അണ്ണാ ഹസാരെ പറയുന്നത്‌ മനസിലാക്കാത്ത കേരളം

ഇന്ത്യൻ രാഷ്‌ട്രീയം വലിയ മാറ്റങ്ങൾക്കു സാക്ഷ്യം വഹിക്കാൻ പോവുകയാണ്‌ അതുകൊണ്ടുതന്നെ ഏപ്രിൽ മെയ്‌ മാസങ്ങൾ ദേശീയ രാഷ്‌ട്രീയത്തിൽ നിർണായക കാലഘട്ടമായി മാറുന്നു. പശ്‌ചിമബംഗാൾ, കേരളം, തമിഴ്‌നാട്‌, ആസം, പുതുശേരി എന്നീ സംസ്‌ഥാന നിയമസഭകളിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പു മാത്രമല്ല അതിനു കാരണം. തീർച്ചയായും നിയമസഭാ തെരഞ്ഞെടുപ്പുകൾ രാഷ്‌ട്രീയത്തിലെ ചൂണ്ടുപലകകളാണ്‌, എന്ന കാര്യത്തിൽ സംശയമില്ല. പക്ഷേ ഈ അഞ്ചു സംസ്‌ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ്‌ അതിനേക്കാളൊക്കെ പ്രാധാന്യമുള്ളതായി മാറിയിരിക്കുന്നു. മത്സരരംഗത്തുള്ള പാർട്ടികളുടെ ഭാവിയെ സംബന്ധിച്ചടത്തോളം ഈ തെരഞ്ഞെടുപ്പു ഫലങ്ങൾ നിർണ്ണായകമാണ്‌ എന്നതുകൊണ്ടു മാത്രമല്ല രാജ്യത്താകെ അഴിമതിക്കെതിരായി ആഞ്ഞുവീശിത്തുടങ്ങിയിരിക്കുന്ന ജനരോഷം ദേശിയ രാഷ്‌ട്രീയത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കാൻ പോവുകയാണെന്ന കാര്യത്തിൽ സംശയമില്ല.

അണ്ണാ ഹസാരെ എന്ന ഗാന്ധിയനും അദ്ദേഹത്തെപ്പോലെ ചിന്തിക്കുന്ന കുറേ ആദർശവാദികളും ആരംഭിച്ചിരിക്കുന്ന സമരം നിസാരസംഭവമായി രാജ്യത്തിനു തളളിക്കളയാനാവില്ല. രാഷ്‌ട്രീയ ഭരണാധികാരികളും മറ്റു പാർട്ടികളും അങ്ങനെയൊരു നിലപാട്‌ മുപ്പത്തിയഞ്ചുവർഷം മുമ്പ്‌ അവലംബിച്ചതിന്റെ കഠിനമായ ശിക്ഷ നമ്മുടെ രാജ്യം അനുഭവിച്ചതാണ്‌.

1970-കളുടെ ആദ്യ പകുതിയിൽ രാജ്യത്തുണ്ടായിരുന്ന സ്‌ഥിതിയേക്കാൾ വഷളാണ്‌ ഇന്നത്തെ സ്‌ഥിതി. അന്ന്‌ ഇന്ത്യൻ രാഷ്‌ട്രീയത്തിൽ അഴിമതി കൊടികുത്തിവാണിരുന്ന കാലമായിരുന്നു. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഇന്ത്യാരാജ്യത്തെ തന്റെ മാത്രം സ്വന്തമാണെന്നു വിശ്വസിച്ചിരുന്ന കാലം. അതിനു വെഞ്ചാമരം വീശാൻ കമ്യൂണിസ്‌റ്റ്‌ പാർട്ടി ഓഫ്‌ ഇന്ത്യ (സി.പി.ഐ)യെപ്പോലുള്ള ഇടതുപക്ഷ പാർട്ടികളും ഉണ്ടായിരുന്നു. രാഷ്‌ട്രീയ അഴിമതി കാരണം ജനങ്ങൾക്കു പൊറുതിമുട്ടി എന്നു ബോധ്യമായപ്പോൾ അതിനെതിരെ ആദ്യം ശബ്‌ദമുയർത്തിയത്‌ സർവോദയ നേതാവായ ജയപ്രകാശ്‌ നാരായണനാണ്‌. ബീഹാറിൽ നിന്നു കേട്ട തികച്ചും ഒറ്റപ്പെട്ട ശബ്‌ദം.

