പതിനൊന്ന്‌

അതെ, ഇയോചിം ഭംഗിയായി രാഗാലാപനം നടത്തിരുന്നു. ശ്രമകരമായ ഫിഡിൽ വായനയിൽപോലും അവൻ യജമാനനായിരുന്നു; ഒരു കാലത്ത്‌ അയാളെക്കാൾ ഭംഗിയായി ഒരു കൊസ്സാക്ക്‌ നൃത്തം ചെയ്യുന്നവനുണ്ടായിരുന്നില്ല; അഥവാ ഒരു ഞായറാഴ്‌ച സത്രത്തിൽ ആഹ്ലാദപ്രദമായ പോളിഷ്‌ ക്രാക്കോവിയാക്‌ നടത്തുന്നവനും…. മൂലയിലെ ഒരു ബെഞ്ചിൽ, ഷേവു ചെയ്‌ത താടിയോട്‌ ചേർത്തുവച്ച ഫിഡിലുമായി നീളമുളള ആട്ടിൻ തുകലിന്റെ തൊപ്പി ശിരസിൽ ചരിച്ചുവെച്ച്‌ അയാളങ്ങിനെ ഇരിക്കുമായിരുന്നു. വലിഞ്ഞുമുറുകിയ, പ്രതീക്ഷാഭരിതമായ തന്ത്രികളിലേക്ക്‌ ചരിഞ്ഞ ബോകൊണ്ട്‌ സ്‌പർശിക്കുമ്പോൾ, സത്രത്തിലെ അധികമാർക്കും നിശ്ചലത പാലിക്കാനാവില്ല. ഡബിൾ ബാസ്സിൽ ഇയോച്ചിമിനെ അനുഗമിക്കുന്ന പ്രായം ചെന്ന ഒറ്റക്കണ്ണൻ ജൂതൻപോലും വല്ലാതെ ഉത്തേജിതനാകാതെ ഇരിക്കില്ല. അയാളുടെ തോളുകൾ വളയുകയും, കറുത്ത തലയോട്ടിയുളള കഷണ്ടിത്തല ഇളകി ആടുകയും, നേർത്ത കൊച്ച്‌ ചട്ടക്കൂടാകെ കുതിച്ചുവരുന്ന സംഗീതമാധുരിയിൽ ലയിക്കുമ്പോൾ, ഫിഡിലിന്റെ വേഗതയേറിയ, ഭാരം കുറഞ്ഞ ശബ്‌ദമാധുരിക്കൊപ്പം കിടപിടിക്കാനായി തന്റെ വികൃതമായ ഉപകരണം കൊണ്ട്‌ അത്യദ്ധ്വാനം ചെയ്യുന്നതായി തോന്നിച്ചിരുന്നു. അപ്പോൾ പിന്നെ ജ്ഞാനസ്നാന കർമ്മത്തിനൊരുങ്ങുന്ന ആഹ്ലാദകരമായ ഏതൊരു നൃത്തസംഗീതത്തിനുനേരെയും, കാലുകളിളക്കിയോടാൻ വെമ്പൽ കൊളളുന്നവരുടെ കാര്യം പറയാനുണ്ടോ?

