മതപരമായ അന്ധത മൂലമുള്ള ആവേശവും രാഷ്‌ട്രീയമായ അടിമത്തമനോഭാവവും കുറെ നേരത്തേക്കെങ്കിലും മാറ്റിവച്ചു നാം ജീവിക്കുന്ന ഈ കേരളത്തേക്കുറിച്ചും അതിന്റെ ഭാവിയേക്കുറിച്ചും നാം ആലോചിക്കേണ്ട സമയം അതിക്രമിക്കുകയാണ്. ഈ മതാന്ധതയും രാഷ്‌ട്രീയ അടിമത്ത മനോഭാവവും കുറേനേരം മാറ്റിവയ്‌ക്കുമ്പോൾ ആ സമയത്തേങ്കിലും സ്വന്തം മനഃസാക്ഷിയോടു സത്യസന്ധത പുലർത്തിക്കൊണ്ടു സ്വന്തമായി ചിന്തിക്കാൻ നമുക്കു തീർച്ചയായും കഴിയും.
അപ്പോൾ നമുക്കു തുറന്നു സമ്മതിക്കേണ്ടിവരുന്നു. കേരളത്തിന്റെ രാഷ്‌ട്രീയമനസ് മലിമസമായിരിക്കുന്നു. മതങ്ങളുടെ മനസ് വിഷലിപ്‌തമായിരിക്കുന്നു. ഇതിനെല്ലാം വെടിമരുന്നിട്ടു തിരികൊളുത്തികൊടുത്തതാരാണ്? ഒരു മാധ്യമപ്രവർത്തകനെന്ന നിലയിൽ കുറ്റബോധത്തോടെ ഞാൻ തുറന്നുപറയുന്നു. ഇക്കാര്യത്തിൽ ഒന്നാം പ്രതിയായി പ്രതിക്കൂട്ടിൽ നിൽക്കേണ്ടതു മാധ്യമങ്ങളാണ്. കേരളത്തിന്റെ മാധ്യമചരിത്രത്തിൽ മാധ്യമങ്ങൾ ഇത്രയധികം അപഹാസ്യമായ കാലഘട്ടമുണ്ടായിട്ടില്ല. മാധ്യമങ്ങൾ എന്നു പറയുമ്പോൾ എന്റെ മനസിലുള്ളതു ടെലിവിഷൻ വാർത്താചാനലുകൾ തന്നെ.
മതനിന്ദ നടത്തിയെന്ന് ആരോപിച്ചുകൊണ്ട് ഒരു സംഘം മുസ്ലീം തീവ്രവാദികൾ തൊടുപുഴ ന്യൂമാൻ കോളജിലെ മലയാളം പ്രെഫസർ ടി.കെ ജോസഫിന്റെ കൈ വെട്ടിയതാണു പുതിയ സംഭവവികാസം.
സ്വാഭാവികമായും മുഹമ്മദിനെ പ്രവാചകനായി ആരാധിക്കുന്ന ആരേയും വിവാദ ചോദ്യത്തിലെ വാചകങ്ങൾ അസ്വസ്‌ഥരാക്കും. അന്ധമായ മതവികാരത്തിനു തിരികൊളുത്തി ഇന്ത്യ രാജ്യത്തു കലാപമുണ്ടാക്കാമെന്നും അതേത്തുടർന്നു സ്വന്തം മതത്തിൽ അധീഷ്‌ഠിതമായ ഒരു ഇന്ത്യ സൃഷ്‌ടിച്ചെടുക്കാമെന്നും വ്യാമോഹിക്കുന്ന ചില ആഗോള ക്ഷുദ്രശക്തികളുടെ ഏജന്റ്‌മാരായ ചിലർ ആ പ്രഫസറുടെ കൈ വെട്ടി. എന്തായാലും ഈ സംഭവത്തേത്തുടർന്നു ഭീകര പ്രവർത്തനത്തിന്റെ പല ഞെട്ടിക്കുന്ന കഥകളും പുറത്തു വന്നിരിക്കുന്നു. അതു ചിത്രത്തിന്റെ മറ്റൊരു വശം. അതു ഭാവിയിൽ നമുക്കു വേറെ വിശകലനം ചെയ്യാം.
