മാക്‌സിമും, പെട്രോവും, ഒരു വൈയ്‌ക്കോൽ കൂനയിലിരിക്കുന്നു. ഇയോച്ചിയാകട്ടെ, തന്റെ അവസ്ഥക്ക് അനുയോജ്യമായി ബെഞ്ച് നെടുനീളത്തിൽ നിവർത്തി കിടത്തിയിട്ട്, ഒരുനിമിഷത്തെ ചിന്തയെ തുടർന്ന് ഗാനാലാപം തുടങ്ങി. സംവേദനക്ഷമമായ വാസനാവിശേഷത്താലോ, യാദൃശ്ചികമായോ ആണ് അയാൾ തിരഞ്ഞെടുപ്പു നടത്തിയതെങ്കിലും അത് വളരെ ഭാഗ്യകരമായിരുന്നു. അത് അനതിപൂർവ്വ ഭൂതകാലത്തിൽ നിന്നുളള ഒരു രംഗമായിരുന്നു.
ഉയരെ, ഉയരെ, മലയരികിൽ കുനിയുന്നിതാ കൊയ്‌ത്തുകാർ,
പാകമാം വിളകൾ കൊയ്യുന്നിതാ….
തീർച്ചയായും, ഈ നാടൻ ശീല് പാടേണ്ടപ്പോലെ പാടികേട്ട ആർക്കും തന്നെ അതിന്റെ സ്വരമാധുരി വിസ്‌മരിക്കാനാവില്ല. പഴയ, പഴയ, ഉച്ചസ്ഥായിയിൽ, സാവധാനത്തിലിഴയുന്ന രാഗം, ചരിത്രസ്‌മൃതിയുടെ വിഷാദഛവി കലർന്നതായിരുന്നു. ഈ ഗാനത്തിൽ പ്രത്യേകിച്ചെന്തെങ്കിലും ചരിത്രസംഭവങ്ങളോ, യുദ്ധമോ, രക്തച്ചൊരിച്ചിലോ, ധീരോദാത്ത പ്രവർത്തികളോ ഇല്ലായിരുന്നു. കൊസ്സാക്ക് തന്റെ പ്രാണപ്രേയസിയോട് വിട പറയുന്ന രംഗങ്ങളോ, കരയിലൂടെയോ, ഡാമ്പൂബിലൂടെ കടൽ മാർഗ്ഗേനയോ ഉളള പാലായനങ്ങളോ, അലയടിക്കുന്ന നീലക്കടലിലെ സാഹസിക കൃത്യങ്ങളോ ഒന്നുംതന്നെ അതിനൊരു പരിവേഷം ചാർത്തിയിരുന്നില്ല. നിമിഷനേരത്തേക്ക് മിന്നിമറയുന്ന ഒരു ഉക്രേനിയൻ സ്‌മൃതി- ഒരു കൗശലപൂർവ്വമായ ഭാവനാവിഹാരം, ചരിത്രസ്‌മൃതികളുടെ ഒരു സ്വപ്‌നശകലം-ഇത്രയൊക്കെയല്ലാതെ മറ്റൊന്നും അതിലുണ്ടായിരുന്നില്ല. വർത്തമാനകാലത്തെ സാർവ്വത്രികമായ ശുഭ്രതയിൽ, മങ്ങി, മഞ്ഞ് കലർന്ന ഗതകാല സ്‌മൃതികളുടെ സവിശേഷമായ വിഷാദനിസ്വനം കലർന്നതുമായിരുന്നു അത്. അപ്രത്യക്ഷമായതുതന്നെ-സംശയമില്ല, എങ്കിലും, അവശിഷ്‌ടങ്ങൾ ഉണ്ടായിരുന്നു. ഈ ഭൂതകാലം, നിത്യവും ജീവിക്കുന്നു, കൊസ്സാക്കു ധീരന്മാരുടെ അസ്ഥികൾ പൂണ്ടു കിടന്ന ശ്മശാന മൺകൂനകളിലും, അർദ്ധരാത്രി വിചിത്രപ്രകാശം സ്‌ഫുരിക്കുന്ന ഇവിടങ്ങളിൽ ഘനീഭവിച്ച ദീനരോദനങ്ങൾ കേൾക്കാമായിരുന്നു. അതൊരു ഇതിഹാസം പോലെ നിലനിന്നിരുന്നു-ഇന്നാകട്ടെ വളരെ കുറച്ചെ കേൾക്കാറുളളൂ.
ഉയരെ, ഉയരെ മലയരുകിൽ കുനിയുന്നിതാ കൊയ്‌ത്തുകാർ,
പാകമാം വിളകൾ കൊയ്യുന്നിതാ…
താഴെ, അങ്ങ് താഴെയാകട്ടെ, പച്ചക്കുന്നിൻ കാല്‌ക്കൽ,
ആശ്ചാന്ദ്രസരായ് വരുന്നു കൊസ്സാക്കുകൾ,
ആശ്ചാന്ദ്രസരായ് വരുന്നു കൊസ്സാക്കുകൾ!
