ബുദ്ധിജീവികൾ ചെയ്യുന്ന രാജ്യദ്രോഹം

“അമേരിക്കൻ സംസ്‌കാരത്തെക്കുറിച്ച്‌ താങ്കളുടെ അഭിപ്രായമെന്താണ്‌?”

ചെന്നൈയിലെ അമേരിക്കൻ ഇൻഫർമേഷൻ സർവ്വീസിന്റെ ഡയറക്‌ടറായ ഒരു അമേരിക്കക്കാരൻ എന്നോടു ചോദിച്ച ചോദ്യമാണിത്‌.

ആ ചോദ്യം കേട്ടപ്പോൾതന്നെ അതിന്റെ അർത്ഥവും ഉദ്ദേശ്യവും എനിക്കു മനസ്സിലായി കഴിഞ്ഞിരുന്നു. കാരണം ഈമാതിരിയൊരു ചോദ്യം മറ്റൊരു അമേരിക്കക്കാരനിൽ നിന്നും ഞാൻ ഇതിനു മുമ്പും കേട്ടിട്ടുണ്ട്‌. അത്‌ ശ്രീലങ്കയിൽ വച്ചു ഒരു അമേരിക്കൻ യൂണിവേഴ്‌സിറ്റി സംഘടിപ്പിച്ച ദക്ഷിണേഷ്യൻ പത്രപ്രവർത്തകരുടെ ഒരു സെമിനാറിൽ സംബന്ധിക്കാൻ പോയപ്പോൾ കൊളംബോയിലെ അമേരിക്കൻ എംബസിയിൽ വച്ച്‌ അവരുടെ സ്ഥാനപതി എന്നോടു ചോദിച്ച ഒരു ചോദ്യം തന്നെയായിരുന്നു.

അമേരിക്കൻ സ്ഥാനപതിയോടു മറുപടി എന്ന നിലയിൽ ഞാൻ ചോദിച്ച ഒരു മറുചോദ്യമാണ്‌ ഇൻഫർമേഷൻ ഡയറക്‌ടറോടും ഞാൻ പറഞ്ഞത്‌.

“അമേരിക്കക്ക്‌ ഒരു സംസ്‌കാരം തന്നെയില്ലല്ലോ?”

എന്റെ മറുപടി ഒട്ടും ദഹിക്കാത്തവിധത്തിൽ ഡയറക്‌ടർ എന്നോടു വിസ്‌മയപൂർവ്വം ചോദിച്ചു.

“താങ്കൾ എന്താണ്‌ പറയുന്നത്‌?”

ആ വിസ്‌മയമെല്ലാം കാപട്യമാണെന്ന്‌ എനിക്കു മനസ്സിലാകാതിരുന്നില്ല. ഇന്ത്യക്കാരെ അളക്കാനുളള ഒരു മുഴക്കോലാണതെന്ന്‌ എനിക്ക്‌ ബോദ്ധ്യമുണ്ടായിരുന്നു.

“എന്റെ രാജ്യമായ ഇന്ത്യക്ക്‌ അയ്യായിരം വർഷത്തെ ചരിത്രമുണ്ട്‌. അതിൽ സഹസ്രാബ്‌ദങ്ങൾ പഴക്കമുളള സംസ്‌കാരവുമുണ്ട്‌. ഭാരതീയ സംസ്‌കാരമെന്ന്‌ ലോകമാകെ വിശേഷിപ്പിക്കുന്ന ഉത്തമസംസ്‌കാരം. ഒരു ജനതയുടെയോ ദേശത്തിന്റെയോ സംസ്‌കാരം ഉരുത്തിരിഞ്ഞു വരാൻ ഏറ്റവും ചുരുങ്ങിയത്‌ മൂവായിരമോ മൂവായിരത്തി അഞ്ഞൂറോ വർഷം വേണ്ടിവരും. അതുകൊണ്ടാണ്‌ അയ്യായിരം വർഷത്തെ ചരിത്രമുളള എന്റെ രാജ്യത്തിന്‌ ഇത്രയും സമ്പന്നമായൊരു സംസ്‌കാരമുളളത്‌.

”അപ്പോൾ ഞങ്ങൾക്കോ?“

എന്നെ അളക്കാനെന്ന മട്ടിൽ തന്നെയാണ്‌ അദ്ദേഹം ചോദിച്ചത്‌.

”അമേരിക്കക്കാർക്ക്‌ അഞ്ഞൂറുവർഷത്തെ ചരിത്രമേയുളളൂ. ക്രിസ്‌റ്റഫർ കൊളംബസ്‌ 1492 ൽ അമേരിക്കൻ വൻകര കണ്ടുപിടിച്ചതിനുശേഷമുളള ചരിത്രം. അങ്ങിനെയുളള അമേരിക്കൻ ജനതക്ക്‌ കഴിഞ്ഞ അഞ്ഞൂറുവർഷം കൊണ്ട്‌ എങ്ങനെയാണൊരു സംസ്‌കാരം രൂപപ്പെടുക?“

എന്റെ മറുപടി കേട്ടപ്പോൾ അദ്ദേഹം പുഞ്ചിരി തൂകുക മാത്രമാണ്‌ ചെയ്‌തത്‌.

”ചരിത്രപഠനമനുസരിച്ച്‌ ഒരു സംസ്‌കാരം രൂപമെടുക്കാൻ ഒരു ദേശത്തിനു മൂവായിരമോ മൂവായിരത്തി അഞ്ഞൂറോ വർഷം വേണമെങ്കിൽ അമേരിക്കക്ക്‌ അങ്ങിനെയൊരു സംസ്‌കാരം ഉരുത്തിരിഞ്ഞുവരാൻ നാലായിരം വർഷമെങ്കിലും വേണ്ടിവരും.“

എന്റെ മറുപടി കേട്ടപ്പോൾ വളരെ ജിജ്ഞാസയോടെ ഡയറക്‌ടർ ചോദിച്ചു.

