ഓണക്കളി, ഓണസദ്യ, ഓണചന്ത എന്നിങ്ങനെ ഓണം

ഓണക്കളി, ഓണസദ്യ, ഓണചന്ത എന്നിങ്ങനെ ഓണവുമായി ബന്ധപ്പെട്ട പല കാര്യങ്ങൾ നിങ്ങൾ കേട്ടിട്ടുണ്ടാകാം. ‘ഓണ ഓർമ്മ’ എന്നത്‌ ഒരു സാധാരണ ഉപയോഗത്തിലുളള ഒന്നല്ല എന്നു മനസ്സിലാക്കിക്കൊണ്ടും, ഈ ഓണം എന്ന സംഭവം എന്റെ ദൈന്യംദിന ജീവിതത്തിൽ ഒരു ‘വാർത്ത’ എന്ന നിലയിലേക്ക്‌ അധഃപതിച്ചുവെന്നും അറിയിച്ചുകൊണ്ട്‌ ഞാൻ തുടങ്ങട്ടെ.

പണ്ടൊക്കെ ഓണം എന്റെ സുഹൃത്ത്‌ മണിയുടെ വീട്ടിലെ ഊണിലാണ്‌ അവസാനിച്ചിരുന്നത്‌. സ്‌കൂൾ അവധിക്ക്‌ നാട്ടിലെ ഓണാഘോഷക്കമ്മറ്റിയുടെ പരിപാടികളൊക്കെയുണ്ടെങ്കിലും ഓണസദ്യ ഒരു എടുത്തു പറയേണ്ട ഇനം തന്നെ. ഇല നിറച്ച്‌ ചോറും കറികളും, നന്നായി നറുനെയ്യ്‌ ചേർത്ത രണ്ടോ മൂന്നോ തരം പായസം കൂട്ടി കഴിക്കാനുളള ധൈര്യം ഇന്നെനിക്കില്ല. അമേരിക്കൻ പരസ്യങ്ങൾക്കു വഴങ്ങി ലൊ ഫാറ്റ്‌ സ്‌റ്റാറ്റിസ്‌റ്റിക്സ്‌ തിരക്കി നടക്കുന്നതിനിടയിൽ ഓണസദ്യയെപ്പറ്റി ഓർക്കാൻ എവിടെ സൗകര്യം.

പറഞ്ഞതുപോലെ മണിയുടെ വീട്ടിലെ ഊണായിരുന്നു എന്റെ ഓണനാളിലെ പ്രധാന ഇനം. മണിയുടെ അച്‌ഛനു തയ്യിലാണ്‌ ജോലി. കവലയിൽ മൂന്നു തയ്യൽക്കാരുണ്ട്‌. പന്തളത്തുകാരൻ രാജന്റെയാണ്‌ റോഡിലെ ആദ്യത്തെ കട. ചരിത്ര പുരുഷനോടുളള എന്തു സാമ്യമാണെന്നു വിവരിച്ചില്ലെങ്കിലും, എന്റെ പെങ്ങൾ അയാളെ പന്തളത്തു രാജാവ്‌ എന്നാണ്‌ വിളിച്ചിരുന്നത്‌. പിന്നീട്‌ ഞങ്ങളും.. കാലിൽ മന്തുളളതുകൊണ്ടാണ്‌ രാജാവിന്റെ അടുത്ത്‌ ആളുകൾ പോകാത്തത്‌ എന്നു ഞാൻ പറഞ്ഞപ്പോൾ അയാൾക്ക്‌ തയ്യലറിഞ്ഞൂട എന്നാണ്‌ അമ്മ പറഞ്ഞത്‌. രണ്ടാം ക്ലാസിൽ വച്ച്‌ എനിക്കു തയിച്ച നിക്കറിന്റെ ഒരു കാലിനു നീളം കൂടുതലായിരുന്നത്രെ!

രണ്ടാമത്തെ കട പുഴയ്‌ക്കക്കരെയുളള തങ്കപ്പന്റേതാണ്‌. ഇവിടെ എപ്പോഴും തല നരച്ചവരുടെ തിരക്കാണ്‌. ചട്ടയും ജുബായുമല്ലാത്ത ഒരു തരം കയ്യില്ലാകുപ്പായം തുന്നിക്കാൻ അയൽപക്കത്തെ അന്തു മാപ്ല ഇദ്ദേഹത്തെ മാത്രമെ ആശ്രയിക്കാറുളളൂ.

