ചത്തതു കീചകനെങ്കില്‍ …….

(പുഴയുടെ ബന്ധുവും നല്ലൊരു കഥാകൃത്തുമായ ശ്രീ. കെ. എം. ജോഷി ഇപ്പോള്‍ നമ്മോടൊപ്പമില്ല . അകാലത്തില്‍ വിട്ടുപിരിഞ്ഞ ശ്രീ. ജോഷി എഴുതിയ മൂന്ന് കഥകള്‍ അദ്ദേഹത്തിന്റെ സഹധര്‍മ്മിണി മിനി ജോഷി മാഗസിന്റെ പത്രാധിപരെ ഏല്‍പ്പിച്ചത്. ജോഷിയോടുള്ള ആദരാജ്ഞലികള്‍ അര്‍പ്പിച്ചുകൊണ്ടു ഞങ്ങള്‍ പ്രകാശനം ചെയ്യുന്നു. രണ്ടാമത്തെ കഥ “ചത്തതു കീചകനെങ്കില്‍ ..” ഈ ലക്കത്തില്‍ വായിക്കാം.)

കുഞ്ഞനന്തന്റെ ആത്മാവ് കുഴിമാടത്തില്‍ നിന്നും എഴുന്നേറ്റു നടന്നു. കൂരിരുട്ടിന് പതിവില്ലാത്ത കുളിരും സുഗന്ധവും . ഒരു ചൂടന്‍ ചായ കുടിക്കുവാന്‍ ആത്മാവ് ദാഹിച്ചു.

മുറപ്രകാരമല്ല കുഞ്ഞനന്തനെ സംസ്ക്കരിച്ചത്. മരണാനന്തരക്രിയകളും ആചാരങ്ങളും വെടിഞ്ഞ് വെറുതെ മണ്ണീല്‍ കുഴിച്ചിട്ടു. വടിവാള്‍ മുറിവേല്‍പ്പിക്കാത്ത ഒരിടവും കുഞ്ഞനന്തന്റെ കുറിയ ശരീരത്തില്‍ ശേഷിച്ചിരുന്നില്ല. ആദ്യം വീശി വെട്ടിയത് ഉടുമ്പു സുകുവാണ്. പിടിച്ചു കൊടുത്തത് ചന്തപ്പുരുഷു. കാലന്‍ ഷിനോ , കുതികാലറുത്തു. കഥ കഴിഞ്ഞോയെന്നുറപ്പാക്കാന്‍ കാല്‍മടമ്പിനാല്‍ ശവത്തെ തട്ടിമറിച്ചിട്ടത് നിരഞ്ജനാണ്. പിന്നീട് ഭീരുക്കളേപ്പോലെ രാവിന്റെ കാണാക്കയങ്ങളില്‍ അവര്‍ ഒരുമിച്ചൊളിച്ചെന്തിനാണെന്ന് ആത്മാവിന് മനസിലായില്ല.

ചന്തപ്പടിയിലെ കാപ്പിരി കൃഷണന്റെ ചായക്കട അടഞ്ഞു കിടന്നു. ബസ്സാറും ബസ്റ്റാന്‍ഡും ഹര്‍ത്താല്‍ പ്രമാണിച്ച് വിജനമാണ്. ഗതി മുട്ടി നിന്ന ആത്മാവ് അകലെ കൂനന്‍ കുന്നിന്റെ മുകളില്‍ ഒരു തുള്ളി വെളിച്ചം കണ്ടു.

കൊലയാളി സംഘം അവിടെ തമ്പടിച്ചിരിക്കുന്നു. എല്ലാവരും മദ്യസേവയിലാണ്. പൊരിച്ചെടുത്ത കോഴിക്കാല്‍ കടിച്ചു പറിച്ചു കൊണ്ട് ക്വട്ടേഷന്‍ കോണ്‍ ട്രാക്ടര്‍ ചോദിച്ചു. ‘’ നിരഞ്ജന്റെ കാമുകിയും കുഞ്ഞനന്തന്റെ കെട്ടിയവളുമായ കുഞ്ഞിപ്പെണ്ണ് ഇനിയൊള്ളകാലം നിരഞ്ജന്റെ കൂടെ പൊറുക്കുമെന്നുറപ്പായില്ലേ?’‘

‘’ നൂറു ശതമാനം ഒറപ്പ്’‘

‘’ ചത്ത കുഞ്ഞനന്തന് പാര്‍ട്ടി ബന്ധം വല്ലോമുണ്ടോടാ നിരഞ്ജാ‍!?’‘

‘’ഒണ്ടേ.’‘

എന്നാപ്പിന്നെ പേടിക്കാനില്ല ചത്തതു കുഞ്ഞനനന്തനെങ്കില്‍ കൊന്നതു മറ്റവന്മാര്‍ തന്നെ’‘

Generated from archived content: story2_feb9_12.html Author: km_joshi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English