നിലാവിൽ ഭൂപടം തീർക്കുന്നു

ജീവിതത്തിൽ ഭാഗ്യനിർഭാഗ്യങ്ങൾ, കഷ്‌ടനഷ്‌ടങ്ങൾ, വിധിവൈപരീത്യങ്ങൾ ഒരു സമസ്യയായി പിന്തുടരുമ്പോൾ ഈ ജന്മം അമ്മടീച്ചറുടെ വരദാനമാണെന്ന തിരിച്ചറിവ്‌ കണ്ണുകൾ ഈറനണിയിക്കുന്നു. ഒരു നിമിഷം…. വിരൽഞ്ഞൊടിനേരം…. ആശിക്കുന്നു, മോഹിക്കുന്നു. ഒരു നോക്ക്‌ കാണാൻ! മോളേ…. മണീ….“വിളികേൾക്കാൻ! മുത്തശ്ശിയെയും….

മായകാഴ്‌ചകൾക്കപ്പുറത്ത്‌ ഒരിക്കലും സഫലീകരിക്കാത്ത ആഗ്രഹം! ചുട്ടുപഴുത്ത ഇരുമ്പിൽ വീഴുന്ന വെള്ളത്തുള്ളി പോലെ മർത്ത്യജന്മം ക്ഷണഭംഗുരമെന്ന്‌ പാടിയ തുഞ്ചത്ത്‌ രാമാനുജനെഴുത്തച്ഛൻ. മനുഷ്യൻ എത്ര നിസ്സാരൻ!

1999 നവംബർ 2 ചൊവ്വാഴ്‌ച 3 മണി സമയം. മുറ്റത്ത്‌ ഇളം വെയിൽ മായുന്നു. ”രാകേന്ദു“വിലെ വടക്കെ മുറിയിൽ എന്റെ മൂത്തമകൾ ദിവ്യയുടെ മടിയിൽ കിടന്ന്‌ അമ്മടീച്ചർ യാത്രാമൊഴി ചൊല്ലുകയാണ്‌. അടഞ്ഞ മിഴികളിൽ കണ്ണീർചാലുകൾ താഴെയ്‌ക്കിറങ്ങി പല വഴി വേർപിരിയുന്നു. അടുത്തിരുന്ന്‌ നെറ്റിതടവുന്ന എന്നിലെ അല്‌പബുദ്ധിക്കാരിക്ക്‌ അമ്മ മരിക്കുകയാണെന്ന്‌ മനസ്സിലായില്ല! വീടിന്റെ പടിഞ്ഞാറുവശം മതിലിനോട്‌ ഓരം ചേർന്നമാവിൽ കമ്പോട്‌ കമ്പ്‌ നിറയെ കണ്ണിമാങ്ങകൾക്കൊപ്പം മൂപ്പെത്തിയതും പൂത്തുലയുന്നു. വടക്കുഭാഗത്ത്‌ വാഴകുലച്ച്‌ പാകമെത്തിയ മുഴുത്ത പഴങ്ങൾ. ”അശുലഭലക്ഷണം, ദുരന്തത്തിന്റെ വരവേല്‌പ്‌‘ – അടുത്തറിയുന്നവർ സൂചിപ്പിച്ചിരുന്നു.

സമാനമായൊരു കാഴ്‌ച 1969 മെയ്‌മാസം ഏതോ ഒരു ചൊവ്വാഴ്‌ച സംഭവിച്ചു. പ്രീഡിഗ്രി രണ്ടാംവർഷ പരീക്ഷക്കാലം. 92 വയസ്സ്‌ കഴിഞ്ഞ മുത്തശ്ശി ഒരാഴ്‌ചയായി കിടപ്പിലാണ്‌. കിഴക്കേമഠത്തിൽ മുകളിലും താഴെയുമായി 6 മുറികൾ. 5 മുറികളിൽ മുത്തശ്ശിയുടെ മക്കളും പേരമക്കളും തിങ്ങിക്കൂടികഴിയുന്നു. താഴത്ത്‌ നടുവിലുള്ള പടിഞ്ഞാറ്റ ദൈവങ്ങൾക്കും പിതൃക്കൾക്കും, പ്രേതാത്‌മാക്കൾക്കും ആസ്‌ഥാനം. മൺമറഞ്ഞവർക്കെല്ലാം ഇളനീരും, കള്ളും തർപ്പണം ചെയ്‌ത്‌, അപ്പവും ചെറുപയറും നൽകി പ്രസാദിപ്പിക്കുന്ന അറ. അവിടെ ആർക്കും പ്രവേശനമില്ല. മുത്തശ്ശിയുടെ സ്‌ഥിരം കിടപ്പ്‌ ഇടനാഴികയിലെ (ചായ്‌പ്‌) ഒരു ചെറിയ കട്ടിലിൽ.

