കേരളത്തിലെ ക്രൈസ്തവസഭാ മേലധ്യക്ഷന്മാരുടേയും നേതാക്കളുടേയും കണ്ണു തുറപ്പിക്കാന്‍ നിര്‍ബന്ധിതമാക്കുന്നതാണ് കോതമംഗലം മാര്‍ ബസേലിയോസ് ആശുപത്രിയിലെ മൂന്നു നഴ്സുമാര്‍ നടത്തിയ ആത്മഹത്യാസമരം. നൂറുദിവസത്തിലധികമായി സമരത്തിലേര്‍പ്പെട്ട നഴസുമാരുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ ആശുപത്രി മാനേജ് മെന്റ് തയ്യാറാകാത്തതാണ് ഇവര്‍ സാഹസിക സമരത്തിലേക്കു നീങ്ങാന്‍ കാരണം. ആശുപത്രി അഞ്ചാം നിലയിലെ ടെറസില്‍ കയറി മൂന്നു യുവതികള്‍ ആത്മഹത്യാ ഭീഷണി മുഴക്കി. ബഹുജനവും സംഘടനകളും ഒറ്റക്കെട്ടായി സമരത്തിനു പിന്നില്‍ അണിനിരന്നു. തങ്ങള്‍ സമൂഹത്തില്‍ നിന്ന് പൂര്‍ണ്ണമായും ഒറ്റപ്പെടുന്നു എന്നു മെത്രാന്മാര്‍ക്കും പുരോഹിതന്മാര്‍ക്കും ബോധ്യമായപ്പോള്‍ അവര്‍ ധാര്‍ഷ്ട്യം അവസാനിപ്പിച്ച് ഒത്തു തീര്‍പ്പിന് തയ്യാറായി. മൂന്നുമാസം മുമ്പ് മാനേജ് മെന്റ് ഒപ്പു വച്ച കരാര്‍ നടപ്പാക്കണമെന്നതു മാത്രമായിരുന്നു സമരക്കാരുടെ ആവശ്യം.
പ്രശ്നത്തില്‍ ഉദ്യോഗസ്ഥമേധാവികളും വനിത കമ്മീഷന്‍ അധ്യക്ഷയും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുമെല്ലാം ഇടപെട്ടെങ്കിലും മാനേജ് മെന്റ് വഴങ്ങാന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ കൊടും മഴയെ വക വയ്കാതെ പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ രംഗത്തുവന്നതോടെയാണ് ചിത്രം മാറിയത്. ചീഫ്വിപ്പ് പി.സി.ജോര്‍ജും നേതാക്കളും ഒപ്പം കൂടിയതോടെ സമരം വിജയിച്ചു. സമരത്തില്‍നിന്നു മുതലെടുക്കാന്‍ അക്രമമഴിച്ചുവിടാനും മറ്റു ചിലര്‍ ശ്രമിച്ചത് സമരാനുകൂലികളും പോലീസുമായി ഏറ്റുമുട്ടലുകള്‍ക്കിടയാക്കി. ഇതെല്ലാം നമ്മുടെ നാട്ടില്‍ ഏതൊരു സമരത്തിന്റെയും വികൃതമുഖങ്ങളാണെന്നതു മറ്റൊരു കാര്യം. പാര്‍ട്ടികളില്‍നിന്നു നീതി ലഭിക്കുകയില്ലെന്നു സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ക്കു ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് അവര്‍ ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍ എന്ന സ്വതന്ത്ര യൂണിയന്റെ പേരില്‍ സംഘടിച്ചത്. അതിനു കാരണം എല്ലാ പാര്‍ട്ടികളുടെയും ട്രേഡ് യൂണിയനുകളുടെയും നേതാക്കള്‍ക്ക് ആശുപത്രി മാനേജ്മെന്റുകള്‍ പ്രത്യേക പരിഗണനയും സൗജന്യവും നല്‍കിവരുന്നുണ്ടെന്നതായിരുന്നു. കോതമംഗലത്തെ സമരത്തിനു നേതൃത്വം നല്‍കിയ അസോസിയേഷന്റെ സംസ്ഥാന ജൊയിന്റ് സെക്രട്ടറി ജോമോന്‍ ജോണിന്റെ വേളിപ്പെടുത്തലുകള്‍ മനുഷ്യത്വമുള്ള ആരേയും ഞെട്ടിക്കും.
