അര്‍ധ നഗ്നരും നിരക്ഷരരുമായ ഉത്തരേന്ത്യയിലെ വോട്ടര്‍മാര്‍

ഉത്തര്‍ പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ് തുടങ്ങിയ അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരെഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ നല്‍കുന്ന വ്യക്തമായ സൂചനകള്‍ എന്താണ്? ലോക്സഭയിലേക്ക് ഒരു ഇടക്കാല തെരെഞ്ഞെടുപ്പിനു യാതൊരു സാധ്യതയില്ലെന്നും ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ മുടിനാരിഴയില്‍ത്തൂങ്ങുന്ന ഡോ. മന്മോഹന്‍ സിംഗിന്റെ കേന്ദ്രമന്ദ്രി സഭ അതിന്റെ കാലാവധി തീരുന്ന 2014 ഏപ്രില്‍ വരെ അധികാരത്തില്‍ മിക്കവാറും തുടരുക തന്നെ ചെയ്യുമെന്നുമാണ് ആ സൂചന.

അതേസമയം , ഉത്തര്‍പ്രദേശിലെ നിയമസഭാ ഫലങ്ങള്‍ ഒരിക്കല്‍ കൂടി അടിവരയിട്ടു വീണ്ടും പറയുന്നത് അര്‍ധനഗ്നരും നിരക്ഷരരുമെന്ന് കേരളീയര്‍ പൊതുവെ അധിക്ഷേപിക്കുന്ന യു. പി യിലെ ജനങ്ങളാണ് ഇന്ത്യയിലെ ഏറ്റവും രാഷ്ട്രീയ പ്രബുദ്ധതയുള്ള സമ്മദിദായകര്‍ എന്നാണ്. ഇത് കാല്‍ നൂറ്റാണ്ടു മുമ്പ് പാശ്ചാത്യ പത്രങ്ങള്‍ ചൂണ്ടിക്കാട്ടിയ കാര്യമാണെന്നോര്‍ക്കണം.

പൗരസ്വാതന്ത്ര്യവും ജീവിക്കാനുള്ള മനുഷ്യന്റെ അവകാശം പോലും നിഷേധിക്കപ്പെട്ട അടിയന്തിരാവസ്ഥയ്ക്കു ശേഷം നടന്ന തെരെഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയേയും അവര്‍ നയിച്ചിരുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനേയും തൂത്തെറിഞ്ഞ് ജയപ്രകാശ് നാരായണന്‍ നയിച്ച ജനതാപാര്‍ട്ടിയെ അധികാരത്തില്‍ കയറ്റി. ജനാധിപത്യം വീണ്ടെടുത്തതിന് നേതൃത്വം നല്‍കിയത് ഉത്തര്‍ പ്രദേശിലെ ഈ അര്‍ധനഗ്നരും നിരക്ഷരരുമാ‍ണ്. അതേസമയം അടിയന്താരവസ്ഥയിലൂടെ രാജ്യത്തോട് ചെയ്ത തെറ്റ് ഇന്ദിരാഗാന്ധി പര‍സ്യമായി ഏറ്റു പറഞ്ഞതോടെ പഴയതെല്ലാം ക്ഷമിച്ചു കോണ്‍ഗ്രസ്സിനെ വീണ്ടും അധികാരത്തിലേറ്റിയതും ഇതേ യു.പി യിലെ ജനങ്ങള്‍ തന്നെ.

പിന്നീട് രാജീവ് ഗാന്ധിയേയും വി. പി സിംഗിനേയും അടല്‍ ബിഹാരി ബാജ്പേയിയേയും പ്രധാനമന്ത്രി പദത്തിലെത്തിക്കുന്നതിനു നേതൃത്വം നല്‍കിയത് ഉത്തരേന്ത്യയിലെ ഇതേ ജനത തന്നെയാണെന്നോര്‍ക്കണം. അതേ സമയത്ത് യു. പി യില്‍ ബി. ജെ. പി യേയും സമാജ് വാദി പാര്‍ട്ടിയേയും മായാവതിയുടെ ബി. എസ്. പി യേയും മാറി മാറി അധികാരത്തിലേറ്റി പരീക്ഷണം നടത്തിയതും, ഒരു കാലത്ത് പണ്ഡിറ്റ് നെഹ്രുവിനേയും ഇന്ദിരാഗാന്ധിയും പിന്നീട് രാജീവ് ഗാന്ധിയും യു. പി യില്‍ ആധിപത്യം സ്ഥാപിച്ചിരുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനെ ഇത്തവണ തെരെഞ്ഞെടുപ്പില്‍ നാലാം സ്ഥാനത്തേക്ക് മാറ്റിയിരുത്തിയതും അവിടുത്തെ വോട്ടര്‍മാര്‍ തന്നെ.

