പത്ത്‌

അവന്‌ അഞ്ചുവയസ്സായി. അവൻ ക്ഷീണിച്ചിരുന്നു. മെലിഞ്ഞ ശരീരപ്രകൃതമാണ്‌. അകത്തളത്തിൽ, മുറികളിൽ അവൻ നടന്നു. ഒരുപക്ഷേ സ്വതന്ത്രനായി ഓടി നടന്നു. അവന്റെ നടത്തം കണ്ടാൽ ഒരപരിചിതന്‌ അത്ഭുതം തോന്നും. അത്രക്കും ആത്മവിശ്വാസത്തോടെയാണവന്റെ പോക്ക്‌. അവൻ ആഗ്രഹിക്കുന്നതെന്തും എവിടെനിന്നും എടുക്കാൻ മറ്റാരേയുമാശ്രയിക്കേണ്ടതില്ല. അവൻ അന്ധനാണെന്നുപോലും പക്ഷേ, ഒരപരിചിതൻ തിരച്ചറിഞ്ഞേക്കില്ല. ഏറിവന്നാൽ ആ അപരിചിതന്‌ അവൻ ഒരു സ്വപ്നാടനക്കാരനാണെന്നേ തോന്നുകയുളളു. അവ്യക്ത വിദൂരങ്ങളിലേക്ക്‌ ദൃഷ്‌ടി പായിച്ചു നടക്കുന്ന, ധ്യാനപരനായ ഒരു കുട്ടി. പക്ഷേ വീടിനുപുറത്ത്‌ കാര്യങ്ങൾ അവനെ സംബന്ധിച്ചിടത്തോളം നേരെമറിച്ചായിരുന്നു. അവൻ ഒരു വടിയുടെ സഹായത്തോടെ നടന്നു. ഓരോ അടി മുന്നോട്ടുവെയ്‌ക്കുമ്പോഴും അവൻ തറയിൽ ആ വടികൊണ്ട്‌ പരതുകയാണ്‌ പതിവ്‌. വടി ഇല്ലാത്തപ്പോൾ അവൻ മുറ്റത്ത്‌ മുട്ടുകുത്തി ഇഴഞ്ഞുകൊണ്ട്‌ വടിയിൽ തടയുന്ന ഓരോ വസ്‌തുക്കളിലും കൈകൊണ്ട്‌ അതിവേഗം പരിശോധിച്ചു മുന്നോട്ടു പോകും.

ഒരു ശാന്തമായ വേനൽക്കാല സായാഹ്‌നം. മാക്‌സിം അമ്മാവൻ പുറത്ത്‌ പൂന്തോട്ടത്തിലായിരുന്നു. കുട്ടിയുടെ അച്‌ഛനാകട്ടെ ദൂരെയെവിടെയൊ യാത്രയിലുമായിരുന്നു. എല്ലാം നിശ്ചലമായി കാണപ്പെട്ടു. ഗ്രാമം നിദ്രാധീനമായിക്കൊണ്ടിരുന്നു. വേലക്കാരുടെ ഹാളിലെ കലപിലയും ഒടുങ്ങി. കുട്ടിയെ ഉറക്കി കിടക്കയിലേക്ക്‌ കൊണ്ടുപോയി കഴിഞ്ഞിരുന്നു.

