ഇല്ലെങ്കിൽ, ഇയോച്ചിം തന്റെ ഓടക്കുഴലുമായി സ്‌നേഹബന്ധത്തിലാകുമായിരുന്നു; അതുമൊത്ത് മധുവിധു ആഘോഷിക്കുമായിരുന്നു. പകൽ സമയം അയാൾ സ്വന്തം ജോലികൾ നോക്കിയിരുന്നു- കുതിരകൾക്ക് വെളളം കൊടുക്കുക, ആവശ്യാനുസൃതം അവരെ കുതിരക്കോപ്പുകളണിയിക്കുക, പാനിപോ പെൽസ്തായക്കോ, മാക്സിം അമ്മാവനോ വേണ്ടി അവയെ ഓടിക്കുക തുടങ്ങിയവയൊക്കെ. ഇടക്കിടെ, ക്രൂരയായ മറിയ താമസിച്ചിരുന്ന സമീപസ്ഥ ഗ്രാമത്തിലേക്ക് അയാൾ കണ്ണോടിക്കുമായിരുന്നു; അന്നേരം അയാളുടെ ഹൃദയം ഘനീഭവിക്കും! പക്ഷെ സായാഹ്‌നമാകുമ്പോൾ ഈ പ്രാപഞ്ചിക ദുഃഖമൊക്കെ അയാൾ വിസ്‌മരിച്ചിരുന്നു. മറിയയുടെ കറുത്ത നയനങ്ങൾപോലും അയാളുടെ മുന്നിൽ, എങ്ങിനെയോ, അവളുടെ കാല്പനിക യാഥാർത്ഥ്യം നഷ്‌ടീഭവിച്ച് വഴുതിപ്പോകുമായിരുന്നു. ഒരുതരം മഞ്ഞിൻപുകയുടെ ആവരണം അതിനെ പൊതിയും; ഇത് തന്റെ അത്ഭുതകരമായ പുതിയ ഓടക്കുഴലിന് സ്വപ്ന സദൃശമായൊരു ശ്രുതിപകരാനും പര്യാപ്തമാകുമായിരുന്നു.
അങ്ങിനെ, ഒരു സായാഹ്നത്തിൽ ഇയോച്ചിം കുതിരലായത്തിലെ തന്റെ കിടക്കയിൽ ഈവിധം സംഗീത നിബദ്ധമായ നിർവൃതിയിലാണ്ട് പ്രകമ്പനപൂർവ്വമായ സ്വരമാധുരികളിലേക്ക് തന്റെ ആത്മാവിനെതന്നെ ഒഴുക്കിക്കൊണ്ട് കിടക്കുകയായിരുന്നു. ആ കഠിന ഹൃദയയുടെ സൗന്ദര്യത്തെക്കുറിച്ചൊക്കെ അയാൾ വിസ്‌മരിച്ചു കഴിഞ്ഞിരുന്നു. സ്വന്തം അസ്തിത്വത്തെത്തന്നെയും അയാൾ മറന്നുപോയിരുന്നു. സംഗീതധ്വനി അതിന്റെ മധുരോദാരമായ അവസ്ഥയിലെത്തിയപ്പോഴായിരുന്നു, ഒരു കുഞ്ഞുകരം തന്റെ മുഖത്തുകൂടെ തഴുകി, മൃദുവായി സ്‌പർശിച്ച് ഓടക്കുഴലിലേക്ക് വ്യാപിച്ചത്. ഓടക്കുഴലിലെത്തി വല്ലാത്ത ധൃതിയിൽ തന്റെ വിരലുകളാൽ പിടിച്ചുകൊണ്ടുതന്നെ അത് നിന്നു. ഇയോച്ചിമിനെ കൂടാതെ അവിടെ സജീവമായിരുന്ന ആരോ ഒരാൾ കൂടി ഉണ്ടായിരുന്നു. അയാൾക്ക് ധൃതിയിലുളള ഉത്തേജിതമായിരുന്ന ശ്വാസോച്ഛ്വസ സ്വരം കേൾക്കാമായിരുന്നു.
