ദിവസങ്ങൾ കടന്നുപോയതുകൊണ്ടൊന്നും അവളുടെ യാതനാ തീവ്രതക്ക് ശമനമുണ്ടായില്ല. നേരെമറിച്ച് ഓരോ ദിനവും വ്യക്തമായ വർദ്ധനവുണ്ടായിക്കൊണ്ടുമിരുന്നു. കൂടുതൽ കൂടുതലായി അവളിൽ ഇയോച്ചിമിന്റെ സംഗീതധാര ഉണർത്തിയ ആകർഷണീയത ഒരേതരം വിഷാദഭാവവും, കാവ്യഭാവവും ഉയർത്തിക്കൊണ്ടുമിരുന്നു. ഈ പുതിയ വികാരത്തോടൊപ്പം പുതിയ പ്രതീക്ഷയും തലയുയർത്തി. പെട്ടെന്നുണ്ടായ ആത്മവിശ്വാസത്തോടെ തീരുമാനിച്ചുറച്ച്, മൃദുലമായ ഓടക്കുഴൽ നാദത്തെ അതിജീവിക്കാനായി ധൃതിയിൽ പിയാനൊയുടെ തന്ത്രികളിൽ താൻ വിരലുകൾ വ്യാപരിപ്പിച്ച സായാഹ്നങ്ങൾ നിരവധിയായിരുന്നു. പക്ഷെ ഓരോ പ്രാവശ്യവും, ഏതോ ഒരു ഭീതിയുടെയും, ലജ്ജയുടെയും വികാരം ഈ ഉദ്യമത്തിൽ നിന്നും അവളെ പിന്തിരിപ്പിച്ചു. ഇതവളുടെ ആത്മവിശ്വാസത്തെ തീരുമാനക്കുറവാക്കി മാറ്റി. ആ കൃഷീവലന്റെ അവഗണനാത്മകമായ നോട്ടവും, കുട്ടിയുടെ മുഖഭാവത്തെ വേദനയും അവൾ ഓർമ്മിച്ചിരുന്നു-അന്നേരം അവളുടെ കവിളിണകൾ, കറുത്ത ഡ്രായിംഗ് മുറിയിൽ വച്ച് ലജ്ജയാൽ ചുട്ടുപുകയുമായിരുന്നു. ആ കൈകളാകട്ടെ, വിനയാന്വിത മോഹത്തോടെ നിശ്ശബ്‌ദമായി താൻ സ്പർശിക്കാൻ മടിച്ചിരുന്ന കീബോർഡുകളിൽ തത്തിക്കളിക്കുമായിരുന്നു.
എന്നിരുന്നിട്ടും, ദിവസങ്ങളെ പിന്നിട്ട് ദിവസങ്ങൾ കടന്നുപോയതോടെ, തന്നിൽ ഏതോ ഒരു പുതിയ ആന്തരിക ശക്തി ഉടലെടുത്ത ബോധം അവളിലുളവായി. കുട്ടി നടക്കാൻ പോയ സമയത്തോ, തോട്ടത്തിലെ ഏതോ വിദൂര മൂലയിൽ കളിക്കുന്ന സമയത്തോ, അവൾ മണിക്കൂറുകളോളം സ്വയം ഉദ്യമിക്കാൻ ശ്രമിച്ചിരുന്നു. പക്ഷെ തന്റെ ആദ്യപരിശ്രമങ്ങൾ അവൾക്ക് തൃപ്‌തികരമായിരുന്നില്ല. ഹൃദയ വികാരത്തിനനുസൃതമായി വിരലുകൾ അനുസരിക്കുന്നില്ല. അവയുളവാക്കിയ സ്വരങ്ങൾ അവളുടെ മാനസിക ഭാവത്തിൽ വിദ്വേഷം ഉയർത്തി. പക്ഷെ, ക്രമേണ, ഈ മാനസികാവസ്ഥയെ കൂടുതൽ ശക്തിയോടെയും, എളുപ്പത്തിലും തരണം ചെയ്യാൻ സാധിച്ചു. കൃഷീവലന്റെ പാഠങ്ങൾ നിഷ്‌ഫലമായില്ല; ഒരു അമ്മയുടെ നിഷ്‌കപടമായ സ്‌നേഹഭാവവും, സ്വന്തം ഇന്ദ്രിയ സംവേദകത്വമാർന്ന ചേതനയുമൊക്കെ ചേർന്ന് തന്റെ കുട്ടിയുടെ ഹൃദയത്തെ പൂർണ്ണമായും കവരാൻ പ്രേരിതമാക്കിയ രീതിയിൽതന്നെ ഈ പാഠങ്ങൾ ക്ഷണത്തിൽ ഹൃദിസ്ഥമാക്കാൻ അവളെ സഹായിച്ചു. ഇപ്പോൾ ആ വിരലുകൾ ശബ്‌ദഘോഷമുളള, സങ്കീർണ്ണമായ ഗാനശകലങ്ങൾക്കായി താളമടിച്ചില്ല. കീബോർഡിൽ നിന്നും ഏകാന്തമായ ഉക്രേനിയൻ ദുഃഖങ്ങളുടേതായ മൃദുല സ്വരരാഗമാധുരികൾ അടച്ചുപൂട്ടിയ മുറിയിലും, അമ്മയുടെ തുടിക്കുന്ന ഹൃദയത്തിലും ഒരുപോലെ നിറഞ്ഞുനിന്നു.
