പതിനാറ്‌

ഈ വക സംഗീതപരീക്ഷണങ്ങളോടെല്ലാമുളള മാക്‌സിം അമ്മാവന്റെ സമീപനം കഷ്‌ടിച്ച്‌ പ്രോത്സാഹജനകമായിരുന്നുവെന്നു വേണം പറയാൻ. അത്‌ വിചിത്രമെന്നു തോന്നിക്കാമെങ്കിലും, വളരെ സ്പഷ്‌ടമായി സജീവമായിരുന്ന ഈ കുട്ടിയുടെ എല്ലാ ചായ്‌വുകളിലേക്കുമായി അങ്ങിനെതന്നെ അയാൾക്ക്‌ യോജിക്കാൻ കഴിഞ്ഞിരുന്നില്ല. ഒരുവിധത്തിൽ, തീർച്ചയായും, സംഗീതത്തോടുളള ഈ വൈകാരികസ്‌നേഹം ചോദ്യം ചെയ്യാനൊക്കാത്ത കഴിവിനെ സൂചിപ്പിക്കയും, പ്രാപ്‌തമാകാവുന്നതായ ഒരു ഭാവിയിലേക്ക്‌ വിരലൂന്നുകയുമുണ്ടായി. പക്ഷെ-നേരെമറിച്ച്‌, ഇത്തരമൊരു ഭാവിയെക്കുറിച്ചുളള ചിന്ത ആ പഴയ പടയാളിയിൽ പ്രാകൃതമായൊരു നിരാശാബോധം ഉളവാക്കി.

സംഗീതം, തീർച്ചയായും, ഒരു മഹദ്‌ശക്തിതന്നെയെന്ന്‌ അയാൾ ചിന്തിച്ചു. സംഗീതത്താൽ ഒരാൾക്ക്‌ ജനക്കൂട്ടത്തിന്റെ ഹൃദയത്തെത്തന്നെ ആട്ടിയുലക്കാം. നൂറ്‌ കണക്കിന്‌ സുന്ദരി വനിതകളും, ആഢംബരധാരികളും, ഈ അന്ധഗായകനെ ശ്രദ്ധിക്കാൻ തിങ്ങിക്കൂടും. അവർക്കുവേണ്ടി അവൻ എല്ലാത്തരം….സംഘനൃത്തങ്ങളുടെ രാഗവും, നോക്‌ചർനുകളും (സത്യം പറഞ്ഞാൽ, മാക്‌സിം അമ്മാവന്റെ അറിവിൽ പെട്ടിടത്തോളം, സംഗീതമെന്നു പറഞ്ഞാൽ, സംഘനൃത്തഗാനത്തിനപ്പുറമില്ലെന്നാണ്‌) അവർ കൈത്തൂവാലകൾകൊണ്ട്‌ കണ്ണുനീർ തുടക്കും.. ആ! പിശാച്‌ തുലയട്ടെ! അതല്ല, മാക്‌സിം അമ്മാവൻ പ്രതീക്ഷിച്ചുകൊണ്ടിരുന്നത്‌! പക്ഷേ എന്താണ്‌ ചെയ്യേണ്ടത്‌? ആ പയ്യൻ അന്ധനാണ്‌. ഏറ്റവും മികച്ച രീതിയിൽ ജയിക്കാനുളളത്‌ അവൻ ചെയ്യട്ടെ! അതിന്‌ സംഗീതം വേണമെന്നു വരികിൽ, ചുരുങ്ങിയ പക്ഷം അത്‌ പാടുകയെങ്കിലുമാകട്ടെ… കേവലം അർത്ഥരഹിതമായൊരു ഇക്കിളിയാക്കലിനെക്കാളേറെ സംഗിതം അത്യഗാധമായി ഇറങ്ങിച്ചെല്ലുന്നു. ഒരു പാട്ട്‌ ഒരു കഥ പറഞ്ഞു തരുന്ന; അത്‌ മനസ്സിനെ ചിന്തയിലെക്കും, ഹൃദയത്തെ ധീരതയിലേക്കും ഉണർത്തുന്നു.