പ്രധാനമന്ത്രി ഇന്ദിരയും മറ്റു പാർട്ടികളുടെ പ്രമുഖ നേതാക്കളും ഈ വയോധികനായ ഗാന്ധിയന്റെ ശബ്‌ദത്തിന്‌ ഒരു വിലയും കൽപിച്ചില്ലാ പക്ഷേ. ഉത്തരരേന്ത്യയിലെ ജനങ്ങൾ ജയ്‌പ്രകാശിന്റെ പിന്നിൽ അണിനിരന്നപ്പോൾ അഴിമതിക്കെതിരായ സമ്പൂർണ വിപ്ലവത്തിന്റെ തുടക്കമായി അതുമാറി. അതിനെ ചെറുക്കാൻ പ്രധാനമന്ത്രി ഇന്ദിര കണ്ടെത്തിയ മാർഗം ജനാധിപത്യത്തെ അട്ടിമറിച്ചു രാജ്യഭരണം പിടിച്ചെടുക്കാനാണു ജയപ്രകാശ്‌ ശ്രമിക്കുന്നതെന്ന പ്രചാരണമാണ്‌. അതിന്റെ പേരിലാണ്‌ ജനങ്ങളുടെ എല്ലാ ജനാധിപത്യ അവകാശങ്ങളും നിഷേധിച്ചുകൊണ്ടു രാജ്യത്താകെ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ച്‌ ഇന്ദിരാഗാന്ധി സർവാധികാരങ്ങളും കൈയടക്കിയത്‌.

രണ്ടുവർഷം കഴിഞ്ഞ്‌ അടയന്തരാവസ്‌ഥ പിൻവലിച്ചു വിജയപ്രതീക്ഷയോടെ ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച തെരഞ്ഞെടുപ്പിൽ തോറ്റു. ഇന്ത്യയിൽ ഒരു തെരഞ്ഞെടുപ്പിൽ തോറ്റിട്ടുള്ള പ്രധാനമന്ത്രി ഇന്ദിരാഗാന്ധിമാത്രമാണ്‌. അന്ന്‌ അധികാരത്തിൽവന്ന ജനതാപാർട്ടി ഒരേ സമയം പ്രധാനമന്ത്രിപദവും രാഷ്‌ട്രപതിപദവും സർവ്വോദയ നേതാവായ ജയ്‌പ്രകാശ്‌ നാരായണനു വാഗ്‌ദാനം ചെയ്‌തതാണ്‌. സ്വർണത്തളികയിലെ പുഷ്‌പഹാരം പോലെ മുന്നിലേക്കു നീട്ടിയ ആ അധികാര സ്‌ഥാനങ്ങൾ ജയപ്രകാശ്‌ തിരസ്‌കരിച്ചപ്പോൾ രണ്ടാം മഹാത്മാഗാന്ധിയെ അദ്ദേഹത്തിൽ ഭാരതം ദർശിച്ചു.