ഹരിതാഭമായ കുന്നിൻചരുവിലാകട്ടെ, ധാന്യകതിരുകൾ കൊയ്‌തിറങ്ങുന്നു. അങ്ങ് താഴെയായി കൊസ്സാക്കുകൾ കുതിരപ്പുറത്ത് ഓടിനടക്കുന്നു.
മാക്സിം തനിക്ക് ചുറ്റുമുളള ലോകത്തെക്കുറിച്ചൊക്കെ മറന്നുപോയി, ഗാനത്തിന്റെ ഉളളടക്കവുമായി അത്ഭുതകരമാംവിധം ഇഴുകിച്ചേർന്ന ക്രോധകരമായ ഈ വിഷാദഗാനം, തന്റെ മുന്നിൽ വർണ്ണോജ്ജ്വലമായ രംഗദീപ്തി ഉണർത്തി. ശാന്തമായ കുന്നിൻചരിവിലെ പാടങ്ങൾ സായാഹ്നപ്രഭയിൽ മുങ്ങി നിൽക്കുന്ന; കൊയ്‌ത്തുകാർ നിശ്ശബ്‌ദരായി നിന്ന് കൊയ്യുന്ന…. താഴെ, നിശ്ശബ്‌ദരാണെങ്കിലും, കുതിരപ്പടയാളികൾ അണിയണിയായി, താഴ്‌വാരത്തിൽ ഉരുണ്ടു കൂടുന്ന നിഴലുകളിലേക്ക് ലയിച്ചുച്ചേരുന്ന….
ദൊറോഷെങ്കോ സ്വയം മുന്നിലുളള
സ്വന്തം അണികളെ നയിക്കുന്ന-തന്റെ
കൊസ്സാക്ക് പടകളെ….
ഭംഗിയായ്, ധീരമായ് നയിക്കുന്ന…
ദീർഘശ്രുതിയുളള ഈ ഗാനത്തിന്റെ അലയൊലികൾ പ്രകമ്പനം കൊണ്ട് അസ്തമിച്ച് ഇല്ലാതായി-കേവലം ഒരിക്കൽ കൂടി, പുതിയ അന്ധകാരത്തെയും, ഭൂതകാലചരിത്രത്തിലെ സദാ നവ്യമായ പ്രതിരൂപങ്ങളെയും ആവാഹിച്ചുകൊണ്ട്….
ഇത് കേട്ടുക്കൊണ്ടിരുന്ന ബാലന്റെ മുഖഭാവം വിഷാദവും, ചിന്താധീനവുമായിരുന്നു. മലഞ്ചെരിവിൽ ആ ഗാനവും കൊയ്‌ത്തിന്റെ ശബ്‌ദവും തുടരവേ അവൻ കരുതി അവന് പരിചയമുളള ഒരു പാറയുടെ മുകളിലാണ് അവനിരിക്കുന്നതെന്ന്. പുഴയിലേക്ക് തളളി നിൽക്കുന്ന ഒരു പാറ. അതെ, അതുതന്നെയായിരുന്നു സ്ഥലം, താഴെ പുഴയുടെ തുടിപ്പ് കേട്ടപ്പോൾ അവനതു മനസ്സിലായി. പുഴയിൽ തിരകൾ ഇളകി കല്ലുകളിലടിച്ച് വ്യക്തമായും ശബ്‌ദമുണ്ടാക്കിക്കൊണ്ടുമിരുന്നു. അവന് ധാന്യക്കതിരുകൾ കൊയ്യുന്നതിനെപ്പറ്റിയും അറിയാമായിരുന്നു. അരിവാളുകളുടെ ശബ്‌ദം അവന് പരിചിതമായിരുന്നു. താഴെ വീഴുന്ന കറ്റകളുടെ മർമ്മരശബ്‌ദവും അവന് കേട്ടു പഴക്കമുണ്ടായിരുന്നു. എന്നാൽ കീഴെ സംഭവിച്ചുകൊണ്ടിരുന്നതിലേക്ക് ആ ഗാനം തിരിഞ്ഞപ്പോൾ ആ അന്ധബാലന്റെ ഭാവന അവനെ ഉയരങ്ങളിൽ നിന്നു താഴ്‌വരയിലേക്കെത്തിച്ചു.
