ഈ പരാജയം ആ മാതാവിന് കുറെയധികം അശ്രുധാരകൾ ചൊരിക്കേണ്ടതായി വന്നു-അശ്രുക്കളും, ലജ്ജയും, പാനി തിരുമനസ്സ് പൊപ്പെൽസ്‌തായയായ താൻ, ഏറ്റവും നല്ല സമൂഹത്തിന്റെ ഉച്ചസ്ഥായിയിലുളള കൈയ്യടികൾ വാങ്ങിയ താൻ, ഇത്രമാത്രം ക്രൂരമായി പരാജയപ്പെടുക എന്നു പറഞ്ഞാൽ! അതും ആര് മുഖാന്തിരം? കേവലം പരുക്കനായൊരു കുതിരലായക്കാരനായ ഇയോച്ചിമും, അയാളുടെ വിഡ്‌ഢിത്തമാർന്ന ഓടക്കുഴലും കാരണം! തന്റെ നിർഭാഗ്യകരമായ സംഗീത കച്ചേരിയെ തുടർന്ന് അയാളുടെ ദൃഷ്‌ടികളിലെ അലക്ഷ്യഭാവത്തെക്കുറിച്ചുളള ചിന്ത രോഷാകുലമായ രക്തം അവളുടെ മുഖത്തേക്ക് ഇരച്ചു കയറ്റാൻ പര്യാപ്തമാക്കി. തന്റെ ഹൃദയാത്മനാ “ആ ഭയങ്കരനായ കൃഷീവലനെ” വെറുത്തു.
എന്നിരിക്കിലും, ഓരോ സായാഹ്‌നത്തിലും, തന്റെ കൊച്ചുമകൻ കുതിരലായത്തിലേക്കോടി ചെല്ലുമ്പോൾ, അവൾ ജനാല തുറന്ന് ശ്രദ്ധിച്ചു കൊണ്ടുനിൽക്കും. ആദ്യമൊക്കെ അലക്ഷ്യത്തോടും, രോഷത്തോടെയുമായിരുന്നു അവൾ ശ്രദ്ധിച്ചത്-ആ നിസ്സാര ഓടക്കുഴൽ വിളിയുടെ പരിഹാസ്യഘടകങ്ങളെ മാത്രം തെരഞ്ഞെടുക്കാൻ പരതിക്കൊണ്ടായിരുന്നു ഇത്. പക്ഷെ കുറെശ്ശേ കുറെശ്ശേയായി, അതെങ്ങിനെ സംഭവിച്ചെന്ന് അവൾക്കറിയാൻ വയ്യായിരുന്നു-ആ ലളിതമായ ഓടക്കുഴൽ വിളികൾ അവളുടെ ശ്രദ്ധയെ ആകർഷിക്കാനും, അതിന്റെ കൗശലപരവും, സ്വപ്നസദൃശവുമായ സ്വരമാധുരികളെ ജിജ്ഞാസാപൂർവ്വം ശ്രദ്ധിക്കാനുമിടയായി. ചിലപ്പോഴൊക്കെ ഇതിൽ ലയിച്ച അവൾ, അതിത്രമാത്രം ആകർഷകമായത് എന്തുകൊണ്ടാണെന്നും, എന്താണവയ്‌ക്ക് ഗൂഢാത്മകമായൊരു ആകർഷണീയത പ്രദാനം ചെയ്‌തതെന്നും അത്ഭുതപ്പെട്ടിരുന്നു. സമയം പോകുന്തോറും, ആ ചോദ്യം അതിനുളള ഉത്തരവും കണ്ടെത്തി. വേനൽക്കാല സായാഹ്ന നീലിമകളിലും, അസ്പഷ്‌ടമായ സാന്ധ്യരാഗനിഴലുകൾ മൂടിയ മുഹൂർത്തങ്ങളിലും, പ്രകൃതിയെ ആവരണം ചെയ്‌ത വിസ്‌മയകരമായ സ്വരമാധുരിയും അതിന് പൊതുഭൂതകമായിത്തീർന്നു.
