പിൻസീറ്റ്‌ ഡ്രൈവിംഗിലൂടെയുള്ള പാവഭരണങ്ങളുടെ കൊയ്‌ത്തുകാലം

രണ്ടാഴ്‌ചയ്‌ക്കുള്ളിൽ നടക്കാൻ പോകുന്ന മുനിസിപ്പൽ, പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിനുശേഷം കേരളത്തിൽ സംഭവിക്കാൻ പോകുന്നത്‌ എന്താണ്‌? സംസ്‌ഥാനം ഇതിനു മുൻപൊരിക്കലും കണ്ടിട്ടില്ലാത്തവിധം പിൻസീറ്റ്‌ ഡ്രൈവിംഗിലൂടെയുള്ള പാവഭരണകൂടങ്ങൾക്ക്‌ കേരളീയർ സാക്ഷികളാകാൻ പോവുകയാണ്‌.

ത്രിതല പഞ്ചായത്ത്‌ ഭരണസമ്പ്രദായവും വനിതാ സംവരണവുമെല്ലാം നടപ്പാക്കിയത്‌ അധികാരം എല്ലാ അർത്ഥത്തിലും ജനങ്ങളുടെ കൈകളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌. പക്ഷേ, കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ അധികാരം പഞ്ചായത്ത്‌ തലത്തിലുള്ള ജനപ്രതിനിധികളുടെ കൈകളിൽ എത്തിച്ചേർന്നില്ല. കാരണം ഇക്കാലമത്രയും തങ്ങളുടെ കൈകളിൽ ഒതുങ്ങിക്കിടന്ന അധികാരം താഴേ തട്ടിലേക്ക്‌ വിട്ടുകൊടുക്കാൻ മന്ത്രിമാരും എം.എൽ.എമാരും ഉദ്യോഗസ്‌ഥ മേധാവികളും തയ്യാറായില്ല എന്നതുതന്നെ. അങ്ങനെ എളുപ്പത്തിൽ വിട്ടുകൊടുക്കാൻ കഴിയുന്നതല്ലല്ലോ വർഷങ്ങളായി അവർ കൈയിൽ അടക്കിവച്ചിരിക്കുന്ന അധികാരങ്ങൾ.

ജില്ലാ പഞ്ചായത്തുകളെ ഓരോ ജില്ലയുടെയും ഭരണം നിയന്ത്രിക്കുന്ന സെക്രട്ടറിയേറ്റായി മാറ്റിയെടുക്കാനാണ്‌ ഉദ്ദേശിച്ചിരുന്നത്‌. പക്ഷേ, ജില്ലാ പഞ്ചായത്ത്‌ ഇന്ന്‌ കേരളത്തിലെ ജനാധിപത്യ ഭരണസംവിധാനത്തിലെ നോക്കുകുത്തി മാത്രമാണ്‌. ജില്ലാ പഞ്ചായത്തിന്റെ കൈയിൽ എന്തെന്തു അധികാരങ്ങളെത്തിയെന്ന്‌ ജനങ്ങൾക്കിനിയും മനസിലായിട്ടില്ലെന്നതോ പോകട്ടെ, ജില്ലാപഞ്ചായത്ത്‌ അംഗങ്ങൾക്കുപോലും മനസിലായിട്ടില്ല എന്നതാണ്‌ ലജ്ജാകരമായ സത്യം. ജനാധിപത്യത്തിനു തന്നെ ഭാരമെന്ന നിലയിൽ ജില്ലാ പഞ്ചായത്തംഗങ്ങൾ അലഞ്ഞു തിരിയുന്ന ഒരു വേദിയായി അവ തുടരുകയാണിപ്പോഴും.

അധികാരവികേന്ദ്രീകരണമെന്നത്‌ പലപ്രദമായി ഇനിയും നടപ്പാക്കാൻ കഴിയാത്ത സംസ്‌ഥാനത്താണ്‌ ഇത്തവണ കോർപ്പറേഷനുകൾ തൊട്ട്‌ പഞ്ചായത്തുവരെയുള്ള സമിതികളിൽ സ്‌ത്രീകൾക്ക്‌ അമ്പതുശതമാനം സംവരണം വളരെ നാടകീയമായി നടപ്പാക്കിയത്‌. ജനസംഖ്യാനുപാതികമായി സ്‌ത്രീകൾക്ക്‌ ജനപ്രതിനിധിസഭകളിൽ അമ്പത്‌ ശതമാനം സീറ്റ്‌ സംവരണം ചെയ്യണമെന്നത്‌ ന്യായമായ ഒരാവശ്യമാണ്‌. പക്ഷേ, കേരളത്തിൽ അത്രയും സ്‌ത്രീകളെ അതിനു കഴിവും പ്രവർത്തനശേഷിയുമുള്ളവരായി വളർത്തിക്കൊണ്ടുവരാൻ സംസ്‌ഥാനത്തെ ഏതെങ്കിലും രാഷ്‌ട്രീയപാർട്ടിക്ക്‌ കഴിഞ്ഞിട്ടുണ്ടോ?

