പണ്ടു കേട്ടൊരു കഥയാണ്. ഒരു മുത്തശ്ശിക്കഥ. സാത്വികനായൊരു ഭകതന്‍ തീര്‍ഥാടനത്തിനിറങ്ങി. നടന്നാണു യാത്ര. രാത്രിയായാല്‍ ഏതെങ്കിലും ഉദാരമതികളുടെ വീട്ടില്‍ തങ്ങും. രാവിലെ യാത്ര തുടരും. അങ്ങനെ ഒരു രാത്രി, അയാള്‍ പരിചിതമല്ലാത്ത ഒരു ഗ്രാമത്തിലെത്തി. ഭേദപ്പെട്ടതെന്നു തോന്നിയ ഒരു ഭവനത്തില്‍ കയറി ചെന്നു. അവിടത്തെ ഗൃഹനാഥന്‍ ശ്രദ്ധിച്ചത് വഴിപോക്കന്റെ തോളത്തുണ്ടായിരുന്ന ഭാണ്ഡത്തെയായിരുന്നു. കാരണം, മോഷണം തൊഴിലാക്കിയിരുന്ന ഒരുവനായിരുന്നു ഗൃഹനാഥന്‍. മനസിലുദിച്ച പദ്ധതി മറച്ചുവെച്ചുകൊണ്ട്, ഹൃദ്യമായ ചിരിയോടെ ,അയാള്‍ ആഗതനെ എതിരേറ്റു. സല്‍ക്കരിച്ചു. ആതിഥേയന്റെ സ്നേഹപൂര്‍വമായ പ്രേരണക്കു വഴങ്ങി വയറുനിറച്ചു ഭക്ഷണം കഴിച്ച യാത്രികന്‍ പകലത്തെ യാത്രാക്ഷീണം കൂടിയായപ്പോള്‍ ഗാഡനിദ്രയിലാണ്ടു. ഈ തക്കത്തില്‍, വീട്ടുടമ സഞ്ചാരിയുടെ ഭാണ്ഡം എടുത്തു മാറ്റി, പകരം പഴന്തുണിയും കല്ലും കുത്തിനിറച്ച മറ്റൊരു ഭാണ്ഡം തല്‍സ്ഥാനത്തു വച്ചു. പുലര്‍ച്ചയ്ക്കു മുന്‍പ് ഉറക്കമുണര്‍ന്ന തീര്‍ഥാടകന്‍ തിടുക്കത്തില്‍ എണീറ്റ് സ്ഥലം വിടുകയാണുണ്ടായത്. പോകുന്ന പോക്കില്‍ വീട്ടുമുറ്റത്തെ തൊഴുത്തില്‍ കെട്ടിയിരുന്ന പൂവാലിപ്പശുവിനേയും അഴിച്ചെടുത്തിരുന്നു. ദൂരമേറെച്ചെന്നാണ് അയാള്‍ക്ക് വെളിവു തിരിച്ചു കിട്ടിയത്. തന്റെ കൂടെ ഒരു പശു എങ്ങിനെ വന്നു പെട്ടു എന്നയാള്‍ അത്ഭുതം കൂറി. ബോധമണ്ഡലം തളിഞ്ഞു വന്നപ്പോള്‍, അബദ്ധം മനസിലാക്കിയ അദ്ദേഹം പശുവിനെ തിരിച്ചു കൊണ്ടാക്കി.
മോഷ്ടാവു നല്‍കിയ മൃഷ്ടാന്നം ഭുജിച്ചതാണ് സാത്വികനായോരു ഭക്തനെ, താത്കാലികമായെങ്കിലും അധമമായ ചോരന വൃത്തിയിലേക്ക് തിരിച്ചതത്രെ. ആഹാരം, അതു നല്‍കുന്നയാളിന്റെ ഗുണമുള്‍ക്കൊള്ളും എന്നാണ് കഥയുടെ സാരം. അതിശയോക്തിയേറിയ ഒരു കഥയാണിതെന്നു പറയാമെങ്കിലും ഇതു നല്‍കുന്ന സന്ദേശത്തെ പാടെ അവഗണിക്കാനാവില്ല. നാം കഴിക്കുന്ന ആഹാരം നമ്മുടെ ശരീര മനസുകളെ എങ്ങിനെയെല്ലാം സ്വാധീനിക്കുന്നുവെന്നറിഞ്ഞാല്‍ നമുക്കതു ബോധ്യമാകും. വിശ്വപ്രസിദ്ധ പോഷകാഹാര ശാസ്ത്രജ്ഞന്‍ ഡോ. ബെര്‍ണാഡ് ജെന്‍സണ്‍ന്റെ വാക്കുകള്‍ ഓര്‍ക്കുക: നാം കഴിക്കുന്നതെന്തോ അതു തന്നെയാന്‍ നാം എന്നാണദ്ദേഹം പറഞ്ഞത്.