ഒടുവിൽ, ഒരു പരസ്യമായ തുറന്ന പോരാട്ടത്തിനുളള മാനസിക ധൈര്യം അവൾ സമ്പാദിച്ചു. സായാഹ്നവേളകളിൽ, ഡ്രായിംഗ് റൂമിനും, ഇയോച്ചിമിന്റെ കുതിരലായത്തിനുമിടയിൽ വിചിത്രമായൊരു മത്സരം സമാരംഭിച്ചു. നിഴൽ വിരിച്ച, വൈയ്‌ക്കോൽ കൊണ്ടുളള മേൽക്കൂരയുളള കുതിരലായത്തിൽനിന്നും, മൃദുലമായ സ്വരമാധുരിയോടെ ഓടക്കുഴലിന്റെ സംഗീതം ഒഴുകുന്നതോടൊപ്പം, പൂർണ്ണവും, അലയടിക്കുന്നതുമായ പുതിയ സ്വരങ്ങൾ ഡ്രായിംഗ് റൂമിന്റെ തുറന്ന ജാലകങ്ങളിലൂടെ, തിളങ്ങുന്ന പ്രഭയിൽ ബീച്ചുമരങ്ങൾക്കിടയിലൂടെ മിന്നിക്കൊണ്ട് പുതിയ സ്വരങ്ങൾ അതിനെ നേരിടാനായി പ്രവഹിക്കുകയായി.
ആദ്യമൊക്കെ ഈ “കലാപൂർണ്ണമായ” ജന്മി ഗേഹ സംഗീതധാരയെ ആ കുട്ടിയോ, ഇയോച്ചിമൊ, അതിനെതിരെ ശക്തമായ മുൻവിധികളുണ്ടായതിനാൽ, ശ്രദ്ധിച്ചിരുന്നതേയില്ല. ഇയോച്ചിമിന്റെ ഓടക്കുഴൽ വായനയുടെ ഓരോ വിരാമത്തിലും, അക്ഷമനായി കുട്ടി ചിന്താധീനനായി ഇങ്ങിനെ വിളിച്ചു പറയും.
“നിങ്ങളെന്തു കൊണ്ട് വായിക്കുന്നില്ല…?”
പക്ഷെ ഒന്നോ രണ്ടോ ദിവസത്തിനുശേഷം ഇയോച്ചിമിന്റെ ഇമ്മാതിരിയുളള വിരാമങ്ങൾ കൂടുതൽ കൂടുതൽ സാധാരണമായിത്തീർന്നു. വീണ്ടും വീണ്ടും, അയാൾ വർദ്ധിതമായ താല്പര്യത്തോടെ ഓടക്കുഴൽ മാറ്റിവച്ച് കിടന്നുകൊണ്ട് ശ്രദ്ധിക്കുമായിരുന്നു-ആ കുട്ടിയും ശ്രദ്ധിക്കാനാരംഭിച്ചു. അയാൾ കൂട്ടുകാരനെ ഓടക്കുഴൽ വായനക്ക് നിർബന്ധിച്ചതുമില്ല. കുറെക്കഴിഞ്ഞ് ഒരു നിമിഷത്തിൽ ഇയോച്ചിം അത്ഭുതപൂർവ്വം ഇങ്ങിനെ പറഞ്ഞു.
“ഇപ്പോൾ, അത് കേൾക്കുന്നില്ലേ-അതെത്ര നന്നായിരിക്കുന്നു…അല്ലേ?”
അപ്പോഴും ഹൃദ്യമായി അത് ശ്രദ്ധിച്ചുകൊണ്ടുതന്നെ, അയാൾ ആ കുട്ടിയെ എടുത്തുകൊണ്ട് തോട്ടത്തിലൂടെ ഡ്രായിംഗ് മുറിയുടെ ജാലകത്തെ സമീപിച്ചു.
