മിഷിഗൻ തടാകത്തിലെ കാറ്റ്‌

“ഈ തീരത്തുവന്ന്‌ വെറുതെയിരിക്കുമ്പോൾ ഞാൻ തളർന്നുപോകാറുണ്ട്‌. ഈ മിഷിഗൻ തടാകത്തെ തഴുകിവരുന്ന കാറ്റിന്‌ രൂക്ഷമായ ഗന്ധമാണെനിക്കനുഭവപ്പെടുന്നതും. ഒരു തരം മനം മടുപ്പിക്കുന്ന മണം. പക്ഷെ നാട്ടിൽ അച്ചൻകോവിൽ ആറ്റിന്റെ കരയിലിരിക്കുമ്പോൾ പുഴ കടന്നുവരുന്ന കാറ്റിന്‌ തുളസിക്കതിരിന്റെ നൈർമല്യവും മനഃശാന്തിയുടെ സ്നിഗ്‌ധതയുമാണെനിക്ക്‌ അനുഭവപ്പെട്ടിട്ടുളളത്‌.”

ഷിക്കാഗോ നഗരത്തെ ഉരുമികിടക്കുന്ന കൂറ്റൻ മിഷിഗൻ തടാകത്തിന്റെ കരയിലിരുന്ന്‌ ഫിലിപ്പും ഇതു പറയുമ്പോൾ ആ മുഖത്തും ഏതോ വിഷാദത്തിന്റെ നിഴൽപ്പാടുകൾ എനിക്കു കാണാമായിരുന്നു.

ഞാൻ ഷിക്കാഗോയിലെത്തുമ്പോഴൊക്കെ കാണാറുളള, ഏറെ മണിക്കൂറുകൾ പരസ്പരം ചിലവഴിക്കാറുളള, എന്റെ ദീർഘകാല സുഹൃത്താണ്‌ ഫിലിപ്പ്‌. ലേശംപോലും നിരാശയ്‌ക്കു കാരണമില്ലാതിരുന്ന മനുഷ്യനായാണ്‌ ഞാൻ അയാളെ കണ്ടിരുന്നതും. മുപ്പത്തിയഞ്ചുവർഷത്തിലധികമായി ഷിക്കാഗോയിൽ താമസിക്കുന്നു. ദീർഘകാലത്തെ സർവീസിനുശേഷം റിട്ടയർ ചെയ്‌ത നേഴ്‌സായ ഭാര്യ ദീനാമ്മയും കൂടെയുണ്ട്‌. നഗരത്തിൽ വിദേശ പ്രാന്തത്തിലല്ലാതെ സൗകര്യപ്രദമായ ഒരു വലിയ വീട്‌. മകനും മകൾക്കും നഗരത്തിൽ തന്നെ ഉദ്യോഗമുണ്ട്‌. അവരുടെ കുട്ടികളും കുടുംബവും.

ദീർഘകാലത്തെ സേവനത്തിനു ശേഷം ജോലിയിൽ നിന്നു പിരിഞ്ഞ പെൻഷൻ ആനുകൂല്യങ്ങളുളള ഫിലിപ്പിന്‌ എന്താണ്‌ നിരാശയെന്നു എനിക്കു മനസിലായില്ല. ഗൃഹാതുരത്വമാണോ അതിനു കാരണം?അമേരിക്കയിൽ മൂന്നരപ്പതിറ്റാണ്ടുകാലത്തെ താമസത്തിനു ശേഷവും വിട്ടുമാറാതെ ഗൃഹാതുരത്വമോ?

മറ്റെന്താണ്‌ കാരണമെന്ന്‌ എനിക്കറിയില്ലായിരുന്നു. വളരെ സന്തുഷ്ടമായ കുടുംബമാണ്‌ ഫിലിപ്പിന്റേതെന്ന്‌ എനിക്കറിയാമായിരുന്നു. സ്നേഹമയിയായ ഭാര്യ കുടുംബം കെട്ടിപ്പടുക്കുന്നതിൽ ഫിലിപ്പിനെപ്പോലെ ത്യാഗനിരതമായ ജീവിതം നയിച്ച കുടുംബിനി. അതു പോലെ രണ്ടു നല്ല മക്കളും.അമേരിക്കൻ ജീവിത ശൈലികളൊന്നും; അവിടെ ജനിച്ചു വളർന്ന കുട്ടികളായിരുന്നിട്ടും; അവരുടെ ജീവിതത്തിലേക്കു കടന്നുവന്നിരുന്നില്ല. മാതാപിതാക്കളെ അനുസരണയോടെ പിൻതുടർന്ന മക്കൾ. പഠിത്തക്കാര്യത്തിലും മിടുക്കരായിരുന്നതു കൊണ്ടും അതു കഴിഞ്ഞപ്പോൾ നല്ല നല്ല ജോലികളും കിട്ടി. അതെല്ലാമുണ്ടായിട്ടും ഫിലിപ്പ്‌ എന്തിനു അസ്വസ്ഥമായ ഒരു മനസും പേറി ജീവിക്കുന്നു? ഞാൻ ഓരോന്നു ആലോചിക്കുകയായിരുന്നു.

