ഒന്ന്‌

രാത്രിയുടെ മൃതാവസ്ഥയിൽ ഒരു കുഞ്ഞ്‌ പിറന്നു. തെക്കുപടിഞ്ഞാറൻ പ്രവശ്യയിലെ ഒരു സമ്പന്നകുടുംബത്തിലാണത്‌. ഭാരിച്ച ക്ഷീണത്തോടെ മാതാവ്‌ കിടന്നു. തന്റെ കുഞ്ഞിന്റെ ആദ്യനിലവിളി കേൾക്കവേ അവൾ, തന്റെ കിടക്കയിൽ നിന്നും ദുർബ്ബലമായി ഇളകാൻ ശ്രമിച്ചു. കുഞ്ഞിന്റെ സ്വരം തീരെ നേർത്തതായിരുന്നു. മാതാവിന്റെ ചുണ്ടുകൾ എന്തോ മന്ത്രിച്ചു. അവ്യക്തമായിരുന്നു ആ മന്ത്രണം. അവളുടെ കണ്ണുകൾ അടഞ്ഞുതന്നെയാണിരുന്നതപ്പോഴും. അവളുടെ വായ വേദനകൊണ്ടോ, അസ്വസ്ഥതകൊണ്ടോ കോടിപ്പോകുന്നതായും കണ്ടു. നേർത്ത രേഖകൾ പോലുളള ചുണ്ടുകൾ.

ആ വിറയാർന്ന ചുണ്ടുകൾക്ക്‌ മുകളിൽ മിഡ്‌വൈഫ്‌ മുഖം താഴ്‌ത്തിനിന്നു.

“എന്താ… എന്താണ്‌ അവൻ…?” ആ മാതാവ്‌ ആരാഞ്ഞു. അവളുടെ സ്വരം തീരെ ക്ഷീണിതമായിരുന്നു. മിഡ്‌ വൈഫിന്‌ ഒന്നും തിരിഞ്ഞില്ല. വീണ്ടും ആ കുഞ്ഞിന്റെ കരച്ചിലുയർന്നു. തിക്തവേദനയുടെ ഒരു പ്രതീതി മാതാവിന്റെ മുഖത്ത്‌ പ്രകടമായി. കണ്ണുകളിൽ നിന്നും അശ്രുകണങ്ങളിറ്റു വന്നു.

“എന്താ? എന്തു പറ്റി?” മുമ്പത്തെപ്പോലെ നേർത്തസ്വരത്തിൽ അവൾ ചോദിച്ചു.

ഇത്തവണ മിഡ്‌വൈഫിന്‌ കാര്യം മനസ്സിലായി. അവർ ശാന്തമായി മറുപടി പറഞ്ഞു. “കുഞ്ഞ്‌ കരയുന്നതെന്താണെന്നോ? അതങ്ങനെയാകുമെപ്പോഴും. അതിനെപ്പറ്റി വിഷമിക്കരുതേ.”

എന്നാൽ ആ മാതാവ്‌ സാന്ത്വനിപ്പിക്കപ്പെട്ടില്ല. അവൾ വീണ്ടും വീണ്ടും തേങ്ങിപ്പൊട്ടി. കൊടിയ അക്ഷമയോടെ അവൾ വീണ്ടും ആരാഞ്ഞുകൊണ്ടിരുന്നു.

“ഹൊ! എന്താണതങ്ങനെ? എത്ര ഭയാനകം!”

ആ കുഞ്ഞിന്റെ കരച്ചിലിൽ അസാധാരണമായതൊന്നും ആ മിഡ്‌വൈഫിന്‌ കേൾക്കാൻ കഴിഞ്ഞിരുന്നില്ല. പ്രസവിച്ച സ്‌ത്രീക്ക്‌ ബോധം തെളിഞ്ഞിരുവെന്നും അവർക്കറിയാം. എന്തിനും അവൾ എന്തൊക്കെയോ പുലമ്പുന്നു. മിഡ്‌വൈഫ്‌ കട്ടിലിൽനിന്നും തിരിഞ്ഞ്‌ കുഞ്ഞിനെത്തന്നെ ഉറ്റുനോക്കി. മാതാവ്‌ മൂകയായി. വാക്കുകളിലൂടെ പുറത്തുവിടാനാകാത്തതരം ഏതോ വ്യഥ അവളെ മഥിക്കുന്നുണ്ടായിരുന്നു. അവളുടെ കണ്ണുകളിൽ നിന്നും ധാരധാരയായി കണ്ണീർ പൊട്ടിയൊഴുകി. അവളുടെ മാർബിൾ പോലെ മസൃണമായ കവിൾത്തടങ്ങളിലൂടെ കണ്ണീരൊഴുകിക്കൊണ്ടിരുന്നു.

ആ നവജാതശിശുവിനോടൊപ്പം ലോകത്തേക്കെത്തിച്ചേർന്ന ഇരുണ്ട ദുരന്തത്തെക്കുറിച്ച്‌ ആ മാതാവ്‌ ബോധവതിയായിരുന്നുവോ? അവളുടെ ഹൃദയം അത്‌ മണത്തറിഞ്ഞുവോ? തൊട്ടിൽ തൊട്ട്‌ ശവക്കുഴിവരെ ആ കുഞ്ഞിനെ പിന്തുടരുവാനായി അവന്റെ കഴുത്തിൽ തൂങ്ങുന്ന ആ ദുരന്തത്തെപ്പറ്റി? അഥവാ അവളുടേത്‌ വെറുമൊരു ജ്വരഭ്രാന്തായായിരുന്നുവോ? അതെങ്ങനെയുമാവട്ടെ! ആ കുഞ്ഞ്‌ പിറന്നത്‌ അന്ധനായിട്ടായിരുന്നു.

Generated from archived content: anthagayakan1.html Author: korolenkov

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English