കുട്ടി അർദ്ധനിദ്രയിലായിരുന്നു. അവൻ കിടക്കയിൽ കിടപ്പാണ്‌. കുറച്ച്‌ ദിവസങ്ങളായി ഈ ശാന്ത വേനൽക്കാല സായാഹ്‌നങ്ങൾ അവന്റെ മനസ്സിൽ വിചിത്രങ്ങളായ ചില സ്‌മരണകൾ ഉണർത്തിവിട്ടുകൊണ്ടിരുന്നു. ഇരുണ്ടുവരുന്ന ആകാശം അവന്‌ കാണാൻ കഴിയില്ലെന്നുറപ്പ്‌. നക്ഷത്രങ്ങൾ നിറഞ്ഞ സന്ധ്യാഛായയിൽ തലയിളക്കി തുളളുന്ന വൃക്ഷങ്ങളേയും അവന്‌ കാണാൻ വയ്യ. നീണ്ടുവരുന്ന നിഴലുകളെയോ ഭൂമിയിലേക്കരിച്ചിറങ്ങുന്ന നീല കലർന്ന കറുപ്പുനിറമോ അവന്‌ ദൃശ്യമാവുകയേയില്ല. നേർത്ത ചാന്ദ്രരശ്‌മികളുടെ സ്വർണ്ണം കലർന്ന മഞ്ഞ്‌ജിമയും അവന്‌ കാണാനാവുന്നതല്ല. എന്നിരിക്കിലും ഓരോ ദിനവും പോകെപ്പോകെ അവൻ നിദ്രയിൽ അസാധാരണ മനോഹാരിതയുളള സ്വപ്‌നങ്ങൾ കണ്ടുതുടങ്ങി. പക്ഷേ രാവിലെ അവന്‌ വിവരിക്കാനേ കഴിയാറില്ല. ആ സ്വപ്‌നങ്ങൾ വന്നെത്തുക അവന്റെ ഇന്ദ്രിയങ്ങളെ മൂടി നിദ്രയെത്തുമ്പോഴാണ്‌. അപ്പോൾ അവന്‌ ജനാലയ്‌ക്കരികിലെ ബീച്ച്‌ വൃക്ഷങ്ങളുടെ മർമ്മരം കേൾക്കാതാവും. ദൂരെ ഓലിയിടുന്ന തെണ്ടിപ്പട്ടികളുടെ കുര നേർത്തൊടുങ്ങും. പുഴക്കയ്‌ക്കരെ നിന്നുളള രാക്കുയിലിന്റെ പാട്ടും തോർന്നു പോയിക്കഴിഞ്ഞിരിക്കും. പുൽത്തകിടിയിൽ നിന്നുളള പ്രാണിവർഗ്ഗത്തിന്റെ ശോകാർദ്രങ്ങളായ ഇരമ്പലുകളും അവസാനിച്ചിരിക്കും. എല്ലാത്തരം സ്വരങ്ങളും മാഞ്ഞവസാനിച്ചു കഴിഞ്ഞിരിക്കും. പക്ഷേ ആ സ്വരങ്ങളത്രയും അവന്റെ മനസ്സിൽ ആവർത്തിക്കുവാനായെന്നോണം ആ മുറിയിലേക്കിഴഞ്ഞേറിവരും. മൃദുലമായ ഒരു സ്വരൈക്യത്തിൽ അവ അവനിലേക്കെത്തും. അതീവ സുഖകരങ്ങളായ ഭ്രമങ്ങൾ അവ അവന്റെ ചിത്തത്തിലുളവാക്കി ആനന്ദമനുഭവിപ്പിക്കും. പ്രഭാതമെത്തുമ്പോൾ അവൻ തരളമായ ഒരു സുഖാവസ്ഥയിലുണർന്നപാടെ അമ്മയോട്‌ ചോദിക്കുകയായി.

“അമ്മേ! എന്തായിരുന്നു കഴിഞ്ഞ രാത്രി? അതെന്തായിരുന്നു?” അമ്മക്ക്‌ മറുപടി പറയാനാവില്ലായിരുന്നു. കുട്ടി സ്വപ്‌നങ്ങളിൽ സഞ്ചരിക്കുകയായിരുന്നിരിക്കാം എന്ന്‌ അമ്മ കരുതി. ഓരോ സായാഹ്നാന്തത്തിലും അമ്മ തന്നെയാണ്‌ അവനെ കിടപ്പുമുറിയിൽ കൊണ്ടുപോയി കിടത്തുക. അവൾ അവനുവേണ്ടി പ്രാർത്ഥിക്കുകയും ആശീർവദിക്കുകയും അവനുറങ്ങുന്നതുവരെ താരാട്ടുപാടിക്കൊണ്ട്‌ അരികിൽ കിടക്കുകയും ചെയ്‌തുപോന്നു. അസാധാരണമായി ഒന്നും തന്നെ അവൾ കണ്ടതേയില്ല. എന്നാൽ പ്രഭാതങ്ങളിൽ അവൻ എഴുന്നേറ്റപടി താൻ തലേന്നു രാത്രി അനുഭവിച്ച സുഖദമായ എന്തോ ഒന്നിനെപ്പറ്റി സംസാരിച്ചു തുടങ്ങും.