“ഇവിടെ നോക്കൂ, ഇയോച്ചിം….” ഒരു സായാഹ്നത്തിൽ പെട്രോയോടൊപ്പം കുതിരലായത്തിലെത്തിയ മാക്‌സിം ആശ്ചര്യപ്രകടനം നടത്തി. “നിങ്ങൾക്ക്‌ ഒരിക്കലെങ്കിലും ആ ഓടക്കുഴൽ ഒന്ന്‌ താഴെ വയ്‌ക്കാൻ പാടില്ലേ? അജപാലക പയ്യൻമാർക്ക്‌ അത്‌ മതിയാകുമായിരിക്കും. പക്ഷെ നിങ്ങൾ ഒരു മുതിർന്ന മനുഷ്യനല്ലേ?കാര്യം ആ നിസ്സാരക്കാരി മരിയ നിങ്ങളെ ഒരു പശുക്കുട്ടി ആക്കിയെന്നുവരികിലും- ഹ! നിങ്ങൾ ലജ്ജിക്കണം! ഒരു പെൺകുട്ടി നിങ്ങളുടെ മൂക്കുപിടിച്ചു തിരിച്ചതിന്‌ കൂട്ടിലടച്ച ഒരു കിളിയെപ്പോലെ ഒരു ഓടക്കുഴലും ഊതി നടക്കുന്ന…”

മാക്‌സിം തിരുമേനിയുടെ അകാരണമായ കോപത്തെ ഓർത്ത്‌ ഇയോച്ചിം ഇരുട്ടിൽ പല്ലുകടിച്ചു. ഈ ഭയങ്കരമായ ഉദീരണങ്ങളിൽവച്ച്‌, അജപാലകപിളേളർ എന്ന സൂചന മാത്രമെ അയാളിൽ അല്പം പ്രതിഷേധം ഉണർത്തിയുളളു.

“മാക്‌സിം തിരുമനസ്സേ! താങ്കളൊന്നു ചിന്തിക്കുന്നില്ലേ?” അയാൾ പറഞ്ഞു. “ഈ ഉക്രേനിയയിലാകെക്കൂടി ഇത്തരമൊരു ഓടക്കുഴൽ കണ്ടെത്താനാവില്ലെന്ന്‌! അജപാലകപയ്യന്മാർ; അവർ ചൂളം വിളിക്കും-അത്രമാത്രമെ അവർക്ക്‌ അറിയാവൂ! ഇതേപോലൊരു ഓടക്കുഴൽ… നിങ്ങളിതൊന്ന്‌ ശ്രദ്ധിക്കൂ..”

അയാൾ തന്റെ എല്ലാ വിരലുകൾക്കൊണ്ടും ദ്വാരങ്ങൾ അടച്ചുപിടിച്ചിട്ട്‌, ഒക്‌ടാവ്‌ ധ്വനിയിൽ, ആഹ്ലാദപൂർവ്വം, ഏറ്റവുമധികം ഉച്ചസ്ഥായിയിൽ സ്‌ഫുടമായ ശബ്‌ദമുയർത്തി. മാക്‌സിം തുപ്പി.

“അ​‍്‌ഹ്‌… സ്വർഗ്ഗലോകത്തെ ദൈവമെ! ഈ മനുഷ്യന്‌ ഉണ്ടായ തലച്ചോറും പോയല്ലോ…നിങ്ങളുടെ ഈ ഓടക്കുഴലിനെ ഞാനെന്തിന്‌ ശ്രദ്ധിക്കണം? അവ എല്ലാം ഒരുപോലെയാണ്‌. ഓടക്കുഴലുകളും, സ്‌ത്രീകളും, നിങ്ങളുടെ ആ മറിയയുമൊക്കെത്തന്നെ! ഏതെങ്കിലും പാട്ട്‌ അറിയാമെന്നുവരികിൽ ഒരെണ്ണം പാടൂ! നല്ല പാട്ടുകളിലൊന്ന്‌. അതിൽ ചില അർത്ഥവും കാണും.”

