ജീവിതത്തിന്റെ ഗന്ധം

നാലുദിവസം കൂടി ബാക്കിയുണ്ട്. അതുകഴിഞ്ഞാല്‍….. കൃഷ്ണന്‍ കുട്ടിയുടെ മനസില്‍ മകളുടെ ചിത്രം തെളിഞ്ഞുവന്നു. നീലനിറമുള്ള അരപ്പാവാടയും വെള്ളനിറമുള്ള കുപ്പായവുമിട്ട് സ്കൂള്‍ബാഗ് തോളിലിട്ട് പുഞ്ചിരിച്ചുകൊണ്ട് നടന്നുവരുന്ന മകള്‍. പത്തുവര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ ഈരണ്ടുവര്‍ഷള്‍ കൂടുമ്പോള്‍ മകളെ കണ്ടുമുട്ടിയതെല്ലാം അങ്ങനെയായിരുന്നു. ആദ്യത്തെ ഒരുതവണ ഒഴികെ. അവധിക്കാലത്തിന്റെ ദയയില്ലാത്ത ഔദാര്യം. കൃഷ്ണന്‍ കുട്ടി സ്വയം ഓര്‍മ്മപ്പെടുത്തി- ‘അവളിപ്പോള്‍ പതിനഞ്ചുവയസുള്ള കുട്ടിയല്ല. ഇരുപത്തിയഞ്ചുവയസു കഴിഞ്ഞിരിക്കുന്നു’.

അയാള്‍ ചിന്തിച്ചു- ‘സുലോചനയും ഒരുപാട് മറിയിട്ടുണ്ടാവും. അവള്‍ക്ക് എന്നെ തിരിച്ചറിയാന്‍ പറ്റുമോ? അവളിപ്പോള്‍ എങ്ങനെ ഇരിക്കുന്നുണ്ടാവും? അവളും മകളും എന്നെ സ്വീകരിക്കാതിരിക്കുമോ? ഒരമ്മയ്ക്ക് സ്വന്തം മകളുടെ അച്ഛനെ തള്ളിപ്പറയാന്‍ പറ്റുമോ? എന്തായാലും സുലോചന അതു ചെയ്യില്ല. ‘ – കൃഷ്ണന്‍ കുട്ടി അങ്ങനെ വിശ്വസിക്കുന്നു.

അയാളുടെ മനസില്‍ സുലോചനയുടെ രൂപം തെളിയുകയും മങ്ങുകയും ചെയ്തുകൊണ്ടിരുന്നു. കാലപ്പഴക്കം മാറാലകെട്ടിയ കൊളച്ചേരിയിലെ വീട്ടില്‍ വര്‍ഷങ്ങളായി വൃദ്ധയായ അമ്മയും സുലോചനയും മകളും മാത്രമായിരുന്നു. വീട്ടുവളപ്പിലെ സര്‍പ്പക്കാവില്‍ കാവല്‍ക്കാര്‍ പത്തിവിടര്‍ത്തി കാവല്‍ നിന്നിട്ടുണ്ടാവും. വിധി അവര്‍ക്കുചുറ്റും തീര്‍ത്ത ഇരുട്ടില്‍ വഴി തിരിച്ചറിയാനാവാതെ പകച്ചുനിപ്പോള്‍! സര്‍പ്പക്കാവിനുമുകളിലെ അന്തേവാസികളായ മിന്നാമിനുങ്ങുകള്‍ വെളിച്ചം പകര്‍ന്നിട്ടുണ്ടാവും.

വിവാഹം കഴിഞ്ഞ് ആറുമാസം കഴിയുമ്പോഴാണ് അയാള്‍ എണ്ണപ്പാടങ്ങളില്‍ വിളയുന്ന ജീവിതത്തിന്റെ വസന്തം തേടിയുള്ള യാത്ര പുറപ്പെട്ടത്. ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ക്കുമുന്‍പ് കണ്ണൂരിലെ റെയിവേ സ്റ്റേഷനില്‍നിന്നു വണ്ടികയറുമ്പോള്‍ സുലോചന മൂന്നുമാസം ഗര്‍ഭിണിയായിരുന്നു. റെയില്‍വേ സ്റ്റേഷനിലെ തൂണില്‍ തലചായ്ച്ച് കണ്ണീര് വാര്‍ത്തുകൊണ്ടിരുന്ന സുലോചനയെ തിരിഞ്ഞുനോക്കിയില്ല. വണ്ടി നീങ്ങിത്തുടങ്ങിയപ്പോള്‍ മനസില്‍ പത്തിവിടര്‍ത്തിനിന്ന സര്‍പ്പക്കാവിലെ കാവല്‍ക്കാരോടായി മനമുരുകി അപേക്ഷിച്ചു- “അവള്‍ക്കെന്നും കാവല്‍നില്‍ക്കണേ…”

ഒരാഴ്ച്ചയ്ക്ക് ശേഷം കൃഷ്ണന്‍ കുട്ടിയും അറബിക്കടലിന് അക്കരയിലേക്ക് പറന്നു. ഒരു മദ്ധ്യാഹ്നത്തില്‍ അയാളും മണലാരണ്ണ്യത്തിനുമുകളില്‍ വിമാനമിറങ്ങി. കൊളച്ചേരിയിലെ വീട്ടില്‍നിന്നിറങ്ങുമ്പോള്‍ ഇടവപ്പാതിമഴ തിമര്‍ത്തുപെയ്യുകയായിരുന്നു. ഇടവഴികളിലൂടെ മഴവെള്ളം കുത്തിയൊഴുകുന്നുണ്ടായിരുന്നു. കണ്ണൂരിലെ റെയില്‍‌വേ സ്റ്റേഷനിലും സ്ഥിതി മറിച്ചായിരുന്നില്ല. പാളങ്ങളും വണ്ടികളും വെള്ളം കോരിയൊഴിച്ചു വെടിപ്പാക്കുകയായിരുന്നു കാര്‍മേഘങ്ങള്‍.

