവന്റെ വിരലുകൾ ആ പുക്കളിലും ഇലകളിലും തഴുകി.

“ഇതൊരു ബട്ടർകപ്പ്‌ പൂ..” അവൻ പറഞ്ഞു.

“ദാ! ഇത്‌ വയലറ്റ്‌ പൂവാണ്‌.”

ഇതേ പരിശോധനാരീതിയിൽ തന്റെ സന്ദർശകയെയും അറിയുവാൻ അവന്‌ ആഗ്രഹമുണ്ടായി. അവളുടെ ചുമലിനുമീതെ അൽപ്പം കുനിഞ്ഞിരുന്ന്‌ അവൻ അവളുടെ മുടിയിലും കണ്ണുകളിലും മുഖരേഖകളിലും പരിശോധിക്കുവാനായി തന്റെ കൈകളുയർത്തി. ആ അപരിചിതമായ ആകാരവിശേഷതകൾ പഠിക്കുവാൻ അവൻ അവളിലേക്ക്‌ വല്ലാതെ അടുത്തു.

ഇതെല്ലാം വളരെ പെട്ടെന്നായിരുന്നുവെന്നതിനാൽ ആ പെൺകുട്ടിക്ക്‌ എതിർക്കാനിട കിട്ടിയില്ല. അവൾ അവനെ തുറിച്ചുനോക്കിക്കൊണ്ട്‌ നിശ്ശബ്‌ദയായി ഇരുന്നു. ഭയാനകതയോട്‌ വളരെ അടുത്ത ഒരു ഭാവഭേദം അവളുടെ കണ്ണുകളിൽ തെളിഞ്ഞു. ആ ആൺകുട്ടിയിൽ തികച്ചും അസാധാരണമായ എന്തോ ഉണ്ടെന്ന്‌ അപ്പോൾ മാത്രമാണ്‌ അവൾക്ക്‌ തിരിച്ചറിയാൻ കഴിഞ്ഞത്‌. അവന്റെ മൃദുലവും വിളറിയതുമായ മുഖത്ത്‌ ആയാസപ്പെട്ടു വരുത്തിയ ഒരു ശ്രദ്ധാഭാവം ഉറച്ചിരുന്നു. അചഞ്ചലമായ അവന്റെ നോട്ടം ആ ഭാവത്തെ തുടർന്നുകൊണ്ടുപോയി. വിദൂരത്തെവിടെക്കോ ആയിരുന്നു ആ നോട്ടം. അസ്തമയ സൂര്യന്റെ പ്രകാശ ലാഞ്ചന ആ കണ്ണുകളിൽ തട്ടി വിചിത്രമായൊരു മട്ടിൽ പ്രതിഫലിച്ചു. ഒരു ക്ഷണനേരത്തേക്ക്‌ അതെല്ലാം ഒരു ഭീഷണമായ പേക്കിനാവാണെന്നവർക്കു തോന്നിച്ചു.

പെട്ടെന്ന്‌ അവൾ സ്വന്തം ചുമലുകൾ സ്വതന്ത്രമാക്കി ചാടിയെണീറ്റു. അവൾ പൊട്ടിക്കരഞ്ഞു പോയി.

“താനെന്താണിങ്ങനെ എന്നെ ഭയപ്പെടുത്തുന്നത്‌… ഭയങ്കരം.” അവൾ കരച്ചിലിന്നിടയിൽ ദേഷ്യത്തോടെ ചോദിച്ചു. “ഞാൻ തനിക്കെന്തു ദ്രോഹം ചെയ്‌തു?”

അവൻ അത്യന്തം അമ്പരന്ന്‌ ആ പുൽത്തകിടിയിൽത്തന്നെ ഇരുന്നു. അവന്റെ ശിരസ്സ്‌ താഴ്‌ന്നു. അപമാനത്തിന്റെയും മനോവൈഷമ്യത്തിന്റെയും ഒരു കലർപ്പ്‌ അവന്റെ ഹൃദയത്തിൽ വേദന പടർത്തി. ഇത്‌ അവനെ സംബന്ധിച്ചിടത്തോളം ആദ്യത്തെ അപമാനമായിരുന്നു. വികലാംഗത്വം കൊണ്ട്‌ അപമാനിക്കപ്പെടുക സ്വാഭാവികം. പക്ഷേ അവന്റെ വൈകല്യം സഹാനുഭൂതിയെ മാത്രമല്ല ഭയത്തെയും ഉണർത്തിവിടുന്നുവെന്ന്‌ അവൻ തിരിച്ചറിഞ്ഞു. തീർച്ചയായും അവന്‌ അതിനെ വ്യക്തമായും വിശകലനം ചെയ്യാൻ കഴിഞ്ഞില്ല. ഈ തിക്തവികാരം അവനെ ശക്തമായി അമർത്തി. എന്നാൽ അതിന്റെ അവ്യക്തതയും അവന്റെ ഗ്രഹണശക്തിക്കുറവും അത്‌ വരുത്തിക്കൂട്ടിയ വേദനയെ ലേശംപോലും ലഘൂകരിച്ചതുമില്ല.