എന്തായാലും പ്രഫസർ ജോസഫ് അങ്ങനെയൊരു ചോദ്യം തയ്യാറാക്കിയതു ഹീനമായ ഒരു കാര്യമാണെന്നും അതിനെ നേരിട്ട മുസ്ലീം നാമധാരികളുടെ പാതകം പൈശാചികമായിപ്പോയെന്നുമുള്ള അഭിപ്രായക്കാരനാണു ഞാൻ. അതിലോലമായ സന്തുലിതത്വം വഴി മനഃസമാധാനം കാത്തുസൂക്ഷിക്കുന്ന കേരളത്തിന്റെ ഹൃദയത്തുടിപ്പ് മനസിലാക്കാനാവാത്ത ഒരാൾ എങ്ങനെ ഒരു കോളജ് പ്രഫസറായി കഴിയുന്നു എന്നാണ് എനിക്കു മനസിലാകാത്തത്.
പ്രഫസർ ജോസഫിനെക്കുറിച്ചു സംസ്‌ഥാന വിദ്യാഭ്യാസമന്ത്രി എം.എ. ബേബി പ്രകടിപ്പിച്ച അഭിപ്രായം അക്ഷരംപ്രതി ശരിയാണ്. മഠയനായ ഒരു അധ്യാപകൻ ചെയ്‌ത മഠയത്തരമാണ് ഈ കുഴപ്പങ്ങൾക്കെല്ലാം കാരണമായെതെന്നാണു മന്ത്രി ബേബി പറഞ്ഞത്. അദ്ദേഹം അത്രയും പറഞ്ഞാൽ പോരായിരുന്നു. സമനില തെറ്റിയ ഒരധ്യാപകന്റെ ഭ്രാന്ത് എന്നാണ് ആ ചോദ്യത്തേപ്പറ്റി മന്ത്രി ബേബി ധൈര്യപൂർവ്വം പറയേണ്ടിയിരുന്നുന്നത്.
ഇവിടെയാണു മലയാളത്തിലെ ചില വാർത്താചാനലുകളുടെ നികൃഷ്‌ടമായ മുഖം കേരളം കണ്ടത്. ഒരു കോളജിലെ ക്ലാസ് പരീക്ഷയിൽ വെളിവില്ലാത്ത ഒരധ്യാപകൻ കാണിച്ച പിഴവായി സംഭവം കണ്ടാൽ മതിയായിരുന്നു പക്ഷേ, എന്തു വാർത്തയും കൊടുത്തു കാണികളെ ആകർഷിക്കേണ്ടതിന്റെ ഭാഗമായി ഒരു വാർത്താ ചാനൽ ഈ ചെറിയ ചോദ്യക്കടലാസ് സംഭവം ഭൂകമ്പം പോലൊരു വാർത്തയാക്കി. മണിക്കൂറുകൾ ആ വാർത്ത ചാനലിൽ നിറഞ്ഞു നിന്നു. പിന്നെ അതേക്കുറിച്ചു നീണ്ടുനിന്ന ചാനൽ ചർച്ചകൾ. ഒടുവിൽ അതാണ് ഏറ്റവും വലിയ വാർത്തയെന്നു തെറ്റിദ്ധരിച്ച് അച്ചടി മാധ്യമങ്ങളും അടുത്തദിവസം അതു വലിയ വാർത്തയാക്കി മാറ്റി. കേരളീയരെ ഉൽബുദ്ധരാക്കുന്നതിൽ കനപ്പെട്ട സംഭാവന ചെയ്‌തിട്ടുള്ള മലയാളത്തിലെ അച്ചടി മാധ്യമങ്ങൾ മാനസികവും സാംസ്‌കാരികവുമായി പക്വത നേടിയിട്ടില്ലാത്ത ചിലർ നയിക്കുന്ന വാർത്താചാനലുകളെ മാതൃകയായി സ്വീകരിക്കുന്ന ഗതികേടിൽ എത്തിയിരിക്കുകയാണിപ്പോൾ. ഇന്നു വാർത്താ ചാനലുകളാൽ നയിക്കപ്പെടുന്ന അച്ചടി മാധ്യമങ്ങൾ അവരുടെ മാന്യമായ വഴി കണ്ടെത്തിയില്ലെങ്കിൽ കേരളത്തെ അലങ്കോലപ്പെടുത്തുന്നതിന്റെ പാപഭാരം അവർക്കും ചുമക്കേണ്ടിവരും.