മൂന്നാമത്തെ ആളാണ്‌ മണിയുടെ അച്‌ഛൻ ചന്ദ്രൻ നായർ. കാശു കുറച്ചു കൂടുതൽ വാങ്ങിയാലും പറഞ്ഞ സമയത്ത്‌ തയിച്ചു തരുമെന്ന പേരുണ്ട്‌. സ്‌കൂളു തുറപ്പിനും ഓണക്കാലത്തും മൂപ്പർക്കു നല്ല കോളാണ്‌. കിട്ടുന്ന കാശൊക്കെയും മണിയുടെ അമ്മ രുചിയുളള ഭക്ഷണങ്ങൾ ആക്കി മാറ്റിയിരുന്നു. വടുകാപ്പുളിയൻ നാരങ്ങ അച്ചാർ തൊട്ടുനക്കിയാൽ കൂടുതൽ പായസം കുടിക്കാൻ പറ്റുമെന്നു പറഞ്ഞു തന്നത്‌ ഈ അമ്മയാണ്‌. കോയമ്പത്തൂർ ലക്ഷ്‌മി മിൽസിൽ ജോലി കിട്ടിപ്പോയ മണി പിന്നീട്‌ വീട്ടിലേക്കുളള വരവ്‌ ചുരുക്കി. മകളെ കെട്ടിക്കാൻ വീടുവിറ്റ്‌ ഉൾഗ്രാമത്തിലേക്ക്‌ ചന്ദ്രൻ നായർ പിന്നീട്‌ മാറിയത്‌ ഓണസദ്യ ഒരു ഓർമ്മയാക്കി മാറ്റി എന്നു പറഞ്ഞാൽ മതിയല്ലോ.

രണ്ടു വർഷം മുൻപുണ്ടായ ഒരു തനി ‘അമേരിക്കൻ’ സംഭവം എന്റെ ‘ഓണഓർമ്മ’യെ ഒരു കൂട്ടുകറി പരുവമാക്കി. ന്യൂയോർക്കിലെ ഒരു മല്ലു സംഘടനയുടെ ഓണാഘോഷവും അനുബന്ധ സദ്യയും ലക്ഷ്യമാക്കി വണ്ടിയെടുത്തു പുറപ്പെട്ടതാണ്‌ തുടക്കം. മിൽഫഡിലെ സൗത്ത്‌ ഇന്ത്യൻ റെസ്‌റ്റോറന്റിലെ മയമില്ലാത്ത ദോശയും ‘ക്യാരക്‌ടർ’ ഇല്ലാത്ത ചട്‌ണിയും കഴിച്ചുകഴിച്ച്‌ ന്യൂയോർക്കുവരെ ഓടിക്കാനുളള ഒരുതരം വാശിയും, വൈരാഗ്യവും വളർന്നിരുന്നു. ആയിരത്തിലധികം അംഗങ്ങളുളള ഒരു സമൂഹം ഓണസദ്യ വയ്‌ക്കാൻ നാട്ടിൽനിന്ന്‌ ഒരു പോറ്റിയെ വരുത്താനുളള സാധ്യതയും തളളിക്കളഞ്ഞില്ല.

ധാരാളം ‘യോഗർട്ട്‌’ ചേർന്ന അവിയലും, കൊഴുത്ത സാമ്പാറും ഒഴിച്ച്‌ സാമാന്യ വേഗതയിൽ മുന്നേറുമ്പോഴാണ്‌ പവിത്രൻ പായസക്കാരനായി പ്രത്യക്ഷപ്പെടുന്നത്‌. മാഞ്ഞാലിക്കാരൻ പവിത്രൻ സ്‌കൂളിൽ സഹപാഠിയായിരുന്നു. വായനപ്രിയനായിരുന്ന ഇവനെ പത്താം ക്ലാസിൽ എത്തിയപ്പോൾ ഡിവിഷൻ ‘സി’യിലേക്കു മാറ്റിയത്‌ വിജയശതമാനം കൂട്ടാനുളള, ഹെഡ്‌ മാഷ്‌ ഇ.ടി. വർക്കിയുടെ-ഇ.ഡി.വർക്കിയെന്നും വിളിക്കാറുണ്ട്‌-പുതിയ തന്ത്രത്തിന്റെ ഭാഗമായാണ്‌. പരന്ന വായനക്കിടയിൽ പാഠപുസ്‌തകങ്ങൾ പവിത്രൻ കണ്ടില്ലായിരിക്കാം. പത്തിൽ തോറ്റ പവിത്രനെ-സ്ഥിതീകരിക്കാത്ത വിവരമാണ്‌. ‘എ’ ഡിവിഷനിൽതന്നെ പകുതി പേരാണ്‌ ആ വർഷം കടമ്പ കടന്നത്‌-ഞ്ഞാൻ പിന്നെ കണ്ടിട്ടില്ല. പായസം വിളമ്പുന്നതിനിടയിൽ സംശയം ദുരീകരിച്ചു. പവിത്രനും എന്നെ മനസ്സിലാവാൻ കുറച്ചു ബുദ്ധിമുട്ടി. ഇപ്പോൾ തിരക്കാണെന്നും, പരിപാടിക്കുശേഷം കാണണമെന്നും പറഞ്ഞുപോയ പവിത്രൻ ഇടക്കുവന്ന്‌ എന്തെങ്കിലും വേണോ എന്നു തിരക്കാൻ മറന്നില്ല.