ഗ്രാമപഞ്ചായത്ത്‌ മുതൽ കോർപ്പറേഷൻ വരെയുള്ള സമിതികളിൽ 9855 വനിതാ പ്രതിനിധികളാണ്‌ അധികാരമേൽക്കാൻ പോകുന്നത്‌. പകുതിയോളം പഞ്ചായത്ത്‌- മുനിസിപ്പാലിറ്റി – കോർപ്പറേഷനുകളുടെ അദ്ധ്യക്ഷ സ്‌ഥാനം സ്‌ത്രീകൾക്കായിരിക്കും. സംസ്‌ഥാനത്ത്‌ ഏറ്റവും കൂടുതൽ വനിതകൾ ഉള്ള പാർട്ടി സി.പി.എമ്മാണ്‌. പ്രകടനങ്ങളിൽ പങ്കെടുക്കാനും സത്യാഗ്രഹമിരിക്കാനും സ്‌ത്രീകളെ ഉപയോഗിക്കുന്നു എന്നതിനപ്പുറം കാര്യപ്രാപ്‌തിയുള്ളവരായി സ്‌ത്രീകളെ വളർത്തിയെടുക്കാൻ സി.പി.എമ്മിനുപോലും കഴിഞ്ഞിട്ടില്ല എന്നതാണ്‌ നഗ്നസത്യം.

അതുകൊണ്ടുതന്നെ അടുത്തനാളുകളിൽ കേരളം കാണാൻ പോകുന്നത്‌ സ്‌ത്രീകളുടെ മേൽവിലാസത്തിലുള്ള ബിനാമി ഭരണങ്ങളും പാവ ഭരണകൂടങ്ങളുമാണ്‌. ഒന്നുകിൽ പിൻസീറ്റ്‌ ഡ്രൈവിംഗ്‌ നടത്തുന്നത്‌ ഭർത്താക്കന്മാരുടെ ഭരണം, അല്ലെങ്കിൽ പാർട്ടിയുടെ റബർ സ്‌റ്റാമ്പുകളാക്കി സ്‌ത്രീകളെ നിർത്തിക്കൊണ്ടുള്ള നേതാക്കളുടെ ബിനാമിഭരണം. ഭരണരംഗത്തേക്ക്‌ കടന്നുവരാൻ സ്‌ത്രീകളെ സജ്‌ജമാക്കിയെടുക്കാൻ പാർട്ടികൾ കാര്യമായ ഒരു ശ്രമവും നടത്താതിരിക്കാൻ കാരണം തങ്ങളുടെ ചരടുവലിക്കൊത്തുമാത്രം ഭരണം നടന്നാൽ മതിയെന്നുള്ള നേതാക്കന്മാരുടെ ഗൂഢോദ്ദേശമാണ്‌.