പക്ഷെ ഇയോച്ചിം, സമീപസ്ഥമായ ജന്മിഗൃഹത്തിലെ മരിയ എന്ന ഒരു വേലക്കാരി പെൺകുട്ടിയുമായി പ്രണയത്തിലായി. അതോടെ ഫിഡിലിനോടുളള അയാളുടെ ആകർഷണീയതക്ക്‌ പരിസമാപ്തിയായി. പക്ഷെ ഇതൊന്നും ക്രൂരയായ മരിയയുടെ ഹൃദയത്തെ ജയിച്ചെടുക്കാൻ പര്യാപ്‌തമായില്ല. ഒരു ഉക്രെനിയൻ കുതിരലായക്കാരന്റെ കൃതാവിനെക്കാളും, സംഗീതത്തെക്കാളുമേറെ അവൾ ഇഷ്‌ടപ്പെട്ടിരുന്നത്‌ ക്ഷൗരം ചെയ്‌ത പ്രകൃതത്തോടു കൂടിയ ഒരു ജർമ്മൻ വാല്യക്കാരനെ ആയിരുന്നു. അന്നേ ദിവസം മറിയ തന്റെ തിരഞ്ഞെടുപ്പ്‌ പൂർത്തിയാക്കിയതോടെ, പിന്നെ ഇയോച്ചിമിന്റെ ഫിഡിൽ നാദം സത്രത്തിലോ, യുവാക്കൾ കൂടുന്നിടത്തോ കേൾക്കാൻ കഴിഞ്ഞിരുന്നില്ല. ഒരിക്കൽ താൻ തന്നെ സ്‌നേഹിച്ചിരുന്ന ആ ഉപകരണത്തെ അയാൾ കുതിരലായത്തിലെ ഒരു ആണിയിൽ കൊളുത്തിയിട്ട്‌ അതിലേക്ക്‌ ഒരു ശ്രദ്ധയും കാണിച്ചില്ലാത്തതിനാൽ, ഒന്നിനുപുറകെ ഒന്നായി, അവഗണനയാലും, ഈർപ്പത്താലും ആ ഫിഡിലിന്റെ ഓരോ തന്ത്രികളും ഉച്ചസ്ഥായിയിൽ, ദയനീയ സ്വരത്തോടെ പൊട്ടിപോയതു കേട്ട കുതിരകൾ പോലും അനുകമ്പയോടെ കഠിന ഹൃദയനായ അതിന്റെ ഉടമയുടെ നേർക്ക്‌ തുറിച്ചുനോക്കി.

ഗ്രാമത്തിലൂടെ കടന്നുപോയ ഒരു കാർപാത്തിയൻ പർവ്വതാരോഹകനിൽനിന്നും, ഇയോച്ചിം തന്റെ ഫിഡിലിനു പകരമായി ഒരു മരത്തിന്റെ ഓടക്കുഴൽ വാങ്ങിച്ചു. ആ ഓടക്കുഴലിന്റെ മാധുര്യമേറിയ, വിഷാദമധുരധ്വനികൾ തന്റെ പരിത്യജിക്കപ്പെട്ട ഹൃദയത്തെ നിറച്ചിരുന്ന വിഷാദഭാവത്തിന്‌ കൂടുതൽ അനുചിതമായിരിക്കാം എന്ന്‌ ഒരുപക്ഷെ അയാൾക്ക്‌ തോന്നിച്ചിരിക്കാം. പക്ഷെ ആ പർവ്വതത്തിലെ ഓടക്കുഴൽ അയാൾക്ക്‌ തൃപ്‌തി ഉളവാക്കിയില്ല. അയാൾ മറ്റുപലതും പരീക്ഷിച്ചുനോക്കി. ഏതാണ്ടൊരു പത്തോളം സംഗതികൾ. ഒരു മനുഷ്യന്‌ സാധ്യമായതൊക്കെ അയാൾ ചെയ്‌തു നോക്കി-അവയെ ചീകിമിനുക്കി, വെളളത്തിൽ നനച്ചു-ചെത്തിമിനുക്കി-വെയിലത്ത്‌ ഉണക്കി, ഓരോ വശത്തുനിന്നും വീശുന്ന കാറ്റുകൊളളുവാനായി തൂക്കിയിട്ടു. പക്ഷെ ഒന്നും ഒരു ഗുണവും ചെയ്‌തില്ല. അയാളുടെ ഉക്രെനിയൻ ഹൃദയവ്യഥയൊന്നും പ്രകടിപ്പിക്കാൻ ആ മലയോര ഓടക്കുഴലുകൾ തയ്യാറാല്ലായിരുന്നു. പാട്ടുപാടേണ്ടപ്പോൾ അവ ചൂളം വിളിച്ചു; മങ്ങിയ സ്വരം കേൾക്കേണ്ടപ്പോൾ അവ ഉച്ചസ്ഥായിയിൽ മുഴങ്ങി. ഇയോച്ചിമിന്റെ മാനസികാവസ്ഥയെ അവ കേവലം ഉൾകൊണ്ടതേയില്ല. അങ്ങിനെ, ഒടുവിൽ, അയാൾ ക്ഷോഭം വന്നിട്ട്‌, ഈ ലോകത്തിൽ ഒരു പർവ്വതാരോഹകനും അന്തസ്സുളള ഒരു ഓടക്കുഴൽ നിർമ്മിക്കാൻ പ്രാപ്‌തനായി ഇല്ലെന്ന്‌ പ്രഖ്യാപിച്ചു. ഇല്ല, തനിക്ക്‌ സ്വന്തം കരങ്ങളാൽ തന്നെ ഒരു ഓടക്കുഴൽ ഉണ്ടാക്കണം.

