പതിമൂന്ന്‌

മൂന്നാഴ്‌ച കഴിഞ്ഞു. ഒടുവിൽ പിയാനോ എത്തിച്ചേർന്നു. ഈ സംഗീതധാര ശ്രദ്ധിച്ചുകൊണ്ട്‌ പെട്രോ തൊടിയിൽ ജാഗ്രതയോടെ നിന്നു. ഈ “ഇറക്കുമതി സംഗീതം” നന്നെ ഭാരമുളളതായിരിക്കും; കാരണം, ആളുകൾ അത്‌ പിടിച്ച്‌ ഇറക്കാൻ തുടങ്ങിയപ്പോൾ വണ്ടി ഞെരുക്ക ശബ്‌ദങ്ങളുണ്ടാക്കി. ആളുകൾ മുറുമുറുത്തുകൊണ്ടെയിരുന്നു. അവർ പ്രയാസപ്പെട്ടും ശബ്‌ദത്തോടെയുമാണ്‌ ശ്വാസോഛ്വാസം ചെയ്‌തത്‌. ഇപ്പോൾ അവർ ഘനീഭാവത്തോടെ അളന്നു മുറിച്ച കാലടിവെയ്‌പോടെ വീടിനെ സമീപിച്ചു. ഓരോ കാൽവെപ്പിലും അവരുടെ മുകളിൽ നിന്നെന്തോ മൂളിപ്പാട്ടിന്റെ സ്വരമുതിർക്കയും, രോദനശബ്‌ദവും, ഇക്കിളിയാക്കൽ സ്വരവുമൊക്കെ വിചിത്രമാംവിധം പുറപ്പെടുവിച്ചു. പിന്നെ അവർ വിചിത്രമായ ആ സംഗീതോപകരണം ഡ്രോയിംഗ്‌ റൂമിൽ സ്ഥാപിച്ചു; വീണ്ടും അത്‌ ആഴത്തിൽ, മന്ദമായ താളലയങ്ങളുളവാക്കി-ഉൽക്കട വികാരഭരിതമായ കോപത്തോടെ ആരെയോ പേടിപ്പിക്കുന്നതുപോലെയായിരുന്നു അത്‌.

ഇതെല്ലാം കൂടെ ഭീതിയുടെതായൊരു വികാരം പകർന്നു; പുതിയതായി എത്തിച്ചേർന്നതിനെ കുട്ടിക്ക്‌ അത്ര രചിച്ചതായി തോന്നിച്ചില്ല-ഒരുപക്ഷെ ജീവനില്ലാത്തതുകൊണ്ടായിരിക്കാം. പക്ഷെ സ്പഷ്‌ടമായും അത്‌ മധുരതരമായിരുന്നു. അയാൾ പൂന്തോട്ടത്തിലൊക്കെ ചുറ്റിക്കറങ്ങി. അവിടെ നിന്നാൽ പണിക്കാർ, ആ ഉപകരണം ഡ്രായിംഗ്‌ റൂമിൽ ഉറപ്പിക്കുന്ന ശബ്‌ദം അവന്‌ കേൾക്കില്ല. ടൗണിൽ നിന്നു വരുത്തിയ ട്യൂണർ കീ ശരിയാക്കുന്നതും, ശ്രുതികമ്പികൾ നേരെയാക്കുന്നതും കേൾക്കില്ല. എല്ലാം ശരിയാക്കി കഴിയുമ്പോഴേ അവനെ അമ്മ വിവരം അറിയിക്കുകയുളളൂ.

