ഫൂലിയാഗാവിന്റെ നൊമ്പരങ്ങൾ

ഈയിടെയായി ഹൂഗ്ലീനദി കരകവിഞ്ഞൊഴുകാറില്ല. അലക്കുകാർ വിഴപ്പുകെട്ടുകളുമായി പടവുകളിറങ്ങുന്നുണ്ട്‌. ഹൗറാ ബ്രിഡ്‌ജിനപ്പുറം പ്രഭാതം ഇന്നു കുടുതൽ തുടുത്തു. താഴെ ഒരു സൈക്കിൾ റിക്ഷ ഞൊണ്ടിയകലുന്ന ദയനീയ ദ്യശ്യം. കെട്ടിടമുടമസ്ഥയായ അർപ്പിതാസെന്നിന്റെ സുന്ദരികളായ ഇരട്ടകുട്ടികൾ ന്യത്തവും പാട്ടും അഭ്യസിക്കുവാൻ പോകുന്നതാണ്‌. വയസ്സായ യൂനിസ്സ്‌അലിമുല്ലയുടെ റിക്ഷയ്‌ക്ക്‌ അയാളേക്കാൾ പ്രായമേറും. റിക്ഷാക്കാരന്റെ ചുമയും കിതപ്പും ഈ തണുത്ത വെളുപ്പാൻകാലത്തെ മുറിവേൽപ്പിക്കുന്നുവല്ലോയെന്ന്‌ ജെറീനാബീഗം സങ്കടപ്പെട്ടു. കാലം തെറ്റിപെയ്‌ത രാത്രിമഴയുടെ അടയാളങ്ങളുമായി ഗലികൾ നനഞ്ഞുകിടന്നു. ബാലീഗഞ്ചിലെ ഡ്രാം കാറുകൾ നിരത്തിലെ ഉരുക്കുപ്പാളങ്ങളുമായി ഇണചേർന്നു. തലേ ദിവസം വൈകിയുറങ്ങിയ വഴിയോരങ്ങളുടെ ആലസ്യം ഇതുവരെയും വിട്ടൊഴിഞ്ഞിട്ടില്ല. ബഡാബസ്സാറും പാതിമയക്കത്തിലാണ്‌.

മടുപ്പുളവാക്കിയ പുറം പകിട്ടിൽ നിന്നും പെട്ടെന്നു പിൻവലിഞ്ഞ ജെറീനാബീഗം മനഃകണക്കുകൂട്ടി. ഇപ്പോൾ കൽപ്പന കാളീഘട്ടത്തിലെത്തിക്കാണും, കാളീമാതാവിന്റെ മുന്നിൽ നെഞ്ഞുരുക്കി എന്തെല്ലാമാണ്‌ അവൾ പ്രാർത്‌ഥിക്കുക. ഒക്കെയും ഉള്ളിലടക്കുന്ന പ്രക്യതക്കാരിയാണ്‌ കൽപ്പന. എന്നാൽ എല്ലാമറിയുന്ന കാളിയമ്മ കൽപ്പനയോട്‌ കരുണ കാണിച്ചിട്ടില്ല. കൽപ്പനയാവട്ടെ ഉള്ളുലച്ച്‌ ചുണ്ടറ്റങ്ങളിൽ നിസ്സംഗമായ ചിരിയൊട്ടിച്ച്‌ മാതാവിന്റെ കണ്ണുകളിൽ സാകൂതം ഉറ്റുനോക്കാറേയുള്ളു.

കാളീഘട്ടിൽ നിന്നും നേരെ റിപ്പോണിക്ക്‌ സ്ര്ടീറ്റിലേക്കാണ്‌ കൽപ്പന പോയത്‌. അവിടെ മദർ തെരേസയുടെ സ്മ​‍്യതിമണ്ഡപത്തിൽ അവൾ ഒരു ചുവന്ന പനിനീർപ്പൂവ്‌ വച്ച്‌ മനസ്സർപ്പിച്ചു. പിന്നെ ലോവർസെർക്കുലർ റോഡിലൂടെ നടന്നിറങ്ങി മഠത്തിന്റെ കവാടത്തിൽ മുട്ടി.