അതെല്ലാം മുപ്പത്തിയഞ്ചുവർഷം മുമ്പു നടന്ന കാര്യങ്ങൾ പുതിയ തലമുറ, അല്ലെങ്കിൽ രാജ്യത്തെ 121 കോടി ജനങ്ങളിൽ പകുതിയിലധികം പേർ, ജനിക്കുന്നതിനു മുമ്പു നടന്ന സംഭവങ്ങൾ. പക്ഷേ, ഇപ്പോൾ രാജ്യം വീണ്ടും അഴിമതിയിൽ മുങ്ങിയെന്ന സ്‌ഥിതി വന്നപ്പോൾ ജയപ്രകാശിന്റെ സ്‌ഥാനത്തു രാജ്യത്തിന്റെ മനഃസാക്ഷി ഉണർത്താൻ ഒരു അണ്ണാ ഹസാരെ രംഗത്തിറങ്ങിയെന്നതാണു സ്‌ഥിതി.

മൻമോഹൻസിംഗ്‌ ഭരണത്തിലെ സ്‌പെക്‌ട്രം ഇടപാടിലെ കോടികളുടെ വെട്ടിപ്പുകൾ തുടങ്ങി കേരളത്തിലെ മുൻ ഇടതുമുന്നണി ഭരണത്തിൽ സി.പി.എ.ം. നേതാവായിരുന്ന വൈദ്യുതിമന്ത്രി പണിറായി വിജയൻ ലാവ്‌ലിൻ ഇടപാടിൽ നടത്തിയ കോടികളുടെ അഴിമതി വരെ നീണ്ടുപോകുന്നു ആ കഥകൾ. അവരോടൊപ്പം കോടികളുടെ അഴിമതി നടത്തിയ കർണാടക ബി.ജെ.പി. മുഖ്യമന്ത്രി യെദിയൂരപ്പയുടെ കഥകൾ വേറെ എന്നു പറഞ്ഞാൽ കോടിക്കണക്കിനു രൂപ വരുന്ന അഴിമതിയുടെ കറപുരളുന്ന നേതാക്കളുടെ നാടായി ഇന്ത്യ മാറിയിരിക്കുന്നു. അഴിമതിത്തുകയുടെ ഏറ്റക്കുറച്ചിലിന്റെ കാര്യത്തിൽ മാത്രമേ പാർട്ടികൾ തമ്മിൽ വ്യത്യാസമുള്ളു.

ഇതിനെല്ലാം എതിരേ ജനവികാരം വളരുകയാണ്‌. ഈ ജനവികാരത്തിന്റെ തിരത്തള്ളലിൽ ഇന്ത്യയിൽ പലേ മാറ്റങ്ങളുമുണ്ടാകും. അതുകൊണ്ട്‌ ഈ ഏപ്രിൽ മെയ്‌ മാസങ്ങൾ ഇന്ത്യൻ ജനാധിപത്യത്തിന്റെ ചരിത്രത്തിലെ വലിയ വഴിത്തിരിവായിമാറാൻ പോവുകയാണെന്നു തീർച്ച.

ഇതിനിടയിലാണ്‌ അഞ്ചു സംസ്‌ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പു നടക്കുന്നത്‌. ഇതിൽ കേരളം, പശ്‌ചിമബംഗാൾ തമിഴ്‌നാട്‌ എന്നീ സംസ്‌ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്‌ പരമപ്രധാനമാണ്‌. മുപ്പതുവർഷമായി പശ്‌ചിമബംഗാളിൽ ഭരണം കൈയാളുന്നതു കമ്യൂണിസ്‌റ്റ്‌ പാർട്ടി (മാർക്‌സിസ്‌റ്റ്‌) നയിക്കുന്ന മുന്നണിയാണ്‌. ആ മുന്നണിക്കു ഭരണം നഷ്‌ടപ്പെടുമെന്നും തൃണമൂൽ കോൺഗ്രസ്‌ നേതാവ്‌ മമതാ ബാനർജി നയിക്കുന്ന കോൺഗ്രസ്‌ കൂടി ഉൾപ്പെട്ട മുന്നണി അധികാരമേൽക്കുമെന്നുമാണ്‌ എല്ലാ റിപ്പോർട്ടുകളും നൽകുന്ന സൂചനകൾ.