നാലു വര്‍ഷം നഴ്സിംഗ് പഠിച്ചതിനുശേഷം നഴ്സായി ജോലിയില്‍ പ്രവേശിക്കുന്ന യുവതീയുവാക്കള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്‍ല മിനിമം ശമ്പളം എണ്ണായിരത്തിഅഞ്ഞൂറ് രൂപയാണ്. പക്ഷേ, കോതമംഗലം ആശുപത്രിയില്‍ നാലുവര്‍ഷമായി ജോലി ചെയ്യുന്ന ചില നഴ്സുമാര്‍ക്ക് രണ്ടായിരത്തിയഞ്ഞൂറു രൂപയാണു ശമ്പളം നല്‍കുന്നത്. ജോലിസ്ഥിരതയുമില്ല. വിദ്യാഭ്യാസ വായ്പ എടുത്തകുട്ടി വായ്പ തിരിച്ചടയ്ക്കാന്‍ പ്രതിമാസം ആറായിരം രൂപ ബാങ്കിലടയ്ക്കണം.
അങ്ങനെയുള്ള നഴ്സിനാണു മിനിമം വേതനം നല്‍കാതെ രണ്ടായിരത്തിയഞ്ഞൂറു രൂപ നല്‍കി മാനേജ് മെന്റ് നിയമലംഘിക്കുന്നത്. എങ്ങനെയെങ്കിലും ഒരാശുപത്രിയില്‍നിന്ന് പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് വാങ്ങി വിദേശത്തെവിടെയെങ്കിലും പോയി രക്ഷപ്പെടാമെന്ന പ്രത്യാശ ഒന്നു കൊണ്ടുമാത്രമാണു പല സ്വകാര്യ ആശുപത്രികളിലും നഴ്സുമാര്‍ ഹീനവും മനുഷ്യത്വരഹിതവുമായ ചൂഷണത്തിനു വിധേയരായി ജോലി ചെയ്തിരുന്നത്. അന്യസംസ്ഥാനത്തുനിന്നുള്ളവര്‍ ഏറ്റവും കൂടുതല്‍ ജോലി ചെയ്യുന്നതാണ് പെരുമ്പാവൂര്‍,കോതമംഗലം മേഖല. അവിടെ ഏഴുമണിക്കൂര്‍ കൂലിപ്പണി ചെയ്യുന്ന തമിഴ്നാട്ടുകാരായ തൊഴിലാളി സ്ത്രീക്ക് പതിദിനം കുറഞ്ഞ കൂലി അഞ്ഞൂറ് രൂപയാണ്.എന്നുവച്ചാല്‍ പ്രതിമാസം പതിനയ്യായിരം രൂപ. അതേ സമയം മൂന്നും നാലും വര്‍ഷം നഴ്സിംഗ് പഠിച്ച നഴ്സിന് ശമ്പളം രണ്ടായിരത്തിയഞ്ഞൂറ് രൂപ. എത്രയോ ഹീനമായ ഈ ചൂഷണം നടത്തുന്നവര്‍ മെത്രാന്മാരും വൈദീകരുമാണെന്നതു ദുഃഖകരം.
മറ്റു സമുദായങ്ങളും ചൂഷണം നടത്തുന്നത് കാണാതിരിക്കുകയില്ല. പക്ഷേ,രണ്ട് അപ്പം കൈയിലുള്ളവര്‍ ഒന്ന് ഇല്ലാത്തവന് കൊടുക്കണമെന്നും ഭൃത്യന്മാരോടൂം ദാസന്മാരോടുമാണ് ഏറ്റവും നീതിയും സമഭാവനയും കാണിക്കേണ്ടതെന്നും പഠിപ്പിച്ച യേശുക്രിസ്തുവിന്റെ ഭൂമിയിലെ പ്രതിപുരുഷന്മാരാണ് ഈ പിടിച്ചുപറി നടത്തുന്നതെന്നും ഓര്‍ക്കണം.