പക്ഷെ, മരുഭൂമിയിലെ വിമാനത്താവളത്തിന് വെളിയിലിറങ്ങിയപ്പോള്‍ കണ്ട കാഴ്ച്ച നേരെ വിപരീതമായിരുന്നു. അസഹനീയമായ സൂര്യതാപമേറ്റ് ചുട്ടുപഴുക്കുന്ന ഭൂമി! അതിനുമുകളില്‍ ഉരുകിത്തീരാന്‍ സ്വയം തയ്യാറായിനില്‍ക്കുന്ന കുറേ ജീവിതങ്ങള്‍!! കൃഷ്ണന്‍ കുട്ടിയുടെ കണ്ണുകള്‍ മണല്‍ക്കാറ്റ് ചെത്തിമിനുക്കിയ മരുഭൂമിയുടെ സൌന്ദര്യത്തിനു മുകളില്‍ അലഞ്ഞു, ജീവിതത്തിന്റെ വസന്തകാലത്തിനാ. അപ്പോള്‍ വീശിയടിച്ച കാറ്റ് ഒരു ക്രൂരനായ കോമാളിയെപ്പോലെ അയാളുടെ കണ്ണുകളില്‍ മണല്‍ വാരിയെറിഞ്ഞു.

കൊളച്ചേരിയിലെ വീട്ടില്‍നിന്നിറങ്ങുമ്പോഴും കണ്ണൂരിലെ റെയില്‍‌വേസ്റ്റേഷനില്‍നിന്ന് വണ്ടികയറുമ്പോഴും സങ്കല്‍പ്പത്തില്‍ ഇതൊന്നുമായിരുന്നില്ല. കൃഷണന്‍ കുട്ടി ഓര്‍ത്തു, പള്ളിപ്പറമ്പിലേയും നൂഞ്ഞേരിയിലേയും പന്ന്യങ്കണ്ടിയിലേയും മാപ്പിളമാരില്‍ കണ്ട തിളക്കം. ഇവിടെനിന്ന് അവധിയില്‍ വന്ന മാപ്പിളമാര്‍ വെളുത്ത മുണ്ടും ഷര്‍ട്ടും ധരിച്ച് നടപ്പോള്‍ നമ്മള്‍ ശ്വസിച്ച സുഗന്ധം അവരുടെ ഉരുകിത്തീരുന്ന ജീവിതത്തിന്റേതായിരുന്നു! ഭരതന്‍‌ഡോക്ടറുടേയും വേണുഗോപാലന്‍ഡോക്ടറുടേയും ക്ളിനിക്കുകളില്‍ ടോക്കണ്‍ എടുത്ത് ഊഴം കാത്തുനിന്ന, കൈനിറയെ സ്വര്‍ണ്ണവളകളിട്ട ഉമ്മച്ചികള്‍ ഉടുത്ത ചേലകളിലും ലുങ്കികളിലും ചുറ്റിക്കയറിയ വള്ളിപ്പടര്‍പ്പുകളിലെ പൂക്കള്‍, അവര്‍ നടന്നുപോകുമ്പോള്‍ ആണുങ്ങള്‍ക്കു മുന്നില്‍ മുഖം മറച്ചുപിടിച്ച വര്‍ണ്ണക്കുടകളിലെ പൂക്കള്‍, അവ പരത്തിയ സുഗന്ധം അവരുടെ പുയ്യാപ്ളമാരുടെ ഉരുകിത്തീരുന്ന ജീവിതത്തിന്റേതായിരുന്നു! ഗര്‍ഭിണിയായ സുലോചനയ്ക്ക് ബസില്‍ക്കയറിയപ്പോള്‍ മനം പിരട്ടിയത് ആ പൂക്കളുടെ സുഗന്ധം ശ്വസിച്ചായിരുന്നു.

ദിവസങ്ങള്‍ കഴിഞ്ഞു. ആഴ്ചകളും മാസങ്ങളും കഴിഞ്ഞു. പുതിയതായി കാണുന്ന എല്ലാറ്റിനോടും പൊരുത്തപ്പെടാന്‍ ശീലിച്ചുകഴിഞ്ഞിരിക്കുന്നു. എല്ലാം പുതിയതാണ്‌. അറിവുകളും അനുഭവങ്ങളും ഭൂമിയും ആകാശവും എല്ലാം.

“അതെ പൊരുത്തപ്പെടണം”- കൂടെ ജോലി ചെയ്തുകൊണ്ടിരുന്ന ഒരാള്‍ പറഞ്ഞു.

“പൊരുത്തപ്പെട്ടേ പറ്റൂ”- മറ്റൊരാള്‍ പറഞ്ഞു -“കാരണം, ഇത്‌ നമ്മുടെ നാടല്ല. അന്ന്യരുടേതാണ്‌. ഇതുവരെ കാണാത്ത പലതും കാണും അനുഭവിക്കും.”

വിയര്‍പ്പുകണങ്ങള്‍ കൃഷ്ണന്‍ ‍കുട്ടിയുടെ നട്ടെല്ലിനു മുകളിലൂടെ ഒഴുകി താഴേക്കിറങ്ങി.

“കൃഷ്ണന്‍ ‍കുട്ടി”- അതൊരു അലര്‍ച്ചയായിരുന്നു.

അയാള്‍ ഒരു ഞെട്ടലോടെ പിന്നോട്ട്‌ തിരിഞ്ഞു നോക്കി. എഞ്ചിനിയര്‍.

“നീ ജോലി ചെയ്യുന്നില്ല”- എഞ്ചിനിയര്‍ കുറ്റപ്പെടുത്തി -“വെറുതെ നില്‍ക്കുകയാണ്‌. നിന്റെ സാലറി ഞാന്‍ കട്ട്‌ ചെയ്യും. “

അപ്പോള്‍ എവിടെനിന്നോ ഫോര്‍മാന്‍ ഓടിയെത്തി.

“ഇവന്റെ ഇന്നത്തെ ഓവര്‍ടൈം കട്ടുചെയ്യണം”- എഞ്ചിനിയര്‍ ഫോര്‍മാനോട്‌ കല്പിച്ചു.

എല്ലാവരും കേള്‍ക്കാന്‍വേണ്ടി എഞ്ചിനിയര്‍ പറഞ്ഞു- “ജോലി ചെയ്യാതെ സ്വപ്നം കണ്ട്നിന്നാല്‍ എല്ലാവരുടേയും സാലറി ഞാന്‍ കട്ട് ചെയ്യും. ഇത്‌ കേരളമല്ല. “

എഞ്ചിനിയറും ഫോര്‍മാനും പോയപ്പോള്‍ തൊഴിലാളികളില്‍ ഒരാള്‍ തന്റെ തിരുവനന്തപുരം ഭാഷയില്‍ പറഞ്ഞു- “കേരളം സ്വപ്നം കാണാനുള്ളതാടെയ്‌. കേരളം വിട്ടാല്‍ പട്ടിയെപ്പോലെ വാലാട്ടിനില്‍ക്കണം. കഴുതയെപ്പോലെ ജ്വാലി ചെയ്യണം.”

