ചുണ്ടിലെ പുഞ്ചിരിനഷ്‌ടപ്പെട്ട ഒരാളെ നിങ്ങൾ കണ്ടുമുട്ടുകയാണെങ്കിൽ നിങ്ങളുടെ പുഞ്ചരി അയാൾക്ക് സമ്മാനിക്കണം.
പടിഞ്ഞാറൻ നാട്ടിലെ പ്രസിദ്ധമായ ഒരു പഴമൊഴിയാണിത്. കാരണം നർമ്മമെന്നത് ഹൃദയത്തിന്റെ സൗഹൃദമാണ്. അല്ലെങ്കിൽ നർമ്മമെന്നത് ജീവിതയന്ത്രത്തെ സജീവമാക്കുന്ന എണ്ണയാണ്.
പക്ഷെ വിമർശനഹാസ്യം കൈകാര്യം ചെയ്യുന്ന പി.പി.ഹമീദ് എന്ന എഴുത്തുകാരൻ വായനക്കാരന്റെ ചുണ്ടിൽ അല്‌പം പുഞ്ചിരി പകർന്നുകൊടുത്ത് കടന്നുപോകാൻ ആഗ്രഹിക്കുന്നയാളല്ല. മറിച്ച് വായനക്കാരന്റെ ഹൃദയത്തിൽ ചിരികോരിയൊഴിക്കാൻ ആഗ്രഹിക്കുന്ന എഴുത്തുകാരൻ. കാരണം ചുണ്ടിൽ വിരിയുന്ന പുഞ്ചിരി പെട്ടെന്നു മാഞ്ഞുപോക… പക്ഷേ, ഹൃദയത്തിലാണത് നിക്ഷേപിക്കുന്നതെങ്കിൽ അതു വീണ്ടും വീണ്ടും ഉണരുകയും വിടരുകയും ചെയ്യും അത് വിമർശനഹാസ്യം എന്ന അസാധാരണ സാഹിത്യശാഖയിൽ പെടുത്താവുന്ന ‘ഒരു സാംസ്‌ക്കാരിക നായകൻ കൂടി’ ‘പർദ്ദക്കുള്ളിൽ എലി’ എന്നീ തന്റെ രണ്ടു മുൻകൃതികളിലൂടെ പി.പി.ഹമീദ് തെളിയിച്ചിട്ടുള്ളതുമാണ്.
വർത്തമാനകാല ജീവിതത്തിൽ നാം കണ്ടുമുട്ടുന്നവരിലധികവും യഥാർത്ഥമുഖം പുറത്തു പ്രകടിപ്പിക്കുന്നവരല്ല. അവർക്കെല്ലാം ആത്മവഞ്ചനയുടെ മുഖംമൂടികളുണ്ട്. ആ മുഖംമൂടികളിൽ ചിലത് അഴിച്ചുമാറ്റുന്നതിൽ അസാധാരണ സുഖം അനുഭവിക്കുന്നയാളാണ് ഹമീദ്. കഥകളെന്നുവേണമെങ്കിൽ വിശേഷിപ്പിക്കാവുന്ന എട്ടു ആക്ഷേപഹാസ്യ രചനകളുടെ സമാഹാരമാണ് ലെഫ്‌റ്റ് ഈസ് റൈറ്റ്. ഈ കഥകളിൽ പ്രത്യക്ഷപ്പെടുന്ന എല്ലാ കഥാപാത്രങ്ങളും നാമോരോരുത്തരും ജീവിതത്തിൽ എവിടെയെങ്കിലും വച്ചു കണ്ടുമുട്ടിയിട്ടുള്ളവരാണെന്നതാണ് സവിശേഷത. അവരിലധികം പേരും പൊയ്‌മുഖം പേറുന്നവരായിരുന്നില്ലേ എന്ന് ഓരോ വായനക്കാരനും ഈ പുസ്‌തകത്തിന്റെ അവസാനത്തെതാളും വായിച്ചു മടക്കുമ്പോഴാണ് സംശയം തോന്നുക.
കടുത്ത പ്രമേഹ രോഗവുമായി വീട്ടിൽ കഴിയുന്ന കാരണവർക്ക് ബേക്കറിയിൽ നിന്ന് ലഡുവും ജിലേബിയും വാങ്ങിപ്പോകുന്ന ഉസ്‌മാൻകോയയുടെ കഥയിൽ നിന്നും വായിക്കുന്ന ഹമീദിന്റെ ഈ കഥാസമാഹാരം ഹസൻബാവയെന്ന ആ കാരണവരുടെ മനോവിചാരങ്ങൾ ഒരു ശിലാഹൃദയനെപ്പോലും ചിരിയുടെ ലോകത്തിലെത്തിക്കുന്നു.