ഒരു തനി ഉക്രേനിയനായ മാക്‌സിം യാസെങ്കോ, ജന്മഗേഹത്തിലെ ഭൃത്യരോടും, കൃഷീവലന്മാരുമായുളള ബന്ധങ്ങളിലും യാതൊരു കപടനാട്യവുമില്ലാത്ത ഒരാളാണ്‌. പലപ്പോഴും, അയാൾ അവരുടെ നേർക്ക്‌ ബഹളം വച്ചുവെന്നുളളത്‌ സത്യം തന്നെ-പക്ഷെ അത്‌ ഉളളിൽ വിരോധം വച്ചുകൊണ്ടല്ല. അതിനാൽ യാതൊരു ഭീതിസൂചനയും കൂടാതെ, അവർ, അയാളോട്‌ ആരാധ്യ ഭാവേന പെരുമാറി.

“ഒരു പാട്ട്‌ അല്ലേ?” ഇയോച്ചിം തിരിച്ചടിച്ചു. “ശരി എന്തുകൊണ്ട്‌ പാടില്ല? ഒരിക്കൽ ഞാൻ എന്റെ അടുത്തിരുന്നവനെക്കാൾ ഭേദമായി പാട്ടുപാടി. ഞങ്ങളുടെ ആ നാടൻപാട്ടുകൾ നിങ്ങൾക്ക്‌ രസിക്കില്ല എന്നുമാത്രം…”

അവസാനം പറഞ്ഞത്‌ ഒരു പരിഹാസധ്വനിയോടെയായിരുന്നു.

“വിഡ്‌ഢിത്തം പുലമ്പാതെ.” മാക്‌സിം ആശ്ചര്യപ്പെട്ടു. “ഒരു നല്ല പാട്ട്‌- ഇതുകേട്ടാൽ തോന്നും, അതിനെ നിങ്ങളുടെ ഓടക്കുഴൽ വായനയുമായി താരതമ്യപ്പെടുത്താമെന്ന്‌! തീർച്ചയായും, ഒരു മനുഷ്യന്‌ പാടാനാവുമെങ്കിൽ! നമുക്കെന്നാൽ ശ്രദ്ധിക്കാം-പെട്രോ. അന്നേരം ഇയോച്ചിം നമുക്കൊരു പാട്ട്‌ കേൾപ്പിക്കട്ടെ! യുവാക്കളെ.. എനിക്കൊരു അത്ഭുതം നിങ്ങൾക്കത്‌ ഗ്രഹിക്കാനാവുമോ എന്നാണ്‌?”

“അത്‌ കുടിയാന്മാരുടെ സംഭാഷണം പോലെ ആകുമോ?” ആ പയ്യൻ ചോദിച്ചു. “അതാണെങ്കിൽ എനിക്ക്‌ മനസ്സിലാവും.”

മാക്‌സിം അമ്മാവൻ നെടുവീർപ്പിട്ടു. അയാളുടെ പ്രകൃതത്തിന്‌ ഒരു കാല്പനിക ചായ്‌വുണ്ടായിരുന്നു. ഒരിക്കലയാൾ, പഴയ കൊസ്സാക്ക്‌ ദിനങ്ങളുടെ വിജയകാലത്തിന്റെ പുനരുജ്ജീവനത്തെക്കുറിച്ച്‌ സ്വപ്നം കണ്ടിരുന്നു.

“യുവാക്കളെ അതൊന്നും കുടിയാന്മാരുടെ പാട്ടുകളല്ല..” അയാൾ ആ കുട്ടിയെ അറിയിച്ചു. “സ്വതന്ത്രരും, ശക്തരുമായ ജനങ്ങളുടെ പാട്ടാണത്‌. നിന്റെ അമ്മയുടെ പൂർവ്വപിതാക്കൻമാർ അവ പാടി. പുൽമേടുകളിലുടനീളം-നീപ്പറിലൂടെയും, ഡാമ്പുബിലൂടെയും, കരിങ്കടൽതീരത്തിലൂടെയും. ആ! ശരി! അതൊക്കെ ഒരുദിവസം നിങ്ങൾ മനസ്സിലാക്കും. ഇപ്പോൾ എന്നെ അലോസരപ്പെടുത്തുന്നത്‌…” അയാളുടെ സ്വരം പൊടുന്നനെ അസ്വസ്ഥമായി. “എന്നെ ഇപ്പോൾ അലോസരപ്പെടുത്തുന്നത്‌, തികച്ചും വ്യത്യസ്തമായൊരു സംഗതിയാണ്‌.”

