പത്തൊൻപത്‌

നാം ഈ കാലഘട്ടത്തിലേക്കെത്തുന്നതിന്‌ അൽപ്പം മുമ്പ്‌ അയൽപ്രദേശത്തെ ഒരു എസ്‌റ്റേറ്റിന്റെ ഉടമസ്ഥൻ മാറിപ്പോയി, പുതിയ ഒരാൾ വന്നു. ആദ്യത്തെ ആൾ ദുഷ്‌ടനും ശല്യക്കാരനുമായിരുന്നു. പുതിയ ഉടമസ്ഥർ പ്രായം ചെന്ന ദമ്പതികളാണ്‌-യാന്ധക്കുൾസ്‌കിയും പത്നിയും. പ്രായമേറെ ചെന്നവരെങ്കിലും അവർ വിവാഹിതരായിട്ട്‌ അധികമായിരുന്നില്ല. യാന്ധക്കുൾസ്‌കിയുടെ ജീവിതം കഠിന ജോലികൾ പിന്നിട്ടതും യാതനാപൂർണ്ണവുമായിരുന്നു. സ്വന്തമായി ഒരു എസ്‌റ്റേറ്റ്‌ വാടകക്കെടുക്കുന്ന നിലയിലേക്കെത്തിപ്പെടും മുമ്പ്‌ അയാൾ ദീർഘകാലം കാര്യസ്ഥ ജോലി നോക്കിയിരുന്നു. അയാളുടെ ഭാര്യയായ അഗ്‌നിഷ്‌ക്കയാകട്ടെ, പൊവോക്കയിലെ പ്രഭ്വിയുടെ പരിചാരികയായിരുന്നുവെന്നും അറിവായി. അങ്ങനെ ആ നവവധൂവരന്മാർ ഒടുവിൽ ആൾത്താരക്കുമുന്നിൽ നിന്നപ്പോൾ എത്രത്തോളം ഇരുണ്ട മുടിയുണ്ടായിരുന്നുവോ, അത്രത്തോളം നരച്ച മുടിക്കും അവകാശികളായിക്കഴിഞ്ഞിരുന്നു. മണിയറയിൽ നരച്ച മീശയുളള വരനും നരച്ച അളകങ്ങളും ലജ്ജാനമ്രമുഖവുമുളള വധുവും ഒരുമിച്ചു.