“കർത്താവ് നമ്മെ രക്ഷിക്കട്ടെ..” അയാൾ കിതച്ചുകൊണ്ട് പറഞ്ഞു. പൈശാചികശക്തികളെ ഒഴിവാക്കാനുളള സാധാരണ ഫോർമുലയായിരുന്നു അത്. തീർച്ച വരുത്താനായി അയാൾ കർശന സ്വരത്തിലിങ്ങനെ പറഞ്ഞു. “ദൈവത്തിന്റെയോ, സാത്താന്റെയോ ആയാലും…”
പക്ഷെ തുറന്ന കുതിരലായ വാതിലിന്റെ വിടവിലൂടെ എത്തി നോക്കി ചന്ദ്രകിരണങ്ങൾ, വേഗത്തിൽ അയാൾക്ക് തന്റെ പിശക് മനസ്സിലാക്കിക്കൊടുത്തു. പരുഷമായ കിടക്കരികിലായി തന്റെ ചെറിയ കൈകൾ ആകാംക്ഷയോടെ നീട്ടിക്കൊണ്ട് ആ ജന്മിഗൃഹത്തിന്റെ അന്ധബാലൻ നിന്നിരുന്നു.
ഏതാണ്ട് ഒരു മണിക്കൂറോ മറ്റോ കഴിഞ്ഞാണ്, നഴ്‌സറിയിലേക്ക് അടിവച്ചു വന്ന അമ്മ കൊച്ചുപെട്രോ ഉറങ്ങുന്നതു കാണാനായി എത്തിനോക്കിയത്. കിടക്ക ശൂന്യമായിരുന്നു. നിമിഷനേരം അവൾ വല്ലാതെ ഭീതിദമായി; എങ്കിലും ആ പയ്യൻ എവിടെ ആയിരിക്കുമെന്ന് അവൾക്ക് ഊഹിക്കാൻ കഴിഞ്ഞു.
നിമിഷനേരം തന്റെ ഓടക്കുഴൽ താഴെവച്ച് നോക്കിയപ്പോൾ കുതിരലായത്തിന്റെ വാതിൽക്കൽ അമ്മ തിരുമനസ്സിനെ കണ്ട് ഇയോച്ചിം വല്ലാതെയായി. കുറെനേരമായി അവർ അവിടെ നിന്നിട്ട്; ഇയോച്ചിമിന്റെ കിടക്കയിലിരുന്ന് ഒരു വലിയ ആട്ടിൻതുകലിന്റെ ജാക്കറ്റുമണിഞ്ഞ് മുറിഞ്ഞുപോയ സംഗീതധാരയെ ജിജ്ഞാസാപുരസ്സരം ശ്രദ്ധിച്ചുകൊണ്ടിരുന്ന തന്റെ പയ്യനെയും, അയാളുടെ സംഗീതത്തെയും സൂക്ഷിച്ച് നോക്കുകയായിരുന്നു.