തൃശൂര്‍ക്കാരനായ ഒരു തൊഴിലാളി പറഞ്ഞു- “ഇവനൊക്കെ എന്തൂട്ട്‌ മലയാളിയാ?”

മാസം അവസാനം ശമ്പളം കിട്ടി. മൂന്നുമാസമായി ശമ്പളം കിട്ടിയിരുന്നില്ല. കൃഷ്ണന്‍‍ കുട്ടിയുടെ ആദ്യത്തെ ശമ്പളമാണ്‌. നാലുമാസത്തെ ശമ്പളം ഒരുമിച്ചാണ്‌ കിട്ടിയത്‌. എല്ലാവരും ശമ്പളം എണ്ണിനോക്കി. എല്ലാവരുടേയും നെറ്റിചുളിഞ്ഞു. ചുണ്ടുകള്‍ കോടി. അല്പം മുന്‍പ്‌ മുഖത്ത്‌ പ്രത്യക്ഷമായിരുന്ന സന്തോഷം നിമിഷനേരം കൊണ്ട്‌ അപ്രത്യക്ഷമായി. കണക്കുകളില്‍ പിഴവുകള്‍ പറ്റിയപോലെ എല്ലാവര്‍‍ക്കും തോന്നി. വൈകുന്നേരം മുറിയിലെത്തിയപ്പോള്‍ എഴുതിവച്ചിരുന്ന ഓവര്‍ടൈമിന്റെ ലിസ്റ്റ്‌ പരിശോധിച്ചു. കണക്കുകള്‍ കൂട്ടിയും കുറച്ചും ഗുണിച്ചും ഹരിച്ചും നോക്കി. ശമ്പളം എണ്ണിനോക്കി. വീണ്ടും വീണ്ടും അതാവര്‍ത്തിച്ചു. അവസാനം തീര്‍ച്ചയാക്കി, ഒരുമാസത്തെ ഓവര്‍ടൈമിന്റെ കുറവുണ്ട്‌. അയാള്‍ കൂട്ടുകാരോട്‌ പറഞ്ഞു- “ഒരുമാസത്തെ ഓവര്‍ടൈമിന്റെ പൈസില്ല”.

കോഴിക്കോട്‌ കാരന്‍ ബിച്ചിക്കോയ പറഞ്ഞു- “ഇനിക്കൂണ്ട്‌ മൂന്നായ്ചത്തെ ഓവര്‍ടൈം കൊറവ്‌.

“ഇങ്ങന്യാങ്കില്‌ ഈട നിന്നിറ്റ്‌ ഒരു കാര്യോല്ല. ശമ്പളം മുഴുവന്‍ കിട്ടുന്നില്ലെങ്കില്‌ ഞാന്‍ നാട്ടിലേക്കന്നെ പോക്വോന്ന്‌.” -ഉറങ്ങാന്‍ കിടപ്പോള്‍ മുറിയിലെ എല്ലാവരോടുമായി കൃഷ്ണന്‍ ‍കുട്ടി പറഞ്ഞു.

അന്ന്‌ നാട്ടില്‍നിന്നുള്ള കത്ത്‌ വന്നിരുന്നു. അക്കാലത്ത്‌ ഫോണ്‍ സൌകര്യങ്ങള്‍ കുറവായിരുന്നല്ലൊ. ലോകത്തെവിടെയുമുള്ള പ്രവാസികളായ മലയാളികള്‍ നാട്ടില്‍നിന്നും വരുന്ന കത്തുകള്‍ക്കായി കാത്തുനിന്നു. ഉറക്കമൊഴിച്ച്‌ കത്തുകള്‍ എഴുതി. നാട്ടിലെ വൃദ്ധരായ മാതാപിതാക്കളുടെ ആരോഗ്യസ്ഥിതികള്‍ അന്വേഷിച്ചതും പരിഹാരം നിര്‍ദ്ദേശിച്ചതും പ്രിയപ്പെട്ട ഇണയുമായി ദു:ഖങ്ങളും സ്വപ്നങ്ങളും പങ്കുവച്ചതും മക്കളുടെ വിദ്ധ്യാഭ്യാസനിലവാരമറിഞ്ഞതും കത്തുകളിലൂടെ മാത്രമായിരുന്നു.

കൃഷ്ണന്‍‍കുട്ടി ഓര്‍ത്തു- ‘വന്നിട്ട്‌ നാലുമാസമേ ആയിട്ടുള്ളു. നാലുമാസത്തില്‍ പന്ത്രണ്ടു കത്തുകള്‍ വീട്ടില്‍നിന്നുമാത്രം വന്നിരിക്കുന്നു.’ പന്ത്രണ്ടു കത്തുകള്‍ എന്നുപയുമ്പോള്‍ പന്ത്രണ്ടു കവറുകളാണ്‌. ഒരേ കവറില്‍ ഭാര്യയുടേയും അമ്മയുടേയും സഹോദരിമാരുടേയും അനുജന്റേയും കത്തുകള്‍ ഒരുമിച്ചായിരിക്കും. കോളേജില്‍ പഠിക്കുന്ന അനുജന്‌ ഫീസ്‌ അടക്കാനുള്ള പൈസവേണം. അതിന്റെ വിശദവിവരങ്ങള്‍ അനുജന്റെ കത്തില്‍ ഉണ്ടാവും. അതിനുമാത്രമാണ്‌ അനുജന്‍ കത്തെഴുതുത്‌. ഭാര്യയുടേയും അമ്മയുടേയും കത്തുകളില്‍ പരാതികളും പരിഭവങ്ങളുമായിരിക്കും. സഹോദരിമാരുടെ കത്തില്‍ എന്തെങ്കിലും ആഗ്രഹങ്ങളായിരിക്കും. അങ്ങനെവരുന്ന രണ്ടോമൂന്നോ കത്തുകള്‍ക്ക്‌ ഒരു മറുപടിയെഴുതും. അതുതന്നെ എഴുതിയിരുന്നത്‌ രാത്രി ഉറങ്ങാനുള്ള സമയത്താണ്‌. മിക്കവരുടേയും കത്തുകളുടെ ഉള്ളടക്കം ഇങ്ങനെയൊക്കെയായിരിക്കും. ഇത്തവണത്തെ കത്തില്‍ പക്ഷെ, പരാതികളൊന്നും ഉണ്ടായിരുന്നില്ല. വരാനിരിക്കുന്ന മൂന്നുനാലുമാസത്തേക്ക്‌ എടുക്കേണ്ട മുന്‍കരുതലുകളെ കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലായിരുന്നു.