സ്‌ത്രീകൾക്ക്‌ അമ്പത്‌ ശതമാനം സംവരണത്തിന്‌ കേരളം വളർച്ചനേടിയിട്ടില്ല എന്നതിന്റെ തെളിവ്‌ എൽ.ഡി.എഫും, യു.ഡി.എഫും., ബി.ജെ.പി.യും വനിതാ സ്‌ഥാനാർത്ഥികൾക്ക്‌വേണ്ടി നടത്തിയ നെട്ടോട്ടമാണ്‌. സ്‌ഥാനാർഥികളാകാൻ സന്നദ്ധത പ്രകടിപ്പിക്കുന്ന വനിതകളെ ഒരുപോലെ ഇരു മുന്നണിയും ബി.ജെ.പി.യും സമീപിക്കുന്ന ലജ്‌ജാകരമായ രംഗങ്ങൾക്ക്‌ കേരളം സാക്ഷിയായി. നാമനിർദേശ പത്രിക സമർപ്പിക്കേണ്ട തീയതിയായിട്ടും സ്‌ഥാനാർത്ഥി പട്ടിക തയ്യാറാക്കാൻ ഇരു മുന്നണികൾക്കും കഴിയാതെ വന്നത്‌ പാർട്ടികളിലെ പടലപ്പിണക്കത്തേക്കാൾ വനിതാ സ്‌ഥാനാർത്ഥികളുടെ ദൗർലഭ്യമായിരുന്നു. വതിനാ സ്‌ഥാനാർത്ഥിക്ഷാമം ഇത്രത്തോളം രൂക്ഷമാവുമെന്ന്‌ രണ്ടു മുന്നണികളും ചിന്തിച്ചിരിക്കാൻ ഇടയില്ല. പലേ പ്രലോഭനങ്ങളും നൽകിയിട്ടും സ്‌ഥാനാർത്ഥീത്വം സ്വീകരിക്കാൻ പൊതുവെ വനിതകൾ തയ്യാറായില്ല. രാഷ്‌ട്രീയമെന്നത്‌ മാന്യന്മാർക്കും മാന്യകൾക്കും എത്തിനോക്കാൻ പറ്റാത്ത ഒരു രംഗമാണ്‌ എന്ന ധാരണ കേരളത്തിൽ വളർന്നുകഴിഞ്ഞോ എന്നു സംശയിക്കേണ്ടിരിക്കുന്നു. ഇതിനിടയിൽ പ്രകടമായ ഒരു പ്രതിഭാസം, തദ്ദേശ ഭരണതെരഞ്ഞെടുപ്പു രംഗത്തേക്ക്‌ കടന്നുവരാൻ പ്രൊഫഷണലുകൾ കാണിച്ച വിമുഖതയാണ്‌. ഡോക്‌ടർമാർ, എൻജിനീയർമാർ, വിദ്യാഭ്യാസ വിദഗ്‌ദ്ധർ, ശാസ്‌ത്രജ്‌ഞ്ഞന്മാർ, ടെക്‌നോക്രാറ്റുകൾ തുടങ്ങിയവർ മത്സരരംഗത്തേക്കു വരാൻ കൂട്ടാക്കിയിട്ടില്ല. ബിസിനസ്‌ രംഗത്തുള്ളവരും എം.ബി.എ.ക്കാരുമെല്ലാം ഈ തെരഞ്ഞെടുപ്പിനുനേരെ മുഖം തിരിച്ചുനിൽക്കുന്നതാണു കേരളം കാണുന്നത്‌. പരമ്പരാഗത രാഷ്‌ട്രീയ നേതാക്കാൾ വഴിയൊരുക്കാൻ തയ്യാറാകാത്തതാണ്‌ അവർ മത്സരരംഗത്തേക്കു പ്രവേശിക്കാതിരിക്കാൻ കാരണം. രാഷ്‌ട്രീയ പ്രവർത്തനം ഉപജീവനമാർഗവും സമ്പാദ്യമാർഗവുമായി കാണുന്ന ഒരു വിഭാഗം നേതാക്കളുടെ കൈകളിലാണു കേരളത്തിലെ രാഷ്‌ട്രീയം. കേരള രാഷ്‌ട്രീയത്തിന്റെ നേതൃത്വത്തിൽ ഏതെങ്കിലും പ്രൊഫഷണലുകൾ ഉണ്ടെങ്കിൽ അവർ അഭിഭാഷകർ മാത്രമാണ്‌. അവരാകട്ടെ കോടതി കാണാത്ത നിയമബിരുദ ധാരികളോ അല്ലെങ്കിൽ അഭിഭാഷകരംഗത്തു പരാജയപ്പെട്ടവരോ ആണ്‌.

മറ്റു സംസ്‌ഥാനങ്ങളിലെ രാഷ്‌ട്രീയരംഗത്ത്‌ ഇക്കാര്യത്തിൽ വലിയ മാറ്റമാണു സംഭവിച്ചിരിക്കുന്നത്‌. ആ സംസ്‌ഥാനങ്ങളിൽ ഡോക്‌ടർമാരും എൻജിനീയർമാരും ടെക്‌നോക്രാറ്റുകളും രാഷ്‌ട്രീയരംഗത്തു മാത്രമല്ല നേതൃത്വത്തിലും കടന്നുവന്നുകൊണ്ടിരിക്കുകയാണ്‌. അതോടൊപ്പംതന്നെ വ്യവസായ, ബിസിനസ്‌ മേഖലകളിൽ വ്യക്തിമുദ്രപതിപ്പിച്ചവരും രാഷ്‌ട്രീയത്തിലേക്കു കടന്നുവന്നുകൊണ്ടിരിക്കുന്നുണ്ട്‌. ആസന്ന ഭാവിയിലൊന്നും കേരളത്തിൽ അങ്ങനെയൊരു മാറ്റം സംഭവിക്കുമെന്നു പ്രതീക്ഷിക്കാൻ വകയുണ്ടെന്നു തോന്നുന്നില്ല.