അങ്ങിനെ ഒരു ദിവസം അയാൾ പ്രശാന്തമായ ഒരു അരുവിക്കടുത്തു വന്നുനിന്നു. അതിലെ അലസമായ ജലപ്രവാഹം വെളളക്കല്ലുകൾ പോലെയുളള ജല ലില്ലിച്ചെടികളെയും, ഇരുണ്ട്‌ നിശ്ചലമായ അഗാധതകളിൽ സ്വപ്‌നം കണ്ട്‌ തലകുനിച്ചു നില്‌ക്കുന്ന സമൃദ്ധമായ അരളിച്ചെടികളും, മന്ദമാരുതനേറ്റ്‌ നിലകൊണ്ടിരുന്നു. അരളിച്ചെടികൾക്കിടയിലൂടെ ഇയോച്ചിം നദീതീരത്തേക്ക്‌ നടന്നു. ചുറ്റിനും നോക്കിക്കൊണ്ട്‌ അവിടെതന്നെ നിന്നു. പൊടുന്നനെ-എന്തുകൊണ്ടെന്നയാൾക്ക്‌ പറയാനാവില്ല- താൻ അന്വേഷിക്കുന്നത്‌ ഇവിടെനിന്നും ലഭിക്കുമെന്ന തോന്നൽ അയാളിൽ ഉളവായി. അയാളുടെ മുഖം തെളിഞ്ഞു. ബൂട്ടിന്റെ മുകളിൽ ചരിച്ചു കയറ്റിയിരുന്ന തുകലോടുകൂടിയ മടക്കുകത്തി അയാൾ വലിച്ചെടുത്തു. മർമ്മര മുതിർക്കുന്ന കുറ്റിച്ചെടിനിരകളിലേക്ക്‌ ഒരു നിരീക്ഷണം നടത്തിയശേഷം തെരഞ്ഞെടുപ്പ്‌ നിശ്ചയിച്ച അയാൾ കുത്തനെ കിടന്നിരുന്ന തീരത്തിന്റെ അങ്ങേ അറ്റത്തുളള ദുർബ്ബലമായൊരു കാണ്ഡത്തിനരികെ എത്തി. വിരലുകൾ കൊണ്ട്‌ പറിച്ചെടുത്ത്‌ അത്‌ കാറ്റിൽ ഇളകിയാടുന്നത്‌ അയാൾ സൂക്ഷിച്ചുനോക്കി. കുറെ സമയം അതിന്റെ ഇലകളുടെ മർമ്മരധ്വനികൾ ശ്രവിച്ചശേഷം, ആഹ്ലാദഭാവത്തിൽ തല പുറകോട്ട്‌ ചായ്‌ച്ചു.

“അതാ ഇതുതന്നെ….” അയാൾ സന്തോഷത്തോടെ മുറുമുറുത്തു. അയാൾ വെട്ടിയെടുത്ത മറ്റ്‌ ശിഖരങ്ങളൊക്കെ പറന്ന്‌ വെളളത്തിലേക്ക്‌ വീണു. ആ ഓടക്കുഴൽ അത്ഭുതകരമാംവിധം നല്ലതായിരുന്നു.