ഒതുക്കമില്ലാത്ത ഗ്രാമ്യമായ കൈപ്പടയില്‍ അമ്മ എഴുതി- “മോനെ ഓക്കിത്‌ ഏഴാം മാസായി. ഓളെ അച്ചന്‍ വന്നിന്‌. അട്ത്തെ വ്യാഴാഴ്ച്ച കൂട്ടിക്കൊണ്ടുപോകും. പെറാന്‍. നീപോയേന്റിപ്പ്‌ ഈട്ത്തെ കാര്യം വെല്ലേ കഷ്ടാ. ഒരൊറ്റ പൈസ പോലും ഈട എട്ക്കാനില്ല. രണ്ട്മൂന്ന്‌ മാസായില്ലെ പോയിട്ട്. നിനിക്ക്‌ ശമ്പളൊന്നും കിട്ടീനില്ലെ? നീ പോകുമ്പം ഓളെട്ത്ത്‌ കൊട്ത്ത പൈസ്യോന്നും ബാക്കില്ലാന്ന്‌ ഓള്‌ പറഞ്ഞിന്‌. എനിപ്പം എന്താചെയ്യ ഒരെത്തും പിടീം കിട്ടുന്നില്ല. കൊറച്ച്‌ സാധനം വാങ്ങാന്ണ്ട്‌. പെറ്റ്‌ കൈഞ്ഞാലും കൊറേ പൈസ വേണ്ടിവെരും. എനീപ്പൊ പെ‌ര്‍ന്നവെരെ മനസിനൊര് സമാധാനോണ്ടാകുല്ല…”

ഒതുക്കമുള്ള അച്ചടിഭാഷയില്‍ സുലോചന എഴുതി- “നിങ്ങളില്ലാതെ എങ്ങനെയാ? സമയം അടുത്തുവരുകയാണ്‌. എനിക്ക്‌ വല്ലാതെ പേടി തോന്നുന്നു. ഗള്‍ഫും പൈസയും ഒന്നും വേണ്ടായിരുന്നു. ഇവിടെ നാട്ടില്‍ പണിയെടുത്ത്‌ കിട്ടുന്നതും കൊണ്ട്‌ എങ്ങനെയെങ്കിലും ജീവിക്കാമായിരുന്നു. ഈ കത്ത്‌ നിങ്ങള്‍ക്ക്‌ കിട്ടുമ്പോഴേക്കും ഞാനെന്റെ വീട്ടില്‍ എത്തിയിട്ടുണ്ടാവും”

ഗള്‍ഫിലേക്ക്‌ വരേണ്ടിയിരുന്നില്ല എന്ന് കൃഷ്ണന്‍‍ കുട്ടിക്കും തോന്നാതിരുന്നില്ല. കാര്‍പ്പെന്റര്‍ വിസയാണ്‌ എന്ന്‌ പറഞ്ഞാണ്‌ വന്നത്‌. മുംബെയില്‍ വച്ച്‌ ഏജന്റ്‌ കാണിച്ചുകൊടുത്ത പേപ്പറില്‍ കൃഷ്ണന്‍‍കുട്ടി എന്ന പേരിനൊപ്പം കാര്‍പ്പെന്റര്‍ എന്ന് ടൈപ്പ്‌ ചെയ്തിട്ടുണ്ടായിരുന്നു. അതില്‍ പ്രതിമാസ ശമ്പളവും രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. കിട്ടിയ ജോലി പക്ഷെ, വാര്‍പിന്‌ പലകയടിക്കലാണ്‌. പേപ്പറില്‍ കാണിച്ചുതന്ന ശമ്പളവും വെട്ടിക്കുറച്ചിരുന്നു. പലകയടിച്ചുകഴിഞ്ഞാല്‍ അതിനുശേഷമുള്ള ജോലികളും ചെയ്യണം. അപ്പോള്‍ ഭൂമിയുതിര്‍ക്കുന്ന ചുടുനിശ്വാസം കണ്ണുകളിലേക്ക്‌ തുളച്ചുകയറും. കണ്ണുകളെ കുത്തിനോവിക്കും. തലയില്‍നിന്ന് ഒലിച്ചിറങ്ങിയ വിയര്‍പ്പുതുള്ളികള്‍ വാര്‍പ്പുപലകമേല്‍ അല്ലെങ്കില്‍ ഇരുമ്പുകമ്പിമേലോ സിമന്റിലോ ഇറ്റിവീഴും.

രാത്രിയില്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ കാലാവസ്ഥയെക്കുറിച്ചായിരിക്കും മുറിക്കകത്തെ സംസാരം.

“എന്തൊരു ചൂടാപ്പായിത്‌!” -കൃഷ്ണന്‍കുട്ടി പരിഭവപ്പെട്ടു- “ഞാനാലോചിക്ക്വാ പണ്ടത്തെ അറബികളെല്യൈ എങ്ങന്യാ ഈട ജീവിച്ചെ? അക്കാലത്ത്‌ ഏസിയൊന്നുല്ലല്ല!”

കൃഷ്ണന്‍കുട്ടിയുടെ സംശയത്തിന്‌ ആര്‍ക്കും ഉത്തരം ഉണ്ടായിരുന്നില്ല. തിരുവനന്തപുരത്തുകാരന്‍ രവി പറഞ്ഞു- “ചൂട്‌ കഴിയാറായെടേയ്‌. എനി വരാനുള്ളത്‌ തണുപ്പാ. എനിക്ക്‌ തീരെ സഹിക്കാന്‍ വയ്യാത്തത്‌ തണുപ്പാണ്‌”

“ഇനിക്ക്‌ ചൂടും പറ്റൂലാ തണുപ്പും പറ്റൂലാ” -കോഴിക്കോട്കാരന്‍ ബിച്ചിക്കോയ.

“ജ്‌ ആദ്യയിട്ടല്ലെ”. -മലപ്പുറത്തുകാരന്‍ മൊയ്തീന്‍ കൃഷ്ണന്‍‍കുട്ടിയെ നോക്കി പറഞ്ഞു- “അത്വൊണ്ടാ അനക്കിങ്ങനെ തോന്ന്‌ണേ”.

രവി പറഞ്ഞു- “തണുപ്പുകാലമായാല്‍ നഖങ്ങള്‍ക്കടിയിലൂടെ തണുപ്പ്‌ അരിച്ചുകയറും. നട്ടുച്ചനേരത്തും വീശിയടിക്കുന്ന തണുത്ത കാറ്റ്‌ കതുകളിലൂടെയും മൂക്കിന്‍ദ്വാരങ്ങളിലൂടെയും തലയോടിനകത്തേക്ക്‌ തുളച്ചു കയറും.”