“അമ്മയ്‌ക്ക്‌ ഒട്ടും വയ്യ. ഞങ്ങളുടെ മുറിയിൽ കിടക്കട്ടെ” അങ്ങനെ, അമ്മയുടെ നിർബന്ധത്തിന്‌ വഴങ്ങി മുത്തശ്ശിയെ തെക്കേമുറിയിലേക്ക്‌ മാറ്റി. പരീക്ഷകഴിഞ്ഞ്‌ വന്നാലുടൻ കിട്ടിയതെന്തും (ചിലപ്പോൾ കഞ്ഞി) വാരിക്കഴിച്ച്‌ മുത്തശ്ശിയുടെ കാൽചുവട്ടിലിരുന്ന്‌ മണ്ണെണ്ണ വിളക്കിന്റെ ഇരുണ്ട പ്രകാശത്തിൽ പാഠങ്ങൾ വായിച്ചു തീർക്കും. ഏത്‌ ക്ലാസിൽ തോൽക്കുന്നുവോ അന്ന്‌ പഠനത്തിന്‌ പൂർണവിരാമം! അലിവില്ലാത്ത ആ അലിഖിതനിയമത്തിന്റെ നിഴലിലാണ്‌ വിദ്യാഭ്യാസകാലം മുഴുവൻ കഴിച്ചുകൂട്ടിയത്‌.

കൂട്ടുകുടുംബവ്യവസ്‌ഥയിൽ ഓരോ അംഗത്തിനും ജോലി ഭാഗിച്ചുകൊടുക്കുന്ന സമ്പ്രദായമുണ്ട്‌. മുറ്റമടിക്കുക, പാത്രങ്ങൾ ചാരം തേച്ച്‌ വൃത്തിയാക്കുക, വല്ലപ്പോഴും ഉരലിൽ നെല്ല്‌ കുത്തി അരിയെടുക്കുക, വീടിന്‌ മുകളിലും താഴെയും ചാണകം തേച്ച്‌ മെഴുകുക തുടങ്ങിയ പണികളാണ്‌ എനിക്ക്‌ വിധിച്ചിട്ടുള്ളത്‌. അതുകൊണ്ടുതന്നെ അടുക്കളപ്പണി അന്നും ഇന്നും ബാലികേറാമലയായി അവശേഷിക്കുന്നു. പാചകത്തിൽ വശമില്ലായ്‌മ ചിലപ്പോൾ വിവാഹമോചനം വരെയുള്ള അതീവ ഗുരുതരാവസ്‌ഥയിലെത്തിച്ചെന്നും വരാം. ആലപ്പുഴ ജില്ലയിലെ കുട്ടനാട്‌ കാവാലത്തെ ഭർതൃഗൃഹത്തിൽ വെച്ചാണ്‌ വടക്കൻ രീതികളുമായി അജവും ഗജവും തമ്മിൽ വ്യത്യാസമുളള തെക്കൻ ഭക്ഷ്യവിഭവങ്ങളുണ്ടാക്കാൻ ഞാൻ ശീലിച്ചത്‌. അതും മുപ്പതാം വയസ്സിൽ വിവാഹശേഷം!

ഏറെ അവശയെങ്കിലും ഈർച്ചപ്പൊടി വിതറിയ പാളയിൽ മുത്തശ്ശി ഇരിയ്‌ക്കും. മറ്റ്‌ സമപ്രായക്കാർ മൂക്കുപൊത്തി അറപ്പോടെ മാറി നില്‌ക്കുമ്പോൾ, ഒട്ടും വിഷമമില്ലാതെ ഞാൻ പാളയെടുത്ത്‌ വടക്കേതൊടിയിലെ ഓവുചാലിൽ കൊണ്ടുപോയി വലിച്ചെറിയും.