കരുണാർദ്രമായ തിരുമനസ്സ് തന്റെ സ്വന്തം ആഹ്ലാദത്തിനുവേണ്ടിയാണിങ്ങനെ സംഗീതധാര മുഴക്കിയതെന്നത്രെ അയാൾ കരുതിയത്. തനിക്ക് ശ്രോതാക്കളുണ്ടെന്ന് അവൾ ശ്രദ്ധിക്കുകയുമുണ്ടായില്ലെന്ന വസ്തുതയും… പക്ഷെ ഇടയ്‌ക്കിടെയുളള വിരാമത്തോടെ, അന്ന മിഖഗെവ്‌നയും തന്റെ എതിരാളിയായ ഇയോച്ചിമിന്റെ ഓടക്കുഴൽ വിളികളെ ശ്രദ്ധിച്ചു കേൾക്കുന്നുണ്ടായിരുന്നു. അത് നിശ്ചലമായെന്ന വസ്തുതയും അവൾ ശ്രദ്ധിച്ചു. തന്റെ വിജയത്തെ ദർശിച്ച അവളുടെ ഹൃദയം ആഹ്ലാദത്താൽ ഉച്ചത്തിൽ മിടിച്ചു.
ഈ വിജയത്തോടെ ഇയോച്ചിമിനുനേരെ അവശേഷിച്ചിരുന്ന തന്റെ സമസ്ത കോപവും അസ്തമിച്ചിരുുന്നു. സന്തുഷ്‌ടയായ അവർ, അയാൾ ആണ് തന്റെ സന്തുഷ്‌ടിയുടെ കാരണം എന്ന് മനസ്സിലാക്കി. അയാളായിരുന്നു തന്റെ കുട്ടിയെ വീണ്ടെടുക്കാനായി അവളെ പഠിപ്പിച്ചത്. ഇനി ഇപ്പോൾ, അവൾക്ക് ആ കുട്ടിക്കായി പുതിയ അഭിപ്രായങ്ങളുടെതായ സമ്പത്ത് നൽകാനാകുമെങ്കിൽ, അവർ ഇരുവർക്കും തങ്ങളുടെ അധ്യാപകനായ കൃഷീവലൻ ഓടക്കുഴൽ വായനക്കാരന് നന്ദി പറയേണ്ടതുണ്ട്.
ആ പ്രശ്‌നം പരിഹരിക്കപ്പെട്ടു.
വിനയാന്വിതനെങ്കിലും, ജിജ്ഞാസുവായ ആ കുട്ടി ഡ്രായിംഗ്‌റൂമിലേക്കു കയറി. തനിക്ക് വായാടിയും ദുശ്ശീലക്കാരനുമെന്നു തോന്നിച്ച വിചിത്രവാനായ ആ നവാഗതൻ വന്നതിനുശേഷം ആ മുറിയിലേക്ക് അവൻ കയറിയിരുന്നതേയില്ല. കഴിഞ്ഞ സായാഹ്നത്തിൽ, ആ നവാഗതന്റെ പാട്ടുകൾ അവന്റെ ലോലമായ ശ്രവണേന്ദ്രിയങ്ങളെ കീഴ്‌പെടുത്തുകയും, മുൻവിധികളെ മറിക്കടക്കുകയുമുണ്ടായി. തന്റെ മുൻഭീതിയുടെ ഒരു നേരിയ ലാഞ്ചന മാത്രമായി അയാൾ പിയാനോയെ സമീപിച്ചു ഒന്നോ രണ്ടോ അടി അകലെയായി ശ്രദ്ധിച്ചുകൊണ്ടുനിന്നു. അവിടെ ആരുമില്ലായിരുന്നു. അടുത്ത മുറിയിൽ തുന്നൽപണിയിലേർപ്പെട്ടിരുന്ന അമ്മ ശ്വാസമടക്കി, അവന്റെ ഓരോ ചലനവും, അസ്വസ്ഥ പ്രകൃതത്തിലുണ്ടാകുന്ന ഓരോ ഭാവമാറ്റവും ആദരവോടെ സൂക്ഷിച്ചു നോക്കിയിരുന്നു.