മുസ്ലീം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയെ രാഷ്‌ട്രീയമായി തേജോവധം ചെയ്യാൻ കോഴിക്കോട് മിഠായിത്തെരുവിൽനിന്ന് ഒരു പിഴച്ചപെണ്ണിനെ ടെലിവിഷൻ സ്‌റ്റുഡിയോയിൽ ആദരിച്ചുകൊണ്ടുവന്നിരുത്തി. അതു കേരളത്തിന്റെ ഏറ്റവും വലിയ വാർത്തയായി മണിക്കൂറുകൾ ഇന്ത്യാവിഷൻ ചാനൽ ആഘോഷിച്ച അന്നു തുടങ്ങി വാർത്താചാനലുകളുടെ അധഃപതനം. പറഞ്ഞതത്രയും ആ ‘കുലീന കന്യക’ പിറ്റേദിവസം പാടേ നിഷേധിച്ചപ്പോൾ ഇളിഭ്യരായതു ചാനലല്ല മറിച്ചു മാധ്യമലോകമാണ്. പിന്നീട് ആ ‘കന്യക’ സംസ്‌ഥാന സർക്കാരിന്റെ ഗുണ്ടാ ലിസ്‌റ്റിലും പെട്ടുവത്രേ! പിന്നെയെന്തെല്ലാം വാർത്താ ചാനലുകളിൽ കേരളം കണ്ടു. ഒരു വിമാനം പറന്നുയുന്ന ഉദ്വോഗജനക നിമിഷത്തിൽ മന്ത്രി പി.ജെ.ജോസഫ് ഒരു യാത്രക്കാരിയെ തോണ്ടിയതായിരുന്നു ചാനലുകൾ ദിവസങ്ങൾ ആഘോഷിച്ചത് മറ്റൊരു ഭൂകമ്പം. എവിടെയെത്തി ആ നാടകമിപ്പോൾ, എവിടെയാണ് ആ സ്‌ത്രീ കഥാപാത്രമിപ്പോൾ? വാർത്താചാനലുകളുടെ നടത്തിപ്പുകാർക്കും മാതാപിതാക്കളും ഭാര്യയും പെങ്ങന്മാരുംമൊക്കെയില്ലേ?
ഏറ്റവും ഒടുവിൽ പി. എ.പി. അബ്‌ദുള്ളക്കുട്ടി എം.എൽ.എ.യെ കഴിഞ്ഞ ഹർത്താൽ ദിവസം ഒരു സ്‌ത്രീയുമായി പൊന്മുടി വിനോദസഞ്ചാരകേന്ദ്രത്തിലേക്കു പോകവെ വിതുര പോലീസ് പിടികൂടിയെന്ന വാർത്ത സി.പി.എം. ചാനലായ കൈരളി ടി.വി. റിപ്പോർട്ട് ചെയ്‌തു. ആ വാർത്ത പിന്നെ ചാനലിൽ തോരണം കെട്ടി രണ്ടു ദിവസം ആഘോഷിച്ചു. ആ ഭയങ്കര സംഭവം സി.പി.എം. അംഗമായ എം.ചന്ദ്രൻ നിയമസഭയിൽ കൊട്ടിഘോഷിച്ചു. ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണൻ അതിനു സ്‌ഥീരീകരണം നൽകി.
ഒടുവിലാണു സത്യാവസ്‌ഥ പുറത്തുവന്നത്. ഹർത്താൽ ദിവസം സി.പി.എം. പ്രവർത്തകർ തടഞ്ഞപ്പോൾ സംരക്ഷണം തേടി രണ്ടു കാറിൽ വിതുര സ്‌റ്റേഷനിൽ എത്തിയവരായിരുന്നു അബ്‌ദുള്ളക്കുട്ടിയും ഗൾഫിലെ ഒരു ബിസിനസുകാരനായ ഡോക്‌ടർ പ്രസാദ് പണിക്കരും ഭാര്യയുമെന്ന്. നേരത്തെ സി.പി.എമ്മുകാരനായിരുന്ന അബ്‌ദുള്ളക്കുട്ടിയെ സ്വഭാവഹത്യയിലൂടെ നശിപ്പിക്കാൻ തെരഞ്ഞെടുത്ത കഥയായിരുന്നു അതെന്നറിഞ്ഞു ലജ്ജിച്ചു തലതാഴ്‌ത്തിയതു സംസ്‌ഥാന നിയമസഭയും മാധ്യമലോകവുമാണ്.