ധാന്യക്കതിരുകളുടെയും അരിവാളുകളുടെയും ശബ്‌ദം മാഞ്ഞു. എന്നാൽ മലഞ്ചെരിവിൽ അപ്പോഴും ധാന്യക്കതിരുകൾ മുറ്റിവളർന്നു നിൽക്കുന്നുണ്ടെന്ന് ആ പയ്യനറിയാമായിരുന്നു. എന്നാൽ അവയുടെ മർമ്മരം അവന് കേൾക്കാനരുതാത്ത ദൂരത്തായിരുന്നു നിൽപ്പ്. പാറയുടെ കീഴ്‌വശത്തെ പടിയിൽ നിൽക്കുകയായിരുന്നുവെങ്കിൽ അകലെയുളള പൈൻമരങ്ങളുടെ പടപട ശബ്‌ദം അവന് കേൾക്കാൻ കഴിയുമായിരുന്നു. താഴെ ഒരു കുതിരക്കുളമ്പടി ശബ്‌ദം അടുത്തടുത്തു വന്നു. വളരെ വേഗത്തിലായിരുന്നു അത്. താഴെ നദീതീരത്തിലൂടെ ഒരു കുതിരയല്ല-അനേകം കുതിരകൾ, അന്ധകാരത്തിലെ ഇടിവെട്ടുകൾ പോലെ ആ കുതിരക്കുളമ്പടികൾ ഒന്നൊന്നിൽ ലയിച്ചില്ലാതായി. അതിലെ കൊസ്സാക്കുകൾ കടന്നുപോകുകയായിരുന്നു.
കൊസ്സാക്കുകൾ- അതെ അവന് അവരെക്കുറിച്ചും അറിയാമായിരുന്നു. ഫെഡ്‌ക്കോയെ എല്ലാവരും വിളിച്ചിരുന്നത് ‘പഴയ കൊസ്സാക്ക്’ എന്നായിരുന്നുവല്ലോ. പ്രഭുമന്ദിരത്തിൽ പോയപ്പോഴൊക്കെയും അവൻ ആ വിളി കേട്ടിരുന്നു. ഒരിക്കലല്ല, പലപ്പോഴും ഫെഡ്‌ക്കോ കണ്ണറിയാത്ത അവനെ മുട്ടുകാലിലിരുത്തി അയാളുടെ പരുക്കൻ കൈകൊണ്ട് അവന്റെ ശിരസ്സിൽ തലോടാറുണ്ട്. ആ കൈ അപ്പോൾ വിറയ്‌ക്കും, മറ്റാരോടുമെന്നപോലെ ആ കുട്ടി ഫെഡ്‌ക്കോയുടെ മുഖത്തും തന്റെ സംവേദകത്വം നിറഞ്ഞ കൈവിരലുകൾകൊണ്ട് പരിശോധിക്കുമ്പോൾ അവൻ ആഴമുളള ഉഴവുചാലുകളും നീളമുളള ബലഹീനമായ മീശയും വാർദ്ധക്യത്തിന്റെ അനിച്ഛാപൂർവ്വകമായ കണ്ണീർകൊണ്ട് നനഞ്ഞ കുഴിഞ്ഞ കവിളുകളും കണ്ടെത്താറുണ്ട്. കൊസ്സാക്കുകളെല്ലാം അങ്ങനെയാവും എന്നായിരുന്നു അവന്റെ ധാരണ. അവൻ ആ പാറപ്പുറത്തിരുന്ന് ഗാനധാര ശ്രദ്ധിക്കുന്നതു തുടർന്നു. ആ കുതിരസവാരിക്കാർ ഫെഡ്‌ക്കായെപ്പോലെ വാർദ്ധക്യത്താൽ കൂനിക്കൂടി നീണ്ട മീശയുമായി, നിശ്ശബ്‌ദരായി രൂപരഹിതരായ നിഴലുകൾ പോലെ ഇരുട്ടിലൂടെ മുന്നേറി. ഫെഡ്‌ക്കോ കരയുന്നതുപോലെ അവരും കരഞ്ഞു. ഒരുപക്ഷേ മലഞ്ചെരിവും താഴ്‌വരയും മൂടിയ ആ വിഷാദഗാനധാരയാലാവാം അവർ കരയുന്നത്. ഇയോക്കിമിന്റെ വിഷാദഭരിതമായ ഗാനം അർപ്പിക്കപ്പെട്ടിരുന്നത് യുദ്ധത്തിന്റെ കെടുതികൾക്കടിപ്പെട്ടുപ്പോയ അയാളുടെ പത്നിക്കായാണ്. ‘ശ്രദ്ധയില്ലാത്ത കൊസ്സാക്കു പയ്യൻ’ എന്നതായിരുന്നു ആ ഗാനം.
ഒറ്റനോട്ടം മാത്രമേ മാക്സിം അമ്മാവന് തന്റെ മരുമകന്റെ സംവേദനക്ഷമതയെ തിരിച്ചറിയുവാൻ വേണ്ടിവന്നുളളൂ. തന്റെ മരുമകൻ അന്ധനാണെന്നിരിക്കിലും ആ ഗാനത്തിലുൾച്ചേർന്ന കവിതയോട് അവന്റെ സംവേദനാത്മകമായ പ്രകൃതി പൂർണ്ണമായും പ്രതികരിക്കുന്നുണ്ടായിരുന്നു.
Generated from archived content: anthagayakan17.html Author: korolenkov