അക്കാര്യത്തില്‍ യാക്കോബായാക്കാരും ഓര്‍ത്തഡോക്സുകാരും കത്തോലിക്കരും മാര്‍ത്തോമാക്കാരും സി.എസ്.ഐ ക്കാരും ഒന്നും വ്യത്യസ്തരല്ല. ഈ സഭയുടെ മേലധ്യക്ഷന്മാരധികവും എയര്‍ക്കണ്ടീഷന്‍ കാറുകളില്‍ സഞ്ചരിക്കുന്നവരായതിനാല്‍ മണ്ണില്‍ ജീവിക്കുന്ന സാധാരണക്കാരുടെ വേദന മനസിലാക്കാന്‍ കഴിയാറില്ല. മേലധ്യക്ഷന്മാര്‍ക്ക് ആകെയുള്ള ബന്ധം ചുറ്റും നില്‍ക്കുന്ന സ്വാര്‍ഥതാല്‍പര്യക്കാരായ സ്തുതിപാഠക സംഘത്തോടാണ്. സമൂഹത്തിന്റെ മറ്റേതെങ്കിലും മേഖലയില്‍ ഒരംഗീകാരവും നേടാന്‍ കഴിയാത്ത കുറെ ആളുകളാണ് എപ്പോഴും സഭാധ്യക്ഷന്മാരുടെ സ്തുതിപാഠകരായി ചുറ്റും കൂടുന്നത്. കേരളത്തിലെ സഭകള്‍ക്ക് ഏറ്റിരിക്കുന്ന ഏറ്റവും വലിയ ശാപവും ഇന്നിതാണ്. വിദ്യാഭ്യാസരംഗത്ത് ക്രൈസ്തവസഭകള്‍ നടത്തുന്ന കച്ചവടം കുപ്രസിദ്ധമായിക്കഴിഞ്ഞു. നിയമനത്തിനും വിദ്യാര്‍ഥി പ്രവേശനത്തിനും ലക്ഷങ്ങള്‍ കോഴയും കൈക്കൂലിയും സംഭാവനയെന്ന പേരില്‍ വാങ്ങുന്ന വിദ്യാഭ്യാസക്കച്ചവടം. അതിനുശേഷം കണ്ടെത്തിയ പുതിയ കച്ചവടമേഖലയാണ് ആശുപത്രികള്‍. ഇതില്‍ യേശുക്രിസ്തു കാണിച്ചു കൊടുത്ത വഴി മനസിലാക്കി മനുഷ്യസ്നേഹപരമായി സേവനം നടത്തുന്ന സ്ഥാപനങ്ങള്‍ ഇല്ലാതല്ലെന്നല്ല. അവ വിരലിലെണ്ണാവുന്നത്ര മാത്രം. നിയമത്തിന്റെ ചക്രങ്ങളുരുട്ടാന്‍ കെല്പ്പും നട്ടെല്ലുമുള്ള ഭരണാധികാരികളുണ്ടായാല്‍ മാറ്റം വരാതിരിക്കുകയില്ല.
സമുദായ പ്രവര്‍ത്തനമെന്നു പറയുന്നത് അഴിമതിയും ചൂഷണവമാണെന്നു കരുതുന്ന വ്യക്തികള്‍ സമുദായങ്ങളുടെമേല്‍ പിടിമുറുക്കുമ്പോള്‍ ഇതല്ലാതെന്തു സംഭവിക്കാനാണ് ? പക്ഷേ ഇതിനൊക്കെ മാറ്റമുണ്ടാവുക തന്നെ ചെയ്യുമെന്നുള്ളതിന്റെ സൂചനയാണു കോതമംഗലം സംഭവം. കേരളം മറ്റൊരു സമരത്തിനു സാക്ഷ്യം വഹിക്കാന്‍ പോകുകയാണ്. ഇന്ത്യയിലെ ഇരുപത്തിയാറു സംസ്ഥാനങ്ങളും രണ്ടു കേന്ദ്രഭരണപ്രദേശങ്ങളും കേന്ദ്രസര്‍ക്കാരും നടപ്പാക്കിയ പങ്കാളിത്ത പെന്‍ഷന്‍ സമ്പ്രദായം കേരളത്തിലും നടപ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെയാണു സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ സമരമാരംഭിക്കുന്നത്. ഇപ്പോള്‍ സര്‍വീസിലുള്ള എല്ലാ ജീവനക്കാര്‍ക്കും ഇപ്പോഴത്തെരീതിയില്‍ പെന്‍ഷന്‍ നല്‍കുമെന്നു സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്.