സാവകാശം വാതിൽ തുറന്നു വന്ന മദർ ക്ലെന്റ നിർമ്മലമായ പുഞ്ചിരി പൊഴിച്ച്‌ കൽപ്പനയുടെ കൈവിരലുകൾ ഗ്രഹിച്ചു. സാന്ത്വനത്തിന്റെ നനുത്ത തൂവൽസ്പർശമായി അവൾക്കത്‌ അനുഭവപ്പെട്ടു. നീ ആഗ്രഹിച്ചതു പോലെ ഒരാൾ വന്നിട്ടുണ്ട്‌. ഒരു ലേഡീഡോക്ടർ. നീൽരത്തൻ ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റാണ്‌. അവർക്കു സൗരവിനെ ഇഷ്‌ടപ്പെട്ടു. ഇനി അഡോപ്‌ഷൻ സംബന്ധിച്ച്‌ കുറച്ചു ഫോർമാലിറ്റികളേയുള്ളു. കൽപ്പനാ …….. നീയെന്താ ഒന്നും മിണ്ടാത്തത്‌. തീരുമാനം അബദ്ധമായീയെന്ന്‌ ഇപ്പോൾ തോന്നുന്നുണ്ടോ?

ഇല്ല മദർ.

എന്നാൽ അങ്ങോട്ടു ചെല്ല്‌ കുട്ടികളെല്ലാം നിന്നെ പ്രതീക്ഷിക്കുന്നുണ്ടാകും

കൽപ്പന യാന്ത്രികമായി ഓർഫനേജിന്റെ അകത്തളത്തിലേക്കു പ്രവേശിച്ചു. അവളുടെ ചലനങ്ങളിലെ താളഭംഗം

മദർ ശ്രദ്ധിക്കാതിരുന്നില്ല.

അന്ന്‌ അനാഥബാല്യങ്ങൾക്ക്‌ അവൾ മധുരം വിളമ്പിയത്‌ സമൽക്കുമാറിന്റെ ഓർമ്മ ഊട്ടിയുറപ്പിക്കുവാനാണ്‌. ഒരു ജന്മദിനവും കൂടി പൊഴിഞ്ഞുപോകുന്നത്‌ സമൽബാബു അറിയുന്നുണ്ടോ? അവൻ ഇപ്പോൾ എവിടെയാണ്‌ ? അവനെ കാണാതായിട്ട്‌ നാലുവർഷവും പത്തുമാസവും പിന്നിട്ടിരിക്കുന്നു. ഹൗറയിലെ ഇടുങ്ങിയതും ശബ്ദമുഖരിതവുമായ തെരുവിൽ ബാവുൽഗായിക അർപ്പിതാസെന്നിന്റെ വാടകമുറിയുടെ പരിമിതികളിൽ ജെറീനാബീഗത്തിനെയും കൂട്ടി കൽപ്പന താമസമാക്കിയിട്ട്‌ ഏതാണ്ട്‌ അതേ കാലയളവും തന്നെയായി.

ഫൂലിയാഗാവിലെ ഒരു ക്യഷിയിടത്തിൽ നിന്നാണ്‌ പോലീസുകാർ സമൽക്കുമാറിനെ പിടിച്ചുകൊണ്ടുപോയത്‌. പഴുത്ത പാകമായ മുളകുകൾ ശേഖരിച്ചു നിന്ന കർഷകർക്ക്‌ എന്തെങ്കിലും ചെയ്യുവാൻ കഴിയും മുൻപേ ഗ്രാമപാതയിലൂടെ പേലീസ്‌ ജീപ്പുകൾ അലറിപ്പാഞ്ഞു. ജെറീനാബീഗത്തിന്റെ നെയ്‌ത്തുശാലയിലെ തൊഴിലാളികളോടൊപ്പം പാവുകൾക്ക്‌ ചായം മുക്കുന്ന ജോലിയിൽ മുഴുകിയിരുന്ന കൽപ്പനയെ ഞെട്ടിച്ചത്‌ നിരന്തരമായ വെടിയൊച്ചകളായിരുന്നു

ആൾപ്പിടിയൻമാരിറങ്ങുന്ന മൂവന്തിനേരമല്ല.

പൊട്ടിയത്‌ നായാട്ടുകാരുടെ നാടൻ തോക്കുമല്ല.

ജെറീനബീഗം ആശങ്കപ്പെട്ടു. വിളവെടുപ്പുൽസവത്തിന്‌ കോപ്പുകൂട്ടുന്ന വയലേലകളിൽ നിന്ന്‌ ആർത്തനാദത്തിന്റെ അലകളുയർന്നതു കേട്ടു പകച്ച പണിക്കാരികൾ തറികളിട്ടെറിഞ്ഞ്‌ ഓടിചെല്ലുമ്പോൾ മുളകുപാടം ആകെ ചുവന്നു കത്തുന്നു.