കൂടെക്കൂടെ എല്ലാ സായാഹ്‌നങ്ങളിലും പെട്രോ കുതിരലായത്തിലേക്ക് പോകുമായിരുന്നു. പകൽസമയം ഓടക്കുഴൽ വായിക്കാനായി ഇയോച്ചിമിനോട് ആവശ്യപ്പെടാൻ അവന് തോന്നിയില്ല. അവന്റെ മനസ്സിൽനിന്നും തീർച്ചയായും, പകൽ സമയത്തെ ചലനങ്ങളും, ബഹളവും, ഈ മൃദുവായ ഗാനമാധുരിയെക്കുറിച്ചുളള ചിന്തകളെ തന്നെ നിഷ്‌കാസനം ചെയ്‌തിരുന്നു. പക്ഷെ സായാഹ്‌നമാകുന്നതോടെ ജ്വര സദൃശമായൊരു അക്ഷമ ആ കുട്ടിയെ പിടികൂടിയിരുന്നു. താൻ ആകാംക്ഷയോടെ കാത്തിരുന്ന സമയം ആസന്നമാകുന്നതിനുളള ഒരു മുന്നോടിയായി മാത്രമെ ചായയും, പിന്നെ അത്താഴവും പ്രാധാന്യമർഹിക്കുന്നതായി കണ്ടുളളൂ. അവനെ ശക്തിയായി വശീകരിച്ച ഈ ആകർഷണത്തിനോട് അമ്മയ്‌ക്ക് അകാരണമായൊരു അനിഷ്‌ടം തോന്നിയിരുന്നെങ്കിലും കിടക്കയിലേക്ക് നയിക്കുന്നതിനുമുമ്പുളള സായാഹ്‌ന സമയം ചിലവഴിക്കുന്നതിൽനിന്നോ, ഇയോച്ചിമിന്റെ സംഗീതം കുതിരലായത്തിൽ നിന്നും ശ്രദ്ധിക്കുന്നതിൽനിന്നോ തന്റെ പ്രിയപ്പെട്ട ഓമനയെ പിന്തിരിപ്പിക്കുന്നതിന് അവൾക്ക് സാധ്യമല്ലായിരുന്നു. ഈ മണിക്കൂറുകളായിരുന്നു ആ കുട്ടിക്ക് അറിയാമായിരുന്ന ഏറ്റവും സന്തുഷ്‌ടമായ മണിക്കൂറുകൾ. സായാഹ്‌നത്തിന്റെ പ്രതിഛായകൾ അടുത്ത ദിവസംവരെ അവനിൽ നിലനില്‌ക്കുമെന്ന കാര്യം അമ്മ നിറഞ്ഞ അസൂയയോടെ കണ്ടു. അവരുടെ പരിലാളനങ്ങൾ പോലും മുൻപിലത്തെ അവന്റെ വിഭജിക്കപ്പെടാത്ത പ്രതികരണത്തെ ഉണർത്തിയിരുന്നില്ല. അവന്റെ സ്വപ്‌നസദൃശമായ നോട്ടം താൻ ഇയോച്ചിമിന്റെ സംഗീതത്തെക്കുറിച്ചുതന്നെ ചിന്തിക്കുമായിരുന്നെന്ന സൂചന നൽകിയിരുന്നു.
അപ്പോഴായിരുന്നു അവൾ തന്റെ സ്വന്തം സംഗീത സമ്പത്തിനെക്കുറിച്ച് ഓർമ്മിച്ചത്. എത്രയായാലും, താൻ ബോർഡിംഗ് സ്‌കൂളിൽനിന്നും വന്നിട്ട് അത്രക്ക് അധിക വർഷങ്ങളൊന്നുമായിട്ടില്ല-കീവിലെ പാനി റാസ്സ്‌കായയുടെ സ്ഥാപനത്തിൽ മറ്റുളള ആഹ്ലാദ കലകളോടൊപ്പം അവൾ പിയാനോ വായിക്കാനും പഠിച്ചിരുന്നു. സത്യം തന്നെ… ഇത് ആഹ്ലാദകരമായ ഒരു ഓർമ്മതന്നെയായിരുന്നു. കാരണം, അത് പ്രതീക്ഷാരഹിതമാംവിധം