ഏറെ നാളുകൾക്കുശേഷം
ഇന്ന് ആ വൈകുന്നേരം-
എനിക്ക് തിരിച്ചു കിട്ടി.
ആഹ്ലാദങ്ങളില്ലാത്ത,
ആവർത്തനങ്ങളില്ലാത്ത,
ആ പഴയ വൈകുന്നേരം
ഞാൻ മറന്നിരിക്കുകയായിരുന്നു.
ആളൊഴിഞ്ഞ വയൽവരമ്പിലൂടെ
ഒറ്റയ്‌ക്കു നടക്കുമ്പോൾ
എന്നെ മദിച്ചിരുന്ന
പളളിമണിയുടെ ശബ്‌ദം
വിരഹങ്ങളും വിഷാദങ്ങളും നിറച്ച്
എന്നെ തളർത്തിയെങ്കിലും
ഞാനതിനെ വെറുത്തതേയില്ല,
ഏറെ ഇഷ്‌ടപ്പെട്ടിരുന്നു.
അതെനിക്കൊരാശ്വാസമായിരുന്നു,
അതിജീവനമായിരുന്നു.
എന്നിട്ടും എന്നോട് പിണങ്ങി മാറിയ
ആ വൈകുന്നേരം
ഇന്ന് അവിചാരിതമായ് എനിക്ക് തിരിച്ചുകിട്ടി.
അങ്ങനെ ഞാൻ ഏറെ നാളുകൾക്കുശേഷം
എന്റെ കൗമാരമോർക്കുന്നു,
എന്നോ മറന്ന നിന്നെ ഓർക്കുന്നു,
കുപ്പയിൽനിന്ന് അഴുക്കുവാരിത്തിന്ന
വയസ്സനെ കാട്ടിത്തന്നപ്പോൾ
നീ ഛർദ്ദിച്ചതോർക്കുന്നു.
പണയത്തിലായ നിന്റെ മോതിരവും
കുടിശ്ശിക തീർത്ത എന്റെ ഫീസ് രസീതുമോർക്കുന്നു.
എനിക്ക് പ്രതീക്ഷകളസ്‌തമിച്ചിട്ടില്ല-
യെന്നു തോന്നുന്നു.
ഞാൻ ഉണരുന്നു.
ഒരുപക്ഷേ,
ഇടവേളകൾ, സുഖം-
തിരിച്ചുകൊണ്ടു വരുന്നവ തന്നെയാവാം.
Generated from archived content: poem1_dec14_05.html Author: konnamudu_viju