വെടിയേറ്റു വീണവർക്കിടയിൽ സമൽകുമാർദാസ്‌ ഉണ്ടായിരുന്നില്ല. ഗ്രാംപ്രഥനെയും വിളിച്ച്‌ ആദ്യം കൽപ്പന ചെന്നത്‌ ഫൂലിയാ പോലീസ്‌ സ്റ്റേഷനിലാണ്‌. ഇൻസ്പെക്ടർ സോമൻമിത്ര എഫ്‌. ഐ.ആർ. എഴുതാൻ മടിച്ചു.

ഗ്രാമമുഖ്യന്റെ നിർദ്ദേശമനുസരിച്ചാണ്‌ കൊൽക്കത്ത സിറ്റിയിലെ നാർക്കുർ ഠാങ്കയിലും, ലാൽബജാർ പൊലീസ്‌ ഹെഡ്‌കോർട്ടറിലും പരാതി എഴുതിക്കൊടുത്തത്‌.

അന്വേഷണച്ചുമതലയുള്ളവർ അനുഷ്‌ഠാനം പോലെ കൈമലർത്തുകയാണെപ്പോഴും. ഒരിക്കൽ കൽപ്പന അവരോടു കയർത്തു സംസാരിച്ചു.

സമൽബാബു പിന്നെ മാഞ്ഞുപോയോ?

ആർക്കറിയാം. കുട്ടി സമാധാനിക്ക്‌. ഞങ്ങൾ അയാളെ തീർച്ചയായും കണ്ടുപിടിച്ചു തരാം.

നാലരവർഷത്തിലധികമായി അവർ ഇങ്ങനെ ആവർത്തിച്ചു കൊണ്ടിരിക്കുന്നു. ആനന്ദ്‌ബസ്സാർ പത്രികയിലെ പ്രൂഫ്‌ റീഡിങ്ങ്‌ ഇപ്പോൾ കൽപ്പനയ്‌ക്ക്‌ ഒരു ഭാരമായി തോന്നുകയാണ്‌.

വിശപ്പുണ്ടായിട്ടും പ്രാതൽ തൊടാതെ കൽപ്പനയെ കാത്തുമുഷിഞ്ഞും, സമയം അധികരിച്ചതിൽ വ്യസനിച്ചും ജെറീനബീഗത്തിന്റെ ക്ഷമയറ്റു. ഒരുപക്ഷെ കൽപ്പന സൗരവിന്റെ കുസ്യതി കണ്ടുമതിമറന്നുനിന്നതാവും. അവനെ തൊട്ടടുത്തു കിട്ടുമ്പോഴുള്ള സന്തോഷം ചില്ലറയൊന്നുമല്ല. ഇന്നലെ ജെറീനാബീഗം കൽപ്പനയോടു പരിഭവിച്ചു.

സൗരവിനെ നീ ഇങ്ങോട്ടുകൊണ്ടുവരാത്തതെന്തേ, അവൻ അനാഥാലയത്തിൽ വളരേണ്ട കുട്ടിയല്ല. ആരോരുമില്ലാത്തവനുമല്ല.

വീൽചെയറിൽ ജീവിതം കെട്ടിയിട്ട ജെറീനാബീഗത്തിന്റെ നിസ്സഹായതയിലും ആ നല്ല മനസ്സിന്റെ വലുപ്പം നിഴലിട്ടത്‌ കൽപ്പനയ്‌ക്ക്‌ മനസ്സിലാകായ്‌കയല്ല. എങ്കിലും കൽപ്പന പറഞ്ഞു

അമ്മീ, സമൽബാബു അനാഥനായിരുന്നു.

അവന്റെ പുത്രൻ അങ്ങനെ തന്നെയാവണമെന്ന്‌ നിർബന്ധമുണ്ടോ?

ഞാനെല്ലാം മറക്കുവാൻ ശ്രമിക്കുകയാണമ്മീ.

എനിക്കാണെങ്കിൽ കഴിഞ്ഞ സംഭവങ്ങളൊക്കെ ഓർക്കാതിരിക്കാനാവുന്നില്ല.

അപ്പോൾ അവരുടെ കണ്ണറ്റങ്ങളെ നനയ്‌ക്കുവാനായി ഫൂലിയാഗാവിന്റെ ദാരുണചിത്രം ആരോ വിലങ്ങനെ വരച്ചുവച്ചതു പോലെ തെളിഞ്ഞു.