അതെ-അവൾ ചിന്തിച്ചു-ആകമാനം ഇപ്പോൾ കീഴടക്കി-ഈ സംഗീതം അതിന്റെ മൗലികവും അഗാധവുമായ വികാരത്തിലലിഞ്ഞ്, സ്വന്തമായ ഒരു കവിതയും, ആകർഷണവും കേവലം എളുപ്പത്തിൽ ഹൃദ്യസ്ഥമാക്കാനാസാധ്യമായ എന്തോ ഉണ്ടെന്നുമൊക്കെ.
സത്യം-അത് പരമസത്യമായിരുന്നു. ഈ കവിതയുടെ രഹസ്യം അധിഷ്‌ഠിതമായിരുന്നത് ദീർഘകാലമായി മൃതമായ ഭൂതകാലത്തെ പ്രകൃതിയുമായി ബന്ധിക്കുന്ന ആ അത്ഭുതകരമായ ചരടായിരുന്ന-ഈ ഭൂതകാലത്തിന്റെ സാക്ഷി-ഒരിക്കലും മരിക്കാത്ത പ്രകൃതി, മനുഷ്യഹൃദയത്തിലേക്കുളള ആലാപനം ഒരിക്കലും അവസാനിപ്പിക്കാത്ത പ്രകൃതി… ഒരു പരുക്കൻ കൃഷിവലനായ, വികൃത ബൂട്ടുകളണിഞ്ഞ് തന്റെ ഹൃദയത്തിൽ അത്ഭുതകരമായ ഈ സ്വരമാധുരിയെ, ഈ മൗലിക പ്രകൃതിവികാരത്തെ ചുമക്കുന്ന ഒരുവനായിരുന്ന ഇയോച്ചിം.
പൊപെൽസ്‌കായ തിരുമനസ്സിന്റെ രാജോചിതമായ അഭിമാനം, തന്റെ ഹൃദയത്തിൽ വിനയാന്വിതഭാവം പൂണ്ട ആ കൃഷീവലനായ കുതിരലായക്കാരനുമുന്നിൽ കുനിഞ്ഞു. ആ പരുപരുത്ത വസ്‌ത്രങ്ങളും, ചുറ്റിനും നിറഞ്ഞ കീലിന്റെ ഗന്ധവും എല്ലാം അവൾ വിസ്‌മയിച്ചു-അയാളുടെ മൃദുല സ്വരമാധുരിയും, ദയാപൂർണ്ണമായ മുഖവും, മൃദുവായ നരച്ച നയനങ്ങളും, ഇടതൂർന്ന താടിരോമങ്ങളാൽ മറഞ്ഞിരുന്ന ലജ്ജാകലുഷിതമായ പരിഹാസ ശൈലിയിലുളള മന്ദഹാസവും, പക്ഷെ അപ്പോഴും, ചില നിമിഷങ്ങളിൽ, രോഷാകുലമായ രക്തപ്രവാഹം അവളുടെ മുഖത്തെ അരുണാഭ കലർത്തുമായിരുന്നു. കാരണം തന്റെ കുട്ടിയുടെ താല്പര്യം സംരക്ഷിക്കാനുളള ശ്രമത്തിനിടയിൽ, താൻ ഈ കൃഷീവലനുമായി അയാളുടെ പ്രവർത്തനരംഗത്ത് അയാളോട് തുല്യത പുലർത്തിയെന്നൊരു വികാരം അവളിൽ നിറഞ്ഞു നിന്നിരുന്നു. ആ കൃഷിവലൻ ഒടുവിൽ ജയിച്ചിരിക്കുന്നു.
പക്ഷെ, ദിവസങ്ങൾ ചെല്ലുന്തോറും, തലക്കു മുകളിൽ വൃക്ഷങ്ങൾ മർമ്മരധ്വനികൾ മുഴക്കുകയും, സായാഹ്‌ന ആകാശത്തെ ഇരുണ്ട നീലിമയിൽ താരങ്ങളെ ഉദ്ദീപ്‌തമാക്കുകയും മൃദുലവും, നീലിച്ച-കറുപ്പു കലർന്ന നിഴലുകളെ ഭൂമുഖത്തേക്ക് പ്രവഹിപ്പിക്കയും ചെയ്‌തു. ദിവസങ്ങൾ തോറും, ഇയോച്ചിമിന്റെ ഗാനങ്ങൾ അവയുടെ ഊഷ്‌മള സ്വരമാധുരിയോടെ ആ യുവമാതാവിന്റെ ഹൃദയത്തിലേക്ക് ഒഴുകി. ആ ലളിതവും, കലർപ്പില്ലാത്തതും, പരിശുദ്ധവുമായ കാവ്യാനുഭൂതിയുടെ രഹസ്യം മനസ്സിലാക്കാൻ അവൾ പഠിച്ചു.