യഥാർഥത്തിൽ വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിക്കുകയും വിജയം നേടുകയും ചെയ്‌തവരെ തദ്ദേശ ഭരണ സ്‌ഥാപനങ്ങളുടെ ഭരണത്തിൽ പങ്കാളികളാക്കാൻ ഏറ്റവും കൂടുതൽ അവസരമുള്ള സംസ്‌ഥാനം കേരളമാണ്‌. കേരളത്തിനു പുറത്തു വിവിധ സംസ്‌ഥാനങ്ങളിൽ മാത്രമല്ല ഗൾഫ്‌, അമേരിക്ക തുങ്ങിയ വിദേശ രാജ്യങ്ങളിലും വിവിധ മേഖലകളിൽ സ്‌തുത്യർഹമായ സേവനങ്ങളനുഷ്‌ഠിച്ചിട്ടുള്ള ഒട്ടേറെ പ്രഗത്ഭമതികൾ ഇപ്പോൾ കേരളത്തിൽ വിശ്രമജീവിതം നയിക്കാനായി തിരിച്ചു വന്നിട്ടുണ്ട്‌. അവരിൽ ചിലരെയെങ്കിലും ഇത്തവണ മത്സരംഗത്തിറക്കാൻ കേരളത്തിലെ ഇരുമുന്നണികളും താൽപര്യം കാണിച്ചില്ല എന്നതിനു കാരണം രാഷ്‌ട്രീയരംഗം കൈയടക്കിവച്ചിരിക്കുന്ന നേതാക്കളുടെ നിക്ഷിപ്‌ത താൽപര്യങ്ങൾ തന്നെയാണ്‌. ആ താലപര്യത്തിനു വിവിധ മുഖങ്ങളാണുള്ളത്‌. ഒന്നാമത്തേത്‌ അങ്ങനെയുള്ള പ്രഗത്ഭമതികൾക്കു രംഗത്തുവരാൻ അവസരം നൽകിയാൽ ഒടുവിൽ തങ്ങൾ പിൻതള്ളപ്പെടുമോ എന്ന ആ നേതാക്കളുടെ ഭീതി. മറ്റൊന്ന്‌ ഇപ്പോഴത്തെപ്പോലെ കലങ്ങിമറിഞ്ഞ സ്‌ഥിതിയിൽ മാത്രമേ അഴിമതി വളരുകയുള്ളു എന്നും അതിൽ നിന്നു സമ്പാദ്യമുണ്ടാക്കാൻ തങ്ങൾക്കു കഴിയുകയുള്ളവെന്നുമുള്ള നേതാക്കളുടെ കണക്കുകൂട്ടലാണ്‌.

രാഷ്‌ട്രീയം ഏക ഉപജീവനമാർഗവും സമ്പാദ്യമാർഗവുമാക്കി മാറ്റിയവർ രംഗം കൈയടക്കിയതിന്റെ ദുരന്തഫലമാണിത്‌. അതുകൊണ്ടുതന്നെ പ്രവാസി മലയാളി എത്ര പ്രഗത്ഭനായാൽത്തന്നേയും തങ്ങൾക്കിടയിലേക്കു കടന്നുവരാൻ പാരമ്പര്യ രാഷ്‌ട്രീയക്കാർ അവസരം നൽകുകയില്ല. കാലക്രമത്തിൽ തങ്ങളുടെ വഴിമുടക്കികളായി മാറുമെന്ന്‌ അവർ ഭയപ്പെടുക സ്വാഭാവികാമാണ്‌. അതിന്റെ ദുരന്തഫലങ്ങളായിരിക്കും വരാനിരിക്കുന്ന നാളുകളിൽ കേരളം അനുഭവിക്കുക. കാരണം. ഉദ്യോഗസ്‌ഥന്മാരും ജനപ്രതിനിധികളും അടങ്ങിയ അവിശുദ്ധ കൂട്ടുകെട്ടിൽ നിന്നും പടർന്നുകയറുന്ന അഴിമതി കേരളത്തിന്റെ സമൂഹജീവിതത്തെ അത്രയേറെ മലീമസമാക്കാനാണു സാധ്യത. അതിനു നോക്കുകുത്തികളെപ്പോലെ മൂകസാക്ഷികളായി നിൽക്കാൻ അമ്പതു ശതമാനം സ്‌ത്രീ പ്രതിനിധികൾ കൂടി തയ്യാറാകുമ്പോൾ ജനങ്ങൾ എന്തെല്ലാമായിരിക്കുമോ അനുഭവിക്കേണ്ടി വരിക?

Generated from archived content: essay1_oct15_10.html Author: km_roy

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English