“ഓ! അതു വളരെ നന്നായിരുന്നു. സുഖകരം… അല്ലേ അമ്മേ?” ഒരു ദിവസം ഉറങ്ങാതെ എന്താണുണ്ടാവുകയെന്നറിയാൻ കാത്തിരിക്കാമെന്ന്‌ അമ്മ നിശ്ചയിച്ചു. ഈ ഊരാക്കുടുക്കിന്‌ ഒരു പരിഹാരമുണ്ടാകുമെന്ന്‌ അവൾ പ്രതീക്ഷിച്ചു. അവന്റെ ശ്വാസചലനം പോലും ശ്രദ്ധിച്ചുകൊണ്ട്‌ അവൾ കിടക്കക്കരികിൽ മുട്ടുകുത്തി നിന്നു. പൊടുന്നനെ അവൻ ഗഹനമായ നിദ്രയിലേക്ക്‌ വീണു. അൽപ്പം കഴിഞ്ഞപ്പോൾ അമ്മ അവന്റെ ചോദ്യം ഒരു മർമ്മരം പോലെ കേട്ടു.

“അമ്മേ? അമ്മ ഇപ്പോഴുമിവിടെയുണ്ടോ?”

“ഉവ്വ്‌ മോനേ…”

“പോകൂ… അവയ്‌ക്ക്‌ അമ്മയെ ഭയമാണ്‌. അവ വരുന്നില്ല. ഞാൻ ഏതാണ്ട്‌ ഉറക്കത്തിൽ വീണതാണ്‌. പക്ഷേ അവ വരുന്നേയില്ല.”

ആ നിദ്രാധീനനായ കുട്ടിയിൽ നിന്നുണ്ടായ മന്ത്രണസ്വരം മാതാവിന്റെ ഹൃദയത്തിൽ ഏതോ വിചിത്ര വികാരാനുഭൂതിയുളവാക്കി. തന്റെ ഭാവനകളെക്കുറിച്ച്‌ തികഞ്ഞ മനോവിശ്വാസത്തോടെ അവ എന്തോ യഥാർത്ഥമാണെന്ന മട്ടിലായിരുന്നു അവൻ സംസാരിച്ചത്‌. എങ്കിലും അവർ എഴുന്നേറ്റ്‌ ആ കുട്ടിയെ കുനിഞ്ഞു ചുംബിച്ചശേഷം മെല്ലെ മുറിവിട്ടിറങ്ങിപ്പോയി. തോട്ടം ചുറ്റി നടക്കാമെന്നും തുറന്നു കിടന്ന ജനാലവഴി ശ്രദ്ധ ആകർഷിക്കാതെ ഊർന്നിറങ്ങാമെന്നും അവർ വിചാരിച്ചു.

തോട്ടത്തിലൂടെ നടന്നു വരുമ്പോൾ ആ നിഗൂഢത അവൾക്ക്‌ പെട്ടെന്ന്‌ പരിഹരിക്കപ്പെട്ടു. കുതിരലായത്തിൽ നിന്നും ഏതോ ഗ്രാമീണമായ ഓടക്കുഴലിൽനിന്നും ഒഴുകിവന്ന മൃദുരാഗങ്ങളായിരുന്നു അവ. തൊങ്ങലുകളൊന്നുമില്ലാത്ത കേവല സംഗീതധാര രാത്രിയുടെ മൃദുസ്വനങ്ങളുമായി ഇടകലർന്നു കേട്ടുകൊണ്ടിരുന്നു. അതെ അവ്യക്തമായി, ഉറക്കത്തിനുമുമ്പുളള മായാജാല നിമിഷങ്ങളിൽ കടന്നെത്തിയ ഈ സംഗീതധ്വനി തന്നെയായിരിക്കണം ആ കുട്ടിയിൽ ഇത്രയേറെ ആഹ്ലാദ സ്‌മൃതികൾ ഉണർത്തിയത്‌.

ആർദ്രമായ ആ ഉക്രെനിയൻ സ്വരമാധുരിയാൽ ആകൃഷ്‌ടമായ അവർ കുറച്ചുനേരം അത്‌ ശ്രദ്ധിക്കാനായി നിന്നു. എന്നിട്ട്‌ സ്വസ്ഥമായ ഹൃദയത്തോടെ പിൻതിരിഞ്ഞ്‌ തോട്ടത്തിൽ മാക്സിം അമ്മാവനുമായി ചേരാനായി നടന്നു.

എത്ര ഭംഗിയായി ഇയോചിം രാഗാലാപം നടത്തുന്നു? ഇത്തരം ആർദ്രവും, ലോലവുമായ വികാരങ്ങൾ ഇങ്ങനെ ഒരു പരുക്കൻ മനുഷ്യനിൽ നിന്നും വരുന്നുവെന്നുളളത്‌ വിചിത്രതരം തന്നെ…!

Generated from archived content: anthagayakan10.html Author: korolenkov

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here