വരവേല്‌പ് എന്ന രണ്ടാമത്തെ കഥ നമ്മുടെ സമൂഹത്തിൽ വളർന്നുകഴിഞ്ഞിരിക്കുന്ന ഒരു പുതിയ സംസ്‌ക്കാരത്തിന്റെ അനാവരണമാണ്. മനുഷ്യബന്ധങ്ങളിൽ, കച്ചവടമനോഭാവത്തിൽ, പണത്തോടുള്ള ആർത്തിയിൽ, പെരുമാറ്റത്തിലെ കൃത്രിമങ്ങളിൽ എല്ലാം കാണുന്ന ഈ പുത്തൻ പ്രതിഭാസത്തിന് സംസ്‌ക്കാരമെന്നു പറയുന്നതും ശരിയോ എന്നതു മറ്റൊരു ചോദ്യം. സമയമാം രഥത്തിൽ സ്വർഗ്ഗയാത്ര തുടങ്ങിയിരിക്കുന്ന ഒരു നവസമ്പന്നകുടുംബത്തിലെ കാരണവരെ എല്ലാ ദൈന്യതകളോടെയും വരവേല്‌പിൽ വായനക്കാരന് കാണാം. ആതുരശുശ്രൂഷ അമിത ലാഭത്തിന് വേണ്ടിയുളള കച്ചവടത്തിന്റെ കേന്ദ്രങ്ങളാക്കി മാറ്റിയിരിക്കുന്ന ചില സ്വകാര്യ നക്ഷത്ര ആശുപത്രിയിലാണ് കാരണവർ ചെന്നുപെടുന്നത്. മരിച്ചവരെ ഉയിർപ്പിക്കാനായി അങ്ങിനെയൊരു ആശുപത്രിയിൽ സ്‌ഥാപിച്ചിട്ടുള്ള കമ്പ്യൂട്ടറുകളുടെ സ്‌ക്രീനിൽ തുള്ളിത്തുള്ളിയോടുന്ന തരംഗങ്ങൾ ആശുപത്രി ബില്ലിലെ വൻതുകകളായി രേഖപ്പെടുത്തപ്പെടുമ്പോൾ അന്തംവിട്ടു നിന്നുപോകുന്ന ബന്ധുമിത്രാദികളുടെ ചിത്രത്തോടൊപ്പം ബാങ്കിലും പേഴ്‌സിലും നോട്ടുകളുടെ പൂത്തകെട്ടുകളുണ്ടെങ്കിലും കാരണവരുടെ ചികിത്സക്ക് അതിൽ നിന്ന് ഏറെ നോട്ടുകളെടുക്കേണ്ടിവരുമെന്നോർക്കുമ്പോഴുള്ള മക്കളുടെ മനോവ്യഥയും ഈ കഥയിൽ ഹമീദ് നർമ്മ ഭാഷയിൽ പകർന്നിരിക്കുന്നു.
ഗുപ്‌തവർണ്ണനകളിലെ ദാമോദരൻ വൈദ്യരെ സമൂഹത്തിനിടയിൽ കാണാത്ത ഒരു കേരളീയനുമുണ്ടാകുമെന്നു കരുതുന്നില്ല. ശ്രീനാരായണ ഗുരുവിനോടുള്ള അതിരറ്റ ഭക്തി ഒരു തരം ലഹരിയായിമാറിയ വൈദ്യർ അതിലഹരി കലർത്തിയ രസായനത്തിന്റെ വില്‌പനയിലൂടെ ഭക്തരെ തന്നെ ആനന്ദലഹരിയിൽ ആറാടിപ്പിക്കുന്ന കഥ. ഉദ്യോഗസ്‌ഥ വർഗ്ഗത്തിന്റെ ചൂഷണവും സൊസൈറ്റി ലേഡികളുടെ പൊങ്ങച്ചവും ജനമെന്ന കഴുതകളുടെ പുറത്തുകയറി സഞ്ചരിക്കുന്ന മന്ത്രിയുടെ തന്ത്രങ്ങളുമെല്ലാം ഹമീദിന്റെ കഥകളിൽ പ്രതിപാദിക്കപ്പെടുന്നുണ്ട്. ഇവയെല്ലാം തന്നെ കേരളത്തിലെ പലേ എഴുത്തുകാരും കൈകാര്യം ചെയ്‌തിട്ടുള്ള വിഷയങ്ങളാകാം. പക്ഷേ ഹമീദിനെപ്പോലെ നർമ്മരസം വഴിഞ്ഞൊഴുകുന്ന അന്തരീക്ഷത്തിലും ശൈലിയിലും ഇതിനു മുൻപൊരിക്കലും അവർ ആരും വിശകലനം ചെയ്‌തിട്ടില്ല എന്നതാണ് സവിശേഷത. വെറുതെ ചിരിച്ചു മറന്നു കളയാനുള്ളതല്ല ഓർത്തോർത്തു ചിരിക്കാനുള്ളതാണ് യഥാർത്ഥ നർമ്മവും ഹാസ്യവുമെന്ന് മലയാളികളെ മനസ്സിലാക്കുന്ന എഴുത്തുകാരനാണ് താനെന്ന് അഭിമാനിക്കാൻ ഹമീദിനു കഴിയുമെന്നതാണ് ലെഫ്‌റ്റ് ഈസ് റൈറ്റ് എന്ന പുസ്‌തകത്തിലൂടെ തെളിയിക്കപ്പെട്ടിരിക്കുന്നത്.
Generated from archived content: book1_mar24_09.html Author: km_roy
Click this button or press Ctrl+G to toggle between Malayalam and English