കാർട്ടൂൺ ലോകം

തമാശ മനസ്സിൽ നിന്നാണ്‌ ഉതിരുന്നത്‌. പക്ഷെ, നർമ്മം ഹൃദയത്തിൽ നിന്നും അതുകൊണ്ടാണ്‌ വ്യക്തിത്വത്തിന്റെ ഉപ്പാണ്‌ നർമ്മമെന്നു പണ്ഡിതന്മാർ പറഞ്ഞിട്ടുള്ളത്‌. ഈ നർമ്മം എല്ലാവരുടേയും ഹൃദയത്തിൽ കിടന്നുറങ്ങുന്നുണ്ട്‌. അതു തൊട്ടുണർത്താൻ അധികംപേരും ശ്രമിക്കാറില്ല. ഒന്നു ശ്രമിച്ചാൽ ആ നർമ്മബോധംകൊണ്ട്‌ അനേകം പേരെ ചിരിപ്പിക്കാൻ ഒരാൾക്ക്‌ കഴിയും.

വാക്കുകൾകൊണ്ട്‌ മാത്രമല്ല മനുഷ്യരെ ചരിപ്പിക്കാൻ കഴിയുക. അല്ലെങ്കിൽത്തന്നെ വാക്കുകൾകൊണ്ടുള്ള ചിരി നിമിഷങ്ങൾ മാത്രമേ നീണ്ടുനിൽക്കുകയുള്ളു. പക്ഷേ വരകൾകൊണ്ടുള്ള ചിരി മനുഷ്യരുടെ മനസ്സിൽ ഏറെ നേരം ഊറിനൽക്കും. വരകൾകൊണ്ടുള്ള ചിരിയുടെ ലോകത്തേക്ക്‌ കാലെടുത്തുവയ്‌ക്കാൻ ആഗ്രഹിക്കുന്ന എതൊരാൾക്കും നല്ലൊരു വഴികാട്ടിയാണ്‌ കാർട്ടൂണിസ്‌റ്റും പത്ര പ്രവർത്തകനുമായ ജോഷി ജോർജ്ജിന്റെ കാർട്ടൂൺ ലോകം എന്ന ഈ സവിശേഷ ഗ്രന്ഥം. ജന്മവാസനയുള്ളവർക്ക്‌ മാത്രമേ ഒരു കാർട്ടൂണിസ്‌റ്റാവാൻ കഴിയുകയുള്ളു എന്ന കഴ്‌ചപ്പാട്‌ ജോഷി പാടേ തിരുത്തിയെഴുതുകയാണ്‌. കേരളത്തിൽ മാത്രമല്ല, ലോകത്തിൽതന്നെ ഒരു കാർട്ടൂണിസ്‌റ്റും ഇങ്ങനെയൊരു സംരംഭത്തിനു തയ്യാറായിട്ടുണ്ടെന്നു തോന്നുന്നില്ല.

കാരണം തങ്ങളുടെ കലാവൈഭം ഒരു അസാധാരണ സിദ്ധിയോ പ്രാപ്‌തിയോ ആയി മിക്കവാറും കാർട്ടൂണിസ്‌റ്റുകൾ വിശേഷിപ്പിച്ചിരിക്കുന്ന വഴിയിൽനിന്നുകൊണ്ട്‌ എല്ലാവരേയും ആ വഴിയിലേക്ക്‌ മാടിവിളിക്കുകയാണ്‌ ജോഷി ചെയ്യുന്നത്‌. ഒരു കാർട്ടൂണിസ്‌റ്റാവാൻ ജീവിതത്തിൽ എപ്പോഴെങ്കിലും ആഗ്രഹിക്കുകയോ അല്ലെങ്കിൽ അങ്ങനെയാവാൻ കഴിയുമെന്ന്‌ ഒരിക്കലെങ്കിലും വിശ്വസിക്കുകയോ ചെയ്‌തിട്ടില്ലാത്ത ഒരാൾ ഒരാവർത്തി കാർട്ടൂൺ ലോകം വായിച്ചു കഴിഞ്ഞാൽ വരയുടെ ലോകത്തിലേക്ക്‌ ആത്മവിശ്വാസത്തോടെ കാലെടുത്തുവച്ചുകൊണ്ട്‌ കാർട്ടൂണിസ്‌റ്റാവാനുള്ള ശ്രമം നടത്തുമെന്നതിൽ എനിക്ക്‌ സംശമില്ല. അർപ്പണബോധവും സ്ഥിരോത്സാഹവും അയാൾക്ക്‌ കൂട്ടിനുണ്ടെങ്കിൽ കാർട്ടൂണിസ്‌റ്റുകളുടെ നിരയിലേക്ക്‌ അയാൾ സാവധാനം നടന്നുനീങ്ങുകയും ചെയ്യും. സംഘർഷഭരിതമാണ്‌ വർത്തമാനകാലലോകം. മനസ്സിനുപുറത്തും മനസ്സിനകത്തും സംഘർഷങ്ങൾ തന്നെ. ഹൃദയം തുറന്ന്‌ ഒരിക്കൽ ചരിക്കാൻ കഴിഞ്ഞാൽ ആ സംഘർഷമെല്ലാം ഉരുകിത്തീർന്നില്ലെങ്കിലും അതിന്‌ ഏറെ അയവ്‌വരുമെന്ന കാര്യത്തിൽ സംശയമില്ല. ആ മേഖലയിൽ കാർട്ടൂണിസ്‌റ്റുകളും ഹാസ്യ ചിത്രകാരന്മാരും നൽകുന്ന സംഭവാനകൾ വലുതാണ്‌. ടെലിവിഷൻ മേഖലയിൽ മുഴുവൻ സമയ കാർട്ടൂൺ ചാനലുകൾ തന്നെ പ്രവർത്തിക്കുന്നു എന്നത്‌ അതിന്റെ ഏറ്റവും പ്രകടമായ തെളിവാണ്‌. ആനിമേഷൻ മേഖല ലോകത്തെമ്പാടും കാർട്ടൂണിസ്‌റ്റുകളെ തേടുകയാണ്‌. ആ യാഥാർഥ്യം മനസ്സിലാക്കിക്കൊണ്ടുതന്നെയാവണം അനുഗ്രഹീത കാർട്ടൂണിസ്‌റ്റായ ജോഷി തന്റെ സമൂഹത്തിലേക്ക്‌ കൂടുതൽ കൂടുതൽ ആളുകളെ ആകർഷിക്കാനുള്ള സംരംഭത്തിന്റെ ഭാഗമായി ഇങ്ങനെയാരു ഗ്രന്ഥരചന നിർവഹിച്ചിരിക്കുന്നത്‌. അതേ സമയം കാർട്ടൂൺ ലോകത്തെ ഒരു പഠനസഹായി മാത്രമായി ഇതിനെ കാണാനും നമുക്ക്‌ കഴിയില്ല. കാരണം കാർട്ടൂൺ ലോകത്തിന്റെ ചരിത്രവും പരിണാമവും സരസലളിതാമായ ഭാഷയിൽ ജോഷി വിവരിച്ചിരിക്കുന്നതുകൊണ്ടുതന്നെ മലയാളഭാഷയ്‌ക്കും ഇതൊരു വലപ്പെട്ട ഗ്രന്ഥമായിരിക്കും. തീർച്ച.

Generated from archived content: book1_dec24_08.html Author: km_roy

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here