മുകിലേ മുകിലേ വാർമുകിലെ… നീ
മഴയായ് പൊഴിഞ്ഞതു മിഴിനീരോ…
മനസ്സിന്റെ മാറാപ്പിലൊതുക്കിയ ദുഃഖത്തിൽ
മണിവീണ തൻ മൗനരാഗങ്ങളോ…?
മലരേ മലരേ നറുമലരേ….
മധു നിൻ മനസ്സിലെ സ്‌നേഹമല്ലേ…?
നിന്നിലണയും മധുപനു നൽകാൻ
നീ കാത്തു വെച്ചൊരു നിധിയല്ലേ….?
നീലക്കുളത്തിലെ താമരത്തളിരേ
നിന്നകതാരിൽ അനുരാഗമോ…
അർക്കന്റെ സ്‌പർശനമേൽക്കുമ്പോൾ നീ സ്വയം
അറിയാതെ വിടരുവാൻ വിതുമ്പുന്നുവോ…?
അകലേക്കൊഴുകും അരുവികളേ… നിങ്ങൾ
ആരെയോ തേടിപ്പോവയാണോ…
കളിക്കൂട്ടുകാരനാം കളിയോടത്തോടു
കരളിലെ കദനം ചൊല്ലിടുന്നോ….?
Generated from archived content: poem2_aug14_10.html Author: km_nattika