നാം കഴിക്കുന്ന ഭക്ഷണത്തിലെ പ്രോട്ടീനും കാര്‍ബോഹൈഡ്രേറ്റും ധാതുലവണങ്ങളും ജീവകങ്ങളുമാണ് നമ്മുടെ ശരീരത്തിലെ കോശ- രക്ത- മജ്ജ- മാംസാദികളായിത്തീരുന്നതും കേടുപാടു തീര്‍ക്കുന്നതും ഊര്‍ജ്ജം നല്‍കുന്നതും ശരീരവ്യാപൃതികളെ നിയന്ത്രിക്കുന്നതും എന്ന് നമുക്കറിയാം. അതുപോലെ, നല്ല സാത്വികാഹാരം ശരീരത്തെയും മനസിനേയും ശുദ്ധീകരിക്കുകയും പോഷിപ്പിക്കുകയും ആരോഗ്യത്തോടെ പരിപാലിപ്പിക്കുകയും ചെയ്യും.
മേന്മയില്ലാത്ത രാജസിക- താമസിക ഭകഷണങ്ങളാകട്ടെ, തദനുസൃത ഗുണങ്ങള്‍ തന്നെ നമ്മുടെ ശരീരമനസുകളിലും പ്രതിഫലിപ്പിക്കും.
ഭക്ഷണ നിര്‍മ്മിതി വ്യവസായവും വാണിജ്യവുമായിത്തീര്‍ന്നതോടെ, ജീവിതശൈലിയില്‍ വന്മാറ്റം വന്നതോടെ ഒട്ടനവധി തകരാറുകള്‍ പുതു തലമുറയുടെ ഉടലിലും വന്നു കൂടിയിരിക്കുന്നതു കാണാവുന്നതാണ്. വന്‍തോതില്‍ കോഴിക്കൃഷി നടത്തുന്നവര്‍, ലാഭക്കൊതി മൂത്ത്, വേഗത്തില്‍ കൂടുതല്‍ ഇറച്ചി കിട്ടാന്‍ വേണ്ടി കോഴികള്‍ക്കു കൊടുക്കുന്ന ഹോര്‍മോണുകള്‍ ആ മാംസം കഴിക്കുന്ന നമ്മുടെ കുഞ്ഞുങ്ങളിലുമെത്തുന്നു. പെണ്‍കുട്ടികള്‍ സാധാരണ വളര്‍ച്ചാപ്രായത്തിനു വളരെ മുന്‍പു തന്നെ ഋതുമതികളും സ്തൂലശരീരികളുമായിത്തീരുന്ന. ക്യാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ക്ക് എളുപ്പത്തില്‍ വശഗത രാവുകയും ചെയ്യുന്നു. കന്നുകാലികളെ തലക്കടിച്ചുകൊല്ലുന്ന വെളയില്‍ ചകിതരും നിസ്സഹായരുമായ മിണ്ടാപ്രാണികളുടെ ശരീരം പുറപ്പെടുവിക്കുന്ന സ്രവങ്ങള്‍ മാട്ടിറച്ചി വാങ്ങി ഭക്ഷിക്കുന്ന മനുഷ്യരിലുമെത്തുന്നു.
ഭക്ഷണത്തിന്റെ സ്വാഭാവികസ്വാദ് എന്തെന്നറിയാത്ത വിധം മുളകും പുളിയും ഉപ്പും മസാലയും ധാരാളം ചേര്‍ത്തുണ്ടാക്കുന്ന വിഭവങ്ങള്‍ ദഹനവ്യൂഹത്തിന്റെ കാര്യക്ഷമതയെ ആത്യന്തികമായി തകര്‍ക്കുകയാണ് ചെയ്യുന്നത്. വറുത്തതും പൊരിച്ചതും വളിച്ചതും പുളിച്ചതുമായ ഭക്ഷണം പോഷകമൂല്യങ്ങളൊന്നുമില്ലാത്തവയാണെന്നതിനപ്പുറം ദേഹത്തെ ദുഷിപ്പിക്കുന്നതുകൂടിയാണ്. ഇത്തരം ദുര്‍ഗുണമാര്‍ന്ന ഭക്ഷണം വര്‍ജ്ജിക്കാന്‍ കൂട്ടാക്കാത്തവര്‍ ക്രമേണ പലതരം രോഗങ്ങള്‍ക്ക് ഇരയായിത്തീരും.
പൂര്‍ണ്ണവും പുതുമയാര്‍ന്നതും അകൃത്രിമവും ആയ ഭകഷണം ശീലിക്കുമ്പോള്‍ അവയാല്‍ നിര്‍മ്മിക്കപ്പെടുന്ന ശരീരകോശങ്ങളും ഓജസ്സും തേജസ്സും ആര്‍ന്നവയായിരിക്കും; അപ്രകാരം മനസ്സും.
Generated from archived content: essay1_sep29_11.html Author: kolazhi_murali