ഓണം-എന്റെ ഓർമ്മയിൽ

ഒരു സാധാരണ ഗ്രാമപ്രദേശത്ത്‌ ജനിച്ച്‌ ജീവിച്ച ഒരു ഇടത്തരം കുടുംബത്തിലെ അംഗമെന്ന നിലയ്‌ക്ക്‌ ഓണത്തെക്കുറിച്ച്‌ ഒരുപാട്‌ ഓർമ്മകൾ എന്റെ മനസിൽ തങ്ങിനില്‌ക്കുന്നുണ്ട്‌. ഫ്യൂഡലിസത്തിന്റെ പ്രൗഢിയും തനിമയും തുളുമ്പി നിന്നിരുന്ന പാലിയം തറവാട്‌ നിലകൊളളുന്ന ചേന്ദമംഗലത്താണ്‌ ഞാൻ ജനിച്ചത്‌. ഞങ്ങളുടെ ഗ്രാമത്തിലെ ജനങ്ങൾ പണ്ടുകാലത്ത്‌ ഓണം വലിയൊരാഘോഷമായി കൊണ്ടാടിയിരുന്നു. എല്ലാ വിഭാഗത്തിലുളളവരും പ്രത്യേകിച്ച്‌ ഹൈന്ദവർ ഓണം ഒരു ഉത്സവമായിതന്നെ ആഘോഷിച്ചിരുന്നു. അന്നൊക്കെ പ്രഭുഗൃഹമായ പാലിയത്തേയ്‌ക്ക്‌ അടിയാളൻമാർ കായക്കുലകളും പച്ചക്കറികളുമടങ്ങിയ ഓണക്കാഴ്‌ചകൾ കൊണ്ടുവരുമായിരുന്നു. എന്റെ വീടിനുമുന്നിൽ പെരിയാറിന്റെ പ്രബലമായ ശാഖയിൽനിന്നും പാലിയത്തിന്റെ മുറ്റത്തുവരെ എത്തുന്ന ജലസമ്പന്നമായ ഒരു തോടുണ്ടായിരുന്നു. ആ തോടുവഴിയാണ്‌ വളവര വളളങ്ങളിലും വളവര ഇല്ലാത്ത വലിയ വളളങ്ങളിലും ഈ ദ്രവ്യങ്ങൾ പാലിയത്തേയ്‌ക്ക്‌ ഓണക്കാഴ്‌ചയായി അന്ന്‌ അടിയാളർ കൊണ്ടുപോയിരുന്നത്‌. അതുപോലെ തന്നെ സാധാരണ സമ്പന്നകുടുംബങ്ങളുടെ കീഴിലും പത്തുപതിനഞ്ച്‌ കുടികിടപ്പുകാർ ഉണ്ടാകുമായിരുന്നു; അവരും യജമാനൻമാർക്ക്‌ ഓണക്കാഴ്‌ചകൾ എത്തിക്കുക അന്ന്‌ പതിവാണ്‌.

അത്തം നാൾ പൂവിട്ടുകഴിഞ്ഞാൽ തിരുവോണം വരെയുളള ദിവസങ്ങളിൽ ഉത്സവപ്രതീതിയാണ്‌. ഉത്രാടമായിക്കഴിഞ്ഞാൽ ആഹ്ലാദമങ്ങിനെ പതഞ്ഞൊഴുകി എന്ന്‌ കവികൾ പാടുന്നത്‌ അക്ഷരാർത്ഥത്തിൽ ശരിയായിരുന്നു. തിരുവോണനാളിലും തിരുവോണത്തിനുശേഷം വരുന്ന നാലുദിവസങ്ങളിലും വൈരാവികൾ എന്ന്‌ വിളിക്കപ്പെടുന്ന ചാവക്കാട്ടുകാരായ മുസ്ലീം ഗായകസംഘം ഹൈന്ദവഗൃഹങ്ങളിൽ വന്ന്‌ ഗഞ്ചിറ കൊട്ടി ഓണത്തെപറ്റി വളരെ രസകരമായ പാട്ടുകൾ പാടുമായിരുന്നു. വൈരാവികൾ എന്ന പേര്‌ വൈരാഗികൾ എന്ന വാക്കിൽ നിന്നും പദഭേദം വന്ന്‌ ഉരിത്തിരിഞ്ഞതാണ്‌. ഈ ഗായകസംഘത്തിന്റെ ആട്ടവും പാട്ടും കഴിയുമ്പോൾ വീട്ടുകാർ അവർക്ക്‌ ആഹാരപദാർത്ഥങ്ങളും കാഴ്‌ചയായി ലഭിച്ച കായക്കുലകളും പച്ചക്കറികളും നല്‌കിയിരുന്നു. ഓണക്കാലത്തെക്കുറിച്ചുളള എന്റെ സങ്കല്പങ്ങളിൽ വൈരാവികളുടെ വരവ്‌ അവിസ്‌മരണീയമായ ഒന്നായി ഇന്നും നിലനില്‌ക്കുന്നു.

ഓണത്തിനുമുമ്പുതന്നെ ഓണവില്ല്‌, ഓണക്കത്തി, ഓണചട്ടികൾ എന്നിങ്ങനെ എല്ലാവിധ സാധനങ്ങളും വാങ്ങിയിരുന്നു. കാരണവൻമാർ കുട്ടികൾക്ക്‌ ഓണകോടി വാങ്ങികൊടുക്കുന്നത്‌ കുട്ടികൾക്ക്‌ ഏറെ ആനന്ദകരമായിരുന്നു. തൃക്കാക്കര അപ്പന്റെ പ്രതിമകൾ പല പദാർത്ഥങ്ങൾ കൊണ്ട്‌ പല ആകൃതിയിൽ ഉണ്ടാക്കി വീടുകളിൽ ശേഖരിച്ചുവച്ചിരുന്നു. അവ മണ്ണിൽ പൊതിഞ്ഞ്‌ നിറംകൊടുത്ത്‌ ഓണക്കാലത്ത്‌ പ്രദർശിപ്പിക്കും. സമൃദ്ധമായ ഓണസദ്യയുടെ രുചി നാവിനെ ഇന്നും കൊതിപ്പിക്കുന്നു.

ഇന്ന്‌ ഇതെല്ലാം വെറും ഓർമ്മകളായി അവശേഷിക്കുന്നു. അന്നൊക്കെ ചേന്ദമംഗലത്ത്‌ ഓണദിവസം വെളുപ്പിനെ നാലുമണി തുടങ്ങി ഏഴുമണിവരെ തൃക്കാക്കര അപ്പനെ എതിരേറ്റു കൊണ്ടുളള ആർപ്പുവിളികൾ തന്നെയായിരുന്നു. ഇന്ന്‌ ഒരാർപ്പുവിളിപോലും കേൾക്കാനില്ല. ഇനിയുമൊരൻപതു വർഷം കഴിയുമ്പോൾ ഓണമെന്നത്‌ ഓർമ്മയിൽപോലും ഇല്ലാത്ത ഒന്നായിമാറിയേക്കാം. മലയാളികളായ നാം എവിടെയായിരുന്നാലും ഓണ സങ്കല്പമെന്നത്‌ മരണം വരെയും നിലനിർത്തണമെന്ന്‌ ഞാൻ ആഗ്രഹിക്കുന്നു. എല്ലാവർക്കും ഓണാശംസകൾ.

Generated from archived content: onam_bharathan.html Author: kn_bharathan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here