ഓർമ്മകളുടെ ശവകുടീരമാണ്‌ ജെറിനാബീഗം. ഹലീമയുടെ ഗതികിട്ടാത്ത ആത്‌മവിലാപം അവരുടെ ഹൃദയാന്തർഭാഗങ്ങളിൽ വിങ്ങലായെഴുന്നേറ്റുനിന്നു. ജെറീനാബീഗത്തിന്റെ പുത്രി ഹലീമ, ഫൂലിയാഗാവിലെ വെടിവെപ്പിന്റെ രണ്ടാം ദിനം പവിത്രയായ ഭഗീരഥിയിലൂടെ ഒഴുകിയലഞ്ഞത്‌ ഗ്രാമവാസികളെ നടുക്കി. പാരമ്പര്യനെയ്‌ത്തുശാല പോലീസുകാർ തച്ചു തർക്കുമ്പോൾ ഹലീമ കളപ്പുരയിൽ പിടഞ്ഞത്‌ സ്വന്തം മാനം രക്ഷിക്കാനാണ്‌. കാട്ടാളന്മാരോടെതിർത്തു നിൽക്കുവാൻ അവൾ ഫൂലിയാഗാവിന്റെ ഫൂലൻദേവിയായിരുന്നില്ലല്ലോ. സുന്ദർബാൻ വനത്തിലെ കടുവകളേക്കാൾ ക്രൂരത കാണിക്കും കാക്കിക്കുള്ളിലെ ചില മനുഷ്യർ.

സ്മരണകളിരമ്പിയാർക്കവെ ജെറീനാബീഗത്തിന്‌ വല്ലാതെ വീർപ്പുമുട്ടി. ചേതനയറ്റ കാലുകളെ തൊട്ടുഴിയുമ്പോൾ വേദനയല്ല, വെറുപ്പാണ്‌. ബൂട്ടിട്ട ചെന്നായ്‌ക്കൾ ചവിട്ടികുഴച്ച തുടയെല്ലുകളിലെ മജ്ജയും ഞെരമ്പുകളും പൊട്ടിചീറ്റി രക്തപ്പുഴകളുൽഭവിച്ചു. അമ്മിയെ ഉപദ്രവിക്കരുതേയെന്ന്‌ കൊഞ്ചിക്കരഞ്ഞ കൽപ്പന ആരുടെയോ അടിയേറ്റു വീണതോർക്കുന്നു.

ഗാന്ധിയനായ ദിനേഷ്‌ മിശ്രയുടെ മകൾ കൽപ്പന ജെറീനാബീഗത്തിന്‌ അന്യയല്ല. കൽപ്പനയുടെ അമ്മ കുത്സും ജെറീനബീഗത്തിന്റെ സ്വന്തം സഹോദരിയായിരുന്നു. ഒറീസ്സയിലെ ഭുവനേശ്വറിൽ വച്ചുണ്ടായ ട്രെയിനപകടത്തിൽപെട്ട്‌ മാതാപിതാക്കൾ മരിക്കുമ്പോൾ കൽപ്പന കൊൽക്കത്തയിൽ ജേർണലിസം ചെയ്യുകയാണ്‌. താമസിയാതെ അവൾ പഠിപ്പു മതിയാക്കി ജെറിനാബീഗത്തിന്റെ കൈത്തറിമേഖലയിൽ സജീവമായത്‌ പിതാവിന്റെ ആദർശത്തോടുള്ള ആഭിമുഖ്യവും അളവറ്റ ആദരവുമായിരുന്നു

ഫൂലിയാഗാവിലെ വെടിവയ്‌പ്പും കുടിയൊഴിപ്പിക്കലും ഉണ്ടായത്‌ യാദൃശ്ചികമല്ലായെന്ന്‌ ഊഹിക്കാം എന്നാൽ സമൽകുമാർദാസ്‌ എന്നൊരാൾ കൽപ്പനയെ തേടിവന്നതും, വിപ്ലവത്തിന്റെ ചോരവഴികൾ ചൊല്ലികൊടുത്തതും എന്തിനായിരുന്നു?

ജെറീനബീഗത്തിന്റെ ചിന്തകൾക്കു കടിഞ്ഞാണിടാൻ കൽപ്പന മുകളിലേക്ക്‌ ഗോവണികയറി വരുന്നുണ്ടായിരുന്നു. ജെറീനാബീഗം വീൽചെയറുരുട്ടി ചെന്ന്‌ ഓടാംബലിളക്കി. ദീർഘനിശ്വാസമുതിർത്ത്‌ കൽപ്പന കടന്നുവന്നതു കണ്ടാൽ തോന്നും ഇപ്പോൾ അലച്ചുവീണേക്കുമെന്ന്‌, അത്രമേൽ തളർന്നിരിക്കുന്നു.

എന്തുപറ്റീ. സൗരവിനെ ഇന്നും കൂടെ കൂട്ടാഞ്ഞതെന്തേ?