താൻ നില്‌ക്കുന്നിടത്തുനിന്നും അവൻ കൈനീട്ടി പിയാനോയുടെ പോളീഷടിച്ച ഉപരിതലം സ്പർശിച്ചു. ഉടൻ തന്നെ ലജ്ജയോടെ മാറിനിന്നു. അവൻ വീണ്ടും ശ്രമിച്ചു-വീണ്ടും. പിന്നെ കൂടുതൽ അടുത്തുവന്ന് ആ ഉപകരണത്തിനുചുറ്റും തിരിഞ്ഞ് തറയിലേക്കു കുനിഞ്ഞ അതിന്റെ കാലുകളുടെ രേഖകൾ പരിശോധിക്കാനും തുടങ്ങി. ഒടുവിൽ വിരലുകളാൽ അവൻ അതിന്റെ കീകളിൽ അമർത്തി.
മടിച്ചുളള മങ്ങിയ ഒരു ധ്വനി അന്തരീക്ഷത്തിൽ ലയിച്ചു. ആ ശബ്‌ദം മുഴുവനും തന്റെ അമ്മയുടെ കർണ്ണപുടങ്ങളിൽനിന്നും അപ്രത്യക്ഷമായശേഷവും, ആ കുട്ടി ദീർഘനേരം അതും ശ്രദ്ധിച്ചുകൊണ്ടുതന്നെ നിന്നു. പിന്നെ ലീനചിത്തനായി, പ്രതീക്ഷാനിർഭരമായി അവൻ മറ്റൊരു കീയിൽ വിരൽ അമർത്തി. അതുകഴിഞ്ഞ് അവന്റെ കരം കീബോർഡുകളിൽ പാഞ്ഞു നടന്നു. ഏറ്റവും ഉച്ചസ്ഥായിയിലുളള ഒരു ശബ്‌ദം അവൻ പുറപ്പെടുവിച്ചു. ഓരോ ധ്വനിയും, ശബ്‌ദമുണ്ടാക്കുന്നതിനും, പ്രകമ്പനമുയർത്താനും അനുവദിച്ച അവൻ അത് നിലയ്‌ക്കും മുമ്പെ മറ്റൊന്നിൽ അമർത്തി. അതു ശ്രദ്ധിച്ചു നിൽക്കെ, അവന്റെ മുഖഭാവം അതീവ കൗതുകത്തോടെ, അവൻ മറ്റൊന്നിൽ സ്പർശിക്കും മുമ്പെ അസ്തമിക്കയും ചെയ്തിരുന്നു. അവനത് ശ്രദ്ധിക്കുന്തോറും, ആ മുഖത്ത് അതീവ കൗതുകം മാത്രമല്ല, ആസ്വാദനഭാവവും പ്രകടമായിരുന്നു. ഓരോ പ്രത്യേക ധ്വനിയിലും ആഹ്ലാദം കണ്ടെത്തിയ അവൻ, സംരക്ഷിത മൂലകങ്ങളും സ്വീകാര്യക്ഷമതയെപ്പറ്റി വൈകാരിക സംവേദകമാർന്ന ഒരു കലാകാരന്റെ കഴിവോടെ ആത്യന്തികമായ സ്വരമാധുരിയുടെ സവിശേഷ ഘടകങ്ങളെക്കുറിച്ച് അവൻ ബോധവാനായിരുന്നു.
പക്ഷെ ഈ ഓരോ ധ്വനിയിലും, അതിന്റെ ശബ്‌ദത്തെ കൂടാതെ, ആ അന്ധബാലൻ മറ്റുളള സവിശേഷപ്രകൃതങ്ങളും അനുഭവിച്ചറിയുന്നതായി കാണപ്പെട്ടു. അയാളുടെ വിരലുകൾ മുകളിലെ രജിസ്‌റ്ററിലെ സ്‌ഫുടവും, ആഹ്ലാദപ്രദവുമായൊരു ധ്വനിയിൽ അമർത്തവെ, ആഹ്ലാദത്താൽ പ്രസന്നമായ ആ മുഖം ആകാശത്തേക്കുളള ആ ശബ്‌ദപ്രയാണത്തിൽ ഭാഗഭാക്കാകുന്നോ എന്ന ഭാവം പ്രകടിപ്പിച്ചിരുന്നു. ഒരു ബാസ്‌റ്റ് ധ്വനിയിൽ അവൻ അമർത്തവെ, അവൻ ശിരസ്സ് ചരിച്ച് അതിന്റെ അഗാധ പ്രകമ്പനത്തെ ഉൾക്കൊളളാനെന്നോണവും, ഈ ഘനീഭൂതമായ ധ്വനി താഴേക്ക് താഴേക്ക് ഉരുണ്ടുപോയി ആ വീടിന്റെ വിദൂരമൂലയിലെ തറയിലേക്കുതന്നെ അപ്രത്യക്ഷമാകുമെന്ന ഭാവമായിരുന്നു അവന്റേത്.
Generated from archived content: anthagayakan15.html Author: korolenkov