എന്നാൽ ആ നര അവരുടെ ദാമ്പത്യഘോഷത്തെ ഒട്ടും ബാധിച്ചതേയില്ല. അവർക്ക്‌ ഒരു പെൺകുഞ്ഞുണ്ടായി. ആ പെൺകുട്ടിക്ക്‌ ഇപ്പോൾ നമ്മുടെ അന്ധബാലന്റെ അതേ പ്രായം തന്നെയായിരുന്നു. താൽക്കാലികമായാണെങ്കിലും അവരുടെ ഈ വാർദ്ധക്യഘട്ടത്തിൽ അവർക്ക്‌ ഒരു ഭവനമുണ്ടായി, അവരുടെ സ്വന്തമാണതെന്ന്‌ അവർ പറഞ്ഞുവെങ്കിലും. ലളിതവും ശാന്തവുമായ ഒരു ജീവിതത്തിലേക്ക്‌ അവർ ഒതുങ്ങിക്കൂടി. അവർ സ്വയം അങ്ങനെ ഒരുക്കിക്കൂട്ടിക്കൊണ്ടു വന്നതാണ്‌. ഇത്രയും കാലം അന്യർക്കുവേണ്ടി അവരിരുവരും അക്ഷീണയത്നം ചെയ്‌തു ജീവിതം ആസ്വദിക്കുവാൻ മറന്നവരായിരുന്നു. അതിനുപകരം ഇപ്പോൾ അവർ സമാധാനവും ഏകാന്തതയും മോഹിച്ചു. അവരുടെ വിവാഹത്തെ തുടർന്ന്‌ അവരേർപ്പെട്ട ആദ്യ സംരംഭങ്ങൾ വിജയിച്ചില്ല. നിരാശരാകാതെ അവർ വീണ്ടും ഈ ചെറിയ എസ്‌റ്റേറ്റിലെത്തിയപ്പോഴും പുതുതായൊന്ന്‌ കണ്ടെത്തി. അവരുടെ ജീവിതരീതികൾക്ക്‌ പൊരുത്തപ്പെടുന്ന ഒന്ന്‌. ആയുർവ്വേദ സംബന്ധിയായ പച്ചിലകളുടെയും വേരുകളുടെയും വ്യാപാരം. യാസ്‌ക്കുൾസ്‌കിയുടെ ഭാര്യയായിരുന്നു അതിന്റെ മേൽനോട്ടം. ഭർത്താവിന്റെ രോഗങ്ങൾക്കും വേദനകൾക്കും മാത്രമല്ല, രോഗ വിവരങ്ങളുമായി കാണാനെത്തിയ ഗ്രാമീണർക്കും ആ സ്‌ത്രീ മരുന്നുകൾ നൽകി സുഖപ്പെടുത്തി. ഈ ആയുർവ്വേദച്ചെടികൾ ആ ഗൃഹാന്തരീക്ഷത്തിൽ ഒരു സവിശേഷ സുഗന്ധം നിലനിർത്തി. യാദൃശ്ചികമായി അവിടം സന്ദർശിച്ചവർപോലും ആ ചെറുവസതിയെക്കുറിച്ചുളള നേരിയ ഓർമ്മ സൂക്ഷിച്ചു. തീർത്തും ശുചിയായ ശാന്തി നിറഞ്ഞ ചെറുവീട്‌. അവിടത്തെ താമസക്കാരുടെ പ്രശാന്ത ജീവിതം എന്തായാലും നമ്മുടെ ഈ കാലഘട്ടത്തിൽ അത്യസാധാരണം തന്നെ.

ഈ വൃദ്ധദമ്പതികൾക്കൊപ്പം അവരുടെ മകളും ജീവിച്ചു. ആകാശനീല കണ്ണുകളും പിന്നിലേക്ക്‌ മെടഞ്ഞിട്ട മുടിയുമുളള ഒരു പെൺകുട്ടി, അസാധാരണമായ സ്ഥൈര്യമുളളവളാണവൾ. കണ്ടുമുട്ടുന്നവരെല്ലാം വളരെവേഗം ആ ചെറുപെൺകുട്ടിയുടെ ഈ പതർച്ചയില്ലായ്‌മ ശ്രദ്ധിച്ചുപോകും. വളരെ പ്രായമുളള പിതാവിന്റെ പ്രശാന്തമായ വാത്സല്യം അവളിൽ ഒരു സമചിത്തത വളർത്തി. കുട്ടികളിൽ അത്തരം സമചിത്തത പൊതുവെ കാണപ്പെടാറില്ലല്ലോ. അവളുടെ ചലനങ്ങളിൽ സൗമ്യമായ ഒരു ലാളിത്യം കലർന്നിരുന്നു. ആ നീലക്കണ്ണുകളുടെ ആഴങ്ങളിൽ എപ്പോഴും ഒരു ചിന്താഭാവം തങ്ങി നിന്നിരുന്നുതാനും. അപരിചിതരെ കാണുമ്പോൾ അവൾക്ക്‌ നാണം തോന്നിയിരുന്നില്ല. അവൾ മറ്റു കുട്ടികളിൽ നിന്നും അകന്നു നിന്നില്ല. അവൾ അവരോടൊപ്പം സ്വേച്ഛയാ കളികളിലേർപ്പെട്ടു. എങ്കിലും അവളുടെ അവരോടുളള പെരുമാറ്റരീതികളിൽ ഒരു ദാക്ഷിണ്യഭാവം നിഴലിച്ചിരുന്നു. അവൾക്ക്‌ അങ്ങനെ അവരോടൊപ്പം കളിച്ച്‌ രസിക്കേണ്ട ആവശ്യമൊന്നുമില്ല എന്നായിരുന്നു ആ ഭാവം അർത്ഥമാക്കിയത്‌. ശരിയാണ്‌, ഒറ്റക്കിരിക്കുമ്പോഴും അവൾ പൂർണ്ണതൃപ്‌തയായിരുന്നു. തുറന്ന പാടത്തു ഓടിക്കളിക്കുമ്പോഴോ, പൂക്കൾ ശേഖരിക്കുമ്പോഴോ, സ്വന്തം പാവയോടു സംസാരിക്കുമ്പോഴോ അവളുടെ ഭാവം അത്രയ്‌ക്കും നിരുദ്വേഗപൂർണ്ണമായിരുന്നു. അവളുടെ മട്ട്‌ ഒരു പെൺകുട്ടിയുടേതായിരുന്നില്ല മറിച്ച്‌ ഒരു ചെറുയുവതിയുടേതായിരുന്നു.