“വാസ്‌തവത്തിൽ ജീവിക്കാൻ മറന്നുപോയ ഒരു മനുഷ്യനാണ്‌ ഞാൻ. അല്ലെങ്കിൽ ഞങ്ങൾ. ഞാനും ദീനാമ്മയും. ഇനി ഈ ജീവിതം അങ്ങിനെ അവസാനിക്കും.”

ഫിലിപ്പ്‌ അതു പറഞ്ഞപ്പോൾ ഞാൻ അത്ഭുതസ്തബ്ദനായി. എന്താണ്‌ അയാൾക്ക്‌ സംഭവിച്ച തകരാറ്‌? മിഷിഗൻ തടാകം വീശുന്ന കാറ്റേറ്റ്‌ ഫിലിപ്പിനഭിമുഖമായിയിരിക്കുമ്പോൾ ഞാൻ ആലോചിച്ചു.

“അച്ചൻകോവിലാറിന്റെ തീരത്തെ എന്റെ പഴയ വീടും അതിനരികിലുളള മാവിൻ തോപ്പുകൾ അവയ്‌ക്കു താഴെയുളള കരിമ്പിൻപാടങ്ങൾ അതിനപ്പുറത്തെ പഴയ കാവും പഴയ പളളിയും. എന്റെ മനസിൽ എന്നും നിറഞ്ഞു നിന്നിരുന്നതും അതൊക്കെയായിരുന്നു.”

ഇതു പറഞ്ഞു നിർത്തി നെടുവീർപ്പിട്ടശേഷം ഫിലിപ്പ്‌ തുടർന്നുഃ “ഒരു നാൾ അവിടെ മടങ്ങിയെത്തണം. അതിന്റെ തീരത്തും നല്ല വീടു പണിയണം. ശാന്തമായി കുറെയധികംനാൾ ആ വീട്ടിൽ താമസിക്കണം. അപ്പോഴേ ഹൃദയത്തിന്‌ യഥാർത്ഥ കുളിർമയുണ്ടാകൂ. ഒടുവിൽ ആ സിമിത്തേരിയിൽ കിടന്ന്‌ ആ മണ്ണിൽ അലിഞ്ഞുചേരണം. പക്ഷെ ആ എല്ലാമോഹങ്ങളുടേയും പട്ടടയായി ഈ ഷിക്കാഗോ പട്ടണം മാറുകയാണ്‌.

”എന്താണ്‌ ഫിലിപ്പ്‌ പറഞ്ഞു വരുന്നത്‌“? ഞാൻ ജിജ്ഞാസയോടെ ചോദിച്ചു. ”അമ്പത്തിയഞ്ചോ അമ്പത്തിയെട്ടോ വയസുവരെ ഞാനും ദീനാമ്മയും ജോലി ചെയ്‌തു കഴിയുമ്പോൾ ഇവിടെ വിസ്‌തൃതമായ വളപ്പിൽ വലിയ വീടു പണിയാൻ വാങ്ങിയ വലിയ വായ്‌പകൾ മുഴുവൻ അടച്ചു തീർക്കാം. അതേപോലെ മക്കളുടെ വിദ്യാഭ്യാസച്ചിലവുകൾക്കായും മറ്റും വാങ്ങിയ വായ്‌പകളും. അതിനുവേണ്ടി സഹിച്ച കഷ്ടപ്പാടുകൾ, രാവും പകലും നൈറ്റ്‌ ഡ്യൂട്ടിയും ഓവർടൈമുമൊക്കെയായി ഞാനും ദീനാമ്മയും കന്നുകളെപ്പോലെ ജോലി ചെയ്യുകയായിരുന്നു. പലപ്പോഴും റിലേ ഓട്ടക്കാർ കൈമാറുന്ന വടിപോലെയാണ്‌ ഒരാൾ ഡബിൾ ഡ്യൂട്ടി കഴിഞ്ഞുവരുമ്പോഴും മറ്റൊരാൾ നൈറ്റ്‌ ഡ്യൂട്ടിക്കു പോകുമ്പോഴും കുഞ്ഞുങ്ങളെ കൈമാറിയിരുന്നത്‌. പരസ്പരം ചിലവഴിക്കാൻ കഴിയുന്ന പകലുകൾ, രാത്രികൾ ജീവിതത്തിൽ എത്രയോ എത്രയോ വിരളമായിരുന്നു. ഹോളിഡേ റിസോർട്ടുകളിലേക്കുളള യാത്രയോ പിക്‌നിക്കുകളോ കാര്യമായ എന്റർടെയിൻമെന്റുകളോ ഇല്ലാതെ നടത്തിയ ഒരു യാന്ത്രിക ജീവിതം. നാട്ടിലേക്കുളള യാത്ര തന്നെ എത്രയോ വിരളമായിരുന്നു. എല്ലാം ചിലവുകളല്ലേ? അങ്ങിനെ വന്നാൽ വാങ്ങിയ വായ്‌പകൾ അടച്ചുതീർക്കാനാവില്ല. വേനൽക്കാലത്തും നേർത്തുപോകുന്നതു പോലെ അച്ചൻകോവിലാറും എന്റെ സ്വപ്നങ്ങളിലും നേർത്ത്‌ നേർത്തില്ലാതായിക്കഴിഞ്ഞിരുന്നു.“

എല്ലാം കേട്ട്‌ ഞാൻ മൂളുകമാത്രം ചെയ്തു.