പൊളളിക്കുന്ന വേദനയുടെ ഒരല അവന്റെ തൊണ്ടയിലുണർന്നു. അവൻ ആ പുൽത്തകിടിയിലേക്ക്‌ മലർന്നു കിടന്നു കരഞ്ഞു. അവന്റെ പൊട്ടിക്കരച്ചിൽ ഉച്ചത്തിലായിക്കൊണ്ടിരുന്നു. അവന്റെ ചെറുശരീരം വല്ലാതെ ക്ഷോഭിച്ചിളകി. അന്തരാഭിമാനിയായിരുന്ന അവൻ പക്ഷേ സ്വയം നിയന്ത്രിക്കാൻ പാടുപെടുന്നുമുണ്ടായിരുന്നു.

ആ പെൺകുട്ടി മലഞ്ചെരിവിലൂടെ താഴേക്കോടി തുടങ്ങിയതാണ്‌. പക്ഷേ അവന്റെ തേങ്ങിക്കരച്ചിൽ കേട്ട്‌ അവൾ തിരിച്ചുവന്ന്‌ അവനെ നോക്കി. മുഖം പുല്ലിലമർത്തി വല്ലാതെ പൊട്ടിക്കരയുന്ന അവനെ കണ്ടപ്പോൾ അവൾക്ക്‌ വല്ലാത്ത ദുഃഖം തോന്നി. അവൾ കരയുന്ന അവന്റെ ശരീരത്തിനുമേൽ സാവധാനം കുനിഞ്ഞുനിന്നു.

“നോക്കൂ…” അവൾ മൃദുലമായി പറഞ്ഞു. “താനെന്തിനാണിങ്ങനെ കരയുന്നത്‌? ഞാനിതാരോടെങ്കിലും പറയുമെന്നോർത്താണോ? ഇല്ല. ഞാൻ പറയുകയില്ല. വരൂ… കരയാതിരിക്കൂ..”

ഈ ദയാമയങ്ങളായ വാക്കുകളും സാന്ത്വനവും അവന്റെ കരച്ചിലിനെ അധികരിപ്പിച്ചതേയുളളൂ. ആ കൊച്ചുപെൺകുട്ടി അവന്റെ അരികിൽ നിലംപറ്റി കിടന്നു. അവൾ ഒരു നിമിഷത്തിനുശേഷം അവന്റെ മുടിയിൽ ഒന്നോ രണ്ടോ വട്ടം തലോടി. ശിക്ഷിക്കപ്പെട്ട കുട്ടിയെ അമ്മ വീണ്ടും സാന്ത്വനിപ്പിക്കുന്നതുപോലെ അവൾ അവന്റെ മുഖമുയർത്തിപ്പിടിച്ച്‌ സ്വന്തം കൈത്തൂവാല കൊണ്ട്‌ കണ്ണീരൊപ്പിക്കൊടുത്തു.

“ശരി, ശരി. മതിയാക്കൂ..” അവൾ ഒരു തികഞ്ഞ സ്‌ത്രീയെപ്പോലെ സംസാരിച്ചു. “മതിയാക്കൂ… എനിക്ക്‌ തന്നോടിനി ദേഷ്യമില്ല. എന്നെ പേടിപ്പിച്ചതിൽ തനിക്ക്‌ വിഷമമുണ്ടെന്നെനിക്ക്‌ ബോധ്യമായി, പോരെ?”

“ഞാൻ നിന്നെ ഭയപ്പെടുത്താനുദ്ദേശിച്ചതല്ല.” അവന്റെ സിരാക്ഷോഭം സമനിലയിലാക്കുവാൻ ആഴത്തിൽ ഒരു ശ്വാസം ഉൾക്കൊണ്ടുകൊണ്ട്‌ അവൻ പറഞ്ഞു.