നേർത്ത, പ്രതീക്ഷാരഹിതമാംവിധം വാചാലനായ-സർവ്വോപരി-പ്രതീക്ഷാരഹിതമായി പരുക്കനായിരുന്ന പ്രായം ചെന്ന ജർമ്മൻ വംശജനായ ഒരു സംഗീത അദ്ധ്യാപകനായിരുന്ന ഫ്രാലീൻ ക്ലാപ്പ്‌സിന്റെ ഓർമ്മകളെ അത് ഉണർത്തിയിരുന്നു.. തന്റെ വിദ്യാർത്ഥികളുടെ വിരലുകൾ പൊട്ടിച്ച് അകത്തു കയറുന്നതിന് പരുക്കൻ പ്രകൃതിക്കാരിയായിരുന്ന ഈ സ്‌ത്രീ വളരെ വിദഗ്‌ദ്ധയായിരുന്നു. സംഗീതത്തോട് ഒരു കാവ്യാത്മക ആഭിമുഖ്യം പുലർത്തുന്ന ഏതൊരു പെൺകുട്ടിയുടെ വികാരങ്ങളെയും കൊല ചെയ്യുന്നതിനുളള കഴിവും അവരിലുണ്ടായിരുന്നു. മിക്കപ്പോഴും അതൊരു ലജ്ജാഭരിതമായ വികാരമായിരുന്നു. ഫ്രാളിൻ ക്ലാപ്‌സിന്റെ സാന്നിധ്യം ഒന്നുകൊണ്ടുമാത്രം അറിയാമായിരുന്ന അവയെ ഭയപ്പെടുത്തി ഓടിക്കാൻ-അവരുടെ പഠനരീതിയെ പറ്റിപറയുകയും വേണ്ട! അങ്ങിനെ സ്‌കൂൾ വിദ്യാഭ്യാസത്തെ തുടർന്ന് കൊച്ച് അന്ന യാസ്സെൻക സംഗീതാഭ്യാസനത്തിന് യാതൊരു ആഭിമുഖ്യവും ഇല്ലാതെ വന്നുചേർന്നു. വിവാഹത്തോടുക്കൂടെയും ഇതിനൊരു വ്യത്യാസം വന്നില്ല. പക്ഷെ, ഇപ്പോഴാകട്ടെ, ഈ ലളിത മനസ്‌കനായ ഉക്രേനിയൻ പാട്ടുകാരന്റെ ഓടക്കുഴലിൽ നിന്നുളള സംഗീതധാര ശ്രവിക്കവെ- ഒരു സജീവമായ ഗാനമാധുരി, വളർന്നുവന്ന അസൂയയോടൊപ്പം അവളുടെ ഹൃദയത്തിൽ വളർന്നു തുടങ്ങി. ആ ജർമ്മൻ അധ്യാപികയുടെ ഓർമ്മ മങ്ങിത്തുടങ്ങി. ഒടുവിൽ പാനി പോപ്പെൽസ്‌തായ ഒരു പിയാനോ വാങ്ങിത്തരാമോ എന്ന് തന്റെ ഭർത്താവിനോടാരാഞ്ഞു.
“എന്റെ പ്രിയേ, നിന്റെ ഇഷ്‌ടംപോലെ…” എന്ന് ആ മാതൃക ഭർത്താവ് പറഞ്ഞു. “ഞാൻ കരുതിയത് നിനക്ക് സംഗീതം ഇഷ്‌ടമല്ലെന്നായിരുന്നു.”
ആ ദിവസം തന്നെ ഓർഡർ നൽകപ്പെട്ടു. പക്ഷെ പട്ടണത്തിൽനിന്നും പിയാനൊ വാങ്ങികൊണ്ടു വരുമ്പോഴേക്കും രണ്ടോ മൂന്നോ ആഴ്‌ച പിടിക്കുമായിരുന്നു. എന്നിരുന്നാലും ആ ഓടക്കുഴലിന്റെ വിളി എല്ലാ സായാഹ്‌നങ്ങളിലും ഉത്സാഹപ്രദമായിരുന്നു; അനുവാദം പോലും ചോദിക്കാതെ ആ ബാലൻ നേരെ ഓടി കുതിരലായത്തിലേക്ക് പോകുമായിരുന്നു.