ഒടുവിൽ ഈ അശ്ലീലകഥ നിയമസഭാ നടപടികളിൽ നിന്നു നീക്കം ചെയ്യാൻ സി.പി.എമ്മുകാരനായ സ്‌പീക്കർ കെ. രാധാകൃഷ്‌ണൻ ധൈര്യം കാണിച്ചപ്പോൾ അതു ചരിത്രരേഖയാവുകയും അദ്ദേഹം സഭയുടെ ആദരണീയനായ സ്‌പീക്കർമാരിൽ ഒരാളായി മാറുകയും ചെയ്‌തു.
ഈ നാടകത്തിന്റെ ദാരുണമായ വശം കെട്ടുകഥയിലൂടെ അപമാനിക്കപ്പെട്ട സ്‌ത്രീയുടെ ഭർത്താവ് പ്രസാദ് പണിക്കർ കൈരളി ടി.വി.യുടെ പ്രധാന ഓഹരിക്കാരനാണെന്നതാണ്. കുടുംബസമേതം തറവാട്ടിൽ ചെന്നു അച്‌ഛനേയും മറ്റു കാണാൻ വന്ന പ്രസാദ് പണിക്കർ പറഞ്ഞത് ഇമ്മാതിരി വൃത്തികെട്ട നേതാക്കളുള്ള കേരളത്തിലേക്ക് താനിനി വരികയേയില്ലെന്നാണ്. കേരളീയർ ലജ്ജിച്ചു തലതാഴ്‌ത്തട്ടെ. കൈരളിക്കു ലജ്ജയില്ലാത്തതുകൊണ് അവരതു ചെയ്യേണ്ടതില്ല.
പ്രേക്ഷകരുടെ എണ്ണം വർധിപ്പിക്കാനാണ് ഈ മാതിരി വൃത്തികെട്ട അശ്ലീല കെട്ടുകഥ വാർത്താചാനലുകൾ സംപ്രേഷണം ചെയ്യുന്നത്. വായനക്കാരുടെ എണ്ണം പരിശോധിക്കുന്ന ഒരു ഏജൻസിയുടെ എ.ഐ.ഒ. റേറ്റിംഗ് അനുസരിച്ചാണു പരസ്യക്കമ്പനിക്കാർ ചാനലുകൾക്കു പരസ്യം നൽകുന്നത്. ഇതാണു സ്‌ഥിതിയെങ്കിൽ കാണികളെ വർധിപ്പിക്കാൻ വാർത്താചാനലുകളിൽ ബലാത്സംഗം പോലും ലൈവ് ആയി കാണിക്കുന്ന ദിനങ്ങൾ വിദൂരമല്ലെന്നാണു തോന്നുന്നത്.
പ്രേക്ഷകരുടെ അധമവികാരങ്ങളെ ചൂഷണം ചെയ്‌തുകൊണ്ട് അന്തിമമായി കേരളത്തെ അടിമുടി മലീമസമാക്കുന്ന വാർത്താചാനലുകളുടെ വഴിപിഴച്ച ഈ പോക്കിനെതിരേ രാഷ്‌ട്രീയ നേതാക്കളും സാംസ്‌കാരിക നായകരും ഒരുപോലെ ശബ്‌ദമുയർത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. പക്ഷേ, അങ്ങനെ ശബ്‌ദമുയരുമെന്ന് എനിക്കു തോന്നുന്നില്ല. ചാനലുകളുടെ പിഴച്ച പോക്കിനെ എതിർത്താൽ തങ്ങളുടെ മുഖം ചാനലുകളിൽ പ്രത്യക്ഷപ്പെടില്ലെന്ന് ഈ നേതാക്കൾ ഭയപ്പെടുന്നുണ്ടാകും. അത്മവഞ്ചനയും ഭീരുത്വവുമാണല്ലോ നമ്മുടെ സാംസ്‌കാരിക നായകരുടെ പ്രധാന മുഖമുദ്രകൾ?