സംഘടനാംഗങ്ങളും അവരുടെ ‘സെക്കന്റ്‌ ജെനറേഷൻ’ പിളളാരും അവതരിപ്പിക്കുന്ന പരിപാടികളായിരുന്നു അടുത്തത്‌. തിരുവാതിര കളി, ഹാസ്യ നാടകം, മിമിക്രി, സംഘഗാനം, പിന്നെ സിനിമാറ്റിക്‌ ഡാൻസും. തിരുവാതിരകളിയൊഴിച്ച്‌, ബാക്കി എല്ലാ ഇനങ്ങൾക്കും പവിത്രൻ ഒരു ‘ലീഡ്‌ റോൾ’ തന്നെ കൈകാര്യം ചെയ്‌തു. തിരുവാതിര കളിയിൽ പവിത്രനെ ഉൾപ്പെടുത്താതിരുന്നതിലുളള എന്റെ പരിഭവം, അതിന്റെ മ്യൂസിക്‌ കൈകാര്യം ചെയ്യുന്നത്‌ മൂപ്പരാണ്‌ എന്നു കണ്ടപ്പോൾ മാറി. ദേശിയ ഗാനാലാപനത്തിന്‌ ഏറ്റവും ആത്മവിശ്വാസമുളള സ്വരം പവിത്രന്റേതായിരുന്നു. പരിപാടിയുടെ അവസാനം അസോസിയേഷൻ സെക്രട്ടറി മാഡം ‘കുരച്ച്‌ കുരച്ച്‌’ പറഞ്ഞ നന്ദി പ്രസംഗത്തിന്‌ ഒരു മാഞ്ഞാലി ചുവയില്ലേ എന്നു തോന്നിയതിൽ എന്താണ്‌ തെറ്റ്‌.

തിരക്കൊഴിഞ്ഞപ്പോൾ ഞാൻ പവിത്രനെ സൗകര്യമായിട്ടൊന്നു കണ്ടു. കൊച്ചിയിലെ ഒരു മിമിക്സ്‌ ഗ്രൂപ്പിൽ ചേർന്ന പവിത്രൻ അവിടെ നിന്ന്‌ അത്യാവശ്യം ‘കലകൾ’ ഒപ്പിച്ചെടുത്തു. അവന്റെ ഭാഗ്യത്തിനാണ്‌ ടീം അമേരിക്ക പര്യാടനത്തിന്‌ പുറപ്പെട്ടത്‌. മറ്റൊരു കൂട്ടുകാരന്റെ വീട്ടിൽ സന്ദർശനത്തിനു പോയ പവിത്രൻ നാട്ടുവർത്തമാനങ്ങൾ പറഞ്ഞും, അവരെ ചിരിപ്പിച്ചും അവിടെ സ്ഥിരതാമസക്കാരനായി. കൂടെ വന്ന ടീം എന്തു ചെയ്തെന്ന്‌ പവിത്രനു വലിയ നിശ്ചയമില്ല. ഇപ്പോൾ കൊല്ലം ഒന്നാകാറായില്ലേ എപ്പഴേ തിരിച്ചുപ്പോയി കാണും! അമേരിക്കൻ വിസായ്‌ക്കു വേണ്ടിയുളള കഷ്‌ടപ്പാട്‌ മനസ്സിലുളളതുകൊണ്ട്‌ കൗതുകം അടക്കിയില്ല. ഞാൻ ‘ഓവർ സ്‌റ്റേ’ ചെയ്യുന്നുവെന്നായിരുന്നു മറുപടി. ഇവിടെ മലയാളി കടകളിൽ ധാരാളം ജോലിയുണ്ടല്ലോ. പിന്നെ ‘കേരള കൾചറൽ’ പരിപാടികൾ സംഘടിപ്പിച്ചു കിട്ടുന്ന ഒരു വക വേറെയും. ഈ പരിപാടിയും പവിത്രന്റെ മേൽനോട്ടത്തിലുളളതാണ്‌. ചെയ്യാൻ ആളില്ലാതെ വരുമ്പോൾ സ്വയം കേറി അങ്ങു ചെയ്യും.

ഭൂലോകരെ,

ബന്ധമില്ലാത്ത രണ്ടു സംഭവങ്ങൾ ഓണവുമായി ബന്ധപ്പെടുത്തിയാൽ അത്‌ ‘ഓണ ഓർമ്മ’ ആകുമെന്നാണ്‌ ഇത്‌ എഴുതി കഴിയുന്നതുവരെ ഞാൻ വിശ്വസിച്ചിരുന്നത്‌. വരമൊഴിയിൽ കൂടുതൽ ‘മംഗ്ലീഷ്‌’ എഴുതി എനിക്കു വട്ടാകും മുൻപു ഞാൻ ഇതിവിടെ നിറുത്തട്ടെ.

സ്‌നേഹപൂർവ്വം കൊമ്പൻ

(പുഴയ്‌ക്കു വന്ന ഒരു പ്രതികരണത്തിൽ നിന്നും പകർത്തിയെടുത്തത്‌…..)

Generated from archived content: essay1_sept2_06.html Author: komban

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English