ഇപ്പോൾ അന്ന മിവഗെവ്‌ന, ആ കേവലമായ ഗ്രാമീണ ഓടക്കുഴലിനുമേൽ തന്റെ വിജയം പ്രഖ്യാപിക്കാനൊരുങ്ങി. അവളുടെ പിയാനോ വിയന്നയിൽ നിന്നാണ്‌ ലഭിച്ചത്‌. അതൊരു പ്രശസ്‌തനായ മാസ്‌റ്ററുടെ പണിയായിരുന്നു. തീർച്ചയായും, ഇനി പെട്രൊ കുതിരലായത്തിലേക്കുളള ഓടിപ്പോക്ക്‌ നിറുത്തും. ഒരിക്കൽകൂടി അവന്റെ എല്ലാ ആഹ്ലാദാനുഭൂതികളുടെയും ഉറവിടം തന്റെ അമ്മയായിത്തീരും. നയനങ്ങളിൽ ആഹ്ലാദഭരിതമായൊരു മന്ദഹാസത്തോടെ, വിനയാന്വിതനായ ആ കുട്ടി മാക്‌സിം അമ്മാവനോടൊപ്പം ആ മുറിയിലേക്കു വരുന്നത്‌ സൂക്ഷിച്ചുനോക്കി; അതേ ആഹ്ലാദത്തോടെതന്നെ അവിടെ വന്ന്‌ ആ ‘വിദേശ സംഗീതം’ ശ്രവിക്കാൻ അനുവാദം ചോദിച്ച ഇയൊച്ചിമിനു നേർക്കും നോക്കി. അളകങ്ങൾ പറപ്പിച്ച്‌, ദൃഷ്‌ടികൾ തറയിലേക്ക്‌ കുനിച്ച്‌, ലജ്ജാപൂർവ്വം അയാൾ വാതിൽക്കൽ നിന്നിരുന്നു. മാക്‌സിമും കുട്ടിയും കൂടെ ഒന്നിച്ച്‌ ശ്രദ്ധിക്കാനായി ഇരുന്നപ്പോൾ, അവൾ തന്റെ കരങ്ങൾ പൊടുന്നനെ പിയാനോ കീകളിലേക്ക്‌ അമർത്തി.

അത്‌, ഫ്രാളീൻ ക്ലാപ്‌സിന്റെ ശിഷ്യത്വത്തിൽ പാനി റാബിട്‌സ്തായയുടെ ബോർഡിങ്ങ്‌ സ്‌കൂളിൽവച്ച്‌ ഉജ്ജ്വലമായി അവൾ അഭ്യസിച്ച ഒരു സംഗീത ഭാഗമായിരുന്നു. അതിയായ ഉച്ചസ്ഥായിലുളള ഒരു രചന-തികച്ചും സങ്കീർണ്ണവും! ഗായകന്റെ വിരലുകളിൽ അസാധാരണമായ ലാളിത്യം ആവശ്യപ്പെടുന്ന ഒന്നായിരുന്നു അത്‌. ഈ വൈഷമ്യമേറിയ കൃതിയുടെ സാക്ഷാത്‌കാരത്തിലൂടെ, പബ്ലിഷ്‌ എക്‌സാമിനേഷൻ കഴിഞ്ഞ്‌ സ്‌കൂൾ വിടുന്നതിനുമുമ്പെ അന്ന മിവലോവ്‌ന ഈ മഹത്തായ സംഗീതഭാഗത്തിന്റെ പേരിൽ-പ്രത്യേകിച്ച്‌ അവളുടെ അധ്യാപകനും-കാര്യമായ സ്‌തുതിവചനങ്ങൾ ആർജ്ജിച്ചിരുന്നു. തീർച്ചയായും, ആർക്കും തീർച്ച പറയാനാവില്ലെന്നുവരികിലും, കേവലം പതിനഞ്ചു മിനിട്ടുകൊണ്ട്‌ പാൻ പോപെൽസ്‌കിയുടെ രചനാപാടവത്തെ ആർജ്ജിച്ച്‌ ശാന്തമായ രീതിയിലത്‌ പിടിച്ചെടുത്തതിൽ സംശയാലുക്കളായ ധാരാളം ആളുകൾ ഉണ്ടായിരുന്നു.

ഇന്നാകട്ടെ, അവൾ സംഗീതാലാപനത്തിലേർപ്പെട്ടത്‌ മറ്റൊരു വിജയതീവ്രതയിലായിരുന്നു-തന്റെ മകന്റെ കുരുന്നു ഹൃദയത്തിലെ പഴയ സ്ഥാനം വിജയിച്ചു വീണ്ട്ക്കാൻ-അവയിൽനിന്നും പ്രവഹിച്ച ഒരു നാടൻ ഓടക്കുഴലിന്റെ സ്‌നേഹത്തിലൂടെ….