അതുപോരാ, ഭാവിയില്‍ ജോലിയില്‍ പ്രവേശിക്കാന്‍ പോകുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഇപ്പോഴത്തെ രീതിയില്‍ സര്‍ക്കാര്‍ തന്നെ പെന്‍ഷന്‍ നല്‍കണമെന്നതാണ് ജീവനക്കാരുടെ സംഘടനകളുടെ ആവശ്യം. ഒരു യുക്തിക്കും നിരക്കാത്ത കാര്യം. ഭാവിയില്‍ സര്‍ക്കാര്‍ സര്‍വീസില്‍ ചേരാന്‍ പോകുന്നവര്‍ക്കു മാത്രമാണു പങ്കാളിത്ത പെന്‍ഷന്‍ ബാധകമാക്കുക എന്നു സര്‍ക്കാര്‍ സംശയങ്ങള്‍ക്കിടവരാത്ത വിധം വ്യക്തമാക്കിയിട്ടുണ്ട്. അതു തീരുമാനിക്കാനുള്ള അധികാരം മാറി മാറി വരുന്ന സര്‍ക്കാരുകള്‍കാണ്. അതു ജീവനക്കാരനാണു തീരുമാനിക്കുക എന്ന വാദം വിചിത്രമാണ്. ഭാവിയില്‍ സര്‍ക്കാര്‍ ജോലിക്കു ചേരുന്നവരേയും തങ്ങളുടെ യൂണിയനില്‍ അംഗങ്ങളാക്കിയെടുക്കാന്‍ കഴിയുമെന്നതാണു യൂണിയന്‍ നേതാക്കളുടെ ഗൂഢലക്ഷ്യം.
ഏറ്റവും കൂടുതല്‍ കടം വാങ്ങി കൂട്ടിയിട്ടുള്ള സംസ്ഥാനമാണു കേരളം. ഓരോ കേരളീയനും ഇരുപത്തിയാറായിരത്തില്‍പ്പരം ആളോഹരി കടക്കാരനാണ്. റവന്യൂ വരുമാനത്തിന്റെ എഴുപത്തഞ്ചു ശതമാനത്തിലധികം സര്‍ക്കാര്‍ ജീവനക്കരുടെ ശമ്പളത്തിനും പെന്‍ഷനുമാണ് ഇന്നു ചെലവഴിക്കുന്നത്. അഞ്ചുവര്‍ഷം കഴിയുമ്പോള്‍ നൂറു ശതമാനമായി ഉയരും.
അങ്ങനെയാണെങ്കില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിക്കാന്‍ എവിടെ നിന്ന് പണം കണ്ടെത്തും. കേരളത്തിലെ മൂന്നരക്കോടി ജനങ്ങളില്‍ പത്തുലക്ഷം വരുന്ന ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വേണ്ടി തല ചായ്ക്കാന്‍ ഇടം പോലുമില്ലാത്തവരും കൂലിപ്പണിക്കാരും കര്‍ഷകതൊഴിലാളികളും മീന്‍പിടുത്തക്കാരും വഴിയോരക്കച്ചവടക്കാരുമെല്ലാം ജീവിതം തുലയ്ക്കണമെന്നാണോ സര്‍ക്കാര്‍ ജീവനക്കാരുടെ നിലപാട്? അവര്‍ക്കും പട്ടിണിയെങ്കിലും മാറ്റാന്‍ കഴിയുംവിധമുള്ള പെന്‍ഷന്‍ തുടങ്ങിയ ക്ഷേമപ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടത്തണ്ടേ? അതിനുവേണ്ടിയുള്ള വ്യവസായ സാമ്പത്തിക വികസന പ്രവര്‍ത്തനങ്ങള്‍ക്ക് എവിടെനിന്നു സര്‍ക്കാര്‍ പണം കണ്ടെത്തും? കേരളത്തിലെ ജനം മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുവേണ്ടി ജീവിതം ഹോമിക്കണമെന്നാണോ അവകാശപ്പെടുന്നത്?