തമിഴ്‌നാട്ടിലും ഭരണമാറ്റത്തിന്റെ സൂചനകളാണ്‌ ഉയർന്നുകൊണ്ടിരിക്കുന്നത്‌. സംസ്‌ഥാനത്തിന്‌ ഏറെ നേട്ടങ്ങളുണ്ടാക്കാൻ കരുണാനിധി നയിക്കുന്ന ദ്രാവിഡ മുന്നേറ്റ കഴക സർക്കാരിനു കഴിഞ്ഞിട്ടുണ്ടെങ്കിലും വലിയ അഴിമതിയാരോപണങ്ങളുടെ നടുവിലിറങ്ങിനിന്നുകൊണ്ടാണ്‌ ആ സർക്കാർ തെരഞ്ഞെടുപ്പിനെ നേരിടുന്നത്‌.

വികസനത്തിന്റെ കാര്യത്തിൽ തമിഴ്‌നാട്‌ എല്ലാ ദക്ഷിണേന്ത്യൻ സംസ്‌ഥാനങ്ങളുടേയും മുന്നിലാണ്‌. കാർ നിർമാണ കമ്പനികളടക്കം എണ്ണമില്ലാത്ത വ്യവസായശാലകളാണ്‌ കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ തമിഴ്‌നാട്ടിൽ ഉയർന്നിട്ടുള്ളത്‌. പക്ഷേ, അഴിമതിക്കെതിരായി ഉയർന്നിട്ടുള്ള ജനരോഷത്തിൽ കരുണാനിധി ഭരണം കടപുഴകി വീണാൽ അത്ഭുതമില്ലെന്നാണ്‌ ഇപ്പോഴുള്ള സൂചന. ജനമാനസങ്ങളിൽ അഴിമതിക്കെതിരേ ഉയർന്നിട്ടുള്ള അമർഷത്തിന്റെ അലകൾ അത്ര ശക്തമാണ്‌.

അതേസമയം, കേരളത്തിൽ ഇതിനേക്കാളൊക്കെ വ്യത്യസ്‌ത പരിസ്‌ഥിതികളാണുണ്ടായിരിക്കുന്നത്‌. വികസനകാര്യത്തിൽ അത്രയേറെ പിന്നാക്കം നിൽക്കുന്ന സംസ്‌ഥാനമായി കേരളം മാറിയിരിക്കുന്നു. ഇൻഫർമേഷൻ ടെക്‌നോളജിയുടെ കാര്യത്തിൽ തമിഴ്‌നാടൊ കർണാടകയോ ആന്ധ്രാപ്രദേശോ കൈവരിച്ച നേട്ടങ്ങളുടെ പടിപ്പുരയിലെത്താൻ പോലും കേരളത്തിനു കഴിഞ്ഞിട്ടില്ല. വ്യവസായ വികസനപ്രവർത്തനങ്ങളുടെ കാര്യത്തിലും കേരളം ഇഴയുകയാണ്‌. സ്‌മാർട്ട്‌ സിറ്റി സ്‌ഥാപിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ അഞ്ചു വർഷം വേണ്ടിവന്നു വി.എസ്‌. അച്യുതാനന്ദൻ നയിക്കുന്ന ഇടതുമുന്നണി സർക്കാരിന്‌ എന്നോർക്കണം.

മുഖ്യമന്ത്രി അച്യുതാനന്ദനു വിവാദങ്ങളിലാണു താൽപര്യം. അതും സംസ്‌ഥാനത്തിന്‌ ഒരു ഗുണവും ചെയ്യാത്ത വിവാദങ്ങൾ. എല്ലാ വിവാദങ്ങളും ഒടുവിൽ ചെന്നവസാനിക്കുന്നതു പെൺവിഷയത്തിലാണ്‌. ഒരു വ്യാഴവട്ടം മുമ്പ്‌ ഇടതുമുന്നണി ഉയർത്തിയ കുഞ്ഞാലിക്കുട്ടിയുടെ പെൺവിഷയം തുടങ്ങി ഏറ്റവും ഒടുവിൽ സി.പി.എം. നേതാക്കവ്‌ പി. ശശിയുടെ പെൺവിഷയം വരെയുള്ള പ്രശ്‌നങ്ങൾ. ഇതൊക്കെ വ്യക്തികളുടെ സ്വകാര്യ പ്രശ്‌നങ്ങളായി കാണാൻ കേരളത്തിലെ രാഷ്‌ട്രീയ നേതാക്കൾക്കു കഴിയാതെ വരുന്നു.

