അസ്വസ്‌ഥതകൾ പൂക്കും
വെറിച്ചകാലത്ത്
വികല സൗന്ദര്യമെ
എനിക്കു വേണം നിന്നെ.
പ്രതീക്ഷകൾക്ക്
നിറംകെട്ടൊരീ
വിലാപകാലത്ത്
എനിക്കു നിന്നിലെ
മുടന്തിനെ വെറുപ്പില്ല
നമുക്കിടയിൽ
വേലികെട്ടുന്ന
കറുത്ത ജാതക
പൊരുത്തക്കേടിനെ
ഒരു കുറ്റിച്ചൂലാൽ
തടുക്കുവാനെന്റെ
വരുമാനക്കേട്
ഭയക്കുന്നുണ്ടേറെ.
ചുവന്നപൂവ്
വെളുത്ത പ്രാവ്
പഴഞ്ചൻ ബിംബങ്ങൾ
പടിക്കു വെളിയിൽ
തുറന്നൊരിത്തിരി
പറഞ്ഞു നിർത്തട്ടെ
പറഞ്ഞു നാമേറെ
പുളിച്ചതാണേലും;
എനിക്കു നിന്നോട്
അടങ്ങാത്ത പ്രേമം.
Generated from archived content: poem2_jan28_11.html Author: konnamudu_viju