അവനെ മറന്നേക്കൂ അമ്മീ ഒരുപാടു സ്നേഹവുമായി പ്രസവിക്കുവാൻ വിധിയില്ലാത്ത ഒരു പാവം അവനുവേണ്ടി കാത്തിരിക്കുന്നുണ്ട്‌, ഡോക്ടർ അമൃത. അമൃതദാസ്‌. സൗരവിനെ ഞാൻ അവർക്കു കൊടുക്കുകയാണ്‌. ദാ ഈ മുദ്രപത്രത്തിൽ ഒരൊപ്പിടുകയേ വേണ്ടൂ

മോളേ…………

നെഞ്ചിൽ കൊളുത്തിവലിച്ച ആ നിലവിളി ആശയറ്റതായിരുന്നു. കണ്ണീരിന്റെ വക്കിൽ നിന്നും കൽപ്പന ഒഴിഞ്ഞുമാറാൻ യത്നിച്ചതു വെറുതെയായി. ബാക്കിവന്ന വാക്കുകൾ കൂടി പറഞ്ഞു പൂർത്തിയാക്കുവാൻ ഇടറുന്ന തൊണ്ടയെ അവൾ എളുപ്പം ശരിപ്പെടുത്തിയെടുത്തു.

മദറിന്റെ പ്രാർത്‌ഥനാമുറിയിൽ വെച്ചാണ്‌ ഡോക്ടർ അമൃതയുടെ ഭർത്താവിനെ ഞാൻ ഒരു നോക്കു മാത്രം കണ്ടത്‌. ആ മനുഷ്യൻ സമൽബാബുവായിരുന്നു.

സമൽദാസോ

അതെ നമ്മൾ അന്വേഷിച്ചു ബുദ്ധിമുട്ടിയ സമൽകുമാർദാസ്‌ അയാൾ ഇന്ന്‌ ഒരു പോലീസ്‌ ഉദ്യോഗസ്ഥനാണ്‌. സത്യത്തിൽ ഈ പുതിയ അറിവ്‌ എന്നെ നിരാശപ്പെടുത്തുകയാണ്‌ അമ്മീ.

സമൽ പോലീസുകാരനോ? എങ്കിൽ അതൊരു നല്ല കാര്യം തന്നെ സൗരവ്‌ അവന്റെ പിതാവിന്റെയടുക്കലാണല്ലോയെന്ന്‌ നമുക്കു സമാധാനിക്കാം.

അമ്മിക്ക്‌ അതറിയില്ല, എങ്ങനെയറിയാൻ. അമ്മി ബോധക്കേടിന്റെ ആഴക്കയത്തിൽ മുങ്ങിത്താഴുമ്പോളാണ്‌ തല്ലിപ്പൊളിച്ച കെട്ടിടാവിശിഷ്ടങ്ങൾക്കു മുകളിലൂടെ നാലഞ്ചുപേർ എന്നെ വലിച്ചിഴച്ചത്‌. അവർ പോലീസ്‌ വേഷധാരികളായ ഗുണ്ടകളോ ജയിൽ പുള്ളികളോ അതോ യഥാർത്‌ഥ പോലീസ്സുകാർ തന്നെയോ…………..എനിക്കറിയില്ല.

കൽപ്പനാ, നിർത്ത്‌. ഇനി നീ നാവനക്കരുത്‌. എനിക്കൊന്നും കേൾക്കേണ്ട.

ജെറീനാബീഗം വീൽചെയർ ആഞ്ഞുതള്ളി, തുറന്ന ജാലകങ്ങൾ വീണ്ടും അവരെ പുറംകാഴ്‌ചകളിലേക്കുന്തിയിട്ടു. പെട്ടെന്നു മേഘപാളികൾ കീറിപ്പറിച്ച്‌ മഴപ്പക്ഷികൾ ഇടിഞ്ഞുവീണു. ഹൂഗ്ലിനദി ഇന്നെങ്കിലും കരകവിഞ്ഞൊഴുകിയേക്കാമെന്ന്‌ അവർ വ്യഥാ വിചാരിച്ചു. കൽപ്പനയപ്പോൾ കയ്യിൽ സൂക്ഷിച്ചിരുന്ന മുദ്രപ്പത്രം തുണ്ടുകഷണങ്ങളാക്കി മുറിച്ച്‌ മുറിയിൽ ഉല്ലസിച്ച കാറ്റിൽ പറത്തി. ആ കടലാസ്സു മഴയിൽ ജെറീനാബീഗത്തിന്റെ ഉള്ളം തണുക്കുന്നത്‌ കൽപ്പന നിറമിഴികളോടെ കണ്ടു.

Generated from archived content: story2_sept25_08.html Author: km_joshi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here