അവരുടെ സംസാരം ഉറക്കത്തിന്‌ തടസമായപ്പോള്‍ തൃശൂര്‍ക്കാരന്‍ സുന്ദരന്‌ ദേഷ്യം വന്നു- “എന്തൂട്ട് ശവികളെ കിടന്ന് ചിലക്കണ്‌? പറ്റ്ന്നില്ലെ മത്യാക്കി പൊയ്ക്കൂടെ?”

ബിച്ചിക്കോയ പ്രതിവചിച്ചു- “ഓ… ഒരൊറക്കപ്പ്രാന്തന്‍”

സുന്ദരന്‌ ദേഷ്യം വര്‍ധിച്ചു- “പിന്നെന്തൂട്ട്? നാളെ നാലുമണിക്കെഴുന്നേല്‍ക്കണം എനിക്ക്‌ ഓവര്‍ടൈമുള്ളതാ.”

“നാളെ വെള്ളിയാഴ്ച്ചയല്ലടേയ്‌?” -രവിയാണ്‌ പറഞ്ഞത്‌- “ഒരു വെള്ളിയാഴ്ച്ച ലീവാക്കിയാലെന്താ?”

സുന്ദരന്‌ ദേഷ്യം സഹിക്കാന്‍ വയ്യാതായി- “അതേയ്‌ ഞാനിവിടെ വന്നത് ലീവെട്ത്ത്‌ ഉറങ്ങാനല്ലാ എനിക്ക്‌ നാല്‌ പെങ്ങമ്മാരാ അവരെ കെട്ടിച്ചയക്കണം ചോദിക്കുന്ന സ്ത്രീധനം കൊടുത്തില്ലെങ്കില്‌ അവരെ കെട്ടിക്കാന്‍ ചെക്കന്‍മാരെ കിട്ടില്ലാ. അതിനുവേണ്ടിമാത്രാ ഞാനിവിടെ വന്നെ. ഉണ്ടായിരുന്ന സൊത്തുമുഴുവന്‍ അപ്പന്‍ വിറ്റുകള്ളുകുടിച്ചു. അങ്ങേരു ചത്തു. പെങ്ങമ്മാര് നാലും ന്റെ തലേലായി.”

ആരും ഒന്നും പറഞ്ഞില്ല. സുന്ദരന്റെ ഈ വാക്കുകള്‍ അവര്‍ പലതവണ കേട്ടതാണ്‌. കൃഷ്ണന് ‍കുട്ടിയും കേട്ടു രണ്ടുമൂന്നുതവണ. സുന്ദരന്‌ ദേഷ്യവും സങ്കടവും വരുമ്പോഴൊക്കെ ഇതാണ്‌ പറയുക. അങ്ങനെ ആ ദിവസത്തെ ചര്‍ച്ച അവസാനിച്ചു. മുറിയിലെ നിശബ്ദദയെ ഭേദിച്ചുകൊണ്ട്‌ ശീതീകരണയന്ത്രംമാത്രം ശബ്ദിച്ചു. ശീതീകരിക്കപ്പെട്ട ഇരുട്ടില്‍ രവിയും മൊയ്തീനും കൂര്‍ക്കം വലിച്ചു. ബിച്ചിക്കോയ എന്തോ സ്വപ്നം കണ്ട്‌ പിച്ചും പേയും പറഞ്ഞു. സുന്ദരന്‍ പുതപ്പിനുള്ളില്‍ ചുരുണ്ടുകൂടി ശാന്തമായി ഉറങ്ങി. കൃഷ്ണന് ‍കുട്ടിമാത്രം കണ്ണുകള്‍ തുറന്നുകിടന്നു. അപ്പോള്‍ അയാള്‍ക്കു മുന്നിലെ ഇരുട്ടില്‍ സര്‍പ്പക്കാവിനുമുകളിലെ മിന്നാമിനുങ്ങുകള്‍ വെളിച്ചം പകര്‍ന്നു. ആ വെളിച്ചത്തില്‍ അയാള്‍ കണ്ടു, സുലോചനയുടെ വീര്‍ത്തുവരുന്ന വയര്‍, വരുന്ന വിവാഹാലോചനകള്‍ വഴിമാറിപ്പോകുമ്പോള്‍ വീട്ടിനകത്തെ ഇരുട്ടിലേക്ക്‌ ഒതുങ്ങിക്കൂടാന്‍ ശ്രമിക്കുന്ന സഹോദരിമാര്‍, മുറിക്കകത്തെ പഴകിയ വായുവില്‍ അച്ചന്റെ ഗന്ധം ഓര്‍മ്മിച്ചെടുക്കാന്‍ ശ്രമിക്കുന്ന അമ്മ, അവര്‍ക്ക്‌ കാവലായ്‌ സര്‍പ്പക്കാവില്‍ പത്തിവിടര്‍ത്തി നില്‍ക്കുന്ന കാവല്‍ക്കാര്‍…

കൃഷ്ണന് ‍കുട്ടി ചിന്തിച്ചു. ‘അനുജന്‍ പഠിത്തം കഴിഞ്ഞ്‌ എന്തെങ്കിലും ജോലിക്ക്‌ പോയിത്തുടങ്ങിയാല്‍ എനിക്കൊരു ആശ്വാസമായി. സഹായത്തിന്‌ ഒരാളായല്ലൊ. കുറച്ചു കാര്യങ്ങള്‍ അവനും നോക്കുമല്ലൊ. പെങ്ങമ്മാരുടെ കല്ല്യാണം കഴിഞിട്ട്‌വേണം ഒരു വീട്‌ പണിയാന്‍. ചെറിയൊരു കോണ്ക്രീറ്റ് വീട്. വേണമെങ്കില്‍ ഇപ്പോഴുള്ളത്‌ പൊളിച്ചുപണിയാം. കാലപ്പഴക്കത്തിന്റെ ഈര്‍പ്പത്തില്‍ കഴുക്കോലുകളും പട്ടികകളും ഓടുകളും ഒക്കെ ദ്രവിച്ചുപോയിട്ടുണ്ട്‌. അയാള്‍ അറിയാതെ കുറിച്ചന്‍ കൃഷ്ണേട്ടനെ ഓര്‍ത്തുപോയി. കൊളച്ചേരിയില്‍ ആദ്യമായി കോണ്ക്രീറ്റ്‌വീട്‌ വച്ചത്‌ ഗള്‍ഫുകാരനായ കുറിച്ചന്‍ കൃഷ്ണേട്ടനാണ്‌. അത്‌ പിന്നീട്‌ ‘വാര്‍പ്പിന്‍വീട്‌’ എന്ന പേരില്‍ പ്രസിദ്ധമായി. അക്കാലത്ത്‌ പള്ളിപ്പറമ്പിലേയും നൂഞേരിയിലേയും പന്ന്യങ്കണ്ടിയിലേയും മാപ്പിളവീടുകളില്‍ പ്രസിദ്ധനാവുകയായിരുന്നു കൃഷ്ണന്‍കുട്ടി. അറബിനാടിന്റെ സുഗന്ധം പരത്തിയ ഉമ്മച്ചികള്‍ അയാളെ സ്നേഹത്തോടെ ആദരവോടെ വിളിച്ചു- “കിട്ടനാസാരി.”

