രണ്ട്‌

ആദ്യമതാരും ശ്രദ്ധിച്ചില്ല. എല്ലാ നവജാതശിശുക്കളേയും പോലെ ആ കുഞ്ഞും ചുളിഞ്ഞ മുഖവുമായി കുറെനാൾ കിടന്നു. അവൻ വളർന്നുവന്നു. ദിവസങ്ങൾ കടന്നുപോയി. അവൻ കണ്ണുകൾ തുറന്നു. കൃഷ്‌ണമണികൾ ഉറച്ചുനോക്കാൻ പ്രാപ്തങ്ങളായി. പുറത്തെ മനോഹരമായ ഉദ്യാനത്തിൽ നിന്നെത്തുന്ന കാറ്റോടൊപ്പം വരുന്ന പ്രകാശത്തിലേക്ക്‌, പക്ഷേ ഒരിക്കലും അവൻ മിഴികൾ തിരിക്കുന്നതായി കാണപ്പെട്ടില്ല. ജനാലയിലൂടെ സദാ പുറത്തെ തളിർച്ചില്ലകളുടെ മർമ്മരം കടന്നുവരുന്നുണ്ട്‌. ആ കൃഷ്‌ണമണികളിലേക്ക്‌ ആ മാതാവ്‌ ഭീതിയോടെ പിന്നെയും നോക്കി. അവയിലെ ആ അസാധാരണത്വം-ശിശുസഹജമായുളളതല്ലാത്ത ആ കനം- ആ നിശ്ചലത.

“അവനെന്താ അങ്ങനെ ഉറച്ചുനോക്കുന്നേ? ങേ! ഒന്നുപറയൂ.” സാന്ത്വനം തേടിക്കൊണ്ട്‌ ചുറ്റുമുളള മുഖങ്ങളിൽ നോക്കി അവൾ ചോദിച്ചുകൊണ്ടേയിരുന്നു. അവളുടെ ആകാംക്ഷ തെല്ലും വകവെയ്‌ക്കാതെ ആളുകൾ ചോദിച്ചു. “നീയെന്താണീ പറയുന്നത്‌? ഈ പ്രായത്തിലുളള മറ്റേത്‌ കുഞ്ഞിനേയും പോലെയാണിവനും… കൊളളാം.”

“അവന്റെ കൈകൾ വിചിത്രമായി തപ്പിത്തടയുന്നു. അതെന്താ?”

“കാണുന്ന കാഴ്‌ചകളുമായി പൊരുത്തപ്പെട്ട്‌ പ്രതികരിക്കാൻ മാത്രം പ്രായമൊന്നുമായിട്ടില്ലിവന്‌… എന്തായിത്‌?” ഡോക്‌ടർ അത്ഭുതപ്പെട്ടു.

“എങ്കിൽ എപ്പോഴും ഇവന്റെ കൃഷ്‌ണമണികൾ ഇളകാതെയിരിക്കുന്നതെന്താ ഡോക്‌ടർ? അവ ഇനി ചലിക്കുകയേ ഇല്ലേ? ഇവൻ കണ്ണുപൊട്ടനാണോ? ഹൊ!” ഭയാനകമായ ആ ദുഃസംശയം ആ അമ്മയുടെ ചുണ്ടുകളിൽ നിന്നും പുറത്തുചാടി. അവളെ സാന്ത്വനിപ്പിക്കുവാൻ ഡോക്‌ടർക്ക്‌ വാക്കുകൾ ലഭിച്ചില്ല.

ഡോക്‌ടർ കുഞ്ഞിനെ എടുത്ത്‌ പ്രകാശത്തിലേക്കു നടന്നു. അവനെ പ്രകാശത്തിനെതിരെ പിടിച്ചു. അദ്ദേഹം അവന്റെ കണ്ണുകളിൽ നോക്കി. ഒരമ്പരപ്പ്‌ അദ്ദേഹത്തെ ബാധിച്ചു. താൻ ഒന്നോ രണ്ടോ ദിവസത്തിനകം തിരിച്ചുവരാമെന്ന വാഗ്‌ദാനത്തോടൊപ്പം എന്തൊക്കെയോ പറഞ്ഞുകൊണ്ട്‌ അദ്ദേഹം അവിടെനിന്നും പോയി.

മുറിവേറ്റ ഒരു പക്ഷിയെപ്പോലെ ആ അമ്മ പിടഞ്ഞു. പൊട്ടിക്കരഞ്ഞുകൊണ്ട്‌ അവൾ ശിശുവെ മാറോടമർത്തി. കുഞ്ഞിന്റെ കണ്ണുകൾ അപ്പോഴും നിശ്ചലങ്ങളായിരുന്നു. പരുക്കനും.

വാഗ്‌ദാനമനുസരിച്ച്‌ ഡോക്‌ടർ രണ്ടുദിവസങ്ങൾക്കുളളിൽ വീണ്ടും വന്നു. ഇത്തവണ നേത്ര പരിശോധനക്കുളള ഉപകരണങ്ങളുമായാണ്‌ വന്നത്‌. ഒരു മെഴുകുതിരി കൊളുത്തി അദ്ദേഹം ശിശുവിന്റെ കണ്ണുകൾക്കുനേരെ പിടിച്ചു. അത്‌ അനക്കി നോക്കി. വീണ്ടും കണ്ണുകളിലേക്കടുപ്പിച്ചു. ഇത്തരം ഒരുപാട്‌ പരീക്ഷണങ്ങളാവർത്തിച്ചു. അപ്പോഴൊക്കെയും ഡോക്‌ടറുടെ കണ്ണുകൾ ശിശുവിന്റെ കൃഷ്‌ണമണികളിലുറച്ചു നിൽക്കുകയായിരുന്നു. ഒടുവിൽ അഗാധമായ നിരാശയോടെ അദ്ദേഹം അഭിപ്രായപ്പെട്ടു. “നിങ്ങൾക്കു തെറ്റിയില്ല. ഈ കുഞ്ഞിന്‌ കാഴ്‌ചശക്തിയില്ല. മാത്രമല്ല, ഇത്‌ ചികിത്സിച്ചു ഭേദമാക്കാവുന്നതുമല്ല.” ആ അമ്മ ശാന്തമായ വിഷാദത്തോടെ ആ വിധിയെഴുത്ത്‌ കേട്ടു. അവൾ മൃദുവായി പറഞ്ഞു. “എനിക്കിതെപ്പോഴേ അറിയാമായിരുന്നു.”

Generated from archived content: anthagayakan2.html Author: korolenkov

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English