ആദ്യം തന്നെ അയാൾ ആ അരളിച്ചെടി കാണ്ഡം ഉണക്കിയെടുത്തു. പിന്നെ അതിന്റെ മധ്യഭാഗത്ത്‌ ചുട്ടുപഴുത്ത കമ്പികൊണ്ട്‌ ഒരു ദ്വാരമുണ്ടാക്കി; വശത്തായി ആറ്‌ ഉരുണ്ട ദ്വാരങ്ങൾ വേറെയും. പിന്നെ ഏഴാമതായി ചരിഞ്ഞ ഒരു പ്രവേശനദ്വാരവും ഉണ്ടാക്കി. വെയിലത്ത്‌ ഉണങ്ങുന്നതിനും കാറ്റിൽ തണക്കുന്നതിനുമായി അയാൾ അത്‌ ഒരാഴ്‌ച വാതിലിനപ്പുറത്ത്‌ തൂക്കിയിട്ടു. പിന്നെ അയാൾ ഓടക്കുഴലെടുത്ത്‌ ചില്ലുകൊണ്ട്‌ ചീകി മിനുസപ്പെടുത്തി കത്തികൊണ്ട്‌ ഭംഗിയാക്കിയശേഷം കമ്പിളിത്തുണികൊണ്ട്‌ നല്ലൊരു തിരുമ്മ്‌ നടത്തി. മുകൾ ഭാഗത്തായി അയാളത്‌ ഉരുട്ടിയെടുത്തു; താഴെ വശത്തായി മുഖപ്പുകളായിരുന്നു. ഈ മുഖപ്പുകളിൽ ചൂടാക്കിയ ഇരുമ്പുകഷണങ്ങളാൽ, അയാൾ എല്ലാത്തരം ആന്തരിക രൂപകല്പനകളും നടത്തി. എല്ലാം ചെയ്‌തുകഴിഞ്ഞ്‌ അയാൾ പെട്ടെന്ന്‌ ഒന്നോ രണ്ടോ ആവർത്തി ഒന്നു പരീക്ഷിച്ചുനോക്കി. അമർത്തിയ ആശ്ചര്യപ്രകടനത്തോടെ അയാൾ ധൃതിയിൽ ഓടക്കുഴൽ സുരക്ഷിതമായൊരു മൂലയിൽ കിടക്കക്കരികെ വച്ചു. ഇല്ല അത്‌ ശബ്ദായമാനമായ പകൽ സമയത്തേക്കുളളതല്ല-ആദ്യ പരീക്ഷണംതന്നെ വിലമതിച്ചിരുന്നു. പക്ഷെ സായാഹ്നമായതോടെ, അതിന്റെ ആർദ്രവും, സ്വപ്നസദൃശവും, പ്രകമ്പനം കൊളളുന്നതുമായ സംഗീതധാര കുതിരലായത്തിൽനിന്നും ഒഴുകാൻ തുടങ്ങി. അതിന്റെ സംഗീതം തന്റെതന്നെ വേദനിക്കുന്ന ഊഷ്‌മള ഹൃദയത്തിൽനിന്നും പുറപ്പെടുന്നതായി തോന്നിച്ചു. തന്റെ ദുഃഖത്തിന്റെ ഓരോ വളവും, ഓരോ നിഴലും ഈ അത്ഭുതാവഹമായ ഓടക്കുഴലിലൂടെ ശബ്‌ദരൂപേണ ധ്വനികൾക്കു പുറകെ ധ്വനിയായി, നിശ്ചലമായ ശ്രദ്ധാർഹമായ സായാഹ്നാന്തരീക്ഷത്തിലേക്ക്‌ പറന്നുകൊണ്ടിരുന്നു.

Generated from archived content: anthagayakan11.html Author: korolenkov

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here