തുകൽ കോപ്പുകളുടെയും, കച്ചിത്തുറുവിന്റെവും, കുതിരകളുടെയും ഗന്ധം ലായത്തിൽ നിറഞ്ഞുനിന്നിരുന്നു. തൊട്ടികളിൽ കിടന്ന കച്ചികളിലേക്ക് തല എത്തിച്ച് തിന്നുന്നതിനിടയിൽ കുതിരകൾ ശാന്തമായി തല ആട്ടികൊണ്ട് നിന്നിരുന്നു. നിമിഷനേരം ഓടക്കുഴൽ ശബ്‌ദം നിശ്ശബ്‌ദമാകുമ്പോൾ, തോട്ടത്തിൽനിന്നും ബീച്ചുമരങ്ങളിൽനിന്നുമുളള മർമ്മരധ്വനികൾ സ്പഷ്‌ടമായി സായാഹ്‌ന നിശ്ശബ്‌ദതയും കടന്നുവരുമായിരുന്നു. ഈ സംഗീതധാര ആസ്വദിച്ച് ഏതോ ആകർഷണ വലയത്തിൽ പെട്ടപോലെ പെട്രോ നിശ്ചലനായി ഇരിക്കുമായിരുന്നു.
അയാൾക്ക് ഒരു തടസ്സവും ഉണ്ടായിരുന്നില്ല. എപ്പോഴെങ്കിലും ഒന്നോ രണ്ടോ മിനിട്ടിലേറെ ആ സംഗീതധാര മുറിഞ്ഞയുടനെ, അയാളുടെ ആകർഷിതമായ ശ്രദ്ധ മുഴുവനും ഏതോ വിചിത്രതരമായ ആകാംക്ഷാകുലമായ ഉത്തേജനത്തിനു വഴിമാറുമായിരുന്നു. ഓടക്കുഴലിനുവേണ്ടി വിറക്കുന്ന കരങ്ങൾ നീട്ടുന്ന അവൻ അതിനെ തന്റെ ചുണ്ടോടടുപ്പിക്കും; പക്ഷെ തന്റെ ജിജ്ഞാസ മൂലം ശ്വാസശക്തി തന്നെ നേർത്തിരുന്നതിനാൽ, അവന് മങ്ങിയ, അസ്പഷ്‌ടമായ രാഗങ്ങളേ പുറപ്പെടുവിക്കാനായുളളു. പിന്നീട് കുറെശ്ശേ കുറെശ്ശേയായി ഈ ലളിത ഉപകരണം അവൻ സ്വായത്തമാക്കാനാരംഭിച്ചു. ഓരോ വ്യത്യസ്ത സ്വരമാധുരി എങ്ങിനെ ഉളവാക്കാമെന്ന് കാണിക്കാനായി ഇയോച്ചിം വിരലുകൾ ചേർത്തുവയ്‌ക്കുമായിരുന്നു. അവൻ തന്റെ നേർത്ത കരത്താൽ തുറന്ന ദ്വാരങ്ങളിലെത്താൻ പ്രയാസമായിരുന്നെങ്കിലും, എല്ലാ ധ്വനികളും അവൻ താമസംവിനാ സ്വായത്തമാക്കിയിരുന്നു. ഓരോ ധ്വനിക്കും, തന്റെ സ്വന്തം വൈയക്തിക പ്രകൃതിക്കനുസൃതമായി സ്വന്തമായ രുചിഭേദമുണ്ടായിരുന്നു. ഓരോ ധ്വനിയും ഏത് ദ്വാരത്തിലാണെന്നും, അതെങ്ങിനെ പുറപ്പെടുവിക്കാമെന്നും അവനിപ്പോൾ മനസ്സിലാക്കി. മിക്കപ്പോഴും, ഇയോച്ചിം ഏതെങ്കിലും ലളിതമായ ധ്വനികൾ പുറപ്പെടുവിക്കുമ്പോൾ, ആ കുട്ടിയുടെ വിരലുകൾ അധ്യാപകന്റെതിനോടൊപ്പം യോജിച്ചു ചലിച്ചിരുന്നു. ഓരോ സ്വരത്തിന്റെ ശ്രുതികളും, അവയുടെ ക്രമീകരണങ്ങളും, സ്ഥാനങ്ങളുമൊക്കെ അവൻ ഹൃദിസ്ഥമാക്കി.
Generated from archived content: anthagayakan12.html Author: korolenkov