(പുഴയുടെ ബന്ധുവും നല്ലൊരു കഥാകൃത്തുമായ ശ്രീ. കെ. എം. ജോഷി ഇപ്പോള്‍ നമ്മോടൊപ്പമില്ല . അകാലത്തില്‍ വിട്ടുപിരിഞ്ഞ ശ്രീ. ജോഷി എഴുതിയ മൂന്ന് കഥകള്‍ അദ്ദേഹത്തിന്റെ സഹധര്‍മ്മിണി മിനി ജോഷി മാഗസിന്റെ പത്രാധിപരെ ഏല്‍പ്പിച്ചത്. ജോഷിയോടുള്ള ആദരാജ്ഞലികള്‍ അര്‍പ്പിച്ചുകൊണ്ടു ഞങ്ങള്‍ പ്രകാശനം ചെയ്യുന്നു. ആദ്യ കഥ ‘ മുല്ലപ്പെരിയാര്‍ മുഴങ്ങുമ്പോള്‍’ ഈ ലക്കത്തില്‍ വായിക്കാം.)
മഴമേഘം പുഴയോടു ചോദിച്ചു: അമ്മേ ഇത്രമേല്‍ ചടച്ചു പോയതെന്തേ?
പുഴ പറഞ്ഞു : മന:സാക്ഷി മരവിച്ച മനുഷ്യന്‍ എന്റെ ജീവജലമൂറ്റി കോളയുണ്ടാക്കി കുടിച്ചതാണ് മകളേ…….
നെഞ്ചിന്‍ കൂടിമ്മട്ടില്‍ ചിതലരിച്ചതോ?
മണിമന്ദിരങ്ങള്‍ പണിതുയര്‍ത്താന്‍ അവരന്റെ വിരിമാറ് മാന്തിപ്പറിച്ചെടുത്തതിന്റെ കയ്യടാളങ്ങളാണ് ഇക്കാണും പുഴുക്കുത്തുകളൊക്കെ. ജീവിതം കൊടും താപത്തിലുരുകിത്തീരുവാന്‍ ഇനിയേറെ നാളില്ല മകളേ.
പുഴയുടെ സങ്കടങ്ങള്‍ കേട്ട് മഴമേഘത്തിന്റെ മനസ്സും മിഴികളും കലങ്ങി. അവളുടെ ചുടുകണ്ണീര്‍ക്കണങ്ങളൊന്നൊന്നായ് ഭൂമിയിലേക്കടര്‍ന്നലച്ചു വീഴവേ പുഴ നിറഞ്ഞു.
തോരാമഴയേറ്റ് പുഴയുടെയുള്ളിലെ പക പതഞ്ഞു പെരുത്തു.
മഴയോടൊന്നിച്ച് കളിച്ചെങ്ങാതിയായ കാറ്റും ചേരുമ്പോള്‍ ഇടിയും മിന്നലും ആക്രമണത്തിന് മൂര്‍ച്ച കൂട്ടി.
അടുത്ത നിമിഷത്തില്‍ അലറിപ്പാഞ്ഞൊഴുകിയ പുഴ പറമ്പുകളേയും വിളഞ്ഞ പാടശേഖരങ്ങളേയും വിഴുങ്ങി. പൊറുതി മുട്ടിയ ഗ്രാമവാസികള്‍ പുഴയുടെ ചതിക്കയങ്ങളെ നോക്കി ശപിച്ചു: ഹൃദയമില്ലാത്ത പുഴ!
പെട്ടന്ന് പിടിച്ചു കെട്ടിയപോലെ പുഴ നിന്നു. അണക്കെട്ടുണ്ടാക്കിയ മനുഷ്യന്‍ പിന്നേയും പുഴയെ തോല്‍പ്പിച്ചു.
എല്ലാം കാണുന്ന മഴമേഘം പുഴയെ സമാധാനിപ്പിച്ചു.
‘’ അമ്മേ പേടിക്കേണ്ട ആഞ്ഞു പിടിച്ചാല്‍ അമ്മയ്ക്കും ജയിക്കാം. മുമ്പില്‍ ഒരു പഴഞ്ചന്‍ ഡാമിന്റെ ദുര്‍ബ്ബലമായ പ്രതിരോധം മാത്രമേയുള്ളു.’‘
Generated from archived content: story3_jan20__12.html Author: km_joshi