“എന്തുമാകട്ടെ… നന്ന്‌. എനിക്കിനി ദേഷ്യമൊന്നുമില്ല. മേലിലിനി ആവർത്തിക്കാനിരുന്നാൽ മതി. അങ്ങനെ ഉണ്ടാകുമെന്ന്‌ ഞാൻ കരുതുന്നുമില്ല.”

തനിക്കരികിൽ അവനെ ഇരുത്തുന്നതിനായി അവൾ അവന്റെ ചുമലുകളിൽ പിടിച്ചുയർത്തി. അവൻ അവളുടെ കൈകളെ അനുസരിച്ചു. ഇപ്പോൾ അവൻ മുൻപത്തെ നിലയിൽ അസ്തമയസൂര്യനഭിമുഖമായി ഇരുന്നു. എതിരെനിന്നും അരുണ രശ്‌മികൾ അവന്റെ മുഖത്തു വീണപ്പോൾ, ആ മുഖത്ത്‌ വിചിത്രമായ എന്തോ ഉണ്ടെന്ന്‌ അവൾക്ക്‌ വീണ്ടും തോന്നി. അവന്റെ പുരികങ്ങളിൽ അപ്പോഴും കണ്ണീരുണ്ടായിരുന്നു. എന്നാൽ അവന്റെ കണ്ണുകൾ ഇളകിയതേയില്ല. അവന്റെ മുഖം അപ്പോഴും സിരാക്ഷോഭത്താൽ കോച്ചി. അതേ സമയംതന്നെ ആ മുഖത്ത്‌ ആഴമേറിയ, ബാലസഹജമല്ലാത്ത ഒരു നിർവ്വേദ ദുഃഖം പതിഞ്ഞു കാണപ്പെട്ടിരുന്നുതാനും.

“അതേ, താനിപ്പോഴും ഒരു പിരിലൂസാണ്‌. ശരിക്കും പിരിലൂസ്‌.” സഹാനുഭൂതിയോടും വിസ്‌മയത്തോടും കൂടി അവൾ പറഞ്ഞു.

“അല്ല. എനിക്കങ്ങനെയൊന്നുമില്ല.” അവൻ തിരിഞ്ഞു. അവന്റെ മുഖം ദാരുണമായി കോടി. അവൻ പറഞ്ഞു. “എന്റെ കണ്ണുകൾക്ക്‌ കാഴ്‌ചയില്ല.”

“ഹെന്ത്‌? കണ്ണുകൾക്ക്‌ കാഴ്‌ചയില്ലെന്നോ?” അവൾ കരഞ്ഞു ചോദിച്ചു. അവളുടെ സ്വരം വിറയാർന്നു. ദുഃഖകരമായ ആ വാക്കുകൾ ആ ആൺകുട്ടി സാവധാനം ഉച്ചരിച്ചതോടെ ആ ചെറുസ്‌ത്രീ ഹൃദയത്തിൽ അവ ഒരു ശക്തമായ ആഘാതമായി നിപതിച്ചു. ഒരു സാന്ത്വനത്തിനും ഒരിക്കലും പരിഹരിക്കാനാവാത്ത മട്ടിൽ ഉളളതായിരുന്നു ആ ആഘാതം.

“അന്ധതയോ?” അവൾ ആവർത്തിച്ചു. അവളുടെ സ്വരം മിക്കവാറും പൊട്ടിത്തെറിച്ചു. ആ പെൺകുട്ടിയുടെ ചെറിയ ഹൃദയം അനുകമ്പാസമുദ്രത്താൽ വലിച്ചിഴക്കപ്പെട്ടുപോയിരുന്നു. അതിൽനിന്നും രക്ഷനേടാനെന്നവണ്ണം അവൾ സ്വന്തം കൈകൾ അവന്റെ ചുമലുകളിൽ നിക്ഷേപിച്ച്‌ അവന്റെ കഴുത്തിലേക്ക്‌ മുഖമമർത്തി.

അവൾക്ക്‌ ഉളളിലുണ്ടായിരുന്ന പതറാത്ത ആ അന്തസ്സിന്റെ ഭാവം ഈ ദുഃഖകരമായ കണ്ടുപിടുത്തത്തോടെ അപ്പാടെ മാഞ്ഞുപോയി. അവളും പീഡിതയായ ഒരു കുട്ടിയായി മാറി. വേദനയിൽ നിസ്സഹായയായവൾ. ഇപ്പോൾ തിക്തമായ സാന്ത്വനമറ്റ കരച്ചിലിലേക്ക്‌ പൊട്ടിവീണവൾ.

Generated from archived content: anthagayakan20.html Author: korolenkov

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here