”അതിനെന്താണു കാരണം?“

”അമേരിക്ക എന്നു പറയുന്നത്‌ യൂറോപ്പിൽനിന്ന്‌ കുടിയേറിയ ക്രിമിനലുകളുടെ രാജ്യമാണ്‌. അമേരിക്ക കണ്ടുപിടിച്ചയുടനെ നാടുംവീടുമെല്ലാം ഉപേക്ഷിച്ച്‌ കേട്ടുകേൾവി പോലുമില്ലാത്ത ഒരു ഭൂപ്രദേശത്ത്‌ രണ്ടും കല്പിച്ച്‌ പോകാൻ തയ്യാറായത്‌ വല്ലാത്ത മുഷ്‌ക്കും ചട്ടമ്പി സ്വഭാവവുമുളള കുറേപ്പേരാണ്‌. അങ്ങിനെ ക്രിമിനൽ മനഃസ്ഥിതിയുളളവരുടെ പിൻതലമുറക്കാർക്ക്‌ ഒരു നല്ല സംസ്‌കാരം രൂപപ്പെടുത്തിയെടുക്കാൻ മറ്റേതു ദേശക്കാരേയുകാൾ കൂടുതൽ സമയം വേണ്ടിവരും.“

എന്റെ ആ വിശദീകരണത്തിനു മുന്നിൽ ആ അമേരിക്കക്കാരൻ നിശ്ശബ്‌ദനായി നിന്നതേയുളളൂ. വാസ്‌തവത്തിൽ ഇന്ത്യക്കാരിൽ അധികം പേർക്കും മനസ്സിലാക്കാൻ കഴിയുന്ന ഒരു കാര്യം നമ്മുടെ സംസ്‌കാരത്തിന്റെ വിലയും മഹത്വവുമാണ്‌. സഹിഷ്‌ണതയാണ്‌ ഭാരതീയ സംസ്‌കാരത്തിന്റെ ആധാരശിലയെന്നു പൊതുവെ പറയപ്പെടുന്നു. സഹിഷ്‌ണത എന്ന ആ പ്രയോഗം അർത്ഥപൂർണ്ണമല്ല എന്ന അഭിപ്രായക്കാരനാണ്‌ ഞാൻ. സഹിഷ്‌ണത എന്ന പദത്തിന്റെ യഥാർത്ഥ അർത്ഥം ഇഷ്‌ടമില്ലെങ്കിലും എന്തിനെയെങ്കിലും സഹിക്കുകയെന്ന വിട്ടുവീഴ്‌ചാ മനോഭാവം എന്നാണ്‌. സഹിഷ്‌ണുതക്കു പകരം സ്വീകരിക്കാവുന്ന പദം ഉൾക്കൊളളൽ എന്നാണ്‌. കാരണം വിദേശത്തു ജന്മമെടുത്ത മതങ്ങളേയും സംസ്‌കാരങ്ങളെയും തുറന്ന മനസ്സോടെ ഉൾക്കൊളളാനുളള ഇന്ത്യൻ ജനതയുടെ മനോഭാവമാണ്‌ നമ്മുടെ സംസ്‌കാരത്തെ സമ്പന്നമാക്കിയത്‌.

പക്ഷെ ഇതൊക്കെ അറിയാവുന്ന അമേരിക്കക്കാരൻ ആരേയും അളക്കാനാണ്‌ ഇനിയും രൂപമെടുത്തിട്ടില്ലാത്ത അവരുടെ സംസ്‌കാരത്തെക്കുറിച്ച്‌ ഏതൊരു ഇന്ത്യാക്കാരനോടും ചോദിക്കാറ്‌. പക്ഷെ വിദേശത്തെത്തുന്ന ഇന്ത്യൻ ബുദ്ധിജീവികൾ എന്ന്‌ അവകാശപ്പെടുന്നവർ ഇല്ലാത്ത ആ സംസ്‌കാരത്തിന്റെ മഹത്വം വർണ്ണിക്കുകയും ഇന്ത്യയെ മാത്രമല്ല മഹത്തായ ഇന്ത്യൻ സംസ്‌കാരത്തെപ്പോലും താഴ്‌ത്തിക്കെട്ടി സംസാരിക്കുകയും ചെയ്യും. ഇന്ത്യയുടെ മുഖം വിദേശങ്ങളിൽ വികൃതമായിട്ടുണ്ടെങ്കിൽ അതിനു ഉത്തരവാദികൾ ഇന്ത്യൻ സംസ്‌കാരത്തിന്റെയും ഇന്ത്യൻ ജനാധിപത്യത്തിന്റെയും എല്ലാ അനുഗ്രഹങ്ങളും പരമാവധി അനുഭവിച്ചുകൊണ്ടും വിദേശത്തുചെന്ന്‌ മാതൃരാജ്യത്തെ തളളിപ്പറയുന്ന ആത്മവഞ്ചകരായ അത്തരം കപട ബുദ്ധിജീവികളാണ്‌. അപകർഷതാബോധം കൊണ്ടല്ല അങ്ങിനെ പറയുന്നത്‌. മറിച്ച്‌ വിദേശ ആതിഥേയരെ എങ്ങിനെയെങ്കിലും പ്രീണിപ്പിക്കാനുളള ദാസ്യമനോഭാവം കൊണ്ടാണ്‌.

Generated from archived content: eassay1_july11_08.html Author: km_roy

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here