”റിട്ടയർ ചെയ്യുമ്പോൾ വീടിന്റെ ബാദ്ധ്യതകളെല്ലാം തീരും….. അപ്പോൾ വീട്‌ കുറഞ്ഞതു മൂന്നുകോടി രൂപയ്‌ക്കു വിൽക്കാം. അതുമായി നാട്ടിലേക്കു പോയാൽ സുഖമായി മരണം വരെ അവിടെ ജീവിക്കാം. വലിയ സാമ്പത്തികശേഷിയില്ലാത്ത ചില ബന്ധുക്കളെ സഹായിക്കാം. പിന്നെ പഴയ ചങ്ങാതികൾക്കും ചില സഹായങ്ങളെല്ലാം ചെയ്യാം. എന്തു സന്തോഷകരമായ ജീവിതമായിരിക്കും നാട്ടിൽ. അതൊക്കെയായിരുന്നു മനക്കോട്ടകൾ, മനസിലെ കണക്കുകൾ“

”പക്ഷെ എല്ലാം ഇപ്പോൾ തെറ്റിയിരിക്കുന്നു. ഇപ്പോൾ മക്കൾക്ക്‌ ഇവിടെ കുടുംബമായി, മക്കളേയും പേരക്കുട്ടികളേയും പിരിഞ്ഞു ജീവിക്കാൻ ഇപ്പോൾ ദീനാമ്മയ്‌ക്കു കഴിയില്ലെന്നായിരിക്കുന്നു. എനിക്കും സ്ഥിതി വ്യത്യസ്തമല്ല. അതുകൊണ്ട്‌ ഇനി ഇവിടെ ജീവിതം അവസാനിക്കും. ചുരുക്കത്തിൽ എന്റെ ജീവിതത്തിന്റെ ആകത്തുക കഠിനാദ്ധ്വാനവും കഷ്ടപാടും ക്ലേശങ്ങളും മാത്രമാണ്‌. വലിയ വായ്‌പകളുടെ ചരടുകളിൽ കുടുങ്ങിക്കിടന്നുളള ഒരു തരം അഭ്യാസം. അതിനിടയിൽ ജീവിക്കാൻ കഴിയാതെ പോയി. ഇപ്പോൾ ദുഃഖം തോന്നുന്നു. എന്തിന്‌ ഇത്ര വലിയ വായ്‌പ വാങ്ങി ഇങ്ങനെ വലിയ വീടുണ്ടാക്കണമായിരുന്നു? ദുരഭിമാനം കൊണ്ടു മാത്രമായിരുന്നു. സഹപ്രവർത്തകരായ പലേ അമേരിക്കക്കാരും ജീവിച്ചിരുന്നതുപോലെ ഒരു അപ്പാർട്ടുമെന്റ്‌ വാങ്ങി അതിൽ താമസിച്ചാൽ മതിയായിരുന്നു. അപ്പോൾ അവരെപ്പോലെ ഉല്ലാസത്തേടെയും വിശ്രമത്തോടെയും ജീവിതം ആസ്വദിക്കാമായിരുന്നു. പിന്നെ കൂടെക്കൂടെ നാട്ടിൽപ്പോയി അച്ചൻകോവിലാറിന്റെ കരയിൽ ചങ്ങാതികളുമായി കുറേ ദിവസങ്ങൾ ആസ്വദിക്കാമായിരുന്നു. തെറ്റിപ്പോയ ജീവിതം ഇനി തിരുത്താനാവുകയില്ലല്ലോ?“

മനസിൽ ഏറേ മൃതമോഹങ്ങൾ പേറിക്കൊണ്ട്‌ ഫിലിപ്പ്‌ ഇതു പറയുമ്പോൾ മിഷിഗൻ തടാകത്തിൽ നിന്ന്‌ കാറ്റുവീശിക്കൊണ്ടിരുന്നു. ആ കാറ്റിനോടു എനിക്കത്ര മടുപ്പു തോന്നിയില്ല. പക്ഷേ ഫിലിപ്പിനു വല്ലാത്ത മടുപ്പു തോന്നിക്കുന്ന രൂക്ഷഗന്ധം കാറ്റിനുണ്ടായിരിന്നെന്ന്‌ എനിക്കു തോന്നാതിരുന്നില്ല.

Generated from archived content: essay1_jan24_07.html Author: km_roy

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English