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി ആഴ്ചകളോളം രാപകല്‍ പ്രവര്‍ത്തിച്ചിട്ടും കോണ്‍ഗ്രസ് നാലാം സ്ഥാനത്തേക്കു പോകാന്‍ കാരണമെന്തായിരുന്നു? കഴിഞ്ഞ നിയമസഭയിലെ 403 സീറ്റില്‍ കോണ്‍ഗ്രസ്സിന് 21 എം. എല്‍ എ മാരേ ഉണ്ടായിരുന്നുള്ളുവെങ്കിലും ഇത്തവണ രാഹുലിന്റെ തീവ്ര പ്രവര്‍ത്തനത്തിനു ശേഷം എണ്‍പതു മുതല്‍ നൂറു സീറ്റു വരെ കിട്ടുമെന്നും അതിന്റെ ഫലമായി മുലായംസിംഗിന്റെ സമാജ് വാദിയുമായി കൂട്ടു ചേര്‍ന്ന് യു. പി യില്‍ ഭരണം പങ്കീടാന്‍ കഴിയുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ എല്ലാ കണക്കു കൂട്ടലുകളും. ആ പ്രതീക്ഷ തകര്‍ത്താണ് കോണ്‍ഗ്രസ്സിന് 28 സീറ്റിലേക്ക് ഒതുക്കേണ്ടി വന്നതും സമാജ് വാദി പാര്‍ട്ടിക്ക് വോട്ടര്‍മാര്‍ 224 സീറ്റ് നല്‍കിയതും സമീപകാലത്ത് യു. പി ഭരിക്കാന്‍ കഴിഞ്ഞ ബി. ജെ. പി ക്ക് 47 സീറ്റുമായി മൂന്നാം സ്ഥാനത്തേക്ക് ഒതുങ്ങേണ്ടി വന്നുവെന്നതും മറ്റൊരു കാര്യം.

യു. പി യില്‍ സംഭവിച്ചത് എന്താണ്? ദളിതുകളുടെ പൂര്‍ണ പിന്തുണയുണ്ടായിരുന്നുവെങ്കിലും യു. പി സമീപകാലത്തു കണ്ട ഏറ്റവും അഴിമതി നിറഞ്ഞ ഭരണമായിരുന്നു മായാവതിയുടേത്. ബി. എസ്. പി യെ അധികാരത്തില്‍ നിന്ന് മാറ്റണമെങ്കില്‍ ഭരണകക്ഷിക്കെതിരായ വോട്ട് വിഭജിച്ച് പോകരുതെന്ന് രാഷ്ട്രീയ പ്രബുദ്ധതയുള്ള യു. പി യിലെ വോട്ടര്‍മാര്‍ തീരുമാനിച്ചു. അതിന് കോണ്‍ഗ്രസ്സിനേയും ബി. ജെ. പി യേയും പരിഗണിക്കാതെ ഒറ്റക്കെട്ടായി ബി. എസ്. പി ക്ക് എതിരായി സമാജ് വാദി പാര്‍ട്ടിക്ക് ജനങ്ങള്‍ വോട്ടു ചെയ്തു. മുസ്ലിമുകളില്‍ മഹാഭൂരിപക്ഷവും എസ്. പി ക്കു അനുകൂലമായി തിരിഞ്ഞു. ഇതു യു. പി യെ മാത്രം ബാധിക്കുന്ന പ്രതിഭാസമായിരുന്നു.

ഉത്തര്‍പ്രദേശിന്റെ വടക്കന്‍ ഭാഗങ്ങള്‍ പിടിച്ചെടുത്ത് ഉണ്ടാക്കിയതാണ് ഉത്തരാഖണ്ഡ് സംസ്ഥാനം എന്നോര്‍ക്കണം. ഇത്തവണ ആ സംസ്ഥാനനിയമസഭയിലേക്കു നടന്ന തെരെഞ്ഞെടുപ്പില്‍ ഏറ്റു മുട്ടിയ പ്രബല ശക്തികള്‍ കോണ്‍ഗ്രസ്സും ബി. ജെ. പി യും മാത്രമാണെന്നത് ഒരു രാഷ്ട്രീയ യാഥാര്‍ത്ഥ്യം. അവിടെ സമാജ് വാദിപാര്‍ട്ടിയുടെ നിഴല്‍ പോലുമുണ്ടായിരുന്നില്ല അതുകൊണ്ട് യു. പി തെരെഞ്ഞെടുപ്പ് ഫലത്തോടെ കോണ്‍ഗ്രസ്സിനും ബി. ജെ. പിക്കും വലിയ പ്രസക്തിയില്ലാതായിരിക്കുന്നു എന്ന വിലയിരുത്തലിനു യാതൊരു അര്‍ത്ഥവുമില്ല.