അന്നും സന്ധ്യയ്‌ക്ക്‌ പതിവുപോലെ അമ്മൂമ്മയുടെ കാലുകൾ കമ്പിളികൊണ്ട്‌ പുതപ്പിച്ച്‌ ഞാൻ വായന തുടങ്ങി. പെട്ടെന്ന്‌, ഒരനക്കം. മുത്തശ്ശിയ്‌ക്ക്‌ എന്നോട്‌ എന്തോ പറയാനുള്ളതുപോലെ. പുസ്‌തകം മടക്കിവെച്ച്‌ അടുത്തുചെന്നു. നീണ്ടുനിവർന്ന്‌ കിടക്കുന്ന മുത്തശ്ശി വളരെ വിഷമിച്ച്‌ കണ്ണുകൾ തുറന്നു. പതുക്കെ ഉരുവിടുന്ന നേർത്ത വാക്കുകൾ വേർതിരിച്ചെടുക്കാൻ ചെവി മുത്തശ്ശിയുടെ ചുണ്ടുകളോട്‌ അടുപ്പിച്ചുവെച്ചു.

“കൈ നിറയെ പണം കിട്ടും. വല്യ ആളാവും. പരീക്ഷയ്‌ക്ക്‌ പോകണം.”

കവിളിലെ ചുളിവുകളിൽ മിഴിനീർ തടയുന്നു. നിമിഷങ്ങൾക്കകം അമ്മൂമ്മയുടെ കഴുത്തിൽ ഒരു മുഴ രൂപമെടുത്തത്‌ കണ്ട്‌ ഞാൻ പൊട്ടിക്കരഞ്ഞു. പിന്നീട്‌, നിശയുടെ ഏതോ യാമങ്ങളിൽ, പുലർച്ചെ അമ്മ വിളിച്ചുണർത്തി, വിയോഗം അറിയിച്ചു.

പകലപ്പുറത്തിരുന്ന്‌ രാമായണം സ്‌ഫുടമായി പാരായണം ചെയ്യുന്ന മുത്തശ്ശിയുടെ മടിയിൽ കിടന്ന്‌ ഗുണനപട്ടിക മനഃപാഠമാക്കിയിട്ടുണ്ട്‌.

“വർഷം നഷ്‌ടപ്പെടും. നീ പരീക്ഷയ്‌ക്ക്‌ പോകണം” അമ്മയുടെ ഉറച്ച വാക്കുകൾ. തളർന്ന്‌, കുഴഞ്ഞ്‌ മറിഞ്ഞ എന്നെ, അച്ഛൻ അതിരാവിലെ സ്‌നേഹിതയുടെ അടുക്കലെത്തിച്ചു. ഒട്ടും ബോധമില്ലാതെ, ചോദ്യങ്ങൾക്ക്‌ ഉത്തരമെഴുതുമ്പോഴും, മനസ്സിൽ അമ്മൂമ്മയുടെ ദീപ്‌തരൂപം മാത്രം.

ഉച്ചയ്‌ക്ക്‌ കിഴക്കേമഠത്തിലെത്തുമ്പോഴെക്കും മുത്തശ്ശിയുടെ ചിത എരിഞ്ഞടങ്ങി, ബന്ധുക്കൾ ശ്‌മശാനത്തിൽ നിന്ന്‌ മടങ്ങിയിരുന്നു.

മുത്തശ്ശിയെ കയറിട്ട്‌ വലിച്ചിറക്കികൊണ്ടുപോകാൻ യമൻ പടിവാതില്‌ക്കലെത്തിയിട്ടും അന്ത്യമൊഴി എന്നിലേക്ക്‌ പകരാനായത്‌ കാവിലമ്മയുടെ കടാക്ഷമാകാം. ആ വർഷം പ്രീഡിഗ്രി പാസായി.