അവര്‍ അറബിനാട്ടില്‍നിന്ന് അവധിയില്‍വന്ന പുയ്യാപ്ളമാരോട്‌ പറഞ്ഞു- “പുത്യെ പെരേന്റെ പണിക്ക്‌ കിട്ടനാസാര്യെന്നെ മതി”.

മാപ്പിളമാര്‍ ഉമ്മച്ചികളുടെ നിര്‍ദ്ദേശം അനുസരിച്ചു. ആയിടയ്ക്കാണ്‌ കൃഷ്ണന് ‍കുട്ടിയും ജീവിതത്തില്‍ വസന്തം വിളയിക്കാന്‍ എണ്ണപ്പാടങ്ങള്‍ തേടി കൊളച്ചേരിയില്‍നിന്നും യാത്ര പുറപ്പെട്ടത്‌.

എത്ര പെട്ടെന്നാണ്‌ പക്ഷെ, എല്ലാം തകിടം മറിഞ്ഞത്‌! വീശിയടിച്ച മണല്‍കാറ്റില്‍പ്പെട്ട കടലാസുതുണ്ടുപോലെ. അതിനിടയില്‍ സഹോദരിമാരുടെ വിവാഹം കഴിഞ്ഞത്‌ എത്രയോ ഭാഗ്യം. സഹോദരിമാരുടെ വിവാഹത്തിന്‌ മുന്‍പെ അനുജന്‌ സ്വകാര്യസ്ഥപാനത്തിലെങ്കിലും മോശമല്ലാത്ത ശമ്പളമുള്ള ജോലികിട്ടിയത്‌ വലിയൊരു ആശ്വാസമായിരുന്നു. അനുജന്‍ വിവാഹം കഴിഞ്ഞതോടെ പുതിയ സ്ഥലം വാങ്ങി വീട്‌ വച്ച്‌ താമസം മാറി. ‘പക്ഷെ, എന്റെ ജീവിതം എന്റെ സുലോചനയുടെ ജീവിതം വഴിതിരിച്ചുവിട്ടതെന്തിന്‌?’ -കൃഷ്ണന്‍കുട്ടി വിധിയെ പഴിച്ചു. ഇരുപത്തിയഞ്ചു വര്‍ഷത്തെ പ്രവാസം ഓര്‍ക്കാതിരിക്കാന്‍ കഴിഞ്ഞെങ്കിലെന്ന്‌ ആഗ്രഹിച്ചുപോയി. പ്രവാസം ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്തവര്‍ എത്രപേരുണ്ടാവും?

അഴികള്‍ക്കിടയിലൂടെ ഒളിഞ്ഞുനോക്കുന്ന പ്രകാശകിരണങ്ങളുടെ മങ്ങിയ വെട്ടത്തില്‍ ചില മനുഷ്യരൂപങ്ങളുടെ നിഴലുകള്‍ കൃഷ്ണന്‍കുട്ടി കാണുന്നു. ബൂട്ടിട്ട കാലുകള്‍ വേഗത്തില്‍ നടന്നുപോകുന്ന ശബ്ദം, അറബിഭാഷയില്‍ ഉച്ചത്തിലുള്ള സംസാരം, പൊട്ടിച്ചിരികള്‍… പത്തുവര്‍ഷമായി ഇതൊക്കെ കാണുന്നു കേള്‍ക്കുന്നു. നാലുദിവസം കൂടി കഴിഞ്ഞാല്‍ കേട്ടുമടുത്ത സംസാരവും പൊട്ടിച്ചിരികളും ബൂട്ടിട്ട കാലുകളുടെ ശബ്ദവും കേള്‍ക്കേണ്ടിവരില്ല. കണ്ടുമടുത്ത മനുഷ്യരൂപങ്ങളുടെ നിഴലുകളും അഴികള്‍ക്കിടയിലൂടെ ഓളിഞ്ഞുനോക്കുന്ന പ്രകാശകിരണങ്ങളും കാണേണ്ടിവരില്ല. പിന്നിട്ട പത്തുവര്‍ഷങ്ങളെക്കാള്‍ ദൈര്‍ഘ്യം കൂടുതലുണ്ട്‌ മുന്നിലുള്ള നാലുദിവസങ്ങള്‍ക്ക്‌ എന്ന് തോന്നിപ്പോകുന്നു.

കൃഷ്ണന്‍‍കുട്ടി സ്വയം ശപിച്ചു, ഭ്രാന്തനായിമാറിയ ആ നിമിഷങ്ങളെ. ‘ഒരു ജീവിക്കും ജീവിതം നിഷേധിക്കാനുള്ള അവകാശം മനുഷ്യനില്ലെന്ന്‌ വിശ്വസിച്ചിരുന്ന ഞാനെങ്ങനെയാണ്‌ അത്‌ ചെയ്തത്‌?!’

ആ നട്ടുച്ചനേരത്തും വീശിയടിച്ച തണുത്ത കാറ്റ്‌ കാതുകളിലൂടെ, മൂക്കിന്‍ ദ്വാരങ്ങളിലൂടെ തലയോട്ടിനകത്തേക്ക്‌ തുളച്ചുകയറിയപ്പോള്‍ ശരീരം മുഴുവനും മരവിപ്പ്‌ അനുഭവപ്പെടുമ്പോഴും മനസ്‌ എണ്ണക്കിണര്‍പോലെ തിളക്കുകയായിരുന്നു. ഏഴുമാസ്സത്തെ ശമ്പളം തരാതെ ആനുകൂല്യങ്ങളൊന്നും തരാതെ പിരിച്ചുവിടുകയാണെറിഞ്ഞപ്പോള്‍ ഭ്രാന്തനായിമാറുകയായിരുന്നു. സംസാരിക്കാന്‍ കിട്ടിയത്‌ എഞ്ചി നീയറെയായിരുന്നു.