1984 – ലെ ലോക് സഭ തെരെഞ്ഞെടുപ്പില്‍ ബി. ജെ പി ക്ക് കിട്ടിയത് രണ്ടു സീറ്റാണെന്നോര്‍ക്കണം രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സ് മൊത്തം 542 സീറ്റുകളില്‍ മൂന്നില്‍ രണ്ടു ഭാഗവും കയ്യടക്കിയ ആ തെരെഞ്ഞെടുപ്പില്‍ ബി. ജെ . പി നേതാവ് അടല്‍ ബിഹാരി വാജ്പേയി വരെ പരാജയപ്പെട്ടു പോയി. അതോടെ ബി. ജെ. പി യെ ഇന്ത്യന്‍ രഷ്ട്രീയത്തില്‍ നിന്ന് രാഷ്ട്രീയ പണ്ഡിതന്മാര്‍ എഴുതിത്തള്ളിയതാണ് . പക്ഷെ അതേ ബി. ജെ. പി യെ പിന്നീട് അധികാരത്തിലേറ്റിയ ഉത്തരേന്ത്യയിലെ ജനങ്ങള്‍ രണ്ടു തവണ വാജ്പേയിയെ പ്രധാനമന്ത്രി പദത്തിലെത്തിക്കുകയും ചെയ്തു. അതാണ് ഇന്ത്യന്‍ രാഷ്ട്രീയം.

ഇത്തവണ യു. പി നിയമസഭാ തെരെഞ്ഞെടുപ്പില്‍ കനത്ത പരാജയം നേരിട്ട കോണ്‍ഗ്രസ്സിനു 2007 -ലെ തെരെഞ്ഞെടുപ്പില്‍ ആകെ കിട്ടിയത് 21 സീറ്റാണ്. പക്ഷെ രണ്ടരവര്‍ഷം കഴിയും മുന്‍പ് നടന്ന ലോക്സഭാ തെരെഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ തെരെഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കിയത് രാഹുല്‍ ഗാന്ധിയാണ്. മായാജാലക്കാരന്‍ തന്റെ തൊപ്പിയില്‍ നിന്ന് മുയലിനെ പുറത്തെടുക്കുന്നതുപ്പോലെ 21 ലോക്സഭാ സീറ്റുകള്‍ കോണ്‍ഗ്രസ്സിനു നേടിക്കൊടുത്തുകൊണ്ടാണ് രാഹുല്‍ അത്ഭുതം കാ‍ണിച്ചത്. എന്നു മാത്രമല്ല നൂറോളം നിയമസഭാ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്സ് വ്യക്തമായ ഭൂരിപക്ഷം നേടുകയും ചെയ്തു. നിയമസഭാ തെരെഞ്ഞെടുപ്പിന്റേയും ലോക്സഭാ തെരെഞ്ഞെടുപ്പിന്റേയും കാര്യത്തില്‍ വിവേചനം കാണിക്കാനുള്ള രാഷ്ട്രീയ പ്രബുദ്ധത പ്രകടിപ്പിക്കുന്നവരാണ് യു. പി യിലെ ജനങ്ങള്‍ എന്നതാണ് ഇതെല്ലാം തെളിയിക്കുന്നത്.

