പത്രപ്രവർത്തനത്തിലെ രസകരമായ അനുഭവം

ഒരു മുഖ്യമന്ത്രിയുടെ നുണയ്‌ക്ക്‌ എത്ര രൂപ വിലമതിക്കും? കോടി രൂപ വിലമതിക്കുമെന്നാണ്‌ ഉത്തരം.

1980 കാലഘട്ടം

കൊച്ചിയിൽ യു.എൻ.ഐ എന്ന ന്യൂസ്‌ ഏജൻസിയുടെ റിപ്പോർട്ടറായി ഞാൻ ജോലി ചെയ്യുന്നു. അന്ന്‌ കേരള മുഖ്യമന്ത്രി കെ. കരുണാകരനാണ്‌. ന്യൂസ്‌ ഏജൻസിയോട്‌ കരുണാകരന്‌ പ്രത്യേക മമതയുണ്ടായിരുന്നു. കാരണം ന്യൂസ്‌ ഏജൻസി റിപ്പോർട്ട്‌ ചെയ്യുന്ന വാർത്ത കേരളത്തോടൊപ്പം ഡൽഹിയിലും പ്രസിദ്ധീകരിക്കും. ചുരുക്കിപ്പറഞ്ഞാൽ കേന്ദ്രത്തിലെ നേതാക്കന്മാരുടേയും മന്ത്രിമാരുടേയും ശ്രദ്ധ ആകർഷിക്കാൻ ന്യൂസ്‌ ഏജൻസിയിലൂടെ സാധിക്കുമായിരുന്നു. കൊച്ചിയിലെത്തുന്ന സന്ദർഭങ്ങളിലെല്ലാം കരുണാകരൻ എന്നെ വിളിക്കും.

പതിവുപോലെ ഒരു ദിവസം കരുണാകരൻ എറണാകുളം ഗസ്‌റ്റ്‌ ഹൗസിലെത്തി. അദ്ദേഹത്തെ കാണാൻ ഞാൻ ഗസ്‌റ്റ്‌ ഹൗസിലേക്ക്‌ തിരിച്ചു. അവിടെ എത്തിയപ്പോൾ കരുണാകരൻ കേന്ദ്ര കൃഷിമന്ത്രി ബൂട്ടാസിംഗുമായി സംസാരിക്കുന്നു. കേരളത്തിലെ കാലവർഷക്കെടുതി വിലയിരുത്താൻ എത്തിയതാണ്‌ ബൂട്ടാസിംഗ്‌. വൈക്കം സന്ദർശിക്കാനാണ്‌ കേന്ദ്രമന്ത്രിയും ഉദ്യോഗസ്‌ഥരും പദ്ധതിയിട്ടത്‌. വടക്കേ ഇന്ത്യയിലെ പ്രളയക്കെടുതിയിൽ ഒരു ഗ്രാമം തന്നെ ഒലിച്ചു പോകുന്നത്‌ നേരിൽ കണ്ടിട്ടുള്ള ബൂട്ടാസിംഗ്‌ വൈക്കത്തെ മുട്ടോളം മാത്രം പൊങ്ങിയ വെള്ളം കണ്ടാൽ കാൽ കാശ്‌ അനുവദിക്കുമോ? ഞാൻ ചോദിച്ചു.

ചോദ്യത്തിൽ കാര്യമുണ്ടെന്ന്‌ മനസ്സിലാക്കിയ ഉദ്യോഗസ്‌ഥ സംഘം ഒടുവിൽ കുട്ടനാട്‌ ആർ ബ്‌ളോക്ക്‌ സന്ദർശിക്കാൻ തീരുമാനിച്ചു. അൻപതു ഫുട്‌ബോൾ ഗ്രൗണ്ടിന്‌ തുല്ല്യമായ സ്‌ഥലമാണ്‌ ആർ ബ്‌ളോക്ക്‌. കരിങ്കൽ ചിറകെട്ടി തിരിച്ചാണ്‌ അവിടെ കൃഷി ചെയ്യുന്നത്‌. എന്നാൽ മഴക്കാലത്ത്‌ ആർ ബ്ലോക്കിൽ വെളളം നിറഞ്ഞു കവിഞ്ഞ അവസ്‌ഥയായിരിക്കും. ഹെലികോപ്‌റ്ററിലിരുന്ന്‌ ആർ ബ്‌ളോക്ക്‌ വീക്ഷിച്ച ബൂട്ടാസിംഗ്‌ അവിടെ വീടുകളൊന്നും കാണുന്നില്ലല്ലോ എന്ന്‌ ചോദിച്ചു. വീടുകളുണ്ട്‌ പക്ഷേ അവയെല്ലാം വെള്ളത്തിൽ മുങ്ങിപ്പോയതാണെന്ന കരുണാകരന്റെ മറുപടിയിൽ ബൂട്ടാസിംഗ്‌ വികാരധീരനനായി. സന്ദർശനം പൂർത്തിയാക്കി ബൂട്ടാസിംഗ്‌ എറണാകുളം ഗസ്‌റ്റ്‌ ഹൗസിൽ തിരിച്ചെത്തി. പത്രസമ്മേളനം നടത്തി. കേരളത്തിന്‌ 36 കോടി ധനസഹായം അനുവദിച്ചു. കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനവേളയിൽ പങ്കെടുത്ത കരുണാകരൻ എന്നെ നോക്കി പതിവ്‌ ശൈലിയിൽ കണ്ണിറുക്കി ചിരിച്ചു.

വർഷങ്ങൾക്ക്‌ ശേഷം എറണാകുളത്തു നടന്ന ചടങ്ങിനിടെ കരുണാകരനുമായി വേദി പങ്കിടാൻ അവസരം ലഭിച്ചപ്പോൾ പഴയ വെള്ളപ്പൊക്ക നുണ പരസ്യമാക്കട്ടെയെന്ന്‌ ഞാൻ ചോദിച്ചു. താൻ ധൈര്യമായിപറയടോ, നമ്മുടെ കേരളത്തിനു വേണ്ടിയല്ലേ എന്നായിരുന്നു ചിരിയിൽ നിറഞ്ഞ അദ്ദേഹത്തിന്റെ മറുപടി.

Generated from archived content: essay1_feb23_10.html Author: km_roy

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English