എഞ്ചിനിയര്‍ പറഞ്ഞു- “ഇപ്പോള്‍ മാനേജര്‍ വരും. അയാളുമായി നേരിട്ട്‌ സംസാരിക്കൂ. നിങ്ങളുടെ കാര്യത്തില്‍ ഞാന്‍ നിസഹായനാണ്‌.”

കുറേ നേരം കഴിഞ്ഞപ്പോള്‍ മാനേജര്‍ വന്നു. അയാള്‍ക്ക്‌ തൊഴിലാളികളോട്‌ പുച്ഛമാണ്‌. പ്രത്യേകിച്ച്‌ മലയാളികളോട്‌.

വികാരവിക്ഷോഭത്താല്‍ വിറയ്ക്കു ശബ്ദത്തില്‍ കൃഷ്ണന്‍കുട്ടി പറഞ്ഞുതുടങ്ങിയതാണ്‌- “സാറും മലയാളിയല്ലേ. സ്വന്തം നാട്ടുകാരോട്തന്നെ വേണോ ഈ ചതി?”

രവി ഇടക്ക്‌ കയറി പറഞ്ഞു- “ഞങ്ങള്‍ക്കുമുണ്ട്‌ സാറേ കുടുംബം. സാറിനൊക്കെയുള്ളതുപോലെ ഭാര്യയും കൊച്ചുങ്ങളും വീട്ടുകാരും ഒക്കെ ഞങ്ങള്‍ക്കുമുണ്ട്‌.”

“നിനക്കൊക്കെ ഭാര്യയും കൊച്ചുങ്ങളുമുള്ളതിന്‌ ഞാനെന്ത്‌വേണം? അതിന്റെയൊക്കെ ഉത്തരവാദി ഞാനാണൊ?” -മനേജറുടെ മറുപടിയായിരുന്നു.

അപ്പോഴാണ്‌ കൃഷ്ണന്‍കുട്ടി പൊട്ടിത്തെറിച്ചത്‌. അയാളുടെ ഭാവമാറ്റം കണ്ട്‌ എല്ലാവരും അമ്പരന്നു! പിന്നെ എന്തൊക്കെയാണ്‌ സംഭവിച്ചത്‌! സമനിലതെറ്റിയ ആ നശിച്ച നിമിഷത്തില്‍ കൈയ്യില്‍ കിട്ടിയ ഇരുമ്പ്‌ കമ്പിക്കഷണം മാനേജറുടെ ശരീരത്തിലേക്ക്‌ പലതവണ തുളഞ്ഞുകയറി. കമ്പിക്കഷണത്തില്‍നിന്ന്‌ ഇറ്റിവീണുകൊണ്ടിരു ചോരത്തുള്ളിയിലേക്ക്‌ നോക്കി കൃഷ്ണന്‍കുട്ടി തളര്‍ന്നിരുന്നു! പോലീസ്‌ വന്നതും കൈയ്യില്‍ വിലങ്ങു വച്ചതും മരവിച്ച ഓര്‍മ്മയാണ്‌.

മരണത്തിലേക്കൂള്ള പടവുകള്‍ കയറിത്തീര്‍ന്നപ്പോഴാണ്‌ അറിയുന്നത്‌ ജീവപര്യന്തം തടവായി ശിക്ഷ ഇളവു ചെയ്തിരിക്കുന്നു എന്ന്‌. മരണവുമായി മുഖാമുഖം കണ്ട്‌ നിര്‍വ്വികാരതയോടെ പടവുകളിറങ്ങി. അപ്പോഴറിഞ്ഞു, ജീവിതം തിരിച്ചുകിട്ടുകയാണ്‌.

“ഒരു കുടുംബം ഞാന്‍ കാരണം അനാഥമായി. അതേ കുടുംബം തന്നെ എനിക്ക്‌ ജീവിതം തിരിച്ചുതരുന്നു!” -അന്ന്‌ രാവിലെ തന്നെ കാണാന്‍വന്നിരുന്ന സുന്ദരനോട്‌ ദീര്‍ഘമായി ഒന്നു നിശ്വസിച്ചുകൊണ്ട്‌ കൃഷ്ണന്‍കുട്ടി പരിതപിച്ചു. അയാളുടെ മനസില്‍ കുറ്റബോധം വല്ലാത്ത നീറ്റലുണ്ടാക്കി.

സുന്ദരന്‍ അയാളെ ആശ്വസിപ്പിക്കാനെന്നോണം പറഞ്ഞു- “നാലുദിവസം കൂടി കഴിഞ്ഞാല്‍ നിനക്ക്‌ ഭാര്യയുടേയും മകളുടേയും കൂടെ സന്തോഷത്തോടെ ജീവിക്കാമല്ലൊ”.

കൃഷ്ണന്‍‍കുട്ടി തിരിച്ചൊന്നും പറഞ്ഞില്ല. കുറേനേരം ഇരുവരും മൌനികളായി നിന്നു. പിന്നെ സുന്ദരന്‍ തന്നെ മൌനത്തിന്‌ വിരാമമിട്ടു- “കൂടെയുണ്ടായിരുവര്‍ എല്ലാവരും പോയി. രവിയേട്ടനും ബിച്ചിക്കോയയും മൊയ്തീനും എല്ലാവരും നാട്ടില്‍ പുതിയ വീടൊക്കെ വച്ചു താമസമാക്കി. നാലുദിവസം കൂടി കഴിഞ്ഞാല്‍ ഞാന്‍ മാത്രമാവും ഇവിടെ.”

കഴിഞ്ഞ തവണ വന്നപ്പോള്‍ സുന്ദരന്‍ ഇക്കാര്യം പറഞ്ഞിരുന്നു. അതുകോണ്ടുതന്നെ കൃഷ്ണന്‍‍കുട്ടി പ്രതിവചിച്ചില്ല.

“അവസാനം രവിയേട്ടനും ബിച്ചിക്കോയയും തമ്മില്‍ തെറ്റി” -അന്നിക്കാര്യം പറഞ്ഞപ്പോള്‍ കൃഷ്ണന്‍‍കുട്ടി ചോദ്യഭാവത്തില്‍ നെറ്റിചുളിച്ചുകൊണ്ട്‌ സുന്ദരനെ നോക്കി.