ഇപ്രാവശ്യം ഏതായാലും അവളുടെ പ്രതീക്ഷകളൊക്കെ വിഫലമായതേയുളളു. പിയാനോ വിയന്നയിൽ നിന്നായിരുന്നു വന്നത്‌; ഒരു ഉക്രേനിയൻ അരളിച്ചെടിത്തണ്ടുമായി അതിനെ താരതമ്യപ്പെടുത്താനാവില്ല. ഒരു പിയാനോക്ക്‌ അസാമാന്യ സാധ്യതകളുണ്ടെന്നത്‌ സത്യം തന്നെ; വിലപിടിപ്പുളള മരം, ഏറ്റവും നല്ല തന്ത്രികൾ, അതിന്റെ വിയന്നീസ്‌ നിർമ്മാതാവിന്റെ അത്ഭുതകരമായ നിർമ്മാണ വൈദഗ്‌ദ്ധ്യം… അതിനു സംബന്ധമായ വിശാലമായ സ്വരവ്യാപ്‌തി… പക്ഷെ ഉക്രേനിയൻ ഓടക്കുഴലിനും അതിന്റെതായ മേന്മകളുണ്ടായിരുന്നു. കാരണം, അത്‌ തന്റെ മാതൃരാജ്യത്ത്‌, ഉക്രേനിയൻ ജന്മഭൂമിയാൽ വലയം ചെയ്യപ്പെട്ടാണിരുന്നത്‌.

ഇയോച്ചിം, അതിനെ തന്റെ കത്തികൊണ്ട്‌ മുറിച്ച്‌, അതിന്റെ ഹൃദയത്തിൽ ചൂടുളള ചുകന്ന കമ്പി അമർത്തുന്നതുവരെ, അത്‌, ആ കുട്ടിക്കറിയാമായിരുന്നതും, അവൻ സ്‌നേഹിച്ചതുമായ കൊച്ചുനദിക്കരയിൽ ആടി ഉലഞ്ഞു നിലകൊളളുകയായിരുന്നല്ലോ! അതേ ഉക്രേനിയൻ സൂര്യൻ അതിന്‌ ചൂടുപകരുകയും, അതേ ഉക്രേനിയൻ കാറ്റ്‌ അതിനെ തണുപ്പിക്കുകയും ചെയ്‌തു. ഒരു ഉക്രേനിയൻ ഓടക്കുഴൽ വായനക്കാരന്റെ സൂക്ഷ്‌മദൃഷ്‌ടിയിൽ പെട്ട്‌ ഉയർന്ന തീരപ്രദേശത്തുനിന്നും കടപുഴകപ്പെടുന്നതുവരെ…. നിദ്ര ആ അന്ധബാലനെ മെല്ലെ കവർന്നെടുത്തുകൊണ്ടിരുന്നവേളയിൽ ആ ഓടക്കുഴലിന്റെ രാഗം അവനു താരാട്ടുപാട്ടാവുകയും-സായാഹ്‌നങ്ങളിലെ നിഗൂഢ മന്ത്രണങ്ങളായും, ഉക്രേനിയൻ പ്രകൃതത്തിനനുസൃതമായി ബീച്ചുമരങ്ങളുടെ മന്ദമായ മർമ്മരധ്വനികളോടൊപ്പം ലയിക്കുകയും ചെയ്‌ത ആ കേവലമായൊരു ഗ്രാമീണ ഓടക്കുഴലിനെ വെല്ലുകയെന്നത്‌ വിദേശ ഉപകരണത്തിനൊരു വെല്ലുവിളി തന്നെയായിരുന്നു.