പെട്രോ നദീതീരത്തുളള മലഞ്ചെരിവിൽ ഒറ്റക്കായിരുന്നു. സൂര്യൻ അസ്തമിക്കുവാൻ തുടങ്ങി. അപ്പോഴും സായാഹ്നം നിശ്ചലമായി നിന്നു. തൊഴുത്തുകളിലേക്കു മടങ്ങുന്ന കന്നുകാലിക്കൂട്ടത്തിന്റെ ശബ്‌ദമൊഴിച്ചാൽ മറ്റു ശബ്‌ദങ്ങളൊന്നും കേൾക്കാനുണ്ടായിരുന്നില്ല. അവൻ ഓടക്കുഴൽ വായിക്കുകയായിരുന്നു. അവൻ പുൽത്തകിടിയിൽ സ്വസ്ഥനായി ഇരുന്നു. അരികിൽ ആ പുല്ലാങ്കുഴൽ കിടപ്പുണ്ട്‌. ആ ഗ്രീഷ്‌മകാല സായാഹ്നത്തിന്റെ മധുരതരമായ ആലസ്യത്തിലേക്ക്‌ അവൻ സ്വപ്നാത്മകതയോടെ ചെന്നിറങ്ങി. അവൻ ഒരുതരം മയക്കത്തിലേക്കു വഴുതിവീണിരുന്നു. താഴെയുളള പെട്ടെന്ന്‌ നിശ്ശബ്‌ദത ചെറിയ പാദപതനസ്വരങ്ങളാൽ തകർക്കപ്പെട്ടു. ഈ ഇടപെടലിൽ ശല്യം തോന്നിയ പെട്രോ കൈമുട്ടുകളിലൂന്നി ശ്രദ്ധിക്കാൻ ശ്രമിച്ചു. അവനിരിക്കുന്നതിനു തൊട്ടുതാഴെയെത്തിയപ്പോൾ ആ കാലൊച്ചകൾ നിലച്ചു. അപരിചിതങ്ങളായ കാലൊച്ചകൾ.

ഒരു പെൺകുട്ടിയുടെ സ്വരം അവനെ വിളിച്ചു.

“ഏയ്‌… ആൺകുട്ടീ ഇവിടെ തൊട്ടുമുമ്പ്‌ ആരാണ്‌ ഓടക്കുഴൽ വായിച്ചത്‌? അറിയാമോ?”

തന്റെ ഏകാന്തതകൾ അങ്ങനെ ഭഞ്ജിക്കപ്പെടുന്നത്‌ പെട്രോക്ക്‌ ഇഷ്‌ടപ്പെടുന്ന കാര്യമായിരുന്നില്ല. ഒട്ടും ഭയം കൂടാതെ അവൻ മറുപടി നൽകി.

“ഞാൻ തന്നെയായിരുന്നു.”

താഴെ നിന്ന പെൺകുട്ടിയിൽ നിന്നും ആശ്ചര്യദ്യോതകമായ ഒരു ശബ്‌ദമുയർന്നു.

“വളരെ മനോഹരമായിരുന്നു.” തികഞ്ഞ ആർജ്ജവത്തോടെ തന്റെ ആരാധന വെളിപ്പെടുത്തി.