കേരളത്തില്‍ സാമ്പത്തിക വികസനത്തിനു വഴിതുറന്നപ്പോള്‍ അതിനെതിരെയാണു സര്‍ക്കാര്‍ ജീവനക്കാര്‍ നിലകൊണ്ടതെന്ന വേദനിപ്പിക്കുന്ന സത്യം അവര്‍ മറക്കരുത്. ലോകം മുഴുവന്‍ വാരിപ്പുല്‍കിയ കംമ്പ്യൂട്ടറിനെ
അമേരിക്കന്‍ മൂരാച്ചികളുടെ യന്ത്രമെന്ന് എതിര്‍ക്കുകയും അവ സംസ്ഥാന സെക്രട്ടേറിയേറ്റില്‍ കൊണ്ടുവരാന്‍ ശ്രമിച്ചാല്‍ തങ്ങളുടെ മൃതശരീരത്തിന്റെ മുകളിലൂടെ മാത്രമേ സാധ്യമാവൂ എന്നു പറഞ്ഞുകൊണ്ടു സമരം നടത്തിയവരാണു സര്‍ക്കാര്‍ ജീവനക്കാര്‍. കാലത്തിന്റേയും ലോകത്തിന്റേയും മാറ്റം അറിയാതെ സമരത്തിനിറങ്ങിയവര്‍.കംമ്പ്യൂട്ടര്‍വല്‍ക്കരണത്തെ സ്വീകരിക്കാന്‍ ആദ്യം കേരളം തയാറായിരുന്നെങ്കില്‍ ഐ.ടി.രംഗത്ത് ഇന്ത്യയില്‍ മാത്രമല്ല, ലോകത്തില്‍ത്തന്നെ ഇന്നു കേരളം കൊടികുത്തി വാഴുകയും നൂറുകണക്കിനു കോടി രൂപ കേരളം വരുമാനമുണ്ടാക്കുകയും ചെയ്യുമായിരുന്നു.
ജനത്തിനെതിരെ സമരം ചെയ്യാനല്ല സര്‍ക്കാര്‍ ജീവനക്കാര്‍ക്കു സംഘടനകള്‍ നേതൃത്വം നല്‍കേണ്ടത്. മറിച്ച് അവരെ സാമൂഹിക പ്രതിബദ്ധതയുള്ളവരായി മാറ്റാനാണ് ആത്മാര്‍ഥമായ ശ്രമം നടത്തേണ്ടത്. വഴിവക്കിലും ചേരിപ്രദേശങ്ങളിലും നരകിച്ചു ജീവിക്കുന്ന ഇല്ലായ്മക്കാര്‍ക്ക് തുഛമായ വിലയ്ക്കു ഭക്ഷണം നല്‍കാന്‍ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവര്‍ക്കായി കൊണ്ടുവന്ന ബി.പി.എല്‍.കാര്‍ഡുകള്‍ സ്വന്തം പേരിലാക്കി ചൂഷണം നടത്തിവന്നത് ഇരുപത്തിനാലാം സര്‍ക്കാര്‍ ജീവനക്കാരായിരുന്നു എന്ന് കണ്ടെത്തിയ സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ് എന്നോര്‍ക്കണം. ബി.പി.എല്‍.കാര്‍ഡ് കൊടുക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ തന്നെ സ്വന്തം പേരിലാക്കി എന്ന ഹീനവൃത്തി. അവരെയൊക്കെ നേര്‍വഴിക്കു കൊണ്ടുവരാന്‍ ആദ്യം സമരനേതാക്കള്‍ ശ്രമിക്കട്ടെ, എന്നിട്ടു മതി ബാക്കിയെല്ലാം.
കടപ്പാട് :മംഗളം
Generated from archived content: essay1_aug21_12.html Author: km_roy