മുത്തശ്ശി നിത്യേന ജപിക്കുന്ന സ്‌തോത്രത്തിന്റെ കർത്താവ്‌, കൃതി കണ്ടുപിടിക്കാൻ ഏറെ ശ്രമിച്ചു. ചിലർ, ’ജ്ഞാനപ്പാന‘യും “ശ്രികൃഷ്‌ണകർണാമൃത”വും എടുത്ത്‌ പരിശോധിക്കാൻ ഉപദേശിച്ചു. 1972 – 74 വർഷങ്ങളിൽ കോഴിക്കോട്‌ സർവകലാശാലയിൽ എന്നെ മലയാളം പഠിപ്പിച്ച അഭിവന്ദ്യ ഗുരുനാഥനോട്‌ ചോദിച്ചാലോ? ഉടൻ “മലയാളം എം.എ. വരെ പഠിച്ചിട്ടും ഇതറിയില്ലേ” എന്ന മറുചോദ്യം ഗുരുമുഖത്തുനിന്ന്‌ കേൾക്കാനുള്ള ശേഷി ഇല്ലാത്തതുകൊണ്ട്‌ സുകുമാർ അഴീക്കോടിനോട്‌ ചോദിച്ചില്ല.

ഏറെ നേരത്തെ തിരച്ചലിനുശേഷം, ഓർമവെച്ചനാൾ തൊട്ട്‌ സംഭരിക്കുന്ന, അമൂല്യനിധിയായി കാത്തുസൂക്ഷിക്കുന്ന പുസ്‌തകശേഖരത്തിൽ അതാ – ഗുരുവായൂർ ശാന്ത ബുക്ക്‌സ്‌റ്റാൾ 2002 മെയ്‌ മാസം പ്രസിദ്ധീകരിച്ച “ശ്രീ ശിവനാമസ്‌തോത്രങ്ങൾ”! കൈവശമുള്ള മിക്കവാറും എല്ലാ ഗ്രന്ഥങ്ങളുമായും നിതാന്തസമ്പർക്കം പുലർത്തുന്ന എനിക്ക്‌ ഇങ്ങനെയൊരു കുഞ്ഞുപുസ്‌തകം ഇതെഴുതുമ്പോൾ കണ്ടെത്തിയത്‌ അദ്‌ഭുതാഹ്ലാദത്തിനിടയാക്കി.

കവർപേജിൽ പരമശിവന്റെ തേജോമയചിത്രമൊഴികെ പിഞ്ഞിപഴകിയ ആ ചെറുലിഖിതം ഹൃദയത്തോട്‌ ചേർത്തുവെച്ച്‌, എന്റെ ഓർമയിൽ അമ്മൂമ്മചൊല്ലാറുള്ള “പഞ്ചാക്‌ഷരമാല”യിലെ ചില രത്നകല്ലുകൾ അനുവാചകർക്കായി സമർപ്പിക്കുന്നു.

“നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ

നരകവാരിധി നടുവിൽ ഞാൻ

നരകത്തിൽ നിന്നു കരകേറ്റീടേണം

തിരുവൈക്കം വാഴും ശിവശംഭോ!

മരണകാലത്തെ ഭയത്തെ ചിന്തിച്ചാൽ

മതിമറന്നുപോം മനമെല്ലാം

മനതാരിൽ വന്നു വിളയാടീടേണം

തിരുവൈക്കം വാഴും ശിവശംഭോ

വലിയൊരു കാട്ടിലകപ്പെട്ടേനഹം

വഴിയും കാണാതെയുഴലുമ്പോൾ

വഴിയിൽ നേർവഴിയരുളേണം നാഥ

തിരുവൈക്കം വാഴും ശിവശംഭോ!

അജ്ഞാത നാമാവ്‌ രചിച്ച മഹേശസ്‌തുതിയിലടങ്ങിയ ജീവിത സാരസർവസ്വം ഉരുക്കഴിച്ച്‌ ഉമ്മറത്തും, ചാവടിയിലും, അടുക്കളയിലും എന്തിന്‌ കിഴക്കേമഠത്തിലെ ഓരോ മൺതരിയിലും വ്യാപിക്കുന്ന മുത്തശ്ശിയുടെ അദൃശ്യസാന്നിധ്യം ഞാൻ തൊട്ടറിയുന്നു.