അതെ-ആ പയ്യനിൽ കുറവുണ്ടെന്ന്‌ താൻ ഭയന്നിരുന്ന വ്യത്യസ്തമായൊരു ധാരണയാണത്‌. ദൃശ്യസംജ്ഞകളിൽക്കൂടി മാത്രമെ പഴയ പുരാണഗാനങ്ങളിൽ വരച്ച വർണ്ണോജ്ജ്വല ചിത്രങ്ങൾ ഹൃദിസ്ഥമാവൂ എന്നയാൾ ചിന്തിച്ചു. ഇവയുടെ അഭാവത്തിൽ, നാടൻപാട്ടുകളുടെ ഭാഷ്യം ആ കുട്ടിയുടെ അദൃശമായ മനസ്സിന്‌ സ്വായത്തമാക്കാൻ കഴിഞ്ഞേക്കുകയില്ല. പക്ഷെ ഒരു കാര്യം മാക്‌സിം വിസ്‌മരിച്ചുപോയിരുന്നു. പഴയ ബോയന്മാരും, ഉക്രേനിയൻ കോബ്‌സാദമാരും, നാടോടിഗായകരുമൊക്കെ ഭൂരിഭാഗവും അന്ധരായിരുന്നില്ലേ? സത്യം തന്നെ-ഭൂരിപക്ഷം കാര്യങ്ങളിലും, നിർഭാഗ്യം അന്ധതയുടെ രൂപത്തിൽ കടന്നുവന്നത്‌, അവരെ ബന്തൂരഗീതങ്ങൾ ആലപിക്കാനും, ആദ്യം യാചിക്കുന്നതിനു പ്രേരണ ചെലുത്തുകയാണുണ്ടായത്‌. പക്ഷെ, ഇതോടെ എല്ലാമായിരുന്നില്ല-ഈ അലഞ്ഞുതിരിഞ്ഞു നടന്ന ആലാപകരിൽ ഭൂരിഭാഗവും ആദ്യത്തിനുവേണ്ടി പരുക്കൻ സ്വരത്തിൽ പാട്ടുപാടുന്ന വെറും യാചകർ മാത്രമായിരുന്നു. അവരിലധികം പേരും, അന്ധരായപ്പോൾ, വൃദ്ധപ്രായമെത്തിയിരുന്നില്ല. അന്ധത തുളഞ്ഞു കയറാൻ അസാധ്യമായൊരു മൂടുപടമെന്നപോലെ (തീർച്ചയായും അത്‌ ഘനീഭൂതമായി അവരിൽ തൂങ്ങിക്കിടന്നിരുന്നു) ഒരു അസഹനീയ ഭാരംപോലെ, ദൃശ്യലോകത്തെ സുനിശ്ചിതമായും, തലച്ചോറിനെ ബാധിച്ച ധാരണാശക്തിയെ തടസ്സപ്പെടുത്തി നിലകൊണ്ടു. പക്ഷെ ഇതോടൊപ്പം പാരമ്പര്യത്താൽ സംസിദ്ധമാകുന്ന സംഭവങ്ങളുമുണ്ട്‌. മറ്റ്‌ ചേതനാ അവയവങ്ങളിലൂടെ (കാഴ്‌ചയിലൂടെ അല്ലാതെ) മനസ്സിലാക്കിയെടുക്കാനൊക്കുന്ന കാര്യങ്ങളുണ്ട്‌. ഇവയിൽനിന്നും, അന്ധകാരത്തിൽ തലച്ചോറ്‌ സ്വന്തമായൊരു ജീവിക്കുന്ന ലോകം സൃഷ്‌ടിക്കുന്ന-ഛായ നിറഞ്ഞ ഒരു ലോകമായിരിക്കാം, ഒരുപക്ഷെ, കൗശലപൂർവ്വം, വിഷാദഭാവത്തിലാവുന്ന-എന്നിരുന്നാലും, അവ്യക്തമായൊരു കാവ്യഭാവനയും അവിടെ നിലനില്‌ക്കാതെ വരുന്നില്ല.

Generated from archived content: anthagayakan16.html Author: korolenkov

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here