നിന്നോർമ്മകൾ എന്നിൽ നിറയുമ്പോൾ
വാടിക്കരിഞ്ഞ മലർപോലും
വിടർന്ന് പരിമളം പരത്തുന്ന…..
ആഞ്ഞടിക്കും കൊടുങ്കാറ്റ് തളിരിളം തെന്നലായ്
തഴുകിത്തലോടുന്നതായ് തോന്നി…
നിന്നെക്കുറിച്ചുകിനാവ് കാണുമ്പോൾ
തിളങ്ങും രത്‌നങ്ങളായ്
എൻ മാർഗ്ഗമദ്ധ്യേവിതറിയ കൂർത്ത ശിലകൾ…
ചിന്നഭിന്നമാം ചിരകാലസ്‌മരണകൾ
ചിരിതൂകി നിന്നു വാനിൽ
ചേലെഴും ചെറുതാരകങ്ങൾ പോൽ
തിളങ്ങുമീ കവിളിണകളിൽ തട്ടി പ്രതിഫലിക്കുമീ
തിങ്കളൊളി എന്നാശകൾക്ക് പ്രകാശമേകി..
പനീർ പുഷ്‌പ ശോണിമയലിഞ്ഞ നിന്നധരങ്ങൾ
പതഞ്ഞ്‌നുരഞ്ഞ് പൊങ്ങും ചഷകമായ് ലഹരിയേകി
ഇരുളടഞ്ഞെൻ മനസിലിന്ന് നിൻ സാന്നിദ്ധ്യത്താൽ
ഉജ്ജ്വല-സംപൂജ്യ ശ്രീ കോവിലായ് മാറുന്നു..
അഴകെഴും ഈ വശ്യശിൽപം അവർണ്ണനീയം
അശക്തനായ് ഞാൻ അടച്ചിടുന്നെൻ മിഴിയിണകൾ.
Generated from archived content: poem1_feb14_09.html Author: km_nattika