പെട്രൊ ഒരു മട്ടിലും പ്രതികരിച്ചില്ല. എന്നാൽ ആ ക്ഷണിക്കപ്പെടാത്ത സന്ദർശക വിട്ടുപോകാനൊരുങ്ങിയില്ല.

“താനെന്താണ്‌ പോകാതെ നിൽക്കുന്നത്‌?” വന്ന ആൾ തിരിച്ചുപോകുന്നതിന്റെ കാലൊച്ചകൾ കേൾക്കാതായപ്പോൾ അവൻ ചോദിച്ചു.

“ഞാൻ പോകണമോ? എന്തിനങ്ങനെ ആഗ്രഹിക്കുന്നു?” സുവ്യക്തമായ സ്വരത്തിൽ അവൾ അത്ഭുതത്തോടെ ചോദിച്ചു. ആ ശാന്തസ്വരം അവന്റെ ചെവികളിൽ വീണപ്പോൾ അവന്‌ സുഖം തോന്നി. എങ്കിലും അവൻ മുമ്പത്തെപ്പോലെ ധൈര്യത്തോടെ പ്രഖ്യാപിച്ചു.

“ഞാനിരിക്കുന്നിടത്ത്‌ അന്യർ വരുന്നതെനിക്കിഷ്‌ടമല്ല.”

ആ കൊച്ചു പെൺകുട്ടി ചിരിച്ചു.

“കൊളളാം, കേട്ടോളണേ… ദൈവമേ! ഈ ഭൂമി മുഴുവനും തന്റേതാണോ? ഇതിലൂടെ നടക്കരുതെന്ന്‌ സകലരേയും നിരോധിക്കുവാൻ…”

“എന്നെ ഇവിടെവന്ന്‌ ശല്യപ്പെടുത്തരുതെന്ന്‌ അമ്മ എല്ലാവരോടും പറഞ്ഞിട്ടുണ്ട്‌.”

“അമ്മയോ?” അവൾ പതുക്കെ പറഞ്ഞു. “കൊളളാം. എന്നാലെന്റെ അമ്മ എന്നോടിവിടെ വന്നോളാനും പുഴ കണ്ടോളാനും അനുവാദം തന്നിട്ടുണ്ട്‌..”

തന്റെ ആഗ്രഹങ്ങങ്ങൾക്കെതിരായ അത്തരം തിരിച്ചടികൾ ഒരിക്കലും പെട്രോക്ക്‌ അനുഭവിക്കേണ്ടി വന്നിട്ടില്ല. എല്ലാവരും സദാ അവന്റെ ഇച്ഛക്കനുസരിച്ച്‌ നിന്നുകൊടുത്തിട്ടുളളതിനാൽ അവൻ മിക്കവാറും അതിലാളനയായുളള വഷളാവലിന്‌ വിധേയനായിത്തീർന്നിരുന്നു. ഇപ്പോൾ പൊടുന്നനെ വികാരപാരവശ്യം കൊണ്ട്‌ അവന്റെ മുഖത്ത്‌ കോപത്തിന്റെ തിരകൾ ഇളകി. അവൻ പുൽത്തകിടിയിലെഴുന്നേറ്റു നിന്നു. അമ്പരന്നതുപോലെ അവൻ ഉറക്കെയുറക്കെ കരഞ്ഞു.

“പോ! പോകൂ ദൂരെ… ദൂരെപ്പോ..”

എന്താണ്‌ പിന്നീട്‌ സംഭവിച്ചത്‌, അതു പറയുക എളുപ്പമല്ല. ഇയോക്കിം അവനെ ചായ കുടിക്കാൻ വിളിക്കുന്നതിനായി അപ്പോഴേക്കും അവിടെയെത്തിയിരുന്നു. അവൻ ഓടിപ്പോയി.

“എന്തൊരു ഭയങ്കരനാണീ കുട്ടി…” അവന്റെ ചെവിയിൽ വന്നുവീണ അവസാന വാക്കുകളാണിവ. അത്യന്തം മടുപ്പോടെ ആ പെൺകുട്ടി ഉച്ചരിച്ച വാക്കുകൾ.

Generated from archived content: anthagayakan19.html Author: korolenkov

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English