അതിനു മുഖ്യ ഉത്തരവാദി മുഖ്യമന്ത്രി അച്യുതാനന്ദനാണ്‌. അഞ്ചുകൊല്ലം ഭരണത്തിലിരുന്നിട്ട്‌ ആകെ ഉയർത്താനുണ്ടായതും പെൺവിഷയം മാത്രം. അല്ലെങ്കിൽ അദ്ദേഹത്തിയന്റെ ഭാഷയിൽ സ്‌ത്രീപീഢനം. അതിന്റെ പേരിൽ ഒരാൾക്കു കൈയ്യാമംവച്ചു നടത്താൻ അഞ്ചുവർഷത്തിനിടയിൽ മുഖ്യമന്ത്രിക്കു കഴിഞ്ഞോ? പ്രസംഗത്തോടു പ്രസംഗം തന്നെ. കേന്ദ്രമന്ത്രി എ.കെ.ആന്റണിയിടെ പരസ്യമായ ചോദ്യത്തിന്‌ അദ്ദേഹത്തിനു മറുപടി ഇല്ലാതെ വന്നു. സംസ്‌ഥാനം ഭരിക്കുന്ന സി.പി.എമ്മിൽ അദ്ദേഹം പ്രതിപക്ഷം. ദേശീയതലത്തിൽ അദ്ദേഹം പ്രതിപക്ഷം. അങ്ങനെ വന്നതുകൊണ്ട്‌ ഏറ്റവും കുറഞ്ഞത്‌ അഞ്ചുവർഷം കേരളം പിന്നോട്ടു പോയെന്നാണ്‌ എ.കെ. ആന്റണി ആരോപിച്ചിരിക്കുന്നത്‌.

അച്യുതാനന്ദൻ സർക്കാരിനെ മാറ്റാൻ ഈ തെരഞ്ഞെടുപ്പിലൂടെ കേരളീയർ തീരുമാനിച്ചാൽ കോൺഗ്രസ്‌ നയിക്കുന്ന ഐക്യ ജനാധിപത്യമുന്നണിക്ക്‌ എന്തു ബദൽ സർക്കാരാണു രൂപീകരിക്കാൻ കഴിയുക? അതിനു വ്യക്തമായ രൂപരേഖ യു.ഡി.എഫിനില്ല. വോട്ട്‌ ചെയ്‌തു ഭരണം മാറ്റാനല്ലേ ജനങ്ങൾക്കു കഴിയൂ? അഴിമതിയിൽ ആറാടിക്കളിക്കുന്ന ഉദ്യോഗസ്‌ഥവർഗം കൈക്കൂലി കൊടുക്കാതെ കേരളത്തിലെ ഭൂരിപക്ഷ സർക്കാർ ഉദ്യോഗസ്‌ഥരും ചലിക്കില്ല എന്ന സ്‌ഥിതി സംജാതമായിരിക്കുന്നു. അതിനു മുമ്പിൽ നിസഹായനായി നിൽക്കുകയാണു ഭരണകൂടങ്ങൾ. 1991-ൽ ഇന്ത്യയിൽ അഴിമതി ഏറ്റവും കുറഞ്ഞ സംസ്‌ഥാനം എന്ന ബഹുമതി നേടിയ നാടാണു കേരളം. ഇന്നത്തെ അവസ്‌ഥയോ?