അഴിമതി വളര്‍ത്തിയ മായാവതിയെ അധികാരത്തില്‍ നിന്നും പുറത്താക്കുക എന്ന യു. പി യിലെ ജനങ്ങളുടെ പൊതു വികാരത്തിനിടയില്‍ ഇത്തവണ 28 സീറ്റെങ്കിലും കോണ്‍ഗ്രസ്സിനു നേടാന്‍ കഴിഞ്ഞതു രാഹുലിന്റെ ഭഗീരഥ പ്രയത്നം കൊണ്ടു മാത്രമായിരുന്നു എന്നു സമ്മതിക്കാതെ നിവൃത്തിയില്ല. മറിച്ചായിരുന്നുവെങ്കില്‍ ആ സീറ്റു നില പഴയ 21 – ല്‍ നിന്നും താഴെപ്പോകുമായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ചില രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നതു പോലെ രാഹുലിനെ പൂര്‍ണമായും എഴുതി തള്ളാറൊന്നുമായിട്ടില്ല . 2014 ലെ ലോക്സഭാ തെരെഞ്ഞെടുപ്പുവരെ അതിനു കാത്തിരിക്കേണ്ടിയിരിക്കുന്നു. 1984 – ല്‍ ബി. ജെ. പിയെ എഴുതിത്തള്ളിയ രാഷ്ട്രീയ നിരീക്ഷകര്‍ക്കു സംഭവിച്ച അബദ്ധം ഇക്കാര്യത്തിലും സംഭവിച്ചു കൂടായ്കയില്ല കാരണം സൂര്യന്റെ ഉദയാസ്തമനങ്ങളും ഗ്രഹണങ്ങളും പോലെ പലതും സംഭവിക്കാവുന്ന ഒന്നാണ് ഇന്ത്യന്‍ രാഷ്ട്രീയ മണ്ഡലം എന്നതുള്ളതു തന്നെയാണ്.

ഇതിനെല്ലാമുപരി ഉത്തര്‍ പ്രദേശ് തെരെഞ്ഞെടുപ്പിന് ഒരു സവിശേഷതയുണ്ട്. അതു തെരെഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടിയെ വമ്പിച്ച വിജയത്തിലേക്കു നയിച്ച തന്ത്രങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് യുവ നേതാവായ അഖിലേഷ് സിംഗ് യാദവ് ആണെന്നുള്ളതാണ്. മുലായം സിംഗിന്റെ പുത്രന്‍ അഖിലേഷ് യാദവാണ് പുതിയ മുഖ്യമന്ത്രിയാകാന്‍ പോകുന്നത്. ഈ യുവാവ് ഓസ്ട്രേലിയയിലെ സിഡ്നി യൂണിവേഴ്സിറ്റിയില്‍ നിന്നും എന്‍ വോണ്‍ണ്മെന്റ് എഞിചിനീയറിംഗില്‍ എം. ടെക് ബിരുദനന്തര ബിരുദം നേടിയ വിദ്യാസമ്പന്നനാണ്. ലോകത്തിന്റെ മാറ്റങ്ങള്‍ മനസിലാക്കിയ ഒരു യുവ നേതാവ്. നാളെ യു. പി യുടെ സാമ്പത്തിക ഭാവി നിര്‍ണ്ണയിക്കാന്‍ പോകുന്നതും ഈ സാങ്കേതിക വിദഗ്ദനായിരിക്കും. രാഷ്ട്രീയക്കാരനാണെങ്കില്‍ ആര്‍ക്കും യോഗ്യതയൊന്നുമില്ലാതെ പ്രവേശനം കിട്ടുന്ന തിരുവനന്തപുരം ലോ അക്കാദമിയില്‍ നിന്നും നിയമബിരുദം നേടുന്നവരാണല്ലോ കേരളത്തില്‍ നിന്ന് ഇടതുപക്ഷ പാര്‍ട്ടികളിലും കോണ്‍ഗ്രസ്സിലും പെട്ട യുവ നേതാക്കള്‍ . അവരെല്ലാമാണ് ഉത്തരേന്ത്യയിലെ ജനങ്ങള്‍ നിരക്ഷരരും അര്‍ധനഗ്നരുമൊക്കെയാണെന്ന് ആക്ഷേപിക്കുന്നത്. ഏതെങ്കിലുമൊരു അറിയപ്പെടുന്ന വിദേശ സര്‍വകലാശാലയില്‍ നിന്നും ബിരുദാനന്തര ബിരുദം നേടിയ ഒരു യുവ നേതാവ് കേരളത്തിലുണ്ടോ? അത് കേരളരാഷ്ട്രീയത്തിന്റെ ഒരു ശാപമാണ്. അതിനു ആകെ അപവാദമായുള്ളത് തിരുവനന്തപുരത്തു നിന്നുള്ള എം. പി. ആയ ശശി തരൂരാണ്. പക്ഷെ, കേരളത്തിലെ കോണ്‍ഗ്രസ്സുകാരടക്കമുള്ള എല്ലാ രാഷ്ട്രീയക്കാര്‍ക്കും അദ്ദേഹത്തോട് പുച്ഛമാണെന്നതു മറ്റൊരു ദു:ഖസത്യം.

കടപ്പാട് : മംഗളം

Generated from archived content: essay2_mar26_12.html Author: km_roy

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here