എട്ടാം ക്ലാസ്‌ മുതൽ, അന്നന്ന്‌ വീട്ടിലും വിദ്യാലയത്തിലും, ചുറ്റുവട്ടത്തും അരങ്ങേറുന്ന അനുഭവവിവരണം നോട്ട്‌ബുക്കിൽ പകർത്തുക ശീലമായിരുന്നു. അവ ഭാവിയിൽ വിലപ്പെട്ട തെളിവുരേഖകളായി സൂക്ഷിക്കാനുള്ള ഭാഗ്യം എന്നിലെ അതിസാഹസക്കാരിക്ക്‌ നഷ്‌ടമായി. കിഴക്കേമഠത്തിലെ അതിരൂക്ഷപ്രശ്‌നകയങ്ങളിൽ മുങ്ങിത്താഴുമ്പോൾ, ജീവിതം നിയന്ത്രണാതീതമാംവിധം പിടിവിട്ട ശൂന്യതയിൽ, ഏതോ നിമിഷത്തിന്റെ ഉന്‌മാദാവസ്‌ഥയിൽ നോട്ട്‌ പുസ്‌തകങ്ങളെല്ലാം പിച്ചിച്ചീന്തിവലിച്ചെറിഞ്ഞു. മൂന്ന്‌ തലമുറയുടെ നിറപ്പകിട്ടാർന്ന നേർകാഴ്‌ചാസാക്ഷ്യപത്രങ്ങൾക്കൊപ്പം എന്റെ ബാല്യ, കൗമാര, യൗവനത്തിലെ കലർപ്പില്ലാത്ത, അടയാളക്കുറിപ്പുകളാണ്‌ മാഞ്ഞുപോയത്‌. കുറ്റബോധം എന്നെ വേട്ടയാടുന്നു.

2005 ഏപ്രിൽ മാസം എസ്‌.എസ്‌.എൽ.സി. പരീക്ഷാ മൂല്യനിർണയത്തിന്‌ വയനാട്ടിലെ കല്‌പറ്റയിൽ എസ്‌.കെ.എം.ജെ. ഹയർ സെക്കണ്ടറി സ്‌കൂളിൽ പോയത്‌ പ്രധാനപ്പെട്ട ഒരു ഉദ്ദേശ്യം നിറവേറ്റണമെന്ന അത്യാഗ്രഹത്തിലാണ്‌. ക്യാമ്പ്‌ കഴിഞ്ഞ്‌ മെയ്‌ 12-ന്‌ ചില കൂട്ടുകാരികൾക്കൊപ്പം ബസ്സിൽ തിരുനെല്ലിയിലേക്ക്‌ യാത്ര. വനാന്തർഭാഗങ്ങളിൽ ചാറ്റൽമഴയിൽ വാഹനത്തിന്റെ മുന്നോട്ടുള്ള ഗതി പതുക്കെയായി. വന്യത്തീഷ്‌ണസൗന്ദര്യതികവിൽ ഒട്ടും അഹങ്കരിക്കാത്ത കാഷായവസ്‌ത്രധാരിണിയായ പ്രകൃതിയുടെ നിർമമത്വം, വാഴയിലകൊണ്ട്‌ കുട ചൂടുന്ന ആദിവാസികൾ പൂർവകാലസ്‌മൃതിയിലേക്ക്‌, അനിർവചനീയമായ മനസ്സിന്റെ വേറിട്ട വഴികളിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി.

2005 മെയ്‌ 13-ന്‌ രാവിലെ അമ്മൂമ്മയ്‌ക്കും, അമ്മടീച്ചർക്കും പാപനാശിനിയിൽ (വൃത്താകൃതിയിലുള്ള ഒരു ചെറിയകുഴി) മുട്ടറ്റം ഐസ്‌കോരിയിടും ജലത്തിൽ മുങ്ങിക്കുളിച്ച്‌ ഈറൻ ഉടുതുണിയിലൊതുങ്ങി, മിഴികൾ നിറഞ്ഞു തൂവി തുളുമ്പി, വിറയാർന്ന ചുണ്ടുകൾ ”സമസ്‌താപരാധങ്ങളും പൊറുക്കണമെന്ന അപേക്ഷയുമായി ബലി കർമങ്ങൾ നടത്തി.

1967 മാർച്ചിൽ എസ്‌.എസ്‌.എൽ.സി. പരീക്ഷയ്‌ക്ക്‌ ശേഷമുള്ള മധ്യവേനലവധി കാലത്ത്‌, അക്‌ഷരങ്ങളുടെ അതിശയകരങ്ങളായ തിറയാട്ടങ്ങൾ സംഭാഷണങ്ങളും, വർണനകളും ഇടകലർന്ന്‌ കഥയെഴുത്തിന്റെ ചിട്ടവട്ടങ്ങളൊന്നുമില്ലാതെ തന്നെ വരയില്ലാത്ത പുസ്‌തകങ്ങളിൽ ഇടംതേടി. സമകാലികരായ എഴുത്തുകാരികളെ അപേക്ഷിച്ച്‌ വളരെ കുറച്ച്‌ രചനകൾ (അതും 30 വയസ്സിന്‌ മുൻപ്‌) മാത്രം, കിഴക്കേമഠത്തിലെ രാധയുടേതായിട്ടുണ്ട്‌.