പരസ്‌പരം കലഹിച്ചും കൊന്നും കാലം കഴിച്ച യഹൂദരോടും കൈസൃതവരോടും നാമെല്ലാം ഒരു രാഷ്‌ട്രമാണെന്ന് ഓർമപ്പെടുത്തി ആധുനിക രാഷ്‌ട്ര സങ്കല്‌പത്തിന്റെ പാവനമായ ആദിരൂപം കാണിച്ചുതന്ന പ്രവാചകന്റെ മദീനയിലെ സഹവർത്തിത്വത്തിന്റെ ഉദാത്ത ജിവിതത്തെ മനസിലാക്കാൻ കഴിയാതിരുന്ന ചില മുസ്ലീം നാമധാരികളായ തീവ്രവാദികൾ ഒരധ്യാപകന്റെ കൈവെട്ടിയ സംഭവം കിരാത നടപടിതന്നെ.
പക്ഷേ അതിനെ അപലപിക്കാൻ ആവേശം കാട്ടിയ എല്ലാ നേതാക്കളും സൗകര്യപൂർവ്വം വിസ്‌മരിച്ച പല നഗ്നയാഥാർഥ്യങ്ങളുമുണ്ട്. കൈവെട്ടിയതിനെ അതിശക്തമായി അപലപിച്ച സി.പി.എം. നേതാക്കളാണു ക്ലാസ് മുറിയിൽ കുരുന്നു കുഞ്ഞുങ്ങളുടെ മുമ്പിൽ വച്ച് ഒരധ്യാപകന്റെ കഴുത്ത് കൊടുവാൾ കൊണ്ടു വെട്ടിനുറുക്കി കഷണമാക്കിയതിനു പിന്നിലുണ്ടായിരുന്നത്. മാറാട് കടപ്പുറത്ത് എട്ടു മുക്കുവരെ വെട്ടിനുറുക്കി കൊന്ന മുസ്ലീമുകളിൽ മുസ്ലീം ലീഗുകാരുമുണ്ടായിരുന്നു.
ഇന്നു കൈവെട്ടലിനെ അപലപിക്കുന്ന അതേ ബി.ജെ.പി. നേതാക്കളാണു കണ്ണൂരിൽ എത്രയോ പാവപ്പെട്ടവരെ കഴുത്തറത്തും ബോംബെറിഞ്ഞു കൊന്നിരിക്കുന്നത്. കുഷ്‌ഠരോഗികൾക്കിടയിൽ പ്രവർത്തിച്ചുവന്ന ഒരു മിഷനറിയേയും രണ്ടു മക്കളേയും ഒരു വാനിലിട്ടു ചുട്ടുകൊന്നതും സംഘപരിവാരക്കാരാണ്. കൈവെട്ടലിനെ മഹാ പാതകമായി ചിത്രീകരിച്ച ക്രൈസ്‌തവ മതമേലധ്യക്ഷന്മാർ മറക്കുന്ന ഒരു കാര്യമുണ്ട്.
പെരുമ്പാവൂരിൽ പള്ളിയിൽ കുർബാന കഴിഞ്ഞിറങ്ങിയ ഒരു വർഗീസിനെ സഭാ വഴക്കിന്റെ നേരിൽ കുത്തിമലർത്തി കൊന്ന കേസിൽ വൈദികൻ വരെ പ്രതിയാണ്. അഭയ എന്ന കന്യാസ്‌ത്രീയെ കിണറ്റിലെറിഞ്ഞു കൊന്ന കുറ്റത്തിനു പോലീസ് പിടിയിലായതു വൈദികരാണ്. ഇവരെല്ലാം ഭീകരവാദികളല്ലെന്ന് ആർക്കാണു പറയാൻ കഴിയുക? ഇതൊന്നും ആരും മറക്കരുതെന്നോർക്കണം.
Generated from archived content: essay1_july27_10.html Author: km_roy
Click this button or press Ctrl+G to toggle between Malayalam and English