സുന്ദരന്‍ തുടര്‍ന്നു- “അവര്‍ ജോലി ചെയ്തുകൊണ്ടിരുന്ന കമ്പനിയില്‍ ഒരു ഫോര്‍മാന്റെ ഒഴിവു വന്നപ്പോള്‍ ബിച്ചിക്കോയക്കാണ്‌ അത്‌ കിട്ടിയത്‌. പിന്നീട്‌ പണിസ്ഥലത്ത്‌ രണ്ടുപേരും തമ്മില്‍ യോജിപ്പില്ലാതായി. പിന്നെ മുറിയിലും. ഒരു ദിവസം മുറിയില്‍വച്ച്‌ തമ്മില്‍ വര്‍ത്താനായി, ഉന്തും തള്ളുമായി. കമ്പനിയതറിഞ്ഞു, രണ്ടുപേരേയും ഒഴിവാക്കി.”

മൊയ്തീന്‍ പോയത്‌ ഇപ്പോഴാണ്‌ അറിയുന്നത്‌.

“മൊയ്തീനെ നീ കണ്ടിനാ?” -കൃഷ്ണന്‍കുട്ടി ചോദിച്ചു.

“ഉം” -സുന്ദരന്‍ തുടര്‍ന്നു- “അവന്‍ പിന്നെ നിര്‍ത്തിപ്പോകാന്‍ തീരുമാനിച്ചതായിരുന്നു. ജോലി ചെയ്തുകൊണ്ടിരുന്ന കഫ്തീരിയയുടെ അറബാബ്‌ പെണ്ണു കച്ചോടം നടത്തി പിടിക്കപ്പെട്ട്‌ അകത്തായി. അതോടെ കഫ്തീരിയ പൂട്ടി. കുറച്ചെന്തോ പൈസ കിട്ടാനുണ്ടായിരുന്നു അതുകിട്ടിയില്ല.”

“നാട്ടില്‍ വരുമ്പോള്‍ എന്നെ അറിയിക്കണം” -കൃഷ്ണന്‍‍കുട്ടി സുന്ദരനെ ഓര്‍മ്മപ്പെടുത്തി.

അയാളെ നോക്കി സുന്ദരന്‍ തലകുലിക്കിക്കൊണ്ട്‌ മൂളി- “ഉം” -എന്നിട്ട്‌ തുടര്‍ന്നു- “ഒരര്‍ത്ഥത്തില്‍ എല്ലാ മനുഷ്യരും ജീവിക്കുന്നത്‌ അവനവന്‌ വേണ്ടിയാണൊ? മറ്റുള്ളവര്‍ക്ക്‌ വേണ്ടിയല്ലെ? അല്ലെങ്കിലും നമ്മള്‍ക്കങ്ങനെ വിശ്വസിക്കാം.”

സന്ദര്‍ശകസമയം കഴിഞ്ഞ്‌ തിരിച്ചുപോകാന്‍നേരം സുന്ദരന്‍ അറിയിച്ചു- “നോക്കൂ എന്റെ നാലു പെങ്ങമ്മരുടേയും വിവാഹം കഴിഞ്ഞു. അതോടെ ഞാന്‍ ഫ്രീയായി. മൂത്തവര്‍ രണ്ടുപേരുടേയും വിവാഹത്തിന്‌ നമ്മളൊരുമിച്ചുണ്ടായിരുന്നു. ഇളയ പെങ്ങളുടെ വിവാഹത്തിന്റെ കടം അല്പം ബാക്കിയുണ്ട്‌. അതുകൂടിക്കഴിഞ്ഞാല്‍ എനിക്കും നാട്ടിലേക്ക്‌ തിരിച്ചുപോകാം.”

“കടം തീരാനൊന്നും കത്തുനില്‍ക്കണ്ട” -കൃഷ്ണന്‍കുട്ടി ഉപദേശിച്ചു- “പെട്ടെന്ന് തന്നെ ഒരു കല്യാണം കഴിക്ക്‌. എനിയൊന്നും ചിന്തിക്കാനില്ല. വയസ്സ്‌ കൊറേയായില്ലെ”

“അവരൊക്കെ എന്നെ നിര്‍ബന്ധിക്കുന്നു, വിവാഹം കഴിക്കാന്‍. ഈ മദ്ധ്യവയസ്കനായ ഞാനിനി വിവാഹം കഴിച്ചാല്‍ ശരിയാവില്ല. ഈ ജീവിതം ഇങ്ങനെ പോട്ടെ.” -സുന്ദരന്‍ യാത്രപറഞ്ഞിറങ്ങി. അപ്പോള്‍ അയാളുടെ മനസില്‍ യൌവനത്തിന്റെ ഊഷ്മളതയില്‍ സങ്കല്പിച്ചിരുന്ന ഇണയുടെ രൂപവും പ്രണയസല്ലാപങ്ങളും തികട്ടി വരുകയായിരുന്നു.

അപ്പോള്‍ കൃഷ്ണന്‍കുട്ടി സുലോചനയിലേക്കും മകളിലേക്കും ഓര്‍മ്മശക്തിയില്‍ ഇരുള്‍വീണുകഴിഞ്ഞ അമ്മയിലേക്കും മടങ്ങുകയായിരുന്നു. ഭൂതകാലത്തിന്റെ വ്യക്തതയും ഭാവിയുടെ അവ്യക്തതയും തീര്‍ത്ത ഇടനാഴിയിലെ ഇരുട്ടില്‍ അയാള്‍ തളര്‍ന്നുകിടന്നു. കണ്ണുകളില്‍ മയക്കം ഇരുള്‍ പരത്തിത്തുടങ്ങിയിരുന്നു. അപ്പോള്‍ ജയിലഴികള്‍ക്കപ്പുറത്ത്‌ ബൂട്ടിട്ട കാലുകള്‍ നിശബ്ദമായി. അറബിഭാഷയില്‍ ഉച്ചത്തിലുള്ള സംസാരവും പൊട്ടിച്ചിരികളും നിലച്ചു. സര്‍പ്പക്കാവിനുമുകളിലെ മിന്നാമിനുങ്ങുകള്‍ പരത്തിയ പ്രകാശം ജയിലഴികള്‍ക്കിടയിലൂടെ നുഴഞ്ഞുകയറി അയാള്‍ക്കുമുന്നില്‍ ചിതറിവീണു. സര്‍പ്പക്കാവില്‍ കാവല്‍ക്കാര്‍ പത്തി വിടര്‍ത്തിനിന്നു. നീലനിറമുള്ള അരപ്പാവാടയും വെള്ളനിറമുള്ള കുപ്പായവും ധരിച്ച്‌ സ്കൂള്‍ബേഗ്‌ തോളിലിട്ട പെണ്‍കുട്ടി കൃഷ്ണന്‍കുട്ടിയെ നോക്കി പുഞ്ചിരി തൂകിനിന്നു.

Generated from archived content: story1_july17_12.html Author: kolacheri-kanakambaran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here