അതെ-ഇയോച്ചിമിന്റെ ശക്തി കുടിക്കൊണ്ടത്, ആഴത്തിലും, സ്വന്തം വികാരത്തിന്റെ സത്യാവസ്ഥയിലുമായിരുന്നു. അവൾക്കോ-ഇത്തരമൊരു വികാരത്തിന്റെ പങ്ക് അവൾക്കുണ്ടായിരുന്നോ? എന്തുകൊണ്ടാണ് അവളുടെ ഹൃദയം ഇപ്രകാരം കത്തിജ്വലിക്കുകയും, നെഞ്ചിനുളളിൽ ഇത്രമാത്രം വന്യമായി സ്പന്ദിക്കുകയും ചെയ്‌തത്? എന്തുകൊണ്ടവൾക്ക് തന്റെ അശ്രുക്കളെ തടയാനാവുന്നില്ല?
അതൊരു യഥാർത്ഥ വികാരമായിരുന്നില്ലേ-തന്റെ വികലാംഗനായ കുട്ടിയെ ഓർത്ത് തന്റെ ഹൃദയത്തിൽ നിറഞ്ഞ സ്‌നേഹം? എന്നിട്ടും തന്റെ അരികിൽനിന്നും ഓടി അവൻ ഇയോച്ചിമിനെ സമീപിച്ചിരുന്നു. ഇയോച്ചിം നൽകുന്നത്ര ആഹ്ലാദം അവന് നൽകാനുളള ഒരു മാർഗ്ഗവും അവൾ കണ്ടെത്തിയില്ല.
അവളുടെ സംഗീതധാര ആ മുഖഭാവത്തിലുളവാക്കിയ വേദനയുടെതായ നോട്ടത്തെക്കുറിച്ചുളള ഓരോ ഓർമ്മയും ചുടുകണ്ണീർ അവളിൽ നിന്നൊഴുക്കിയിരുന്ന തന്നെ ഗദ്‌ഗദകണ്‌ഠയാക്കി, കീറിമുറിച്ച തേങ്ങലുകളെ അടക്കാനാവാത്ത ചില നിമിഷങ്ങൾ അവൾക്കുണ്ടായിരുന്നു.
അസന്തുഷ്‌ടയായ അമ്മ! അവളുടെ കുട്ടിയുടെ അന്ധത തന്നെ അവളുടെ സ്വന്തം അചികത്സ്യാരോഗമായി മാറിയിരുന്നു. അതിതീവ്രവും, ഏതാണ്ട് വിട്ടുവീഴ്‌ചയില്ലാത്തതുമായ ആർദ്രതാഭാവം അവളിലുവായതിനുളള ഹേതുവും ഇതുതന്നെയായിരുന്നു; അവളുടെ ആകമാനമായ സത്വത്തെ, ഈ ശിശുവിലുളവാകുന്ന അദൃശമായ ഒരായിരം ബന്ധനങ്ങളാൽ വ്രണിതമായിരുന്ന ആ പാവം ശിശുവിന്റെ യാതനയുടെ ഓരോ സൂചനകൊണ്ട് ആവാഹിക്കപ്പെട്ടിരുന്നു. അതുകൊണ്ടായിരുന്നു ഒരു കൃഷീവലനായ ഓടക്കുഴൽ വായനക്കാരനുമായി അവളുടെ വിചിത്രമായ വൈരാഗ്യം ആരംഭിക്കാൻ കാരണം. സാധാരണഗതിയിൽ അല്പം വിഷാദമോ, മങ്ങിയ അലോസരമോ എന്നതിലേറെയൊന്നുമുളവാക്കാത്ത ഒരു സംഗതിയായിരുന്നു ഇത്-അത്രയധികവും, അത്രക്ക് ക്രൂരവുമായ യാതനയുടെ സ്രോതസ്സും… അതുതന്നെയായിരുന്നു.
Generated from archived content: anthagayakan14.html Author: korolenkov
Click this button or press Ctrl+G to toggle between Malayalam and English