കേരളത്തിൽ ഭരണം മാറിയെന്നിരിക്കട്ടെ. അഴിമതിയിൽ മുങ്ങിയ ഉദ്യോഗസ്‌ഥവർഗം മുഴുവൻ യു.ഡി.എഫ്‌. സർക്കാരിനു കൂറു പ്രഖ്യാപിക്കുന്നവരായി മാറും. ഇവിടെയാണ്‌ അണ്ണാ ഹസാരെയുടെ പുതിയ പ്രസ്‌ഥാനത്തുനുണ്ടായിരിക്കുന്ന പ്രാധാന്യം. ഹസാരെയുടെ മുമ്പിൽ പ്രധാനമന്ത്രി മൻമോഹൻസിംഗ്‌ മുട്ടുമടക്കിയതും നീതിബോധമുള്ള ജനങ്ങളുടെ ആദ്യ വിജയമാണ്‌. ഇതു തുടക്കം മാത്രം.

അഴിമതിക്കു കൂച്ചുവിലങ്ങിടാനുള്ള ലോക്‌പാൽ നിയമം രൂപമെടുക്കുന്നതിനു തടസ്സംനിന്നവരാണ്‌ എല്ലാ പാർട്ടികളും എന്നോർക്കണം. കാരണം തങ്ങളുടെ അഴിഞ്ഞാട്ടത്തിന്‌ അത്‌ അറുതി വരുത്തുമെന്ന്‌ അവർ ഭയപ്പെട്ടു. ജനങ്ങൾക്കു വിവരാവകാശം അനുവദിക്കാൻ അരനൂറ്റാണ്ടു തടസ്സം നിന്നവരാണു നമ്മുടെ രാഷ്‌ട്രീയ നേതാക്കൾ എന്നു നാം ഓർക്കണം. ആ നിയമത്തേക്കാൾ പ്രാധാന്യമുള്ളതാണ്‌ അഴിമതിക്കു കൂച്ചുവിലങ്ങിടാനുള്ള ലോക്‌പാൽ നിയമമെന്നതാണ്‌ വസ്‌തുത.

രാജ്യത്തുടനീളം അഴിമതിയുടെ അഴുക്കുചാലിൽ ഇറങ്ങി നിൽക്കുന്ന രാഷ്‌ട്രീയ നേതാക്കളോടുള്ള വെറുപ്പും അസഹനീയമായിരിക്കുന്നു എന്നു ജനങ്ങൾ വിളിച്ചുപറയാൻ തുടങ്ങിയപ്പോൾ രഷ്‌ട്രീയ നേതാക്കളും അണ്ണാ ഹസാരെയോടൊപ്പം കൂടാൻ തുടങ്ങുന്ന കാഴ്‌ചയാണിപ്പോൾ ഇന്ത്യ കണ്ടത്‌. അണ്ണായുടെ ഉപവാസത്തിനൊപ്പമിരിക്കാൻ വേദിയിലേക്കു കയറിച്ചെന്ന ഹരിയാനയിലെ ഓംപ്രകാശ്‌ ചൗതാലയേയും മധ്യപ്രദേശിലെ ഉമാഭാരതിയേയും നീതിബോധമുള്ള അണ്ണായുടെ ആരാധകർ ഇറക്കിവിട്ടത്‌ എല്ലാ രാഷ്‌ട്രീയപാർട്ടി നോതാക്കളേയും പ്രതിക്കൂട്ടിലാക്കി. എന്തായാലും ഒന്നു തീർച്ച. ഇന്ത്യ ഒരു രണ്ടാം സമ്പൂർണ വിപ്ലത്തിന്റെ പാതയിലേക്ക്‌ ഇറങ്ങിക്കഴിഞ്ഞിരിക്കുന്നു.

കടപ്പാട്‌ ഃ മംഗളം

Generated from archived content: essay1_april13_11.html Author: km_roy

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here