George Bernardshaw “Pygamalion” എന്ന സുപ്രസിദ്ധ നാടകത്തിന്റെ മുഖവുരയിൽ “The English have no respect for their language, and will not teach their children to speak it” ഈ സുവർണാക്ഷരങ്ങൾ ഏറ്റവും പ്രിയത തേടുന്നത്‌ ഇന്നത്തെ മലയാളഭാഷയുടെ അവസ്‌ഥാന്തരങ്ങളിലേക്കാണ്‌. ഭാഷയുടെ ശക്തിയും ഓജസ്സും ക്ഷയിക്കുന്നത്‌ കറുത്ത മലയാളത്തിന്റെ (വളച്ചുകെട്ടിയ, വക്രീകരിച്ച) കടന്നാക്രമണമാണെന്ന്‌ വിചാരിക്കുന്നതിൽ തെറ്റില്ല. ശുദ്ധവും ശുഭ്രവുമായ മാതൃഭാഷാ പഠനമാണ്‌ ആവശ്യം.

ക്രിസ്‌തുമസ്‌, ഓണം, വിഷു, പുതുവത്സരം – ആഘോഷങ്ങൾ ആസ്വദിക്കാൻ മടിക്കുന്ന മനസ്സ്‌, വീടിന്റെ അകത്തുനിന്ന്‌ അകലങ്ങളിലേക്കോടി പോകാൻ കൊതിക്കുന്നു.

എഴുത്തുകാർ വിപണനവും (Marketing) പരസ്യവും (Advertisment) സ്വയം ഏറ്റെടുത്ത്‌, ചാനലുകളും വാർത്താമാധ്യമങ്ങളും എഴുന്നള്ളിച്ചാനയിച്ചിട്ടുപോലും സാഹിത്യം വായിക്കാൻ, അനുവാചകരെ കിട്ടുന്നില്ലെന്നത്‌, ഭാഷയുടെ ചരമക്കുറിപ്പെഴുതലാണ്‌. ഒരു സീരിയൽ താരത്തിന്റെ പ്രശസ്‌തിപോലും ഇന്നത്തെ എഴുത്തുകാർക്കില്ല.

ഇളംനിലാവിൽ പൂത്തിരുവാതിര നാളിൽ മക്കൾക്കൊപ്പം ഊഞ്ഞാലാടിയത്‌, കൂവപ്പൊടി കുറുക്കിയെടുത്ത്‌ നാളികേരവും പഞ്ചസാരയുമിട്ട്‌ മധുരഭക്ഷണം, ഓണത്തിന്‌ വിഭവസമൃദ്ധമായ തനി പച്ചക്കറി സദ്യ, വിഷുവിന്‌ സ്വാദിഷ്‌ടമായ ഉണ്ണിയപ്പം എത്ര കഴിച്ചാലും മതിവരാതെ കട്ടെടുത്ത്‌ അമ്മടീച്ചറുമായി പങ്ക്‌വെക്കുന്ന മക്കൾ, ഇളയമകൾക്കൊപ്പം യൂറോപ്യൻ നൃത്തചുവടുകൾ വെച്ച്‌ സന്തോഷിപ്പിച്ചത്‌ വിശേഷദിവസങ്ങളിൽ കോഴിക്കോട്ടെ തിരക്കേറിയ തെരുവിലൂടെ മക്കൾക്കൊപ്പം കൈകോർത്ത്‌ പിടിച്ച്‌ നടന്നത്‌……

ഏകാന്തത, ഭ്രാന്തൻ ചിന്തകളായി വലയപ്പെടുത്തുന്നു. എങ്കിലും….. വായനക്കാർക്ക്‌ നന്മയുടെ, സ്‌നേഹത്തിന്റെ ഓണാശംസകൾ.

Generated from archived content: column1_aug21_10.html Author: km_radha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here