പാനിപൊപ്പെൽസ്തായക്ക്‌ ഇയോച്ചിമിനെ മറിക്കടക്കാനും കഴിവില്ലായിരുന്നു. അവളുടെ കൃശഗാത്രത്തിന്‌ അയാളുടെതിനേക്കാൾ ദ്രുതചലനശേഷി ഉണ്ടെന്നതും, കൂടുതൽ മയമുണ്ടെന്നതും, അവർ വായിച്ച സ്വരമാധുരി കൂടുതൽ വർണ്ണോജ്ജ്വലവും, സങ്കീർണ്ണവുമായിരുന്നെന്നത്‌ സത്യമായിരുന്നു. ഫ്രാളിൽക്ലാപ്‌സാകട്ടെ, തന്റെ വിദ്യാർത്ഥിനിയെ ഈ വൈഷമ്യമേറിയ ഉപകരണം പഠിപ്പിക്കാനായി ആത്മാർത്ഥമായ അധ്വാനം ചിലവഴിച്ചുവെന്നതും സത്യമായിരുന്നു. പക്ഷെ ഇയോച്ചിമിന്‌ സംഗീതത്തോടൊരു നൈസ്സർഗ്ഗിക വാസനയുണ്ടായിരുന്നു. അയാൾ സ്‌നേഹിക്കയും, ദുഃഖിക്കയും ചെയ്‌തു; തന്റെ സ്‌നേഹത്തിലും, ദുഃഖത്തിലും, അയാൾ സാന്ത്വനത്തിനായി പ്രകൃതിയിലേക്കു തിരിഞ്ഞു. പ്രകൃതിയാണ്‌ ഈ ലളിതമായ സ്വരമാധുരികൾ അയാളെ അഭ്യസിപ്പിച്ചത്‌. കാനനങ്ങളുടെ മസൃണസ്വരങ്ങൾ, സമൃദ്ധമായ പുല്ലുകൾ വളർന്ന പുൽമേടുകളുടെ മൃദുല മർമ്മരങ്ങൾ, ഈ പഴയ, പഴയ പാട്ടുകൾ, അനന്തമാംവിധം പ്രിയങ്കരമായത്‌, ഇത്‌ അവനൊരു കൊച്ചുകുഞ്ഞായിരുന്നപ്പോൾ തൊട്ടിലിൽ കിടന്നാടുമ്പോൾ ആസ്വദിച്ചവയായിരുന്നു.

ഇല്ല- ഈ വിയന്നീസ്‌ പിയാനോക്ക്‌, ലളിതമായ ഉക്രേനിയൻ ഓടക്കുഴലിനെ ജയിക്കുക അത്ര എളുപ്പമായിരുന്നില്ല. ഒരു മിനിട്ട്‌ കടന്നുപോകുന്നതിനുമുമ്പാണ്‌ മാക്‌സിം അമ്മാവൻ തറയിൽ തന്റെ ഊന്നുവടി കൊണ്ട്‌ ആഞ്ഞുമുട്ടി ശബ്‌ദമുണ്ടാക്കിയത്‌. അന്ന മിവലോവ്‌ന തിരിഞ്ഞ്‌ തന്റെ പുത്രന്റെ മുഖത്തേക്കു നോക്കി. വസന്തകാലത്ത്‌ ആദ്യമായി തങ്ങൾ പുറത്തുപോയി പുൽപ്പരപ്പിൽ നടന്ന ആ അവിസ്‌മരണീയ ദിനങ്ങളിൽ അവൻ പിന്നോട്ട്‌ മറിഞ്ഞു വീണപ്പേഴുണ്ടായ അതേ ഭാവപ്രകടനം ആ വിളർത്ത മുഖത്തിൽ ദൃശ്യമായിരുന്നു.

ഇയൊച്ചീം, ദൈന്യതയോടെ ആ കുട്ടിയെ നോക്കി-അലക്ഷ്യഭാവത്തോടെ ആ ജർമ്മൻ സംഗീതത്തിലേക്കും കണ്ണോടിച്ചു-വിലക്ഷണമായ ബൂട്ടുകൾ തറയിൽ ഉറക്കെ വികൃത സ്വരങ്ങളുളവാക്കിക്കൊണ്ട്‌ അയാൾ വീട്ടിൽനിന്നും ഏന്തിവലിഞ്ഞ്‌ പുറത്തു കടന്നു.

Generated from archived content: anthagayakan13.html Author: korolenkov

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English